Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണം നൽകിയത് കൊമേഴ്സ്യൽ സിനിമ എടുക്കാൻ; തുടങ്ങിവച്ചത് അവാർഡ് സിനിമ: സംവിധായകനെ നിർമ്മാതാക്കൾ കെട്ടിയിട്ടു തല്ലിയതായി പരാതി

പണം നൽകിയത് കൊമേഴ്സ്യൽ സിനിമ എടുക്കാൻ; തുടങ്ങിവച്ചത് അവാർഡ് സിനിമ: സംവിധായകനെ നിർമ്മാതാക്കൾ കെട്ടിയിട്ടു തല്ലിയതായി പരാതി

കൊച്ചി: എങ്ങനേയും കുറെ സിനിമാപ്രേമികളെ കുപ്പിയിലിറക്കി അവരുടെ പണം കൊണ്ടു സംവിധായകനാകാൻ കച്ചകെട്ടിയിറങ്ങുന്നവർ സൂക്ഷിക്കുക. പറഞ്ഞ വാക്ക് കൃത്യമായി പാലിക്കണം. ഇല്ലെങ്കിൽ തടികേടായെന്നിരിക്കും.

മുളംതുരുത്തി കേന്ദ്രമാക്കി സിനിമ പിടിക്കാനിറങ്ങിയ ഈ സംവിധായകന്റെ കഥനകഥ കേൾക്കുക. പിറവം സ്വദേശി അജയൻ (32) ആണ് കഥാപാത്രം. വലിയ ആവേശത്തോടെയാണ് അദ്ദേഹം കഥപറഞ്ഞു കഥപറഞ്ഞ് നിർമ്മാതാക്കളെ കണ്ടെത്തിയത്. കഥാകഥനത്തിന്റെ മനോഹാരിതകൊണ്ട് കുറേ യുവാക്കൾ പടത്തിനു പണമിറക്കാൻ നിശ്ചയിച്ചു. ബോക്സോഫീസിൽ വൻവിജയമാകുന്ന കൊമേഴ്സ്യൽ പടമായിരുന്നു, അവരുടെ ലക്ഷ്യം. ചെറിയ ബജറ്റിൽ പടം തീർക്കാമെന്നും രണ്ടാഴ്ച തീയേറ്ററിൽ ഓടിയാൽ തന്നെ ലാഭമാകും എന്നുമാണ് സംവിധായകൻ നിർമ്മാതാക്കളാകാൻ തയ്യാറായ യുവാക്കളെ പറഞ്ഞുബോദ്ധ്യപ്പെടുത്തിയത്. സാറ്റലൈറ്റ് റൈറ്റും ഓവർസീസ് റൈറ്റും കൂടി വിൽക്കുമ്പോൾ കോടികൾ കയ്യിലെത്തുമെന്നായിരുന്നു, മറ്റൊരു പ്രലോഭനം. അങ്ങനെയാണ് അഞ്ചുയുവാക്കൾ ആ സിനിമയുടെ നിർമ്മാതാക്കളാവുന്നത്.

ആദിവാസി ജീവിതം പ്രമേയമായ സിനിമയ്ക്ക്‌ വസ്തു പണയം വച്ചും വട്ടിപ്പലിശയ്ക്ക് പണം കടമെടുത്തുമാണ് യുവാക്കൾ പണം മുടക്കിയത്. എന്നാൽ ഷൂട്ടിങ് തുടങ്ങിയതോടെ ബജറ്റ് അധികരിച്ചു. ഇതോടെ നിർമ്മാതാക്കൾ കൂടുതൽ കടത്തിൽ മുങ്ങി. ഇത് ഒരസ്വാരസ്യമായി വളർന്നുവരവേയാണ്, സംവിധായകന്റെ ശൈലി 'അവാർഡ് പടം' എന്ന ലേബലിൽ ഇറങ്ങുന്ന ആർട്ടുമല്ല, പ്രൊഫഷണലുമല്ല എന്ന നിലയിലെ അമച്വർ സൃഷ്ടിയാണെന്നു നിർമ്മാതാക്കൾക്ക് തിരിയുന്നത്. തങ്ങൾ മുടക്കിയ ലക്ഷങ്ങൾ വെള്ളത്തിലാകുമെന്നു കണ്ടതോടെ നിർമ്മാതാക്കളുടെ മട്ടുമാറി. പ്രശ്നം ചർച്ച ചെയ്യാൻ ഇവർ സംവിധായകനെ നിർമ്മാതാക്കളിൽ ഒരാളുടെ ആമ്പല്ലൂരിലുള്ള വീട്ടിലേക്ക് ചർച്ചയ്ക്ക് വിളിച്ചു.

ഒന്നുകിൽ തീയേറ്ററിൽ ഓടുന്ന പണംവാരിപ്പടം ചെയ്യണം, അല്ലെങ്കിൽ പ്രോജക്റ്റ് ഉപേക്ഷിച്ച് മുടക്കുമുതൽ തിരികെ നൽകണം എന്നായിരുന്നു, യുവാക്കളുടെ ആവശ്യം. എന്നാൽ തനിക്ക് ഇങ്ങനെയേ പടമെടുക്കാനറിയൂ എന്നായിരുന്നു സംവിധായകന്റെ നിലപാട്. ഇതോടെ യുവാക്കൾ സംവിധായകനെ രാത്രി എട്ടുമണി വരെ വീട്ടിൽ പൂട്ടിയിട്ടു. എന്നിട്ടും കാര്യമില്ലെന്നായതോടെ അർദ്ധരാത്രി വരെ ഒരു കട്ടിലിൽ കെട്ടിയിട്ട് അടിച്ചു. വാശിതീരുവോളം യുവാക്കൾ തന്നെ മർദ്ദിച്ചതായാണ് സംവിധായകൻ പറയുന്നത്. പിറ്റേദിവസം പുലർച്ചെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട സംവിധായകൻ ജനറൽ ആശുപത്രിയിൽ അഭയം പ്രാപിച്ചതായാണ് വാർത്ത. ഇയാളുടെ പരാതിയിൽ നിർമ്മാതാക്കളായ ആമ്പല്ലൂർ വാടകത്തിൽ വീട്ടിൽ ശോഭൻ രാജൻ (31), ശോഭന്റെ സുഹൃത്ത് ഓംപ്രകാശ് (37), കണ്ടാലറിയാവുന്ന മറ്റുമൂന്നുപേർ എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. തലയ്‌ക്കും നെഞ്ചിലും കാലിലും മർദ്ദനത്തിൽ പരിക്കേറ്റെന്ന്‌ സംവിധായകൻ പറഞ്ഞു.

എന്നാൽ മുളന്തുരുത്തി പൊലീസിനു പറയാനുള്ളത് മറ്റൊരു കഥയാണ്. സിനിമാപ്പേരും പറഞ്ഞു പലരുടെയും കയ്യിൽ നിന്ന് അജയൻ പണം കടംമേടിച്ച് മടക്കിക്കൊടുക്കാതെയുണ്ടെന്നും, ഇത് ഇയാളുടെ സ്ഥിരം തട്ടിപ്പാണെന്നുമാണ് പൊലീസിന്റെ പക്ഷം. ആമ്പല്ലൂരിലെ ഒരു പതിനാറുകാരിയിൽ നിന്ന് സിനിമയിൽ നായികയാക്കാം എന്നു പറഞ്ഞ് സ്വർണ്ണമാലയും രണ്ടു മോതിരവും ഒരു സെറ്റ് കമ്മലും ഇയാൾ കൈവശപ്പെടുത്തിയതിന്റെ പേരിൽ ഇയാൾക്കെതിരെ കേസ് ഉണ്ടായിരുന്നു. ഇവയിൽ സ്വർണ്ണമോതിരം പൊലീസ് ഇടപെട്ടാണ് തിരിച്ചുവാങ്ങി നൽകിയത്. വേറെയും ധാരാളം പരാതികൾ അജയനെതിരെ ഉണ്ടെന്നു പൊലീസ് പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP