Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

` ജയൻ എനിക്ക് സഹോദര തുല്യനായിരുന്നു ` ; ആദ്യ സിനിമയിൽ തന്നെ തുണികുറഞ്ഞു, അവളുടെ രാവുകളിൽ അശ്ലീലമുണ്ടാകുമെന്ന് ഐ വി ശശി നേരത്തെ പറഞ്ഞു; നഴ്‌സാകാൻ ആഗ്രഹിച്ചതും ഡാൻസറായി വന്ന് നായികയായതിനെക്കുറിച്ചും നടി സീമയ്ക്ക് പറയാനുള്ളത്

` ജയൻ എനിക്ക് സഹോദര തുല്യനായിരുന്നു ` ; ആദ്യ സിനിമയിൽ തന്നെ തുണികുറഞ്ഞു, അവളുടെ രാവുകളിൽ അശ്ലീലമുണ്ടാകുമെന്ന് ഐ വി ശശി നേരത്തെ പറഞ്ഞു; നഴ്‌സാകാൻ ആഗ്രഹിച്ചതും ഡാൻസറായി വന്ന് നായികയായതിനെക്കുറിച്ചും നടി സീമയ്ക്ക് പറയാനുള്ളത്

മലയാല സിനിമാ രംഗത്ത് ഗ്രാമർ വേഷങ്ങളും ശക്തമായ സ്ത്രീ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത് കൈയടി നേടിയ നടിയാണ് സീമ. 1978ൽ ആദ്യചിത്രമായ അവളുടെ രാവുകൾ മുതൽ മലയാളികൾ നെഞ്ചിലേറ്റിയ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നടിയാണ് അവർ. സ്ത്രീകൾ സിനിമയിൽ എത്തുന്നത് പോലും ശരിയായ രീതിയിൽ കാണാൻ കഴിയാതിരുന്ന ഒരു സമൂഹത്തിന്റെ മുന്നിലേക്കാണ് കൗമാര പ്രായത്തിൽ തന്നെ ഗ്ലാമർ വേഷവുമായി അവർ സിനിമയിലേക്കെത്തിയത്.എൺപതുകളിലെ തിരക്കേറിയ മലയാളചലച്ചിത്ര നടിയായിരുന്ന സീമ സിനിമയിൽ വരുന്നതിന് മുമ്പ് ഒരു നർത്തകിയായി അറിയപ്പെട്ടിരുന്നു. സീമയുടെ അഭിനയചര്യയിലെ വഴിത്തിരിവായ ചലച്ചിത്രം അവളുടെ രാവുകൾ ആയിരുന്നു. പിന്നീട് ജയനോടൊപ്പവും മമ്മൂട്ടിക്കൊപ്പവും നിരവധി സിനിമകളിൽ താരജോടിയായി അഭിനയിച്ചിട്ടുണ്ട്.

അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെ 1978 ലാണ് സീമ മലയാള സിനിമയിൽ പരിചിതയാകുന്നത്. അഭിനയിക്കാൻ ഒട്ടും താത്പര്യമില്ലാതിരുന്നിട്ടും അഭിനയിച്ചു.. മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ ഐവി ശശിയെ വിവാഹം കഴിച്ചു.. ഇപ്പോഴും അഭിനയം തുടരുന്നു.എന്നാൽ അവളുടെ രാവുകളല്ല സീമയുടെ ആദ്യ ചിത്രം. തന്റെ ആദ്യ ചിത്രത്തെ കുറിച്ചും, സിനിമയിലെത്തിയപ്പോൾ ശാന്തി സീമയായതും, അവളുടെ രാവുകൾ ചെയ്ത അനുഭവത്തെ കുറിച്ചുമൊക്കെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സീമ സംസാരിക്കുകയുണ്ടായി.

എത്ര സിനിമകൾ അഭിനയിച്ചു കാണും..?

സത്യത്തിൽ എനിക്കറിയില്ല, ഞാനിതുവരെ എത്ര സിനിമകളിൽ അഭിനയിച്ചു എന്ന്. എണ്ണി നോക്കാറില്ല. എനിക്ക് ലഭിച്ച എല്ലാ നല്ല കഥാപാത്രങ്ങളെയും ഉത്തരവാദിത്വത്തോടെ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ആ കഥാപാത്രങ്ങളൊക്കെയാണ് എന്റെ ജീവിതത്തെ ഇതുപോലെയൊക്കെ ആക്കി തീർത്തത്.ശാന്തി എന്നാണ് സീമയുടെ യഥാർത്ഥ പേര്. ഒരു നഴ്സാകണം എന്നായിരുന്നു ശാന്തി എന്ന സീമയുടെ ആഗ്രഹം. 'ഡാൻസ് ചെയ്യാൻ എനിക്കൊരുപാട് ഇഷ്ടമായിരുന്നു, പക്ഷെ ഒരു നഴ്സാകാനായിരുന്നു ആഗ്രഹം. എന്റെ അമ്മ ആശുപത്രിയിൽ ഉള്ളപ്പോൾ നഴ്സുമാർ അമ്മയെ പരിചരിക്കുന്നതൊക്കെ കണ്ടപ്പോഴാണ് നഴ്സാവാൻ മോഹം തോന്നിയത്. സ്‌കൂട്ടർ ഓടിക്കുന്ന ആളെ വിവാഹം കഴിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം.. പക്ഷെ എനിക്ക് കിട്ടിയത് കാറോടിക്കുന്ന ആളെയാണ്..'

ഡാൻസറായി തുടക്കം

ആദ്യ ചിത്രം എകെ ചോപ്രയ്ക്കൊപ്പം ഡാൻസ് കൊറിയോഗ്രാഫറായിട്ടാണ് ഞാൻ കരിയർ ആരംഭിച്ചത്. അപ്പോഴൊക്കെ പലരും എന്നെ സിനിമയിൽ അഭിനയിക്കാൻ വിളിക്കുമായിരുന്നു. പക്ഷെ അന്നൊന്നും എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അഭിനയം ഇഷ്ടമല്ല എന്ന് ഞാൻ പറഞ്ഞു. പക്ഷെ സംവിധായകൻ ലിസ ബേബി വിളിച്ചപ്പോൾ ഞാൻ സമ്മതിച്ചത് എന്തിനാണെന്നറിയില്ല. അഭിനയിക്കണം എന്ന് ലിസ പറഞ്ഞു.. അഭിനയിക്കുന്നതിനോട് അമ്മയ്ക്കും താത്പര്യക്കുറവ് ഉണ്ടായിരുന്നില്ല. അങ്ങനെയാണ് നിഴലെ നീ സാക്ഷി എന്ന ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നത്.. ആ സിനിമ റിലീസായിട്ടില്ല.

ശാന്തി സീമയായതിന് പിന്നിൽ

നിഴലെ നീ സാക്ഷി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് കാറിൽ യാത്ര ചെയ്യുകയാണ്. എനിക്കൊപ്പം മല്ലികയും ഫിലോമിനയും ശ്രീലതയും നടൻ വിജയനും ഉണ്ട്. കാറിലിരുന്ന് സംസാരിക്കുമ്പോഴെല്ലാം വിജയൻ എന്നെ സീമ എന്നാണ് സംബോധന ചെയ്തത്. എന്താണ് അങ്ങനെ എന്ന് മല്ലിക ചോദിച്ചപ്പോൾ, സീമ എന്നാൽ 'അതിര്' എന്നാണ് അർത്ഥം എന്ന് പറഞ്ഞു. സെറ്റിലെത്തിയപ്പോൾ പേര് മാറ്റിയ കാര്യം ലിസ ബേബിയോട് വിജയൻ പറഞ്ഞു. പിന്നീട് ന്യൂമറോളജി നോക്കിയ ശേഷം ലിസ ബേബി വന്ന് പറഞ്ഞു, 'ശാന്തി സീമ എന്ന പേര് നിനക്ക് കീർത്തി നൽകും, അടുത്തുള്ള ദുർഗ്ഗ ക്ഷേത്രത്തിൽ പോയി ഒരു അർച്ചന നടത്തൂ' എന്ന്. ഞാനത് ചെയ്തു.. ഒരു പേര് മാറ്റുന്നതുകൊണ്ട് എന്തുണ്ടാവും എന്നെനിക്കറിയില്ലായിരുന്നു.

അവളുടെ രാവുകൾ ഐവി ശശി തന്നെ പറഞ്ഞിട്ടുണ്ട്, പല നായികമാരെയും പരിഗണിച്ച് ഒഴിവാക്കിയ ശേഷമാണ് 1978 ൽ റിലീസ് ചെയ്ത അവളുടെ രാവുകൾ എന്ന ചിത്രത്തിലെ രാജിയായി സീമയെ കണ്ടെത്തിയത് എന്ന്. എന്തായിരുന്നു അവളുടെ രാവുകൾ തിരഞ്ഞെടുക്കാൻ കാരണം എന്ന് ചോദിച്ചപ്പോൾ സീമ പറഞ്ഞു, 'സത്യം പറഞ്ഞാൽ ആ കഥാപാത്രം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. വളരെ ചെറിയ പ്രായമാണ് എനിക്കന്ന്. ഞാൻ പൂർണമായും ശശിയേട്ടനെ വിശ്വസിച്ചു.

ഞാനാണ് ചിത്രത്തിലെ നായിക എന്ന് ശശിയേട്ടൻ പറഞ്ഞു, ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാനും ആവശ്യപ്പെട്ടു. ഇത് പുറത്ത് വരുന്നത് അല്പം അശ്ലീലമായിട്ടായിരിക്കും എന്നും അതേ കുറിച്ച് ബോധമുണ്ടാകണം എന്നും ശശിയേട്ടൻ പറഞ്ഞിരുന്നു. ആ പ്രായത്തിലും എന്നെ സംബന്ധിച്ച് രാജി ഒരു കഥാപാത്രം മാത്രമാണ്, ഒരു മനസാക്ഷിക്കുത്തുമില്ലാത്ത കഥാപാത്രം. ഇപ്പോഴും ആ കഥാപാത്രത്തെ കുറിച്ച് ആളുകൾ എന്നോട് സംസാരിക്കുന്നതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. ഞാനെന്താണോ എന്നെ അതാക്കയത് ശശിയേട്ടനാണ്'

ധാരാളം അവസരങ്ങൾ വന്നു അവളുടെ രാവുകൾ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ എനിക്ക് മലയാള സിനിമയുടെ മുഴുവൻ ശ്രദ്ധയും ലഭിച്ചു. കരുത്തുറ്റ കഥാപാത്രങ്ങൾ അതിന് ശേഷം എന്നെ തേടി വന്നു. ഇന്നല്ലെങ്കിൽ നാളെ, അനുഭവം, അങ്ങാടി, ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് തുടങ്ങിയ ചിത്രങ്ങൾ അതിൽ ചിലതാണ്. എംടി വാസുദേവൻ നായർ, ടി ദാമോദരൻ മാസ്റ്റർ തുടങ്ങിയവരുടെ സിനിമകളിൽ പ്രവൃത്തിക്കാൻ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു.

ജയനെ കുറിച്ച്

എനിക്ക് സഹോദര തുല്യനാണ് ജയൻ. നല്ലൊരു കോ-സ്റ്റാറും മനുഷ്യനുമാണ്. എന്റെ അടുക്കളയിൽ വന്ന് ഒരു കപ്പ് ചായ ഉണ്ടാക്കി താ എന്ന് പറയുന്നത്ര അധികാരവും അടുപ്പവുമുണ്ട്. എന്നെ ഒരു കൊച്ചു കുട്ടിയെ പോലെയാണ് ജയൻ എന്നും കണ്ടിരുന്നത്. എന്നാൽ അതേ സമയം ശശിയേട്ടന്റെ ഭാര്യയാണ് എന്ന ബഹുമാനവും എനിക്ക് നൽകുമായിരുന്നു- സീമ പറഞ്ഞു.

സർ സിപി എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ സീമ അഭിനയിച്ചത്. എന്തായിരുന്നു ആ സിനിമ തിരഞ്ഞെടുക്കാൻ കാരണം എന്ന് ചോദിച്ചപ്പോൾ സീമ പറഞ്ഞു, 'സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ എനിക്കൊരു നിബന്ധനകളും ഇല്ല. സംവിധായകൻ വിളിച്ചു, ഞാൻ ചെയ്തു. എന്നെക്കാൾ നന്നായി, എനിക്കെന്ത് ചെയ്യാൻ കഴിയും എന്ന് സംവിധായകർക്കറിയാം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP