Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്റെ പേരിൽ വന്ന വാർത്തകൾ പച്ചക്കള്ളം; ഏതോ മാദ്ധ്യമപ്രവർത്തകന്റെ ഭാവന മറ്റുള്ളവർ ഏറ്റെടുത്തു; ഹോട്ടൽ റെയ്ഡിനിടെ പിടിയിലായ നടി ശ്വേത ബസു പ്രസാദിന്റെ വെളിപ്പെടുത്തൽ

തന്റെ പേരിൽ വന്ന വാർത്തകൾ പച്ചക്കള്ളം; ഏതോ മാദ്ധ്യമപ്രവർത്തകന്റെ ഭാവന മറ്റുള്ളവർ ഏറ്റെടുത്തു; ഹോട്ടൽ റെയ്ഡിനിടെ പിടിയിലായ നടി ശ്വേത ബസു പ്രസാദിന്റെ വെളിപ്പെടുത്തൽ

മുംബൈ: ഹൈദരാബാദിലെ ഹോട്ടലിൽ നടന്ന റെയ്ഡിനിടെ നടി ശ്വേത ബസു പ്രസാദ് പിടിയിലായ വാർത്ത സിനിമാരംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. ജീവിക്കാൻ നിവൃത്തിയില്ലാത്തതിനാലാണ് വേശ്യാവൃത്തിക്ക് ഇറങ്ങിയതെന്ന് താരം പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ടുചെയ്തിരുന്നു. എന്നാൽ താൻ പറഞ്ഞെന്ന പേരിൽ വന്ന വാർത്തകൾ വ്യാജമാണെന്ന് ശ്വേത ബസു മേനോൻ വെളിപ്പെടുത്തി.

രണ്ട് മാസം പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞ ശേഷം വീട്ടിൽ മടങ്ങിയെത്തിയ ശ്വേത ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാദ്ധ്യമങ്ങൾ നടത്തിയ ക്രൂരത വെളിപ്പെടുത്തിയത്. 'ഒരു മനുഷ്യരോടും ചെയ്യാൻ പാടില്ലാത്തതാണ് മാദ്ധ്യമങ്ങൾ ചെയ്തത്. ഏതോ മാദ്ധ്യമപ്രവർത്തകന്റെ ഭാവനാ വിലാസം മറ്റുള്ളവർ കൂടി ഏറ്റെടുക്കുകയായിരുന്നു. കുടുംബത്തിന്റെയും ഉറ്റവരുടെയും പിന്തുണയാലാണ് ഈ അവസ്ഥയിൽനിന്ന് കരകയറാൻ കഴിഞ്ഞതെ'ന്നും ശ്വേത പറഞ്ഞു.

താൻ വേശ്യാവൃത്തി ചെയ്യുന്നതായി ശ്വേത സമ്മതിച്ചതായായിരുന്നു പത്ര-ദൃശ്യ-ഓൺലൈൻ മാദ്ധ്യമങ്ങളെല്ലാം വാർത്ത നൽകിയത്. കുടുംബത്തെ പോറ്റാൻ വകയില്ലാതെയാണ് വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞതെന്നും സിനിമയാണ് തന്റെ ജീവിതത്തെ നശിപ്പിച്ചതെന്നും ശ്വേത പറഞ്ഞതായാണ് വാർത്ത പുറത്തുവന്നത്. പൊലീസ് കസ്റ്റഡിയിൽ, മാതാപിതാക്കളെ പോലും കാണാൻ കഴിയാത്ത അവസ്ഥയിലുള്ളപ്പോഴാണ് ശ്വേത മാദ്ധ്യമങ്ങളോട് ഇത്ര ഗുരുതരമായ തുറന്നു പറച്ചിൽ നടത്തിയതെന്നാണ് വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടത്.

എന്നാൽ, പുറംലോകവുമായി ബന്ധമില്ലാതെ പുനരധിവാസകേന്ദ്രത്തിൽ കഴിഞ്ഞ താൻ ഇത്തരം വാർത്തകൾ കാണുകയോ അറിയുകയോ ചെയ്തിരുന്നില്ലെന്ന് അഭിമുഖത്തിൽ പറഞ്ഞു. ശ്വേത പൊലീസിനോട് പറഞ്ഞു എന്നായിരുന്നു മറ്റൊരു വാർത്ത. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥരോ അന്വേഷക സംഘമോ ഇങ്ങിനെയൊരു പരാമർശം നടത്തിയിട്ടില്ലായിരുന്നു.

'ഞാൻ കസ്റ്റഡിയിലായിരുന്നു. മാതാപിതാക്കളോട് പോലും സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. പിന്നെ എങ്ങിനെയാണ് മാദ്ധ്യമങ്ങളോട് ഞാൻ അക്കാര്യം പറയുക? സിനിമാ രംഗത്തെക്കുറിച്ച് പറഞ്ഞ കാര്യവും പച്ചക്കള്ളമാണ്. സിനിമ എന്നും എന്നെ സ്വാഗതം ചെയ്തിട്ടേയുള്ളൂ. നല്ല നിലയിൽ ജീവിക്കുന്ന കുടുംബമാണ് എന്റേത്. സിനിമ ഇല്ലെങ്കിലും ജീവിക്കാൻ ഒരു ബുദ്ധിമുട്ടുമില്ലാത്ത കുടുംബം. കുടുംബത്തെ പോറ്റാൻ ഞാനെന്തിന് അങ്ങിനെ ചെയ്യണമെന്ന് എന്നെ അറിയുന്നവർ പോലും ആലോചിച്ചില്ല. സിനിമ ഇല്ലാത്ത നേരമാണെന്ന് പറഞ്ഞതും കള്ളമാണ്. എനിക്ക് വന്ന റോളുകൾ പോലും സ്വീകരിക്കാതെ ഞാൻ മാറി നിൽക്കുകയായിരുന്നു. മൂന്ന് വർഷമായി ഞാൻ ചെയ്യുന്ന ശാസ്ത്രീയ സംഗീതലോകത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പൂർത്തിയാക്കാൻ വേണ്ടിയായിരുന്നു അത്. പൂർണ്ണമായും അതിൽ മുഴുകിയിരിക്കുമ്പോഴാണ് ഈ ദുരനുഭവം ഉണ്ടായത്'-ശ്വേത പറഞ്ഞു.

പൊലീസിന് പറ്റിയ അബദ്ധമാണ് തന്നെ അറസ്റ്റുചെയ്തതെന്നും ശ്വേത അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. 'ഹൈദരാബാദിൽ ഒരു സംഘടനയുടെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ചെന്നതായിരുന്നു ഞാൻ. സംഘാടകരാണ് താമസ സൗകര്യം ഏർപ്പെടുത്തിയത്. ചില തിരക്കുകൾ കാരണം വൈകിയതിനാൽ ബുക്ക് ചെയ്ത വിമാനത്തിൽ ചെല്ലാൻ കഴിഞ്ഞില്ല. അതിനെ തുടർന്ന് ബുക്ക് ചെയ്ത ഹോട്ടലിലെ താമസം റദ്ദാക്കി. തുടർന്ന്, മറ്റൊരു ഹോട്ടലിൽ മുറി ബുക്ക് ചെയ്തു. ആ ഹോട്ടലിന്റെ പശ്ചാത്തല വിവരമൊന്നും എനിക്ക് അറിയുമായിരുന്നില്ല. ഇവിടെ പൊലീസ് നടത്തിയ റെയ്ഡിൽ മുറികളിലുള്ളവരെല്ലാം അറസ്റ്റിലാവുകയായിരുന്നു. നിരപരാധിത്വം തെളിയിക്കും മുമ്പ് തന്നെ സിനിമാ നടി കുടുങ്ങിയതായി വാർത്ത നൽകി. പിന്നീടുള്ള കാര്യമാന്നും എനിക്കറിയില്ല.

പൊലീസ് മാന്യമായാണ് പെരുമാറിയത്. കോടതി എന്റെ ഭാഗം കേട്ട ശേഷമാണ് പുനരധിവാസ കേന്ദ്രത്തിലാക്കിയത്. എന്റെ മാതാപിതാക്കൾ നടത്തിയ നിയമപോരാട്ടങ്ങളെ തുടർന്നാണ് വീട്ടിലേക്ക് മടങ്ങാൻ കോടതി വിധിച്ചത്. ഇതിനിടയിൽ എന്റെ പേരിൽ വന്ന വാർത്തകളൊന്നും ഞാൻ അറിഞ്ഞിട്ടില്ല. എന്നാൽ, എനിക്കു ചുറ്റുമുള്ള ലോകം മുഴുവൻ എന്റേതെന്ന പേരിൽ വന്ന ആ വാർത്ത കേൾക്കുകയും ഒന്ന് സംശയിക്കുക പോലും ചെയ്യാതെ അത് വിശ്വസിക്കുകയും ചെയ്തു. നേരത്തെ എനിക്കെതിരെ വന്ന ഒരു ചാനൽ വാർത്തയും ഇതോടൊപ്പം ചേർത്ത് വായിക്കപ്പെട്ടു. ചാനൽ വാർത്ത തെറ്റായിരുന്നു. ഞാനത് അന്നേ വ്യക്തമാക്കിയയിരുന്നു. ചാനൽ ആ വാർത്ത പിൻവലിക്കുകയും ചെയ്തു. എന്നാൽ, ഒരു പ്രതിസന്ധിയിൽ പെടുമ്പോൾ അതൊന്നും ആരും ഓർക്കില്ല. എന്തുവേണമെങ്കിലും അന്നേരം തലയിലിടാം.'- ശ്വേത പറഞ്ഞു.

ചില മാദ്ധ്യമങ്ങൾ പ്രതിസന്ധിയുടെ സമയത്ത് തനിക്കൊപ്പം നിന്നു. കള്ള വാർത്തകളുടെ യാഥാർത്ഥ്യം ചില മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. കള്ള വാർത്തയെ കുറിച്ച് മറ്റ് ചില മാദ്ധ്യമങ്ങൾ സംശയങ്ങൾ ഉയർത്തുകയും ചെയ്തു. എന്നാൽ, വ്യാജവാർത്തയുടെ പ്രളയത്തിൽ ഇതെല്ലാം മുങ്ങിപ്പോയ. ആ വാർത്തയുടെ ഉറവിടം ഏതെന്ന് അന്വേഷിക്കുകയാണ് താൻ. ആരാണ് അത് ചെയ്തത് എന്നറിഞ്ഞാൽ, ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകും. എനിക്കെതിരെ സമൂഹത്തിൽ ഉണ്ടായ തെറ്റിദ്ധാരണകൾ മാറുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും ശ്വേത പറഞ്ഞു.

കുടുംബത്തിന്റെ പിന്തുണ മാത്രമാണ് തന്നെ പിടിച്ചു നിൽക്കാൻ സഹായിച്ചത്. ഉറ്റ സുഹൃത്തുക്കളിൽ ചിലർ പോലും മുഖം തിരിച്ചു. എങ്കിലും മാതാപിതാക്കൾക്ക് സത്യം അറിയാമായിരുന്നു. അവർ എന്റെ കൂടെ നിന്നു. പുനരധിവാസ കേന്ദ്രത്തിലായിരിക്കവേയാണ് മുത്തച്ഛന്റെ മരണം നടന്നത്. മൃതദേഹം കാണാൻ പോലും കഴിഞ്ഞില്ല. പുനരധിവാസ കേന്ദ്രത്തിൽ ഉണ്ടായിരുന്നത് പല തരത്തിൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട കുട്ടികളായിരുന്നു. അവർക്ക് ഭാഷയും സംഗീതവും പഠിപ്പിച്ചും അവരോട് സംസാരിച്ചുമാണ് രണ്ട് മാസം കഴിഞ്ഞുപോയത്. മികച്ച അനുഭവമായിരുന്നു അത്.

പുതിയ സിനിമകളെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. നിർമ്മാണം തീരാറായ ഡോക്യുമെന്ററി പൂർത്തിയാക്കണം. അതിനു വേണ്ടിയുള്ള പ്രയത്‌നങ്ങൾക്കിടയിലാണ് ജീവിതം മാറ്റി മറിച്ച ദുരനുഭവം ഉണ്ടായത്. അവസരം തരാമെന്ന് ഹൻസൽ മേത്ത പറഞ്ഞതായി മാദ്ധ്യമങ്ങളിൽ കണ്ടിരുന്നു. എന്നാൽ, സഹതാപത്തിന്റെ പേരിൽ വേഷം സ്വീകരിക്കില്ല. എനിക്ക് ചെയ്യാൻ കഴിയുന്ന വേഷമാണ് എന്ന പൂർണ്ണ ബോധ്യത്തോടെ വിളിക്കുകയാണെങ്കിൽ അഭിനയിക്കാൻ സന്തോഷമേയുള്ളൂ. നടി എന്ന നിലയിൽ ജീവിതം തുടരുമെന്നും ശ്വേത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP