Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചുമട്ടു തൊഴിലാളിയായിരുന്നപ്പോൾ പെണ്ണുകിട്ടാതിരുന്ന അരിസ്റ്റോ സുരേഷിന് സിനിമാ താരമായപ്പോൾ വിവാഹാലോചനകളുടെ പ്രവാഹം; മുത്തേ പൊന്നേ പിണങ്ങല്ലേ...നേരിട്ട് കേൾക്കാൻ നറുക്ക് വീണത് വാട്‌സ് ആപ്പിലൂടെ പരിചയപ്പെട്ട കൊച്ചിയിലെ അസിസ്റ്റന്റ് മാനേജർക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിൽ ചുമട്ടു തൊഴിലാളിയായിരുന്നു സുരേഷ്. പോസ്റ്ററൊട്ടിച്ചും ചുമടെടുത്തുമെല്ലാം നടക്കുന്നതിനിടെയിലും ചെറു കവിതകൾ എഴുതി, അവയ്ക്ക് താളം നൽകി, പാടി കാസ്റ്റുമിറക്കി. അപ്പോഴൊന്നും മലയാളിയുടെ താരമായി അരിസ്‌റഅറോ സുരേഷ് മാറിയില്ല. എന്നാൽ ആക്ഷൻ ഹീറോ ബിജുവിലൂടെ മലയാളികളുടെ മനസ്സിലേക്ക് മുത്തേ...പൊന്നേ.. പിണങ്ങല്ലേ എന്ന ഗാനം കടന്നു വന്നു. പൊലീസ് സ്‌റ്റേഷനിൽ അരിസ്‌റ്റോ സുരേഷ് പാടിയ പാട്ട് സൂപ്പർ ഹിറ്റായി. ഇതോടെ നടനും ഗായകനും രചയിതാവുമായ അരിസ്‌റ്റോ സുരേഷിന്റെ ജീവിതവും മാറി. നാൽപ്പത്തിഏഴാം വയസ്സിൽ വിവാഹവും ഉറപ്പിച്ചു.

ഇപ്പോൾ സിനിമാ സംവിധാനത്തിന്റെ തിരക്കിലാണ് അരിസ്‌റ്റോ സുരേഷ്. ചിത്രം തിയേറ്ററിലെത്തിയാൽ കല്ല്യാണം. തന്റ് വധുവിനെ കുറിച്ച് അരിസ്‌റ്റോ സുരേഷ് പറയുന്നത് ഇങ്ങനെ- വാട്‌സ് ആപ്പിലൂടെയാണ് ഞങ്ങൾ പരിചയത്തിലാകുന്നത്. അവൾ എന്റെ പാട്ടുകളുടെ ആരാധികയും നല്ലൊരു വിമർശകയുമാണ്. എറണാകുളത്ത് ബഹുരാഷ്ട്ര ഫുഡ് കമ്പനിയിലെ അസിസ്റ്റന്റ് മാനേജർ. ഞങ്ങൾ നേരിൽ കണ്ടു. പിന്നെ വീട്ടുകാരും. ജൂണിലാണ് ആദ്യം കല്ല്യാണം നിശ്ചയിച്ചത്. അപ്പോൾ ഞാൻ സിനിമാ സംവിധാനത്തിന്റെ തിരക്കിലായിരിക്കും. അതിനാൽ കല്ല്യാണം ഡിസംബറിലേക്ക് മാറ്റി-സുരേഷ് പറയുന്നു. അതായത് സിനിമയിലെ ഗ്ലാമറിലൂടെ നാൽപ്പത്തിയെട്ടാം വയസ്സിൽ അരിസ്റ്റോ സുരേഷ് നവ വരനായി കതിർമണ്ഡപത്തിലെത്തും.

തമ്പാനൂർ ബസ്സ്റ്റാന്റിനടുത്തുള്ള ഒരു സ്ഥലമാണ് അരിസ്റ്റോ ജംഗ്ഷൻ. അവിടെ പണ്ടു തൊട്ടേ ഉണ്ടായിരുന്ന ഒരു ടൂറിസ്റ്റ് ഹോമാണ് അരിസ്റ്റോ. ആ ഹോട്ടലിന്റെ് പേരിലാണ് ഇന്ന് ആ സ്ഥലം അറിയുന്നത്. ഞങ്ങളുടെ കൂട്ടത്തിൽ ഒരുപാട് സുരേഷുമാരുണ്ട്. അതിൽ ഏതു സുരേഷാണെന്നു തിരിച്ചറിയാൻ വേണ്ടിയാണ് എന്നെ അരിസ്റ്റോ സുരേഷ് എന്നു വിളിച്ചു തുടങ്ങിയത്. ഇപ്പൊൾ അതു പേരായി മാറി. അമ്മയും അഞ്ചു സഹോദരിമാരുമുണ്ട്. അവരെയെല്ലാം കല്യാണംകഴിപ്പിച്ചയച്ചു. ആക്ഷൻ ഹീറോ ബിജു ഇറങ്ങിയതിന് ശേഷം ഒരുപാട് കല്യാണ ആലോചനകൾ വന്നു. ഇതിനിടെയാണ് വാട്‌സ് ആപ്പിലൂടെ വധു സുരേഷിനെ തേടിയെത്തിയത്.

കുറച്ചു കാലം മുമ്പ് വരെ ലോഡിങ് തൊഴിലാളിയായിരുന്നു സുരേഷ്. അന്ന് ചലച്ചിത്ര മേളയ്‌ക്കെത്തുന്ന സാധനങ്ങൾ സുരേഷും കൂട്ടരും ലോറിയിൽ നിന്ന് ഇറക്കിയിട്ടുണ്ട്. ഇപ്പോൾ ചലിചിത്ര മേളയിലെ വിവിഐപി പ്രതിനിധിയും. ഇതാണ് ആക്ഷൻ ഹീറോ ബിജു അരിസ്‌റ്റോ സുരേഷ് എന്ന സാധാരണക്കാരിലുണ്ടാക്കിയ മാറ്റം. സിനിമയിലേക്കുള്ള വരവ് വളരെ അപ്രതീക്ഷിതമായിരുന്നു. തിരക്കഥയൊക്കെ കൊണ്ടു കുറേ ഞാൻ സിനിമയ്ക്കു വേണ്ടി നടന്നിട്ടുണ്ട്. പക്ഷെ നടനായിട്ടു മാറിയത് ഒരിക്കലും വിചാരിക്കാത്ത തരത്തിലായിരുന്നു. അതിനു കാരണക്കാരൻ ബോബി മോഹൻ സാറാണ്. അദ്ദേഹമാണ് എന്നെ ഏബ്രിഡ് ഷൈൻ സാറിന്റെ അടുത്തുകൊണ്ടു പോകുന്നത്. ശരിക്കും ഞാൻ പാട്ടു പാടാൻ വേണ്ടി പോയതാണ്, അവിടെ വച്ചു കണ്ടു അഭിനയിക്കാമോ എന്നു ചോദിച്ചപ്പോ ഞാൻ സമ്മതിച്ചു.-അരിസ്റ്റോ സുരേഷ് തന്റെ ജീവിതം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. അങ്ങനെ നടനായി. ഇപ്പോൾ താരവും.

ചെറുപ്പം മുതൽ തന്നെ എഴുതുമായിരുന്നു. ജീവിതം വളരെ സംഘർഷതഭരിതമായതുകൊണ്ട് തെരുവിലായിരുന്നു കൂടുതൽ സമയവും. ഇതിൽ നിന്നൊക്കെ ഒഴിവു കിട്ടുന്ന സമയം സന്തോഷകരമാക്കാനാണ് എഴുത്ത് തുടങ്ങുന്നത്. കുട്ടിക്കാലത്ത് നാടകങ്ങൾ എഴുതിയിട്ടുണ്ട്. പിന്നെ കൂട്ടുകാർക്ക് വേണ്ടി പ്രണയലേഖനങ്ങളും എഴുതികൊടുത്തിട്ടുണ്ട്. കവിതാമയമായ പ്രണയ ലേഖനങ്ങളെന്ന് അരിസ്‌റ്റോ സുരേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അങ്ങനെ കുട്ടിക്കാലത്ത് പ്രണയ ലേഖനമെഴുതിയ അരിസ്റ്റോ സുരേഷ് ഇപ്പോൾ വിവാഹ സ്വപ്‌നങ്ങൾ നെഞ്ചിലേറ്റുകയാണ്.

തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിയാണ് അരിസ്റ്റോ സുരേഷ് എന്നറിയപ്പെടുന്ന സുരേഷ്. കുട്ടിക്കാലം മുതൽക്കേ പാട്ട് ഇഷ്ടമായിരുന്നു. മേശമേൽ താളമിട്ട് പാടിയിരുന്ന പതിവ് സുരേഷിന് അന്നുതൊട്ടേ ഉണ്ടായിരുന്നു. താളമിട്ട് പാട്ടുംപാടി എട്ടാംക്ലാസ്സിൽ മൂന്നുവട്ടമിരുന്നപ്പോൾ പഠനത്തോട് റ്റാറ്റാപറഞ്ഞു. എസ്.എം.വി സ്‌കൂളിൽനിന്ന് ഇറങ്ങുമ്പോൾ മനസ്സ് നിറയെ പാട്ടും സിനിമയുമായിരുന്നു. പിന്നീട് തൊഴിലിനിടയിലും കിട്ടുന്ന സമയത്തുമെല്ലാം പാട്ടെഴുത്ത് തുടർന്നു. ഇതിനോടകം അഞ്ഞൂറിലേറെ പാട്ടുകളെഴുതി താളമിട്ടിട്ടുണ്ട്. അതിലൊന്നാണ് ഇപ്പോൾ സുരേഷിന്റെ തലവര മാറ്റിയ 'മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന പാട്ട്.

അച്ഛൻ കുട്ടിക്കാലത്തു തന്നെ ഉപേക്ഷിച്ചുപോയ സുരേഷിനെ വളർത്തിയതും പഠിപ്പിച്ചതും രണ്ടാനച്ഛനായിരുന്നു. പഠനം മുടങ്ങിയതോടെ അമ്മയ്ക്കും അഞ്ചു പെങ്ങന്മാർക്കും വേണ്ടി സുരേഷ് ചുമട്ടുതൊഴിലാളിയായി. ഇന്ദിരാമ്മയുടെ ആറു മക്കളിൽ അഞ്ചാമനാണ് സുരേഷ്. പിന്നീടിത്രയുംകാലം ജീവിച്ചതു മുഴുവൻ കുടുംബത്തിനുവേണ്ടി. അപ്പൊഴും സിനിമാമോഹം വിട്ടില്ല. ഇതാണ് ആക്ഷൻ ഹീറോ ബിജുവിലേക്ക് അരിസ്‌റ്റോ സുരേഷിനെ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP