Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എന്റെ ജീവിതം മാറ്റിമറിച്ചത് റിമ; എന്നിലെ മനുഷ്യത്വം കൂടുതൽ തിളക്കമുള്ളതാക്കിയതും എന്റെ ഭാര്യ: റിമ ചിലത്തിയ സ്വാധീനം എന്റെ ജീവിതത്തെയും ചിന്തയെയും സ്വാധീനിച്ചു: ആഷിഖ് അബു

എന്റെ ജീവിതം മാറ്റിമറിച്ചത് റിമ; എന്നിലെ മനുഷ്യത്വം കൂടുതൽ തിളക്കമുള്ളതാക്കിയതും എന്റെ ഭാര്യ: റിമ ചിലത്തിയ സ്വാധീനം എന്റെ ജീവിതത്തെയും ചിന്തയെയും സ്വാധീനിച്ചു: ആഷിഖ് അബു

ലയാള സിനിമയിലെ മുൻനിര സംവിധായകർക്കൊപ്പമാണ് ഇന്ന് ആഷിഖ്അബുവിന്റെ സ്ഥാനം. നടി റിമാ കല്ലിങ്കലുനെ വിവാഹം കഴിച്ചതോടെ ഈ താരദമ്പതികളുടെ മൂല്യം ഉയരുകയും ചെയ്തു. ആഷിഖ് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാള ചിത്രമാണ് മായാനദി. ഈ ചിത്രം നല്ല പ്രതികരണങ്ങളോടെ മുന്നേറുകയാണ്. എന്നാൽ തന്റെ ജീവിതം മാറ്റി മറിച്ചത് ഭാര്യ റിമയാണെന്നാണ് ആഷിഖ് അബു പറയുന്നത്. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആഷിഖ് അബു ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സംവിധായകൻ കമലിന്റെ മകളുടെ കല്യാണവും യേശുദാസിന്റെ സ്വീകരണവും എറണാകുളത്ത് ഒരേദിവസം നടന്നതുകൊണ്ടാണ് ആഷിക് അബുവിന്റെ തലയിൽ സുവർണരേഖ തെളിഞ്ഞത്. കമലാണു യേശുദാസിന്റെ സ്വീകരണ പരിപാടി സംവിധാനം ചെയ്യേണ്ടിയിരുന്നത്. മകളുടെ കല്യാണമായതോടെ കമൽ തന്റെ സഹ സംവിധായകനായ ആഷിക്കിനെ വിളിച്ചു സ്വീകരണപരിപാടിയുടെ സംവിധാനം ഏൽപിച്ചു. അവിടെവച്ചാണ് ആഷിക് അബു ശ്യാം പുഷ്‌കർ എന്ന എഴുത്തുകാരനെ കാണുന്നത്.

സംഗീതപരിപാടി കഴിഞ്ഞിറങ്ങുമ്പോൾ ശ്യാം ചോദിച്ചു, ഞാനും കൂടെ പോന്നോട്ടെയെന്ന്. പിന്നീട്, ആഷിക് സംവിധാനം ചെയ്ത സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിൽ നായകനായ ലാൽ പെണ്ണുകാണാൻ പോയ വീട്ടിൽനിന്നു പാചകക്കാരനെ ഇറക്കിക്കൊണ്ടുവരുമ്പോൾ ചോദിച്ചതും ഇതുപോലുള്ളൊരു ചോദ്യമായിരുന്നു. 'കൂടെ വരുന്നോ?'

മലയാള സിനിമയിൽ കുറെ പുതിയ സിനിമ പിറക്കാനുള്ള ഇണകൂടലായിരുന്നു അത്. ശ്യാം പുഷ്‌കറും കൂടി ചേർന്നാണു സാൾട്ട് ആൻഡ് പെപ്പറും 22 ഫീമെയിൽ കോട്ടയവും 'ഡാ തടിയാ'യും റാണി പത്മിനിയുമെല്ലാം എഴുതിയത്. ഇപ്പോൾ പുതിയ ചിത്രമായ മായാനദിയും ശ്യാമും ദിലീഷ് നായരും ചേർന്ന് ആഷിക്കിനുവേണ്ടി എഴുതുന്നു. ആരെഴുതുമെന്നു സംശയിച്ചു നിൽക്കുകയായിരുന്ന സഖാവ് ആഷിക്കിനു പടച്ചോൻ നൽകിയ സൗഹൃദമായിരുന്നു ശ്യാം പുഷ്‌കർ.

സാമ്പത്തിക വിജയം നേടാത്ത രണ്ടു സിനിമകൾക്കു ശേഷമാണ് ആഷിക് മായാനദി ചെയ്യുന്നത്. തോൽവിയിൽനിന്ന് എന്തെങ്കിലും പഠിച്ചുവെന്നു പറയാനാകുമോ?

പരാജയപ്പെട്ട സിനിമ പരാജയപ്പെട്ടു എന്നു പറയാൻ എനിക്കു മടിയില്ല. മമ്മൂട്ടിയെന്ന നടന്റെ സാന്നിധ്യമുണ്ടായിട്ടും ഗാങ്സ്റ്റർ പരാജയപ്പെട്ടതു ഞാൻ കാണികളെ വിലകുറച്ചു കണ്ടതുകൊണ്ടാണ്. കാണികൾക്കൊരു നിലവാരമുണ്ട്. അതു ഞാൻ ചോദ്യം ചെയ്തതാണ് ആ സിനിമ തോൽക്കാൻ കാരണം. അതിൽ വേറെ ഒരാൾക്കും ഉത്തരവാദിത്തവുമില്ല.

  • മലയാളത്തിലെ രണ്ടു ഭംഗിയുള്ള നടിമാരായ മഞ്ജു വാരിയരും റീമ കല്ലിങ്കലുമായിരുന്നു റാണി പത്മിനിയിൽ ഉണ്ടായിരുന്നത്. അതിമനോഹരമായ ലൊക്കേഷനുകളും പാട്ടുകളും. എന്നിട്ടും അതു പരാജയപ്പെട്ടത് എന്തുകൊണ്ടാണ്?

തിയറ്ററിൽ നല്ലനിലയിൽ ആ സിനിമ എത്തിക്കാനായില്ല. ഞാൻപോലും കരുതിയത് ഇതൊരു പ്രത്യേക ഗ്രൂപ്പിനുള്ള സിനിമയാണെന്നാണ്. എന്നാൽ ടിവിയിലും കംപ്യൂട്ടറിലും ആ സിനിമ കണ്ട് എത്രയോ പേർ എന്നെ ഇപ്പോഴും അഭിനന്ദിച്ചുകൊണ്ടിരിക്കുന്നു. ആ സിനിമയ്ക്കു എന്തുപറ്റിയെന്ന് ഇനിയും എനിക്കു മനസ്സിലായിട്ടില്ല. സ്ത്രീ വിമോച നമെന്ന സങ്കൽപം പോലെ സ്ത്രീകൾ ഇഷ്ടപ്പെടുന്ന എത്രയോ നല്ല കാര്യങ്ങളും അതിലുണ്ടായിരുന്നു. എല്ലാംകൊണ്ടും ഭംഗിയുള്ള സിനിമയായിരുന്നു അത്. മാധ്യമങ്ങളെല്ലാം ഒരേസ്വരത്തിൽ ഗംഭീരം എന്നാണ് എഴുതിയത്. പക്ഷേ, ജനം തിരിച്ചെഴുതി.

  • ഒരു സർക്കാർ ഡ്രൈവറുടെ മകൻ പെട്ടെന്നു കാശുകാരനായപ്പോൾ ജീവിതത്തെ നോക്കിക്കാണുന്ന ആംഗിൾ മാറിപ്പോയി. അതാണ് ആഷിക്കിന്റെ ആദ്യകാല സിനിമകളെപ്പോലെ പിന്നീടുള്ള സിനിമകൾ ജനത്തിലേക്ക് എത്താത്തതെന്നു തോന്നിയിട്ടുണ്ടോ?

അതൊരു വലിയ ഘടകമാണ്. എന്റെ പഴയ സൗഹൃദമൊന്നും ഞാൻ വിട്ടിട്ടില്ല. പക്ഷേ, പുതിയ സൗഹൃദങ്ങളുടെ ചെറിയലോകത്തു കൂടുതൽ സമയം ചെലവിടുന്നു എന്നു വന്നതോടെ സാധാരണ ലോകത്തുനിന്നു ഞാൻ ഒരടി ദൂരെയായിപ്പോയി. അവരിൽനിന്നു പഠിക്കാൻ സമയമില്ലാതായി. അത്തരം തിരിച്ചറിവുകളും കരുതലുകളും ഇന്നെനിക്കുണ്ട്. സുഹൃത്തുക്കളായിരുന്നു എന്നും എന്റെ ഗുരുക്കന്മാർ.

  • ശ്യാം പുഷ്‌കറാണു മിക്ക സിനിമയും ആഷിക്കിനുവേണ്ടി എഴുതുന്നത്. ഇത് അന്ധമായവിശ്വാസത്തിന്റെപേരിൽ എഴുതിക്കുന്നതാണോ?

യേശുദാസിന്റെ പരിപാടിക്കുവേണ്ടി കണ്ടുമുട്ടിയതാണു ഞങ്ങൾ. പിന്നീട് എന്റെ അസിസ്റ്റന്റായി ഒരുപാടു പരസ്യങ്ങൾ ചെയ്തു. ശ്യാമിന്റ വളർച്ച അദ്ഭുതത്തോടെ അടുത്തുനിന്നു കണ്ടയാളാണു ഞാൻ. എന്നെ ഇപ്പോഴത്തെ ആഷിക് അബുവാക്കി മാറ്റുന്നതിൽ ശ്യാമിനു വലിയ പങ്കുണ്ട്. ആഷിക് അബു സിനിമ എന്നു നിങ്ങൾ പറയുമ്പോൾ അതു ശ്യാമിന്റെ പ്രതിഭകൂടിയാണ്. ശ്യാമിൽനിന്നാണു ഞാൻ പലതും പഠിച്ചത്. പരസ്പരമുള്ള തിരിച്ചറിവാണു ഞങ്ങളുടെ സൗഹൃദം. ഇതുപോലെ എന്നെ കൂടുതൽ നല്ല മനുഷ്യനാക്കിയതു റീമയുടെ സാന്നിധ്യമാണ്. റീമ ഇല്ലായിരുന്നുവെങ്കിൽ ഞാൻ പലതും ആകുമായിരുന്നില്ല. എന്നിലെ മനുഷ്യത്വം കൂടുതൽ തിളക്കമുള്ളതാക്കിയതു റീമയാണ്. ആ മാറ്റം എന്റെ ജീവിതത്തെയും ചിന്തയെയും നന്നായി സ്വാധീനിച്ചിട്ടുണ്ട്.

  • ആഷിക്കും റീമയും ഉൾപ്പെട്ട ഒരുപാടു വിവാദങ്ങൾ ഉണ്ടായി. ഇതിനെല്ലാം പുറകെപോകുന്നതുകൊണ്ടു കുറേസമയം വെറുതെ പോകുന്നില്ലേ?

സിനിമയ്ക്കുവേണ്ടിയും കുടുംബത്തിനു വേണ്ടിയും മാറ്റിവയ്‌ക്കേണ്ട ധാരാളം സമയം ആവശ്യമില്ലാത്ത വിവാദങ്ങൾക്കുവേണ്ടി ചെലവാക്കേണ്ടിവന്നു. രാഷ്ട്രീയത്തിനോ നാടിനോ വേണ്ടി ചെലവാക്കുന്നതുപോലെയല്ല ഇത്. വെറുതെ പൊട്ടിച്ചുകളയുന്ന സമയമാണിത്. സമയം പോകുന്നതു നമ്മൾ അറിയുകയുമില്ല. അതിൽനിന്നെല്ലാം എന്നെ ബലംപിടിച്ചു പുറകോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്.

കടപ്പാട്: മലയാള മനോരമ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP