Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാഹുബലിയാകാൻ കഴിഞ്ഞത് ദൈവ നിയോഗമെന്ന് പ്രഭാസ്; ബാഹുബലിയുടെ ഗെറ്റപ്പിലേക്കെത്തിയത് ദിവസേന എട്ട് തവണ ഭക്ഷണം കഴിച്ചും ആറുമണിക്കൂറിലധികം വ്യായാമം ചെയ്തും; ബ്രഹ്മാണ്ഡ ചിത്രത്തിലെ നായകൻ പ്രഭാസും അനുഷ്‌കയും രാജമൗലിയും ഞായറാഴ്ച കൊച്ചിയിൽ

ബാഹുബലിയാകാൻ കഴിഞ്ഞത് ദൈവ നിയോഗമെന്ന് പ്രഭാസ്; ബാഹുബലിയുടെ ഗെറ്റപ്പിലേക്കെത്തിയത് ദിവസേന എട്ട് തവണ ഭക്ഷണം കഴിച്ചും ആറുമണിക്കൂറിലധികം വ്യായാമം ചെയ്തും; ബ്രഹ്മാണ്ഡ ചിത്രത്തിലെ നായകൻ പ്രഭാസും അനുഷ്‌കയും രാജമൗലിയും ഞായറാഴ്ച കൊച്ചിയിൽ

അർജുൻ സി വനജ്

കൊച്ചി: ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമ പ്രേമികൾ കാത്തിരിക്കുകയാണ് കട്ടപ്പ ബാഹുബലിയെ എന്തിനാണ് കൊന്നതെന്നറിയാൻ. ചിത്രത്തിന്റെ റിലീസിംങ് ദിവസം തന്നെ ഈ രഹസ്യമറിയാൻ വിവിധ ഓൺലൈൻ സിനിമ ബുക്കിംങ് സംവിധാനങ്ങളിൽ റെക്കോർഡ് ബുക്കിംങ് ആണ് നടക്കുന്നത്.

കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യാനുഭവമായിരിക്കും ബാഹുബലി രണ്ടിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ബ്രഹ്മാണ്ഡ സെറ്റും അതിശയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുംകൊണ്ട് ആരാധകരെ കൈയിലെടുത്ത സിനിമയുടെ ട്രെയിലർ നൽകുന്ന സൂചന ബാഹുബലി 2 ദ കൺക്ലൂഷൻ പ്രേക്ഷകർക്ക് നവ്യാനുഭവമായിരിക്കുമെന്നതാണ്.

ബാഹുബലി രണ്ടാം ഭാഗത്ത് നായക നടൻ പ്രഭാസ് ഏത് ഗെറ്റപ്പിലാകും എന്നാണ് ചില പ്രേക്ഷകർ കാത്തിരിക്കുന്നത്. മറ്റൊരു ചിത്രത്തിനും ഡേറ്റ്‌നൽകാതെ ബാഹുബലിക്കു വേണ്ടി മാത്രമായി പ്രഭാസ് നാല് വർഷമാണ് മാറ്റിവച്ചത്. 2013 ൽ പുറത്തിറങ്ങിയ മിർച്ചി ആയിരുന്നു പ്രഭാസ് നായകനായി അവസാനം ഇറങ്ങിയ ചിത്രം. അവിടുന്നിങ്ങോട്ട് ബാഹുബലിക്കൊപ്പം ആയിരുന്നു പ്രഭാസിന്റെ ജീവിതം. പ്രഭാസ് എന്ന നടന്റെ സിനിമയോടുള്ള ആത്മാർത്ഥതയേയും, സമർപ്പണമനോഭാവവും ആണ് ഇതെന്നാണ് സംവിധായകൻ എസ്എസ് രാജമൗലി പറയുന്നത്. 'വേണമെങ്കിൽ ഏഴു വർഷം വരെ ബാഹുബലിക്കു വേണ്ടി മാറ്റി വച്ചേനെ എന്ന് പറയുന്ന പ്രഭാസ് അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.' ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ രാജമൗലി കൂട്ടിച്ചേർക്കുന്നു.

'ബാഹുബലിയുടെ ചിത്രീകരണം അവസാനിച്ചപ്പോൾ ആദ്യം ചെയ്തകാര്യം വളർന്നു നിൽക്കുന്ന മുടി മുറിച്ചു മാറ്റുകയായിരുന്നു. മുടിമുറിച്ചുകളഞ്ഞപ്പോൾ തന്റെ പകുതി ഭാരം കുറഞ്ഞു.' പ്രഭാസ് പറയുന്നു. ചെന്നൈയിൽ വച്ചു നടന്ന ബാഹുബലിയുടെ ഓഡിയോ റിലീസ് ചടങ്ങിൽ സംസാരിക്കുമ്പോൾ തന്റെ ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകരോടുള്ള നന്ദിയും അറിയിച്ചു.

രാജമൗലിയുടെ സിനിമയോടുള്ള അഭിനിവേശം ആണ് ബാഹുബലിയെ വലിയ വിജയത്തിലേക്ക് എത്തിച്ചത് എന്നും താൻ രാജമൗലിയെ പൂർണമായും വിശ്വസിച്ച് കൂടെ നിൽക്കുക മാത്രമാണ് ചെയ്തതെന്നും പ്രഭാസും കൂട്ടിച്ചേർത്തു. എന്നാൽ, 'പ്രഭാസിനെപ്പോലെ തിളങ്ങി നിൽക്കുന്ന നടൻ ഇത്രയും സമയം ഒരു സിനിമക്ക് വേണ്ടി മാത്രം മാറ്റി വക്കുന്നതും തന്നിൽ അർപ്പിച്ച വിശ്വാസവുമാണ് ബാഹുബലി ഉണ്ടാകാൻ കാരണം' എന്നാണ് രാജമൗലിയുടെ പക്ഷം.

ബാഹുബലിയുടെ വേഷമല്ലായിരുന്നുവെങ്കിൽ കട്ടപ്പയുടേയോ ശിവകാമിയുടേയോ വേഷങ്ങളാണ് തനിക്ക് ചെയ്യാൻ ഇഷ്ടപ്പെട്ടതെന്നാണ് പ്രഭാസിന്റെ പക്ഷം. 'ഈ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് പല തവണ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ ബാഹുബലി ആകാൻ കഴിഞ്ഞത് ഒരു ദൈവ നിയോഗം പോലെയാണ് തോന്നിയത്. ഒരുപാട് പ്രതീക്ഷകളോടെ ബാഹുബലിയുടെ രണ്ടാം ഭാഗം തീയ്യറ്ററിൽ എത്തുമ്പോൾ നല്ല ടെൻഷനുണ്ട്. ' പോകുന്നയിടത്തെല്ലാം ജനങ്ങൾ ബാഹുബലിയെക്കുറിച്ച് സംസാരിക്കുന്നതാണ് കേൾക്കുന്നത്. ഇത് സന്തോഷം പകരുന്നതാണ്. ആദ്യ ഭാഗം തീയേറ്ററിൽ എത്തിയപ്പോൾ ഉണ്ടായിരുന്നത് പോലയുള്ള വികാരമല്ല ഇപ്പോളത്തേത്. അന്ന് ഏതൊക്കെ സ്ഥലങ്ങളിൽ ഈ സിനിമ വിജയിക്കും എന്ന് അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ജനം ബാഹുബലിയെ ഇഷ്ടപ്പെട്ടു. അതിനാൽ രണ്ടാം ഭാഗം എത്തുമ്പോൾ പരിഭ്രമവും ആകാംഷയുമുണ്ട്. ആദ്യ ഭാഗത്തേക്കാൾ വലുതായിരിക്കും രണ്ടാം ഭാഗമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ആദ്യഭാഗം ജനങ്ങളിലെത്തിയത് കേട്ടറിഞ്ഞാണ്. പക്ഷെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ -പ്രഭാസ് പറയുന്നു...

ബാഹുബലിക്കായി ഏയിറ്റ്പായ്ക്ക് ഒരുക്കാൻ പ്രഭാസ് കഠിദ്ധ്വാനം ചെയ്തതിന്റെ വിശദാംശങ്ങളും ഇതിനിടെ പുറത്തുവന്നു. പ്രഭാത ഭക്ഷണത്തിനായി 40 മുട്ടയുടെ വെള്ളയാണത്രെ പ്രഭാസ് കഴിച്ചിരുന്നത്. ഒരു യോദ്ധാവിന്റെ ശരീരം തയ്യാറാക്കുന്നതിനാണ് പ്രഭാസ് ഭക്ഷണക്രമത്തിൽ വലിയ മാറ്റമാണ് വരുത്തിയത്. ദിവസവും എട്ട് തവണ ഭക്ഷണം കഴിച്ച്, ആറുമണിക്കൂറിലധികമാണ് ജിമ്മിൽ വ്യായാമങ്ങൾ ചെയ്തത്. ഒപ്പം വലിയ അളവിൽ നോൺവെജ് ആഹാരങ്ങൾ കഴിച്ചു.

പ്രോട്ടീൻ പൗഡറുകളും, പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണവും കഴിച്ചു. 82 കിലോ ശരീര ഭാരം ഉണ്ടായിരുന്ന പ്രഭാസ് ബാഹുബലി ലുക്കിലേക്ക് എത്തുമ്പോൾ 105 കിലോ തൂക്കം ഉണ്ടായിരുന്നത്രേ.. അതിസാഹസിക രംഗങ്ങളുടെ ചിത്രീകരണത്തിനിടെ പ്രഭാസിന്റെ തോളിന് പരിക്കേൽക്കുകയും ഉണ്ടായി. മുൻ ലോക ബോഡി ബിൽഡിംങ് ച്യാമ്പ്യൻ ലക്ഷമൺ റെഡ്ഡിയായിരുന്നു പ്രഭാസിന്റെ പരിശീലകൻ.

ടെലിവിഷൻ പരമ്പര ഗെയീം ഓഫ് ത്രോൺസിന്റെ അണിയറ പ്രവർത്തകർ സംവിധായകൻ രാജമൗലിയെ ഫോണിൽ വിളിച്ചുവെന്നാണ് മറ്റൊരു റിപ്പോർട്ട്. നാല് വർഷത്തിലധികം ഒരു സിനിമയ്ക്കായി ചിലവഴിച്ച അർപ്പണ മനോഭാവമാണ് ഇവരെ ആകർഷിച്ചത്. ബാഹുബലി രണ്ടിന്റെ വരവിനായി ഹോളിവുഡും കാത്തിരിക്കുകയാണ്. ബാഹുബലിയിലൂടെ പ്രഭാസ് ഹോളിവുഡിലും ഏറെ ചർച്ചയാകുന്നുവെന്നാണ് ചില അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മുപ്പത്തിയെട്ടുകാരനായ പ്രഭാസ് തെലുങ്കാന സ്വദേശിയാണ്. 2002ൽ ഈശ്വർ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ പ്രഭാസ് ബാഹുബലി ഉൾപ്പടെ 20 ചിത്രങ്ങളിൽ അഭിനയിച്ചു. തെലുങ്കു താരം അല്ലു അർജുനാണ് പ്രഭാസിന്റെ ഉറ്റ സുഹൃത്ത്. ബാഹുബലിയുടെ രണ്ടാം ഭാഗം തീയറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി ബാഹുബലി ടീം കേരളത്തിൽ ഏപ്രിൽ 23 നെത്തും.

പ്രഭാസ്, കട്ടപ്പയായി അഭിനയിച്ച സത്യരാജ്, സംവിധായകൻ രാജമൗലി, നായിക അനുഷ്‌ക ഷെട്ടി, നാസർ എന്നിവരാണ് പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തുന്നത്. അതേസമയം കേരളത്തിൽ എത്രതീയേറ്ററുകളിൽ ബാഹുബലി റിലീസിനെത്തുമെന്നതിൽ ഇനിയും തീരുമാനമായില്ല. 100 ലധികം തിയേറ്ററുകളിൽ റിലീസിംങ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP