Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദിലീപ് കുതന്ത്രങ്ങളുടെ ആശാൻ; പാതാളത്തിലേക്ക് പോകാൻ തയ്യാറായ മഹാബലിയോട് ഉപമിച്ചത് വലിയ തമാശ: സൂപ്പർതാരത്തെ വിമർശിച്ച് സംവിധായകൻ വിനയൻ

ദിലീപ് കുതന്ത്രങ്ങളുടെ ആശാൻ; പാതാളത്തിലേക്ക് പോകാൻ തയ്യാറായ മഹാബലിയോട് ഉപമിച്ചത് വലിയ തമാശ: സൂപ്പർതാരത്തെ വിമർശിച്ച് സംവിധായകൻ വിനയൻ

ന്നെ പാതളത്തിലേക്ക് ചവിട്ടിത്താഴ്‌ത്താൻ സിനിമാ മേഖലയിലുള്ള ചിലർ ശ്രമിക്കുന്നുവെന്ന് ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ട നടൻ ദിലീപിനെ വിമർശിച്ച് സംവിധായകൻ വിനയൻ രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് വിനയൻ ദിലീപിനെ വിമർശിച്ച് രംഗത്തെത്തിയത്. ദിലീപ് കുതന്ത്രങ്ങളുടെ ആശാനാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ വിനയൻ വിമർശിക്കുന്നു. തന്റെ നിലപാടുകളിൽ എന്തോ കുഴപ്പമുണ്ടെന്ന തോന്നലിൽ നിന്നാണ് ദിലീപിന്റെ പരാമർശമെന്നും വിനയൻ ഓണാശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്‌ബുക്ക് കുറിപ്പിൽ വിമർശിച്ചു.

വിനയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഓണത്തിന്റെ ഐതിഹ്യത്തെ പറ്റി പല രീതിയിലും നമുക്കു വ്യാഖ്യാനിക്കാൻ കഴിയും. പക്ഷെ പറഞ്ഞ വാക്കു പാലിക്കാനായി നിർഭയമായി തീരുമാനമെടുത്ത സത്യസന്ധനും ധീരനുമായ മഹാബലി എന്ന ഭരണാധികാരിയുടെ വ്യക്തിത്വത്തെ മുൻനിർത്തി ഈ ഓണത്തെ വിലയിരുത്തുന്നതാണ് കൂടുതൽ അഭികാമ്യം എന്നെനിക്കു തോന്നുന്നു.

രാജ്യം നഷ്ടപ്പെട്ടാലും പാതാളത്തിൽ പോകേണ്ടി വന്നാലും താൻ എടുത്ത നിലപാടൊ, കൊടുത്ത വാക്കൊ മാറ്റാൻ തയ്യാറാകാഞ്ഞ മഹാബലി എന്ന ഭരണാധികാരിയേയും അധികാരക്കസേര നിലനിർത്താൻ വേണ്ടി എത്ര തവണ വേണേൽ വാക്കുമാറ്റാൻ തയ്യാറാവുന്ന അഭിനവ ഭരണാധികാരികളേയും തമ്മിൽ താരതമ്യം ചെയ്യുന്നത് വല്യ തമാശ തന്നെ ആയിരിക്കും.

ഇപ്പോൾ നമ്മുട നാട്ടിലെ പ്രധാന ചർച്ചാവിഷയമായ മദ്യനിരോധനം തന്നെ ഒന്നു വിശകലനം ചെയ്തു നോക്കു. മദ്യാസക്തിയുടെ വിപത്ത് ജനങ്ങളെ മനസ്സിലാക്കി അതിൽ നിന്നു മുക്തരാക്കണമെന്നും മദ്യവർജ്ജനം നടപ്പിലാക്കണമെന്നുമുള്ള കാര്യത്തിൽ സാമാന്യ ബോധമുള്ള ആരും എതിരു നിൽക്കുമെന്നു തോന്നുന്നില്ല. പക്ഷെ പ്രായോഗികമായി ചിന്തിച്ചേ ഇക്കാര്യത്തിൽ ഒരു ഭരണാധികാരി എന്ന നിലയിൽ തീരുമാനം എടുക്കാൻ കഴിയൂ കൈയടി കിട്ടുന്ന ആദർശം ആർക്കും പ്രസംഗിക്കാനാകും പക്ഷെ നിയമവും, സത്യവും, എല്ലാവർക്കും തുല്യ നീതിയുമൊക്കെ പാലിക്കേണ്ട ഭരണാധികാരിക്ക് ആ കൈയടിയുടെ പുറകെ പോകാനാകില്ല എന്നു ശ്രീ ഉമ്മൻ ചാണ്ടി പറഞ്ഞപ്പോൾ അദ്ദേഹത്തോട് ബഹുമാനമാണ് തോന്നിയത്. എന്നാൽ തന്റെ കൂടെ നിന്നവരൊക്കെ കൈയടി രാഷ്ട്രീയത്തിന്റെ മുഖം മൂടി ധരിക്കുകയും താൻ മദ്യ ലോബിയുടെ ആളായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നത് കണ്ടപ്പോൾ ഭയന്നുപോയ മുഖ്യമന്ത്രി കൂട്ടുകാരെയൊക്കെ തോല്പിച്ച് വളയമില്ലാതെ മേലോട്ട് ചാടി മദ്യ നിരോധനം തന്നെ പ്രഖ്യാപിച്ചു. ഇതിനെ രാഷ്ട്രീയ തന്ത്രത്തിന്റെ വിജയമെന്നു പറയാം. അല്ലാതെ ഭയലേശമന്യെ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്ന ഒരു ഭരണാധികാരിയുടെ സത്യസന്ധതയായി കാണാൻ കഴിയില്ല. അപ്രായോഗികമായ ഊട്ടോപ്പിയൻ നിലപാടായിരിക്കും മദ്യനിരോധന തീരുമാനം എന്ന ചർച്ച നേരത്തെ കൈയടിക്കു പുറകെ പോയവർ പോലും ഇന്നു തുടങ്ങിയിരിക്കുന്നു. കസേര പോകുമെന്ന ഭയത്തിന്റെ പേരിൽ തന്റെ നിലപാടു മാറ്റേണ്ടിയിരുന്നില്ല എന്ന് ബഹുമാന്യനായ മുഖ്യമന്ത്രിക്കു ഇപ്പോൾ തോന്നുന്നുണ്ടാവും.

മാവേലിയെ പോലെ തന്നെയും ചിലർ പാതാളത്തിലേക്കു ചവിട്ടി താഴ്‌ത്തുന്നു എന്നു വിലപിച്ചുകൊണ്ട് ഒരു പ്രമുഖ സിനിമാനടൻ കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. താനെടുത്ത നിലപാടിൽ ഉറച്ചു നിന്ന് പാതാളത്തിലേക്കു പോകാൻ തയ്യാറായ മഹാബലിയുമായി അയാൾ സ്വയം ഉപമിച്ചത് വേറൊരു തമാശയായാണ് തോന്നിയത്. തന്റെ നിലപാടുകളിൽ ഉറപ്പില്ല അതിലെന്തൊ കുഴപ്പമുണ്ട് എന്നു സ്വന്തം മനസ്സാക്ഷിക്കു തോന്നുമ്പോഴാണ് ഇങ്ങനെ ഇല്ലാത്ത ചവിട്ടി താഴ്‌ത്തലുകളൊക്കെ സങ്കല്പിച്ച് നമ്മൾ വിലപിക്കുന്നത്.

സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത മഹാസൗഭാഗ്യങ്ങളും സമ്പത്തും സ്വന്തമാക്കിയ നിങ്ങളെ അങ്ങനെയാർക്കും ചവിട്ടിത്താഴ്‌ത്താൻ കഴിയില്ല സുഹൃത്തെ. അതു വെറും തോന്നലാണ്. മറിച്ച്, തന്റെ സന്തോഷത്തിനും സുഖത്തിനും വേണ്ടി എടുത്ത നിലപാടുകളിൽ ഭയപ്പെടാതെ ഉറച്ചുനിന്ന് മുന്നോട്ട് പോകാൻ ശ്രമിക്കൂ. ആദ്യകാലങ്ങളിൽ എന്റെ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണിദ്ദേഹം ഇദ്ദേഹത്തിന്റെ വളർച്ചയിൽ ഒരു ജ്യേഷ്ഠനെപ്പോലെ സന്തോഷിച്ച വ്യക്തിയായിരുന്നു ഞാൻ. ഞാൻ സംഘടനയുടെ നേതൃത്വത്തിൽ ഇരിക്കുമ്പോൾ എടുക്കേണ്ടി വന്ന ന്യായമായ ചില ഇടപെടലുകൾ അന്ന് ഈ നടൻ ഉണ്ടാക്കിയ ചില പ്രശ്‌നങ്ങളുടെ പേരിലായിരുന്നു. വെറും ഒരു ശാസന പോലും ഉൾക്കൊള്ളാൻ കഴിയാതെ തന്നെ ശാസിക്കാൻ ശ്രമിച്ചയാളെ ബുദ്ധിപൂർവ്വം പ്രവർത്തിച്ച് സിനിമാ ഇൻഡസ്ട്ട്രിയിൽ നിന്ന് ഒറ്റപ്പെടുത്താനും തോല്പിക്കാനും കഴിഞ്ഞ വ്യക്തി എന്ന നിലയിൽ ഇദ്ദേഹത്തെ ബഹുമാനത്തോടു കൂടിയെ അതിനു ശേഷം ഞാൻ കണ്ടിട്ടുള്ളു. താരമൂല്യം കൈവന്നതുകൊണ്ടു മാത്രം ഒരാൾക്ക് സിനിമ ഇൻഡസ്ട്ട്രിയെ കൈപ്പിടിയിലാക്കാൻ കഴിയില്ല. അതിനു ചില തന്ത്രങ്ങൾ വേണം സത്യത്തിൽ തന്ത്രമല്ല.. കുതന്ത്രം അതിന്റെയൊക്കെ ആശാനായ പ്രിയ സുഹൃത്തെ, നിങ്ങൾ പെട്ടെന്നൊരു ദിവസം ഭയചകിതനായി എന്നെ മഹാബലിയെപ്പോലെ ചവിട്ടിത്താഴ്‌ത്തുന്നു എന്നു കേഴുന്നത് നിങ്ങളുടെ വ്യക്തിത്വം കളഞ്ഞുകുളിക്കലാണ്.

ഇന്ന് നിങ്ങൾ എടുത്ത ചില നിലപാടുകൾ തെറ്റാണെന്ന് തോന്നുന്നെങ്കിൽ അതിൽ മാപ്പു പറഞ്ഞ് തിരുത്തി സ്വയം ടെൻഷൻ ഒഴിവാക്കുക അതല്ലെങ്കിൽ എടുത്ത നിലപാടിൽ ഉറച്ചു നിന്ന് സധൈര്യം മുന്നോട്ട് പോകുക. ഇതു രണ്ടുമല്ലാതെ ആരുടെയെങ്കിലും തലയിൽ കുറ്റം കെട്ടിവച്ച് സെന്റിമെന്റ്‌സ് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നയാൾ മഹാനായ മഹാബലിയുമായി സ്വയം ഉപമിക്കുന്നത് വല്യ തമാശ തന്നെയാണ്. കേരളത്തിലെ എല്ലാ മാദ്ധ്യമത്തിലും ഇക്കാര്യം വല്യ വാർത്തയായി വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത്.

പറഞ്ഞുവന്നത് മഹാബലിയുടെ മാഹാത്മ്യത്തെ കുറിച്ചാണ്. തനിക്കു ശരിയെന്നു തോന്നുന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും അതെടുത്തതിന്റെ പേരിൽ ഉണ്ടായ ഭവിഷ്യത്ത് മറ്റാരുടെയും തലയിൽ വെക്കാതെ സ്വയം ഏറ്റെടുക്കുകയും ചെയ്ത ധീരമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന മഹാബലി. ഇത്തവണ ഓണമുണ്ണുമ്പോൾ ആ വ്യക്തിത്വത്തിന്റെ ആരാധകരായി നമുക്കു മാറാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP