Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഉന്നെക്കൊന്ന് ഉൻ രത്തത്തെ കുടിപ്പേൻ' എന്നുപറഞ്ഞ് നാഗവല്ലി ഇടതുകൈകൊണ്ട് കട്ടിൽ പൊക്കിയത് എങ്ങനെ? മണിച്ചിത്രത്താഴിലെ രഹസ്യം സംവിധായകൻ ഫാസിൽ തുറന്നു പറയുമ്പോൾ

'ഉന്നെക്കൊന്ന് ഉൻ രത്തത്തെ കുടിപ്പേൻ' എന്നുപറഞ്ഞ് നാഗവല്ലി ഇടതുകൈകൊണ്ട് കട്ടിൽ പൊക്കിയത് എങ്ങനെ? മണിച്ചിത്രത്താഴിലെ രഹസ്യം സംവിധായകൻ ഫാസിൽ തുറന്നു പറയുമ്പോൾ

ആലപ്പുഴ: 'ഉന്നെക്കൊന്ന് ഉൻ രത്തത്തെ കുടിപ്പേൻ' എന്നുപറഞ്ഞ് നാഗവല്ലി ഇടതുകൈകൊണ്ട് കട്ടിൽ പൊക്കുന്നു. നകുലൻ എല്ലാ ശക്തിയുമെടുത്ത് 'ഗംഗേ' എന്ന് ഉറക്കെവിളിച്ചപ്പോൾ, കട്ടിൽ താഴെയിട്ട് നാഗവല്ലി ഗംഗയിലേക്ക് മടങ്ങി-മണിച്ചിത്രത്താഴിലെ സൂപ്പർരംഗം. ഇതിൽ ശോഭന എങ്ങനെയാണ് കട്ടിൽ ഉയർത്തിയത്. നാഗവല്ലിയെ മലയാളിയുടെ മനസ്സിലെ നിറസാന്നിധ്യമാക്കിയ ഈ രംഗത്തിലെ പിന്നാമ്പുറ രഹസ്യം തുറന്നു പറയുകയാണ് ഫാസിൽ.

സത്യത്തിൽ കഥാപാത്രം ആവേശിച്ച ശോഭനയല്ല, അടിയിൽ ഒളിച്ചിരുന്ന സംവിധാനസഹായി അലിയാണ് കട്ടിൽ പൊക്കിയെടുത്ത് രംഗത്തിന് പൂർണത നൽകിയത്. അലിയുടെ പെർഫക്റ്റ് ടൈമിങ്ങാണ് രംഗം ഇത്ര മനോഹരമാക്കിയതെന്നും 'മണിച്ചിത്രത്താഴും മറ്റ് ഓർമകളും' എന്ന പുസ്തകത്തിൽ ഫാസിൽ പറയുന്നു. അതിവൈകാരികമായ ആ രംഗം ചിത്രീകരിക്കുമ്പോൾ ശോഭന നെർവസായിരുന്നു. കട്ടിൽ ഉയർത്താനാവുമോ എന്നൊരു ആശങ്കയും. ഇതൊക്കെ പരിഹരിച്ച് രംഗം മനോഹരമാക്കിയത് അലിയുടെ സഹായത്തോടെയാണെന്ന് ഫാസിൽ ഓർക്കുന്നു.

ആ സീൻ ഷൂട്ടുചെയ്യുന്ന അന്ന് ശോഭന നെർവസായിരുന്നു. വളരെ നെർവസ്. എന്റെ അരികിൽത്തന്നെ നിന്നു. എന്നെക്കൊണ്ട് ആ സീൻ പിന്നേം പിന്നേം വായിപ്പിച്ചു. 'ഇന്ന് ദുർഗാഷ്ടമി' എന്നുപറയുന്ന ഇടം എന്നെക്കൊണ്ട് അഭിനയിപ്പിച്ചുകണ്ടു. ഉയർത്തിപ്പിടിച്ച എന്റെ കൈയിലെ വിരലുകളുടെ ചലനംപോലും ശോഭന ഒപ്പിയെടുത്തു. പിന്നെ, അഭിനയിക്കാനായി മാനസികമായി തയ്യാറായി. ശാരീരികമായി തയ്യാറെടുക്കുംമുമ്പ് എന്നോട് പറഞ്ഞു: 'സാർ, എനിക്കീ കട്ടിൽ ഒറ്റ കൈകൊണ്ട് പൊക്കാൻ പറ്റില്ല.' ഞാൻ പറഞ്ഞു, 'നാഗവല്ലിയായി മാറിക്കഴിയുമ്പോൾ ശോഭന അത് ഒരു വിരൽകൊണ്ട് പൊക്കിക്കൊള്ളു'മെന്ന്. എന്നെ വല്ലാത്ത ഒരു നോട്ടംനോക്കി ശോഭന ടച്ചപ്പിന് പോയി. ആ ഇത്തിരി നേരംകൊണ്ട് ഞാൻ ഒരു കുസൃതിയൊപ്പിച്ചു. ശോഭന തിരികെവന്നപ്പോൾ, ഞാൻ പറഞ്ഞു, ദേ, കണ്ടോ...

എന്നിട്ട് നാഗവല്ലിയുടെ തമിഴ് സംഭാഷണം പറഞ്ഞഭിനയിച്ച് ഞാനാ കട്ടിൽ ഒരു വിരൽകൊണ്ട് പൊക്കിനിർത്തി. സംവിധാനസഹായികളിലാരോ സാർ എന്ന് അലറി നീട്ടിവിളിച്ചപ്പോൾ, കട്ടിൽ താഴെയിട്ട് ഞാൻ ഞാനായി മാറി. അന്തിച്ചുപോയ ശോഭന ഒന്നും മനസ്സിലാകാതെ ചുറ്റുമുള്ളവരെ നോക്കി. പിന്നെ എന്തോ സംശയത്തിൽ ഓടിവന്ന് നാലുകാലിൽ കട്ടിലിനടിയിലേക്ക് നോക്കി. അവിടെ ഞാനൊളിപ്പിച്ചിരുത്തിയ സെറ്റ് അസിസ്റ്റന്റ്് അലിയുണ്ടായിരുന്നു.

സംഭാഷണത്തിന്റെ ഒരു ഘട്ടത്തിൽ, കിറുകൃത്യ ടൈമിങ്ങിൽ, അലി രണ്ടുകൈകൊണ്ടും കട്ടിൽ ഒറ്റ പൊക്കാണ്. കഥാപാത്രം പൊക്കിയതുപോലെത്തന്നെയുണ്ടാകും. വേഗം എല്ലാവരും സീരിയസ്സായി. അതിശ്രദ്ധയോടെ ഞാൻ ആ സീൻ എടുത്തു. മനോഹരമായി, അതിമനോഹരമായിത്തന്നെ ശോഭന അതുചെയ്തു.-ഫാസിൽ പുസ്തകത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP