നിർമ്മാതാവ് ഗൗരംഗ് ദോഷിയിൽ നിന്ന് പീഡനങ്ങൾ നേരിട്ടപ്പോൾ തുടക്കക്കാരിയായിട്ടും പിന്തുണച്ചത് ഐശ്വര്യമാത്രമെന്ന് നടി ഫ്‌ളോറെ സൈനി;ലെംഗിക അതിക്രമങ്ങൾ തുറന്ന് പറയുന്ന സ്തീകൾക്ക് പിന്തുണ അറിയിച്ച് ഐശ്വര്യയും രംഗത്ത്; സൽമാനുമായുള്ള ബന്ധം തകർന്നപ്പോൾ ലോകസുന്ദരി നടത്തിയ തുറന്നു പറച്ചിലുകൾ വീണ്ടും ചർച്ചയാക്കി സോഷ്യൽമീഡിയയും
October 11, 2018 | 09:05 AM IST | Permalink

സ്വന്തം ലേഖകൻ
സിനിമയിൽ മീ ടൂ ക്യാമ്പയിൻ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നടി തനുശ്രീ ദത്ത നാനാ പടേക്കറിനെതിരേ രംഗത്തെത്തിയപ്പോൾ തുടങ്ങി വിവാദങ്ങൾ ബോളിവുഡും കടന്ന് മലയാള സിനിമയിൽ വരെ എത്തിനില്ക്കുകയാണ്.സിനിമ, രാഷ്ട്രീയ രംഗങ്ങളിലെ ലൈംഗിക ചൂഷണങ്ങളുെട തുറന്നുപറച്ചിൽ അനുദിനം പല വമ്പന്മാരുടേയും പൊയ്മുഖം അടർത്തിവീഴ്‌ത്തി വീഴ്‌ത്തികൊണ്ടിരിക്കുമ്പോൾ പിന്തുണയുമായി ഐശ്വര്യ റായും രംഗത്തെത്തി.
മീ ടൂ മൂവ്‌മെന്റ് കാണുന്നത് സന്തോഷം നൽകുന്നുവെന്നും ലെംഗിക അതിക്രമങ്ങളെ കുറിച്ചുള്ള അനുഭവങ്ങൾ തുറന്നു പറയുന്ന സ്ത്രീകൾക്ക് ഏറെ പിന്തുണയും കരുത്തും പകരേണ്ടതുണ്ടെന്നും ഒരു അഭിമുഖത്തിനിടെ താരം വ്യക്തമാക്കി.
ഇന്ന് മീ ടൂ മൂവ്‌മെന്റിന് കൂടുതൽ ശ്രദ്ധ ലഭിക്കുകയാണെന്നും സോഷ്യൽ മീഡിയയുടെ സാന്നിധ്യം ലോകത്തെ വളരെ ചെറിയൊരു സ്പെയ്‌സായി ചുരുക്കുകയാണ്, ഒരാളുടെ ശബ്ദം പോലും വലിയ ശബ്ദമായി മാറുന്നു. സോഷ്യൽ മീഡിയയെ ആളുകൾ അവർക്ക് പറയാനുള്ളത് ഉറക്കെ പറയാനുള്ള ഒരു പ്ലാറ്റ്ഫോമായി ഉപയോഗപ്പെടുത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. രാജ്യത്തെ നിയമ വ്യവസ്ഥ അർഹിക്കുന്നവർക്ക് നീതി നൽകട്ടെ. ഇത്തരം തുറന്നു പറച്ചിലുകൾക്ക് ഏറെ കരുത്തും പിന്തുണയും വേണം, ദൈവം അവർക്ക് കരുത്തും അനുഗ്രഹവും പകരട്ടെ, ഐശ്വര്യ റായ് കൂട്ടിച്ചേർത്തു.
എന്നാൽ അതിനിടെ മീ ടൂ ക്യാമ്പയിനിൽ ഐശ്വര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നടി ഫ്‌ളോറ സൈനി തന്റെ അനുഭവം തുറന്ന് പറഞ്ഞിരിക്കുന്നത്.സിനിമയിലെ തുടക്ക കാലത്ത് നിർമ്മാതാവിൽ നിന്നും നേരിട്ട ഒരു പീഡനത്തിന് തനിക്ക് പിന്തുണ നൽകിയ ഐശ്വര്യാറായി ആണെന്നാണ് ഫ്‌ളോറാ സൈനിന്റെ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധ നേടുകയാണ്.
താനുമായി ദോഷി പ്രണയത്തിലായിരുന്ന 2007 ലെ വാലന്റൈൻസ് ഡേയിൽ തന്നെ മർദ്ദിച്ച് താടിയെല്ല് തകർത്തെന്നാണ് ആരോപണം. തുടക്കക്കാരി എന്ന നിലയിൽ താൻ പറയുന്നത് ആരും വിശ്വസിക്കില്ലെന്ന് തോന്നിയതിനാൽ അന്ന് പുറത്തു പറഞ്ഞില്ലെന്നാണ് സൈനി പറയുന്നത്. ആരും പിന്തുണയ്ക്കാൻ ഇല്ലാതിരുന്ന സമയത്ത് ഐശ്വര്യാറായി തന്നെ മനസ്സിലാക്കിയെന്നും ദോഷിയുടെ സിനിമയിൽ നിന്ന് പിന്മാറിയെന്നും സൈനി പറയുന്നു. മർദ്ദനമേറ്റ സമയത്തെ ചിത്രവും സൈനി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നാണ് സൈനി ആഷിന് നന്ദി പറഞ്ഞിരിക്കന്നത്. ദോഷിയിൽ നിന്ന് പിന്നീടും പെൺകുട്ടികൾക്ക് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ധൈര്യമില്ലാത്തതിനാൽ പുറത്ത് പറയാത്തതാണെന്നും സൈനി വ്യക്തമാക്കുന്നുണ്ട്.
എന്നാൽ മീ ടൂ ക്യാമ്പെയ്ൻ ഒക്കെ വരുന്നതിന് മുമ്പ് തന്നെ ഐശ്വര്യ റായ് ഇത്തരം തുറന്ന് പറച്ചിലുകൾ നടത്തിയിട്ടുണ്ടെന്നാണ് സോഷ്യൽമീഡിയയുടെ വാദം. മുമ്പ് സൽമാനുമയുള്ള ബന്ധം തകർന്നപ്പോൾ നടനെക്കുറിച്ച് നടി തുറന്നടിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. സൽമാൻ ഖാനുമായി പിരിഞ്ഞതിനു ശേഷമാണ് ഐശ്വര്യ ഒരു അഭിമുഖത്തിൽ നടന്റെ സ്വഭാവശെവകൃതങ്ങൾ ഉൾപ്പെടെ തുറന്നുകാട്ടിയത്.
തനിക്ക് സഹതാരങ്ങളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നു സൽമാൻ സംശയിച്ചിരുന്നുവെന്നും, ബന്ധം അവസാനിപ്പിച്ചതിനു ശേഷവും തന്നെ വിളിച്ച് അസംബന്ധങ്ങൾ പറയുമായിരുന്നുവെന്നും ഐശ്വര്യ വ്യക്തമാക്കിയിരുന്നു. സൽമാൻ ഖാന്റെ മദ്യപാനവും അതേ തുടർന്നുള്ള മോശം പെരുമാറ്റവും സഹിച്ചാണ് കൂടെ നിന്നതെന്നും തുറന്നു പറഞ്ഞിരുന്നു. മാനസികമായും ശാരീരികമായമുള്ള പീഡനങ്ങൾ തുറന്നു പറഞ്ഞ ഐശ്വര്യയെ സൽമാൻ ഖാൻ തള്ളിയിരുന്നു.
