Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ജുവാര്യരും കാവ്യാ മാധവനും മുതൽ റിമി ടോമിയും രഞ്ജിനി ഹരിദാസും വരെ ഈ മൂന്നാം ലിംഗക്കാരിയുടെ ആരാധിക; ആസാമി സിനിമയുടെ ഷൂട്ടിങ്ങിനിടെ ഈ ട്രാൻസ്‌ജെൻഡർ മലയാളി നടിമാരുടെ ഇഷ്ടതോഴിയായി മാറി കേരളം തറവാടായി സ്വീകരിച്ച കഥ

മഞ്ജുവാര്യരും കാവ്യാ മാധവനും മുതൽ റിമി ടോമിയും രഞ്ജിനി ഹരിദാസും വരെ ഈ മൂന്നാം ലിംഗക്കാരിയുടെ ആരാധിക; ആസാമി സിനിമയുടെ ഷൂട്ടിങ്ങിനിടെ ഈ ട്രാൻസ്‌ജെൻഡർ മലയാളി നടിമാരുടെ ഇഷ്ടതോഴിയായി മാറി കേരളം തറവാടായി സ്വീകരിച്ച കഥ

കേരളത്തിൽ മൂന്നാം ലിംഗക്കാരുണ്ടോ? പ്രയാസമാണ് കണ്ടെത്തലും അംഗീകരിക്കലും. മലയാളിയെ സംബന്ധിച്ചിടത്തോളം മൂന്നാം ലിംഗക്കാർ അയൽ സംസ്ഥാനങ്ങളിലെ കാഴ്ച മാത്രം. മലയാളികൾ ഒന്ന് അടുത്തുകാണാൻ മോഹിക്കുന്ന മലയാളത്തിലെ സർവ സിനിമാ നടിമാരുടെയും അടുത്ത തോഴിയായി ഇവിടെ പക്ഷേ ഒരു മൂന്നാം ലിംഗക്കാരൻ ഉണ്ട്. അധികം ആർക്കും അറിയാത്ത ഒരു മേക്കപ്പ് ആർട്ടിസ്റ്റ്.

ആസാമി സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ജാന്മണി ദാസ് ആദ്യമായി കേരളത്തിലെത്തുന്നത്. 2010 ഒക്ടോബറിൽ. കൊച്ചിയിൽ നടന്ന ഷൂട്ടിങ്ങിനിടെ അവിടെ എത്തിയ എബ്രിഡ് ഷൈനാണ് ജാന്മണിയെ കേരളവുമായി അടുപ്പിച്ച ചോദ്യം ചോദിച്ചത്. പിൽക്കാലത്ത്് സിനിമാ സംവിധായകനായി മാറിയ ഷൈൻ അന്ന് ഫോട്ടോഗ്രാഫറായിരുന്നു. അമലാ പോളിന്റെ ചിത്രമെടുക്കുന്നതിനായി ജാന്മണി മേക്കപ്പ് ചെയ്യാമോ എന്നായിരുന്നു ചോദ്യം. ഒരു ദിവസത്തെ ജോലിയെന്ന് കരുതി അന്ന് തുടങ്ങിയ മേക്കപ്പാണ് ജാന്മണിയെ കേരളത്തിൽ പിടിച്ചുനിർത്തിയത്.

ഇന്ന് കേരളത്തിലെ സിനിമാ നടിമാർക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ജാന്മണിയാണ്. മഞ്ജു വാര്യർ, കാവ്യമാധവൻ, റിമ കല്ലിംഗൽ, അമല പോൾ, രഞ്ജിനി ഹരിദാസ്, ഭാവന, റിമി ടോമി എന്നിവരെല്ലാം പ്രേക്ഷകർക്ക് മുന്നിൽ മോഹിപ്പിക്കുന്ന സൗന്ദര്യവുമായി എത്തുന്നതിന് പിന്നിൽ ജാന്മണിയുടെ കഴിവുകൂടിയുണ്ട്.

ജാന്മണിയെ റെയിൽവേ ജീവനക്കാരനാക്കണമെന്നായിരുന്നു അച്ഛൻ സൗരവ് ദാസിന്റെ ആഗ്രഹം. എന്നാൽ, അമ്മയുടെ മേക്കപ്പ് കണ്ട് ഹരം കയറിയ ജാന്മണിക്ക് തന്റെ അഭിരുചികൾ വ്യത്യസ്തമാണെന്ന് അതിവേഗം വ്യക്തമായി. സാരിയുടെ വീതിയുള്ള ഞൊറിച്ചിൽ, നല്ല കടുത്ത ലിപ്സ്റ്റിക്, കട്ടിയുള്ള ആഭരണം, മുടിക്കെട്ട് ഇതൊക്കെയായി ഇഷ്ടവസ്തുക്കൾ. കുട്ടിക്കാലംമുതൽ കഥക്കും ബിഹു ഡാൻസും കളിക്കുമായിരുന്നു. പിന്നീട് മേക്കപ്പിനെ ഗൗരവത്തോടെ കാണാൻ തുടങ്ങി. അടുത്ത ബന്ധു കൂടിയായ അസമീസ് നടി മൊളായ് ഗോസ്വാമിയാണ് മേക്കപ്പ് ഒരു ജോലിയാക്കാൻ പ്രേരിപ്പിച്ചത്.

ഓരോ നടിമാർക്കൊപ്പവും പ്രവർത്തിക്കുമ്പോഴുള്ള അനുഭവങ്ങൾ വ്യത്യസ്തമാണെന്ന് ജാന്മണി പറയുന്നു. റിമി ടോമിയുടെ പ്രത്യേകരീതിയിലുള്ള മേക്ക്ഓവർ നടത്തിയത് ജാന്മണിയാണ്. 'ദൈവത്തിരുമകൾ' എന്ന തമിഴ്ചിത്രത്തിൽ അമലാ പോളിന്റെ മേക്കപ്പ് കണ്ടിട്ട് നടൻ വിക്രം പറഞ്ഞു ''അമലയ്ക്കിപ്പോഴാണ് യഥാർത്ഥ ഭംഗി വന്നത്.'' -തന്റെ കരിയറിലെ ഇഷ്ടപ്പെട്ട കമന്റുകളിലൊന്നായി ഇതിനെ ജാന്മണി കാണുന്നു.

തന്നെപ്പോലുള്ളവർക്കൊപ്പം ജോലി ചെയ്യാൻ തുടക്കത്തിൽ ആളുകൾക്ക് മടിയുണ്ടായിരുന്നുവെന്ന് ജാന്മണി പറയുന്നു. ജോലി കഴിഞ്ഞ് ഒറ്റയ്ക്കു തിരിച്ചുപോകാൻ പേടിയുണ്ടായിരുന്നതായും അവർ പറയുന്നു. ആളുകൾ വളരെ വൃത്തികെട്ട രീതിയിലാണ് നോക്കിയിരുന്നത്. അന്ന് തനിക്ക് 20 വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ജാന്മണി പറയുന്നു.

തുടക്കത്തിൽ രഞ്ജിനി ഹരിദാസിന്റെയും അമല പോളിന്റെയും മേക്കപ്പാണ് ചെയ്തത്. അമല പോൾ അന്നുമുതൽ ജാന്മണിയുടെ ഉറ്റ സുഹൃത്താണ്. 2011-ലെ ഏഷ്യാനെറ്റ് സിനിമാ അവാർഡ് ചടങ്ങിൽ ജാന്മണി ചെയ്ത അമല പോളിന്റെ മേക്കപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു. അതോടെയാണ് മലയാള സിനിമാ ലോകത്ത് ജാന്മണി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയ്ക്കുവേണ്ടി ചെയ്ത മഞ്ജുവാര്യരുടെ മേ്ക്കപ്പും അതുപോലെ തന്നെ ശ്രദ്ധിക്കപ്പെട്ടു. മാസികയിലെ ചിത്രങ്ങൾ കണ്ട് വിദേശത്തുനിന്നുപോലും പലരും വിളിച്ച് അഭിനന്ദിച്ചു. ഇതോടെ മലയാള സിനിമയിൽ തിരക്കേറുകയും ചെയ്തു.

വീട്ടുകാരുടെ പിന്തുണയാണ് തന്റെ വിജയമായി ജാന്മണി കാണുന്നത്. തന്റെ അഭിരുചികൾ വ്യത്യസ്തമാണെന്ന് മനസ്സിലാക്കിയ വീട്ടുകാർ അത് അംഗീകരിക്കാൻ തയ്യാറായി. തന്നെ സ്വയം ട്രാൻസ്‌ക്വീൻ എന്നാണ് ജാന്മണി വിശേഷിപ്പിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായി ജാന്മണി കാണുന്നത് നടി ശ്രീദേവിയെ മേക്കപ്പ് ചെയ്യണമെന്നതാണ്. ശ്രീദേവിയുടെ ഹെയർ സ്റ്റൈലിസ്റ്റ് വഴി അത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയാണ് ജാന്മണി.

കടപ്പാട്: ഹരിത ജോൺ, ദ ന്യൂസ് മിനിട്ട്‌

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP