Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഹനാപകടത്തെ തോൽപ്പിച്ച് ജീവൻ തിരിച്ചു പിടിച്ച മലയാളത്തിന്റെ അമ്പിളി വീണ്ടും വെള്ളിത്തിരയിൽ ശോഭയോടെ ഉദിച്ചുയർന്നു; ഏഴു വർഷത്തിനു ശേഷം ജഗതി ശ്രീകുമാർ വീണ്ടും തിരശ്ശീലയിൽ തെളിഞ്ഞപ്പോൾ കയ്യടിച്ച് എതിരേറ്റത് മലയാളത്തിന്റെ മഹാനടന്മാരായ മമ്മുട്ടിയും മോഹൻലാലും; മരണത്തെ മറികടന്നെത്തിയ ഹാസ്യ സമ്രാട്ടിന്റെ രണ്ടാം വരവ് വാട്ടർ തീം പാർക്കിന്റെ പരസ്യചിത്രത്തിലൂടെ

വാഹനാപകടത്തെ തോൽപ്പിച്ച് ജീവൻ തിരിച്ചു പിടിച്ച മലയാളത്തിന്റെ അമ്പിളി വീണ്ടും വെള്ളിത്തിരയിൽ ശോഭയോടെ ഉദിച്ചുയർന്നു; ഏഴു വർഷത്തിനു ശേഷം ജഗതി ശ്രീകുമാർ വീണ്ടും തിരശ്ശീലയിൽ തെളിഞ്ഞപ്പോൾ കയ്യടിച്ച് എതിരേറ്റത് മലയാളത്തിന്റെ മഹാനടന്മാരായ മമ്മുട്ടിയും മോഹൻലാലും; മരണത്തെ മറികടന്നെത്തിയ ഹാസ്യ സമ്രാട്ടിന്റെ രണ്ടാം വരവ് വാട്ടർ തീം പാർക്കിന്റെ പരസ്യചിത്രത്തിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമാ ലോകത്തെ ഹാസ്യ സമ്രാട്ട് ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരശീലയിൽ തെളിഞ്ഞു നിന്നപ്പോൾ കയ്യടിച്ച് എതിരേറ്റത് മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും. നടൻ ജഗതി ശ്രീകുമാർ അഭിനയിച്ച വാട്ടർ തീം പാർക്കിന്റെ പരസ്യചിത്രം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ മലയാള സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്തു. വാഹനാപകടത്തെ തുടർന്ന് സിനിമാ ലോകത്തുനിന്ന് ഇടവേളയെടുത്ത ജഗതി ശ്രീകുമാർ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അഭിനയവുമായി ക്യാമറയ്ക്ക് മുൻപിൽ എത്തിയത്.

എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് പരസ്യചിത്രത്തിന്റെ പ്രകാശനം നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നിർവഹിച്ചത്. ഇരുവർക്കും നടുവിൽ മന്ദസ്മിതം തൂകിക്കൊണ്ട് സാക്ഷാൽ ജഗതി ശ്രീകുമാറും ഉണ്ടായിരുന്നു. ജഗതി ശ്രീകുമാർ എന്റർടെയിന്മെന്റ്‌സിന്റെ ഫേസ്‌ബുക്ക് പേജ് ഉദ്ഘാടനവും പ്രസ്തുത ചടങ്ങിൽ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് നിർവഹിച്ചു.

സിനിമാ ലോകത്തുള്ളവർ ഒന്നടങ്കം ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി ആഗ്രഹിക്കുന്നു എന്ന് പരസ്യചിത്രം പ്രകാശനം ചെയ്ത ശേഷം നടൻ മമ്മൂട്ടി പറഞ്ഞു. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ജഗതി മടങ്ങിവരുന്നതിന്റെ ആരംഭമാണ് ഈ പരസ്യചിത്രമെന്നും അതിന് വഴിയൊരുക്കിയ ജഗതി ശ്രീകുമാർ എന്റർടെയിന്മെന്റ്‌സിന് നന്ദി പറയുന്നതായും മമ്മൂട്ടി പറഞ്ഞു. കരുത്തോടും അഭിനയപ്രാഭവത്തോടും കൂടെ ജഗതി തിരിച്ചുവരട്ടെ എന്ന് ആഗ്രഹിക്കുന്നതായും മമ്മൂട്ടി കൂട്ടിച്ചേർത്തു.

ജഗതി ശ്രീകുമാറിനൊപ്പം അഭിനയിക്കാൻ സാധിച്ച സിനിമകളെല്ലാം തന്റെ മനസിലുണ്ടെന്ന് നടൻ മോഹൻലാൽ പറഞ്ഞു. ജഗതി ശ്രീകുമാറിന്റെ നാമധേയത്തിൽ ഒരു ഷോട്ടെങ്കിലും ഉൾപ്പെടുത്തി പുതിയ സംരഭം ആരംഭിച്ചതിന് മോഹൻലാൽ നന്ദി പറഞ്ഞു. ഏഴ് വർഷമായി സിനിമയിലില്ലെങ്കിലും മലയാളികൾ എന്നും ജഗതിയെ കണ്ടുകൊണ്ടിരിക്കുകയാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ചടങ്ങിൽ മലയാള സിനിമാലോകത്ത് നിന്ന് നിരവധി അഭിനേതാക്കൾ പങ്കെടുത്തു. കുടുംബാഗങ്ങളും ജഗതിക്കൊപ്പം വേദിയിലുണ്ടായിരുന്നു. സിനിമയിലേക്ക് ജഗതി ശ്രീകുമാർ വേഗം മടങ്ങിയെത്തണമെന്നാണ് മലയാള സിനിമാ ലോകം മുഴുവനും ആഗ്രഹിക്കുന്നതെന്ന് ചടങ്ങിൽ ആശംസകളർപ്പിച്ച് പ്രസംഗിച്ചവർ പറഞ്ഞു. ജഗതിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടത്തെ കുറിച്ച് പ്രതിപാദിക്കുന്ന ട്രിബ്യൂട്ട് വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു.

വാഹനാപകടത്തെ തുടർന്ന് അതീവ ഗുരുതരമായി പരുക്കേറ്റ ജഗതി ശ്രീകുമാർ ഇപ്പോഴും ചികിത്സയിലാണ്. ജഗതിയെ വീണ്ടും ക്യാമറയ്ക്ക് മുൻപിൽ എത്തിക്കാൻ സാധിച്ചാൽ അത് ആരോഗ്യനില കൂടുതൽ മെച്ചപ്പെടാൻ കാരണമാകുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന വെല്ലുരിലെ ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് മക്കളായ രാജ്കുമാറും പാർവതി ഷോണും ചേർന്ന് ജഗതിയെ വീണ്ടും ക്യാമറയ്ക്ക് മുൻപിൽ എത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചത്.

2012 മാർച്ചിലാണ് ജഗതി ശ്രീകുമാറിന് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയിൽവെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാർ ഡിവൈഡറിൽ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. എം.പത്മകുമാറിന്റെ തിരുവമ്പാടി തമ്പാൻ എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നും ലെനിൻ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിന്റെ കുടകിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകവേ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP