Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശരീരം മുഴുവൻ എണ്ണയിട്ട് തുടയ്ക്കടിച്ച് നിന്ന ശേഷം മല്ലയുദ്ധത്തിനില്ലെന്നും നാളെ വരാമെന്നും പറഞ്ഞാൽ കോമാളിയാകും; തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന രജനികാന്തിന്റെ പരാമർശത്തെ പരിഹസിച്ച് കമൽഹാസൻ

ശരീരം മുഴുവൻ എണ്ണയിട്ട് തുടയ്ക്കടിച്ച് നിന്ന ശേഷം മല്ലയുദ്ധത്തിനില്ലെന്നും നാളെ വരാമെന്നും പറഞ്ഞാൽ കോമാളിയാകും; തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന രജനികാന്തിന്റെ പരാമർശത്തെ പരിഹസിച്ച് കമൽഹാസൻ

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന രജനീകാന്തിന്റെ പരാമർശത്തെ രൂക്ഷമായി പരിഹസിച്ച് കമൽഹാസൻ. മീശപിരിച്ച് ഗോദയിൽ ഇറങ്ങിയതിനുശേഷം പോരാട്ടം പിന്നെയാകാമെന്നു പറയുന്നത് ശരിയായ രീതിയല്ലെന്നു താരം അഭിപ്രായപ്പെട്ടു. ചെന്നൈയിലെ കോളജിൽ നടന്ന സംവാദത്തിനിടെയായിരുന്നു കമലിന്റെ പരാമർശം.

''ശരീരം മുഴുവൻ എണ്ണയിട്ട് തുടയ്ക്കടിച്ച് നിന്ന ശേഷം ഇന്ന് മല്ലയുദ്ധത്തിനില്ലെന്നും നാളെ വരാമെന്നും ഗുസ്തിക്കാർ പറയരുത്. അങ്ങനെ സംഭവിച്ചാൽ അവർ കോമാളികളാകും''-ഇങ്ങനെയായിരുന്നു കമൽഹാസന്റെ പരാമർശം. ഇലയിട്ടതിനുശേഷം ഭക്ഷണം ഇപ്പോൾ വേണ്ടെന്ന് പറഞ്ഞാൽ പിന്നെ എന്തിനാണ് പന്തിയിലിരുന്നതെന്ന ചോദ്യമുണ്ടാകുമെന്നും കമൽ പ്രതികരിച്ചു.

ഡിഎംകെയും എംകെ സ്റ്റാലിനേയും കമൽഹാസൻ രൂക്ഷമായി വിമർശിക്കുന്നുമുണ്ട് കമൽഹാസൻ. എംകെ സ്റ്റാലിൻ നടത്തുന്ന ഗ്രാമസഭ തന്റെ പാർട്ടി പരിപാടിയുടെ കോപ്പിയടിയാണെന്നും ഇന്നലെ വന്ന പയ്യനിൽ നിന്നും കോപ്പിയടിക്കാൻ നിങ്ങൾക്ക് നാണമില്ലേയെന്നും കമൽഹാസൻ വിമർശിച്ചു.

താൻ കീറിയ ഷർട്ട് ധരിക്കില്ലെന്നും, ഇനി നിയമസഭയിൽ വെച്ച് തന്റെ ഷർട്ട് കീറിയാൽ പകരം മറ്റൊന്ന് ധരിച്ച് പുറത്ത് വരുമെന്നും കമൽഹാസൻ പറഞ്ഞു. ജയലളിതയുടെ മരണ ശേഷം മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി വിശ്വാവോട്ടെടുപ്പ് തേടിയതുമായി ബന്ധപ്പെട്ട് നിയമസഭയിൽ കയ്യാങ്കളി നടന്നതും ഇതിനിടെ കീറിയ ഷർട്ടുമായി പുറത്ത് വന്ന് സ്റ്റാലിൻ വാർത്താ സമ്മേളനം നടത്തിയതും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഇത്തരത്തിലുള്ള നാടകങ്ങൾ തമിഴ്ജനത ഇനി കാണേണ്ടി വരില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കരുണാനിധിയുടേയും ജയലളിതയുടെയും വിയോഗത്തിന് ശേഷം ആദ്യ പൊതുതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് തമിഴ്‌നാട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കരുണാനിധിയുടെ ഡിഎംകെയ്ക്കും ജയലളിതയുടെ എഐഡിഎംകെയ്ക്കും ശക്തമായ വെല്ലുവിളി ഉയർത്തി സൂപ്പർസ്റ്റാർ രജനികാന്തും ഉലകനായകൻ കമൽഹാസനും മത്സരരംഗത്തുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് വർഷം ഒന്ന് കഴിഞ്ഞിട്ടും രജനികാന്ത് പാർട്ടി പ്രഖ്യാപനം പോലും നടത്തിയിട്ടില്ല.കമൽഹാസൻ ആകട്ടെ സജീവ പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ട് പോവുകയും ചെയ്തു.

പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും ആരും തന്റെ ഫോട്ടോയോ കൊടിയോ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുതെന്നും രജനീകാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് രജനി കരാർ ഒപ്പിട്ടു കഴിഞ്ഞു. ദീപാവലി റിലീസായി ചിത്രം എത്തുമെന്നാണ് ലഭിക്കുന്ന വിവരം. മാർച്ച് ആദ്യ വാരം ചിത്രീകരണം ആരംഭിക്കും. അതായത് തമിഴകവും ഇന്ത്യയാകെയും തിരഞ്ഞെടുപ്പ് ചൂടിലമരുമ്പോൾ സൂപ്പർസ്റ്റാർ രജനി സിനിമാ തിരക്കുകളിലായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP