Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'സ്വപ്നത്തിൽ പോലും കരുതിയില്ല; സിനിമയിൽ സജീവമായ സമയം മുതലുള്ള ആഗ്രഹമായിരുന്നു അഞ്ജലിയുടെ ചിത്രത്തിൽ അഭിനയിക്കണമെന്നത്; കഥാപാത്രങ്ങളെ സൂഷ്മതയോടെ നിരീക്ഷിക്കുന്നതിൽ അഞ്ജലി വിട്ടുവീഴ്ച ചെയ്യില്ല'; കൂടെയിലെ അനുഭവം പങ്കുവെച്ച് മാലാ പാർവതി

'സ്വപ്നത്തിൽ പോലും കരുതിയില്ല; സിനിമയിൽ സജീവമായ സമയം മുതലുള്ള ആഗ്രഹമായിരുന്നു അഞ്ജലിയുടെ ചിത്രത്തിൽ അഭിനയിക്കണമെന്നത്; കഥാപാത്രങ്ങളെ സൂഷ്മതയോടെ നിരീക്ഷിക്കുന്നതിൽ അഞ്ജലി വിട്ടുവീഴ്ച ചെയ്യില്ല'; കൂടെയിലെ അനുഭവം പങ്കുവെച്ച് മാലാ പാർവതി

മറുനാടൻ ഡെസ്‌ക്‌

സിനിമയിലും നാടകത്തിലും കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒരോ വേഷവും ശ്രദ്ധേയമാക്കിയ നടിയാണ് മാലാ പാർവതി. കഥാപാത്രങ്ങളോട് പുലർത്തുന്ന നീതിയും സ്നേഹവുമാണ് മാലയുടെ കഥാപാത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. പ്രേക്ഷകർ നെഞ്ചോടു ചേർത്ത മഞ്ചാടിക്കുരുവിന്റെയും ബാംഗ്ലൂർ ഡേയ്സിന്റെയും സംവിധായിക അഞ്ജലി മേനോന്റെ പുത്തൻ ചിത്രം, 'കൂടെ' ആണ് മാലാ പാർവതിയുടെ പുതിയ സിനിമ. 'കൂടെ'യാണ്. കൂടെയുടെ ചിത്രീകരണ വിശേഷങ്ങളുമായി മാലാ പാർവതി.

എട്ടോ ഒമ്പതോ വർഷം മുൻപാണ് മനോരമയുടെ ഒരു പരിപാടിയിൽ വച്ച് ഞാൻ അഞ്ജലി മേനോനെ കാണുന്നത്. അന്ന് കണ്ട് ഒന്നു ചിരിച്ചു കാണും അത്രേയുള്ളൂ. പക്ഷേ വായിച്ചും കണ്ടും കേട്ടുമറിഞ്ഞ അവരുടെ വ്യക്തിത്വത്തെയും പ്രതിഭയെയും അങ്ങേയറ്റം ഇഷ്ടമാണെനിക്ക്. അവരുടെ എല്ലാ സിനിമകളും പലവട്ടം കണ്ടിട്ടുണ്ട്. ജീവിതത്തെക്കുറിച്ചുള്ള അസാമാന്യമായ നിരീക്ഷണം, സത്യസന്ധത, എന്നിവയാണ് ആ സിനിമകളിൽ നിഴലിക്കുന്നത്.

അതുകൊണ്ടുതന്നെ ഓരോ കാഴ്ചയിലും അതൊരു പുതിയ അനുഭവമാണ് സമ്മാനിക്കുക. ഞാൻ എപ്പോഴെങ്കിലും ഒരുപാട് മൂഡ് ഓഫ് ആകുമ്പോൾ അതിനെ തരണം ചെയ്യാൻ കാണുന്ന ചിത്രങ്ങളാണ് അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്‌സും ഉസ്താദ് ഹോട്ടലും. മഞ്ചാടിക്കുരു എന്ന ചിത്രമാകട്ടെ, ഒരു മഴ നനയുന്ന അനുഭൂതിയും. നമ്മുടെ ബാല്യത്തിലേക്ക്, ഓർമകളുടെ വേരുകളിലേക്ക് ആഴ്ന്നിറങ്ങുന്നൊരു പ്രതീതി. കേരള കഫേയിലെ അഞ്ജലിയുടെ കുഞ്ഞു ചിത്രവുമൊക്കെ മനസ്സിനോട് അത്രയും ചേർന്നു നിൽക്കുന്നുണ്ട്. സിനിമയിൽ സജീവമായ സമയം തൊട്ടേയുള്ളൊരു സ്വപ്നമായിരുന്നു അഞ്ജലി മേനോന്റെ ചിത്രത്തിൽ അഭിനയിക്കുക എന്നത്. അതുപക്ഷേ സാധ്യമാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

ബാംഗ്ലൂർ ഡേയ്‌സ് പുറത്തിറങ്ങിയ സമയത്ത് അഭിനന്ദനം അറിയിച്ച് അഞ്ജലിക്ക് ഞാനൊരു സന്ദേശം അയച്ചിരുന്നു. താങ്ക്യു എന്നു മറുപടിയും വന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് അഞ്ജലിയുമായി സംസാരിക്കുന്നത്. 'ഒരു കാര്യം പറയാനുണ്ട്' എന്നു പറഞ്ഞ് സന്ദേശം അയച്ചു. എന്റെ സ്വപ്നം സാക്ഷാത്കരിക്കുകയാണോ എന്നു ചോദിച്ച് ഞാൻ മറുപടി കൊടുത്തു. അഞ്ജലി, 'നമുക്ക് നോക്കാം, വൈകുന്നേരം വിളിക്കാം' എന്നു പറഞ്ഞു. വൈകുന്നേരം വിളിച്ചാണ് ഈ കഥാപാത്രത്തെ കുറിച്ച് പറയുന്നത്. എത്ര ചെറിയ വേഷമാണെങ്കിലും ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കാൻ തയാറായിരുന്നു. എനിക്ക് അപ്പോഴും വിശ്വസിക്കാനേ സാധിച്ചിരുന്നില്ല. സിനിമ തുടങ്ങുമെന്നു പറഞ്ഞ സമയത്തേക്കാൾ കുറച്ചു വൈകിയാണ് ആരംഭിച്ചത്. ആ കാത്തിരിപ്പ് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമായി എത്തുകയും ചെയ്തു.

കഥാപാത്രം ഏറെ സ്വാധീനിച്ചു

ലില്ലി എന്നാണ് കഥാപാത്രത്തിന്റെ പേര്. പഴയൊരു ക്രിസ്ത്യൻ കുടുംബത്തിലെ തീർത്തും സാധാരണക്കാരിയായ വീട്ടമ്മയാണു ലില്ലി. നമ്മുടെ നാട്ടുമ്പുറങ്ങളിലൊക്കെ കാണുന്ന പോലൊരു വീട്ടമ്മ. എല്ലാം നേർരേഖയിലങ്ങു പോകണം എന്നു ചിന്തിക്കുന്ന ലില്ലി. മക്കൾ, ഭർത്താവ്,കുടുംബം എന്നു ചിന്തിച്ചു ജീവിക്കുന്നൊരാൾ. കഥാപാത്രങ്ങളിലേക്കുള്ള പരിവർത്തനം ഓരോ അഭിനേതാവിന്റെയും ജീവിതത്തിനു പുതിയൊരു തലമാണ് സമ്മാനിക്കുക. അനുഭവങ്ങളുടെ ഒരു കൂടാരം. ഇവിടെയതു മഞ്ഞുകൊണ്ടുള്ളൊരു കൂടാരമായിരുന്നു മാലാ പാർവതിക്ക്. ഊട്ടിയിൽനിന്ന് 27 കിലോമീറ്റർ അകലെയുള്ള ഗ്ലെന്മോർഗൻ എന്ന സ്ഥലത്തായിരുന്നു ഷൂട്ടിങ്. ഊട്ടിയേക്കാൾ തണുപ്പുള്ള ഇടം. ഒക്ടോബർ മുതൽ ജനുവരി വരെ നടന്ന ആ ഷൂട്ടിങ്ങിനെ കുറിച്ച്.ഭൂമിയിൽ ഇപ്പോഴും ഇങ്ങനെയുള്ള സ്ഥലങ്ങളുണ്ടല്ലോ എന്നു തോന്നിപ്പോയി. അത്രയ്ക്കു മനോഹരമായിരുന്നു ആ സ്ഥലം. നമ്മൾ പോസ്റ്റ് കാർഡുകളിലൊക്കെ കാണാറുള്ള ചില സ്ഥലങ്ങളില്ലേ. പ്രകൃതിയെ അതീവ മനോഹാരിതയോടെ ചിത്രകാരൻ വരച്ചുവയ്ക്കാറുള്ള പോസ്റ്റ്കാർഡുകൾ. അത്രമാത്രം സുന്ദരം.

നമ്മൾ വെറുതെയെങ്കിലും ചിന്തിക്കാറില്ലേ മൊബൈലിന് റേഞ്ച് ഇല്ലാത്ത, കിളികളുടെ ശബ്ദം കേട്ടുണരാനാകുന്ന, ഇലകൾക്കിടിയിലൂടെ അരിച്ചിറങ്ങുന്ന വെയിലുകൊള്ളാനാകുന്ന, ഇലകൾ പൊഴിഞ്ഞു വീണ അരികിൽ തടാകങ്ങളുള്ള പാതയിലൂടെ നടക്കാൻ കഴിഞ്ഞെങ്കിലെന്ന്. ഗ്ലെന്മോർഗൻ ആ സഞ്ചാരം ആഗ്രഹിക്കുന്നവർക്കുള്ളതാണ്. അങ്ങനെയുള്ളൊരു സ്ഥലമായിരുന്നു അത്. രണ്ടു മാസത്തോളം പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ, ലോകത്തുനിന്ന് കട്ട് ആയി, വീട്ടുകാരെ കാണാതെ, അത്തരമൊരു സ്ഥലത്തു താമസിക്കാനായത് എനിക്കൊരു മെഡിറ്റേഷൻ പോലെയായിരുന്നു. ഓരോ പുലരിയിലും നമ്മൾ വീണ്ടും ജനിക്കുന്ന പോലെ തോന്നുമായിരുന്നു. അവിടെയൊരു ചെറിയ ഹോട്ടലിലായിരുന്നു താമസം. ഞാൻ, പൗളി വർഗീസ്, നിലമ്പൂർ ആയിഷ ചേച്ചി, പഴയ നടൻ കൃഷ്ണൻ കുട്ടി നായരുടെ മകൻ ശിവകുമാർ, നാടക നടൻ സി.ആർ രാജൻ തുടങ്ങി ഞങ്ങളൊരു ചെറിയ ബാച്ച് തന്നെയുണ്ടായിരുന്നു ഹോട്ടലിൽ.

കുറച്ചകലെയാണ് ഷൂട്ടിങ് നടക്കുന്നത്. മിക്ക ദിവസവും ആറു മണിക്ക് അവിടെയെത്തണം. രാത്രി പന്ത്രണ്ടു മണിയാകും വന്നു കിടന്ന് ഉറങ്ങാനൊക്കെ. അതുകഴിഞ്ഞ് ആ തണുപ്പത്ത് അതിരാവിലെ എണീക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് ഓർക്കാമല്ലോ. ആറു മണിക്കു തന്നെ വണ്ടിയെത്തും. ഒരു മണിക്കൂർ യാത്രയുണ്ട് ഷൂട്ടിങ് സ്ഥലത്തേക്ക്. അതിനേക്കാളുപരിയായി ഞാനൊരു കടുത്ത മഞ്ഞ് അലർജിക്കാരിയും. തണുപ്പും ഞാനും തമ്മിൽ ചേരുകയേയില്ല. മാർച്ചിൽ പോലും പുതച്ചു മൂടി ഉറങ്ങുന്ന ഞാൻ 5-6 ഡിഗ്രി സെൽഷ്യസ് മാത്രം താപനിലയുള്ളൊരു സ്ഥലത്ത് അകപ്പെട്ടു പോയാലുള്ള കാര്യം പറയേണ്ടതില്ലല്ലോ. ദേഹത്തു വെള്ളം വീഴുമ്പോൾ കീറിമുറിക്കുന്ന പോലെയൊക്കെ എനിക്കു തോന്നുമായിരുന്നു. എല്ലു മുറിയുന്ന വേദന, പക്ഷേ എന്നെത്തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാൻ ഓരോ ദിവസവും അതിനോടു പടവെട്ടി ജയിച്ചു കയറി.

മനസ്സു കീഴടക്കുന്ന സ്ഥലവും അതുപോലുള്ള മനുഷ്യരും ഒപ്പമുണ്ടായിരുന്നതു കൊണ്ടാകും. ചിലപ്പോഴൊക്കെ എട്ടു മണിക്ക് ഷൂട്ടിങ് സൈറ്റിൽ എത്തിയാൽ മതിയായിരിക്കും. അന്നേരം ഈ മേളത്തിന്റെ സമയവും കൂടും. എന്തൊക്കെയായാലും രാവിലെ ആറു മണിക്ക് വണ്ടിയെത്തും എന്നു പറഞ്ഞാൽ പുലർച്ചെ നാലരയ്ക്കു തന്നെ റെഡിയായി ഒരാൾ കാത്തിരിക്കുന്നുണ്ടാകും, ആയിഷ ചേച്ചി. സെറ്റിലെത്തിയാൽ കുറച്ചു നേരം ഒറ്റയ്ക്കു നടക്കാൻ പോകും. അതുകഴിഞ്ഞാണ് മേക്കപ്പ് ഒക്കെ. എനിക്ക് തലമുടിയിൽ മാത്രമേ പണിയുള്ളൂ. അമ്മയായതു കൊണ്ടു തന്നെ മുഖത്ത് അധികം മേക്കപ്പ് വേണ്ട. അസിസ്റ്റന്റ് ഡയറക്ടർമാരാണ് അതാത് ദിവസം ഷൂട്ട് ചെയ്യാൻ പോകുന്ന കാര്യത്തെ കുറിച്ചു പറയുക. അതുകഴിഞ്ഞാണ് അഞ്ജലിയുടെ വരവ്...

അവരെപോലെ തന്നെ ചിത്രങ്ങളു സുന്ദരികളാണ്

അവർ എത്രമാത്രം സുന്ദരിയായൊരു സ്ത്രീയാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. അതിനേക്കാൾ മനോഹാരിതയുണ്ട് അവർ ഓരോ ചലച്ചിത്രവും തയാറാക്കുന്ന വഴികൾക്കും. മഹാനായൊരു ചിത്രകാരൻ തന്റെ ചിത്രത്തിലേക്കു ചായങ്ങൾ ഇഴുകി ചേർക്കും പോലെ, അത്രമേൽ തന്മയത്തത്തോടെയാണ് അവർ ഓരോ കഥാപാത്രമായും അഭിനേതാക്കളെ മാറ്റുന്നത്. നമ്മൾ അറിയാതെ ആ കഥാപാത്രമായിത്തീരും. അത് വാക്കുകൾക്ക് അതീതമായൊരു അഞ്ജലി മേനോൻ മാജിക് ആണ്. അത്രമാത്രം ആഴമുള്ള പഠനവും തയ്യാറെടുപ്പുകളുമാണ് ഓരോ ചിത്രത്തിനു വേണ്ടിയും അവർ നടത്തുക. ആ ചിത്രത്തിന്റെ ഏതു കാര്യത്തെക്കുറിച്ചു ചോദിച്ചാലും കൃത്യമായി ഉത്തരം പറയും. അതിലൊരു സംശയവും ഉണ്ടാവില്ല.

ചിലപ്പോൾ സക്രിപ്റ്റ് ഉണ്ടാകില്ല

ചിലപ്പോൾ സ്‌ക്രിപ്റ്റ് ഒന്നും ഉണ്ടാകില്ല. ഇതാണ് ഇന്നു ചെയ്യാൻ പോകുന്നത്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ എന്നു പറയും അഞ്ജലി. ഞങ്ങൾ അങ്ങനെ കണ്ടെത്തിയ ചില സീനുകളിൽ അഞ്ജലി തിരുത്തലുകളൊക്കെ പറഞ്ഞ് ശരിയാക്കി ചെയ്യിക്കും. അതാണ് രീതി. നമ്മളിലൂടെ തന്നെ കഥാപാത്രത്തെ അവതരിപ്പിക്കും ചിലപ്പോൾ. അതിലവർ വിജയിക്കുകയും ചെയ്യും.ഒരു അഭിനേതാവിൽനിന്ന് എന്താണു വേണ്ടത്, എത്രമാത്രം അളവിൽ വേണം എന്നു നിഷ്‌കർഷിക്കുന്ന സംവിധായികയാണ്. അതു നമ്മൾ കൊടുക്കുകയും വേണം. അതു നിർബന്ധമുള്ള കാര്യമാണ്. എട്ടു തവണ ടേക്ക് എടുക്കേണ്ടി വന്നാലും പതിനാറു തവണ എടുക്കേണ്ടി വന്നാലും കണ്ണു നിറയണം എന്നു പറഞ്ഞാൽ നിറഞ്ഞിരിക്കണം. അതിൽ വിട്ടുവീഴ്ചയില്ല. നമ്മളിൽനിന്ന് അത് ആവശ്യപ്പെടുന്നതു കൊണ്ടാണ് എനിക്ക് അവരോട് ഇത്രമാത്രം ആരാധന. ചലഞ്ചിങ് ആയ സംവിധായികയാണ്.

നിങ്ങൾക്കറിയുമോ, ജെനിയുടെ മുറിയിലെ സാധനങ്ങൾ, (നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രം) അലോഷിയുടെ മുറിയിലെ മേശപ്പുറത്ത് വച്ചിരിക്കുന്ന വസ്തുക്കൾ, വീടിന്റെ അടുക്കളയിലെ പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന പാത്രങ്ങൾ പോലും അഞ്ജലിയുടെ കണ്ടെത്തലാണ്. അലോഷിയുടെ മേശപ്പുറത്തുള്ള സാധനങ്ങൾ എന്താണൊന്നെക്കെ പോലും അവർക്കു പറയാനാകും. ആ വസ്തുക്കൾക്കു വേണ്ടി എട്ടോ ഒമ്പതോ മാസം മുൻപേ തന്നെ അന്വേഷണം തുടങ്ങിയിരുന്നുവെന്നു പറഞ്ഞാൽ വിശ്വസിക്കുമോ. ഒരു പള്ളിക്കു വേണ്ടി എത്ര ദീർഘമായ അന്വേഷണമാണു നടത്തിയത്.

മനസ്സിനിണങ്ങിയതു കിട്ടുന്നതുവരെ വളരെ ശാന്തമായി, ഉറച്ച തീരുമാനത്തോടെ കാത്തിരിക്കും. കോംപ്രമൈസ് എന്നത് നിഘണ്ടുവിലേ ഇല്ല. ഓരോ ഫ്രെയിമിലെയും ഓരോ കടുകുമണിയേയും കുറിച്ച് അവർക്കു വ്യക്തമായ ബോധ്യമുണ്ട്. അത്രമാത്രം സൂക്ഷ്മതയോടെയാണ് അവർ ഓരോ ചിത്രത്തിലേക്കുമെത്തുന്നത്. ആദരവും സ്‌നേഹവും ബഹുമാനവും ഒരു വ്യക്തിയോട് ഒരേ അളവിൽ തോന്നുക അപൂർവ്വമല്ലേ. എനിക്ക് അത്തരത്തിലുള്ളൊരു ആളാണ് അഞ്ജലി. ഒരു ഫിലിംമേക്കർ എന്ന നിലയിലും വ്യക്തി എന്ന നിലയിലും അത്രമാത്രം മനോഹരമാണ് അവർ.

പറന്നേ എന്ന പാട്ടിലെ വരികൾ, ചെറു ചിറകുകൾ അടിച്ചുയരേ...ജീവിതത്തെ ചുംബിച്ചീടാല്ലോ.പറന്നേ പല മതിലുകൾ ഇടിച്ചുടച്ചേ സാഗരങ്ങൾ നീന്തി കേറാലോ...അതിനെ അനുസ്മരിപ്പിക്കുന്നു അഞ്ജലി.തനിക്ക് ഓരോ അഭിനേതാവിൽ നിന്നും എന്താണ് വേണ്ടതെന്ന കൃത്യമായ ബോധ്യമുണ്ട് അഞ്ജലിക്ക്. നമ്മളെ ഒട്ടും ടെൻഷനടിപ്പിക്കാതെ ഒരു താളത്തിൽ ആ കഥാപാത്രമാക്കി മാറ്റാൻ അഞ്ജലിക്ക് അറിയാം. ഒരു അഭിനേതാവിനെ അത്രമേൽ കൃത്യതയോടെ സൂക്ഷമതയോടെ ഉപയോഗപ്പെടുത്തുന്ന സംവിധായകർ വിരളമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP