Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സത്യന്റെ ഒട്ടുമിക്ക പടങ്ങളിലും തിലകൻ ഉണ്ടായിരുന്നു; വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രം കഴിഞ്ഞതു മുതൽ അദ്ദേഹം ഇല്ലാതെ പോയി; കാരണം സെറ്റിൽ വച്ച് മദ്യപിച്ചത്; മാമുക്കോയയുടെ വാക്കുകൾ ഇങ്ങനെ

സത്യന്റെ ഒട്ടുമിക്ക പടങ്ങളിലും തിലകൻ ഉണ്ടായിരുന്നു; വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രം കഴിഞ്ഞതു മുതൽ അദ്ദേഹം ഇല്ലാതെ പോയി; കാരണം സെറ്റിൽ വച്ച് മദ്യപിച്ചത്; മാമുക്കോയയുടെ വാക്കുകൾ ഇങ്ങനെ

കിരീടം, ചെങ്കോൽ , സന്താനഗോപാലം, സന്ദേശം, സ്ഫടികം, മിന്നാരം, കിലുക്കം,ചിന്താവിഷ്ടയായ ശ്യാമള, സന്മനസ്സുള്ളവർക്ക് സമാധാനം, പെരുന്തച്ചൻ , സസ്നേഹം, അനിയത്തിപ്രാവ്, ചിന്താമണി കൊലക്കേസ് അങ്ങനെയങ്ങനെയൊരുപാട് സിനിമകളിൽ അച്ചനായി തിളങ്ങിയ നടനാണ് തിലകൻ..കാലയവനികയ്ക്കുള്ളിൽ മറഞ്ഞെങ്കിലും സിനിമാ പ്രേമികളുടെ മനസിൽ ഇന്നും മലയാളസിനിമയുടെ പെരുന്തച്ചൻ നിറഞ്ഞു നിൽക്കുന്നു.

കുടുംബപ്രേക്ഷകരുടെ ഇഷ്ട നടനായി തിലകൻ തിളങ്ങിയത് കൂടുതലും സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിലായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങളിലായിരുന്നു തിലകനും സത്യനും അവസാനമായി ഒന്നിച്ചത്. 1999ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ശേഷം നിരവധി സിനിമകൾ സത്യൻ അന്തിക്കാട് സംവിധാനം ചെയ്തെങ്കിലും തിലകൻ അവയിൽ ഒന്നിൽ പോലും ഉണ്ടായിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ മദ്യപാനം ഒന്നുമാത്രമായിരുന്നു എന്നു പറയുകയാണ് നടനും തിലകന്റെ സുഹൃത്തുമായ മാമുക്കോയ.

'തിലകൻ ചേട്ടൻ സത്യന്റെ ഒട്ടുമിക്ക പടങ്ങളിലും ഉണ്ടായിരുന്നു. അവസാനം വീണ്ടും ചില വീട്ടുകാര്യങ്ങൾ കഴിഞ്ഞതു മുതൽ അദ്ദേഹം ഇല്ലാതെ പോയി. കാരണം അയാൾ ആ സെറ്റിൽ വച്ച് മദ്യപിച്ചു. ഷോട്ട് റെഡി എന്ന് പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ വിളിക്കാൻ വന്നപ്പോൾ തിലകൻ ചേട്ടൻ മദ്യം ഒഴിച്ച് കഴിച്ചു കൊണ്ടിരിക്കുകയാണ്. 'ആ വരാം' എന്നു പറഞ്ഞു. സത്യന്റെ സെറ്റിൽ മദ്യപിക്കുക എന്നു പറഞ്ഞാൽ ഭയങ്കര പ്രശ്നമാണ്. സത്യന് അത് വലിയ അലർജിയാണ്.

ഒരിക്കൽ ഷൂട്ടിങ് നടക്കുമ്പോൾ ശങ്കരാടി ചേട്ടന് വർക്കില്ല. വർക്കില്ലല്ലോ എന്ന് വിചാരിച്ചിട്ട് ശങ്കരാടി ചേട്ടൻ ഊണ് കഴിക്കുന്നതിന് മുമ്പായിട്ട് ഒരു പെഗ് അടിച്ചു. ഇതുകഴിഞ്ഞപ്പോൾ ഉച്ചയ്ക്ക് ശേഷം സത്യന് തോന്നി ശങ്കരാടി ചേട്ടന്റെ സീനെടുക്കാമെന്ന്. ചേട്ടൻ സെറ്റിലെത്തി സ്‌ക്രിപ്റ്റ് വായിച്ചു കൊടുക്കുന്ന സമയത്ത് ചെറിയൊരു മണം ശങ്കരാടി ചേട്ടനിൽ നിന്നുവന്നു. നിന്നനിലയ്ക്ക് സത്യനൊരു നോട്ടം നോക്കിയിട്ട് പാക്കപ്പ് പറഞ്ഞു. എന്താ കുഴപ്പമെന്ന് ചോദിച്ചപ്പോൾ. 'അല്ല ചേട്ടാ എനിക്ക് കുഴപ്പമുണ്ട്. നമുക്ക് സമയമുണ്ടല്ലോ നാളെ എടുക്കാം' എന്നായിരുന്നു സത്യന്റെ മറുപടി.

അങ്ങനെയുള്ള സത്യൻ, സെറ്റിലിരുന്ന് അടിച്ചുകൊണ്ടിരുന്ന തിലകൻ ചേട്ടന്റെ അടുത്ത് നേരിട്ടു വന്നു. 'ചേട്ടാ...ഇതിലും ഭേദം എന്നെ ഒരു കത്തിയെടുത്ത് കുത്തികൊല്ലാമായിരുന്നില്ലേ'- എന്നാണ് സത്യൻ ചോദിച്ചത്. പിന്നീട് സ്‌ക്രിപ്റ്റെടുത്ത് വളരെ അത്യാവശ്യമുള്ളത് ഒഴിച്ച് ബാക്കിയുള്ള തിലകന്റെ എല്ലാ സീനും വെട്ടി മാറ്റി. തിരക്കഥാകൃത്ത് ലോഹിതദാസിനോടും മാറ്റി എഴുതാൻ പറഞ്ഞു. ബാക്കിയുള്ള ദിവസങ്ങളിൽ തിലകൻ ചേട്ടനെ സഹിച്ചുകൊണ്ടാണ് എടുത്തത്. അതിനുശേഷം മരിക്കുന്നതുവരെയും തിലകൻ ചേട്ടൻ സത്യന്റെ പടത്തിൽ ഉണ്ടായിരുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP