സിനിമ കാണാൻ പോയതിന്റെ പേരിൽ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്; സിനിമ കാണാൻ പോയി പള്ളിക്കൂടത്തിൽ ഒരുവർഷം നഷ്ടപ്പെടുത്തി; പ്രീഡിഗ്രി സെക്കൻഡ് ഇയർ തോറ്റു; ജീവിതം വരെ പണയംവച്ച് സിനിമയ്ക്കു പോയ ആളാണ് താൻ; എവിടെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ കൈയടി വാങ്ങി മമ്മൂട്ടിയുടെ പ്രസംഗം
June 25, 2019 | 09:30 AM IST | Permalink

കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് എവിടെ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മെഗാ സ്റ്റാർ മമ്മൂട്ടി തൃശൂർ ഗരുഡ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കഴിഞ്ഞ ദിവസം നിർവഹിച്ചു.രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വൻ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമാണ് മമ്മൂക്ക ഓഡിയോ ലോഞ്ചിനായി എത്തിയത്.ചടങ്ങിനിടെയുള്ള മമ്മൂട്ടിയുടെ കിടിലൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോളിതാ ചടങ്ങിൽ തമാശ നിറഞ്ഞ പ്രസംഗം കൊണ്ട് കൈയടി നേടുന്ന മമ്മൂക്കയുടെ വീഡിയോയും വൈറലാവുകയാണ്.
ഓഡിയോ ലോഞ്ചിൽ സിനിമയ്ക്ക് വേണ്ടി ജീവിതം വരെ ത്യജിച്ച കഥ താരം പങ്ക് വ്ച്ചു. സിനിമയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് വാചാലനായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞോടുകയാണ്.എനിക്ക് സിനിമ ഒരുപാട് ഇഷ്ടമാണ്. സിനിമ കാണാൻ പോയതിന്റെ പേരിൽ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്. സിനിമ കാണാൻ പോയതു കാരണം പള്ളിക്കൂടത്തിൽ ഒരുവർഷം നഷ്ടപ്പെടുത്തി. പ്രീഡിഗ്രി സെക്കൻഡ് ഇയർ തോറ്റു. ജീവിതം വരെ പണയംവച്ച് സിനിമയ്ക്കു പോയ ആളാണ് താനെന്ന് മമ്മൂട്ടി പറഞ്ഞു.
ചിത്രത്തിന്റെ കഥയെഴുതിയ ബോബി-സഞ്ജയ് എന്നിവരെ കുറിച്ചും ഇരുവരുടെയും പിതാവും നിർമ്മാതാവും അഭിനേതാവുമായ പ്രേം പ്രകാശിനെ കുറിച്ചും മമ്മൂട്ടി തന്റെ അനുഭവങ്ങൾ പങ്കുവെച്ചു.
ബോബിയും സഞ്ജയും ഇപ്പോഴും പറയുന്നതു കേട്ടാൽ ഇപ്പോഴും അവർ വലുതായിട്ടില്ലെന്ന് തോന്നും. ഞങ്ങൾ വളരെ ചെറുപ്പത്തിലാണ്. എല്ലാം ചെറുപ്പത്തിലാണ്. ഇവർ ഇനി എന്നാ വലുതാകുകയെന്ന് അറിയില്ല. ഇരുവർക്കും ഈരണ്ടു മക്കൾ വീതമുണ്ട്. എന്നിട്ടും വലുതായിട്ടില്ല, മമ്മൂട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
പ്രേംപ്രകാശിന്റെ പേര് കറിയാച്ചനെന്നാണ്. പാട്ടുപാടാനാണ് ആദ്യം സിനിമയിൽ നോക്കിയത്. നടന്നില്ല. പിന്നെ അഭിനയമായി. അരനാഴിക നേരം സിനിമയിലാണ് തുടങ്ങിയത്. പല പരിപാടികൾക്കും കാണുമ്പോൾ കറിയാച്ചൻ പാട്ടുപാടുന്നത് കാണാം. നിസാര പാട്ടല്ല പാടുന്നേ. മുഹമ്മദ് റാഫിയുടെ പാട്ട്. വേറെ ഏത് പാട്ടായാലും നമുക്ക് കുഴപ്പമില്ല. പാടി തെളിയാത്ത പാട്ടുകാരനാണ് കറിയാച്ചൻ എന്നായിരുന്നു പ്രേം പ്രകാശിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ.
ചിത്രത്തിന്റെ സംഗീത സംവിധായകൻ ഔസേപ്പച്ചനുമായുള്ള ഓർമ്മകളും മമ്മൂട്ടി പങ്കുവച്ചു. ഔസേപ്പച്ചൻ ആദ്യം വയലിൻ വായിക്കുന്ന കലാകാരനായിരുന്നു. ആദ്യം സിനിമയിൽ അഭിനയിച്ചാണ് തുടങ്ങിയത്. പക്ഷേ, ഔസേപ്പച്ചന് ആ സിനിമയുടെ പേരുപോലും ഓർമ കാണില്ല- മമ്മൂട്ടി പറയുന്നു.