Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെളുപ്പിന് എഴുന്നേറ്റ് കുളിച്ച് കൊലമരത്തിന് കീഴിൽ എത്തി കുറ്റപത്രം വായിച്ച് കേട്ടു; കയർ പതുക്കെ തലയിലൂടെ ഇട്ട് കൈകൾ പിന്നിലേക്ക് കെട്ടി, കാലുകൾ കൂടെയുണ്ടായിരുന്ന ഒരാൾ ചേർത്ത് വലിച്ചു, ലിവർ വലിക്കാനായി ഒരാൾ തയ്യാറായി നിൽക്കുന്നുമുണ്ട്; എല്ലാം കഴിഞ്ഞ് തിരികെ ഹോട്ടൽ മുറിയിലെത്തിയപ്പോൾ മേശയിൽ കൈതാങ്ങി നിന്ന് മുരളി കരയുകയായിരുന്നു.. അഭിനയ ജീവിതത്തിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് മോഹൻലാൽ

വെളുപ്പിന് എഴുന്നേറ്റ് കുളിച്ച് കൊലമരത്തിന് കീഴിൽ എത്തി കുറ്റപത്രം വായിച്ച് കേട്ടു; കയർ പതുക്കെ തലയിലൂടെ ഇട്ട് കൈകൾ പിന്നിലേക്ക് കെട്ടി, കാലുകൾ കൂടെയുണ്ടായിരുന്ന ഒരാൾ ചേർത്ത് വലിച്ചു, ലിവർ വലിക്കാനായി ഒരാൾ തയ്യാറായി നിൽക്കുന്നുമുണ്ട്; എല്ലാം കഴിഞ്ഞ് തിരികെ ഹോട്ടൽ മുറിയിലെത്തിയപ്പോൾ മേശയിൽ കൈതാങ്ങി നിന്ന് മുരളി കരയുകയായിരുന്നു.. അഭിനയ ജീവിതത്തിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് മോഹൻലാൽ

മറുനാടൻ മലയാളി ബ്യൂറോ

സിനിമാ ജീവിതത്തിലെ അനുഭവങ്ങളും അഭിനയ ജീവിതത്തിൽ തന്നെ സ്വാധീനിച്ചിട്ടുള്ള വ്യക്തികളെക്കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് മോഹൻലാൽ. തന്നെ സ്വാധീനിച്ച വ്യക്തികളെക്കുറിച്ച് തുറന്ന് സംസാരിക്കുമ്പോഴും അതിൽ തന്നെ ഏറെ സ്വാധീനിച്ച മുരളിയെക്കുറിച്ച് വാചാലനാവുന്നുമുണ്ട് താരം. വേർപാടിന്റെ പത്ത് വർഷങ്ങൾ പിന്നിടുമ്പോഴും അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷക മനസുകളിൽ ജീവിക്കുന്ന നടനാണ് മുരളി.

ഒരു സിനിമയുടെ ദൈർഘ്യം എത്രയാണോ അത്ര തന്നെയാവും ആ സിനിമയിലെ കഥാപാത്രങ്ങളുടെ ജീവിതദൈർഘ്യമെന്നും. ഈ സമയത്തിനുള്ളിൽ കഥാപാത്രങ്ങളെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുകയാണ് ഓരോ അഭിനേതാവും ചെയ്യുന്നതെന്നും മോഹൻലാൽ പറയുന്നു. കഥാപാത്രങ്ങൾ ഒറ്റയ്ക്ക് സ്‌ക്രീനിൽ വരുന്ന രംഗങ്ങളും മറ്റ് കഥാപാത്രങ്ങളുമായുള്ള കോമ്പിനേഷൻ സീനുകളും ഉണ്ടാവും. എന്നാൽ ഒറ്റയ്ക്ക് രംഗത്ത് വരുന്നതിൽ നിന്നും വ്യത്യസ്തമാണ് ഒരോ കോമ്പിനേഷൻ സീനുകളും. അവിടെ രംഗത്ത് വരുന്നവരുടെയെല്ലാം രസതന്ത്രം കുറച്ച് നേരത്തേയ്ക്ക് ഒരുപോലെ ആവുകയും രംഗത്തിന് അനുസരിച്ച് എല്ലാവരും ഭാവങ്ങൾ ഇമോട്ട് ചെയ്യുമ്പോഴുമാണ് അഭിനയത്തിന് പുതിയ ഭാവങ്ങൾ വരുന്നതെന്നും താരം പറയുന്നു.

അതേസമയം പലരുടെയും അഭിനയങ്ങൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. അതിൽ ചിലർ എന്റെ പല കഥാപാത്രങ്ങളെയും പൂർണ്ണതയിൽ എത്തിക്കാൻ വളരെയേറെ സഹായിച്ചിട്ടുണ്ട്. മുരളി, തിലകൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ എന്നിവർ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയുന്ന മോഹൻലാൽ അത്തരത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു കോമ്പിനേഷൻ അനുഭവം തനിക്ക് മുരളിയുമൊത്ത് ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. സദയം സിനിമയുടെ ഷൂട്ടിങ്ങിനിടയിലുണ്ടായ സംഭവമാണ് മുരളിയുമായ് താരത്തിന് മറക്കാനാവാത്ത അനുഭവം. തൂക്കാൻ വിധിച്ച ശേഷം ദയാഹർജി നൽകി വിധി കാത്തിരിക്കുന്ന തടവുപുള്ളിയുടെ വേഷമായിരുന്നു തനിക്ക്. ദയാഹർജി തള്ളി തടവുപുള്ളിയെ തൂക്കിലേറ്റുന്നതാണ് ക്ലൈമാക്സ് സീൻ. കണ്ണൂർ സെൻട്രൽ ജയിലിലെ യഥാർത്ഥ കൊലമരത്തിൽവച്ചുതന്നെയായിരുന്നു ഷൂട്ടിങ്ങ്. ഒരു യഥാർത്ഥ തൂക്കിക്കൊല എങ്ങനെയാണോ അതുപോലെ തന്നെയാണ് സിനിമയിലും ചിത്രീകരിച്ചത്. അതിനാൽ തൂക്കിക്കൊലയുടെ യഥാർത്ഥ ചടങ്ങുകളിലൂടെയെല്ലാം കടന്നുപോകാൻ സാധിച്ചു.

വെളുപ്പിന് എഴുന്നേറ്റ് കുളിച്ച് കൊലമരത്തിന് കീഴിൽ എത്തി കുറ്റപത്രം വായിച്ച് കേട്ടു. അതിന് ശേഷം കയർ പതുക്കെ തലയിലൂടെ ഇട്ടു. കൈകൾ പിന്നിൽ കെട്ടി. കാലുകൾ കൂടെയുണ്ടായിരുന്ന ഒരാൾ ചേർത്ത് വലിച്ചു. ലിവർ വലിക്കാനായി ഒരാൾ തയ്യാറായി നിൽക്കുന്നുമുണ്ട്. സിബി മലയിൽ ആക്ഷൻ പറഞ്ഞു. അതിന് ശേഷം എന്നെ പുറത്തേയ്ക്ക് നടത്തി. ലിവർ വലിച്ചപ്പോൾ വാതിൽ ശക്തമായ് തുറന്ന് മതിലിൽ വന്നിടിക്കുകയായിരുന്നു. കൊലമരത്തിൽ ചവിട്ടിനിൽക്കുന്ന വാതിൽ താഴോട്ട് തുറക്കുന്നതാണ് അവസാന ഷോട്ട്. വാതിൽ ശക്തമായി തുറന്ന് മതിലിൽ അടിച്ച് കഴിഞ്ഞപ്പോൾ ജയിൽ മരത്തിലെ വവ്വാലുകൾ കൂട്ടതോടെ പറന്നുയരുന്നത് ഞാൻ പുറത്ത് നിന്ന് കണ്ടിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ഈ ഭാഗം ചിത്രീകരിച്ച് തിരികെ ഹോട്ടൽ മുറിയിലെത്തിയപ്പോഴാണ് എനിക്കും മുരളിക്കുമിടയിൽ മറക്കാനാവാത്ത അനുഭവം ഉണ്ടായത്. താൻ ഹോട്ടൽ മുറിയിൽ എത്തിയപ്പോൾ തന്നെ കാത്ത് മുരളി അവിടെയുണ്ടായിരുന്നു. എന്നാൽ തന്നെ കണ്ടപ്പോൾ തന്നെ മേശയിൽ കൈതാങ്ങി നിന്ന് മുരളി കരയുകയായിരുന്നു. വളരെ വൈകാരികമായാണ് അന്ന് മുരളി സംസാരിച്ചതെന്ന് മോഹൻലാൽ പറയുന്നു.

ലാലേ അതൊരു യന്ത്രമാണ് ലാൽ കയറി നിൽക്കുമ്പോൾ ആ വാതിൽ തുറന്ന് പോയിരുന്നെങ്കിലോ. ലിവർ വലിക്കുന്നയാൾക്ക് കൈപിഴച്ച് വലിച്ചുപോയിരുന്നെങ്കിലോ.. എന്നായിരുന്നു മുരളി പറഞ്ഞത്. ശരിയാണ് മുരളി പറഞ്ഞത് അതുപോലെ സംഭവിച്ചിരുന്നെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു. ഒരുമിച്ച് അഭിനയിക്കുമ്പോൾ രണ്ട് കഥാപാത്രങ്ങൾ തമ്മിലുണ്ടാകുന്ന പൂർണ്ണതയാണ് മുരളിയെ കരയിപ്പിച്ചതെന്നാണ് മോഹൻലാൽ പറയുന്നത്.

മുരളിയെന്ന അഭിനേതാവിനെ വ്യക്തിത്വത്തെക്കുറിച്ച് പറഞ്ഞാലും തീരില്ല. കാരണം പച്ചയായ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമുള്ളയാളാണ് മുരളി. പൊയ്മുഖങ്ങൾ ഒന്നുമില്ല പച്ചയായ മനുഷ്യനെപ്പോലെ തന്നെ പൊട്ടിത്തെറിക്കേണ്ടിടത്ത് പൊട്ടിത്തെറിച്ചും സ്നേഹിക്കേണ്ടിടത്ത് സ്നേഹിച്ചുമെല്ലാം ജീവിക്കുന്ന ഒരാൾ എന്നാണ് മുരളിയെ മോഹൻലാൽ വിശേഷിപ്പിക്കുന്നത്. ഗ്രാമത്തിൽ വളർന്ന ആളായതുകൊണ്ട് തന്നെ ഗ്രാമത്തിന്റെ ചൂടും ചൂരും അനുഭവിച്ച് വളർന്ന വ്യക്തിയാണ് മുരളി. അതുകൊണ്ട് തന്നെ ഗ്രാമത്തിന്റെ നൈർമല്യവും നിഷ്‌ക്കളങ്കമായ പരുക്കൻ സ്വഭാവവുമാണ് അദ്ദേഹത്തിന്റെത്. ഇതുകൊണ്ട് തന്നെ പലരും അദ്ദേഹത്തെ തെറ്റിദ്ധരിക്കാൻ കാരണമായിട്ടുണ്ട്. വളരെ ജീവിതാനുഭവം ഉള്ള ആളായതുകൊണ്ട് തന്നെ ആ ജീവിതാനുഭവത്തിന്റെ ആഴം തന്നെയാണ് മുരളി എന്ന നടന്റെ ആഴവും എന്നും ലാൽ പറയുന്നു.

അഭിനയത്തോട് മാത്രമല്ല സാഹിത്യത്തിനോടും അടുത്ത ബന്ധം പുലർത്തുന്ന ആളാണ് മുരളി. കടമ്മനിട്ടക്കവിതകൾ വളരെ ശക്തമായി അവതരിപ്പിക്കാൻ സവിശേഷമായൊരു കഴിവും മുരളിക്കുണ്ട്. സാഹിത്യവുമായുള്ള ഈ ബന്ധം തന്നെയാണ് മുരളിയിലെ നടനെ വിവിധ പകർന്നാട്ടങ്ങൾക്ക് പാകപ്പെടുത്തിയത്. തന്റെ സർഗ്ഗശേഷി മറ്റുള്ളവർക്ക് പകർന്നുകൊടുക്കാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു. ഈ താൽപര്യം തന്നെയാണ് 'അഭിനയത്തിന്റെ രസതന്ത്രവും', 'അഭിനേതാവും ആശാൻകവിതയും', 'അരങ്ങേറ്റം: വഴികളും വഴികാട്ടിയും ' നമുക്ക് സമ്മാനിച്ചത്. മറ്റുള്ള നടന്മാരിൽ നിന്നെല്ലാം വളരെ ഉയരത്തിൽ ചിന്തിക്കുന്ന ആളാണ് മുരളി.

പഞ്ചാഗ്‌നി എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് മുരളിയെ ആദ്യമായ് പരിചയപ്പെടുന്നതെങ്കിലും ഒരുമിച്ചുള്ള സീനുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഞങ്ങൾ ഒന്നിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചു. നാടുവാഴികൾ, ഏയ് ഓട്ടോ, വരവേൽപ്പ്, വിഷ്ണുലോകം, അപ്പു, ദേവദൂതൻ എന്നീ സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വില്ലൻ സങ്കൽപ്പങ്ങളെയെല്ലാം തകർത്തെറിയുന്നതായിരുന്നു മുരളിയുടെ വില്ലൻ വേഷങ്ങൾ. ധനം,ഭരതം, സദയം, ലാൽസലാം,ദശരഥം, രക്തസാക്ഷികൾ സിന്ദാബാദ്, വടക്കുംനാഥൻ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വില്ലൻ വേഷങ്ങളെ മാത്രമല്ല മികച്ച സഹനടനായി തിളങ്ങാനും തനിക്ക് സാധിക്കുമെന്ന് മുരളി തെളിയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിലെല്ലാം അദ്ദേഹം ചെയ്ത സഹനടന്റെ വേഷങ്ങൾ എന്റെ കഥാപാത്രങ്ങളെ വളരെയധികം സ്വാധീനിച്ചുവെന്നും ലാൽ പറയുന്നു.

ലണ്ടനിൽവെച്ച് മുരളി ലങ്കാലക്ഷ്മി അവതരിപ്പിക്കുന്നത് നേരിട്ട് കണ്ട് അത്ഭുതം തോന്നി. കാരണം മറ്റാരും ഇതുവരെ ലങ്കാലക്ഷ്മി ഒറ്റയ്ക്ക് അവതരിപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ലെന്ന് മോഹൻലാൽ പറയുന്നു. കർണ്ണഭാരം താൻ ഒറ്റക്ക് അവതരിപ്പിച്ചിട്ടുള്ളതുകൊണ്ട് തന്നെ ഒറ്റയ്ക്ക് ഒരു രംഗഭാഷ നിർമ്മിക്കുന്നതിലെ ബുദ്ധിമുട്ട് തനിക്ക് അറിയാമെന്നും താരം പറയുന്നു. കുറേപേർ ചേർന്ന് അവതരിപ്പിക്കേണ്ട ഒരു പ്ലേയാണ് ലങ്കാലക്ഷ്മി. അവരെല്ലാം ചേർന്ന് സംവേദനം ചെയ്യേണ്ട കാര്യങ്ങളാണ് മുരളി ഒറ്റയ്ക്ക് മനോഹരമായ് അവതരിപ്പിച്ചതെന്നാണ് ലാൽ പറയുന്നത്. ചുരുക്കി പറഞ്ഞാൽ നാടകാനുഭവങ്ങളും കവിതാ സാഹിത്യ ബന്ധങ്ങളും മുരളിയെന്ന നടനെ പാകപ്പെടുത്താൻ ഒരുപാട് സഹായിച്ചു. കലയെയും വേദിയെയും ഒരുപാട് സ്നേഹിച്ച ഒരു വ്യക്തിയാണ് മുരളി.

മുരളിയെന്ന വ്യക്തിയെക്കുറിച്ചും നടനെക്കുറിച്ചുമെല്ലാം വാതോരാതെ സംസാരിച്ച മോഹൻലാൽ തങ്ങൾക്കിടയിൽ നിലനിന്നിരുന്ന സൗഹൃദത്തെക്കുറിച്ചും പറയുന്നുണ്ട്. പഞ്ചാഗ്‌നിയിൽ തുടങ്ങിയ സൗഹൃദം പിന്നീട് നിലനിർത്തി.. തിക്കുറിശ്ശി സാറിനെയും ശങ്കരാടി ചേട്ടനെയും ഒക്കെപ്പോലെ എന്നെക്കാൾ വളരെ പ്രായം കൂടുതൽ ഉള്ളവരെ പോലും സുഹൃത്തുക്കളായാണ് ഞാൻ കാണുന്നത്. ആ സൗഹൃദത്തിൽ എന്തും പറയുവാനും പ്രവർത്തിക്കുവാനും സ്വാതന്ത്ര്യമുണ്ടാവും. എന്നാൽ ആ സ്വാതന്ത്ര്യം മുരളി തനിക്ക് തന്നിട്ടില്ലെന്നും പക്ഷെ അത് താനായിട്ട് സ്വയം എടുത്തെന്നും ലാൽ പറയുന്നു. അങ്ങനെയുള്ളൊരു ബന്ധമാണ് തങ്ങൾ തമ്മിൽ ഉണ്ടായിരുന്നതെന്നും താരം പറയുന്നു.

അതേസമയം ലോകത്തിൽ മികച്ച പ്രതിഭകൾ ഉള്ളത് മലയാള സിനിമയിലാണെന്നാണ് തന്റെ വിശ്വാസമെന്നും അതുകൊണ്ട് തന്നെ ഇവിടെ മത്സരം കൂടുതലാണെന്നും പറയുന്ന ലാൽ അങ്ങനെയുള്ള സിനിമാ ലോകത്ത് മുരളിക്ക് തന്റെതായ സ്ഥാനം കണ്ടെത്താനും വർഷങ്ങളോളം നിലനിൽക്കാനും സാധിച്ചതുമെല്ലാം വലിയ കാര്യം തന്നെയാണെന്ന് പറയുന്നു. തന്റെ അഭിനയ മികവിലൂടെ നിരവധി പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങിയ മുരളി മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകം തന്നെയാണെന്നുമാണ് താരം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP