Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ കഥാപാത്രങ്ങളിലെല്ലാം എന്റെ സ്വഭാവത്തിന്റെ അംശം അടങ്ങിയിട്ടുണ്ട്; അഞ്ജലിചേച്ചിയും പാർവതിയും അടുത്ത സുഹൃത്തുക്കളാണ്; അതിനാൽ തന്നെ ഡബ്യു.സി.സി പോലൊരു സംഘടനയുടെ ആവശ്യം തനിക്കില്ല; താൻ അമ്മയിൽ അംഗമാണെങ്കിലും സജീവമല്ലെന്നും പ്രതികരിച്ച് നടി നസ്രിയ

മറുനാടൻ ഡെസ്‌ക്‌

വിവാഹശേഷം നീണ്ട ഇവവേളകൾക്കൊടുവിലാണ് പ്രേക്ഷകരുടെ പ്രിയതാരം നസ്രിയ വീണ്ടും വെള്ളിത്തിരയിലെത്തിയത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നസ്രിയ. നടിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അടുത്ത സിനിമ ഫഹദിനൊപ്പമാകാനാണ് സാധ്യതയെന്ന് നസ്രിയ പറയുന്നു. അതിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് നടി പറഞ്ഞു. പാർവതിയും അഞ്ജലി ചേച്ചിയും അടുത്ത സുഹൃത്തുക്കളാണ്. അവരോട് എന്തും തുറന്ന് സംസാരിക്കാവുന്നതാണ്. അതുകൊണ്ട് ഡബ്ല്യുസിസിയുടെ ആവശ്യം തനിക്കില്ലെന്ന് നസ്രിയ പറയുന്നു.സിനിമയെടുക്കുമ്പോൾ അമ്മ സിനിമ, ഡബ്ല്യസിസി സിനിമ എന്നില്ല. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടവരാണ്. അതിനാൽ എല്ലാവരുടെയും വികാരം മാനിച്ചുള്ള പ്രശ്ന പരിഹാരം ഉണ്ടാവുക തന്നെ വേണമെന്നും നസ്രിയ പ്രതികരിക്കുന്നു.

നസ്രിയയുടെ വാക്കുകൾ:

ഏറെ സിനിമയിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഇതുവരെ ചെയ്ത കഥാപാത്രങ്ങളിലെല്ലാം എന്റെ സ്വഭാവത്തിന്റെ ചില അംശങ്ങളുണ്ട്. അതുകൊണ്ടാവും ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അതു ചെയ്യാനായത്. എന്നാൽ എന്നെ അടുത്തറിയുന്നവർ ഏറ്റവും സാദൃശ്യമുണ്ടെന്നു പറഞ്ഞത് ഓം ശാന്തി ഓശാനയിലെ കഥാപാത്രമാണ്.

അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അംഗമാണെങ്കിലും പ്രവർത്തനങ്ങളിൽ ഒട്ടും സജീവമല്ല. അതുകൊണ്ടു തന്നെ ഡബ്യുസിസി പോലെ മറ്റൊരു സംഘടനയിൽ കൂടി ചേരുന്നതിലും കാര്യമില്ല. ഡബ്ല്യുസിസിയിലുള്ള അഞ്ജലി ചേച്ചിയും പാർവതിയും ഉൾപ്പടെയുള്ളവർ ഏറെ അടുപ്പമുള്ളവരായതിനാൽ അവരോടു കാര്യങ്ങൾ പറയാൻ സംഘടനയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഓരോ വിഷയങ്ങളിലുമുള്ള പിന്തുണയും വിയോജിപ്പുകളുമെല്ലാം അവരോട് പറയാറുണ്ട്. കൂടെയുടെ ഷൂട്ടിനിടെയും ഇത്തരം ഒത്തിരി കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചിട്ടുണ്ടായിരുന്നു. ;'

പക്ഷേ ഡബ്ല്യുസിസി പോലൊരു സംഘടന വളരെ നല്ലതാണ്. എല്ലാവർക്കും അവകാശങ്ങളുണ്ട്. അതു സംരക്ഷിക്കപ്പെടണം. ഡബ്ല്യുസിസിയും അമ്മയുംതമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായ ചർച്ചയിലൂടെ പരിഹരിക്കപ്പെടേണ്ടതാണ്. സിനിമയെടുക്കുമ്പോൾ അമ്മ സിനിമ, ഡബ്ല്യസിസി സിനിമ എന്നില്ല. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടവരാണ്. അതിനാൽ എല്ലാവരുടെയും വികാരം മാനിച്ചുള്ള പ്രശ്ന പരിഹാരം ഉണ്ടാവുക തന്നെ വേണം.

സിനിമയിലും പ്ലാനിങ് ഇല്ലാത്തയാളാണു ഞാൻ. കൂടെ റിലീസ് ആയ ശേഷം പുതിയ ഓഫറൊന്നും വന്നിട്ടില്ല. എന്നാൽ ഫഹദിനൊപ്പം അഭിനയിക്കുന്ന ഒരു സിനിമ പ്രോജക്ടിന്റെ ചർച്ചകൾ നടക്കുന്നുണ്ട്. ഫൈനലൈസ് ചെയ്ത ശേഷമേ കൂടുതൽകാര്യങ്ങൾ പറയാനാവൂ. എനിക്ക് ഇഷ്ടമായ സിനിമകൾ വന്നാൽ അഭിനയിക്കും. ഫഹദ് ഉൾപ്പടെ കുടുംബത്തിൽ എല്ലാവരും സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ ഈ നാലു വർഷം സിനിമ എന്നത് എന്റെയും ജീവിതത്തിൽ നിന്നു പോയിരുന്നില്ല. ഏറെക്കാലമായി പരിചയമുള്ള അമൽ നീരദേട്ടന്റെ പുതിയ സിനിമയായ വരത്തനിൽ നിർമ്മാണ പങ്കാളിയായതും ഇതിനിടെയാണ്. അഭിനയമാണ് കൂടുതൽ എളുപ്പമെന്നു മനസിലായത് അപ്പോഴാണ്.

എങ്കിലും ദിവസവും കണക്കു നോക്കുന്ന, ബജറ്റ് ചുരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഒരു പ്രൊഡ്യൂസറൊന്നുമായിരുന്നില്ല ഞാൻ. അമലേട്ടനൊപ്പമായതിനാൽ അക്കാര്യത്തിലും വളരെ കംഫർട്ടബളായിരുന്നു. ഷൂട്ടിങ് കഴിഞ്ഞു. ഓണത്തിന് ചിത്രം റിലീസ് ചെയ്യും. കൂടെയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണു പാർവതിക്കെതിരായ സൈബർ ആക്രമണം രൂക്ഷമാവുന്നത്. വളരെ മോശമായ ഒരു അവസ്ഥയാണു നേരിടേണ്ടി വന്നത്. പക്ഷേ വളരെ കരുത്തുള്ള ഒരു വ്യക്തിത്വമാണ് പാർവതിയുടേത്. ഒരു പ്രൊഫഷണൽ എന്ന നിലയിൽ ഇതൊന്നും പാർവതിയെ ബാധിച്ചിട്ടേയില്ല. സൈബർ ആക്രമണങ്ങൾ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതല്ല.

നമ്മളെ നമ്മളാക്കിയ ജനങ്ങളുടെ വാക്കുകളെ തീരെ അവഗണിക്കാനാവില്ല. അവരുടെ അഭിപ്രായങ്ങൾ കേൾക്കേണ്ടി വരും. ചോദ്യങ്ങളെ നേരിടേണ്ടി വരും. പക്ഷേ അഭിപ്രായവികാര പ്രകടനങ്ങൾക്കു തീർച്ചയായും അതിരു വേണം. അറിയപ്പെടുന്ന ആളുകളാവുമ്പോൾ നമ്മൾ പറയുന്ന ഒരോ വാക്കും ശ്രദ്ധിക്കപ്പെടും. ആ ജാഗ്രത നമുക്കും ആവശ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP