Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ കാത്തിരിപ്പിന് അവസാനമായെന്നും ലോകം കാത്തിരുന്ന ലാലേട്ടന്റെ ആ ലുക്ക് ഉടൻ വരുന്നു; മറ്റെന്നാൾ ടീസർ പുറത്തുവരും; യുവത്വവും ചുറുചുറക്കും നിറഞ്ഞ മാണിക്യൻ; സംവിധായക ചുമതലയിൽ നിന്നും മാറ്റിയെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ശ്രീകുമാർ മേനോൻ

ആ കാത്തിരിപ്പിന് അവസാനമായെന്നും ലോകം കാത്തിരുന്ന ലാലേട്ടന്റെ ആ ലുക്ക് ഉടൻ വരുന്നു; മറ്റെന്നാൾ ടീസർ പുറത്തുവരും; യുവത്വവും ചുറുചുറക്കും നിറഞ്ഞ മാണിക്യൻ; സംവിധായക ചുമതലയിൽ നിന്നും മാറ്റിയെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ശ്രീകുമാർ മേനോൻ

കൊച്ചി: ആ കാത്തിരിപ്പിന് അവസാനമായെന്നും ലോകം കാത്തിരുന്ന ലാലേട്ടന്റെ ആ ലുക്ക് ഉടൻ വരുന്നുവെന്നും ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോൻ. ശ്രീകുമാർ മേനോനെ ഒടിയന്റെ സംവിധായക ചുമതലയിൽ നിന്ന് മാറ്റിയെന്ന അഭ്യൂഹം കൂടി ഇല്ലാതാക്കുന്നതാണ് ശ്രീകുമാർ മേനോന്റെ ട്വീറ്റ്.

യുവത്വവും ചുറുചുറുക്കും നിറഞ്ഞ മാണിക്യന്റെ ലുക്ക് മോഹൻലാൽ തന്നെ ഈ മാസം 13ന് സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുമെന്നും ഇതിന്റെ ടീസർ ലോഞ്ച് 12ന് ഉണ്ടാകുമെന്നും ഒടിയൻ ടീം അറിയിച്ചു. ഒടിയന്റെ ഷൂട്ടിങ് അതിന്റെ അവസാനഘട്ടത്തിലാണ്. വിവിധ ഗെറ്റപ്പുകളിലാകും ചിത്രത്തിൽ മോഹൻലാൽ എത്തുക. മാധ്യമപ്രവർത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റർ ഹെയ്‌നാണ് ആക്?ഷൻ ഒരുക്കുന്നത്. ചിത്രം അടുത്തവർഷം തിയറ്ററുകളിലെത്തും.

ആരാണ് ഒടിയൻ? രാവിരുട്ട് വിരിച്ച കമ്പളത്തിലൂടെ നടന്നുവരുന്ന രാത്രിയുടെ രാജാവ് എന്നു മാത്രമാണ് മോഹൻലാൽ പറഞ്ഞത്. ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. കേരളത്തിൽ വൈദ്യുതി വരുന്നതിനു മുൻപുള്ള കാലത്ത് ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിൽ ഒക്കെ ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാം. ഒടിയനെ നേരിൽക്കണ്ടവരാരും ഇപ്പോൾ ഇല്ല. പക്ഷേ, കഥകൾ ഉറപ്പോടെ പറയുന്നു: ഒടിയൻ ഉണ്ട് ! അത്തരത്തിൽ ഒരു ഒടിയനാണു മോഹൻലാൽ അവതരിപ്പിക്കുന്ന മാണിക്കൻ എന്ന കഥാപാത്രെന്നാണ് ശ്രീകുമാർ മേനോൻ പറയുന്നത്.

പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാർ മേനോന്റെ ആദ്യ ചലച്ചിത്രമാണ് ഒടിയൻ. ഇതിന്റെ സെറ്റിൽ സംവിധായകനായ എം പത്മകുമാറും ഉണ്ട്. ഇതോടെ കഥകൾ പ്രചരിച്ചു. ശ്രീകുമാർ മേനോനിൽ വിശ്വാസമില്ലാത്ത നിർമ്മാതാവ് പത്മകുമാറിനെ രംഗത്തിറക്കി ചിത്രീകരണം നടത്തുന്നുവെന്നതാണ് അത്. മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനാണ് പത്മകുമാർ. അമ്മക്കിളിക്കൂടും വാസ്തവവും ശിക്കാറും ഒരുക്കിയ സിനിമാക്കാരൻ. എന്നാൽ സ്വതന്ത്ര സംവിധായകനാകുമ്പോഴും അസോസിയേറ്റായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ള സിനിമാക്കാരനാണ് പത്മകുമാർ. രഞ്ജിത്തിന്റെ മോഹൻലാൽ ചിത്രമായ ലോഹത്തിൽ പോലും പത്മകുമാർ സഹകരിച്ചിരുന്നു. 'ഒടിയനിലും' പത്മകുമാർ അസോസിയേറ്റ് സംവിധായകനാണ്. അത്രമാത്രം.

ഒടിയന്റെ ചിത്രീകരണവും അണിയറ പ്രവർത്തനവുമെല്ലാം പുഷ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. അർക്കും ആശയക്കുഴപ്പമൊന്നുമില്ല. മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ദിവസങ്ങൾ നീളുന്ന ഒടിയന്റെ ക്ലൈമാക്സിനെ കല്ലുകടിയിലൂടെ നശിപ്പിക്കാനാണ് ഇത്തരം കഥകൾ. പത്മകുമാർ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറാണ്. സിനിമയുടെ പെർഫെക്ഷന് വേണ്ടി പ്ത്മകുമാറിന്റെ പരിചയവും ഉപയോഗിക്കുന്നുണ്ട്. അത് ശ്രീകുമാർ മേനോന്റെ പ്രശ്നം കാരണമല്ല. വമ്പൻ പ്രോജക്ടുകളിൽ സഹകരിക്കാനുള്ള പത്മകുമാറിന്റെ താൽപ്പര്യം കാരണമാണ്-അണിയറ പ്രവർത്തകരിൽ ഒരാൾ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

മാണിക്കൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യർ മോഹൻലാലിന്റെ നായികയായും ചിത്രത്തിലെത്തും. പ്രകാശ് രാജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഒടിയന് ശേഷം രണ്ടാമുഴത്തിലേക്ക് ശ്രീകുമാർ കടക്കും. രണ്ടാമൂഴത്തിന് മുന്നോടിയായി സിനിമയിലെ തന്റെ മികവ് കാട്ടാനാണ് ഒടിയനിലൂടെ ശ്രീകുമാർ ശ്രമിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവും ഒടിയന് സ്വന്തമാകുകയാണ്.

'പുലിമുരുകനി'ലൂടെ മലയാളത്തിനും പരിചിതനായ പീറ്റർ ഹെയ്ൻ എന്ന പ്രസിദ്ധ ആക്ഷൻ കൊറിയോഗ്രഫറാണു മോഹൻലാലിനെ കായികസിദ്ധികൾ പരിശീലിപ്പിക്കുന്നത്. മാണിക്കന്റെ 65 വയസ്സുവരെയുള്ള ജീവിതകാലഘട്ടം വിവിധ പ്രായപരിണാമങ്ങളിലൂടെ, വേഷപ്പകർച്ചകളിലൂടെ മോഹൻലാൽ അവതരിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP