Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലൂസിഫറിനും മുൻപ് സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ച ചിത്രം 'സിറ്റി ഓഫ് ഗോഡ്' ആയിരുന്നു; ലിജോ ജോസ് അത് മനോഹരമായി ചെയ്തു; 'ലൂസിഫർ എന്ന പേര് ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല, സുഹൃത്ത് മറ്റൊരു കഥയിൽ ലാലേട്ടനെ വച്ച് ചെയ്യാനിരുന്നതാണ്'; മോഹൻലാൽ നായകനാകുന്ന തന്റെ പുത്തൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്

ലൂസിഫറിനും മുൻപ് സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ച ചിത്രം 'സിറ്റി ഓഫ് ഗോഡ്' ആയിരുന്നു; ലിജോ ജോസ് അത് മനോഹരമായി ചെയ്തു; 'ലൂസിഫർ എന്ന പേര് ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല, സുഹൃത്ത് മറ്റൊരു കഥയിൽ ലാലേട്ടനെ വച്ച് ചെയ്യാനിരുന്നതാണ്'; മോഹൻലാൽ നായകനാകുന്ന തന്റെ പുത്തൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ നായകനായി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ വരവിനായി കാത്തിരിക്കുകയാണ് ഏവരും. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ ചിത്രത്തിന് റിലീസിന് മുൻപ് തന്നെ ഏറെ ജനശ്രദ്ധയാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ഭൂരിഭാഗവും പൂർത്തിയായിരിക്കുന്ന സമയമാണ് താൻ ആദ്യം സംവിധാനം ചെയ്യാൻ ആഗ്രഹിച്ച ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് തുറന്ന് പറയുന്നത്. ലൂസിഫറല്ല 'സിറ്റി ഓഫ് ഗോഡാണ്' താൻ ആദ്യമായി സംവിധാനം ചെയ്യാൻ ആഗ്രഹിച്ച ചിത്രമെന്ന് പൃഥ്വിരാജ് പറയുന്നു. തന്റെ ആദ്യ ചിത്രമായ ലൂസിഫറിന്റെ വിശേഷങ്ങൾ പങ്കുവെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏവരുടേയും ചർച്ച ലൂസിഫറിനെ പറ്റിയായിരുന്നു. തിരുവനന്തപുരം അടക്കം തിരക്കേറിയ ഭാഗങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. കൊച്ചിയിൽ
വെച്ച് നടന്ന പരിപാടിയിലാണ് ചിത്രത്തെ കുറിച്ച് നടന്മാരായ മോഹൻലാലും , വിവേക് ഒബ്‌റോയിയും , സംവിധായകൻ പൃഥ്വിരാജും അടക്കമുള്ളവർ വിശദീകരിച്ചത്.

പ്രതീക്ഷയോടെ പൃഥ്വിരാജ്

'2016 മുതൽ ഞാൻ ഈ സിനിമയുടെ തയ്യാറെടുപ്പിലായിരുന്നു. സിനിമയെക്കുറിച്ച് ഒരുപാട് പറയാൻ കഴിയില്ല. അത് സ്‌ക്രീനിൽ നിന്നും കണ്ടറിയണം. പല തലങ്ങളിൽ പ്രേക്ഷകരിലെത്തുന്ന സിനിമയായിരിക്കും ലൂസിഫർ.'

'ഞാൻ ആദ്യം സംവിധാനം ചെയ്യാൻ ഉദ്ദേശിച്ച സിനിമ സിറ്റി ഓഫ് ഗോഡ് ആണ്. അത് പിന്നീട് ലിജോ ജോസ് വളരെ മനോഹരമായി ചെയ്തു. ഞാൻ മനസ്സിൽ കണ്ടതിനേക്കാൾ നന്നായി ലിജോ ചെയ്തു. ഡോ. ബിജുവിന്റെ വീട്ടിലേയ്ക്കുള്ള വഴി മറ്റൊരു ഭാഷയിൽ ചെയ്യാൻ ആഗ്രഹിച്ചിരുന്നു. പിന്നീട് മറ്റൊരു സിനിമ കൂടി ആലോചിച്ചു. ഹിന്ദിയിൽ ഇറങ്ങിയ ബജ്രംഗി ഭായിജാന്റെ കഥാതന്തുവിനോട് സാദൃശ്യം ഉണ്ടായിരുന്നതിനാൽ അതും ഉപേക്ഷിച്ചു.'

'ലൂസിഫർ വളരെ യാദൃച്ഛികമായി സംഭവിച്ചതാണ്. ടിയാന്റെ സെറ്റിൽ വച്ചാണ് ലൂസിഫർ ജനിക്കുന്നത്. ലൂസിഫർ എന്ന ടൈറ്റിൽ ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല. രാജേഷ് പിള്ളയെന്ന എന്റെ സുഹൃത്ത് മറ്റൊരു കഥയിൽ ലാലേട്ടനെവച്ച് ചെയ്യാൻ ഇരുന്ന സിനിമയുടേതായിരുന്നു. അതും നല്ല കഥയാണ്. രണ്ടും രണ്ട് കഥയാണ്. ഇപ്പോൾ രണ്ട് കഥകളും അറിയാവുന്നതുകൊണ്ട്, ഈ ടൈറ്റിൽ ഈ സിനിമയ്ക്കാണ് കൂടുതൽ അനുയോജ്യമെന്ന് എനിക്ക് തോന്നുന്നു.

'തിരുവനന്തപുരം, വാഗമൺ, വണ്ടിപ്പെരിയാർ, എറണാകുളം, ബംഗലൂരു, ദുബായ്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് ലൊക്കേഷൻ. സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതുപോലെ സ്റ്റീഫൻ നെടുമ്പള്ളി എന്നാണ് ലാലേട്ടന്റെ കഥാപാത്രത്തിന്റെ പേര്. ലൂസിഫറിലെ ഒരു കഥാപാത്രത്തെയും പൂർണമായും കറുപ്പ് അല്ലെങ്കിൽ വെളുപ്പ് എന്ന് പറയാനാകില്ല. എല്ലാ കഥാപാത്രങ്ങളും ആ രണ്ട് നിറങ്ങൾക്ക് നടുവിൽ നിൽക്കുന്നവരാണെന്നാണ് എന്റെ വിശ്വാസം. അങ്ങനെയാണ് വിവേക് ഒബ്‌റോയ്‌യുടെ കഥാപാത്രവും.'

കഥ ആലോചിച്ചപ്പോൾത്തന്നെ മനസ്സിലുണ്ടായിരുന്ന ആളാണ് വിവേക് എന്നും ഫോണിലൂടെയാണ് അദ്ദേഹത്തോട് കഥ പറഞ്ഞതെന്നും പൃഥ്വിരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'ടിയാന്റെ സമയത്ത് ഹൈദരാബാദിൽ വച്ച് ലൂസിഫറിന്റെ ആദ്യ ആലോചനകൾ നടക്കുമ്പോൾത്തന്നെ വിവേക് ഞങ്ങളുടെ മനസിലുണ്ടായിരുന്നു. ഞാനും മുരളിയും അന്ന് സംസാരിച്ചത് ഓർക്കുന്നു. വിവേക് ഒബ്‌റോയ്‌യുടെ ലുക്ക് ഉള്ള ഒരാൾ എന്നാണ് ഞങ്ങൾ ആ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. വിവേകിന് മലയാള സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടാവുമോ എന്നൊന്നും അന്ന് അറിയില്ലായിരുന്നു.

'9 എന്ന സിനിമയുടെ ഷൂട്ടിങിനായി മണാലിയിൽ ഉള്ളപ്പോഴാണ് വിവേകിനെ ഫോണിൽ വിളിക്കുന്നത്. വളരെ താൽപര്യത്തോടെയാണ് അന്ന് പ്രതികരിച്ചത്. ഫോണിലൂടെയാണ് കഥ പറഞ്ഞത്. മൂന്ന് മണിക്കൂർ ദൈർഘ്യമുണ്ടായിരുന്നു ആ ഫോൺകോളിന്. ഈ സിനിമയുടെ കഥ പറഞ്ഞ് ഫലിപ്പിക്കാൻ പ്രയാസമാണ്. അത് സിനിമ കാണുമ്പോൾ മനസിലാവും. പല ട്രാക്കുകളിലൂടെയൊക്കെ മുന്നോട്ടുപോകുന്ന കഥയാണ്. പക്ഷേ എനിക്ക് പറ്റുന്നത് പോലെ ഞാൻ കഥ പറഞ്ഞു. ഞാൻ പറഞ്ഞത് കൃത്യമായി അദ്ദേഹം മനസ്സിലാക്കിയതിൽ സന്തോഷം തോന്നി. ആ ഫോൺകോളിൽ തന്നെ എന്നോട് അദ്ദേഹം പറഞ്ഞു, ഈ കഥാപാത്രവും സിനിമയും എന്തായാലും താൻ ചെയ്യുമെന്ന്. അവിടെനിന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അത് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് വിവേകിനെ ഞാൻ കാണുന്നത് ലൂസിഫറിന്റെ സെറ്റിലാണ്. സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ മനസ്സിൽ നമ്മൾ സിനിമ കാണുമല്ലോ, ദൈവം സഹായിച്ച് വളരെ നല്ലപോലെ തന്നെ സിനിമ മുന്നോട്ട് പോകുന്നുണ്ട്.

'വളരെ ഭാഗ്യം ചെയ്ത പുതുമുഖ സംവിധായകനാണ് ഞാൻ. ഇത്രയും വലിയ താരനിരയ്‌ക്കൊപ്പം സംവിധാനം ചെയ്യാൻ സാധിക്കുക. അത് വലിയ കാര്യമാണ്. അതിൽ പൂർണബോധവനാണ് ഞാൻ. നടനായിരിക്കുമ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട്, സിനിമ എന്നത് കൂട്ടുത്തരവാദിത്വമാണ്. എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമാണ് സിനിമ നന്നാകുയുള്ളൂ. എന്റെ അസോഷ്യേറ്റ്‌സിനും ക്യാമറമാനും കലാസംവിധായകനും അവരുടെ സഹായികൾക്കും എല്ലാം ഈ സിനിമയെക്കുറിച്ച് പൂർണമായും അറിയാം. എന്താണ് ഇനി ചിത്രീകരിക്കേണ്ടതെന്നും അവർ മനസ്സിലാക്കിയിട്ടുണ്ട്.

'ഈ അറിവ് എല്ലാവർക്കും ഉണ്ടായതിനാൽ പിന്നീട്‌ െസറ്റിൽ വന്ന് കാര്യങ്ങൾ പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഇങ്ങനെയൊരു ടീം കിട്ടിയതിലും ഭാഗ്യം. ചേട്ടനായതുകൊണ്ടല്ല ഇന്ദ്രജിത്ത് ഇതിൽ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിൽ മറ്റൊരു പകരക്കാനില്ല. ഈ തിരക്കഥ വായിക്കുമ്പോൾ തന്നെ ഇന്ദ്രജിത്ത് ആയിരുന്നു ആ കഥാപാത്രമായി മനസ്സിൽ വന്നത്'. -പൃഥ്വിരാജ് പറഞ്ഞവസാനിപ്പിക്കുന്നു.'

ത്രില്ലടിച്ച് വിവേക്

സംഭാഷണങ്ങൾ പഠിച്ചെടുക്കേണ്ട വിഷമതയൊഴിച്ചാൽ നടൻ വിവേക് ഒബ്‌റോയ്ക്ക് മലയാളസിനിമയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. 'പതിനാറ് വർഷമായി 45ഓളം സിനിമകളുടെ ഭാഗമായി. കരിയറിൽ ഏറ്റവും ആകർഷണീയമായി തോന്നിയ തിരക്കഥയാണ് ലൂസിഫറിന്റേത്. പൃഥ്വിരാജ് ഫോണിൽ വിളിച്ചാണ് കഥ പറയുന്നത്. സിനിമയെ കുറിച്ച് മനസ്സിലാക്കിയപ്പോൾ എനിക്കും അതിന്റെ ഭാഗമാകണം എന്ന് ഞാൻ അങ്ങോട്ടാണ് പറഞ്ഞത്. അതിന് ചില കാരണങ്ങളുണ്ട്.'

'ഒന്ന് മലയാളം ആണെന്നതുതന്നെയാണ്. വളരെ മികച്ച അഭിനയമുഹൂർത്തങ്ങളുമുണ്ട്. കേരളത്തിന്റെ സംസ്‌കാരവും കലകളുമൊക്കെ ഭയങ്കര ഇഷ്ടമാണ് എനിക്ക്. ശബരിമലയിൽ പത്ത് പതിനെട്ട് വർഷമായി വരുന്നതാണ്. മുമ്പും കുറേ പേർ മലയാളത്തിൽ അഭിനയിക്കുന്നില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങിയപ്പോൾ ഡയലോഗ് പഠിക്കാൻ ഭയങ്കര ബുദ്ധിമുട്ടി. ദൈർഘ്യമേറിയ ഡയലോഗ് ആണ് എഴുതി തന്നത്. അംഗീകരിക്കാതിരിക്കുന്നത് എന്നൊക്കെ പറഞ്ഞു പഠിക്കാൻ ബുദ്ധിമുട്ടി. എത്ര അക്ഷരങ്ങളാണ് ഡയലോഗിൽ.. പൃഥ്വിരാജ് ആയിരുന്നു എന്റെ ട്രാൻസിലേറ്ററും. ഓരോ വാക്കിന്റെയും ഉച്ചാരണവും അതിന്റെ ഹിന്ദി അർഥവും പറഞ്ഞുപഠിപ്പിച്ചു. വെറുതെ ഡയലോഗ് പറയുന്നതുപോലെ അഭിനയിക്കാൻ താൽപ്പര്യമില്ലായിരുന്നു. അതുകൊണ്ട് ഡയലോഗ് മുഴുവനായി തന്നെ പറഞ്ഞു'.

'സ്വാഭാവികമായും ലൂസിഫറിൽ അഭിനയിക്കാൻ മോഹൻലാലും ഒരു പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ കൂടെ രണ്ടാമതും അഭിനയിക്കാൻ അവസരം കിട്ടുന്നുവെന്നതും ലൂസിഫറിൽ അഭിനയിക്കാനുള്ള കാരണമാണ്- വിവേക് ഒബ്‌റോയ് പറയുന്നു.

'ടിയാൻ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ലൂസിഫറിനെപ്പറ്റി പറയുന്നത്. എന്റെ തിരക്കഥകൾ രാജുവിന് ഇഷ്ടമാണ്. സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹവും പണ്ട് പറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രമേയം ഇഷ്ടമായതോടെ അത് ഈ ചിത്രമാകുകയായിരുന്നു. മറ്റൊരു സിനിമകളിലും അഭിനയിക്കാൻ പോകാതെ അത്രയും സമയം എടുത്ത് എഴുതിയ തിരക്കഥയാണ് ലൂസിഫർ. എന്റെ ആത്മാവും ഈ സിനിമയ്‌ക്കൊപ്പമുണ്ട്.'-മുരളി ഗോപി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP