Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗന്ദര്യവർധന വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കാൻ സമീപിച്ചവരെ മടക്കി അയച്ച് രജീഷ വിജയൻ; സൗന്ദര്യം നിറത്തിലല്ല, വ്യക്തിത്വത്തിലെന്ന് സംസ്ഥാന അവാർഡ് ജേതാവ്; വിനായകന് വ്യക്തിത്വം വേണ്ടുവോളമുണ്ടെന്നും നടി

സൗന്ദര്യവർധന വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കാൻ സമീപിച്ചവരെ മടക്കി അയച്ച് രജീഷ വിജയൻ; സൗന്ദര്യം നിറത്തിലല്ല, വ്യക്തിത്വത്തിലെന്ന് സംസ്ഥാന അവാർഡ് ജേതാവ്; വിനായകന് വ്യക്തിത്വം വേണ്ടുവോളമുണ്ടെന്നും നടി

കൊച്ചി: സിനിമാ താരങ്ങളുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് പരസ്യങ്ങൾ. സിനിമയിൽ മുഖം കാട്ടി ക്ലിക്കായ ശേഷം പരസ്യത്തിലേക്ക് പോകുന്നവരും, പരസ്യത്തിലൂടെ സിനിമയിലേക്ക് എത്തുന്നവരുമുണ്ട്. സൂപ്പർതാരങ്ങളുടെ പരസ്യ ഡയലോഗ് പോലും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തർക്കങ്ങൾക്കും വഴിവെച്ച നാടാണ് കേരളം. ജനം ആരാധിക്കുന്ന താരങ്ങൾ, ഏത് തരം പരസ്യത്തിൽ അഭിനയിക്കണമെന്ന അഭിപ്രായങ്ങൾ നാടെമ്പാടും ചർച്ചയാകുമ്പോളാണ് രജിഷ വിജയൻ തന്റെ നിലപാടു വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. അനുരാഗ കരിക്കിൻവെള്ളത്തിലെ എലിയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജിഷയുടെ നിലപാടിന് വൻ സ്വീകരണമാണ് ലഭിക്കുന്നത്.

നിറത്തിലല്ല വ്യക്തിത്വത്തിലാണ് സൗന്ദര്യമെന്നാണ് നടി വ്യക്തമാക്കുന്നത്. അതിനാൽ തന്നെ സൗന്ദര്യക്രീമുകളുടെയും തലമുടി വളരുമെന്ന എണ്ണകളുടെയും പരസ്യത്തിൽ താൻ അഭിനയിക്കില്ലെന്നാണ് നടിയുടെ നിലപാട്. ഇത്തരത്തിൽ കഴിഞ്ഞദിവസം തന്നെ സമീപിച്ചവരെ മടക്കിയയച്ചിരുന്നുവെന്നും നടി പറയുന്നു. ഇനി വരാനിരിക്കുന്നവർക്ക് മുന്നിൽ തന്റെ നിലപാട് പ്രഖ്യാപിക്കുക കൂടിയാണ് രജിഷ. തനിക്കൊപ്പം മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന് വ്യക്തിത്വം വേണ്ടുവോളമുണ്ടെന്നും രജിഷ വ്യക്തമാക്കുന്നു. കൊച്ചി കോർപറേഷൻ സംഘടിപ്പിച്ച അനുമോദന പരിപാടിയിലായിരുന്നു രജിഷയുടെ നിലപാട് പ്രഖ്യാപനം.

കേരളത്തിലെ ചലച്ചിത്ര അവാർഡ് നേടുക, ദേശീയ അവാർഡ് നേടുന്നതിലും ബുദ്ധിമുട്ടാണെന്ന് നടൻ വിനായകൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ അവാർഡ് നിർണയത്തിന്റെ മാനദണ്ഡങ്ങൾ നാട് തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ മേയർ സൗമിനി ജെയിൻ ഇരുവർക്കും ഉപഹാരം നൽകി. മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ മണികണ്ഠന് വേണ്ടി സഹോദരൻ ഗണേശും, സംവിധായകൻ രാജീവ് രവിക്ക് വേണ്ടി പൂർണിമാ നാരായണനും ഉപഹാരം ഏറ്റുവാങ്ങി.

തൊലിപ്പുറമേയുള്ള നിറത്തിനും വർണത്തിനുമായി ലോകമാകെയുള്ള മനുഷ്യർ ആയിരക്കണക്കിന് കോടി രൂപയാണ് പ്രതിവർഷം ചെലവാക്കുന്നത്. ഇന്ത്യയിലും കേരളത്തിലും ഇത്തരം വർണത്തിലുള്ള പൊതുബോധം ഇന്നുമുണ്ട്. പുരോദമന കാഴ്ചപ്പാടുകളുണ്ടെന്ന് അവകാശപ്പെടുന്ന കേരളീയ സമൂഹത്തിൽ പോലുമുള്ള ഈ ചിന്തയെ ചെറുത്തുതോൽപ്പിക്കാൻ മുന്നേറ്റങ്ങളാവശ്യപ്പെട്ട് നിരവധി പരസ്യങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. കേരളത്തിൽ ഈ ആവശ്യവുമായി മലാളത്തിന്റെ പുതിയ സൂപ്പർതാരം തന്നെ രംഗത്തെത്തിയത്, ഒരു മാറ്റത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP