Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാട്രിയാർക്കിയും മെയിൽ ഷോവനിസവും ഇനി നിലനിൽക്കില്ല; സ്ത്രീകളെ അപഹാസ്യരാക്കിക്കൊണ്ടുള്ള തമാശകളുമായി അധികകാലം മുന്നോട്ടു പോകാനാകില്ല; സ്ത്രീകളെ അധിക്ഷേപിക്കുന്ന വളിച്ച തമാശകളിൽ നിന്ന് ലാലേട്ടനും മമ്മൂക്കയുമെങ്കിലും മാറി നിൽക്കണം: തുറന്നുപറഞ്ഞ് രേവതി

പാട്രിയാർക്കിയും മെയിൽ ഷോവനിസവും ഇനി നിലനിൽക്കില്ല;  സ്ത്രീകളെ അപഹാസ്യരാക്കിക്കൊണ്ടുള്ള തമാശകളുമായി അധികകാലം മുന്നോട്ടു പോകാനാകില്ല; സ്ത്രീകളെ അധിക്ഷേപിക്കുന്ന വളിച്ച തമാശകളിൽ നിന്ന് ലാലേട്ടനും മമ്മൂക്കയുമെങ്കിലും മാറി നിൽക്കണം: തുറന്നുപറഞ്ഞ് രേവതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കാലം മാറി..കഥ മാറി. ഇക്കാര്യം മലയാള സിനിമാലോകം മാത്രം അറിയാതെ പോകുന്നോ? ന്യൂജെൻ സംവിധായകരും താരങ്ങളുമല്ലാത്ത പഴയ തലമുറ കാലം മാറിയത് അറിയാതെ ഭൂതകാലത്ത് കുടുങ്ങിക്കിടക്കുന്നോ? അറിയാതെ സംശയിച്ചുപോകും. എഎംഎംഎയുമായി ബന്ധപ്പെട്ട സമീപകാല തർക്കങ്ങൾ കണ്ടാലും കേട്ടാലും അങ്ങനെ തോന്നിപ്പോകും.നടിയും സംവിധായകയും ഡബ്യുസിസി അംഗവുമായ രേവതി മുന്നോട്ട് വയ്ക്കുന്ന ചോദ്യം മറ്റൊന്നല്ല. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് കാലം മാറിയതിനനുസരിച്ച് നമ്മുടെ പ്രമുഖ താരങ്ങളുടെയെങ്കിലും സമീപനം മാറേണ്ടതിന്റെ ആവശ്യകത രേവതി ചൂണ്ടിക്കാട്ടുന്നത്.

ഒരുദിവസം കൊണ്ടുമാറ്റങ്ങൾ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ മാറ്റങ്ങൾക്കായി പൊരുതിക്കൊണ്ടേയിരിക്കണം.സ്ത്രീകളെ താറടിക്കുന്ന തമാശകളുമായി മലയാള സിനിമയ്ക്ക് ഇനി അധികകാലം മുന്നോട്ട് പോകാനാവില്ല. പാട്രിയാർക്കിയും മെയിൽ ഷോവനിസവും ഇനി നിലനിൽക്കില്ല,അവർ അഭിമുഖത്തിൽ പറഞ്ഞു.

സമൂഹത്തിൽ തന്നെ ലൈംഗിക ചൂഷണത്തിനെതിരെ ശക്തമായ തുറന്ന നിലപാടുകൾ എടുക്കുമ്പോൾ, സിനിമാതാരങ്ങളുടെ ഒരു അസോസിയേഷൻ ചൂഷണത്തെ പിന്തുണയ്ക്കുന്ന രീതിയിൽ തീരുമാനം എടുക്കുന്നത് തെറ്റായ സന്ദേശം നൽകും. അമ്മ എന്ന അസോസിയേഷൻ ഉത്തരവാദിത്തത്തോടുകൂടി അവരുടെ കടമ നിർവഹിച്ചാൽ പല കാര്യങ്ങളും ഇത്ര വഷളാകില്ല. എന്നാൽ ഇങ്ങനെയൊരു കാര്യം തുറന്നു പറഞ്ഞാൽ അതിനെ പുച്ഛത്തോടെയാണ് അവിടെയുള്ളവർ കാണുന്നത്. കാര്യങ്ങൾ ഉന്നയിക്കുന്ന സ്ത്രീകളെ ഗണേശ് കുമാർ ഉൾപ്പടെയുള്ളവർ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് വ്യക്തമാക്കുന്നതാണ് ആ ശബ്ദരേഖ.

ദിലീപിനെ തിരിച്ചെടുക്കാമെന്ന് അസോസിയേഷൻ തീരുമാനിച്ചപ്പോൾ ആ പെൺകുട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ച് ഒരിക്കൽ പോലും അവർ ചിന്തിച്ചില്ല. അതാണ് തങ്ങൾ ചോദ്യം ചെയ്യുന്നത്. എഎംഎംഎയിൽ സ്ത്രീകളുടെ നേതൃത്വത്തിൽ വിഷയങ്ങൾ സംസാരിക്കാറില്ല. ഏതൊരു തൊഴിലിലും ലൈംഗിക ചൂഷണമോ അത്തരത്തിലുള്ള വിഷയങ്ങളോ ഉണ്ടാകുമ്പോൾ തുറന്നുപറയാൻ ഭൂരിപക്ഷം പേർക്കും മടിയാണ്. ഇതേ സാഹചര്യം തന്നെയാണ് അമ്മയിലും ഉള്ളത്. അമ്മയുടെ സ്റ്റേജ് ഷോയിലെ ആ സ്‌കിറ്റ് അങ്ങേയറ്റം അപഹാസ്യമായിരുന്നു. മലയാളത്തിലെ രണ്ടു സൂപ്പർതാരങ്ങൾ അതിൽ അഭിനയിക്കുകയും ചെയ്തു. അതങ്ങനെ തമാശയായി കാണാൻ കഴിയുകയില്ല. എത്ര കാലം സ്ത്രീകളെക്കുറിച്ച് ഇങ്ങനെ തമാശ പറയും? ഇതൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. അതു സിനിമയ്ക്ക് മാത്രമല്ല നമ്മുടെ സമൂഹത്തിനും ഗുണം ചെയ്യുമെന്നും രേവതി പറഞ്ഞു.

എഎംഎംഎയിൽ ഒരു കൗൺസിലിങ് സംവിധാനം വേണമെന്നും ജെൻഡർ സെൻസിറ്റിവിറ്റിയുള്ള, കാര്യങ്ങളെക്കുറിച്ച് അവബോധമുള്ള സ്ത്രീകൾ തലപ്പത്ത് വരണമെന്നും അവർ അഭിപ്രായപ്പെട്ടു. കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു പലരും തന്നോട് അനുഭവങ്ങൾ പങ്കു വച്ചിട്ടുണ്ട്. താൻ സജീവമായി സിനിമയിൽ ഉണ്ടായിരുന്ന കാലത്ത് അത്തരം അനുഭവമുണ്ടായ പെൺകുട്ടിയുടെ വിഷയത്തിൽ ഇടപെടുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴുള്ള പല പെൺകുട്ടികളുമായി സംസാരിച്ചിരുന്നു. അവർ പറയുന്നത് മറ്റ് ഉദ്ദേശ്യങ്ങളുമായി സമീപിക്കുന്നവരോട് 'നോ' എന്നു പറഞ്ഞാൽ അവർ അവിടെ നിറുത്തുന്നില്ല എന്നാണ്. വീണ്ടും മൊബൈലിലും വാട്ട്‌സാപ്പിലും ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. 'നോ' എന്ന് പറഞ്ഞാൽ അതിനർഥം 'താൽപര്യമില്ല' എന്നാണെന്ന് അവർ മനസ്സിലാക്കുന്നില്ല.മുൻപും ഇത്തരം ശല്യപ്പെടുത്തലുകളൊക്കെ ഉണ്ടായിരുന്നു. പക്ഷേ, താൽപര്യമില്ലെന്നു പറഞ്ഞാൽ അത് അവിടെ അവസാനിക്കുമായിരുന്നെന്നും രേവതി പറഞ്ഞു.അമ്മയിൽനിന്നു രാജിവച്ച് പുറത്തു പോകാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. അതിനുള്ളിൽ നിന്നുകൊണ്ടു തന്നെ ചർച്ചകൾക്കു തുടക്കമിടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും രേവതി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP