Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചിന്താവിഷ്ടയായ ശ്യാമള 14 വർഷം എന്തു ചെയ്യുകയായിരുന്നു; സംഗീത വീണ്ടും എത്തുമ്പോൾ

ചിന്താവിഷ്ടയായ ശ്യാമള 14 വർഷം എന്തു ചെയ്യുകയായിരുന്നു; സംഗീത വീണ്ടും എത്തുമ്പോൾ

യ്യോ അച്ഛാ  പോവല്ലേ, അയ്യോ അച്ഛാ പോവല്ലെന്ന് എന്ന് കേൾക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് ചിന്താവിഷ്ടയായ ശ്യാമളയുടെ ചിത്രമാണ്. വിജയനെന്ന ഭർത്താവിനെ നേർവഴിയിലെത്തിച്ചതിൽ വിജയിച്ച ശ്യാമള. ഉത്തരവാദിത്തബോധമില്ലാത്ത ഭർത്താവു മൂലം കുടുംബത്തിനുണ്ടാകുന്ന കഷ്ടപ്പാടുകൾ നെഞ്ചിലേറ്റിയവളാണ് ശ്യാമള. അവർ ചിന്തിച്ചതും പ്രവർത്തിച്ചതും കുടുംബത്തിന് വേണ്ടിയായിരുന്നു. അതിൽ വിജയിക്കുകയും ചെയ്തു.

ശരാശരി സ്ത്രീയുടെ ജീവത പ്രശ്‌നങ്ങളാണ് ശ്യാമള വരച്ചു കാട്ടിയത്. അതിനെ മലയാളി അംഗീകരിക്കുകയും ചെയ്തു. ഇതിലൂടെ സംഗീത ശ്യമളയായി. കേരളത്തിലെത്തിയാൽ ഇന്ന് ആരും സംഗീതയെ ആപേരിൽ വിളിക്കാനിടയില്ല. എല്ലാവർക്കും ശ്യാമളയാണ് ഇവർ. ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ശേഷം അധികം സനിമകളിലൊന്നും ഈ മുഖത്തെ മലയാളി കണ്ടിട്ടുമില്ല.

എങ്കിലും ശ്യാമളയെ മലയാളി മറന്നില്ല. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും ലഭിച്ച സംഗീത കുടുംബത്തിനായി വലിയൊരു ഗ്യാപ്പെടുത്തു. ഇപ്പോഴിതാ ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തുന്നു. അതിനും വിജയേട്ടൻ തന്നെ കാരണം. ചിന്താവിഷ്ടയായ ശ്യാമളയിലെ നായകനും കഥാകൃത്തും സംവിധായകനുമെല്ലാമായ ശ്രീനിവാസൻ അപ്രതീക്ഷിതമായി സംഗീതയെ വിളിച്ചു.

നഗരവാരിധി നടുവിൽ ഞാൻ എന്ന സിനിമയുടെ ഒൺലൈൻ പറഞ്ഞു. ഷിബു ബാലന്റെ സിനിമയിൽ നായികയാകാമോ എന്ന് ചോദിച്ചു. സംഗീതയ്ക്ക രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. ശ്രീനിവാസനിലുള്ള വിശ്വാസം മൂലം സമ്മതം മൂളി. കഥയും ഇഷ്ടമായി. അങ്ങനെ മലയാളിയുടെ ശ്യാമള പതിനാല് വർഷത്തിന് ശേഷം വീണ്ടും എത്തുന്നു. വനിതയുമായി നടത്തിയ അഭിമുഖത്തിലാണ് സംഗീത രണ്ടാവരവിന്റെ കഥ വ്യക്തമാക്കിത്.

എന്റെ ഫോണിലേക്ക് സിനിമയിൽ നിന്നുള്ള ഒരു കോൾ പോലും ഇപ്പോൾ വരില്ല.  ഈ ഫോൺ നോക്കൂ പത്രക്കാരൻ, ഗ്രോസറി ഷോപ്പ്, ഇലക്ട്രീഷ്യൻ വീട്ടാവശ്യങ്ങൾക്കുള്ള നമ്പരേ ഇതിലുള്ളൂ. കുടുംബകാര്യങ്ങൾ തന്നെ ധാരാളമാണ്. അതുമായി ഒതുങ്ങിക്കൂടി.  ചെറിയ ചെറിയ കാര്യങ്ങളെക്കുറിച്ചേ എനിക്ക് ചിന്തിക്കേണ്ടിയിരുന്നുള്ളൂ. സാമൂഹ്യ കാര്യങ്ങളെക്കുറിച്ച് തീരെ അപ്‌ഡേറ്റഡ് ആയിരുന്നില്ല.  സാധാരണക്കാരിയായ വീട്ടമ്മ എന്തൊക്കെ അറിയുമായിരുന്നോ അതേ എനിക്കും അറിയുമായിരുന്നുള്ളൂവെന്നും സംഗീത പറയുന്നു. ചെന്നെയിലായിരുന്നതുകൊണ്ട് കേരളത്തിലെ വിശേഷങ്ങൾ അറിയാനും കഴിഞ്ഞില്ല.  അമ്മയുടെ വീട് പാലക്കാടാണ്.  അച്ഛന്റെ നാട് കോട്ടയ്ക്കലും. എല്ലാ വർഷവും മുടങ്ങാതെ അവിടുത്തെ ക്ഷേത്രത്തിൽ വരാറുണ്ടായിരുന്നുവെന്നും സംഗീത പറയുന്നു.

അഭിനയമില്ലെങ്കിലും പൂർണ്ണമായും സിനിമയെ മറക്കാൻ മലയാളികളുടെ ശ്യാമളയ്ക്ക് കഴിയുമായിരുന്നില്ല. സ്വന്തം ജീവത പങ്കാളി സംവിധായകനാണ്. തമിഴിലെ തിരക്കുള്ള സിനിമാപ്രവർത്തകൻ. ഭർത്താവിന്റെ സിനമാ ചർച്ചകളിലും പങ്കാളിയായി. എന്നാലും അപൂർവ്വമായി മാത്രമേ ഷൂട്ടിങ്ങ് സ്ഥലങ്ങളിൽ എത്തുമായിരുന്നുള്ളൂ. പക്ഷേ മലയാള സിനിമയുമായി അറിയാതൊരു അകലം വന്നു. വെള്ളിത്തരയിലെ മടങ്ങിവരവിലൂടെ ഇതു മാറുമെന്നാണ് നടിയുടെ പ്രതീക്ഷ.

സിനിമയെ ഞാനേ വിട്ടുള്ളൂ.  സിനിമ എന്നെ വിട്ടില്ല.  സിനിമയിൽ നിന്നുള്ള ക്ഷണങ്ങൾ എന്നും തുടർന്നുകൊണ്ടേയിരിക്കുന്നു.  ആ കോളുകളൊന്നും ഞാൻ അറ്റന്റ് ചെയ്യാറില്ല.  എന്നു വച്ചാൽ അറിയാറില്ല.  എല്ലാം ഭർത്താവിനെ ഏൽപ്പിച്ചിരിക്കുകയാണ്.  അദ്ദേഹമാണ് അവരുമായി സംസാരിക്കുന്നത്.  ആരാണ് വിളിച്ചതെന്ന് എന്നോട് പറയും.  അദ്ദേഹം സംവിധായകനായതുകൊണ്ട് ഇടയ്ക്ക് സെറ്റിൽ വാ, അല്ലെങ്കിൽ ടെക്‌നിക്കൽ ഹെൽപ്പ് എന്തെങ്കിലും ചെയ്തു താ എന്നൊക്കെ പറഞ്ഞ് വിളിക്കുമായിരുന്നു. പക്ഷേ ആ ഭാഗത്തേയ്ക്ക് പോയില്ല. അദ്ദേഹത്തിന്റെ സെറ്റിലെത്തുന്ന സീനിയർ ആർട്ടിസ്റ്റുമാർ എന്നെക്കുറിച്ച് ചോദിക്കും.  അവർ കാണണം എന്നു പറയുമ്പോൾ മാത്രം അങ്ങോട്ടു പോകും-സംഗീത പറയുന്നു.

അഭിനയത്തെക്കാൾ പാട് വീട്ടുഭരണമാണെന്ന് തിരിച്ചറിഞ്ഞ പതിനാല് വർഷങ്ങൾ. കുടുംബ ജീവിതത്തിൽ വിജയം വരിക്കുക കടുത്ത വെല്ലുവിളിയാണെന്നും അവർ പറയുന്നു. വീട്ടമ്മയുടെ ജോലി അഭിനയത്തേക്കാൾ കഷ്ടമെന്നേ ഞാൻ പറയൂ.  നല്ല അമ്മയാകുക എന്നത് ശരിക്കും വെല്ലുവിളിയാണ്.  ആ വെല്ലുവിളി ആസ്വദിക്കുകയാണിപ്പോൾ.  അവളെ സ്‌ക്കൂളിൽ ഡ്രോപ്പ് ചെയ്യുക, തിരികെ വിളിച്ചുകൊണ്ട് വരുക, നന്നായി വളർത്തുക ഇതൊക്കെയാണ് എനിക്കു പ്രധാനം.  മോളുടെ ആരോഗ്യം നോക്കണം. പഠനം നോക്കണം. സത്യത്തിൽ അഭിനയത്തെക്കുറിച്ച് ഞാൻ ഇത്ര സീരിയസ്സായി ചിന്തിച്ചിട്ടില്ല.  അത് കാഷ്വലായി ചെയ്യുകയായിരുന്നുവെന്നും വ്യക്തമാക്കുന്നു.

ഈ ലൊക്കേഷനിലിരിക്കുമ്പോൾ പോലും മോളെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്.  പതിനൊന്നു വയസ്സേ ഉള്ളൂ അവൾക്ക്.  അവരുടെ എല്ലാ കാര്യങ്ങൾക്കും ഞാൻ വേണം.  ആദ്യമായാണ് അവൾ ഞാൻ ഇല്ലാതെ നിൽക്കുന്നത്.  കുറെ ദിവസം അവളെ പിരിഞ്ഞിരിക്കാനാവില്ല.  അതുകൊണ്ട് പല ഷെഡ്യൂളുകളായാണ് ഷൂട്ടിങ്.  ഇടയ്ക്ക് അവളെ കാണാൻ പോകാമല്ലോ-നടിയിലെ മാതൃത്വം പറയുന്നു. ഈ ശരാശരി സ്ത്രീയുടെ വികാരം തന്നെയാണ് ചിന്താവിഷ്ടയായ ശ്യാമളയും പകർന്ന് തന്നത്.

ഞാൻ വീണ്ടും അഭിനയിക്കുമെന്നു സ്വപ്‌നത്തിൽ പോലും കരുതിയതല്ല.  എല്ലാം പെട്ടെന്നു സംഭവിച്ചു.  ഇനിയും അങ്ങനെ എന്തെങ്കിലുമൊക്കെ സംഭവിക്കുമായിരിക്കും.  ഇപ്പോൾ അത്രയേ ചിന്തിക്കാനാവുന്നുള്ളൂ.  സിനിമയിൽ നിൽക്കുമെന്നോ സിനിമ വിടുമെന്നോ പറയാനാവില്ല.  ജീവിതത്തെ അതിന്റെ പാട്ടിനു വിടുന്നു, സിംപിൾ-ഭാവിയെ കുറിച്ച് താരജാഡകളൊന്നുമില്ലാതെ സംഗീത പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP