പാതിതുറന്ന കണ്ണുകളുമായി പാൽ പുഞ്ചിരി തൂകി സൗബിന്റെ മകൻ; മകന് ഒർഹാൻ എന്ന പേരിട്ട വിവരം പങ്ക് വച്ച് പോസ്റ്റ് ചെയ്ത ചിത്രം ഏറ്റെടുത്ത് ആരാധകർ
May 21, 2019 | 08:20 AM IST | Permalink

ഇക്കഴിഞ്ഞ മെയ് പത്തിനാണ് മനടനും സംവിധായകനുമായ സൗബിൻ ഷാഹിർ അച്ഛനായത്. താനൊരു ആൺകുഞ്ഞിന്റെ അച്ഛനായ വിവരം സൗബിൻ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടത്. ഇപ്പോഴിതാ കുഞ്ഞിന് പേരിട്ട സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് താരം.
ഒർഹാൻ സൗബിൻ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ഒപ്പം പാതിതുറന്ന കണ്ണുകളുമായി പാൽച്ചുണ്ടിൽ നറുപുഞ്ചിരിയോടെ കിടക്കുന്ന കുഞ്ഞിന്റെ മനോഹര ചിത്രവും സൗബിൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.
ഇറ്റ്‌സ് എ ബോയ്' എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നിൽക്കുന്ന സൗബിന്റെ ചിത്രം സഹിതമാണ് ഫേസ്‌ബുക്ക് വഴി ആദ്യം വാർത്ത പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ ചിത്രവും സൗബിൻ പങ്കുവെച്ചത്. 2017 ഡിസംബർ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം.
സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. തുടർന്ന് മഹേഷിന്റെ പ്രതികാരം സുഡാനി ഫ്രം നൈജീരിയ കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയർന്നു. സൗബിൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പറവസംവിധായകൻ എന്ന നിലയിലും താരത്തെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു.
ഒരു യമണ്ടൻ പ്രേമകഥയാണ് സൗബിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വൈറസ്, അമ്പിളി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ജാക്ക് ആൻഡ് ജിൽ, ട്രാൻസ്, യഹൂദൻ എന്നിവയാണ് സൗബിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങൾ.