Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുണ്ട് മടക്കുന്ന ലാലേട്ടനെ ആളുകൾക്ക് ഇഷ്ടമാണ്; സ്വരം നല്ലതല്ലേ പാട്ടു നിർത്തിക്കൂടെ എന്ന് ലാലേട്ടനോട് ചോദിക്കാൻ ആരാണിവർ; മോഹൻലാൽ ദൈവം തന്നെയാണ് സിനിമാദൈവം; ലാൽ മാജിക് തന്നെയാണ് സിനിമയുടെ വിജയത്തിനാധാരം; ലൂസിഫറിനെതിരെയുള്ള വിമർശന കുറിപ്പിന് സിദ്ധു പനയ്ക്കലിന്റെ മറുപടി ഇങ്ങനെ

മുണ്ട് മടക്കുന്ന ലാലേട്ടനെ ആളുകൾക്ക് ഇഷ്ടമാണ്; സ്വരം നല്ലതല്ലേ പാട്ടു നിർത്തിക്കൂടെ എന്ന് ലാലേട്ടനോട് ചോദിക്കാൻ ആരാണിവർ; മോഹൻലാൽ ദൈവം തന്നെയാണ് സിനിമാദൈവം; ലാൽ മാജിക് തന്നെയാണ് സിനിമയുടെ വിജയത്തിനാധാരം; ലൂസിഫറിനെതിരെയുള്ള വിമർശന കുറിപ്പിന് സിദ്ധു പനയ്ക്കലിന്റെ മറുപടി ഇങ്ങനെ

മോഹൻലാൽ ചിത്രം ലൂസിഫറിനെ രൂക്ഷമായി വിമർശിച്ച് കുറിപ്പെഴുതിയ വ്യക്തിക്ക് മറുപടിയുമായി പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ.സെലീന ഫെർണാണ്ടസ് എന്ന പേരിലുള്ള ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്ത വിമർശന കുറിപ്പിനാണ് സിദ്ദു മറുപടി നൽകിയിരിക്കുന്നത്.

സിനിമയിലെ നായകൻ മോഹൻലാലിനെയും പൃഥ്വിരാജിന്റെ സംവിധാനത്തെയും മറ്റ് നടീ നടന്മാരുടെ അഭിനയത്തെയും വിമർശിച്ച് കൊണ്ടായിരുന്നു കുറിപ്പ്. മോഹൻലാലിന് ഇനിയെങ്കിലും അഭിനയം നിർത്തിക്കൂടെ എന്നും തികച്ചും അസഹിനീയമായ ഒരു സിനിമ, വെടിയും പുകയും മാത്രം സിനിമ കണ്ടപ്പോൾ ഉറക്കം വന്നെന്നും കുറിപ്പിൽ പറയുന്നു. ഇത് കൂടാതെ ചിത്രത്തിൽ സംവിധായകൻ പൃഥ്വിരാജിന്റെയും നടൻ ടൊവിനോയുടേതുമടക്കമുള്ള കഥാപാത്രങ്ങൾ അനാവശ്യമായിരുന്നെന്നും ആയിരുന്നു വിമർശനം. സലീന ഫെർണാണ്ടസ് എന്ന പേരിലുള്ള ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നുമാണ് ലൂസിഫർ സിനിമയ്ക്കെതിരെ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇപ്പോൾ ഇതിനെതിരെ സിദ്ധു പനയ്ക്കൽ പങ്ക് വച്ച കുറിപ്പും വൈറലാവുകയാണ്.

സിദ്ദു കുറിച്ചതിങ്ങനെ;

എന്തിനെയും ഏതിനെയും വിമർശിക്കുന്ന രീതി എനിക്കില്ല എന്നാണ്, ലൂസിഫർ സിനിമയെ ക്രിട്ടിസൈസ് ചെയ്ത, എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ നിരൂപക പറയുന്നത്. എന്തിനും ഏതിനും മറുപടിപറയുന്ന രീതി എനിക്കുമില്ല. ലൂസിഫർ ഒരു മഹത്തായ സിനിമയാണെന്നോ, ലോകോത്തര സിനിമയാണെന്നോ അതിന്റെ സൃഷ്ട്ടാക്കൾ ആരും അവകാശപ്പെട്ടിട്ടില്ല.

ട്രോളർമാരെ കൂട്ടുപിടിച് തള്ളി മറിച്ചു ഉണ്ടാക്കിയ വിജയം എന്നാണ് അവർ ആരോപിക്കുന്നത്. ഇവർ ആദ്യം മനസിലാക്കേണ്ടത് വിജയം വിലക്ക് വാങ്ങാനാവില്ല എന്നതാണ്. പൈസ കളയാനും സമയംകളയാനും മലയാളി പ്രേക്ഷകർ വിഡ്ഢികളല്ല. അവരുടെ മടക്കുമുതലിനു തക്കതായമൂല്യം സിനിമയിൽ നിന്ന് കിട്ടുന്നതുകൊണ്ടാണ് അവർ വീണ്ടും വീണ്ടും ലൂസിഫർ കാണുന്നത്. പരസ്യം കണ്ടും ട്രോളുകൾ കണ്ടും തീയേറ്ററിൽ എത്തുന്ന ആളുകൾക്ക് തൃപ്തികരമല്ല സിനിമയെങ്കിൽ, അടുത്ത ഷോ മുതൽ തീയേറ്ററിൽ ആളുണ്ടാവില്ല.

മോഹൻലാൽ ദൈവം തന്നെയാണ്. 'സിനിമാദൈവം'. ലാൽ മാജിക് തന്നെയാണ് ഈ സിനിമയുടെ വിജയത്തിനാധാരം. സംവിധാന മികവിനെപറ്റി സംസാരിക്കാൻ അവർക്കെന്തു യോഗ്യത. ഇവരാര് സംവിധാനം പഠിപ്പിക്കുന്ന ടീച്ചറോ. സംവിധാനത്തെ പറ്റി പറയാൻ ആ രംഗത്തെ പ്രഗൽഭരുണ്ട്. അവർ വിലയിരുത്തിക്കഴിഞ്ഞതുമാണ്. മികച്ച സംവിധായകരുടെ മുൻനിരയിൽ നിർത്താവുന്ന സംവിധായകനാണ് പൃഥ്വിരാജ് എന്ന് പൃഥ്വിരാജിന്റെ ഏറ്റവും വലിയ വിമർശകർ പോലും അഭിപ്രായപ്പെട്ടു കഴിഞ്ഞു. ലക്ഷ്യമുള്ളതും ജീവനുള്ളതുമാണ് ഇതിന്റെ തിരക്കഥ എന്ന് ബുദ്ധിയുള്ളവർ ഉറക്കെതന്നെ പറഞ്ഞു.

സിനിമ സാധാരണക്കാരന്റെ വിനോദോപാധിയാണ്. അപ്പോൾ അവനു രസിക്കുന്ന ചില ഐയിറ്റങ്ങൾ സിനിമയിലുണ്ടാകും. അലോസരമുണ്ടാക്കുന്ന സംഗീതം എന്ന് നിങ്ങൾ പറഞ്ഞതിനാണ് ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ ലഭിക്കുന്നത്. സംഗീതം എല്ലാവർക്കും അറിയണമെന്നില്ല. പക്ഷെ അത് ആസ്വാദിക്കാനെങ്കിലും അറിയണം അല്ലെങ്കിൽ ഇതുപോലെ ചില മണ്ടൻ ജല്പനങ്ങൾ ഉണ്ടാകും. ഈ സംഗീത സംവിധായകൻ തമഴിലേക്ക് വരണം തമിഴ് സിനിമക്ക് ഇദ്ദേഹം ഒരു മുതൽക്കൂട്ടാകും എന്നാണ് സിനിമകണ്ട തമിഴ് ക്രിട്ടിക്കുകൾ ചാനലിൽ പറഞ്ഞത്. സിനിമ ശരീരമാണെങ്കിൽ ശ്വാസം ആണ് ആ സംഗീതം ഈ സിനിമക്ക്.

ഇതൊരു ചെറിയ സിനിമയാണ് എന്ന് പൃഥ്വിരാജ് പറഞ്ഞത് ബുദ്ധിപരമായിതന്നെയാണ്. വലിയ സിനിമയാണ് എന്നൊരു സംവിധായകൻ പറഞ്ഞതിനെ പ്രേക്ഷകരും ട്രോളർമാരും എങ്ങിനെയാണ് ആഘോഷമാക്കിയത് എന്ന് നാം കണ്ടതാണല്ലോ. സിനിമ കാണാത്തവർ സിനിമയെ പ്രമോട് ചെയ്യുന്നത് കണ്ടവർ പറഞ്ഞിട്ടാണ്. ആ കാണാത്തവർ കണ്ടുകഴിഞ്ഞു മറ്റുള്ളവരോട് പറയുന്നതും നല്ല സിനിമആയതുകൊണ്ടാണ്.

മുണ്ട് മടക്കുന്ന ലാലേട്ടനെ ആളുകൾക്ക് ഇഷ്ടമാണ്. അന്ന് മാത്രമല്ല ഇന്നും. എന്നും അതങ്ങിനെ ആയിരിക്കുകയും ചെയ്യും. സ്വരം നല്ലതല്ലേ പാട്ടു നിർത്തിക്കൂടെ എന്ന് ലാലേട്ടനോട് ചോദിക്കാൻ ആരാണിവർ. ഇവർ എഴുത്തുനിർത്തി വടികുത്തി നടക്കുമ്പോഴും ലാലേട്ടൻ ഇവിടെ യുണ്ടാകും, സിനിമയിൽ ഉണ്ടാകും, അഭിനയരംഗത്തുണ്ടാവും. ലാലേട്ടനോട് അഭിനയം നിർത്താൻ പറഞ്ഞ ഇവരോട് മറുപടി പറയേണ്ട ഭാഷ ഇതല്ല. പക്ഷെ എന്റെ മാന്യത അതിനനുവദിക്കുന്നില്ല.

പ്രേക്ഷകർ ഇഷ്ടപ്പെട്ട് ഏറ്റെടുത്ത ഒരു സിനിമയെ മോശമായി വിമർശിക്കുന്ന ഇവർക്ക് ഫീലിങ് ഉണ്ടാവണമെന്നില്ല. ഫീൽ ഉണ്ടാവണമെങ്കിൽ ആദ്യം ഹൃദയം ഉണ്ടാവണം. ഓരോ സീനും കയ്യടിയോടെ, തീയേറ്റർ കിടുങ്ങുന്ന ആരവങ്ങളോടെ സിനിമ മുന്നോട്ടു പോകുമ്പോൾ ഇരുന്നുറങ്ങിയ ഇവർ എങ്ങിനെയാണ് ഈ സിനിമയെ വിമർശിച്ചു എഴുതിയത്. കാണാത്ത സിനിമയെപറ്റി എഴുതാൻ ഇവർക്കെന്താ ദിവ്യദൃഷ്ടിയുണ്ടോ. അനാവശ്യ കഥാപാത്രങ്ങൾ എന്നു നിങ്ങൾ പേരെടുത്തെഴുതിയ ആ വിമർശനം മറുപടി അർഹിക്കുന്നില്ല. കാരണം നല്ല നടന്മാർ എന്ന് ജനങ്ങൾ ഒന്നടങ്കം അംഗീകരിച്ചവരാണവർ. സംസ്ഥാന അവാർഡ് ജേതാക്കളും ആ കൂട്ടത്തിൽ ഉണ്ട്. അവർ കഥയ്ക്ക് ആവശ്യവുമായിരുന്നു.

സിനിമ നന്നായി വിലയിരുത്തുന്നവരുടെ അഭിപ്രായം കേട്ടതിനു ശേഷമാണ് തീയേറ്ററുകളിൽ അനിയന്ത്രിതമായ ജനത്തിരക്ക് അനുഭവപെട്ടു തുടങ്ങിയത്. ഈ കാലത്ത് പട്ടിക്കു ഏറ്റവും ഇഷ്ടപ്പെട്ടത് എല്ല് അല്ല. നിങ്ങളെപോലുള്ളവർ വലിച്ചീമ്പി കളയുന്ന എല്ലിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നു പട്ടിക്കറിയാം. ഈ L ലൂസിഫറിന്റെ L ആണ്. MOHANLAL ലിലെ L ആണ്. ആ L നോടുള്ള ഇഷ്ടം തന്നെയാണ് തീയേറ്ററിൽ ജനസാഗരമായി അലയടിക്കുന്നത്, കൊടുംകാറ്റായി ആഞ്ഞടിക്കുന്നത്. ആ താരത്തോട്.. സംവിധായകനോട് ആളുകൾക്കുള്ള സ്നേഹമാണ് ജനപ്രളയമായി തീയേറ്ററിലേക്ക് ഒഴുകിയെത്തുന്നത്. എന്തുചെയ്യാം അസൂയക്കും കഷണ്ടിക്കും മരുന്നില്ലല്ലോ.

യുവതിയുടെ കുറിപ്പ് ഇതാണ്

ലൂസിഫർ

പ്രിയ കൂട്ടുകാരേ, എന്തിനേയും ഏതിനേയും വിമർശിക്കുക എന്നൊരു രീതിയൊന്നും എനിക്കില്ല. എങ്കിലും അനുഭവപ്പെട്ട ഒരു കാര്യം പറയട്ടെ, ട്രോളന്മാരെപ്പോലും കൂട്ടുപിടിച്ച് തള്ളി മറിച്ച് പെരുപ്പിച്ച് കാണിച്ച് എന്തിനാണ് ഈ അക്രമം സാധാരണക്കാരോട് കാണിക്കുന്നത്? മൂന്നു മണിക്കൂറോളം സമയവും പൈസയും കളഞ്ഞ് സിനിമ കാണുന്നവരെ ആരും അറിയാതെ പോകരുത്. തികച്ചും അസഹിനീയമായ ഒരു സിനിമ, വെടിയും പുകയും മാത്രം. മോഹൻലാൽ ദൈവമായവർക്ക് ആകാം, പക്ഷേ ഇവിടെ ബാക്കിയുള്ളവർ ഉണ്ട്. ലാലേട്ടന്റെ മാജിക്ക് കണ്ടു, തെലുങ്കിലെ മഹേഷ് ബാബു തോറ്റുപോകും. മൊത്തത്തിൽ സിനിമ ക്ലീഷേയാണ്, അതിനുപുറമേ മികവില്ലാത്ത സംവിധാനം, അപാകതകൾ നിറഞ്ഞ തിരക്കഥ, ലക്ഷ്യമില്ലാത്തതും ജീവനില്ലാത്തതുമായ കഥ, റോളില്ലാത്ത പ്രമുഖ നടീ നടന്മാർ. പോരാത്തതിന് അവസരോചിതമല്ലാത്തതും അലോസരമായ സംഗീതമുള്ളതുമായ ഒരു ഐറ്റം ഡാൻസും. മോഹൻലാൽ എന്ന നടനോട്, സ്വരം നന്നായതല്ലേ? ഇനി പാട്ട് നിർത്തിക്കൂടെ?

ട്രോളന്മാരെയും വിലക്ക് വാങ്ങുന്ന കാലം, 'ഇതൊരു ചെറിയ സിനിമയാണെ'ന്ന് പൃഥ്വിരാജ് പറഞ്ഞത് ട്രോൾ വിഷയമാക്കി വിവിധ ഗ്രൂപ്പുകൾവഴിയും പേജുകൾ വഴിയും ട്രോളുകൾ നിറഞ്ഞാടി. സ്ത്രീകളും കുട്ടികളും ഫാൻസുകാരും വിമർശകരും എല്ലാവരും ഒരുപോലെ വിശ്വസിച്ചു. സിനിമ കാണാത്ത താൻ പോലുമറിയാതെ തന്നെക്കൊണ്ടുതന്നെ പ്രമോട്ട് ചെയ്യിപ്പിക്കുന്ന സൈക്കോളജിക്കൽ മൂവ്.

ശരിയാണ് മുണ്ടുമടക്കുന്ന മോഹൻലാലിനെ ആളുകൾ ഇഷ്ട്ടപ്പെട്ടിട്ടുണ്ട്, എന്നാൽ ഇവിടെയോ, അതിനുവേണ്ടി കുറയെ സീനുകൾ കെട്ടിച്ചമച്ചു, അതും ഒരു ഫീലുമില്ലാതെ. സത്യം പറയാം സിനിമ കണ്ടപ്പോൾ ഉറക്കം വന്നു. ട്രെയിലറിൽ കാണുന്നതിനുമപ്പുറം ഒരു കഥയുണ്ടാകുമെന്ന് കരുതി, എന്നാൽ തികഞ്ഞ നിരാശ മാത്രം. പ്രതികരിക്കുന്നവരെ/ വിമർശിക്കുന്നവരെ തെറിവിളിക്കാം എന്നാലും സിനിമ നല്ലതാകുന്നില്ല.

അനാവശ്യ കഥാപാത്രങ്ങൾ: പൃഥ്വിരാജ്, ടോവിനോ, ജോണ് വിജയ്, നന്ദു, ബാല, ശിവാജി ഗുരുവായൂർ, ഇന്ദ്രജിത്ത്, ആദിൽ ഇബ്രാഹിം, നൈല ഉഷ, ഷാജോണ്, സായ്കുമാർ, ബൈജു, ഷാൻ റോമി, ശിവദാ നായർ.

നന്നായി അഭിനയിച്ചവർ: വിവേക് ഒബ്രോയ്, മഞ്ജുവാരിയർ, സാനിയ ഇയ്യപ്പൻ

സിനിമകളെ നന്നായി വിലയിരുത്തുന്ന സിനിമ കണ്ടവരോട് മാത്രം ചോദിച്ചിട്ട് ഈ സിനിമയ്ക്കു പോവുക. നായകൾക്കു ഏറ്റവും ഇഷ്ടമുള്ള ഒരു സ്പെല്ലിങ് കൊണ്ടു ഭയങ്കര ബഹളമായിരുന്നു...'L

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP