Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനിതകളുടെ ചെണ്ടവാദ്യം കേട്ടപ്പോൾ സോനാക്ഷിക്ക് ഹരം കയറി; തോളിലിട്ട് ചെണ്ടകൊട്ടി താരറാണി; ശത്രുഘ്‌നൻ സിൻഹയും കുടുംബവും അവധി ആഘോഷിക്കാൻ ഹൗസ് ബോട്ടിൽ കറങ്ങി നടക്കുന്നു

വനിതകളുടെ ചെണ്ടവാദ്യം കേട്ടപ്പോൾ സോനാക്ഷിക്ക് ഹരം കയറി; തോളിലിട്ട് ചെണ്ടകൊട്ടി താരറാണി; ശത്രുഘ്‌നൻ സിൻഹയും കുടുംബവും അവധി ആഘോഷിക്കാൻ ഹൗസ് ബോട്ടിൽ കറങ്ങി നടക്കുന്നു

ആലപ്പുഴ: കേരളത്തിന്റെ സ്വന്തം വാദ്യമായ ചെണ്ട കണ്ടാൽ ആർക്കായാലും ഒന്നു കൊട്ടി നോക്കാൻ തോന്നും. ബോളിവുഡ് താരറാണി സോനാഷി സിൻഹയ്ക്കും  സംഭവിച്ചത് ഇതു തന്നെയാണ്. ചെണ്ട കണ്ടപ്പോൾ ആവേശം കയറിയ സിൻഹ ഉടൻ തന്നെ ഒരു ചെണ്ടവാങ്ങി തോളിലിട്ട് കൊട്ടിനോക്കി. ബോളിവുഡ് നടനും ബിജെപി എംപിയുമായ ശത്രുഘ്‌നൻ സിൻഹയ്ക്ക് ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ ജന്മദിനം ആഘോഷിക്കാൻ വേണ്ടി എത്തിയതായിരുന്നു സോനാക്ഷി സിൻഹി. പിതാവിനു കേക്ക് മുറിച്ചു നൽകാൻ മകളും പ്രസിദ്ധ ബോളിവുഡ് നടിയുമായ സൊനാക്ഷി സിൻഹയും മാതാവ് പുനം സിൻഹയും സഹോദരന്മാരും ആലപ്പുഴയിൽ എത്തി. കുറച്ചു ദിവസം ആലപ്പുഴയിൽ കറങ്ങി നടക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം.

ഇന്നലെ എത്തിയ ബിജെപി എംപിയെ കേരളത്തിന്റെ പരമ്പരാഗത ശൈലികളോടെയാണ് സ്വീകരിച്ചത്. കളരിപ്പയറ്റ്, വനിതകളുടെ ചെണ്ടവാദ്യം ഉൾപ്പെടെയുള്ളവ ഇവർക്കായി റയിൻബോ ക്രൂയിസസ് ഒരുക്കിയിരുന്നു. മുല്ലപ്പൂ മാലയണിയിച്ചും സിന്ദൂരം തൊട്ടുമാണ് അതിഥികളെ സ്വീകരിച്ചത്. ഇതിനിടെയാണ വനിതകളുടെ ചെണ്ടവാദ്യവും അരങ്ങേറിയത്. വനിതകളുടെ ചെണ്ടവാദ്യം കണ്ട് അതിശയം പൂണ്ട സൊനാക്ഷി സിൻഹ ആവേശപൂർവം ഒപ്പം ചേർന്നു. ചെണ്ട തോളിലേറ്റി വനിതകൾക്കൊപ്പം താളത്തിൽ വായിച്ചു. ശത്രുഘ്‌നൻ സിൻഹയും ഭാര്യയും മകളുടെ ഒപ്പം നിന്നു പ്രോൽസാഹിപ്പിച്ചു.

കായൽപരപ്പും തെങ്ങിൻതലപ്പുകളും നെൽപ്പാടങ്ങളും അലങ്കരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ കുടുംബാംഗങ്ങളോടൊത്ത് ആഘോഷിക്കുന്ന ജന്മദിനം മറക്കാനാവില്ലെന്നു ശത്രുഘ്‌നൻ സിൻഹ മാദ്ധ്യമങ്ങളോടായി പറഞ്ഞു. വിനോദസഞ്ചാരം സംബന്ധിച്ച പാർലമെന്ററി സമിതി അംഗം കൂടിയായ ശത്രുഘ്‌നൻ സിൻഹ മൂന്നു മാസം മുൻപ് ആലപ്പുഴ സന്ദർശിച്ചിരുന്നു. അന്നു കേരളത്തിന്റെ പ്രകൃതിഭംഗിയിൽ മയങ്ങിയ അദ്ദേഹം കുടുംബാംഗങ്ങൾക്കൊപ്പം ഉടൻ വീണ്ടും വരുമെന്നു വാഗ്ദാനം നൽകിയിരുന്നു. അതിന്റെ പൂർത്തീകരണത്തിനാണ് എല്ലാവരുമൊത്ത് എത്തിയതെന്നു ശത്രുഘ്‌നൻ സിൻഹ പറഞ്ഞു.

വിനോദസഞ്ചാര മേഖലയിൽ കേരളത്തിന് അനന്തമായ സാധ്യതകളാണ് ഉള്ളതെന്നു സാക്ഷ്യപ്പെടുത്തിയ ശത്രുഘ്‌നൻ സിൻഹ, കേരളത്തിന്റെ പ്രശസ്തി ആഗോളതലത്തിൽ എത്തിക്കാൻ പരിശ്രമിക്കുമെന്ന് ഉറപ്പു നൽകി. ഇവിടുത്തെ കായൽപരപ്പുകളും വഞ്ചിവീടു യാത്രയും അനുപമമാണ്. കഴിഞ്ഞ തവണ തേക്കടി സന്ദർശിച്ചതിന്റെ ഓർമകൾ മറക്കാനാവില്ല. മൂന്നാർ സന്ദർശിക്കാൻ ഉടൻ വീണ്ടുമെത്തും. കേരളത്തിന്റെ മലനിരകളുടെ സൗന്ദര്യം വർണനയ്ക്ക് അതീതമാണ്. പ്രകൃതിഭംഗിയിൽ കശ്മീരിനെപ്പോലും കേരളം തോൽപിക്കും. ഇതു നിങ്ങൾ മനസ്സിലാക്കുന്നില്ല. വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ല - അദ്ദേഹം പറഞ്ഞു.

കുടുംബത്തോടൊപ്പം ചെലവിടുന്ന ദിനങ്ങളായതിനാൽ രാഷ്ട്രീയം ഒഴിവാക്കണം എന്നഭ്യർഥിച്ച സിൻഹ, രാഷ്ട്രീയ പരാമർശങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്നു. ഇന്നലെ ഉച്ചതിരിഞ്ഞു വഞ്ചിവീട്ടിൽ കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സന്ദർശിച്ച ശേഷം തിരികെ എത്തി. രാത്രി വൈകി വഞ്ചിവീട്ടിൽ തന്നെ ജന്മദിനാഘോഷവും നടത്തി. മക്കളായ ലവ്, കുശ് എന്നിവരെ കൂടാതെ സിൻഹയുടെ സഹോദരനും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. കരിമീൻ, മീൻകറി, കപ്പ, കേരള ചെമ്മീൻകറി, കട്‌ലറ്റ്, സാമ്പാർ എന്നിങ്ങനെ 19 ഇനം തനി കേരളീയ ഭക്ഷണമാണു വിശിഷ്ടാതിഥികൾക്കായി ഒരുക്കിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP