Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൈവശം സിനിമ എത്തിയതിനുശേഷം ഞാൻ അവരുടെ ശത്രുവായി; എന്നെക്കൊണ്ട് പാട്ടെഴുതിക്കേണ്ടെന്ന് അവർ തന്നെ പറഞ്ഞു; പല സംവിധായകരും അവരെ ഭയന്ന് എന്നെ വിളിച്ചില്ല; ശ്രീകുമാരൻ തമ്പി മനസ്സ് തുറക്കുന്നു

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൈവശം സിനിമ എത്തിയതിനുശേഷം ഞാൻ അവരുടെ ശത്രുവായി; എന്നെക്കൊണ്ട് പാട്ടെഴുതിക്കേണ്ടെന്ന് അവർ തന്നെ പറഞ്ഞു; പല സംവിധായകരും അവരെ ഭയന്ന് എന്നെ വിളിച്ചില്ല; ശ്രീകുമാരൻ തമ്പി മനസ്സ് തുറക്കുന്നു

കൊച്ചി: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൈവശം സിനിമ എത്തിയതിനുശേഷം ഞാൻ അവരുടെ ശത്രുവായെന്ന് ശ്രീകുമാരൻ തമ്പി. മോഹൻലാൽ തന്നെ മനഃപൂർവം നിരാകരിച്ചെന്നും എന്നെക്കൊണ്ട് പാട്ടെഴുതിക്കേണ്ടെന്ന് അവർ തന്നെ പറഞ്ഞുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീകുമാരൻ തമ്പിയുടെ വെളിപ്പെടുത്തൽ.

സത്യം പറയാൻ എനിക്ക് മടിയില്ല. സിനിമയിൽ താരാധിപത്യം ഉണ്ടായപ്പോൾ ഞാൻ സിനിമ വിട്ട് സീരിയൽ രംഗത്തേക്ക് വന്നു. മലയാള സിനിമയെ തകർത്ത് തരിപ്പണമാക്കിയത് താരാധിപത്യമാണ്. പ്രേം നസീറിന്റെ കാലത്ത് അദ്ദേഹം തന്റെ ക്യാമറാമാൻ ആ വ്യക്തിയാകണം എന്നൊന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ താരാധിപത്യം ശക്തമായപ്പോൾ പലനടന്മാരും സിനിമയെ പൂർണമായി നിയന്ത്രിക്കാൻ തുടങ്ങി. ഇവിടുത്തെ സൂപ്പർതാരങ്ങൾക്കും മെഗാ സ്റ്റാറുകൾക്കും നല്ല പങ്കുണ്ട്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൈവശം സിനിമ എത്തിയതിനുശേഷം ഞാൻ അവരുടെ ശത്രുവായി.

എന്നെക്കൊണ്ട് പാട്ടെഴുതിക്കേണ്ടെന്ന് അവർ തന്നെ പറഞ്ഞു. പല സംവിധായകരും അവരെ ഭയന്ന് എന്നെ വിളിച്ചില്ല. മോഹൻലാൽ സെക്കന്റ് ഹീറോ ആയി വന്ന എനിക്ക് ഒരു ദിവസം എന്ന സിനിമയും നായകനായ യുവജനോത്സവവും സംവിധാനം ചെയ്തത് ഞാനാണ്. മോഹൻലാലിനെ നായകപദവിയിലേക്ക് ഉയർത്താൻ ഒരുപാട് സഹായിച്ച സിനിമയാണിത്. മോഹൻലാൽ ഈയിടെ ഒരു വേദിയിൽ ആയിരക്കണക്കിന് ആളുകളുടെ മുൻപിൽ വച്ച് എന്നോട് കടപ്പാട് പറഞ്ഞു. പക്ഷേ യുവജനോത്സവത്തിന് ശേഷം എനിക്ക് ഒരു കോൾ ഷീറ്റ് അദ്ദേഹം തന്നില്ല. യുവജനോത്സവം അന്നത്തെ കാലത്ത് സൂപ്പർഹിറ്റായിരുന്നു. മോഹൻലാൽ എന്നെ മനഃപൂർവം നിരാകരിച്ചു.

മമ്മൂട്ടിയെ നായക സ്ഥാനത്തേക്കുയർന്നത് എന്റെ സിനിമയിലാണ്. മുന്നേറ്റത്തിൽ. ഐ.വി ശശി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ തൃഷ്ണയാണ് മമ്മൂട്ടിക്ക് ബ്രേക്ക് നൽകിയതെന്ന് പറയുന്നത് കേട്ടു. അതല്ല സത്യം. മുന്നേറ്റത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്പോൾ ഐ.വി ശശി എന്നെ വിളിച്ചു ചോദിച്ചു. ആ പയ്യൻ കൊള്ളാമോ എന്ന്. ഞാൻ പറഞ്ഞു ധൈര്യമായി കാസ്റ്റ് ചെയ്തോളാൻ. പിന്നീട് മമ്മൂട്ടിയെ നായകനാക്കി വിളിച്ചു വിളി കേട്ടു എന്ന സിനിമ എടുത്തു. തോപ്പിൽ ഭാസിയായിരുന്നു സ്‌ക്രിപ്റ്റ്. അഭിനയിക്കാൻ എത്തിയപ്പോൾ മമ്മൂട്ടി ചോദിച്ചു 'ആരാ ക്യാമറാമാൻ'. ഞാൻ പറഞ്ഞു മുന്നേറ്റത്തിലെ ധനഞ്ജയൻ ആണെന്ന്. അപ്പോൾ മമ്മൂട്ടി പറഞ്ഞു 'ധനഞ്ജയൻ വേണ്ട, അജയ് വിൻസന്റിനെയോ ബാലുമഹീന്ദ്രയേയോ മതി. ചെറിയ ആളുകൾ വേണ്ട'. ഞാൻ അങ്ങനെ നേരത്തേ വിചാരിച്ചെങ്കിൽ മമ്മൂട്ടി നായകനാവില്ല. മമ്മൂട്ടി പിന്നീട് ആജ്ഞാപിക്കാൻ തുടങ്ങി

കുട്ടിക്കാലം മുതൽ കവിത എഴുതുന്ന വ്യക്തിയാണ് ഞാൻ. പത്തിലധികം കവിതാ സമാഹാരങ്ങൾ ഇറക്കിയിട്ടുണ്ട് എന്നാൽ എന്റെ ഒരു കവിത പോലും ടെക്സ്റ്റ് ബുക്കുകളിൽ അച്ചടിച്ചു വന്നിട്ടില്ല. മഹാകവി അക്കിത്തം പോലും പുകഴ്‌ത്തിയ കവിതകളുണ്ട്. ഇന്ന് ഗദ്യത്തിൽ എഴുതുന്ന ആളുകളുടെ കവിത ബി.എക്കാർക്കും എം.എക്കാർക്കും പഠിക്കാനുണ്ട്.

ഒരിക്കൽ ഒരു പുരോഗമനവാദിയായ ഒരാൾ കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി വന്നു. കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിനുള്ള അവസാന പട്ടികയിൽ എന്റെ കവിത വന്നു. ഒരിക്കൽ ഞാൻ അദ്ദേഹത്തിനെ നേരിട്ടു കണ്ടപ്പോൾ എന്റെ പുസ്തകം അവസാന പട്ടികയിൽ ഉണ്ടെന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞു 'അങ്ങനെ സിനിമയിലും സാഹിത്യത്തിലും സുഖിക്കേണ്ട. സിനിമയിൽ ഒരുപാട് പുരസ്‌കാരം കിട്ടിയില്ലേ. അതുമതി'. ഞാൻ ഒന്നിലധികം രംഗങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ പലർക്കും ശത്രുത തോന്നും. അതിൽ വിജയിക്കുക കൂടി ചെയ്തപ്പോൾ. 270 സിനിമയ്ക്ക് ഞാൻ പാട്ടെഴുതി. 85 സിനിമകൾക്ക് തിരക്കഥ എഴുതി. 30 സിനിമ സംവിധാനം ചെയ്തു. 20 സിനിമ നിർമ്മിച്ചു. ജീവിതത്തിൽ ഞാൻ ഒരുപാട് ശത്രുക്കളെ നേരിടേണ്ടി വന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP