Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചലച്ചിത്ര അവാർഡ് നിശ ഞായറാഴ്ച; 2016ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളും അടൂർ ഗോപാലകൃഷ്ണന് ജെ.സി. ഡാനിയൽ അവാർഡും തലശ്ശേരിയിൽ വിതരണം ചെയ്യും

ചലച്ചിത്ര അവാർഡ് നിശ ഞായറാഴ്ച; 2016ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളും അടൂർ ഗോപാലകൃഷ്ണന് ജെ.സി. ഡാനിയൽ അവാർഡും തലശ്ശേരിയിൽ വിതരണം ചെയ്യും

തിരുവനന്തപുരം : 2016 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ വിതരണവും മലയാള ചലച്ചിത്ര ലോകത്തിനു നൽകിയ സമഗ്ര സംഭാവനയ്ക്ക് അടൂർ ഗോപാലകൃഷ്ണന് നൽകുന്ന ജെ.സി ഡാനിയൽ പുരസ്‌കാര സമർപ്പണവും ഞായറാഴ്ച അരങ്ങേറും. തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാംസ്കാരിക വകുപ്പു മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മാത്യൂ ടി തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി തോമസ് ചാണ്ടി, കെ.കെ. ശൈലജ ടീച്ചർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും.

മലയാളത്തിലെ പ്രമുഖ താരങ്ങളായ മധു, ഷീല, മഞ്ജു വാര്യർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. മലയാള സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് 13 ചലച്ചിത്ര പ്രതിഭകളെ ചടങ്ങിൽ ആദരിക്കും. കെ.പി. കുമാരൻ, രാഘവൻ, ഐ.വി. ശശി, പൂവച്ചൽ ഖാദർ, ശ്രീനിവാസൻ, ടി.വി. ചന്ദ്രൻ, പി.വി. ഗംഗാധരൻ, ശ്രീധരൻ ചമ്പാട്, നിലമ്പൂർ ആയിഷ, കുട്ട്യേടത്തി വിലാസിനി, കവിയൂർ പൊന്നമ്മ, ബി. വസന്ത, സീമ എന്നിവരെയാണ് ആദരിക്കുന്നത്.

വിവിധ വിഭാഗങ്ങളിലായി 45 ഓളം അവാർഡുകളാണ് ചടങ്ങിൽ വിതരണം ചെയ്യുക. നല്ല സിനിമയ്ക്ക് താരമല്ല നടനാണ് പ്രധാനം എന്നതിന് ഉദാഹരണങ്ങളാണ് മികച്ച നടനായി തെരെഞ്ഞെടുക്കപ്പെട്ട വിനായകനും മികച്ച സ്വഭാവ നടൻ മണികണ്ഠൻ ആചാരിയും, മികച്ച നടി രജിഷ വിജയനും സ്വഭാവ നടി പി.കെ. കാഞ്ചനയും. മികച്ച ചിത്രമായ മാൻഹോളിന്റെ സംവിധായക വിധു വിൻസെന്റ് ആണ് മികച്ച സംവിധായിക.

അവാർഡ് വിതരണത്തിന് ശേഷം പ്രമുഖ ചലച്ചിത്ര താരം ശോഭനയും സംഘവും അവതരിപ്പിക്കുന്ന നൃത്തത്തോടെ കലാപരിപാടികൾ ആരംഭിക്കും. ലക്ഷ്മി ഗോപാല സ്വാമി, വിനീത്, വിനീത്കുമാർ, റോമ, റീമ കല്ലിങ്കൽ തുടങ്ങിയവർ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ ചടങ്ങിനു മാറ്റുകൂട്ടും. 2016 ലെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടിയ എം ജയചന്ദ്രൻ നയിക്കുന്ന സംഗീത വിരുന്നിൽ സുദീപ്കുമാർ, ഗായത്രി, അൻവർ സാദത്ത്, സിതാര കൃഷ്ണകുമാർ, രമേഷ് നാരായണൻ, മധുവന്തി, സൂരജ്സന്തോഷ്, രാജലക്ഷ്മി, ശ്രേയ, വി.ടി. മുരളി, ജിതേഷ് സുന്ദരം എന്നിവർ ഗാനങ്ങൾ ആലപിക്കും.

രമേഷ് പിഷാരടി, കോട്ടയം നസീർ, സുരഭി ലക്ഷ്മി, വിനോദ് കോവൂർ എന്നിവർ അവതരിപ്പിക്കുന്ന ഹാസ്യ പരിപാടികളും ഉണ്ടായിരിക്കും. ജനകീയ ഉത്സവമായി തലശ്ശേരിയിൽ നടത്തുന്ന അവാർഡ്ദാനത്തോടനുബന്ധിച്ച് ചടങ്ങിന്റെ സന്ദേശവുമായി ലളിതകലാ അക്കാദമി തലശ്ശേരി കടൽപ്പാലത്തിൽ മലയാള സിനിമയിലെ അനശ്വര കഥാപാത്രങ്ങളെ ക്യാൻവാസിൽ പകർത്തിയുള്ള ചിത്രകാര സംഗമം സംഘടിപ്പിച്ചിരുന്നു.

മലയാളത്തിലെ ക്രിക്കറ്റ് സിനിമകളുടെ പ്രദർശനം, കേക്കുമേള, സിനിമയിലെ കളരിദൃശ്യങ്ങളുടെ പ്രദർശനം, കെ. രാഘവൻ അനുസ്മരണം, ഫോട്ടോ പ്രദർശനം, സംഗീതോപകരണ പ്രദർശനം, നാടകം തുടങ്ങിയ അനുബന്ധ പരിപാടികൾ എരഞ്ഞോളി മൂസയുടെ ഇസൽ രാവും ഫോക്ക്ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ നയിക്കുന്ന ഫോക്ക് ഫ്യൂഷനും ഉണ്ടായിരുന്നു. മൂന്ന് ദിവസം പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പുകൾ ഒരുക്കുന്ന പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. തലശ്ശേരി എംഎ‍ൽഎ എ.എൻ. ഷംസീർ ചെയർമാനും ചലച്ചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്ളി ജനറൽ കൺവീനറുമായ സ്വാഗത സംഘമാണ് അവാർഡ്ദാന ചടങ്ങിന്റെ സംഘാടനത്തിന് നേതൃത്വം നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP