Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപ്പവും വീഞ്ഞും സിനിമാ ഗായികയാക്കി; പാട്ടുകാരിയാക്കിയത് പപ്പയുടേയും മമ്മിയുടേയും സപ്പോർട്ട്; സംഗീത വിശേഷങ്ങൾ തുറന്നു പറഞ്ഞ് കെയാ പോത്തൻ

അപ്പവും വീഞ്ഞും സിനിമാ ഗായികയാക്കി; പാട്ടുകാരിയാക്കിയത് പപ്പയുടേയും മമ്മിയുടേയും സപ്പോർട്ട്; സംഗീത വിശേഷങ്ങൾ തുറന്നു പറഞ്ഞ് കെയാ പോത്തൻ

ടനും നിർമ്മാതാവും സംവിധായകനുമായ പ്രതാപ് പോത്തന്റെ മകളാണ് കെയാ പോത്തൻ. എന്നാൽ ഇങ്ങനെ പറഞ്ഞില്ലെങ്കിലും കെയയെ എല്ലാവരും തിരിച്ചറിയും. നല്ലൊരു പാട്ടുകാരിയാണ് താനെന്ന പേര് കുറച്ചു കാലം കൊണ്ടു തന്നെ ഈ കൊച്ചു മിടുക്കി നേടിയെടുത്തു. ഇന്നിപ്പോൾ അറിയപ്പെടുന്ന പ്ലേബാക്ക് സിങ്‌റാണ് പ്രതാപ് പോത്തന്റെ മകൾ

കുട്ടിക്കാലത്ത് പപ്പയുടെയും മമ്മിയുടെയും മുമ്പിൽ ചെറിയ ഗിത്താറും തോളിൽ തൂക്കി നെറ്റിയിൽ ബാൻഡുമിട്ട് റോക്ക് സ്റ്റാർ സ്‌റ്റൈലിൽ പാട്ടുപാടിയ കെയയുടെ താൽപര്യമറിഞ്ഞ് പ്രോൽസാഹനമെത്തി. പാട്ട് എന്നതിനേക്കാളുപരി പാട്ടുകാരുടെ സ്റ്റൈലാണ് കുഞ്ഞു കെയയെ കുട്ടിക്കാലത്ത് ആകർഷിച്ചത്. വളർന്നപ്പോൾ കെയയോടൊപ്പം പാട്ടിനോടുള്ള ആഗ്രഹങ്ങളും വളർന്നു. റോക്ക് സിങ്ങേഴ്‌സിന്റെ സ്‌റ്റൈൽ മാറി ശബ്ദം കെയയുടെ മനസിലേക്കിറങ്ങി ചെല്ലാൻ തുടങ്ങി. ആ സംഗീതം തന്റെയുള്ളിലേയ്ക്ക് ഇറങ്ങി ചെന്നപ്പോൾ സംഗീതമാണ് തന്റെ വഴി എന്ന് കെയയ്ക്ക് മനസിലായി. ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് സംഗീതം പഠിക്കാൻ പോണ്ടിച്ചേരിക്ക് തിരിച്ചു. ആ യാത്ര പിഴച്ചില്ല. സംഗീത പഠനത്തിനിടയിൽ സിനിമയിൽ പാടാൻ അവസരവും തേടിയെത്തി. മികവ് തെളിയിക്കുക കൂടെ ചെയ്തപ്പോൾ ഒരു പാട്ടുകൾ ഈ ഗായികയ്ക്ക് വേണ്ടി ഒരുങ്ങി

കെയ എന്ന സംസ്‌കൃത പദത്തിനർത്ഥം പൂവ് എന്നാണ്. പപ്പയുടെയും മമ്മിയുടെയും ജീവിതത്തിന് സുഗന്ധവും സൗന്ദര്യവും നൽകുന്ന പൂവായതുകൊണ്ടായിരിക്കണം അവരെനിക്ക് കെയ എന്നു പേരിട്ടത്. കുട്ടിയായിരുന്നപ്പോൾ എന്റെ കലാപരിപാടികൾ കാണുന്നതായിരുന്നു അവരുടെ ഏറ്റവും വലിയ സന്തോഷം. ചെറുപ്പം മുതൽ പാട്ട് പഠിക്കുന്ന കുട്ടിയൊന്നുമല്ലായിരുന്നു ഞാൻ. സ്‌കൂളിലും പാട്ട് പാടാൻ സ്‌റ്റേജിൽ കയറിയിട്ടില്ല. ബാത്തറൂം സിങ്ങർ മാത്രമായിരുന്നു എന്നു സാരം. കോളജിൽ ചേർന്നപ്പോഴും മാസ്സ് മീഡിയയും ജേർണലിസവുമാണ് പഠിച്ചത്. എന്റെ ഓർമ്മയിൽ സ്‌കൂളിൽ പഠിക്കുമ്പോൾ പാട്ടുപാടാൻ ഒരിക്കലേ ഞാൻ സ്റ്റേജിൽ കയറിയിട്ടുള്ളു. അതും ഒരു പ്രാർത്ഥനാ ഗ്രൂപ്പ് സോങ്. സ്‌പോർട്‌സായിരുന്നു അക്കാലത്ത് എന്റെ ഇഷ്ടം. ഫുട്‌ബോൾ, ബാസ്‌ക്കറ്റ് ബോൾ ഒക്കേ. ചെന്നൈയിലെ ലേഡി ആണ്ടാർ സ്‌കൂളിലായിരുന്നു ഞാൻ പഠിച്ചത്-കെയ തന്റെ കുട്ടിക്കാലവും പഠനകാലവും ഓർക്കുന്നു. 

കുറ്റാന്വേഷണ കഥകളോട് ചെറുപ്പം മുതലുള്ള താത്പര്യമാണ് സ്‌കൂളിങ് കഴിഞ്ഞഅ ജേർണലിസം പഠിക്കാൻ പ്രേരിപ്പിച്ചത്. ബി എം എം ആണ് പഠിച്ചത്. മേജറായി ജേർണലിസം എടുത്തു. ഡിഗ്രി കഴിഞ്ഞ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് കിഡ് ഫൗണ്ടേഷൻ എന്നൊരു എൻ ജി ഒ യിൽ ആറുമാസം ജോലി ചെയ്തു. അതു കഴിഞ്ഞ് ബംഗലൂരുവിൽ ലോവ് ലിന്റാസ് എന്നൊരു പരസ്യ ഏഡൻസിയിൽ ക്രിയേറ്റീവ് കോപ്പിറൈറ്ററായി ഒരു വർഷത്തോളം ജോലി ചെയ്തിരുന്നു. ഫാസ്റ്റ് ട്രാക്കിന്റെ ആ സമയത്തെ പരസ്യമൊക്കെ ഞങ്ങൾ ചെയ്തതാണ്. കുട്ടിക്കഥകളും കവിതളും എഴുതാറുണ്ട്. ഈ കഴിവ് പരസ്യത്തിന് ടാഗ് ലൈൻ എഴുതാൻ സഹായിച്ചു. എഴുതുന്ന ശീലം ചെറുപ്പം മുതലുണ്ട്. നന്നായി വായിക്കുന്ന കൂട്ടത്തിലായിരുന്നു. ഡിറ്റക്ടീവ് കഥകളോടാണ് അന്നും ഇന്നും താത്പര്യം.

ഒരു കുടുംബം എന്നാണെങ്കിലും അവിടെത്തെന്നെ രണ്ടാമത്തെയാളുടെ വ്യക്തിത്വത്തെ മാനിക്കണമെന്നാണ് പപ്പ പറയുന്നത്. അതുകൊണ്ട് തന്നെ എനിക്കെല്ലാക്കാര്യത്തിലും ഫ്രീഡം തന്നു വളർത്തി. അത് ചെയ്യു. അതിങ്ങനെ ചെയ്യൂ എന്നു പറയുന്ന ശീലം പപ്പയ്ക്കില്ല. എന്തു തീരുമാനവും സ്വന്തമായി എടുക്കണം എന്ന പക്ഷക്കാരനാണ് പപ്പ. കഴിയുമെങ്കിൽ ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്നാണ് പപ്പ പറഞ്ഞു തന്നത്. അത് തുണയാവുകയും ചെയ്തു. എനിക്ക് ജീവിതത്തിൽ എന്താണ് വേണ്ടതെന്ന് എനിക്കല്ലേ അറിയാൻ സാധിക്കു. എടുക്കുന്ന തീരുമാനങ്ങളിൽ തെറ്റും ശരിയും ഉണ്ടാകാം. അത് സ്വാഭാവികമാണ്. പക്ഷേ സ്വന്തം മനസിന്റെ ശരി കണ്ടെത്തി തീരുമാനമെടുക്കണമെന്നാണ് പപ്പയുടെ വാദം. അത് നല്ലതാണെന്നാണ് ഞാനും വിശ്വസിക്കുന്നത്. മമ്മിക്കും അതിനോട് യോജിപ്പാണ്. ഞാൻ എടുക്കുന്ന തീരുമാനങ്ങൾ തെറ്റിപ്പോയാൽ രണ്ടുപേരും മുഴുവൻ പിന്തുണയുമായി എന്റിരികിലേയ്ക്ക ഓടിയെത്തും. അതാണ് എന്റെ ഏറ്റവും വലിയ ധൈര്യം.

എന്റെ എല്ലാകാര്യങ്ങളിലും ഞാൻ തന്നെയാണ് തീരുമാനം എടുക്കുന്നത്. പപ്പ ഷൂട്ടിങിന് പോകുമ്പോഴും മമ്മി ബിസിനസ് ട്രിപ്പ് പോകുമ്പോഴും മിസ് ചെയ്യുമായിരുന്നു പക്ഷേ അവരെ എപ്പോഴും കണ്ടുകൊണ്ടിരിക്കുകണമെന്ന് വാശിയൊന്നും ഇല്ലായിരുന്നു. കഴിഞ്ഞ ആറുവർഷമായി വീട്ടിൽ നിന്നു മാറിയാണ് താമസിക്കുന്നത്. അക്കാലഘട്ടങ്ങളിൽ എനിക്ക് കൂട്ടായിരുന്നത് സംഗീതമാണ്. അതെന്നെ ഒറ്റയ്ക്കായി എന്ന ഫീലിങ് ഒഴിവാക്കാൻ സഹായിച്ചു. എന്റെയുള്ളിൽ റോക്കും സൈക്കഡലിക് സംഗീതവും നിറച്ചത് പപ്പയാണ്. അഭിനയം എന്റെ മേഖലയല്ല. ക്യാമറയ്ക്കു മുമ്പിൽ വരണമെന്നും ആഗ്രഹിക്കുന്നില്ല. ഒരു പക്ഷേ ക്യാമറയ്ക്കു പിന്നിൽ ചിലപ്പോൾ കണ്ടേക്കും. ഒരു ഡിക്ടറ്റീവ് കഥയെഴുത്തുകാരിയായി. അതിലും ഈ കൊച്ചു കലാകാരിക്ക് ഇപ്പോൾ ഉറപ്പു പറയാനില്ല.

പപ്പയുടെ ഇപ്പോഴുള്ള കഥാപാത്രങ്ങളെല്ലാം ക്രേസിയാണ്. മിക്കവാറും സിനിമകൾ കാണാൻ ശ്രമിക്കാറുമുണ്ട്. പപ്പയുടെ ഇഷ്ടമല്ലാത്ത കതാപാത്രം ഏതെന്ന് ചോദിച്ചാൽ 22 എഫ് കെ യിലെ വേഷമാണ്. ചില സീനുകൾ കണ്ടപ്പോൾ പപ്പ എന്നതിനപ്പുറം ആ കഥാപാത്രമായിരുന്നു എന്റെ മുമ്പിൽ. എനിക്ക് തന്നെ തോന്നി ഇയാളെന്തൊരു മനുഷ്യനാണ് എന്ന്. ഒരാൾക്ക് ഇങ്ങനെയൊക്കെ പെരുമാറാൻ സാധിക്കുമോയെന്ന് തോന്നി. പപ്പയുടെ ആ സിനിമയിറങ്ങിയപ്പോൾ ഏകദേശം എന്റെ പ്രായം തന്നെയാണ് അതിലെ നായികയ്ക്കും. ഏറ്റവും ഇഷ്ടപ്പെട്ട സിനിമ പപ്പ സംവിധാനം ചെയ്ത് അഭിനയിച്ച മീണ്ടും ഒരു കാതൽ കഥൈ ആണ്. മാനസിക പ്രശ്‌നങ്ങളുള്ള ആളുടെ കുടുംബത്തിന്റെ കഥയാണത്. പപ്പയുടെ സിനിമകളെക്കുറിച്ച് ഞങ്ങൾ സംസാരിക്കാറുണ്ട്. ഇഷ്ടപ്പെട്ടില്ലെങ്കിൽ അതങ്ങനെ തന്നെ തുറന്നു പറയും.

അപ്പ അഭിനയിക്കുന്നതുകൊണ്ട് എനിക്ക് അഭിനയിക്കണമെന്ന നിർബന്ധമില്ല. ചെറുപ്പം മുതൽ ഞാൻ സ്‌കൂൾ ഡ്രാമയിലും മറ്റും അഭിനയിക്കുമായിരുന്നു. അതിനുശേഷം കുറച്ചുനാൾ തീയേറ്റർ ആർട്ടിസ്റ്റായിരുന്നു. ഒരു പ്രായത്തിൽ അതൊക്കെയുണ്ടായിരുന്ു. സംഗീതമാണ് എന്റെ ലോകം എന്ന തിരിച്ചറിഞ്ഞതിനു ശേഷം ഞാൻ ആ മേഖലയിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. മമ്മി അമല പോത്തൻ ആണെന്റെ റോൾ മോഡൽ. എല്ലാക്കാര്യത്തിലും മമ്മിയാണെന്റെ ബാക്ക് ബോൺ. ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ മുതൽ ഞാൻ മമ്മിയുടെ മുമ്പിലാണ് എന്റെ എല്ലാ കലാപരിപാടികളും അവതരിപ്പിച്ചിരിക്കുന്നത്. അത് മുഴുവൻ ക്ഷമയോടെ കണ്ടതിലെ തെറ്റുകളും കുറ്റങ്ങളും തിരുത്തിയിരുന്നത് മമ്മിയായിരുന്നു. മമ്മി കോർപ്പറേറ്റ് സെക്ടറിലാണ് ജോലി ചെയ്യുന്നത്. റ്റാറ്റാ റിയൽറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചറിന്റെ കീഴിലുള്ള രാമാനുജൻ ഐടി സിറ്റിയിലെ ഓപ്പറേഷൻ വിങ്ങിലാണ്.

സംഗീത വഴിയിലേയ്ക്ക് തിരിഞ്ഞപ്പോൾ പപ്പയും മമ്മിയും തന്ന സപ്പോർട്ട് വളരെ വലുതായിരുന്നു. എന്റെ ആദ്യത്തെ സിനിമയാണ് അപ്പവും വീഞ്ഞും. പപ്പ ആ സിനിമയിൽ അഭിനയിക്കുന്നുണ്ട്. അങ്ങനെയാണ് ആ സിനിമയുടെ സെറ്റിൽ പോയത്. സിനിമയിൽ പാടണമെന്ന ആഗ്രഹമൊന്നും അത്രയ്ക്കുണ്ടായിരുന്നില്ല. കാരണം സാധാരണ പ്ലേബാക്ക് സിങ്ങേഴ്‌സിനെ പോലെ മധുരമായി പാടുന്നതല്ല എന്റെ രീതി. എന്റെ ശബ്ദം ആ ആ സിനിമയിൽ യോജിക്കുന്നതുകൊണ്ടാണ് പാടിയത്. ഔസേപ്പച്ചനങ്കിൽ തന്ന സപ്പോർട്ട് വളരെ വലുതാണ്. ടൈറ്റിൽ സോങ് പാടിയത് ഔസേപ്പച്ചൻ തന്നെയാണ്. അതിനിടയിലുള്ള ഇംഗ്ലീഷ് പോർഷൻ ആണ് ഞാൻ പാടിയത്. ലിറിക്‌സ് എഴുതിയതും ഞാൻ തന്നെയാണ്. അപ്പവും വീഞ്ഞിലെ പാട്ടിനു ശേഷം എനിക്കെന്റെ ശബ്ദത്തെക്കുറിച്ചും പാടുന്ന രീതിയെ കുറിച്ചും കൂടുതൽ മനസിലായി.

ഒരുപാട് സ്റ്റേജുകളിൽ പാടുക, ഒരു നല്ല പാട്ടുകാരിയായി അറിയപ്പെടുക, എന്റെ ഏറ്റവും വലിയ സ്വപ്‌നമാണത്. എന്റെ വഴി സംഗീതമാണ് എന്നു തിരിച്ചറിഞ്ഞ നിമിഷം മുതൽ അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്. എന്റെ സ്വപ്‌നം എന്നു പറുന്നതിനേക്കാൾ എനിക്കുണ്ടായ ഉൾവിളി എന്നുപറയാം. എന്റെ ആശയങ്ങളും വികാര വിചാരങ്ങളും ആളുകളിലേയ്‌ക്കെത്തിക്കുക എന്നതാണ് എന്റെ ആഗ്രഹം- കെയാ പോത്തൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP