Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജാവിന്റെ മകനെ മലയാളി മറക്കില്ല, കണ്ണന്താനത്തേയും; ലാലിനെ സൂപ്പറാക്കിയ മനസ്സ് നിറയെ ഇപ്പോഴും സിനിമ തന്നെ; സംവിധായക മേലങ്കി വീണ്ടും തമ്പി കണ്ണന്താനം അണിയുമോ?

മെഡിസിൻ പഠിച്ചാൽ ഡോക്ടറാകാം, എഞ്ചിനീയറിങ് പഠിച്ചാൽ എഞ്ചിനീയറും. എക്ഷേ സിനിമ പഠിച്ചാൽ ഒരിക്കലും സിനിമാക്കാരനാകില്ല. അറിയാനുള്ള വ്യഗ്രതയും ഡെഡിക്കേഷനും, ഏതു കഷ്ടപ്പാടും നേരിടാനുള്ള മനഃസ്ഥിതിയും, ഒന്നുമായില്ലെങ്കിലും പരിഭവമില്ല എന്ന ചിന്താഗതിയുമുണ്ടെങ്കിലേ സിനിമയിൽ എന്തെങ്കിലും ആകാൻ കഴിയൂ- രാജാവിന്റെ മകനിലൂടെ മലയാളിയുടെ സൂപ്പർ സംവിധായനായ തമ്പി കണ്ണന്താനത്തിന് പുതു തലമുറയോട് പറയാനുള്ളത് ഇതാണ്. നേരത്തേ കരുതിവച്ച വഴികളിലൂടെ സിനിമയിലെത്തുന്നവർ അപൂർവ്വമാണെന്നും കണ്ണന്താനം കൂട്ടിച്ചേർക്കുന്നത് സ്വന്തം അനുഭവതാളിൽ നിന്നാണ്.

സംവിധായകനും, നടനും, നിർമ്മാതാവും, തിരക്കഥാകൃത്തുമായി മലയാള സിനിമയിൽ നിറഞ്ഞ വ്യക്തിയാണ് തമ്പി കണ്ണന്താനം. മോഹൻലാലിന് സൂപ്പർ താരപദവി നേടിക്കൊടുത്ത ചിത്രമായ, രാജാവിന്റെ മകൻ ഉൾപ്പെടെ 16ഓളം ചിത്രങ്ങൾ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്. 5 ചിത്രങ്ങൾ നിർമ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിർവഹിക്കുകയും ഒരു ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം എന്നിവയാണ് സംവിധാനത്തിൽ ശ്രദ്ധിക്കപ്പെട്ടത്. 80-90 കാലഘട്ടങ്ങളിൽ വെള്ളിത്തിരയിൽ ആക്ഷൻ രംഗങ്ങളൊരുക്കി സജീവമായിരുന്ന തമ്പി കണ്ണന്താനം, 2004നു ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്.

ഞാനിവിടെത്തന്നെയുണ്ട്. എവിടെയും പോയിട്ടില്ല. അതറിയുന്നതു കൊണ്ടാണല്ലോ പലരും നമ്മളെ തിരക്കുന്നത്. 2004 നു ശേഷം സിനിമ ചെയ്തില്ലെന്നു കരുതി സിനിമ എടുക്കില്ല എന്ന തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് കണ്ണന്താനം പറയുന്നു. സഹസംവിധായകനായി അമ്പതോളം സിനിമകളിൽ പ്രവർത്തിച്ച ശേഷമാണയാൾ സ്വതന്ത്ര സിനിമാ സംവിധായകനായത്. ആദ്യ രണ്ടു സിനിമകളുടെ പരാജയം മനോവിഷമമുണ്ടാക്കിയെങ്കിലും 'രാജാവിന്റെ മകനി'ലൂടെ മലയാളത്തിന്റെ എക്കാലത്തേയും സൂപ്പർഹിറ്റ് സിനിമ നൽകാൻ തമ്പി കണ്ണന്താനമെന്ന സംവിധായകനു കഴിഞ്ഞു. പിന്നെയങ്ങോട്ട് സ്‌ക്രീനിൽ കണ്ണന്താനമെന്ന് കണ്ടാൽ മലയാളി കൈയടിച്ചു.

കാഞ്ഞിരപ്പള്ളിയിലെ തറവാട്ടിൽ നിന്ന് കോടമ്പാക്കത്തേക്ക് വണ്ടി കയറിയ ഇരുപത്തഞ്ചുകാരന്റെ മനസ്സു നിറയെ സിനിമയുടെ നിറപ്പകിട്ടായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റിൽ ഗ്രാന്റ്‌പേരൻസിനൊപ്പമായിരുന്നു കുട്ടിക്കാലം. വളരെ ചെറുപ്പത്തിൽ തന്നെ മലയാളം നന്നായി വായിച്ചു തുടങ്ങി. അഞ്ചു വയസ്സു മുതൽ പത്രം വായിക്കും. എസ്റ്റേറ്റിൽ ഷൂട്ടിങ് ഉള്ളതുകൊണ്ട് സിനിമാവണ്ടിയും വിവിധ നിറങ്ങളിലുള്ള സിനിമാ നോട്ടീസുകളും സ്ഥിരം കാഴ്ചയായിരുന്നു. വായനയും സിനിമയും അതിലുള്ളതുകൊണ്ട് നോട്ടീസുകൾ ഞാൻ സൂക്ഷിച്ചു വച്ചു. വ്യത്യസ്ത സിനിമാക്കഥകൾ കാര്യമായിത്തന്നെ വായിക്കും. പക്ഷേ കഥ ഇഷ്ടമായി വരുമ്പോൾ 'ശേഷം വെള്ളിത്തിരയിൽ' എന്നെഴുതി നോട്ടീസ് അവസാനിക്കും. വെള്ളിത്തിരയിലെന്ത് എന്ന ചിന്ത വന്നത് അങ്ങനെയാണ്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യ സിനിമ 'ശകുന്തള' കണ്ടു. കാണാനുള്ള കാരണം നോട്ടീസാണെങ്കിലും കണ്ടപ്പോൾ നോട്ടീസും കഥയുമൊക്കെ മറന്നു. മനസ്സ് സിനിമയെ പ്രണയിക്കാനും തുടങ്ങി-കണ്ണന്താനം ഓർമിക്കുന്നു

ചെന്നൈയിൽ പോയത് സിനിമ പഠിക്കാനാണ്. സംവിധായകൻ ശശികുമാർ സാറിനെ പരിചയപ്പെട്ടു. സെറ്റുകളിൽ നിന്ന് പലതും പഠിച്ചു. പിന്നീട് 'മിനിമോൾ വത്തിക്കാനിൽ' എന്ന സിനിമയിൽ ജോഷിക്കൊപ്പം കൂടി. അൻപതിലധികം സിനിമകളിൽ അസിസ്റ്റന്റായി. ആദ്യ സംവിധാനത്തിൽ 'താവളം' എന്ന സിനിമ ചെയ്തു. പരാജയപ്പെട്ടപ്പോൾ അതെങ്ങനെ തകർന്നെന്നും, പ്രേക്ഷകരുടെ മനസ്സറിഞ്ഞില്ലല്ലോ എന്നും സങ്കടപ്പെട്ടു. പിന്നീട് ചെയ്ത 'പാസ്‌പോർട്ട്', 'ആ നേരം ആൽപ്പ നേരം' എന്നീ സിനിമകൾ വിജയിച്ചിരുന്നെങ്കിൽ എന്റെ സിനിമയുടെ പാറ്റേൺ തന്നെ മാറിയേനെ. എല്ലാമുണ്ട് കഥയില്ലാത്തതാണ് പ്രശ്‌നമെന്ന് തോന്നിയപ്പോൾ ജോഷി വഴി പരിചയപ്പെട്ട ഡെന്നീസ് ജോസഫിനൊപ്പം 'രാജാവിന്റെ മകൻ' ജനിച്ചു. അവിടെ മോഹൻലാൽ സൂപ്പർ താരമായി. അതിമാനുഷിക സിനിമകൾക്ക് കണ്ണന്താനം സ്റ്റൈൽ വന്നു.

'രാജാവിന്റെ മകൻ' സൂപ്പർഹിറ്റായപ്പോൾ ഒരു കാര്യം മനസ്സിലാക്കി. ജയം, ഒന്നും തരില്ല. പക്ഷേ സ്‌നേഹിതർ, ബന്ധുക്കൾ എന്നിങ്ങനെ പലതും നഷ്ടപ്പെടുത്തും. ആ വിജയം എന്നെ ഇപ്പോഴും ഹോണ്ട് ചെയ്യുന്നുണ്ട്. ഇതു ഞാനാരോടും പറഞ്ഞിട്ടില്ല. 'മാസ്മരം' ഒരു പരാജയമായിരുന്നു. അതിലെ പല തെരഞ്ഞെടുപ്പുകളും തെറ്റായിപ്പോയി. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിട്ടും ആരും ആ സിനിമയുടെ മോശവശങ്ങളെക്കുറിച്ച് നേരത്തേ പറഞ്ഞില്ല. സിനിമ ഒരു ടെക്സ്റ്റ്ബുക്കാണ്. ഏതൊരു കലാകാരന്റെയും അവസാനത്തെ ആഗ്രഹം ഒരു സിനിമയിൽ അഭിനയിക്കണമെന്നുള്ളതാണ്. സിനിമയിൽ വന്നുപെട്ടു എന്നതു തന്നെ വലിയ ഭാഗ്യമാണ്. ഇതൊന്നുമല്ലാതെ വിലപിച്ചു വിട പറഞ്ഞവർ എത്രയോ പേരുണ്ട്-കണ്ണന്താനം പറയുന്നു.

ഭാര്യ മരിയയാണ് എല്ലാത്തിനും കരുത്ത്. വിവാഹത്തിനു മുമ്പ് 'ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റും' 'രാജാവിന്റെ മകനും' ഒരുമിച്ച് തീയേറ്ററിൽ വന്നപ്പോൾ ഞാൻ ഗാന്ധി നഗറാണ് കണ്ടത്. വിവാഹത്തിനുശേഷം എന്നെ അതുപറഞ്ഞ് കളിയാക്കിയിട്ടുണ്ടെന്ന് മരിയ തുറന്ന് സമ്മതിക്കുന്നു. പിന്നീട് ആക്ഷൻ സിനിമകൾ ഇഷ്ടമായി. ഐശ്വര്യയ്ക്കും ഇളയവൾ എയ്ഞ്ചലയ്ക്കും സിനിമ ഇഷ്ടമാണ്. എയ്ഞ്ചലയ്ക്ക് കൂടുതലിഷ്ടമായിരുന്നെങ്കിലും അവൾ എഞ്ചിനീയറിങ് എടുത്തു. ഇപ്പോഴവൾ അമേരിക്കയിലാണ്. ഐശ്വര്യ സിനിമാ നിർമ്മാണം പഠിക്കുന്നു.

2004 നുശേഷം സിനിമ ചെയ്തില്ല. നല്ല കഥകളില്ലാത്തതുകൊണ്ടാണ് നല്ല സിനിമകൾ ജനിക്കാത്തതെന്ന് പലരും പറയുന്നു. എനിക്കങ്ങനെ തോന്നുന്നില്ല. കഥയില്ലാത്ത സിനിമകൾ ഇറങ്ങുമ്പോൾ നന്മയുടെ നനവുള്ള, കഥയുള്ള സിനിമകൾ പ്രേക്ഷകർ കാണാനാഗ്രഹിക്കുന്നു. അത്തരം കഥകൾ െതരഞ്ഞെടുക്കപ്പെടാത്തതാണ് പ്രശ്‌നം. അത് പരിഹരിക്കപ്പെട്ടാൽ ഉടനെ ഒരു സിനിമ ഉണ്ടാകുമെന്ന് കണ്ണന്താനം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP