Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാഗവല്ലിയെ തളച്ച ഡോ. സണ്ണിയുടെ കഥ പറഞ്ഞ മണിച്ചിത്രത്താഴ്; കുടുംബത്തെ രക്ഷിക്കാൻ കൊലപാതകം മൂടിവച്ച ജോർജ്ജുകുട്ടിയുടെ ദൃശ്യം; രാഷ്ട്രീയക്കാരെ കണക്കറ്റ് പരിഹസിച്ച് സന്ദേശം: മരിക്കുന്നതിന് മുമ്പ് മലയാളി തീർച്ചയായും കണ്ടിരിക്കേണ്ട പത്ത് സിനിമകൾ

നാഗവല്ലിയെ തളച്ച ഡോ. സണ്ണിയുടെ കഥ പറഞ്ഞ മണിച്ചിത്രത്താഴ്; കുടുംബത്തെ രക്ഷിക്കാൻ കൊലപാതകം മൂടിവച്ച ജോർജ്ജുകുട്ടിയുടെ ദൃശ്യം; രാഷ്ട്രീയക്കാരെ കണക്കറ്റ് പരിഹസിച്ച് സന്ദേശം: മരിക്കുന്നതിന് മുമ്പ് മലയാളി തീർച്ചയായും കണ്ടിരിക്കേണ്ട പത്ത് സിനിമകൾ

ആവണി ഗോപാൽ

തിരുവനന്തപുരം: ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ജീവിത യാഥാർത്ഥ്യം സിനിമയാക്കുന്ന കാര്യത്തിൽ മലയാളികൾക്കുള്ള മിടുക്ക് മറ്റാർക്കുമില്ല. ജീവിതത്തോടെ അടുത്തു നിൽക്കുന്ന മലയാള സിനിമകൾ ദേശീയ അവാർഡുകൾ തൂത്തൂവാരുന്ന ഒരു കാലം തന്നെ ഉണ്ടായിരുന്നു. ഇന്ത്യകണ്ട ഏറ്റവും മികച്ച ഫിലിം മേക്കർ എന്ന നിലയിൽ അടൂർ ഗോപാലകൃഷ്ണനെ പോലുള്ളവർ തല ഉയർത്തി നിൽക്കുമ്പോൽ തന്നെ വാണിജ്യ സിനിമകളിലൂടെ പ്രിയദർശനെ പോലുള്ളവർ മനം കവർന്നു. ബോൡവുഡിനെ ചിരിക്കാൻ പഠിപ്പിച്ചതും ഒരു പക്ഷേ, പ്രിയദർശനായിരിക്കും. തൊണ്ണൂറുകളിൽ പ്രിയദർശൻ ഒരുക്കിയ ചിത്രങ്ങളുടെ പുനരാവിഷ്‌ക്കാരമായിരുന്നു ഹിന്ദിക്കാരെ ഏറെ ചിരിപ്പിച്ചത്. മോഹൻലാൽ, മമ്മൂട്ടി എന്നിങ്ങനെ രണ്ട് സൂപ്പർസ്റ്റാറുകളും മലയാള സിനിമയ്ക്ക് നിലവിലുണ്ട്. ഇവരുടെ കരിയർ ബെസ്റ്റ് ചിത്രങ്ങൾ ഏതെന്ന് ചോദിച്ചാൽ പലപ്പോഴും മലയാളികൾ കുടുങ്ങിപ്പോകും. അങ്ങനെയിരിക്കെ മലയാളത്തിലെ ശ്രദ്ധേയമായ മലയാള ചിത്രങ്ങൾ പത്ത് സിനിമകളെ തിരഞ്ഞെടുക്കുക എന്ന് പറഞ്ഞാൽ അതൊരു ശ്രമകരമായ ജോലിയാണ്.

സിനിമാ പ്രേമികളായ മലയാളികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചില ചിത്രങ്ങൾ ഉണ്ടെന്ന് തന്നെ പറയേണ്ടി വരും. കലാമൂല്യം മാത്രം പരിഗണിച്ചാൽ ഇങ്ങനെയുള്ള ചിത്രങ്ങൾ ഇഷ്ടംപോലെ കാണും. എന്നാൽ, തീയറ്ററിൽ നിന്നും കണ്ടിറങ്ങുന്നവർക്ക് മോശമെന്ന് പറയാൻ സാധിക്കാത്തതും ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുകയും ചെയ്ത പത്ത് ചിത്രങ്ങളുടെ എണ്ണമാണ് ചുവടെ കൊടുത്തിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലേക്ക് പോകാതെ ഇപ്പോഴും സിനിമയിൽ സജീവമായിരിക്കുന്നവരുടെ ചിത്രമാണ് ഇങ്ങനെ പരിഗണിക്കുന്നത്. മണിച്ചിത്രത്താഴും സന്ദേശവും വടക്കൻ വീരഗാഥയുമൊക്കെ ഈ ഗണത്തിൽ പെടുത്താവുന്നതാണ്. ഇങ്ങനെ ഒരു മലയാളി തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമെന്ന പരിഗണന കൊടുക്കുമ്പോൾ അക്കൂട്ടത്തിൽ ന്യൂജൻ സിനിമകൾ കുറവാണ്. ഇങ്ങനെ പത്ത് ചിത്രങ്ങൾ തിരിഞ്ഞെടുക്കുമ്പോൾ മുന്നിൽ വരിക മോഹൻലാൽ നായകനായ ചിത്രങ്ങളാണ്. ഇങ്ങനെ മരിക്കുന്നതിന് മുമ്പ് മലയാളി തീർച്ചയായും കണ്ടിരിക്കേണ്ട പത്ത് ചിത്രങ്ങളുടെ ലിസ്റ്റാണ് ചുവടെ കൊടുക്കുന്നത്.

1 - നാഗവല്ലിയെ തളച്ച ഡോ. സണ്ണിയുടെ കഥ പറഞ്ഞ 'മണിച്ചിത്രത്താഴ്'

സസ്‌പെൻസും ത്രില്ലറും ഒരുപോലെ ഒളിപ്പിച്ച സിനിമയാണ് മണിച്ചിത്രത്താഴ്. കോമഡിയും കലാമൂല്യവും എല്ലാം ഒരുപോലെ ഒത്തു ചേർന്ന ഈ സിനിമ ക്ലാസിക് ത്രില്ലറാണ്. നടി ശോഭനയ്ക്ക് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്തത് മണിച്ചിത്രത്താഴിലെ നാഗവല്ലിയെ അവതരിപ്പിച്ചതിനാണ്. ഇപ്പോഴും ടെലിവിഷനിൽ മണിച്ചിത്രത്താഴ് സംപ്രേഷണം ചെയ്താൽ മലയാളിക്ക് കണാൻ ഇഷ്ടമാണ് ഈ സിനിമ. 1993 ൽ ഫാസിൽ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ സിനിമ സൂപ്പർഹിറ്റായിരുന്നു. ഹിന്ദി, തമിഴ്, കന്നട തുടങ്ങി എല്ലാ ഭാഷകളിലേക്കും മണിച്ചിത്രത്താഴ് റീമേക്ക് ചെയ്യുകയുണ്ടായി. എന്നാൽ, മലയാളത്തിൽ പുറത്തിറങ്ങിയ മികവിനോട് കിടപിടിക്കാൻ മറ്റാർക്കും സാധിച്ചിരുന്നില്ല. ശോഭനയുടെയോ മോഹൻലാലിന്റെയോ സുരേഷ് ഗോപിയുടേയോ, എന്തിനേറെ ചെറിയൊരു വേഷത്തിലെത്തിയ ഗണേശ് കുമാറിന്റെ പകരക്കരനായി പോലും മറ്റാരെയും ഇതിൽ ചിന്തിക്കാൻ കഴിയില്ല. നാഗവല്ലിയെ തളച്ച ഡോ. സണ്ണിയുടെ കഥ മലയാളികൾക്ക് ഇന്നും വളരെ ഏറെ ഇഷ്ടമാണ്. നിരവധി അവാർഡുകളാണ് ഈ സിനിമ നേടിയെടുത്തത്.

2- കുടുംബത്തെ രക്ഷിക്കാൻ കൊലപാതകം മൂടിവച്ച ജോർജ്ജുകുട്ടിയുടെ 'ദൃശ്യം'

ദൃശ്യം എന്ന സിനിമ തീർത്ത അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. മലയാളത്തിലെ ഏറ്റവും വിലിയ പണംവാരിപ്പടമാണ് ദൃശ്യം. മോഹൻലാൽ സാധാരണക്കാരനായ കുടുംബനാഥന്റെ വേഷത്തിലെത്തിയ ചിത്രം മലയാളികൾ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. കുടുംബത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ ഒരു വിപത്തിൽ നിന്ന് ഭാര്യയെയും മക്കളെയും രക്ഷപ്പെടുത്താൻ സാധാരണക്കാരനായ ഒരു ജോർജ്ജുകുട്ടിയെ എന്ന കേബിൾ ഓപ്പറേറ്റൻ നിയമത്തിന്റെ ഇരുണ്ടവശങ്ങൾ ഉപയോഗപ്പെടുത്തുന്നതാണ് സിനിമയുടെ കഥാതന്തു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യ ഹിന്ദിയിലും തമിഴിലുമുൾപ്പടെ മിക്ക ഭാഷയിലേക്കും റീമേക്ക് ചെയ്തു. മികച്ച ജനപ്രിയചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം പോയ വർഷം സ്വന്തമാക്കിയത് ജോർജ്ജു കുട്ടിയുടെ കുടുംബത്തിന്റെയും കഥയാണ്. ചിത്രത്തിലെ അഭിനയത്തിലൂടെ കലാഭവൻ ഷാജോണിനും ആശ ശരത്തിനും ഒത്തിരി അംഗീകാരങ്ങൾ ലഭിച്ചു. അതിമാനുഷിക വേഷങ്ങളിൽ നിന്നും മോഹൻലാലെന്ന് അഭിനയ പ്രതിഫയെ മലയാളികൾക്ക് തിരിച്ചുകിട്ടിയ ചിത്രമായിരുന്നു ഇത്. തമിഴിൽ പാപനാശം എന്ന പേരിലും ഹിന്ദിയിൽ ദൃശ്യം എന്ന പേരിലും റീമേക്ക് ചെയ്ത ചിത്രങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു.

3- യുവത്വം ആഘോഷമാക്കിയ 'ബാംഗ്ലൂർ ഡേയ്‌സ്'

മലയാളം യുവത്വം ആഘോഷമാക്കിയ സിനിമയാണ് ബാംഗ്ലൂർ ഡോയ്‌സ്. മലയാളികൾ തീർച്ചയായും കണ്ടിരിക്കേണ്ടതാണ് ഈ അഞ്ജലി മേനോൻ ചിത്രം. ഇന്നത്തെ യുവത്വത്തിന്റെ പ്രസരിപ്പിനെയും ഇഷ്ടങ്ങളെയും ഭംഗിയായ ദൃശ്യവൽക്കരിച്ച സിനിമ ഈ വർഷത്തെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌ക്കാരവും നേടിയെടുത്തു. മലയാളി യുവാക്കളുടെ ഇഷ്ടപ്പെട്ട നഗരമായ ബാംഗ്ലൂരിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന മൂന്ന് കസിൻസിന്റെ കഥയും അവരുടെ ജീവിതത്തിലേക്ക് മറ്റ് മൂന്ന് പേർ കടന്നുവരുന്നതുമാണ് സിനിമ. കസിൻസായി എത്തിയ ദുൽഖർ സൽമാനും നിവിൻ പോളിയും നസ്‌റിയ നസീമും ശരിക്കും പ്രേക്ഷകരെ സ്വാധീനിച്ചു. നിവിൻ പോളിയുടെ കൃഷ്ണൻ പിപി എന്ന കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. നസ്‌റിയയ്ക്കും നിവിൻ പോളിക്കും ഇപ്പോൾ സംസ്ഥാന സർക്കാറിന്റെ മികച്ച നടീനടന്മാർക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തത് ഈ ചിത്രത്തിലെ അഭിനയമാണ്. പൂർണ്ണമായും ന്യൂജൻ താരങ്ങളെ ഉൾപ്പെടുത്തിയ സൂപ്പർഹിറ്റ് ചിത്രം നിർമ്മിച്ചത് അൻവർ റഷീദായിരുന്നു. ബോക്‌സോഫീസിൽ ദൃശ്യത്തിന് പിന്നിലായാണ് ഈ സിനിമയുടെ സ്ഥാനം.

4- അഭിനയത്തിന്റെ ഉസ്താദായി തിലകൻ നിറഞ്ഞാടിയ 'ഉസ്താദ് ഹോട്ടൽ'

മലയാളം സിനിമാ സംഘടനകളുടെ കണ്ണിൽകരടാണെങ്കിലും അഭിനയത്തിൽ തിലകന് പകരം വെക്കാൻ ആരുമില്ലെന്ന് അടിവരയിട്ട ചിത്രം. അഭിനയത്തിലെ ഉസ്താദായി തിലകൻ നറഞ്ഞാടിയ സിനിമായാണ് ഉസ്താദ് ഹോട്ടൽ. ജീവിതത്തിലെ യഥാർത്ഥ സ്‌നേഹവും നന്മയും തുറന്നു കാട്ടിയ സിനിമായാണ് ഉസ്താദ് ഹോട്ടൽ. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദാണ് സൂപ്പർഹിറ്റായ ഈ ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടിയുടെ പുത്രൻ ദുൽഖർ സൽമാന്റെ ആദ്യത്തെ ബ്ലോക്‌ബസ്റ്റർ ഹിറ്റ് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഏതൊരു യുവത്വത്തിനും തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ഒരു പ്രചോദനം കൂടെയാണ് ഉസ്താദ് ഹോട്ടൽ എന്ന യൂത്ത്ഫുൾ ചിത്രം. മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത് മികച്ച എന്റർടൈന്മെന്റ് ചിത്രം, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്കു പുറമെ തിലകന് പ്രത്യേക ജൂറി അവാർഡും ലഭിച്ചു. ഉസ്താദെന്ന മൂത്താപ്പയും ഫൈസി എന്ന കൊച്ചുമോനും തമ്മിലുള്ള ആത്മബന്ധം തുറന്നു കാട്ടുന്ന ചിത്രം ഒരു മലയാളി തീർച്ചയായും കണ്ടിരിക്കേണ്ടത്.

5- കേരളത്തിന് രാഷ്ട്രീയ 'സന്ദേശം' നൽകിയ സത്യൻ അന്തിക്കാട് ചിത്രം

കേരള രാഷ്ട്രീയത്തിലെ കാപട്യങ്ങളെ ഇതുപോലെ തുറന്നുകാട്ടി പരിഹസിച്ച 'സന്ദേശം' പോലൊരു ചിത്രം മലയാളത്തിൽ ഇനിയും ഇറങ്ങിയിട്ടില്ല. ശ്രീനിവാസന്റെ തൂലികയിൽ വിരിഞ്ഞ ഈ സിനിമ മലയാൡഇന്നും ഓർത്ത് ചിരിക്കുന്ന സിനിമയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രോൾ രൂപത്തിൽ സിനിമയുടെ ഓരോ ഭാഗങ്ങളും കയറി വരാരുണ്ട്. സിനിമയെ പ്രേമിക്കുന്ന ഒരു മലയാളിക്കും സന്ദേശം എന്ന ചിത്രം മാറ്റിനിർത്താൻ കഴിയില്ല. 1991ലാണ് സത്യൻ അന്തിക്കാട് ഈ സിനിമ സംവിധാനം ചെയ്തത്. തിരക്കഥയ്‌ക്കൊപ്പം ശ്രീനിവാസൻ അഭിനേതാവായും വിലസി. ശ്രീനിവാസനൊപ്പം ജയറാമും മത്സരിച്ചഭിനയിച്ച ചിത്രം ഒരു മലയാളി തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്.

6-എം ടി - ഹരിഹരൻ കൂട്ടുകെട്ടിൽ 'ഒരു വടക്കൻ വീരഗാഥ'

വടക്കൻ കേരളത്തിൽ ചിരപരിചതമായ വടക്കൻപാട്ടിനെ സിനിമാ രൂപത്തിലാക്കിയപ്പോൾ അത് എക്കാലവും മലയാളികൾക്ക് മറക്കാൻ സാധിക്കാത്ത അനുഭവമായി മാറി. ചതിയൻ ചന്തുവിനെ ഹീറോയായി എം ടി വാസുദേവൻ നായർ തൂലികയിൽ അവതരിപ്പിച്ചപ്പോൾ മമ്മൂട്ടി ആ കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കി മാറ്റി. ചന്തു എന്ന കഥാപാത്രമായി മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെയും മലയാളി പ്രേക്ഷകന് സങ്കൽപിക്കാൻ കഴിയില്ല. 1989 ൽ റിലീസ് ചെയ്ത ചിത്രത്തിന്റെ തിരക്കഥയ്ക്ക് എംടി വാസുദേവൻ നായകർക്കും, മികച്ച നടന് മമ്മൂട്ടിക്കും, മികച്ച കലാസംവിധാനത്തിന് പി കൃഷ്ണമൂർത്തിക്കും ദേശീയ പുരസ്‌കാരം ലഭിച്ചു. എംടിക്കും (തിരക്കഥാകൃത്ത്) മമ്മൂട്ടിക്കും(നടൻ) ഹരിഹരനും(മികച്ച ചിത്രം) ഗീതയ്ക്കും (മികച്ച നടി), കെ രാമചന്ദ്ര ബാബുവിനും (ഛായാഗ്രഹകൻ) കെഎസ് ചിത്രയ്ക്കും (മികച്ച ഗായിക) സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

7- മമ്മൂട്ടിയുടെ കൈയിൽ ഭദ്രമായ 'കേരള വർമ്മ പഴശ്ശിരാജ'

വടക്കൻ വീരഗാഥയിൽ ചന്തുവിനെ എന്ന പോലെ മമ്മൂട്ടി എന്ന മഹാനടന്റെ കൈയിൽ ഭദ്രമായിരുന്നു കേരള വർമ്മ പഴശ്ശിരാജ എന്ന സിനിമയും. മലയാള സിനിമയിൽ ഏറ്റവും പണം ചിലവേറിയ ചിത്രങ്ങളിൽ ഒന്നാണിത്. കേരളവർമ്മ പഴശ്ശിരാജയുടെ ജീവിതം ആസ്പദമാക്കി വീണ്ടും എംടിയും ഹരിഹരനും മമ്മൂട്ടിയും ഒന്നിച്ചപ്പോൾ മലയാളത്തിൽ സംഭവിച്ചതാണ് ഈ ചിത്രം. ചിത്രത്തിന്റെ കഥാപാത്ര സൃഷ്ടിയാണ് സിനിമയുടെ വിജയത്തെ പൂർണതയിൽ എത്തിച്ചത്. മനോജ് കെ ജയനും ശരത്ത് കുമാറിനും പത്മപ്രിയയ്ക്കും സുരേഷ് നായർക്കും കനിഹയ്‌ക്കെ പകരം മറ്റ് അഭിനേതാക്കളെ സങ്കൽപിക്കുക വയ്യ. ദേശീയ തലത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരവും (ഇളയരാജ) മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരവും(റസൂൽ പൂക്കുട്ടി) ചിത്രത്തിന് ലഭിച്ചു. പത്മപ്രിയ ജൂറിയുടെ പ്രത്യേക പരമാർശത്തിനും അർഹയായി. സംസ്ഥാന തലത്തിലും ചിത്രം ഒത്തിരി പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. മികച്ച സംവിധായകൻ (ഹരിഹരൻ) മിച്ച സഹനടൻ (മനോജ് കെ ജയൻ) മികച്ച സഹനടി (പത്മപ്രിയ), മികച്ച തിരക്കഥാകൃത്ത് (എംടി വാസുദേവൻ നായർ), മികച്ച എഡിറ്റർ (എ ശ്രീകുമാർ പ്രസാദ്), മികച്ച കാ സംവിധായകൻ (മുത്തുരാജ്), മികച്ച വസ്ത്രാലങ്കാരം (നടരാജ്), മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ഷോഭി തിലകൻ) എന്നിങ്ങനെയായിരുന്നു പുരസ്‌ക്കാരം.

8- ക്രിക്കറ്റ് പ്രേമിയായി നിവിൻ പോളി നിറഞ്ഞാടിയ '1983'

ക്രിക്കറ്റ് എന്ന കളിയെ ഇഷ്ടപ്പെടുന്ന യുവത്വത്തിന്റെ കഥയാണ് 1983. യുവത്വത്തിനെന്ന പോലം കുടുംബ പ്രേക്ഷകർക്കും ഇഷ്ടമായ ഈ സിനിമയിലെ അഭിനയത്തിന് നിവിൻ പോളിക്ക് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടികൊടുത്തു. ക്രിക്കറ്റിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച രമേശന്റെ കഥയാണ് ചിത്രം പറയുന്നത്. തന്റെ സ്വപ്‌നം മകനിലൂടെ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന രമേശനിലും മകനിലുമാണ് 1983 അവസാനിക്കുന്നത്. 18 വയസ്സുമുതൽ 40 വയസ്സുവരെയുള്ള രമേശന്റെ ജീവിതം നിവിൻ പോളി എന്ന നടൻ ഉൾക്കൊണ്ടു. എബ്രിഡ് ഷൈൻ എന്ന നവാഗത സംവിധായകന്റെ അരങ്ങേറ്റം കൂടെയാണ് 1983 ലൂടെ സംഭവിച്ചത്. എബ്രിഡ് ഷൈനിന് മികച്ച നവാഗത സംവിധായകനുള്ള ഈ വർഷത്തെ സംസ്ഥാന പുരസ്‌കാരവും ചിത്രം നേടിക്കൊടുത്തു. തീർച്ചയായും കണ്ടിരിക്കേണ്ട ഈ ചിത്രത്തിൽ ഓർത്തുചിരിക്കാനുള്ള നർമ്മ മുഹൂർത്തങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

9- മലയാളികളെ കുടുകുടെ ചിരിപ്പിച്ച 'കിലുക്കം'

മലയാളികളെ ഇത്രയും ചിരിപ്പിച്ച മറ്റൊരു സിനിമ ഉണ്ടോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു. മോഹൻലാലും രേവതിയും ജഗതി ശ്രീകുമാറും ഇന്നസെന്റും തിലകനും മത്സരിച്ച് അഭിനയിച്ച ഈ സിനിമ പ്രിയദർശന്റെ ഏറ്റവും മികച്ച സിനിമാസൃഷ്ടിയാണ്. ഈ സിനിമ കാണാത്ത മലയാളികൾ ഉണ്ടോയെന്ന കാര്യം തന്നെ സംശയമാണ്. ടെലിവിഷനിൽ സംപ്രേഷണം ചെയ്യുമ്പോൾ ഈ സിനിമ കാണാൻ തന്നെയാണ് മലയാളികൾ ആഗ്രഹിക്കാറ്. 1991 ൽ പുറത്തിറങ്ങിയതാണ് ഈ ചിത്രം. മലയാളത്തിലിറങ്ങിയ എക്കാലത്തെയും മികച്ച ഹാസ്യ രംഗങ്ങൾ ഈ സിനിമയിലാണുള്ളത്. സംസ്ഥാന തലത്തിൽ മോഹൻലാലിന് മികച്ച നടനുള്ള പുരസ്‌കാരവും ജഗതി ശ്രീകുമാറിന് മികച്ച സഹനടനുള്ള പുരസ്‌കാരവും എൻ ഗോപാലകൃഷ്ണന് മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരവും എസ് കുമാറിന് മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരവും ചിത്രം നേടിക്കൊടുത്തു.

10- ക്ലാരയുടെയും ജയകൃഷ്ണന്റെയും പ്രണയം പറഞ്ഞ 'തൂവാനത്തുമ്പികൾ'

മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച പ്രണയചിത്രമെന്ന വേണമെങ്കിൽ 'തൂവാനതുമ്പികൾ' എന്ന ചിത്രതെ വിലയിരുത്താം. എം പത്മരാജന്റെ തിരക്കഥയിലും സംവിധാനത്തിലും പിറഞ്ഞ മനോഹരമായ റൊമാന്റിക് ചിത്രമാണ് തൂവാനതുമ്പികൾ. ഇന്നും റൊമാന്റിക് ചിത്രമെന്ന് പറയുമ്പോൾ തൂവാനത്തുമ്പികൾ കഴിഞ്ഞിട്ടേ മലയാളികൾക്ക് മറ്റൊന്നുള്ളൂ. പ്രണയം എന്ന വികാരത്തിന് മനുഷ്യൻ എന്ത്മാത്രം പ്രാധാന്യം നൽകുന്നു എന്ന് ഈ ചിത്രം കണ്ടാൽ ബോധ്യമാകും. ക്ലാരയെ പ്രണയചിച്ച ജയകൃഷ്ണന്റെ ചിത്രം മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സിനിമയിൽ ക്ലാരയായി സുമലതയും രാധയായി പാർവതിയും ജയകൃഷ്ണനായി മോഹൻലാലുമാണ് അഭിനയിച്ചത്. തൃശ്ശൂർ ഭാഷയെ മനോഹമായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയാണ് തൂവാനതുമ്പികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP