നടി പാർവതിക്കെതിരേ അടുത്തകാലത്ത് നടന്നതും ആസൂത്രിത നീക്കം; എല്ലാ കുറ്റകൃത്യങ്ങൾക്കും പിന്നിൽ കുറ്റാരോപിതനായ നടൻ; ഗുണ്ടായിസം നടക്കുന്നത് ഫാൻസുകാരെ ഉപയോഗിച്ച്; മോഹൻലാലിനെ മറയാക്കിയാണ് ഓരോ കാര്യങ്ങൾ ചെയ്യുന്നത്: ദിലീപിനെതിരെ തുറന്നടിച്ച് ആഷിഖ് അബു
June 28, 2018 | 01:47 PM IST | Permalink

സ്വന്തം ലേഖകൻ
കൊച്ചി: സിനിമതാരം പാർവതിക്കെതിരേ അടുത്ത കാലത്ത് നടന്നത് ആസൂത്രിത ആക്രമണമായിരുന്നെന്ന് സംവിധായകൻ ആഷിഖ് അബു. നടിയെ ആക്രമിച്ച നടനാണ് ഇതിന്റെയെല്ലാം സൂത്രധാരനെന്ന് അദ്ദേഹം തുറന്നടിച്ചു കൊണ്ട് പറഞ്ഞു. പ്രമുഖ നടന്റെ സിനിമയിൽ സ്ത്രീ വിരുദ്ധതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് നടി പാർവതിക്കെതിരേ സമൂഹ മാധ്യമങ്ങളിൽ വ്യാപക ആക്രമണമുണ്ടായിരുന്നു.
ഫാൻസുകാരെ ഉപയോഗിച്ച് പലരും ഗുണ്ടായിസമാണ് നടത്തുന്നത്. ഫാൻസ് അസോസിയേഷൻ എന്ന് പറഞ്ഞ് നടക്കുന്ന ക്രിമിനൽ കൂട്ടത്തിനെതിരേ ഒരു നടപടിയും ആരും സ്വീകരിക്കുന്നില്ലെന്നും ആഷിഖ് അബു കുറ്റപ്പെടുത്തി. സിനിമയിലെ എല്ലാ ക്രിമിനൽ കുറ്റകൃത്യങ്ങൾക്കും പിന്നിൽ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടനാണ്. മോഹൻലാലിനെ മറയാക്കിയാണ് ഒരോ കാര്യങ്ങൾ ചെയ്യുന്നതെന്നും ആഷിഖ് അബു ആരോപിച്ചു.
ക്രിമിനിൽ സ്വഭാവമുള്ള മാഫിയ സംഘമായി 'അമ്മ' മാറിയെന്ന് ആഷിഖ് അബു നേരത്തെ ആരോപിച്ചിരുന്നു. 'അമ്മ' സംഘടനയല്ല വെറുമൊരു സംഘമാണ്. ഒപ്പമുള്ള സ്ത്രീകളെ അപമാനിക്കുകയാണ് സംഘടന ചെയ്യുന്നത്. മറ്റ് നിവൃത്തിയില്ലാത്തതുകൊണ്ടാണ് നടിമാർ രാജിവെച്ചത്. സ്വന്തം കൂട്ടത്തിലുള്ള സ്ത്രീകളെ അപഹസിക്കാനും ആക്രമിക്കാനുമാണ് അമ്മ ഇതുവരെ ശ്രമിച്ചിട്ടുള്ളത്. ഇതുതന്നെയാണ് അമ്മയുടെ അജണ്ട.
ക്രിമിനൽസ്വഭാവമുള്ളവരാണ് സംഘടനയിലുള്ളത്. ആക്രമിക്കപ്പെട്ട നടി സംഘടനയിലുണ്ടായിരുന്നപ്പോഴും വൃത്തികെട്ട ന്യായമുയർത്തി കുറ്റാരോപിതനായ ദിലീപിനെ പിന്തുണക്കുകയാണ് അമ്മ ചെയ്തത്ജനാധിപത്യസ്വഭാവമില്ലാതെയാണ് അമ്മ ഇതുവരെ പ്രവർത്തിച്ചത്. തമ്പുരാക്കന്മാരെപ്പോലെയാണ് ചിലർഅമ്മ ഭരിച്ചിരുന്നത്. നൂറ്റാണ്ടിന്റെ കലയായ സിനിമ ഒരാളുടെ കയ്യിൽ ഒതുങ്ങരുതെന്നും ആഷിഖ് അബു അഭിപ്രായപ്പെട്ടു.
അമ്മയിൽ നിന്ന് എല്ലാവരും രാജിവെക്കേണ്ടെന്ന് തീരുമാനിച്ചിരുന്നതായി ഡബ്ല്യു.സി.സി ഭാരവാഹി വിധു വിൻസെന്റ് പറഞ്ഞു. രാജിവെക്കാത്ത അംഗങ്ങൾ അമ്മയിൽ ആശയപരമായ പോരാട്ടം തുടരും. രാജി തീരുമാനം സംബന്ധിച്ച ഡബ്ല്യു.സി.സിയിൽ ഭിന്നതയില്ലെന്നും വിധു വിൻസെന്റ് വ്യക്തമാക്കി. അമ്മയിൽ നിന്നുള്ള നടിമാരുടെ രാജിയെ പിന്തുണക്കുന്നതായും ഊർമിള ഉണ്ണിയും രാജിവെക്കണമെന്നും നടി രഞ്ജിനി പ്രതികരിച്ചിരുന്നു.
