Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിനിമ കാണാതെ അവാർഡ് പ്രഖ്യാപിച്ചതിന് അന്ന് നമ്മൾ തെറി വിളിച്ചത് ഓർമ്മയുണ്ടോ? ഭാരതീരാജ കണക്കു തീർത്തപ്പോൾ മലയാള സിനിമ വട്ടപ്പൂജ്യം

സിനിമ കാണാതെ അവാർഡ് പ്രഖ്യാപിച്ചതിന് അന്ന് നമ്മൾ തെറി വിളിച്ചത് ഓർമ്മയുണ്ടോ? ഭാരതീരാജ കണക്കു തീർത്തപ്പോൾ മലയാള സിനിമ വട്ടപ്പൂജ്യം

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡുകളിൽ മലയാള സിനിമയെ മനപ്പൂർവ്വം തഴഞ്ഞെന്ന് സൂചന. മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തിൽ പുറകോട്ടു പോകാൻ ജൂറിയുടെ പക്ഷപാതപരമായ നിലപാടുകൾ കാരണമായെന്നാണ് വിമർശനം. ജൂറി അദ്ധ്യക്ഷനും തമിഴ് സംവിധായകനുമായ ഭാരതി രാജയുടെ എതിർപ്പായിരുന്നു ഇതിന് കാരണം.

മികച്ച പരിസ്ഥിതി ചിത്രമായ ഒറ്റാൽ ആണ് മികച്ച ചിത്രമായി ആദ്യം പരിഗണിച്ചത്. ആന്റൺ ചെക്കോവിന്റെ കഥയെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ ജൂറിയിൽ നല്ല അഭിപ്രായമുണ്ടാക്കി. മികച്ച ചിത്രമായി ഒറ്റാലിനെ തിരഞ്ഞെടുക്കാൻ 11 അംഗങ്ങളിൽ 9 പേരും ശുപാർശ ചെയ്‌തെങ്കിലും ജൂറി അദ്ധ്യക്ഷനും തമിഴ് സംവിധായകനുമായ ഭാരതി രാജ എതിർത്തു. വടക്കെ ഇന്ത്യൻ സിനിമകളുടെ പ്രാദേശിക ജൂറി പ്രതിനിധിയായ തമിഴ് നടൻ കെ. ഭാഗ്യരാജും അദ്ദേഹത്തെ പിന്തുണച്ചു. ഇതോടെ ഈ അവാർഡ് കൈവിട്ടു.

ഒറ്റാലിനെതിരെ അതിരൂക്ഷമായ വിമർശനമാണു ഭാരതിരാജ നടത്തിയത്. അവസാനം ഒത്തുതീർപ്പുതീരുമാനമെന്ന രീതിയിലാണ് മികച്ച പരിസ്ഥിതി ചിത്രത്തിനും മികച്ച അവലംബിത തിരക്കഥയ്ക്കുമുള്ള അവാർഡുകൾ 'ഒറ്റാലിനു ലഭിച്ചത്. ജൂറി ചെയർമാൻ ഭാരതിരാജ മലയാളത്തോടുള്ള കണക്കുതീർത്തതായാണ് ആക്ഷേപം. മുൻപു ഭാരതിരാജയുടെ അധ്യക്ഷതയിൽ കേരളത്തിലെ സംസ്ഥാന അവാർഡ് നിർണയിച്ചപ്പോഴുണ്ടായ വിവാദങ്ങളോടു പകവീട്ടുംപോലെയാണ് മലയാള ചിത്രങ്ങളെ അവഗണിക്കാൻ ശ്രമിച്ചത്.

'ഒറ്റാലിന്റെ സ്‌ക്രീനിങ് കാണാൻപോലും ഭാരതിരാജ ആദ്യം തയാറായിരുന്നില്ല. ജൂറി അംഗങ്ങൾ ഏറെ നിർബന്ധിച്ചശേഷമാണു കണ്ടത്. കേന്ദ്ര ജൂറിക്കു മുന്നിൽ പ്രദർശിപ്പിച്ച 81 ചിത്രങ്ങളിൽ സ്വയം തിരഞ്ഞെടുത്ത കുറച്ചു ചിത്രങ്ങളുടെ സ്‌ക്രീനിങ്ങിനു മാത്രമേ ഭാരതിരാജയുടെ സാന്നിധ്യം ഉണ്ടായിരുന്നുള്ളു. മലയാള ചലച്ചിത്രങ്ങളായ ഒരാൾ പൊക്കം, ഒറ്റാൽ എന്നിവയെ മികച്ച ഛായാഗ്രഹണത്തിനു പരിഗണിക്കണമെന്ന വാദമുയർന്നപ്പോഴും ഭാരതിരാജ എതിർത്തു. ഭാരതിരാജയുടെ ഏതഭിപ്രായത്തെയും അന്ധമായി പിന്തുണയ്ക്കുന്ന നിലപാടുകളാണു ഭാഗ്യരാജ് ജൂറിയിൽ സ്വീകരിച്ചത്.

പ്രാദേശിക ജൂറി തള്ളിയ ഹൗ ഓൾഡ് ആർ യുവിലെ അഭിനയത്തിന് മഞ്ജുവാര്യരെ പരിഗണിക്കാൻ ചിത്രം തിരിച്ചുവിളിക്കാൻ നിർദ്ദേശമുണ്ടായി. 'ഹൗ ഓൾഡ് ആർ യു കേന്ദ്ര ജൂറിക്കു മുന്നിൽ പ്രദർശിപ്പിക്കാനുള്ള 'റീ കോൾ ആവശ്യത്തെ ഭാരതിരാജയും ഭാഗ്യരാജും പിന്തുണച്ചിരുന്നു. മേഖലാ ജൂറി അധ്യക്ഷ ജയശ്രീ അറോറയുടെ എതിർപ്പു കാരണമാണു നീക്കം ഉപേക്ഷിച്ചത്. 'ഹൗ ഓൾഡ് ആർ യു പരിഗണിച്ചിരുന്നെങ്കിൽ മഞ്ജു വാരിയർ മികച്ച നടിയാകാൻ സാധ്യത തെളിയുമായിരുന്നു.

മികച്ച ഛായാഗ്രാഹകനുള്ള അവാർഡിന് ഒറ്റാലും ഒരാൾപൊക്കവും അവസാന റൗണ്ടിലുണ്ടായിരുന്നു. എൻ.കെ.മുഹമ്മദിന്റെ അലിഫ് ദേശീയോദ്‌ഗ്രഥന ചിത്രമായി തിരഞ്ഞെടുക്കാൻ നിർദ്ദേശമുണ്ടായി. ഇക്കുറി ഈ വിഭാഗത്തിൽ അവാർഡ് പ്രഖ്യാപിച്ചില്ല. ഐനിലെ മുസ്തഫയുടെ പ്രകടനം ജൂറിയുടെ പ്രശംസ പിടിച്ചു പറ്റി. നാനു അവനല്ല അവളുവിലെ സഞ്ചാരി വിജയുടെ അസാമാന്യ പ്രകടനം ഇല്ലായിരുന്നെങ്കിൽ മുസ്തഫ മികച്ച നടനാകുമായിരുന്നു. മുന്നറിയിപ്പിലെ രാഘവനെ അവതരിപ്പിച്ച മമ്മൂട്ടിയെ പരിഗണിച്ചതേയില്ല.

രണ്ടാമത്തെ നടിയായി ലെന (അലിഫ്), പ്രിയങ്ക (ജലം) എന്നിവരും അവസാന റൗണ്ടിൽ വന്നു. ക്രിക്കറ്റിന്റെ കഥ പറഞ്ഞ 1983 പ്രമേയത്തിലെ പുതുമകൊണ്ട് ജൂറിയിൽ ചർച്ചയായി. ജനപ്രിയ ചിത്രമായി ബാംഗ്‌ളൂർ ഡെയ്‌സിനെയും പരിഗണിച്ചിരുന്നു. നടൻ സലീംകുമാറിന്റെ കമ്പാർട്ട്‌മെന്റ് ജൂറിയെ ആകർഷിച്ചില്ല. ജൂറിയിൽ കേരളത്തിൽ നിന്ന് നന്തിയാട്ട് ഗോപാലകൃഷ്ണൻ അംഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP