Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൾട്ടിപ്ലക്‌സുകൾ ഉയർന്ന വരുമാനവിഹിതം ചോദിച്ചതോടെ സംസ്ഥാനത്ത് വീണ്ടും സിനിമാ പ്രതിസന്ധി; തിയേറ്ററുകൾക്കു നല്കുന്ന വിഹിതമേ നല്കാനാകൂ എന്ന് നിർമ്മാതാക്കളും വിതരണക്കാരും; തർക്കം മൂത്തപ്പോൾ ബാഹുബലി അടക്കമുള്ള ചിത്രങ്ങൾ മൾട്ടിപ്ലക്‌സുകളിൽനിന്ന് പുറത്ത്

മൾട്ടിപ്ലക്‌സുകൾ ഉയർന്ന വരുമാനവിഹിതം ചോദിച്ചതോടെ സംസ്ഥാനത്ത് വീണ്ടും സിനിമാ പ്രതിസന്ധി; തിയേറ്ററുകൾക്കു നല്കുന്ന വിഹിതമേ നല്കാനാകൂ എന്ന് നിർമ്മാതാക്കളും വിതരണക്കാരും; തർക്കം മൂത്തപ്പോൾ ബാഹുബലി അടക്കമുള്ള ചിത്രങ്ങൾ മൾട്ടിപ്ലക്‌സുകളിൽനിന്ന് പുറത്ത്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സിനിമാ പ്രതിസന്ധി. മൾട്ടിപ്ലക്‌സുകൾ ചോദിക്കുന്ന ഉയർന്ന വരുമാനവിഹിതം നല്കാനാവില്ലെന്ന് നിർമ്മാതാക്കളും വിതരണക്കാരും നിലപാട് എടുത്തു. തർക്കത്തെത്തുടർന്ന് നിർമ്മാതാക്കളും വിതരണക്കാരും ചേർന്ന് ബാലുബലി അടക്കമുള്ള സിനിമകൾ മൾട്ടിപ്ലക്‌സുകളിൽനിന്ന് പിൻവലിച്ചു. വരുമാന വിഹിതത്തിൽ വർധന വേണമെന്ന നിലപാടു സ്വീകരിച്ചിട്ടുള്ള പിവിആർ, ഐനോക്‌സ്, സിനിപൊളിസ് എന്നീ മൾട്ടിപ്ലക്‌സുകളിൽ നിന്നാണ് ബാഹുബലി ഉൾപ്പടെയുള്ള സിനിമകൾ പിൻവലിച്ചത്.

തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലും രണ്ടുതരത്തിലാണ് വരുമാനവിഹിതം പങ്കുവയ്ക്കുന്നത്. സിനിമകൾ റിലീസ് ചെയ്യുന്ന ആദ്യത്തെ ആഴ്ച വരുമാനത്തിന്റെ 65 ശതമാനം നിർമ്മാതാക്കൾക്കും വിതരണക്കാർക്കും 35 ശതമാനം തിയറ്ററുകാർക്കും എന്നതാണ് വ്യവസ്ഥ. എന്നാൽ, മൾട്ടിപ്ലക്‌സുകളിൽ ഇതു നേരെ തിരിച്ചാണ്. വരുമാനത്തിന്റെ 65 ശതമാനം മൾട്ടിപ്ലക്‌സുകാർക്കു ലഭിക്കുമ്പോൾ 35 ശതമാനമാണ് നിർമ്മാതാക്കളുടെ വിഹിതം.

ഇതു നിർത്തലാക്കണമെന്നും മറ്റു തിയറ്ററുകാർക്ക് നൽകുന്ന വിഹിതം മാത്രമേ മൾട്ടിപ്ലക്‌സുകൾക്കും നൽകാനാകൂ എന്നതാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്. മൾട്ടിപ്ലക്‌സുകളോട് കിടപിടിക്കുന്ന സംവിധാനങ്ങളാണ് ഇപ്പോൾ മറ്റു തിയറ്ററുകളിലുമുള്ളതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, വിഹിതം വെട്ടിക്കുറയ്ക്കുന്നതിനെ എതിർത്ത് മൾട്ടിപ്ലക്‌സുകളും രംഗത്തെത്തിയതോടെയാണ് ഇവർക്ക് സിനിമ നൽകുന്നത് നിർത്താൻ നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചത്. അതേസമയം, പ്രശ്‌നപരിഹാരത്തിനുള്ള അനൗദ്യോഗിക ചർച്ചകൾ നടന്നുവരികയാണ്.

നേരത്തെ ഇതേ പ്രശ്‌നത്തെച്ചൊല്ലി മൾട്ടിപ്ലക്‌സുകളിൽ പുതിയ മലയാള സിനിമകളുടെ റിലീസ് മുടങ്ങിയിരുന്നു. ഇതേത്തുടർന്ന് പുതിയ സിനിമകളായ ഗോദ, അച്ചായൻസ് എന്നിവ കൊച്ചിയിലും തൃശൂരുമുള്ള പന്ത്രണ്ടോളം മൾട്ടിപ്ലക്‌സ് സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നില്ല.

മുൻപ് തിയറ്റർ വിഹിതത്തെച്ചൊല്ലി എ ക്ലാസ് തിയേറ്റർ ഉടമകളുടെ സംഘടനയായിരുന്ന കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും നിർമ്മാതാക്കളും വിതരണക്കാരുമായുണ്ടായ തർക്കം സിനിമാ സമരത്തിലെത്തിയിരുന്നു. ഇത് ചിത്രങ്ങളുടെ ക്രിസ്മസ് റിലീസിനെ ബാധിക്കുകയും സിനിമാവ്യവസായത്തെത്തന്നെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. തുടർന്ന് നടൻ ദിലീപിന്റെ നേതൃത്വത്തിൽ പുതിയ സംഘടന നിലവിൽവന്നതോടെയാണ് സമരം അവസാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP