Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാള സിനിമ 2014ൽ തുലച്ചത് 500 കോടി രൂപ! സാറ്റലെറ്റ് റേറ്റ് മാത്രം പ്രതീക്ഷിച്ച് സിനിമയെടുത്തവർ കുത്തുപാളയെടുത്തു; നയാപൈസ കിട്ടാതെ കെട്ടിക്കിടക്കുന്നത് 70 ചിത്രങ്ങൾ; സൂപ്പർ താരാധിപത്യത്തിന്റെ പിടിയിൽ തന്നെ മല്ലുവുഡ്‌

മലയാള സിനിമ 2014ൽ തുലച്ചത് 500 കോടി രൂപ! സാറ്റലെറ്റ് റേറ്റ് മാത്രം പ്രതീക്ഷിച്ച് സിനിമയെടുത്തവർ കുത്തുപാളയെടുത്തു; നയാപൈസ കിട്ടാതെ കെട്ടിക്കിടക്കുന്നത് 70 ചിത്രങ്ങൾ; സൂപ്പർ താരാധിപത്യത്തിന്റെ പിടിയിൽ തന്നെ മല്ലുവുഡ്‌

എം മാധവദാസ്

സ്റ്റ് പ്രൊഡ്യൂസർമാർ! അടിക്കടി പടം പൊട്ടി, മുടക്കുന്ന കാശ് തിരച്ചുകിട്ടാൻ പത്തിലൊന്ന് സാധ്യതപോലുമില്ലാത്ത മലയാള സിനിയെ പിടിച്ചു നിർത്തുന്നത് ഈ അതിഥി നിർമ്മാതാക്കളാണത്രേ. സിനിമ പിടക്കണമെന്ന ഉത്കടമായ ആഗ്രഹത്തോടെ വിദേശരാജ്യങ്ങളിൽ നിന്നൊക്കെ പറന്ന് എത്തുന്നവരാണിവർ. പച്ചാളം ഭാസി പറഞ്ഞതുപോലെ ഗൾഫിലും മറ്റുമുള്ള താരാധകരായ കുറെ കിഴങ്ങന്മാരും ഇക്കൂട്ടത്തിൽപെടും. എന്തായാലും ഇവർക്ക് സിനിമ പിടിച്ചേ പറ്റൂ. കൈയിൽ കാശുണ്ടെന്നല്ലാതെ, ഈ വ്യവസായം ചുക്കാണോ, ചുണ്ണാമ്പാണോ എന്നൊന്നും ഇവർക്കറിയില്ല. അതുകൊണ്ടുതന്നെ ഒരു പടം തീരുമ്പോഴേക്കും ഇവർ കട്ടയും പടവുമെടുത്ത് മടങ്ങും. പക്ഷേ അപ്പോഴേക്കും മണ്ണെണ്ണ വിളക്കിലേക്കെത്തുന്ന ഈയാംപാറ്റയെപ്പോലെ അടുത്ത ഗസ്റ്റ് പ്രൊഡ്യൂസർ എത്തുകയായി. സംവിധായകനും നടനുമൊക്കെ എന്ത്‌പേടിക്കാൻ. അവന് ഒരിര പോയപ്പോഴേക്കും അടുത്തിനെ കിട്ടിയില്ലേ!

2011 മുതലുള്ള തുടർച്ചയായ മൂന്നു വർഷങ്ങളിൽ കേരളത്തിലെ ചാനലുകൾ മോശമല്ലാത്ത തുക കൊടുത്ത് സിനിമ നന്നായി വാങ്ങിക്കൂട്ടിയതും ഇത്തരം ഗസ്റ്റ് പ്രൊഡ്യൂസർമാർക്ക് രക്ഷയായി. ചെലവ് ചുരുക്കി എടുത്താൽ സാറ്റലൈറ്റിന്റെ ബലത്തിൽ കൈപൊള്ളാതെ രക്ഷപ്പെടാം എന്ന ധാരണയും നിർമ്മാതാക്കളുടെ എണ്ണം കൂട്ടി. സാങ്കേതിക വിദ്യയിലുണ്ടായ മാറ്റം, ആർക്കും എടുക്കാവുന്ന രീതിയിൽ സിനിമയെ ജനകീയമാക്കി. 83 പുതുമുഖസംവിധായകരാണ് ഈ വർഷംമാത്രം രംഗത്തത്തെിയത്! വ്യക്തമായ കണക്ക് മറ്റിടങ്ങളിൽ നിന്ന് കിട്ടുകയാണെങ്കിൽ ചിലപ്പോൾ ഇതൊരു ഗിന്നസ് റിക്കോർഡ് ആയിരിക്കും. (നാട്ടിലൊക്കെ സിനിമക്കാരെക്കൊണ്ട് മുട്ടിയിട്ട് നടക്കാൻ പറ്റാതായി. ആരെക്കണ്ടാലും കേൾക്കാം, അതിന്റെ പേപ്പർവർക്കിലാണ്, യെവനുമായൊരു സിറ്റിങ്ങ് ഉണ്ട് എന്നൊക്കെ.)ന്യൂ ജനറേഷൻ തരംഗം പ്രമേയത്തിൽ മാത്രമല്ല, ഡേറ്റ്, കാൾഷീറ്റ് തുടങ്ങിയ താര സങ്കേതികതകളെയൊക്കി മാറ്റിവെപ്പിച്ച് സിനിമാ നിർമ്മാണത്തിന്റെ ചിട്ടവട്ടങ്ങളിലും കാര്യമായ മാറ്റംവരുത്തി. മൾട്ടിപ്‌ളക്‌സുകൾ അടക്കം തീയറ്റർ അന്തരീക്ഷം വല്ലാതെ മെച്ചപ്പെടുകയും ചെയ്തു. കഴിഞ്ഞ മൂന്നാലുവർഷങ്ങളിൽ ഓരോ രണ്ടു ദിവസത്തിലും ഒരു സിനിമയെങ്കിലും റിലീസാവുന്ന രീതിയിൽ മലയാള സിനിമാ വ്യവസായ അഭിവയോധികിപ്പെട്ടത് ഇതൊക്കെക്കൊണ്ട് കൂടിയാണ്.

അങ്ങനെ നോക്കുമ്പോൾ വല്ലാത്തൊരു ദശാസദ്ധിഘട്ടമാണ് മലയാള സിനിമയെ സംബന്ധിച്ച് 2014. സിനിമാ വ്യവസായത്തിലുണ്ടായ അഭിവയോധികിയുടെ ഘടകങ്ങളെല്ലാം ഒറ്റയടിക്ക് മണ്ണൊലിച്ചുപോയ ആണ്ടറുതിയാണിത്. പെരുവണ്ണാപുരത്തെ വിശേഷങ്ങളിൽ ജഗതി ശ്രീകുമാർ 'അവസാനം ശിവരാമന് ബുദ്ധിതെളിഞ്ഞു' എന്ന് പറഞ്ഞപോലെ കേരളത്തിലെ ചാനലുകാർക്കും ബുദ്ധി തെളിഞ്ഞു. മലയാള സിനിമകൾ വാരിക്കോരി സംപ്രേഷണം ചെയ്യുന്ന പണി അവരങ്ങ് നിർത്തി. വൻ തുക സാറ്റലൈറ്റ് കൊടുത്ത് വാങ്ങിയ അമ്പതോളം ചിത്രങ്ങൾ പരസ്യക്കാരെ കിട്ടാത്തതിനാൽ കെട്ടിക്കിടക്കുന്നതാണ് അവരെ ഇത്തരമൊരു വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്. ഇതോടെ ഈ വർഷം ഇറങ്ങിയ 70ഓളം ചിത്രങ്ങൾക്ക് സാറ്റലൈറ്റ് റൈറ്റ് കിട്ടിയിട്ടില്ല. മലയാള സിനിമയാകട്ടെ പൂർണമായും താരാധിപത്യത്തിലേക്ക് മാറുകയും ചെയ്തു.

ധൂളിയായത് 300 കോടി; സർവം താരമയം

ചെലവ് അഞ്ചൂറ് കോടിയിലധികം രൂപ. വരവ് വെറും ഇരുന്നൂറുകോടി. വെള്ളത്തിലായത് മുന്നുറുകോടിയാൺ മലയാളസിനിമയുടെ 2014ലെ ബാലൻസ് ഷീറ്റ് അതിദയനീയമാണ്. മൊഴിമാറ്റ ചിത്രങ്ങളടക്കം 160ഓളം ചിത്രങ്ങൾ ഇറങ്ങിയ മലയാള സിനിമയിൽ വെറും ഇരുപതോളം സിനിമകൾക്ക് മാത്രമാണ് നഷ്ടമില്ലാതെ പിടിച്ചുനിൽക്കാനായത്. അഞ്ജലി മേനോന്റെ 'ബാംഗ്‌ളൂർ ഡെയ്‌സ്', എബ്രിഡ് ഷൈനിന്റെ '1983', ജൂഡ് ആന്റണി ജോസഫിന്റെ 'ഓം ശാന്തി ഓശാന', ശ്യാംധറിന്റെ 'സെവൻത്ത് ഡേ', റാഫിയുടെ ദിലീപ് ചിത്രം 'റിങ്ങ് മാസ്റ്റർ', റോഷൻ ആൻഡ്രൂസിന്റെ മഞ്ജുവാരിയർ ചിത്രം 'ഹൗ ഓൾഡ് ആർ യു', ലാൽജോസിന്റെ 'വിക്രമാദിത്യൻ', അനിൽ രാധകൃഷണമോനോന്റെ പ്രഥ്വീരാജ് ചിത്രം 'സപ്തമശ്രീ തസ്‌ക്കര', ജിബുജേക്കബിന്റെ ബിജുമേനോൻ ചിത്രം 'വെള്ളിമൂങ്ങ', രഞ്ജിത്ത് ശങ്കറിന്റെ മമ്മൂട്ടി ചിത്രം'വർഷം', ബിനു.എസ് കാലടിയുടെ 'ഇതിഹാസ' എന്നീ പതിനൊന്ന് ചിത്രങ്ങൾ മാത്രമാണ് തീയേറ്റർ കളക്ഷൻകൊണ്ട് ലാഭമുണ്ടാക്കിയത്. ഗ്ലൈവെഡ് റിലീസ് വഴി ഉൽസവ സീസണിൽ കിട്ടിയ കൂറ്റൻ ഇനീഷ്യൽ കളക്ഷനും, ഉയർന്ന സാറ്റലൈറ്റ് റൈറ്റും കണക്കിലെടുക്കുമ്പോൾ മമ്മൂട്ടിയുടെ 'രാജാധിരാജയെയും' മോഹൻലാലിന്റെ 'പെരുച്ചാഴി'യെയും ഈ ഗണത്തിൽപ്പെടുത്താം. ചുരുങ്ങിയ നിർമ്മാണചെലവും സാറ്റലൈറ്റും ചേരുമ്പോൾ വേണുവിന്റെ 'മുന്നറിയിപ്പും', സജിസുരേന്ദ്രന്റെ 'ആംഗ്രിബേബീസും' അജിത്ത് പിള്ളയുടെ 'മോസയിലെ കുതിരമീനുകളും' ലാഭമാണെന്ന് പറയാം. വൻ മുടക്കുമുതലുള്ള അമൽനീരദിന്റെ 'ഇയ്യോബിന്റെ പുസ്തകം' സാറ്റലെറ്റിന്റെ കണക്കറിഞ്ഞാലേ ലാഭമാണോയെന്ന് പറയാൻ കഴിയുവോ. മുടക്കുമുതലിന് ആനുപാതികമായ കളക്ഷൻ ചിത്രത്തിന് തീയറ്ററുകളിൽനിന്ന് കിട്ടിയിട്ടില്ല. ആവറേജ് കളക്ഷൻ നേടിയ വിനീത്ശ്രീനിവാസൻ നായകനായ 'ഓർമ്മയുണ്ടോ ഈ മുഖം', ജയറാമിന്റെ 'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്നിവയും സാറ്റലൈറ്റിന്റെ ബലത്തിൽ ലാഭമാവും. ഇതിൽതന്നെ 'ബാഗ്‌ളൂർഡെയ്‌സ്', 'വെള്ളിമൂങ്ങ' എന്നീ സിനിമകൾ മാത്രമേ സൂപ്പർ ഹിറ്റുകൾ എന്ന് വിളിക്കാനാവു.

പരമ്പരാഗത നിർമ്മാതാക്കൾ കുത്തുപാളയെടുക്കുന്ന ഇക്കാലത്ത് സർവവും താരമയമാണ്. താരങ്ങൾ നിർമ്മാതാക്കളാവുന്നു, വിതരണക്കാരാവുന്നു എന്തിന് സ്റ്റുഡിയോകളും, തീയേറ്ററുകളുംവരെ വാങ്ങിക്കൂട്ടുന്നു. (കള്ളപ്പണം വെളുപ്പിക്കാനും, ലൈംഗികദാരിദ്ര്യം പരിഹരിക്കാനുമായൊക്കെ നിർമ്മാതക്കളൂടെ വേഷം കെട്ടുന്ന ഊളകളും കുറച്ചുണ്ട്) വന്നുവന്ന് താരങ്ങൾക്കും അവരെ ചുറ്റിപ്പറ്റിയുള്ള കാർഡ്രൈവർ തൊട്ട് പ്രൈവറ്റ് സെക്രട്ടറിവരെയുള്ളവർക്ക് മാത്രമേ മലയാള സിനിമയെക്കൊണ്ട് സാമ്പത്തിക ഗുണമുള്ളൂ എന്നായിരിക്കുന്നു! ലോകത്ത് ഒരിടത്തുമില്ലാത്ത രീതിയിൽ ഒരു സിനിമയുടെ മുടക്കുമുതലിന്റെ 70 ശതമാനത്തിലേറെ വരുന്നത് താരങ്ങളുടെ പ്രതിഫലമാണ്. ഇന്ത്യൻ സിനിമയിൽ മാത്രമേ ഇതുപോലുള്ള ഒരു അവസ്ഥയുള്ളൂ. ഒരു മലയാള സിനിമയെക്കുറിച്ചുള്ള ആലോചനപോലും ഒരുതാരത്തിന്റെ ഡേറ്റിൽനിന്നാണ് തുടങ്ങുന്നത്.

പണ്ടൊക്കെ പാക്കേജ് സിനിമകൾ ചെയ്തിരുന്നത് ചില സംവിധായകരായിരുന്നെങ്കിൽ ഇന്ന് ആ 'ക്വട്ടേഷൻ' നടന്മാർ നേരിട്ട് ഏറ്റെടുത്തിരിക്കയാണ്. അതായത് നിങ്ങൾ ഒരു ഏതാനും കോടികൾ താരത്തിന് കൊടുത്ത് മാറിനിന്നാൽ മതി. നിർമ്മാതാവെന്ന് പറഞ്ഞ് വിലസാം. ഒരു ടെൻഷനും അറിയേണ്ട. പക്ഷേ പടം കാശു തിരിച്ചുപിടിക്കുമോ എന്നത് നിങ്ങളുടെ ഭാഗ്യംപോലെയിരിക്കും. എന്തായാലും സെറ്റിടുന്നതിൽ തൊട്ട് കോസ്റ്റ്യൂമുകളിൽ വരെ തട്ടിപ്പുനടത്തി താരങ്ങൾ നന്നായി കാശുണ്ടാക്കയും ചെയ്യും. അവർക്കുള്ള പ്രതിഫലത്തുകയ്ക്ക് പുറമെയാണിതെന്ന് ഓർക്കണം. ആന ജീവിച്ചാലും ചെരിഞ്ഞാലും പന്തീരായിരം എന്നുപറയുന്നതുപോലെ സിനിമ വിജയിച്ചാലും പൊട്ടിയാലും താരങ്ങൾക്ക് കോളാണ്. കഴിഞ്ഞ പത്തിരുപതുവർഷക്കാലമായി മലയാളസിനിമയിൽ നായകരായി അരങ്ങേറിയതിൽ ഏതാനും പേർ മാത്രമാണ് ഫീൽഡ് ഔട്ട്ആയതെന്നും ഓർക്കണം. ചക്കരക്കുടത്തിൽ കയ്യിട്ടാൽ നക്കി മതിയാവത്തവർ ആരാണ്.

ഒന്നരക്കോടിയുടെ പാട്ടും വിവരക്കേടും

മ്മുടേത് ഒരു വളരെ ചെറിയ ഇൻഡസ്ട്രിയാണെന്നുപോലും മനസ്സിലാക്കാതെ ഒരു പാട്ടിന് ഒന്നരക്കോടി രൂപവരെ മുടക്കിയ വീരന്മാരുണ്ട്. എന്നിട്ടും 'കസിൻസ്' എന്ന കൂത്താട്ടം ബോക്‌സോഫീസിൽ മൂക്കും കുത്തിവീണു. പണ്ടൊക്കെ വെറും നാൽപ്പതുദിവസം കൊണ്ട് തീരുമായിരുന്ന ഒരു ശരാശരി മലയാള സിനിമയുടെ ഷൂട്ടിങ്ങ് ഇന്ന് അറുപതും എഴുപതും ദിവസമെടുത്താണ് തീരാറ്. ഈ അച്ചടക്കമില്ലായ്മ പരിഹരിക്കാനുള്ള നിർമ്മാണത്തിലെ പ്രൊഫഷണലിസം ഇനിയും മലയാളത്തിൽ വന്നിട്ടില്ല.

ചില സമയത്ത് കെ.എസ്.ആർ.ടി.സി ബസുകൾ പോകുന്നതുപോലെ ഒന്നിനു പിറകെ ഒന്നായി നല്ല ചിത്രങ്ങൾ വരുന്നതുകൊണ്ട് തീയേറ്റിൽനിന്ന് പുറത്തായവയും ഉണ്ട്. സുരേഷ്‌ഗോപിയുടെ ഡോൾഫിൻസ്, ജയസൂര്യയുടെ സെക്കൻഡ്‌സ്, ഇന്ദ്രജിത്തിന്റെ എയ്ഞ്ചൽസ് തുടങ്ങിയവ ഉദാഹരണം. മുൻകൂട്ടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ച്, ടീസറൊക്കെ ഇടവേളകളിൽ ഇറക്കി കൃത്യമായ പ്രചാരണത്തിലുടെ മുന്നേറേണ്ട വിപണിയാണ് സിനിമയെന്ന തിരിച്ചറിവ് ഈ വൈകിയവേളയിലെങ്കിലും ഉണ്ടാവുന്നത് നന്ന്. ശങ്കറും, രാംഗോപാൽ വർമ്മയും, ആമിർഖാനുമൊക്കെ തങ്ങളുടെ സിനിമകൾ നെറ്റും, വാട്‌സ് ആപ്പും അടക്കമുള്ള സകല നവ മാദ്ധ്യമങ്ങളെയും കുട്ടുപിടിച്ച് പ്രാചരണത്തിനിറക്കുന്നത് കണ്ടുപടിക്കണം. വർഷം സിനിമയുടെ പ്രൊമോഷന് മമ്മൂട്ടി നടത്തിയ വാട്‌സാപ്പ് പ്രചാരണം ഇക്കാര്യത്തിൽ മാതൃകയാണ്. 'പെരുച്ചാഴി'ക്കു വേണ്ടിയിറക്കിയ വ്യത്യസ്തമായ പ്രചാരണ തന്ത്രങ്ങളാണ് ആ സിനിമയെ ഒരു പരിധിവരെ രക്ഷിച്ചതെന്ന് മറക്കാനാവില്ല.


ജോർജ്കുട്ടിയുടെ വർഷം; ലാലിന്റെ തിരിച്ചറിവുകൾ
പ്രതിസന്ധിയുടെ കഥകൾ ഏറെ പറയാനുണ്ടെങ്കിലും മലയാളിക്ക് തീയേറ്ററിൽ പോയി സിനിമകാണാൻ യാതൊരു മടിയുമില്ലെന്ന് ജിത്തുജോസഫിന്റെ മോഹൻലാൽ ചിത്രമായ 'ദൃശ്യ'ത്തിന്റെ ചരിത്രവിജയം തെളിയിച്ചു. 2013 അവസാനം ഇറങ്ങിയ ദൃശ്യം നൂറും നൂറ്റമ്പതും ദിവസം ഓടി സകല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച്, മലയാളത്തിലെ എക്കാലത്തെയും ലാഭമുണ്ടാക്കിയ സിനിമയായി മാറി. മലയാളിക്ക് കാര്യമായ മറ്റൊരു വിനോദോപാധിയും ഇല്ലാതിരുന്ന 80കളെയും 90കളെയുംപോലെ ഇക്കാലത്തും ഒരു സിനിമ റിലീസിങ്ങ് സെന്ററുകളിൽ തന്നെ നൂറും നൂമ്പതും ദിവസം തികയ്ക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഈ മഹാവിജയം മറ്റൊന്നുകൂടി ഓർമ്മിപ്പിക്കുന്നു. നമ്മുടെ വ്യാവസായിക സിനിമയിലെ നമ്പർ വൺ ഇപ്പോഴും മോഹൻലാൽ തന്നെയാണ്. പക്ഷേ തുടർന്നുള്ള സിനിമകളിൽ ലാലിന് കാലിടറി.
'കൂതറ', 'മിസ്റ്റർ ഫ്രോഡ്', 'പെരുച്ചാഴി' എന്നീ സിനിമകളൊക്കെ പേരിനെ അറംപറ്റിക്കുന്ന ശുദ്ധ വളിപ്പുകൾ ആയിരുന്നു. ഈ 'പരാജയങ്ങൾ മോഹൻലാലും ആത്മാർഥമായി പഠിക്കയാണെന്നാണ് ഏറ്റവും ഒടുവിൽ കിട്ടിയ വിവരം. തമിഴകത്തെ രജനിയെും കമലിനെയും പോലെ ഉൽസവ സീസണുകളിൽ മാത്രം ഇനി തന്റെ സിനിമയിറക്കിയാൽ മതിയന്നാണത്രേ ലാലിന്റെ നിലപാട്. ഇത് നല്ലൊരു തിരച്ചറിവാണ.് പ്രതിഫലത്തുകയിൽ ലാൽ ഒരുകോടിയോളം കുത്തനെ കൂട്ടിയെന്നും അറിയുന്നു.

മമ്മൂട്ടിക്ക് 'ന്യൂഡൽഹിക്ക് 'സമാനമായ ബ്രേക്ക്

മൂന്നാലു കൊല്ലമായി തുടർച്ചയായി പത്തുപതിനെട്ട് സിനിമകൾ ഒറ്റയടിക്ക് പൊട്ടിയിട്ടും മെഗാ സ്റ്റാർ പദവിയിൽ തുടരുന്നതിലൂടെ ലോകാത്ഭുതമായി മാറിയ മമ്മൂട്ടി വ്യാവസായിക സിനിമയിലേക്ക് തിരിച്ചുവന്ന വർഷമാണിത്. 2013ലെ ബോക്‌സോഫീസ് ദുരന്തങ്ങളുടെ തുടർച്ചയിരുന്നു മമ്മൂട്ടിക്ക് ഈ വർഷത്തിന്റെ തുടക്കവും. വലിയ പ്രതീക്ഷയിൽ വന്ന 'ഗ്യാങ്ങ്സ്റ്ററും', 'പ്രെയിസ് ദി ലോർഡും', 'ബാല്യകാല സഖിയും', 'മംഗ്‌ളീഷുമൊക്കെ' കണ്ട് ജനം പരിഹസിച്ച് ചിരിക്കയായിരുന്നു. എന്നാൽ 'മുന്നറിയിപ്പ്', 'രാജാധിരാജ','വർഷം' എന്നീ മൂന്നുസിനിമകളുടെ സാമ്പത്തിക വിജയം മമ്മൂട്ടിയെ രക്ഷിച്ചു. തുടർന്നവന്ന 'രാജാധിരാജ' പാണ്ടിപ്പടങ്ങളെന്ന് മലയാളികൾ പരിഹസിക്കുന്ന തമിഴ് സിനിമാ നിലവാരത്തിൽ ഉള്ളതാണെങ്കിലും, ഉത്സവ സീസണിലെ മികച്ച ഇനീഷ്യൻ കളക്ഷനും സാറ്റലൈറ്റ് റൈറ്റും വഴി സാമ്പത്തിക വിജയമായി. ആശാ ശരത് നായികയായ കുങ്കുമപ്പൂവ് കണ്ണീർ സീരിയലിന്റെ രണ്ടാംഭാഗമെന്ന് തോന്നുന്ന രീതിയിൽ, അതി വൈകാരികത കലർന്നതാണെങ്കിലും മമ്മൂട്ടിയുടെ ഒറ്റപേരിൽ രഞ്ജിത്ത് ശങ്കറിന്റെ 'വർഷവും' വിജയമായി. വന്നു വന്ന് ബോറടിയില്ലാതെ കാണാൻ പറ്റുന്ന ഒരു മമ്മൂട്ടി ചിത്രം ഉണ്ടായാൽ മതി, ജനം അതിന് ഇരച്ചുകയറുമെന്നായിരിക്കുന്നു! വർഷത്തിന്റെ വിജയത്തോടെ 12ഓളം പടങ്ങളാണണത്രേ മമ്മൂട്ടിക്ക് പുതുതായി കരാറായത്. അതായത് അടുത്ത മൂന്നുകൊല്ലത്തേക്ക് അദ്ദേഹത്തിന് ഡേറ്റില്ലെന്ന് ചുരുക്കം. ഈ 62-ാം വയസ്സിലും ചുറുചുറുക്കോടെ മമ്മൂട്ടി യുവ നടന്മാരെ വെല്ലുവിളിക്കയാണ്. ആ പ്രൊഫഷണലിസം പുതുതലമുറ കണ്ടുപടിക്കണം. പണ്ട് സകലപടങ്ങളും പൊട്ടി നിൽക്കുന്ന കാലത്ത് ജോഷിയുടെ 'ന്യൂഡൽഹി' നൽകിയതുപോലുള്ള ബ്രേക്കാണ് 'വർഷം' മമ്മൂക്കക്ക് നൽകിയത്.

വെടിതീർന്ന് ദിലീപും ജയറാമും; മൂക്കുംകുത്തി ഹിറ്റ്‌മേക്കർമാർ

'റിങ്ങ് മാസ്റ്റർ' എന്ന ഒറ്റചിത്രമാണ് ദിലീപിന്റെ വിജയ ലിസ്റ്റിലുള്ളത്. 'വില്ലാളിവീരനും', 'അവതാരവുമൊക്കെ' അതർഹിക്കുന്ന രീതിയിൽ പത്തുനിലയിൽ പൊട്ടി. മഞ്ജുവാര്യരുമായി പരിഞ്ഞശേഷം കുടുംബപ്രേക്ഷകരുടെ പ്രീതിയിൽ ദിലീപ് പിറകോട്ടടിക്കയാണ്. സുരേഷ്‌ഗോപിയുടെയും ജയറാമിന്റെയും കാര്യം എടുക്കാനില്ല. 'അപ്പോത്തിക്കിരി' ഡോൾഫിൻ ബാർ' എന്നീ സിനിമകളിൽ മികച്ചവേഷമായിരുന്നു സുരേഷിന്റേത്. ഡോൾഫിൻ ബാറിനുശേഷം സുരേഷ് ഗോപിക്ക് എതാനും ചിത്രങ്ങൾ കരാറായിട്ടുമുണ്ട്. 'ഇയ്യോബിലെ' വില്ലൻ മാത്രമാണ് ജയസൂര്യക്ക് എടുത്തു പറയാനുള്ളത്. ജോഷിയും, ആഷിക്ക് അബുവും, ബി. ഉണ്ണികൃഷ്ണനും അടക്കമുള്ള പ്രമുഖ മുഖ്യധാരാ സംവിധായകരൊക്കെ ബോറടി മൽസരമെന്നപോലെ ഒന്നിനൊന്ന് വളിപ്പൊരുക്കി പ്രേക്ഷകരെ വെറുപ്പിക്കയായിരുന്നു. അവസാനം ഇറങ്ങിയ പ്രിയന്റെ 'ആമയും മുയലും' ശ്രീനിവസന്റെ 'നഗരവാരിധി നടുവിലും' പ്രേക്ഷകരുടെ നടുവൊടിച്ചു.

ഇനി യുവനടന്മാർ ഭരിക്കും; നടികൾ തഥൈവ

ന്നാൽ ഇപ്പോഴത്തെ യഥാർഥ താരം നിവിൻപോളിയാണ്. '1983','ഓം ശാന്തി ഓശാന','ബാംഗ്‌ളൂർ ഡെയ്‌സ് എന്നീ ചിത്രങ്ങളിൽ ഈ യുവനടൻ തകർത്തു. 'ബാംഗ്‌ളൂർ ഡെയ്‌സിലെ' ഹാസ്യവേഷം ഉഗ്രനാക്കിയത് നിവിനിലെ ഓൾ റൗണ്ടറെയാണ് തെളിയിക്കുന്നത്. നായക സങ്കല്പങ്ങൾക്ക് ചേരാത്ത വയറുന്തിയ ഈ ശരീരംവച്ച് 'വെള്ളിമൂങ്ങയെ' വിജയിപ്പിച്ച ബിജുമേനോനാണ് ഈ വർഷം തകർത്തത്. വേറിട്ട ഹാസ്യവേഷങ്ങളുമായി ബിജു വർഷമുടനീളം നിറഞ്ഞു നിന്നു.

'ലണ്ടൻ ബ്രിഡ്ജിന്റെ' കൂറ്റൻ പരാജയത്തിനിടയിലും 'സെവൻത്ത് ഡേ', 'സത്മശ്രീ തസ്‌ക്കര' എന്നിവയുടെ വിജയം പൃഥ്വിരാജിന് ആശ്വാസമായി. തുടർന്നുവന്ന 'ടമാർ പടാർ' പൊട്ടിത്തീർന്നെിങ്കിലും തമിഴ്ചിത്രം 'കാവിയത്തലൈവൻ' പൃഥ്വിക്ക് മുതൽക്കുട്ടായി.'ഞാൻ', 'വിക്രമാദിത്യൻ', 'ബാംഗ്‌ളൂർ ഡെയസ'് എന്നിവയിലൂടെ വേറിട്ട നടനാണെന്ന് ദുൽഖർ സൽമാൻ തെളയിച്ചു. 'ഇയ്യോബിന്റെ പുസ്തക'ത്തിലൂടെ ഫഹദും കസറി. പൃഥ്വിരാജ്, നിവിൻപോളി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവരായിരിക്കും ഇനി മലയാള സിനിമയെ നിയന്ത്രിക്കുകയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സുനിൽ സുഖദ, ജോജുജോർജ്, സുധീർ കരമന, ജോയ്മാത്യു തുടങ്ങിയ ഏത് വേഷവും ഭദ്രമാക്കുന്ന സ്വാഭവനടന്മാരും പോയവർഷം മുഴുനീളം സജീവമായിരുന്നു. പപ്പുചേട്ടന്റെയും, ഒടുവിലാന്റെയും, ശങ്കരാടിയുടെയും, നരേന്ദ്രപ്രസാദിന്റെയുമൊക്കെ വിയോഗം വഴിയുണ്ടായ പ്രതിഭാദാരിദ്ര്യം ഇനി പരിഹരിക്കേണ്ടത് ഇവരാണ്. സുരാജിനൊക്കെ ഭീഷണിയായിപ്പോൾ അജുവർഗീസ് രംഗത്തത്തെിയിട്ടുണ്ട്.

അനുഗൃഹീത നടി മഞ്ജുവാരിയർ തിരിച്ചുവന്ന 'ഹൗ ഓൾഡ് ആർ യൂ' എന്ന സിനിമ മലയാളികൾ നന്നായി ആഘോഷിച്ചു. നായികമാർ നോക്കുകുത്തികളാവുന്ന പതിവ് ചിട്ടകൾ 'മുന്നറിയിപ്പിലുടെ' അപർണഗോപിനാഥും, 'ഇതിഹാസയിലുടെ' അനുശ്രീയും തെറ്റിച്ചു.'ബാംഗ്‌ളൂർ ഡെയ്‌സിലും', 'ഓംശാന്തി ഓശനയിലും' നസ്രിയ തിളങ്ങി. 'ഒറ്റമന്ദാരത്തിലെ' ഭാമയുടെ വേഷവും ശ്രദ്ധേയമായിരുന്നു. 1983ൽ ശ്രദ്ധേയമായ വേഷം ചെയ്ത സിൻഡ്ര ഷബാബ് ആണ് ഭാവിയുണ്ടെന്ന് തോന്നിപ്പിച്ച മറ്റൊരു താരം. 'വിക്രമാദിത്യൻ' ഒഴികെയുള്ള സിനിമകളിൽ സുന്ദരിയായി മേക്കപ്പിട്ട് ഇരിക്കുക എന്ന ചുമതല മാത്രമുള്ള നമിതാപ്രമോദാണ് ഇത്തവണ കൂടുതൽ സിനിമകളിൽ നായികയായത്. നല്ല കഥാപാത്രങ്ങൾ നൽകാൻ സംവിധയകരില്ലെങ്കിൽ മലയാളത്തിലെ നായികാദാരിദ്ര്യം അടുത്തകാലത്തൊന്നും തീരില്ലെന്ന് ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP