Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻലാലിന് പ്രതിഫലം 5 കോടി; മമ്മൂട്ടിക്കും ദിലീപിനും 2.5 കോടി; പൃഥ്വിക്ക് ഒന്നര കോടിയും നിവിൻ പോളിക്ക് ഒന്നേ കാൽ കോടിയും; ദുൽഖറിനും ബിജു മേനോനും കുഞ്ചാക്കോ ബോബനും 75 ലക്ഷം; മഞ്ജു വാര്യർക്ക് 50 ലക്ഷം: മലയാള സിനിമയിലെ താരമൂല്യങ്ങളുടെ കഥ

മോഹൻലാലിന് പ്രതിഫലം 5 കോടി; മമ്മൂട്ടിക്കും ദിലീപിനും 2.5 കോടി; പൃഥ്വിക്ക് ഒന്നര കോടിയും നിവിൻ പോളിക്ക് ഒന്നേ കാൽ കോടിയും; ദുൽഖറിനും ബിജു മേനോനും കുഞ്ചാക്കോ ബോബനും 75 ലക്ഷം; മഞ്ജു വാര്യർക്ക് 50 ലക്ഷം: മലയാള സിനിമയിലെ താരമൂല്യങ്ങളുടെ കഥ

തിരുവനന്തപുരം: മലയാള സിനിമയിൽ പുലിയിറങ്ങിയ വർഷമാണ് കടന്നുപോയത്. സാമ്പത്തികമായി വൻതോതിൽ മലയാളം സിനിമാ വ്യവസായം വിജയം കൊയ്ത വർഷം. ബോക്‌സോഫീസിൽ പ്രകമ്പനം സൃഷ്ടിച്ച ഈ കാലയളവിൽ മലയാള സിനിമാ താരങ്ങളുടെ മൂല്യത്തിലും വലിയ തോതിൽ കുതിച്ചു ചാട്ടം ഉണ്ടായി. ഇതിൽ പ്രധാനപ്പെട്ടത് മോഹൻലാലിന്റെ മികവ് തന്നെയാണ്. പ്രതിഫല കാര്യത്തിൽ അടക്കം വലിയ കുതിച്ചുചാട്ടമാണ് ലാൽ നടത്തിയത്.

സൂപ്പർതാരങ്ങൾക്കൊപ്പം ചെറുമീനുകൾ വരെ വിജയം കണ്ട വർഷമായിരുന്നു 2016. സീനിയർ സംവിധായകർ മുതൽ പുതുമുഖ സംവിധായകരുടേത് ഉൾപെടെ 100 ൽ അധികം ചിത്രങ്ങൾ തിയറ്ററുകളിൽ എത്തി. എന്നാൽ, പതിവുപോലെ പകുതിയിൽ അധികം ചിത്രങ്ങൾ ബോക്‌സോഫീസില് മൂക്കുകൂത്തി വീണു. എന്നാൽ, ബോക്‌സ് ഓഫീസിൽ ചലനങ്ങൾ ഉണ്ടാക്കിയത് 30 ൽ താഴെ ചിത്രങ്ങൾ മാത്രംമായിരുന്നു. ഇതിനിടെയാണ് പുലിമുരുകൻ എന്ന ചിത്രം 125 കോടി ക്ലബ്ബിൽ ഇടംപിടിച്ച് പുതുചരിത്രം കുറിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് പുറമേ തെലുങ്കിലും താരമായി മോഹൻലാൽ നിറഞ്ഞു നിന്നപ്പോൾ അദ്ദേഹത്തിന്റെ പ്രതിഫലവും കുത്തനെ ഉയർന്നു.

ബോളിവുഡിലെയും കോളിവുഡിലെയും തെലുങ്കിലെയും നായകർക്കുള്ള പ്രതിഫലം ഇന്ന് മലയാള സിനിമയിൽ ഇല്ല. എങ്കിലും ഈ കൂട്ടത്തിലേക്ക് എടുത്തു വെക്കാവുന്ന താരം മോഹൻലാൽ മാത്രമാണ്. കാരണം പോയ വർഷം തെലുങ്കിൽ വിജയിച്ച രണ്ട് ചിത്രങ്ങളുടെ ഭാഗമായി മോഹൻലാൽ, കൂടാതെ പുലിമുരുകന്റെ റീമേക്ക് ചിത്രത്തിനും വലിയ സ്വീകരണം ലഭിച്ചു. അതുകൊണ്ട് തന്നെ ലാലിന്റെ പ്രതിഫലത്തിൽ ഇരട്ടിലേറെ വർദ്ധനവാണ് ഉണ്ടായത്.

അഞ്ച് കോടി പ്രതിഫലം വാങ്ങി മോഹൻലാൽ, മമ്മൂട്ടിക്കും ദിലീപിനും 2.5 കോടി

മലയാളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ മോഹൻലാലാണ് രണ്ടാമത് മമ്മൂട്ടി തന്നെ പിന്നാലെയാണ് ദിലീപും നിവൻ പോളിയുമൊക്കെയാണ്. നവാഗതരുടെ ചിത്രങ്ങൾ മുടക്കു മുതൽ തിരിച്ചു പിടിച്ചപ്പോൾ സൂപ്പർ മൾട്ടിസ്റ്റാർ ചിത്രങ്ങൾ എട്ടു നിലയിൽ പൊട്ടുന്ന കാഴ്‌ച്ചയും നമ്മൾ കണ്ട വർഷമായിരുന്നു കടന്നു പോയത്. ഇതിൽ തന്നെ 100 കോടി എന്ന ബോക്‌സ് ഓഫീസ് നേട്ടത്തിൽ എത്തിച്ച സൂപ്പർ സ്റ്റാർ മലയാളികളുടെ സ്വന്തം ലാലേട്ടനാണ് ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്. 2015 ലെ തുടർച്ചയായുള്ള പരാജയത്തിനു ശേഷം ലാലേട്ടന്റെ 4 സിനിമകളാണ് 2016 ൽ പ്രദർശനത്തിന് എത്തിയത്. ജനതാ ഗാരേജ്, വിസ്മയം എന്നിവ തെലുങിൽ നിന്നും ഒപ്പം, പുലിമുരുകൻ എന്നിവ. നാല് ചിത്രങ്ങളുടേയും തകർപ്പൻ ഹിറ്റിനു പിന്നാലെ പ്രതിഫലവും ഉയർന്നു. 5 കോടിയാണ് ഇപ്പോൾ താരത്തിന്റെ പ്രതിഫലം എന്നാണ് ലഭ്യമായ കണക്കുകൾ.

മെഗാ സ്റ്റാർ മമ്മൂട്ടിയും പ്രതിഫലക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. പുതിയ നിയമം, വൈറ്റ്, കസബ, തോപ്പിൽ ജോപ്പൻ എന്നീ ചിത്രങ്ങളാണ് കഴിഞ്ഞ വർഷം മമ്മൂട്ടിയുടേതായി തിയ്യറ്ററുകളിൽ എത്തിയത്. വൈറ്റ് ബോക്‌സ് ഓഫീസിൽ എട്ടു നിലയിൽ പൊട്ടിയപ്പോൾ മറ്റു ചിത്രങ്ങൾ ഭേതപ്പെട്ട കളക്ഷൻ നേടി. ജനപ്രിയ താരം ദിലീപും പ്രതിഫലക്കര്യാത്തിൽ മമ്മൂട്ടിയോടൊപ്പം തന്നെയാണ്. 2.5 കോടിയാണ് രണ്ടു പേരുടേയും പ്രതിഫലം. കിങ് ലയർ, വെൽകം ടു സെൻട്രൽ ജയിൽ, പിന്നെയും എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്.

പൃഥ്വിരാജിന് ഒന്നര കോടി, നിവിൻ പോളിക്ക് ഒന്നേകാൽ കോടിയും

മോഹൻലാലും മമ്മൂട്ടിക്കും ദിലീപിനും പിന്നിൽ താരമൂല്യത്തിലും പ്രതിഫല കാര്യത്തിലും മുന്നിൽ പൃഥ്വിരാജും നിവിൻ പോളിയുമാണ്. പൃഥ്വിക്ക് ഒന്നര കോടി ലഭിക്കുമ്പോൾ നിവിൻ പോളിക്ക് ഒന്നേ കാൽ കോടിയാണ് ലഭിക്കുന്നത്. പാവാട, ജെയിംസ് ആൻഡ് ആലീസ്, ഡാർവിന്റെ പരിണാമം, ഊഴം എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജിന്റെ കഴിഞ്ഞ വർഷത്തെ റിലീസ്. പാവാട മികച്ച പ്രതികരണം നേടിയപ്പോൾ ജെയിംസ് ആൻഡ് ആലീസ്, ഡാർവിന്റെ പരിണാമവും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ജീത്തു ജോസഫ് ചിത്രം ഊഴമാണ് പിന്നെ താരത്തിന് അല്പം ആശ്വാസം പകർന്നത്. 2015 വിജയം ആവർത്തിക്കുന്ന പ്രകടനമാണ് നിവിൻ പോളി കാഴ്ച വച്ചത്. ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗരാജ്യം, ആനന്ദം(ഗസ്റ്റ്) എന്നീ ചിത്രങ്ങൾ ബോക്‌സ് ഓഫീസിലും തിയറ്ററുകളിലും ചലനം തീർത്തു.

ദുൽഖറിനും കുഞ്ചാക്കോയ്ക്കും ജയസൂര്യക്കും 75 ലക്ഷം

ദുൽഖറിനും ബിജു മേനോനും കുഞ്ചാക്കോ ബോബനുമാണ് തൊട്ടു പിന്നാലെ 75 ലക്ഷം രൂപ വരെയാണ് ഇവരുടെ പ്രതിഫലം. വേട്ട, വള്ളിയും തെറ്റി പുള്ളിയും തെറ്റി, സ്‌കൂൾ ബസ്, ഷാജഹാനും പരീകുട്ടിയും ,കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്നീ 5 ചിത്രങ്ങളാണ് തിയറ്ററിൽ എത്തിയത്. എന്നാൽ അതിൽ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ ആണ് ശ്രദ്ധനേടിയത്. പതിവു ശൈലിയിലാണ് 2016 ലും ബിജു മേനോൻ എത്തിയത്. 6 ചിത്രങ്ങൾ, ഒന്നിന് ഒന്ന് മികച്ചു നിന്നു. ലീല നിരൂപ പ്രശംസ നേടിയപ്പോൾ, അനുരാഗ കരിക്കിൻ വെള്ളവും മരുഭൂമിയിലെ ആനയും എല്ലാം തിയറ്ററിൽ ആളെ കൂട്ടി. കലി, കമ്മട്ടി പാടം, ആന്മരിയ കലിപ്പിലാണ്(ഗസ്റ്റ്) എന്നീ ചിത്രങ്ങളിലൂടെ 2015 ലെ ഫോം ദുൽഖർ നിലനിർത്തി.

ജയസൂര്യയാണ് 75 ലക്ഷം പ്രതിഫലം വാങ്ങുന്ന താരം. സ്‌കൂൾബസ്, പ്രേതം, ഷാജഹാനും പരീക്കുട്ടിയും, ഇടി തുടങ്ങിയ ചിത്രങ്ങളുമായാണ് പോയ വർഷം ജയസൂര്യ വെള്ളിത്തിരയിൽ നിറഞ്ഞത്. ഇതിൽ വിജയചി്ത്രമായി മാറിയത് പ്രേതം മാത്രമായിരുന്നു.

ഫഹദ് ഫാസിലിനും ജയറാമിനും 50 ലക്ഷം

ഫഹദ് ഫാസിലിന്റേതായി പോയ വർഷം ഒരു ചിത്രം മാത്രമാണ് പുറത്തിറങ്ങിയത്. മഹേഷിന്റെ പ്രതികാരം വലിയ തോതിൽ ഹിറ്റായി മാറുകയും ചെയ്തു. 50 ലക്ഷമാണ് ഫഹദിന്റെ പ്രതിഫലം. ജയറാമിന്റേതായി ആടുപുലിയാട്ടമാണ് പോയ വർഷം പുറത്തിറങ്ങിയത്. ഈ ചിത്രത്തിൽ ജയറാം വാങ്ങിയതും 50 ലക്ഷമാണ്. ആറ് ചിത്രങ്ങൾ ഉണ്ടായിരുന്ന അനൂപ് മേനോന് 30 ലക്ഷമാണ് പ്രതിഫലം. വിനീത് ശ്രീനിവാസന് 25 ലക്ഷവും അനിയൻ ധ്യാൻ ശ്രീനിവാസന് 10 ലക്ഷവുമാണ് പ്രതിഫലം. വിനയ് ഫോർട്ടിന് 15 ലക്ഷമാണ് പ്രതിഫലം. മൂന്ന് ചിത്രങ്ങളുടെ ഭാഗമായിരുന്നു വിനയ്. സണ്ണി വെയ്‌ന്റെ പ്രതിഫലം 25 ലക്ഷം രൂപയാണ്.

മലയാള സിനിമയിൽ സ്ത്രീകൾക്ക് പ്രത്യേകമായി ഒന്നും ചെയ്യാനില്ലാത്ത വർഷമാണ് കടന്നു പോയത്. അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ രജീഷ വിജയനും മഹേഷിന്റെ പ്രതികാരത്തിലൂടെ അപർണ ബാലമുരളിയും ശ്രദ്ധ നേടിയെങ്കിലും പ്രതിഫലത്തിൽ 5 ലക്ഷത്തിൽ താഴെയാണ്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ തന്നെയാണ് പ്രതിഫലത്തിൽ ഒന്നാമത്. 50 ലക്ഷമാണ് താരത്തിന്റെ പ്രതിഫലം. നാല് ചിത്രങ്ങളുടെ ഭാഗമായ ആശാ ശരത്ത് 10 ലക്ഷം വീതമാണ് പ്രതിഫലം പറ്റുന്നത്.

ദിവസക്കൂലിക്കാരായി സുരാജ് വെഞ്ഞാറമ്മൂട് സുധീർ കരമനയും അജു വർഗീസും

ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നവരെ പോലെ ദിവസക്കൂലിക്കാരും മലയാള സിനിമയിൽ ഉണ്ട്. തിരക്കേറിയ സഹനടന്മാരാണ് ഇങ്ങനെ പ്രതിഫലം ഈടാക്കുന്നത്. 12 ചിത്രങ്ങളിൽ പോയ വർഷം അഭിനയിച്ച അജു വർഗീസിന് ഒരു ദിവസത്തെ പ്രതിഫലം രണ്ട് ലക്ഷം രൂപയാണ്. എട്ട് ചിത്രങ്ങളിൽ അഭിനയിച്ച സുധീർ കരമന ഒരു ദിവസം ഈടാക്കുന്നതും രണ്ട് ലക്ഷം രൂപയാണ്. സുരാജ് വെഞ്ഞാറമ്മൂടാണ് അടുത്ത ദിവസക്കൂലിക്കാരൻ. ഒരു ദിവസം ഒരു ലക്ഷം രൂപയാണ് സുരാജ് വെഞ്ഞാറന്മൂട് ഈടാക്കുന്നത്.

വിവരങ്ങൾക്ക് കടപ്പാട്: വെള്ളിനക്ഷത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP