Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൊതലാളീ... ജങ്ക ജഗ ജഗാ... പഞ്ചാബി ഹൗസിന് പ്രായപൂർത്തിയായി

മൊതലാളീ... ജങ്ക ജഗ ജഗാ... പഞ്ചാബി ഹൗസിന് പ്രായപൂർത്തിയായി

കേരളീയർക്ക് ആഘോഷമെന്നാൽ സിനിമയാണ്. ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങി ഏത് ഉത്സവങ്ങളും അതിന്റെ പരിപൂർണതയിലെത്തണമെങ്കിൽ തിയേറ്ററിൽ പുതിയ സിനിമകളുടെ റിലീസും ടീവിയിൽ താരങ്ങളുടെ വിശേഷ അഭിമുഖങ്ങളും കൂടിയേ തീരൂ. 1998 സെപ്റ്റംബർ 4 ന് ഓണാഘോഷം പൊടിപൊടിക്കാൻ ഒരു പിടി സിനിമകൾ കേരളത്തിൽ റിലീസ് ചെയ്തു. മമ്മൂട്ടി മോഹൻലാൽ കൂട്ടുകെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം ''ഹരികൃഷ്ണൻസ്'', ജയറാം നായകനായ മൾട്ടി സ്റ്റാർ ചിത്രം ''സമ്മർ ഇൻ ബത്ലഹേം'' തുടങ്ങി വൻ പ്രതീക്ഷയർപ്പിച്ച സിനിമകളുടെ കൂടെ ഒരു കുഞ്ഞ് സിനിമ കൂടി പോർക്കളത്തിലിറങ്ങി. 'പഞ്ചാബി ഹൗസ്'.

ദിലീപ് നായകനും, മോഹിനി, ജോമോൾ തുടങ്ങിയവർ നായികമാരുമായി അഭിനയിച്ച സിനിമയിൽ ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ലാൽ, തിലകൻ, ജനാർദ്ദനൻ, മുതലായ താരങ്ങളുടെ സാന്നിദ്യം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. റാഫി മെക്കാർട്ടിൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ''പഞ്ചാബി ഹൗസ്'' നിമിച്ചിരുന്നത് ന്യൂ സാഗ ഫിലിംസ് ആണ്. സുരേഷ് പീറ്റേഴ്സിന്റെ സംഗീതവും, എസ് പി വെങ്കടേഷിന്റെ പശ്ചാത്തല സംഗീതവും, ആനന്ദക്കുട്ടന്റെ ക്യാമറയും, ഹരിഹര പുത്രന്റെ എഡിറ്റിംഗും ചിത്രത്തിന് ഏറെ ഗുണം ചെയ്തു.

വളരെ ചെറിയ രീതിയിൽ ഇറങ്ങിയ ഈ ചിത്രം ഏവരെയും അത്ഭുതപ്പെടുത്തുംവിധമുള്ള ഒരു കുതിച്ചു ചാട്ടമാണ് പിന്നീട് നടത്തിയത്. തമാശയും പ്രണയവും സൗഹൃദവും കുടുംബവും വേണ്ട രീതിയിൽ പ്രസ്താവിച്ച ''പഞ്ചാബി ഹൗസിൽ'' പക്ഷെ, തമാശക്ക് കുറച്ചധികം പ്രാധാന്യം കൊടുത്തിട്ടുണ്ട് എന്നത് വസ്തുതയാണ്. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച 5 തമാശ പടങ്ങളുടെ ലിസ്റ്റെടുത്താൽ അതിൽ ഒന്ന് ''പഞ്ചാബി ഹൗസ്'' ആയിരിക്കും. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ കിടന്ന് നട്ടം തിരിയുമ്പോഴും കുടുംബ പ്രശ്‌നങ്ങൾക്കിടയിലൂടെ ഞെരിഞ്ഞമർന്ന് നീങ്ങുമ്പോഴും ''പഞ്ചാബി ഹൗസ്'' എന്ന സിനിമ കാണുകയാണെങ്കിൽ കിട്ടുന്ന ആശ്വാസം ചെറുതല്ല. എല്ലാം മറന്ന് ചിരിക്കാനും ചിലതൊക്കെ മനസ്സിൽ സൂക്ഷിക്കാനും, അൽപം ആത്മ വിശ്വാസം നേടിയെടുക്കാനും ഈ സിനിമ ഞാനടക്കമുള്ള സാധാരണക്കാരെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

ഒരു സിനിമയിൽ നായകനേക്കാൾ പേരും പ്രശംസയും അംഗീകാരവും കിട്ടുന്ന സഹ നടന്മാർ അപൂർവമായിരിക്കും. എന്നാൽ നായകനായ ഉണ്ണി എന്ന കഥാപാത്രത്തേക്കാൾ താരമായതും തരംഗമായാതും സഹനടന്മാരായ ഗംഗാധരനും രമണനുമായിരുന്നു. പണിയെടുക്കാത്ത തൊഴിലാളിയെ പിരിച്ച് വിടാതെ മുതലാളിയും ശമ്പളം തരാത്ത മുതലാളിയെ വിട്ട് പോകാതെ തൊഴിലാളിയും മാതൃകയായപ്പോൾ ലോക മലയാളികൾ ഇവരെ ഹർഷാരവത്തോടെ സ്വീകരിക്കുകയും ആകാശത്തോളം പുകഴ്‌ത്തുകയും ചെയ്തു. സ്വന്തം മുതലാളിയുടെ മുഖത്ത് നോക്കി മുതലാളി ഒരു ചെറ്റയാണ് എന്ന് പറയാൻ ധൈര്യം കാണിച്ച ആദ്യത്തെ ആളായിരിക്കില്ല രമണൻ എങ്കിലും ആ പദ പ്രയോഗത്തിന് ശേഷവും അതേ മുതലാളിയുടെ കൂടെ ജോലി ചെയ്യുന്ന ആദ്യത്തെ വ്യക്തിയായിരിക്കും രമണൻ എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല.

കടുത്ത മാനസിക പീഡനങ്ങളും, വേദനകളും ത്യാഗങ്ങളും സഹിച്ച് ബൂർഷാ മുതലാളിമാരുടെ കാൽ ചുവട്ടിലെ ബലിയാടുകളാകേണ്ടി വരുന്ന മൊത്തം തൊഴിലാളികളുടെയും രക്ഷകനായി രമണൻ മാറി. ലോക തൊഴിലാളികളുടെ ആത്മാഭിമാനം സംരക്ഷിക്കുകയും അവരുടെ യശസ്സ് ഉയർത്തുകയും ചെയ്ത രമണൻ എല്ലാ തൊഴിലാളി വർഗ്ഗത്തിന്റെയും നേതാവാണെന്ന് പ്രേക്ഷക ലക്ഷങ്ങൾ വിധിയെഴുതി. മീൻ പിടിക്കാൻ പോയ രമണൻ തന്റെ കർത്തവ്യത്തിൽ നിന്ന് വ്യതിചലിച്ച് ഒരു ജീവൻ രക്ഷിക്കാൻ തുനിഞ്ഞപ്പോൾ ആ ശുഷ്‌കാന്തിയേയും ആത്മാർത്ഥതയേയും അദ്ദേഹത്തെ മനുഷ്യത്വത്തിന്റെ പ്രതിരൂപമായി അറിയപ്പെടാനും സഹായിച്ചു.

പ്രാചീന ദ്രാവിഡ ഭാഷയുടെ സങ്കര ഇനമായ ആധുനിക ഫ്രീക് ഭാഷ ആദ്യമായി ഉപായോഗിച്ചത് രമണൻ ആണെന്ന് പറയപ്പെടുന്നു. 'സോഡാ' എന്ന പാനീയത്തെ 'ഷോഡ' എന്ന് അഭിസമ്പോധന ചെയ്തതിലൂടെയാണ് രമണൻ ഈ ഖ്യാതി നേടിയെടുത്തത്. ഒരു ജില്ലാ നിവാസികളുടെ തുണി മൊത്തം അലക്കാൻ രമണൻ കാണിച്ച ആത്മ സമർപ്പണം ഇന്നും പ്രശംസനീയമാണ്. ഫേസ്‌ബുക്കിലും ട്രോളുകളിലും നിത്യ വിസ്മയമാണ് രമണൻ. രമണന്റെ പേരിൽ ഫാൻസ് അസോസിയേഷൻ വരെ രൂപപ്പെട്ടു. ''പഞ്ചാബി ഹൗസിന്'' ഇന്ന് 18 വയസ്സ് പൂർത്തിയാകുമ്പോൾ അങ്ങനെ ഒരു സ്ഥലം ഉണ്ടെന്നും ഉണ്ണിയും രമണനും ഗംഗാധരനും എല്ലാരും ഇപ്പോഴും തുണി അലക്കിയും ഷൂ പോളീഷ് ചെയ്തും ഓഫിസ് ജോലി ചെയ്തും അടിച്ച് പൊളിച്ച് ജീവിതം ആസ്വദിക്കുന്നുണ്ടാകും എന്നും തോന്നിപ്പിക്കും വിധം മലയാളി പ്രേക്ഷാകരെ പ്രാപ്തരാക്കിയതിൽ എഴുത്തുകാരും സംവിധായകരുമായ റാഫി മെക്കാർട്ടിൻ എന്ന രണ്ട് കലാകാരന്മാരുടെ പങ്ക് വളരെ വലുതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP