Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശരീരം വിറ്റ ശ്വേത മാത്രം എങ്ങനെ ബലിയാടായി? ഒപ്പം പിടിയിലായ മാന്യന്മാർ എവിടെ? സീരിയലിലെ മകളെ ന്യായീകരിച്ച് സാക്ഷി തൻവർ രംഗത്ത്‌

ശരീരം വിറ്റ ശ്വേത മാത്രം എങ്ങനെ ബലിയാടായി? ഒപ്പം പിടിയിലായ മാന്യന്മാർ എവിടെ? സീരിയലിലെ മകളെ ന്യായീകരിച്ച് സാക്ഷി തൻവർ രംഗത്ത്‌

ദേശീയ പുരസ്‌കാരം നേടിയ ഒരു നടിക്ക് വേശ്യാവൃത്തിക്കിറങ്ങേണ്ട ഗതികേടാണോ നമ്മുടെ നാട്ടിൽ? എന്തുകൊണ്ട് പഴയ ബാലതാരം കോടീശ്വരന്മാർക്ക് കിടക്ക പങ്കിടേണ്ട അവസ്ഥയിൽ എത്തിപ്പെട്ടു. തെലുങ്ക് നടി ശ്വേത ബസു പ്രസാദിന്റെ ഈ അവസ്ഥയിൽ ഏറെ വിഷമമുണ്ട് നടി സാക്ഷി തൻവറിന്.

ഒരു സീരിയലിൽ തന്റെ മകളായി അഭിനയിച്ച ശ്വേതയ്ക്കുവേണ്ടി സംസാരിക്കുകയാണ് സാക്ഷി. സിനിമയെന്ന മായികലോകത്തെ പലരും ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുമ്പോഴാണ് സ്‌ക്രീനിലെ തന്റെ മകൾക്കുവേണ്ടി സാക്ഷി രംഗത്തെത്തിയത്. എന്തുകൊണ്ട് ശ്വേതയ്‌ക്കൊപ്പം പിടിയിലായ വലിയ വ്യവസായികളുടെ പേര് മാദ്ധ്യമങ്ങൾ ഒളിപ്പിച്ചുവയ്ക്കുന്നുവെന്ന് സാക്ഷി ചോദിക്കുന്നു.

പെൺവാണിഭ സംഘത്തിന്റെ പിടിയിലകപ്പെട്ട കുരുന്നുകളുടെ കഥ പറയുന്ന 'മർദാനി'യിലെ നായികയായ റാണി മുഖർജി പോലും ഒരു അഭിമുഖത്തിൽ ശ്വേതയെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മൗനം പാലിച്ചിരുന്നു. ആമിർ ഖാൻ, ഫർഹാൻ അഖ്തർ തുടങ്ങിയവരും ഇക്കാര്യത്തിൽ നിശബ്ദത പാലിച്ചു.

'കഹാനി ഘർ ഘർ കി' എന്ന ടിവി സീരിയലിലാണ് ശ്വേത ബസു പ്രസാദ് സാക്ഷിയുടെ മകളായി അഭിനയിച്ചത്. 14 വർഷംമുമ്പായിരുന്നു ഈ സീരിയലിന്റെ ചിത്രീകരണം. സീരിയലിന്റെ ആദ്യ എപ്പിസോഡുകളുടെ ചിത്രീകരണം കഴിഞ്ഞശേഷമാണ് ശ്വേത സെറ്റിൽ എത്തിയതെന്ന് സാക്ഷി ഓർക്കുന്നു. സാക്ഷിയുടെ മകളായി അഭിനയിച്ചിരുന്ന കുട്ടിക്കു പകരമാണ് ശ്വേത എത്തിയത്. 'അസാധാരണ അഭിനയപാടവമുള്ള ശ്വേതയ്ക്ക് അന്ന് ഒമ്പത് വയസായിരുന്നു പ്രായം. അവൾക്കുവേണ്ടിയായിരുന്നു ആ കഥാപാത്രത്തെ സൃഷ്ടിച്ചത് എന്ന് തോന്നിക്കുംവിധത്തിലായിരുന്നു ആ കുരുന്നിന്റെ പ്രകടനം'.

ആ സീരിയലിനുശേഷം ഒരമ്മയും മകളും എന്ന നിലയിൽ തങ്ങളുടെ ബന്ധം ശക്തമായി തുടർന്നുവെന്ന് സാക്ഷി പറയുന്നു. 'എല്ലാ വർഷവും മദേഴ്‌സ് ഡേയ്ക്ക് ശ്വേത ആശംസകൾ അറിയിക്കുമായിരുന്നു. അവളുടെ കാര്യങ്ങൾ താനും തിരക്കുമായിരുന്നു. പഠിത്തത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമെല്ലാം ആത്മവിശ്വാസത്തോടെ അവൾ പറയുമായിരുന്നു'.

'കുറച്ചുദിവസങ്ങൾക്ക് മുമ്പ് കേൾക്കാൻ ഇഷ്ടപ്പെടാത്ത വാർത്തയാണ് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സ്‌ക്രീനിലെ തന്റെ മകളെക്കുറിച്ചുള്ള വാർത്തകൾ കണ്ടിരുന്നോയെന്ന് പലരും എന്നോട് ചോദിക്കുകയും ചെയ്തു.' നിരവധി ഫോൺ കോളും മെസേജുമാണ് ഇക്കാര്യം ചോദിച്ച് തനിക്ക് വന്നതെന്ന് സാക്ഷി പറഞ്ഞു. 'ഞാൻ വായിച്ചു. അതിൽ സൂചിപ്പിച്ചിരിക്കുന്ന വ്യവസായപ്രമുഖരെക്കുറിച്ച് മാദ്ധ്യമങ്ങൾ എഴുതിയിട്ടുണ്ടോ? എങ്കിൽ അതും ഞാൻ വായിക്കുമായിരുന്നു' എന്നാണ് സാക്ഷി മറുപടി നൽകിയത്.

മാദ്ധ്യമങ്ങൾ എന്തുകൊണ്ടാണ് ശ്വേതയ്‌ക്കൊപ്പം പിടിയിലായ വൻ വ്യവസായികളെക്കുറിച്ച് എഴുതാത്തതെന്ന് സാക്ഷി ചോദിക്കുന്നു. 'മാദ്ധ്യമങ്ങൾ എന്തിന് ആ വ്യവസായികളെ സംരക്ഷിക്കുന്നു. അവർ ആരെന്ന് അറിയാൻ തനിക്ക് ഒരു താൽപര്യവുമില്ല. എന്നാൽ പേര് പുറത്തുവരുന്നതിലൂടെ അവരുടെ അമ്മമാർക്കും മക്കൾക്കും സഹോദരിമാർക്കും ഭാര്യമാർക്കും സുഹൃത്തുക്കൾക്കുമെല്ലാം ആ വ്യവസായികളുടെ തനിനിറം മനസിലാകുമല്ലോ.

മാദ്ധ്യമങ്ങൾ ഈ കേസ് കൈകാര്യം ചെയ്ത രീതി എന്നിൽ ഭീതിയുണർത്തുകയാണ്. നവമാദ്ധ്യമങ്ങളിലെല്ലാം ആ പെൺകുട്ടിയെക്കുറിച്ച് പല രീതിയിലാണ് അഭിപ്രായങ്ങൾ പ്രചരിക്കുന്നത്. പക്ഷേ, ഒരാളും ആ പെൺകുട്ടി കടന്നുവന്ന വഴികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല. ഒരു കാര്യം നാം ആലോചിക്കണം. അവളെ വിലയിരുത്താനുള്ള അവകാശം നമുക്കുണ്ടോ?'

'അവൾ എന്തുകൊണ്ട് ഇന്നത്തെ നിലയിലായി എന്നതിനുള്ള കാരണങ്ങളൊന്നും തനിക്ക് അറിയില്ല. അതിനുള്ള പരിഹാരവും അറിയില്ല. എന്നാൽ ഒരു കാര്യം മാത്രമറിയാം. തെറ്റ് ചെയ്തു എന്ന് സമ്മതിക്കാനുള്ള ധൈര്യമെങ്കിലും അവൾ കാണിച്ചു.'

'ഈ കുറിപ്പെഴുതും മുമ്പ് ശ്വേതയോട് സംസാരിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ തനിക്ക് അതിനുള്ള അവസരം ലഭിച്ചില്ല. അവളുടെ യഥാർഥ അമ്മയോട് സംസാരിച്ചു. ആ അമ്മയ്ക്കുപോലും റിമാൻഡിൽ കഴിയുന്ന അവളെ കാണാൻ സാധിച്ചിട്ടില്ല എന്ന കാര്യം എത്രപേർക്കറിയാം? റിമാൻഡ് ഹോമിൽ അവിടെയുള്ള കുട്ടികളെ ആശ്വസിപ്പിച്ചാണ് ശ്വേത സമയം ചെലവഴിക്കുന്നതെന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി അവളുടെ അമ്മയോട് പറഞ്ഞ കാര്യം എത്ര പേർക്കറിയാം? തന്റെ ജീവിതത്തിലെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടെന്ന് വിലപിച്ച്, മനസ് തകർന്നു കഴിയുകയാണ് അവളുടെ അമ്മ'- സാക്ഷി പറയുന്നു.

'എന്റെ മകൾ ക്രിമിനലല്ല. എന്നിട്ടും എന്തിനാണ് അവളുടെ പേര് ഇങ്ങനെ വലിച്ചിഴയ്ക്കുന്നത്? എന്തിനാണ് ഫോട്ടോയുൾപ്പെടെ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച് അവളുടെ ജീവിതത്തിൽ മായ്ക്കാനാകാത്ത മുറിപ്പാട് സൃഷ്ടിച്ചത്? ഈ അപമാനം സഹിക്കാൻ കഴിയാതെ അവൾ ജീവനൊടുക്കാൻ തീരുമാനിച്ചാൽ?' വിലപിക്കുന്ന ആ അമ്മയ്ക്ക് മുമ്പിൽ ഒരുപാട് ചോദ്യങ്ങളാണുള്ളതെന്ന് സാക്ഷി പറയുന്നു.

'അവളുടെ അമ്മയ്ക്ക് മാത്രമല്ല, താനുൾപ്പെടുന്ന സ്ത്രീ സമൂഹത്തിന് ഉത്തരം കിട്ടേണ്ടുന്ന മറ്റ് അനവധി ചോദ്യങ്ങളുമുണ്ട്. എന്തിനാണ് ഒരു വലിയ വിഭാഗം മാദ്ധ്യമങ്ങൾ ഈ കേസിൽ ആ പെൺകുട്ടിയെ മാത്രം ഉയർത്തിക്കാട്ടുന്നത്? ഈ പെൺകുട്ടിയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതുപോലെ എന്തുകൊണ്ട് കേസിലുൾപ്പെട്ട വ്യവസായികളുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല? അവർക്ക് ലഭിക്കുന്ന സ്വകാര്യത എന്തുകൊണ്ട് ഈ പെൺകുട്ടിക്ക് ലഭിച്ചില്ല? അവളൊരു നടിയായതിനാലാണോ അവളെ എല്ലാവരും ലക്ഷ്യംവയ്ക്കുന്നത്? എവിടെപ്പോയി നമ്മുടെ നാട്ടിലെ സദാചാരപ്പൊലീസുകാർ? ബലാത്സംഗ വീരന്മാർക്കും കൊലപാതകികൾക്കുംവരെ സ്വകാര്യതയ്ക്ക് അവകാശം ലഭിക്കുമ്പോൾ എന്തുകൊണ്ട് ഈ പെൺകുട്ടിക്ക് മാത്രം അത് നിഷേധിക്കുന്നു?' നിരവധി ചോദ്യങ്ങളുമായാണ് സാക്ഷി തൻവറിന്റെ കുറിപ്പ് അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP