Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞാൻ റിയലായിട്ട് രാജിവച്ചതല്ല; ഞാൻ പുണ്യാളനൊന്നുമല്ല; പക്ഷേ തെറ്റുകൾക്കിടയിലും ശരി ചെയ്യുന്നു; പേടിച്ച് മാറി നിൽക്കുന്നതിൽ കാര്യവുമില്ല : താരസംഘടന 'അമ്മ'യുമായി സഹകരിക്കുമോ എന്ന സംശയത്തിന് ഉത്തരവുമായി സലിംകുമാർ

ഞാൻ റിയലായിട്ട് രാജിവച്ചതല്ല; ഞാൻ പുണ്യാളനൊന്നുമല്ല; പക്ഷേ തെറ്റുകൾക്കിടയിലും ശരി ചെയ്യുന്നു; പേടിച്ച് മാറി നിൽക്കുന്നതിൽ കാര്യവുമില്ല : താരസംഘടന 'അമ്മ'യുമായി സഹകരിക്കുമോ എന്ന സംശയത്തിന് ഉത്തരവുമായി സലിംകുമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പത്തനാപുരത്ത് കെബി ഗണേശ് കുമാറിന് വേണ്ടി പ്രചരണത്തിന് മോഹൻലാൽ എത്തി. എതിർ സ്ഥാനാർത്ഥിയായ ജഗദീഷിനോട് നീതി പുലർത്താതെയാണ് മോഹൻലാൽ പ്രചരണത്തിന് എത്തിയത്. ഇതിൽ പ്രതിഷേധ ശബ്ദമുയർത്തിയത് സലിംകുമാറായിരുന്നു. താര സംഘടനയായ അമ്മയിൽ നിന്ന് സലിംകുമാർ രാജിവച്ചു. ജഗദീഷിന്റേ വേദനയിൽ പങ്കു ചേർന്ന സലിംകുമാറിന്റെ നടപടി പുതിയ ചർച്ചകൾക്കും വഴിവച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ജഗദീഷ് തോറ്റു. ഗണേശൻ ജയിക്കുകയും ചെയ്തു. ഇതോടെ അമ്മയിൽ നിന്ന് സലിംകുമാറിന്റെ രാജി പിൻവലിക്കാൻ ശ്രമവുമുണ്ടായി. കഴിഞ്ഞ ദിവസം അമ്മയുടെ യോഗത്തിൽ സലിംകുമാരും ജഗദീഷും പങ്കെടുത്തില്ല. ഇതോടെ സലിംകുമാർ രാജി പിൻവലിക്കുമോ എന്ന സംശയവും സജീവമായി. എന്നാൽ സംശയങ്ങൾക്കൊന്നും കാര്യമില്ല.

വനിതയോട് കൃത്യമായി തന്നെ കാര്യങ്ങൾ വിശദീകരിക്കുകയാണ് സലിംകുമാർ. സലിംകുമാറിന്റെ രാഷ്ട്രീയം എന്ന തലക്കെട്ടിൽ വനിതയിൽ വന്ന അഭിമുഖത്തിന്റെ തുടക്കത്തിൽ തന്നെ അമ്മയിൽ നിന്നുള്ള രാജി റിയൽ അല്ലെന്ന് സലിംകുമാർ തന്നെ പറയുന്നു. വെറും പ്രതിഷേധം മാത്രമായിരുന്നുവെന്നും വിശദീകരിക്കുന്നു. തെറ്റ് സംഭവിച്ചതിനെതിരായ പ്രതികരണം മാത്രമായിരുന്നു അതെന്നും വനിതയോട് സലിംകുമാർ പറയുന്നു. അതായത് ഏത് നിമിഷവും അമ്മയിലേക്ക് സലിംകുമാർ മടങ്ങിയെത്തുമെന്ന് സാരം. കോൺഗ്രസ് രാഷ്ട്രീയമാണ് തുടരുന്നതെങ്കിലും ആരെയും പേരെടുത്ത് പറയാതെയുള്ള വിമർശനാണ് താൻ നടത്തിയിട്ടുള്ളതെന്നും സലിംകുമാർ പറയുന്നു.

വനിതയിലെ സലിംകുമാറിന്റെ അഭിമുഖത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ: ഞാൻ റിയലായിട്ട് രാജിവച്ചതല്ല. പ്രതിഷേധിക്കാൻ രാജി വച്ചതാണ്. അതെല്ലാം വലിയ കുഴപ്പം ഉണ്ടാക്കില്ലേ എന്നൊക്കെ പലരും ചോദിച്ചു. എന്തിനെ എതിർക്കുന്നിടത്തും ചലഞ്ചുണ്ട്. നാം ചലഞ്ചെടുക്കണം. നമ്മുടെ ഭാഗത്ത് ന്യായമുണ്ടോ എന്നു മാത്രം നോക്കിയാൽ മതി. അതുണ്ടെങ്കിൽ ആ നിലപാട് എടുക്കണം. അതിനെന്തിനാണ് പേടിക്കുന്നത്. എനിക്ക് 46 വയസ്സായി. സിനിമയിൽ വന്നിട്ട് 18 വർഷവും. അതായത് ഞാൻ 28 വർഷം ജീവിച്ചത് സിനിമയില്ലാതെയാണ്. ഇനി എനിക്ക് എത്രദിവസം ബാക്കിയുണ്ട്? അതിനാൽ ആ വക ഭീതിയൊന്നുമില്ല. എനിക്കെതിരെ വല്ലതുമൊക്കെ ചെയ്യുമെന്ന് കരുതി മാറിനിൽക്കുന്നതിൽ കാര്യമില്ല. നമുക്ക് ഒറ്റ ജീവിതമേ ഉള്ളൂ. അതിന്റെ അർത്ഥത്തിലും വ്യാപ്തിയിലും ജീവിക്കണം.

ഞാൻ പുണ്യാളനൊന്നുമല്ല. പക്ഷേ എന്റെ തെറ്റുകൾക്കിടയിലും ഞാൻ ശരി ചെയ്യുന്നു. പേടിച്ച് മാറി നിൽക്കേണ്ട ആവശ്യമില്ല. പയ്യപ്പയ്യെ അഭിനയം കുറയ്ക്കുകയാണ്. ഇല്ലാതെ പറ്റില്ല. കാലചക്രം ഉരുണ്ടു വരുമ്പോൾ നെഞ്ചും വിരിച്ച് മുന്നിൽ കയറി നിന്നിട്ട് കാര്യമില്ല. നമ്മുടെ ദേഹത്ത് കൂടെ കയറി അതങ്ങു പോകും. ദേശീയ അവാർഡ് വാങ്ങിച്ച ഒരു നടൻ വഴിയിൽ നിൽപ്പുണ്ട് മാറി പോകാം എന്നൊന്നും കാലചക്രം കരുതില്ലല്ലോ-സലിംകുമാർ പറയുന്നു.

തെറ്റുകണ്ടാൽ പ്രതികരിക്കാതിരിക്കാൻ ആവില്ല. അച്ഛനിൽ നിന്ന് കിട്ടിയ ശീലമാണ് ഇത്. പ്രശസ്ത സാമൂഹിക പരിഷ്‌കർത്താവ് സഹോദരൻ അയ്യപ്പന്റെ നാട്ടിലാണ് താൻ ജനിച്ചത്. അദ്ദേഹത്തിന്റെ ആദർശങ്ങളിൽ വിശ്വസിക്കുന്ന ആളായിരുന്നു അച്ഛൻ. ജാതി വ്യവസ്ഥയ്ക്ക് എതിരെയാണ് അദ്ദേഹം അന്ന് പ്രതികരിച്ചത്. സഹോദരൻ അയ്യപ്പന്റെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കുറേ ചെറുപ്പക്കാർ മക്കൾക്ക് ജാതി തിരിച്ചറിയാൻ കഴിയാത്ത പേരുകളിട്ടു. അങ്ങനെ നൗഷാദ്, ജലീൽ എന്നൊക്കെ പേരുള്ള ഈഴവർ നാട്ടിലുണ്ടായി. തനിക്ക് സലിംകുമാർ എന്ന് അച്ഛൻ പേരിട്ടതും സഹോദരൻ അയ്യപ്പനിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണെന്ന് സലിംകുമാർ പറയുന്നു.

ഞാൻ ജന്മം കൊണ്ട് കോൺഗ്രസുകാരനായ വ്യക്തിയാണ്. അച്ഛൻ കോൺഗ്രസുകാരനായിരുന്നു. ഞാനും കോൺഗ്രസുകാരായി. ഒരു വ്യക്തിയേയും പേരെടുത്ത് പറഞ്ഞ് വിമർശിച്ചിട്ടില്ല. യഥാർത്ഥത്തിൽ എനിക്ക് സൗഹൃദമുള്ളത് സിപിഎമ്മുകാരുമായാണ്. നാട്ടിലും അങ്ങനെ തന്നെ. അവരുടെ പരിപാടിയിലും പങ്കെടുക്കാറുണ്ട്. ഒരിക്കൽ മുന്മന്ത്രി എന്നോട് ചോദിച്ചു-നീ എങ്ങനെയാണ് കോൺഗ്രസുകാരനായതെന്ന്. ടിവി രാജേഷ്. പി ജയരാജൻ, എംഎ ബേബി ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്.

ഇലക്ഷനിൽ കണ്ട ഏറ്റവും നല്ല കോമഡിയെ കുറിച്ചും സലിംകുമാർ വനിതയോട് പ്രതികരിച്ചു. കോമഡി എന്നാണോ ട്രാജഡി എന്നാണോ പറയേണ്ടത് എന്ന് എനിക്കറിയില്ല. ഒരു സ്ഥാനാർത്ഥി മണ്ഡലം നിറയെ ഫ്ളാക്‌സ് വച്ചിരിക്കുകയാണ്. അതിലെ അഭ്യർത്ഥന ഇതാണ്. 'പ്രകൃതിക്ക് ഒരോട്ട്(സ്ഥാനാർത്ഥിയുടെ പേര് ഒരോട്ട്)'-സലിംകുമാർ വിമർശനത്തോടെ വിശദീകരിക്കുകയാണ്. ഇങ്ങനെ ഉറച്ച നിലപാടുകൾ തന്നെയാണ് സലിം കുമാറിന്റെ കരുത്ത്. ഇനിയും അതു തുടരുമെന്ന സൂചന തന്നെയാണ് വനിതയുടെ അഭിമുഖത്തിൽ സലിംകുമാർ പങ്കുവയ്ക്കുന്നത്.

തനിക്ക് സിനിമകൾ ഇല്ലെന്ന് പറയുന്നത് ശരിയല്ലെന്നും സലിം കുമാർ പറയുന്നു. തോപ്പിൽ ജോപ്പന്റെ ഷൂട്ടിങ് കഴിഞ്ഞു. ഇനി സ്വന്തം സിനിമയായ കറുത്ത യഹൂദൻ. പിന്നെ നാദിർഷായുടെ കട്ടപ്പനയിലെ ഋത്തിക് റോഷൻ... ഇങ്ങനെ സിനിമകൾ തന്നെ തേടി എത്തുകയാണ്. കരുത്ത യഹൂദനെന്ന സിനിമയുടെ തിരക്കഥയൊരുക്കുന്ന തരിക്കും സലിംകുമാറിനുണ്ട്. ഇതിനിടെയിലും കൃഷിക്കും മറ്റു സാമൂഹിക ഇടപെടലുകൾക്കുമുള്ള സമയവും സലിംകുമാർ കണ്ടെത്തുകയാണ്. കോൺഗ്രസ് രാഷ്ട്രീയത്തിനൊപ്പം താനുറച്ചു നിൽക്കുമെന്ന നിലപാട് തന്നെയാണ് വനിതയുടെ അഭിമുഖത്തിൽ സലിംകുമാർ വിശദീകരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP