Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ദിരക്ക് ശേഷം ആര് എന്ന ചോദ്യത്തിനുയർന്ന വന്നിരുന്ന നാമം പ്രിയങ്കയെന്നായിരുന്നു; വാരണാസിയിൽ പ്രിയങ്കയെ മത്സരിപ്പിക്കാത്തതിന് കാരണമെന്ത്? 96ൽ സിപിഎം നടന്ന വഴിയിലൂടെ കോൺഗ്രസും നടക്കുമ്പോൾ; അഞ്ജനക്കണ്ണ്

ഇന്ദിരക്ക് ശേഷം ആര് എന്ന ചോദ്യത്തിനുയർന്ന വന്നിരുന്ന നാമം പ്രിയങ്കയെന്നായിരുന്നു; വാരണാസിയിൽ പ്രിയങ്കയെ മത്സരിപ്പിക്കാത്തതിന് കാരണമെന്ത്? 96ൽ സിപിഎം നടന്ന വഴിയിലൂടെ കോൺഗ്രസും നടക്കുമ്പോൾ; അഞ്ജനക്കണ്ണ്

അഞ്ജന ഭാസ്‌കരൻ

ന്ത്യയെന്നാൽ ഇന്ദിര...

ഇന്ദിരയെന്നാൽ ഇന്ത്യ.....
ചരിത്രത്താളുകളിൽ നിന്ന് ഇന്ദിര എന്ന പേര് മായ്ച്ചു കളയാൻ ഫാസിസ്റ്റ് ഭരണകൂടം എത്ര ശ്രമിച്ചാലും തന്റെ രക്ത തുള്ളികൾ കൊണ്ട് ഭാരതത്തിന്റെ വിരിമാറിൽ ഐക്യത്തിന്റെ ത്രിവർണ്ണം എഴുതിച്ചേർത്ത് കടന്ന് പോയ ആ ധീര വനിതയുടെ ഓർമ്മകളെ ആർക്കും മായ്ച്ചു കളയാൻ സാധിക്കില്ല,,മൻ കി ബാത് പ്രസംഗങ്ങളിലോ സെൽഫികളിലോ അല്ല മറിച്ച് ഇച്ഛാശക്തിയാണ് ഒരു ഭരണാധികാരിയുടെ മുഖമുദ്ര എന്ന് നമ്മളെ ഓർമ്മിപ്പിക്കുന്നതാണ് ഇന്ദിരാഗാന്ധി.. ഇന്ദിരക്ക് ശേഷം ആര് എന്ന ചോദ്യത്തിനുയർന്ന വന്നിരുന്ന നാമം പ്രിയങ്കയെന്നായിരുന്നു...

പ്രിയങ്ക വരും; ബിജെപിയുടെ ലങ്ക ദഹിപ്പിക്കും യുപിയിൽ കോൺഗ്രസ് പ്രവർത്തകർ ആവേശം ചോരാതെ വിളിച്ച മുദ്രാവാക്യമായിരുന്നു.. ഒരു നേതാവിന് വേണ്ട കരുത്തും ആഴവും പ്രിയങ്കക്കുണ്ട്.. അമ്മയുടെ പ്രസരിപ്പും മുത്തശ്ശിയുടെ കാർക്കശ്യവും ഇഴചേർന്ന പ്രിയങ്കയിൽ ഗാന്ധികുടുംബത്തിലെ സ്വാഭാവിക രാഷ്ട്രീയനേതാവിനെ കോൺഗ്രസ് കാണുന്നു. എന്നാൽ വാരണാസിയിൽ നിന്നുള്ള ഈ ഒളിച്ചോട്ടം ഇന്ത്യകണ്ട ഇന്ദിരയുടെ കൊച്ചുമകൾക്ക് ചേർന്നതല്ല..

സ്വതന്ത്ര ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഇതിഹാസമാവുമായിരുന്ന പോരാട്ടമാണ് കോൺഗ്രസ് വേണ്ടെന്നു വെച്ചിരിക്കുന്നത്.. ഒരു ഭീരുവിനെ പോലെ ഓടിയൊളിക്കുന്നതിനേക്കാൾ പൊരുതി തോൽക്കാമായിരുന്നു.. ആ ധീരതയെ ഇന്ത്യ ചരിത്രത്തിൽ എഴുതിചേർക്കുമായിരുന്നു. ്പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ പ്രിയങ്ക ഗാന്ധിയെ ഇറക്കിയിരുന്നെങ്കിൽ കോൺഗ്രസ്സിന് നേട്ടങ്ങൾ മാത്രമേ ഉണ്ടാവുമായിരുന്നുള്ളൂ. വാരാണസിയിൽ പ്രിയങ്കയുടെ ജയത്തെച്ചൊല്ലി കോൺഗ്രസ്സ് ആശങ്കപ്പെടേണ്ട കാര്യമുണ്ടായിരുന്നില്ല. കാരണം ജയമല്ല പോരാട്ടമായിരുന്നു പ്രധാനം.

2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് പിടിക്കുക എന്ന അജണ്ടയുള്ള കോൺഗ്രസ്സിന് അതിനുള്ള ഗംഭീരമായ മുന്നൊരുക്കമാവുമായിരുന്നു വാരാണസിയിലെ പ്രിയങ്കയുടെ രംഗപ്രവേശം. പക്ഷെ, എല്ലാ ബുദ്ധിയും എല്ലാവർക്കും ഒന്നിച്ചു കൊടുക്കില്ലല്ലോ എന്നു പറയുന്നതുപോലെ ഈ നിർണ്ണായക ഘട്ടത്തിൽ കോൺഗ്രസ് ഹൈക്കമാന്റ് അവസരത്തിനൊത്തുയരാനാവാതെ പോയി. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് തോന്നുക എന്നത് ജീവിതത്തിലെന്ന പോലെ രാഷ്ട്രീയത്തിലും സുപ്രധാനമാണ്.
അണിയറയിലേക്കു സ്വയം മാറിനിന്നപ്പോഴും ഇന്ത്യൻ രാഷ്ട്രീയം അവർക്കായി കാതോർത്തു. സഹോദരനെ എതിരാളികൾ പപ്പു എന്നു പരിഹസിച്ചപ്പോഴും കോൺഗ്രസ് മുക്ത ഭാരതമാണു ലക്ഷ്യമെന്ന് പ്രഖ്യാപിച്ചപ്പോഴും '56 നെഞ്ചളവല്ല, വേണ്ടത് വിശാലഹൃദയമാണ്' എന്ന ഒറ്റവാചകത്തിൽ പ്രിയങ്ക അവയെ തരിപ്പണമാക്കി.

മുഖത്തു വിടരുന്ന മനോഹരമായ ചിരിക്കപ്പുറമുള്ള പ്രിയങ്കയ്ക്കുള്ളിൽ കടുപ്പക്കാരിയായ രാഷ്ട്രീയക്കാരിയുണ്ടെന്ന് അടുപ്പക്കാർ പറയും. മനസ്സിനുള്ളിലെ കടുപ്പം മുഖത്തെ ചിരിയിലൂടെ പുറത്തേക്കു വരുന്നിടത്താണു പ്രിയങ്ക എന്ന നേതാവിന്റെ വിജയം.

'ഞാൻ രാഷ്ട്രീയത്തിലേക്കില്ല' എന്നു പലകുറി ആവർത്തിച്ചു പറഞ്ഞപ്പോഴും അണിയറയിൽ സജീവമായിരുന്നു പ്രിയങ്ക. പാർട്ടി പ്രസിഡന്റായ ശേഷം രാഹുൽ ആദ്യമായി ആധ്യക്ഷ്യം വഹിച്ച കഴിഞ്ഞവർഷത്തെ പ്ലീനറി സമ്മേളനത്തിന്റെ അണിയറയിൽ നടത്തിപ്പുകാരിയുടെ റോളിൽ അവർ തിളങ്ങി. അന്ന് മാധ്യമപ്രവർത്തകരുടെ പതിവു ചോദ്യത്തിനും പ്രിയങ്ക ചിരിയിൽ പൊതിഞ്ഞ മറുപടി നൽകി ഞാനില്ല!

ഇന്ദിരയുടെ കൊച്ചുമകൾ, രാജീവ് സോണിയ ദമ്പതികളുടെ ഇളയ മകൾ, രാഹുലിന്റെ സഹോദരി, റോബർട്ട് വാധ്രയുടെ ഭാര്യ, മിറായയുടെയും റെയ്ഹാന്റെയും അമ്മ സ്വകാര്യ ജീവിതത്തിൽ മേൽവിലാസങ്ങൾ പലതുണ്ടെങ്കിലും കഴിഞ്ഞ 20 വർഷമായി ദേശീയ രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്ത് പ്രിയങ്ക തലയെടുപ്പോടെയുണ്ടായിരുന്നു.. 1999ൽ സോണിയ ഗാന്ധി അമേഠിയിൽ മൽസരിക്കാനിറങ്ങിയപ്പോൾ മുതൽ പ്രിയങ്കയ്ക്കുള്ളിലെ രാഷ്ട്രീയക്കാരി അണിയറയിലുണ്ടായിരുന്നു..

സാരിയുടുപ്പിന്റെ രീതി മുതൽ പ്രിയങ്കയിൽ അടിമുടി ഇന്ദിരതന്നെയാണ്. തിരഞ്ഞെടുപ്പിൽ ഇന്ദിരയുടെ ഊർജവും സ്വരവും തന്നെയാണ് മുഴങ്ങി കേട്ടത്..

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിര, അതാണ് പ്രിയങ്കാ ഗാന്ധിക്ക് ചാർത്തി നൽകിയ പേര്. രൂപത്തിലെ സാദൃശ്യം കൊണ്ട് മാത്രമല്ല അത്, ജനക്കൂട്ടത്തെ ആകർഷിക്കാനുള്ള കഴിവും അവരുടെ നിശ്ചയദാർഡ്യവുമെല്ലാം പ്രിയങ്കയിൽ ഇന്ദിരയെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് പ്രവർത്തകർ പറയുന്നു.ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്നതിന് പകരം പ്രിയങ്കയെ വിളിക്കൂ എന്ന് പ്രവർത്തകർ തിരുത്തുന്നതും അതുകൊണ്ട് തന്നെ. ഇത് തന്നെയാണ് കോൺഗ്രസ് ലക്ഷ്യം വെച്ചിരുന്നത്.. മോദിയുടെ മടയിൽ നേരിട്ട് ചെന്നുള്ള ആക്രമണം വാരണാസിയിൽ പ്രതീക്ഷിച്ച പ്രവർത്തകർക്കിപ്പോൾ കടുത്ത നിരാശതന്നെയാണ് പ്രിയങ്ക നൽകിയിരിക്കുന്നത്..

അത്യധികം നിർണ്ണായകമായ ഒരു പൊതു തിരഞ്ഞെടുപ്പിൽ ശത്രുപാളയത്തിലെ പടനായകനെതിരെ സുവ്യക്തവും സുദൃഡവുമായ നിലപാടെടുക്കുന്നതിനുള്ള അവസരമാണ് തല്ലികൊഴിച്ചത്.. 1996-ൽ ജ്യോതിബസുവിന് പ്രധാനമന്ത്രിയാവാനുള്ള അവസരം ഒത്തുവന്നപ്പോൾ അത് തട്ടിത്തെറിപ്പിച്ചതിൽ ചരിത്രപരമായ മണ്ടത്തരം എന്ന് ജ്യോതിബസു തന്നെ വിലയിരുത്തിയ നടപടിയായിരുന്നു ഇന്നിപ്പോൾ 96-ൽ സിപിഎം. നടന്ന വഴിയിലൂടെ കോൺഗ്രസ് നടക്കുമ്പോൾ കാൾമാർക്സിന്റെ ആ വിഖ്യാത വചനം ഓർക്കാതെ വയ്യ. ''ചരിത്രം രണ്ടു തവണ ആവർത്തിക്കുന്നു. ആദ്യം ദുരന്തമായും രണ്ടാമത് പ്രഹസനമായും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP