Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കമ്മ്യൂണിസ്റ്റുകാരനായ സാത്താന്റെ സന്തതി

കമ്മ്യൂണിസ്റ്റുകാരനായ സാത്താന്റെ സന്തതി

പാർട്ടിപ്രവർത്തകനായ രാഘവൻ ഒരു പ്രധാന വിഷയം നേരിട്ടു ചോദിക്കാനായി എന്റെ വീട്ടിലെത്തി. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ച് പിറവത്തുകൊച്ചുപള്ളിക്കടുത്ത് ഒരു വാടകവീട്ടിൽ താമസിച്ചുവരുന്ന കാലം. രാഘവൻ വന്നപ്പോൾ എനിക്കുചുറ്റും കുറച്ചുപേർ പലവിധ ആവശ്യങ്ങളുമായി പൊതിഞ്ഞു നിൽക്കുകയായിരുന്നു. ആളൊഴിഞ്ഞ് ഞാൻ ഒറ്റയ്ക്കാവും വരെ രാഘവൻ കാത്തുനിന്നു.

ശബ്ദം തീരെ താഴ്‌ത്തി പരമരഹസ്യം പോലെ രാഘവൻ ചോദിച്ചു. 'ഈ കഴിഞ്ഞ ഏതെങ്കിലും ദിവസം പാലച്ചോടുള്ള ആ പാസ്റ്ററുമായി വല്ല പ്രശ്‌നമുണ്ടായിട്ടുണ്ടോ?'
'ആര്.. ഞാനോ..' പെട്ടെന്ന് എത് പാസ്റ്ററാണെന്ന് എനിക്ക് പിടുത്തം കിട്ടിയില്ല. 'ആരുടെ കാര്യമാ രാഘവാ നീ ചോദിക്കുന്നെ? ഈ മണ്ഡലത്തിലെത്ര പാസ്റ്റർമാരാ ജീവിക്കുന്നെ ? എനിയ്‌ക്കൊരെത്തും പിടിയും കിട്ടുന്നില്ല.'

'രാത്രി അഞ്ചൽപ്പെട്ടീലോ പാമ്പാക്കുടയോ വച്ച് ഒരു കറുത്ത് തടിച്ച പാസ്റ്ററേയും രണ്ടുപിള്ളേരേം സഖാവ് വണ്ടിയേക്കയറ്റിയോ?'

'ഓ.. ആ പാസ്റ്ററ്. ഉവ്വ.. ഉവ്വ.. ഇപ്പോ ആളെ പിടി കിട്ടി. എന്നാ പ്രശ്‌നം? വെല്ല കുഴപ്പമായോ?ന' ഞാൻ ഒരു ചെറിയ നെനഞ്ചിടിപ്പോടെ ചോദിച്ചു പോയി.
'സഖാവു തന്നെ പറ. ബാക്കി ഞാൻ പറയാം.ന' രാഘവൻ വല്ലാതെ ശാഠ്യം പിടിച്ചു.
'ശരി ഉണ്ടായ കാര്യം ഞാൻ പറയാം. ഇക്കഴിഞ്ഞതിന്റെ മുമ്പുള്ള ഞായറാഴ്ചയാണെന്നാണെന്റെ ഓർമ്മ. ഞാൻ വൈകീട്ട് അങ്കമാലിക്കടുത്ത് മൂക്കന്നൂരിൽ ഒരു പൊതുയോഗത്തിനു പോയി. അവിടന്ന് ഭക്ഷണോം കഴിഞ്ഞ് തിരിച്ച് മൂവാറ്റുപുഴ കൂടി വന്നു. രാത്രി വീട്ടിലൊന്നു കേറി. അവിടെയെത്തുമ്പോഴാണ് വാരപ്പെട്ടീന്ന് അയ്യപ്പനെന്നൊരാളു വിളിച്ചു. അവിടെ നിനക്കു നന്നായി നേരിട്ടറിയാവുന്ന ഒരു പാർട്ടിസഖാവു മരിച്ചട്ടൊണ്ട്. വെല്ല നിവൃത്തിയൊണ്ടെങ്കി അവിടം വരെ ചെല്ലണമെന്നാ സഖാവു പറഞ്ഞിട്ടുണ്ട്. അമ്മയാണിതു പറഞ്ഞത്. ഞാനെനാട്ടും വൈകാതെ വാരപ്പെട്ടിക്കു വിട്ടു. അയ്യപ്പനേം കൂട്ടി മരണവീട്ടിൽ പോയി. അവിടന്ന് നേരെ പിറവത്തേക്ക് പോന്നു. പോരും വഴി അഞ്ചൽപ്പെട്ടി വളവു കഴിഞ്ഞ് പിറവം റൂട്ടിലേക്ക് വണ്ടി തിരിയുമ്പോൾ നമ്മുടെ ചെത്ത് യൂണിയന്റെ ആഫീസില്ലേ രാഘവാ'

രാഘവൻ മൂളി.

'അതിന്റെ മുന്നിൽ വച്ചാണിവർ വണ്ടിക്ക് കൈകാണിച്ചത്.'

'നിർത്ത് പിള്ളേച്ചാ.ന' പിറവത്തുള്ള ടാക്‌സിയിലായിരുന്നു ഞാൻ ഓട്ടം പോയത്. വണ്ടി നിർത്തി അവരേം കേറ്റി. നല്ല മഴ. ഞാൻ മുമ്പിലെ സീറ്റിലേക്കിരുന്നു. അവരാകെ നനഞ്ഞു കുതിർന്നിട്ടുണ്ട്. ചെറിയ കുട്ടി അയാളുടെ തോളത്തു കിടന്നുറങ്ങുകയായിരുന്നു. ആകെയുള്ള ഒരു കുട ചെറിയ കുട്ടിയെ നനയ്ക്കാതെ അയാൾ ചൂടിയിരുന്നു. വണ്ടി പിറവം ആശുപത്രിപ്പടിയിൽ നിർത്തിയേക്ക്. ഞങ്ങളവിടെ ഇറങ്ങിപ്പോളാമെന്നവർ പറഞ്ഞു. പോരും വഴിയാണ് അയാൾ എന്നെ പരിചയപ്പെടുന്നത്.

വഴിനീളെ, അവരൊരു പ്രാർത്ഥനക്ക് പോയതും ഉദ്ദേശിച്ചതിനേക്കാൾ ആകെ വൈകിയതും വണ്ടി കേടായതും തുടങ്ങി സർവ്വകാര്യങ്ങളും അയാൾ പറഞ്ഞുതീർത്തു.

'ആശുപത്രിപ്പടീന്ന് ഒരു പത്തടി പാലച്ചോടു റൂട്ടിൽ നീങ്ങിയാപ്പിന്നെ ഞങ്ങളെ വീടായി.'

'സാരമില്ല പിള്ളേച്ചാ നമുക്കിവരെയങ്ങു വിട്ടിട്ടു തിരിച്ചുപോരാം.'

അവരിറങ്ങുന്നതിനു തൊട്ടുമുമ്പാണ് എന്റെ വിവരങ്ങൾ ചോദിച്ചത്. ഞാൻ എന്നെ പരിചയപ്പെടുത്തി.

'ഓ.. സാറെ, ബെന്നി ബെഹനാൻ സാറിനെന തോൽപ്പിച്ചയാള്. വോട്ടിന്റെ സമയത്ത് ഞങ്ങളിവിടില്ലായിരുന്നു. ദൈവം സാറിനെന ഈ അസമയത്ത് ഞങ്ങടെ മുമ്പീ കൊണ്ടെത്തിച്ചതാ. നന്ദിയുണ്ടു സാറേ. ദൈവത്തിനു സ്തുതി.'

ഞങ്ങൾ യാത്ര പറഞ്ഞ് പിരിയുമ്പോൾ രാത്രി 2 മണി കഴിഞ്ഞു കാണും.

'ഇതാണ് അന്നത്തെ കഥ. ഇനി എന്താന്നുവച്ചാ രാഘവൻ പറഞ്ഞ് പൂർത്തിയാക്ക്. ഞാൻ രാഘവനോടു പറഞ്ഞു. കഷ്ടം. എന്നിട്ടാ ദുഷ്ടൻ ഇന്നലെ ഞായറാഴ്ച പാലച്ചോടുള്ള അവരുടെ ആരാധനാലയത്തില് പ്രസംഗിച്ചതെന്താന്നു സഖാവിനറിയാമോ!'

'അയാളൊരു രണ്ടുരണ്ടര മണിക്കുറു പ്രസംഗിച്ചു കാണും. പപ്പൻ ചേട്ടനാ പറഞ്ഞത്. തീരാറായപ്പോളാണ് ഞാൻ കവലേല് എത്തുന്നത്. തീർക്കുമ്പ പറഞ്ഞ വാക്കെന്താന്നറിയ്വോ!

'ഇല്ല. രാഘവൻ അത് പൂർത്തിയാക്ക്.'

'സമയം അർദ്ധരാത്രി കഴിഞ്ഞ് ഒന്നൊന്നര മണിയായി കാണും. കുറ്റാക്കൂരിരുട്ട്. തുള്ളിക്കൊരു കുടം പോലുള്ള മഴ. രണ്ടു പിഞ്ചുകുഞ്ഞുങ്ങളും നടന്നു നീങ്ങാൻ ഏപ്പയില്ലാത്ത ഒരു സ്ത്രീയും ഞാനും കൂടി പ്രാർത്ഥന കഴിഞ്ഞ് പോന്നു. പോരാതെ രക്ഷയില്ല. വീട്ടിലാണെങ്കിൽ മരണത്തോടു മല്ലടിച്ചു കിടക്കുന്ന സ്വന്തം മാതാവ്. താഴെ വന്ന് പുത്തമ്പുരേൽ മാണിച്ചന്റെ വണ്ടി കിട്ട്വോന്നു നോക്കി. വണ്ടി ദിവസങ്ങളായി വർക്ക്ഷാപ്പിലാണ്. വണ്ടി കേടായിപ്പോയി. കർത്താവെ ഇനിയെന്തു ചെയ്യും.!

'നീ ഒരു വഴി കാണിച്ചു താ. പാലച്ചോടിലേക്കുള്ള വഴി ഞങ്ങൾക്കറിയാം. പരിഹാരമെന്ന വഴി നീ കാണിച്ചു താ. ഉള്ളുരുകി ഞാൻ പ്രാർത്ഥിച്ചു. മഴയാണെങ്കിലും കണ്ണീരു കർത്താവ് കണ്ടോളും. നെനാന്തു ഞങ്ങൾ പ്രാർത്ഥിച്ചു. പ്രാർത്ഥന ദൈവം കേട്ടു. ദൈവത്തിനു സ്‌തോത്രം .. സ്‌തോത്രം.. എന്തത്ഭുതം ! ദൈവം തമ്പുരാൻ, കമ്മ്യൂണിസ്റ്റുകാരനായ ആ സാത്താന്റെ സന്തതിയെ, പിറവം എംഎൽഎയായ ആ സാത്താനെന ഒരു കാറുമായി ഞങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുത്തി. ദൈവത്തിന് സ്‌തോത്രം സ്‌തോത്രം.'

രാഘവൻ ആശ്വാസത്തോടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ പല്ലുഞെരിച്ചു കൊണ്ടു എന്നോടു പറഞ്ഞു.

'അവനെ എവിടെങ്കിലും വച്ചു ഞാൻ കാണും.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP