Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടന്നുപോയ വഴികൾ, കണ്ടുമുട്ടിയ മനുഷ്യരും; രാജീവ് ഗാന്ധി കൊല്ലപ്പെട്ട തെരഞ്ഞെടുപ്പു കാല ഓർമ്മ

കടന്നുപോയ വഴികൾ, കണ്ടുമുട്ടിയ മനുഷ്യരും; രാജീവ് ഗാന്ധി കൊല്ലപ്പെട്ട തെരഞ്ഞെടുപ്പു കാല ഓർമ്മ

രാത്രി വളരെ വൈകിയിരുന്നു. വോട്ടെണ്ണൽ പൂർത്തിയായി. ഫലം പ്രഖ്യാപിച്ചു. ടി എം ജേക്കബ് വിജയിച്ചിരിക്കുന്നു.

കൗണ്ടിങ് ഹാളിനു വെളിയിൽ വെടിപ്പടക്കങ്ങൾ പൊട്ടിത്തുടങ്ങി. ആർപ്പുവിളിയും വിജയഭേരിയും കൊണ്ട് അന്തരീക്ഷം പ്രകമ്പനം കൊണ്ടു. കേരള നിയമസഭയിലെ ശ്രദ്ധേയനായ സാമാജികനും മുൻമന്ത്രിയുമായിരുന്നു അദ്ദേഹം.

ശ്രീ ജേക്കബിനെ വല്ലാതെ വിഷമിപ്പിച്ച ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. എങ്കിലും അദ്ദേഹം വിജയിച്ചു. ഞാൻ തോറ്റു!

പിറവം മണ്ഡലത്തിന്റെ ഹൃദയഭാഗമായ തിരുമാറാടി പഞ്ചായത്തിലെ വാളിയപ്പാടം സ്വദേശിയാണ് ശ്രീ ജേക്കബ്. എതിരാളിയായ ഞാൻ മൂവാറ്റുപുഴക്കാരൻ. പിറവത്തുനിന്നും പതിനെട്ടു കിലോമീറ്റർ അകലെയുള്ളയാൾ.

87ൽ ഒരു തവണ ഞാൻ പിറവത്തിന്റെ എംഎൽഎ ആയിരുന്നു. അധികം അറിയപ്പെടുന്ന ഒരാളായിരുന്നില്ല. വ്യക്തികളെന്ന നിലയിൽ ജേക്കബിനേക്കാൾ എല്ലാകാര്യത്തിലും ഞാൻ വളരെ ചെറിയവനായിരുന്നു. പക്ഷേ അവിടത്തെ യുഡിഎഫിനേക്കാൾ സുസംഘടിതമായ ഒന്നായിരുന്നു എൽഡിഎഫ്. നല്ല ചുവപ്പൻ ചുണയനായ ചുള്ളനെന്നു പറയാം. യുഡിഎഫിലെ ഏറ്റവും ചെറിയ കക്ഷിയുടെ സ്ഥാനാർത്ഥി ജേക്കബും എൽഡിഎഫിലെ വലിയ കക്ഷിയുടെ സ്ഥാനാർത്ഥി ഞാനും. എന്റെ ചിഹ്നം ചുറ്റിക അരിവാൾ നക്ഷത്രം കൂടിയായപ്പോൾ ഞാനായി അൽപ്പം മുമ്പിൽ. തെരഞ്ഞെടുപ്പ് പോരാട്ടം അനുനിമിഷം കത്തിപ്പടരുകയായിരുന്നു. ഒന്നിന് ഒമ്പതായി രാവിനെ പകലാക്കി മാറ്റി ഇടതുമുന്നണി മുന്നേറി. ജീവന്റെ ഒരു ചെറുതരിയെങ്കിലുമുള്ള കമ്മ്യൂണിസ്റ്റുകാരൻ പോലും തനിക്കു പറ്റാവുന്നതു ഇത്തവണ ചെയ്‌തെ മതിയാവൂ എന്നു സ്വയം ഉറപ്പിച്ചു.

നൂറായിരം ചെറുചെറു മീറ്റിംഗുകൾ!! ചെറുതുവലുതു ജാഥകൾ! തെരുവുനാടകങ്ങൾ! ഗായകസംഘങ്ങൾ ... നാടാകെ ഉണർന്നു. പിറവം ചുവന്നു തുടുത്തു. കുറെ ദിവസങ്ങൾ എന്നതല്ല ശരി. കുറെ മണിക്കൂറുകൾ എന്നതാവും ശരി. പോളിങ് ബൂത്തിലേയ്ക്കു കുതിക്കാൻ ജനം തയ്യാറായി നിൽക്കുന്നു.

തൊട്ടുരുമ്മി നിൽക്കുന്ന ഈ ദിവസങ്ങൾ കെട്ടടങ്ങിയാൽ മതിയായിരുന്നു. !! ഞാനന്ന് ടൗണിനു തൊട്ടടുത്തുള്ള ചെറിയ മലമുകളിലെ കുടുംബയോഗത്തിലായിരുന്നു. രാത്രി. സമയം എന്തായി കാണുമെന്ന് ഞാൻ ആരോടും ചോദിച്ചിരുന്നില്ല. പാർട്ടിനേതാക്കളായ സലീമും പ്രകാശും ടോർച്ചു മിന്നിച്ച് യോഗം നടക്കുന്ന വീട്ടുമുറ്റത്തേക്ക് കടന്നുവന്നു.

 'രാജീവ് ഗാന്ധി കൊല്ലപ്പെട്ടു'.

'കണ്ടമാനം സമയമായി സഖാവ് എവിടെയാണെന്ന് ഞങ്ങൾ അന്വേഷിച്ചു നടക്കുകയായിരുന്നു. ശ്രീപെരുമ്പത്തൂരിൽ വച്ച് ഒരു ബോംബ് സ്‌ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.'

എന്റെ വായിലെ ഉമിനീർ വറ്റിപ്പോയി. കണ്ണിൽ ഇരുട്ടുകയറും പോലെ. എല്ലാം കൈവിട്ടു പോകുമ്പോലെ.

'യോഗം പിരിച്ചുവിട്ട് വേഗം ആഫീസിലെത്താൻ പറഞ്ഞിട്ടുണ്ട്.' സലീമിന്റെ ശബ്ദത്തിൽ ആപ്തസൂചനയുടെ മിന്നലാട്ടം.

കുന്നിറങ്ങി ടൗണിലെത്തുമ്പോൾ പിറവം കണ്ണീരടക്കാൻ കഴിയാതെ വിതുമ്പി നിൽക്കുന്നു. ഞങ്ങൾ ആഫീസിലെത്തി. എല്ലായിടങ്ങളിൽ നിന്നും പ്രവർത്തകരും നേതാക്കളും എത്തിക്കൊണ്ടിരിക്കുന്നു. പുലരുംവരെ ഞങ്ങൾ വാർത്തകൾ ശ്രദ്ധിച്ചിരുന്നു. എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി ഞങ്ങൾ വീടുകളിലേക്കു മടങ്ങി.

തുടർന്നുള്ള ദിവസങ്ങളിലെ എതിരാളികളുടെ പ്രവർത്തനങ്ങൾ ജനങ്ങളിലാകെ ഞെട്ടലുളവാക്കി. തോൽവി മണത്തറിഞ്ഞ അവർ രാജീവ് ഗാന്ധിയെ വധിച്ചതിന്റെ ഉത്തരവാദികൾ ഇടതുപക്ഷമാണെന്ന് വീടുവീടാന്തരം പ്രചരിപ്പിച്ചു. ചിലയിടങ്ങളിൽ പരസ്യമായിത്തന്നെ ഈ വിധത്തിൽ മൈക്കു പ്രചരണം നടത്തി. ഇടതുപക്ഷം ജനമദ്ധ്യത്തിൽ കുറ്റവാളികളെപ്പോലെയായി. വീടുകയറാനും വോട്ടഭ്യർത്ഥിക്കാനുമുള്ള മനോബലം ചോർന്നുപോയി. എത്ര കഠിനപരിശ്രമം നടത്തിയിട്ടും അതു വീണ്ടെടുക്കാനായില്ല.

പോളിങ് ദിവസമായി.

ബൂത്തുതോറും രാജീവ് ഗാന്ധിയുടെ ചിത്രവും കത്തിച്ചനിലവിളക്കും. ചന്ദനത്തിരിയുടെ ഗന്ധം കൂടിയായപ്പോൾ ശരിക്കും ഓരോ ബൂത്തുകളും മരണവീടു പോലെയായി. വോട്ടുചെയ്യാൻ പോകുന്നവർ വിശേഷിച്ചും സ്ത്രീകൾ രാജീവ് ഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ പൂക്കൾ അർപ്പിച്ചു. നിറകണ്ണുകളോടെ തൊഴുതുനിന്നു. പിന്നീട് പോയി വോട്ടുചെയ്തു. ഫലം വന്നു.

എൽഡിഎഫിന് ആയിരത്തിനാനൂറ് വോട്ടുകൂടി നേടാൻ കഴിഞ്ഞിരുന്നെങ്കിൽ ജേക്കബ് തോൽക്കുമായിരുന്നു. അത്രയ്ക്കു ചെറിയ ഭൂരിപക്ഷത്തിനാണദ്ദേഹം കടന്നു കൂടിയത്. 

അവസാനത്തെ രണ്ടുദിവസം എൽഡിഎഫിന് പുറത്തിറങ്ങാൻ പോലുമാകാത്ത അന്തരീക്ഷമാണു സൃഷ്ടിക്കപ്പെട്ടത്.

വിജയിക്കുള്ള ഡിക്ലറേഷൻ ഫോറം തയ്യാറാവുന്നു. ജേക്കബിന്റെ ഒരു പ്രധാനപ്രവർത്തകൻ ഓടിവന്ന് അദ്ദേഹത്തിനൊരു മുല്ലപ്പൂമാല ചാർത്തി. വിജയിയെ തപ്പുതാളമേളത്തോടെ കൊണ്ടുപോകാനുള്ള വാഹനങ്ങൾ എത്തിത്തുടങ്ങി. അവരിറങ്ങാതെ ഞങ്ങളിറങ്ങിയാൽ എന്തെങ്കിലും അനിഷ്ടസംഭവം ഉറപ്പാണ്.

സ്ഥാനാർത്ഥികളായ ഞങ്ങൾ രണ്ടുപേരും സ്റ്റേജിൽ തന്നെ. കൗണ്ടിംഗിനു വന്ന കുറച്ചുപ്രവർത്തകരും എന്നോടൊപ്പമുണ്ട്. പുറത്തേക്കിറങ്ങാൻ ഏതാനും മിനിട്ടുകളെ വേണ്ടതുള്ളൂ. അതിനിടയിൽ എപ്പഴാണെന്നറിയില്ല ആ വയസ്സൻ മനുഷ്യന്റെ രൂപം എന്റെയുള്ളിൽ മിന്നിമറഞ്ഞു:

<ഫ്ളാഷ് ബായ്ക്ക്>

നിയമസഭ കഴിഞ്ഞ് ഞാനെത്തുമ്പോൾ അന്നും വളരെ വൈകിയിരുന്നു. എന്നെ കാത്തുനിന്നവരിൽ പ്രായം ചെന്നയാൾ വല്ലാതെ ചുമയ്ക്കുന്നുണ്ടായിരുന്നു. ഓരോ ചുമയും ചങ്കിൽത്തട്ടി, ചെമ്പുതകിടിൽ കൊട്ടുമ്പോലുള്ള ശബ്ദം. മുഷിഞ്ഞുപിഞ്ഞിത്തുടങ്ങിയ കൈനീളൻ ഷർട്ടിന്റെ തുറന്നുകിടന്ന വിടവിലൂടെ നരകേറി വെളുത്ത നെഞ്ചിന്റെ ഭാഗം കാണാമായിരുന്നു. പെട്ടിക്കട ചെയ്യാൻ എടുത്ത ബാങ്കുലോൺ മുടങ്ങി. ജപ്തിനോട്ടീസായി. റവന്യുമന്ത്രിയെ കണ്ട് സ്‌റ്റേ വാങ്ങാൻ വന്നതാണ്. സംസാരത്തിനിടയിൽ വാക്കുകൾ കൂച്ചുവിലങ്ങിട്ടു വില്ലൻചുമ ഒപ്പത്തിനൊപ്പം നിന്നു. ചുമ ശക്തിയാകുമ്പോൾ തോളിലെ തോർത്തുമുണ്ട് കൊണ്ട് വായടിച്ചുപിടിക്കും. പിന്നീടതു തുറന്ന് കുറച്ചു വാക്കുകൾ പുറത്തേക്കു വിടും.

'വേറെ യാതൊരു ഗതിയില്ലാത്തതു കൊണ്ടാ സാറെ ഞാൻ തന്നെ പോന്നത്. വയസ്സ് എഴുപത്താറു കഴിഞ്ഞ്.' വർഗീസ് ചേട്ടൻ കുടുംബസാഹചര്യം പറഞ്ഞുതുടങ്ങി.

'റവന്യമന്ത്രി കരുനാഗപ്പള്ളിക്കു പോയി. രാവിലെ നിയമസഭയിലെത്തും. മൂന്നരകഴിഞ്ഞ് നമുക്കാഫീസിൽ പോയി കാണാം.' ഞാൻ വിവരം ധരിപ്പിച്ചു.

'അപ്പ ഞാനെങ്ങോട്ടു പോവും. എന്റെ കയ്യീ കഷ്ടി വഴിച്ചെലവിനുള്ള കാശെയുള്ളൂ.' വർഗീസ് ചേട്ടൻ ഇല്ലായ്മയുടെ ചെപ്പു തുറന്നു.

'സാരമില്ല നമുക്കു വഴിയുണ്ടാക്കാം. ചേട്ടൻ ആ സൈഡിലെ കസേരയിലോട്ടിരിക്ക്. ഞാൻ നിൽക്കുന്നവരെ പെട്ടെന്നു വിടാം.' എന്റെ വാക്കുകൾക്ക് ആ വമ്പൻചുമ അകമ്പടി സേവിച്ചു. കക്ഷത്തിലിറുക്കി പിടിച്ചിരുന്ന വയറുവീർത്ത കറുത്ത ബാഗുമായി അദ്ദേഹം ഒരു മൂലയിലേയ്ക്കു മാറിയിരുന്നു.

വളർച്ച മുരടിച്ച ഒരു വയസ്സൻ ആഞ്ഞിലി മരത്തിന്റെ തണൽ കിട്ടുംവിധം റോഡുവക്കിലായിരുന്നു ആ പെട്ടിക്കട വച്ചിരുന്നത്. അതിനുചേർന്നുള്ള കള്ളുഷാപ്പിന്റെ തകിടിലെഴുതിയ ബോർഡ് ആഞ്ഞിലിയോട് ഒട്ടിച്ചേർന്നിരുന്നു. പണ്ടെങ്ങോ ചുറ്റും ആണിയടിച്ച് സ്ഥാപിച്ചതാണ്.

സന്ദർശകർ പോയിത്തീർന്നു. വർഗീസ് ചേട്ടന് മേലുകഴുകാൻ വലിയ ബക്കറ്റിൽ ഞാൻ ചൂടുവെള്ളം നിറച്ചു. കുളികഴിഞ്ഞു എത്തുമ്പോൾ ചൂടൻ കഞ്ഞിയും പയറും റെഡി. കാന്റീനിൽ നിന്നുവന്നതാണ്. അച്ചാറും പപ്പടവും എല്ലാം കൂട്ടി കഞ്ഞിമുഴുവൻ കുടിച്ചു.

'തൃപ്തിയായി സാറെ ഇനി കെടന്നാൽ മതി. തറേൽ കെടന്നാൽ തണുപ്പടിച്ച് ശ്വാസം കിട്ടാതാവും.'

'അതിനു നമുക്ക് വഴിയുണ്ടാക്കാം.' ഞാൻ ഒരു ഷീറ്റും തലയിണയുമായി തറയിലൊതുങ്ങി. ചേട്ടൻ കട്ടിലിൽ ഉറങ്ങാൻ കിടന്നു.

ഒരു മണിക്കൂറെങ്കിലും ഒറ്റ സ്‌ട്രെച്ചിനുറങ്ങാൻ ആ രാത്രി എനിക്കായില്ല. ഇടവിട്ടിട്ടിടവിട്ടുള്ള ചുമയും ഞെരക്കങ്ങളുമായി പഴക്കം ചെന്നൊരു തീവണ്ടി കിതച്ച് ഓടുമ്പോലെ വർഗീസ് ചേട്ടനും ദൗത്യം പൂർത്തിയാക്കി.

പിറ്റേന്നുച്ചവരെ ഭക്ഷണവും വിശ്രമവുമായി പാവം മനുഷ്യൻ എന്റെ മുറിയിൽ കഴിച്ചുകൂട്ടി.

റവന്യുമന്ത്രിയെക്കണ്ട് സ്‌റ്റേയും ഗഡുക്കളായി കുടിശ്ശിഖ അടച്ചുതീർക്കാനുള്ള ഉത്തരവും വാങ്ങി തമ്പാനൂർ ഞങ്ങളെത്തുമ്പോൾ പിറവം കൂടിപോകുന്ന ഒരു വണ്ടി സ്റ്റാൻഡിലേയ്‌ക്കെത്തുകയായിരുന്നു. വണ്ടി പുറപ്പെടാനുള്ള ബെല്ലിനൊപ്പം ആ ചുമയും മുഴങ്ങി.

പിന്നീട് കുറെ വർഷങ്ങൾക്കു ശേഷമാണ് രണ്ടാമത്തെ തെരഞ്ഞെടുപ്പു പോരാട്ടത്തിനായി പിറവത്ത് എന്നെ പാർട്ടി നിശ്ചയിക്കുന്നത്. ഞാൻ മനസ്സിൽ കുറിച്ചിട്ടു. വോട്ടു ചോദിച്ചു കടകൾ കയറുന്നതിനുള്ള തുടക്കം വർഗീസ്‌ചേട്ടന്റെ പെട്ടിക്കടയിൽ നിന്നാവാം. എന്നെക്കുറിച്ച് മരിക്കുംവരെ നന്ദിയോടെ ഓർമ്മിക്കുമെന്നു പറഞ്ഞ് ആണല്ലോ അന്നു പിരിഞ്ഞതും. പിന്നീട് രണ്ടോ മൂന്നോ തവണ കണ്ടപ്പോഴും അന്നത്തെ ഓർമ്മകൾ അയവിറക്കാൻ വർഗീസ് ചേട്ടൻ ഒട്ടുംമടി കാണിച്ചുമില്ല.

വണ്ടി 'കള്ള് ' എന്ന ബോർഡ് തറച്ച ആഞ്ഞിലിച്ചോട്ടിൽ നിർത്തി. ആൾ കുറച്ചുകൂടി അവശനായെങ്കിലും പഴയ ആ ചുമയ്ക്ക് ഒട്ടും അവശത തോന്നിയില്ല. എന്നോടൊപ്പം മറ്റുരണ്ടുപേർ കൂടിയുണ്ടായിരുന്നു. മൂന്നുപേരെയും നിർബന്ധിച്ച് നാരങ്ങാവെള്ളം കുടിപ്പിച്ചു. പഴുത്തുവീഴാറായ ഓരോ പാളയങ്കോടൻ പഴവും ഉരിഞ്ഞു തന്നു. വന്ന കാര്യം തെല്ലൊരു അവകാശപൂർവ്വം ഞാനവതരിപ്പിച്ചു.

വർഗീസ് ചേട്ടൻ ഒന്നാലോചിച്ചു. വാക്കുകളെ പുറത്തേയ്ക്കുവിടാൻ ചുമ തടസ്സം പിടിച്ചു. വർഗീസ് ചേട്ടന്റെ മറുപടി കേട്ടപ്പോൾ എന്റെ ഉള്ളൊന്നു കാളി. പറന്നുയരാൻ വെമ്പുന്ന കിളിയുടെ ചിറകിനടി കിട്ടിയതുപോലെയായി.

'അതെ സാറെ കാര്യമൊക്കെ കാര്യം. ഈ പിറവത്ത് രണ്ടാംവട്ടം നിന്ന ഒരുത്തനും ജെയ്ച്ചു കേറ്യ പാരമ്പര്യോല്ല. തോക്കാമ്പോണ സ്ഥാനാർത്തിക്ക് ഞാനൊട്ടു ഓട്ടും ചെയ്യൂല്ല. സാറിനു ഓട്ടു ചെയ്താ ഇത്തവണ അതു പാഴാകും. ഇത് ചെലപ്പൊന്റെ ലാസ്റ്റ് ഓട്ടാരിക്കും.' വർഗീസ് ചേട്ടന്റെ പിന്നിടുള്ള ചുമ വളരെ നീണ്ട ഒന്നായിരുന്നു.

</ഫ്ളാഷ് ബായ്ക്ക്>

പെട്ടെന്നാണ് വിജയിയായ ടി എം ജേക്കബ് പിന്നിൽ നിന്ന് എന്നെ വിളിക്കുന്നത്. ആ വിളി കേട്ടതോടെ വർഗീസ്‌ചേട്ടന്റെ ഓർമ്മകൾ എന്റെ മനസ്സിൽ നിന്ന് തൽക്കാലത്തേക്ക് വിട പറഞ്ഞു.

'ഗോപി, എന്നാൽ ഞങ്ങളിറങ്ങട്ടെ, ഡിക്ലറേഷൻ കിട്ടി.' നിറഞ്ഞ ചിരിയോടെ ടി എം ജേക്കബ് എംഎൽഎ എന്റെ നേരെ രണ്ടു കയ്യും നീട്ടി. പരാജയപ്പെട്ട എന്റെ മുമ്പിൽ കൈനീട്ടി നിൽക്കുന്നത് വർഗീസ് ചേട്ടനാണെന്ന് ഒരു നിമിഷം വീണ്ടും എനിക്കു തോന്നി.

ഇടതടവില്ലാതെ വെളിച്ചം വിതറി പൊട്ടിച്ചിതറുന്ന മാലപ്പടക്കത്തിന്റെ ശബ്ദം. പട ജയിച്ച പോരാളികളുടെ വിജയഭേരി. പരിസരം നടുക്കുന്ന കതിനാവെടികൾ.

രാജീവ് ഗാന്ധിയുടെ വേർപാടു മൂലം നഷ്ടം സംഭവിച്ചത് രാഷ്ട്രത്തിനു മാത്രമല്ല. വെറുമൊരു സാധാരണക്കാരനായ എനിക്കും എന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്ത പരശതം പ്രവർത്തകർക്കും സർവ്വോപരി എന്നെ സ്ഥാനാർത്ഥിയാക്കിയ എന്റെ പാർട്ടിക്കും മുന്നണിക്കും...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP