Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീടിന്റെ ഏത് ഭാഗത്ത് പണപ്പെട്ടി സൂക്ഷിച്ചാലാണ് ധനാഭിവൃദ്ധിയുണ്ടാകുന്നത് ? തെക്കുഭാഗത്ത് പുളിനട്ടാൽ എന്ത് ഗുണമാണ് വന്നു ചേരുക ? എന്തൊക്കെ വസ്തുക്കളാണ് വീട്ടിൽ വച്ചാൽ ഐശ്വര്യം വരില്ല എന്ന് പറയുന്നത് ? ധനം നിറയ്ക്കും എന്ന് പറയുന്ന വിശ്വാസങ്ങളുടെ പുറകേ പോയാൽ ഐശ്വര്യത്തിന്റെ 'മണിച്ചെപ്പ്' നിറയുമോ ? പണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിൽ ചിലതൊന്ന് അറിഞ്ഞിരിക്കാം; പഴമക്കാർ തന്ന ചില കൗതുക ചിന്തകൾ

വീടിന്റെ ഏത് ഭാഗത്ത് പണപ്പെട്ടി സൂക്ഷിച്ചാലാണ് ധനാഭിവൃദ്ധിയുണ്ടാകുന്നത് ? തെക്കുഭാഗത്ത് പുളിനട്ടാൽ എന്ത് ഗുണമാണ് വന്നു ചേരുക ? എന്തൊക്കെ വസ്തുക്കളാണ് വീട്ടിൽ വച്ചാൽ ഐശ്വര്യം വരില്ല എന്ന് പറയുന്നത് ?  ധനം നിറയ്ക്കും എന്ന് പറയുന്ന വിശ്വാസങ്ങളുടെ പുറകേ പോയാൽ ഐശ്വര്യത്തിന്റെ 'മണിച്ചെപ്പ്' നിറയുമോ ? പണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിൽ ചിലതൊന്ന് അറിഞ്ഞിരിക്കാം; പഴമക്കാർ തന്ന ചില കൗതുക ചിന്തകൾ

തോമസ് ചെറിയാൻ കെ

വിശ്വാസം അതല്ലേ എല്ലാം...നമ്മൾ ഏറെ പറഞ്ഞു കേട്ടിട്ടുള്ള ഒരു പരസ്യവാചകമാണിത്. വാസ്തു, വിവാഹം, ആരോഗ്യം, തുടങ്ങി സാമ്പത്തികമായ കാര്യങ്ങളിൽ വരെ വ്യത്യസ്തങ്ങളായ വിശ്വാസങ്ങൾ നമുക്കു ചുറ്റുമുണ്ട്. അത്തരം വിശ്വാസങ്ങളുടെ പിന്നാലെ പോകുന്നവരുമുണ്ട്, അതിൽ വിശ്വാസമില്ലാ എന്ന് പറഞ്ഞ് മാറി നിൽക്കുന്നവരുമുണ്ട്. ചില വിശ്വാസങ്ങൾക്ക് കൃത്യമായ മറുപടി തരാൻ അതിലെ വിദഗ്ധരായ ആളുകൾക്ക് സാധിക്കുമ്പോൾ ഉത്തരമില്ലാത്ത തരം വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട് എന്ന് ഓർക്കുക.

എന്നാൽ ഇവ അറിഞ്ഞിരിക്കുന്നതുകൊണ്ട് നമുക്ക് ഒന്നു പരീക്ഷിച്ച് നോക്കുവാനും ഇതിനു പിന്നിലെ വാസ്തവം എത്രത്തോളമുണ്ടെന്ന് സ്വയം അനുഭവിച്ചറിയാനും സഹായിക്കും. വീട്ടിൽ ധനം നിറക്കുന്ന യന്ത്രം എന്ന പേരിൽ വരെ ഇറങ്ങുന്ന ' റെഡിമെയ്ഡ്' വിശ്വാസങ്ങളുടെ പുറകേ പോകേണ്ട ആവശ്യമില്ലെങ്കിലും പാരമ്പര്യമായി പറഞ്ഞുവന്ന ചില കാര്യങ്ങളെ അൽപം ഗൗരവത്തോടെ തന്നെ നമുക്ക് ശ്രദ്ധിക്കാം.

സാമ്പത്തികമായ കാര്യങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമെന്നവണ്ണമാണ് പഴമക്കാർ ഈ അറിവ് മിക്കതും നമുക്ക് പകർന്നത്. ദൈവത്തിന്റെ സ്വന്തം മണ്ണായ കേരളത്തിൽ നിന്നും ഉദ്ഭവിച്ചത് മുതൽ ആചാരങ്ങളുടെ ഈറ്റില്ലമായ ചൈനയിൽ നിന്ന് വരെ സമ്പത്തുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ നില നിൽക്കുന്നുണ്ട്. വളരെ ലളിതമായി തന്നെ നമുക്ക് അവ എന്തെന്ന് ഒന്നു നോക്കാം.

പണം സൂക്ഷിക്കാൻ ദിക്കുണ്ടോ ?

വീടും അതിന്റെ ദിക്കുകളുമായും ബന്ധപ്പെട്ട് പല വിശ്വാസങ്ങളും നില നിൽക്കുന്നുണ്ട്. അതിൽ ഒന്നാണ് പണം എവിടെ സൂക്ഷിക്കണമെന്നുള്ള വിശ്വാസം. ഒരു വീടിനെ സംബന്ധിച്ചിടത്തോളം അതിന്റെ തെക്കു ഭാഗത്താണ് പണം സൂക്ഷിക്കാൻ ഏറെ ഉത്തമമെന്നും ഇത്തരത്തിൽ പണം സൂക്ഷിച്ചാൽ വീട്ടിൽ ദാരിദ്ര്യം പടി കടക്കില്ലെന്നുമാണ് വിശ്വാസം. പടിഞ്ഞാറ് ഭാഗത്ത് പണം സൂക്ഷിക്കുന്നതും ഉത്തമമാണെന്ന് പഴമക്കാർ പറയുന്നു.

വീട്ടിൽ കടങ്ങളുണ്ടാകാതിരിക്കാൻ തെക്ക് പടിഞ്ഞാറ് ഭാഗത്ത് പണം സൂക്ഷിക്കുന്നത് നല്ലതാണെന്നാണ് മറ്റൊരു വിശ്വാസം. എന്നാൽ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് പണം വയ്ക്കുന്നത് അമിത ചെലവിനും ദാരിദ്ര്യത്തിനും കാരണമാകുമെന്നും പറയുന്നു. തെക്ക് കിഴക്ക് ഭാഗവും പണം സൂക്ഷിക്കാൻ പറ്റിയ ഒന്നല്ലെന്നും വിശ്വാസമുണ്ട്.

ഇതു പോലെ തന്നെ മറ്റൊരു വിശ്വാസമാണ് പണം സൂക്ഷിക്കുന്നതിന് തൊട്ടടുത്ത് മയിൽപീലി സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടു വരും എന്നത്. ഇവയ്ക്കൊക്കെ പുറമേ മറ്റൊരു സത്യം കൂടിയുണ്ട്. പണമിരിക്കുന്ന ഭാഗവും എന്തിന് ആ വീടിന്റെ ഓരോ മുക്കും മൂലയും വൃത്തിയായും ഭംഗിയായും സൂക്ഷിച്ചില്ലെങ്കിൽ എന്തു ചെയ്താലും ധനം അവിടെ നിലനിൽക്കില്ലെന്നും പഴമക്കാർ ഓർമ്മിപ്പിക്കുന്നു.

ചില വസ്തുക്കൾ വീട്ടിലുണ്ടെങ്കിൽ പണം വരുമോ ?

പിന്നെയുള്ള ഒരു വിശ്വാസമാണ് ചില വസ്തുക്കൾ വീട്ടിൽ വച്ചാൽ പണമുണ്ടാകുമെന്നും ഐശ്വര്യം വർധിക്കുകയും ചെയ്യും എന്നുള്ളത്. അവയെന്താണെന്ന് ഒന്നു നോക്കാം. ഒരു വീടിനെ സംബന്ധിച്ചിടത്തോളം പ്രധാനമായും വേണ്ട ഒന്നാണ് മരം. മരം തൊടാതെ വീടു പണിതാൽ അത് ഐശ്വര്യത്തെ ബാധിക്കുമെന്ന് വിശ്വാസമുണ്ട്. അതിനാൽ തന്നെ മരം ഉപയോഗിച്ചുള്ള ഉപകരണങ്ങൾ പാത്രങ്ങൾ, ചെറുചെടികൾ എന്നിവ വീട്ടിൽ ഉപയോഗിക്കുന്നതും വൃത്തിയായി സൂക്ഷിക്കുന്നതും ധനാഭിവൃദ്ധിക്ക് സഹായിക്കുമെന്ന് വിശ്വാസമുണ്ട്.

നിലവിളക്കാണ് വീടിന്റെ മറ്റൊരു പ്രധാന ധനാകർഷണം എന്ന് പറയുന്നത് ഐശ്വര്യത്തിന്റെ പര്യായമായ ദീപം കൊളുത്തുന്നത് വീടിന് ഏറെ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഹൈന്ദവ വിശ്വാസത്തിൽ ഉള്ള ഒരുപ്രധാന കാര്യമാണ് ഗോമതി ചക്രം എന്ന് പറയുന്നത്. ഇവ അലമാരകളിൽ സൂക്ഷിച്ചാൽ ഐശ്വരമുണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.

അടുത്തതതായി പ്രധാനപ്പെട്ട വിശ്വാസങ്ങളിലൊന്നാണ് ഓടക്കുഴൽ. വീട്ടിൽ ഓടക്കുഴൽ സൂക്ഷിച്ചാൽ ഐശ്വര്യവും സമ്പത്തും ആരോഗ്യവും സമാധാനവും രൂപപ്പെടുമെന്നാണ് വിശ്വാസം. ഇതിൽ മുളകൊണ്ടുള്ള ഓടക്കുഴലാണ് ഏറ്റവും ഉത്തമം. മാത്രമല്ല വീടിന് വാസ്തു സംബന്ധമായി എന്തെങ്കിലും ദോഷമുണ്ടെങ്കിൽ അതകറ്റാൻ കഴിയുന്ന വസ്തുവാണ് ഓടക്കുഴലെന്നും വിശ്വാസമുണ്ട്. ശുഭകാര്യങ്ങൾ തടസമില്ലാതെ നടക്കുന്നതിനും വീട്ടിലെ നെഗറ്റീവ് എനർജിയെ പോസിറ്റീവാക്കി മാറ്റാൻ ഓടക്കുഴലിന് കഴിവുണ്ടെന്നുമാണ് വിശ്വാസം.

ധനം കൊണ്ടുവരുന്ന മരങ്ങളോ....പ്രകൃതിയും പണം തരുമോ ?

വൃക്ഷം എന്നാൽ ഐശ്യര്വത്തിന്റെ പര്യായം തന്നെയാണ്. അത് ഫലം കൂടിയുള്ളതാണെങ്കിൽ ഐശ്വര്യം ഇരട്ടിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കേരളീയ പാരമ്പര്യ വിശ്വാസപ്രകാരം ചില വൃക്ഷങ്ങൾ ഐശ്വര്യവും സമ്പത്തും വീട്ടിലേക്ക് എത്തിക്കുമെന്നാണ് വിശ്വാസം. ഫല വൃക്ഷങ്ങൾക്ക് ഒരു പരിധി വരെ പ്രത്യേക സ്ഥാനത്ത് നടണമെന്ന് പറയുന്നല്ല. അവ വീടിന്റെ എവിടെ നട്ടാലും ഐശ്വര്യം തന്നെ. ഇവയെ പറ്റി പറയുമ്പോൾ ആദ്യം തന്നെ ചെടികളിൽ നിന്നും തുടങ്ങാം. തുളസി വീടിന് ഐശ്വര്യം നൽകുന്ന ചെടിയാണ്.കഴിക്ക് ഭാഗത്ത് തുളസിക്കൊപ്പം മഞ്ഞൾ കൂടി നടുന്നത് ഏറെ ഉത്തമമെന്ന് പഴമക്കാർ പറയുന്നു.

വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ കണിക്കൊന്ന വയ്ക്കുന്നത് ഐശ്വര്യം ഇരട്ടിപ്പിക്കുമെന്നും തെക്കു കിഴക്കേ മൂലയിൽ മുള നടുന്നത് വീട്ടിൽ സമ്പത്ത് വരുവാൻ ഇടയാക്കുമെന്നും വിശ്വാസമുണ്ട്. വാസ്തു സംബന്ധമായ ദോഷങ്ങൾക്ക് ഏറെ ഉത്തമമായ പരിഹാരമാണ് വീടിന്റെ പടിഞ്ഞാറേ ഭാഗത്ത് മഞ്ഞൾ നടുന്നത്. വീടിന്റെ നാലു ദിക്കുകൾക്കും ഉത്തമമായ വൃക്ഷം ഏതെന്നും പഴമക്കാർ പറയുന്നുണ്ട്. കിഴക്ക്-പ്ലാവ്, തെക്ക് പുളി, വടക്ക് മാവ്,പടിഞ്ഞാറ് തെങ്ങ് എന്നിങ്ങനെ മരം നടുന്നത് വീടന് ഐശ്വരമാണെന്നാണ് വിശ്വാസം.

വീടിന്റെ വടക്ക് അത്തി,തെക്ക് ഇത്തി,കിഴക്ക് അരയാൽ ,പടിഞ്ഞാറ് പേരാൽ എന്നിങ്ങനെ മരങ്ങൾ നിൽക്കുന്നത് സാമ്പത്തികം അടക്കമുള്ള കാര്യങ്ങളിൽ ഇടിവുണ്ടാക്കുമെന്നാണ് വിശ്വാസം. കൂവളം വീടിന്റെ പടിഞ്ഞാറ് ഭാഗത്തോ തെക്ക് ഭാഗത്തോ നടുന്നത് ഏറെ ഉത്തമമാണെന്നാണ്. വീടിന്റെ വടക്ക് ഭാഗത്ത് നെല്ലി വയ്ക്കുന്നതും ധനാഭിവൃദ്ധിക്ക് സഹാകരമാണെന്നാണ് വിശ്വാസം.

ചൈനീസ് വിശ്വാസങ്ങളിലുമുണ്ട് കൗതുകരമായ കാര്യങ്ങൾ

ഫെങ് ഷൂയി എന്നത് നാം കേട്ടിട്ടുള്ള ഒന്നാണ്. ചൈനീസ് വിശ്വാസങ്ങളിൽ പണവുമായും, ആരോഗ്യവുമായും തുടങ്ങി ലോക നേതാക്കന്മാർ വരെ വിശ്വസിക്കുന്ന ചൈനീസ് വാസ്തു വിദ്യകൾ വരെയുണ്ട്. എന്നാൽ പണവുമായി ബന്ധപ്പെടുത്തി നോക്കിയാൽ ധനാഭിവൃദ്ധിക്ക് ചൈനീസ് വിശ്വാസങ്ങളിൽ പറയുന്നത് ചില കൗതുകരമായ കാര്യങ്ങളാണ്. ചൈനീസ് പണസഞ്ചിയാണ് ഇതിലൊന്ന്. പഴയ നാണയങ്ങൾ അടങ്ങുന്ന ചുവന്ന പണസഞ്ചിയാണിത്. ഇത് കൈയിൽ വച്ചാൽ ധനം കൈവരുമെന്നാണ് വിശ്വാസം.

മറ്റൊന്നാണ് ക്രിസ്റ്റൽ ബോൾ. ഇവ വീടിനുള്ളിലും വാഹനത്തിലും സൂക്ഷിക്കുന്നത് ഐശ്വര്യം കൊണ്ടുവരികയും നെഗറ്റീവായിട്ടുള്ള കാര്യങ്ങളെ നീക്കം ചെയ്യുമെന്നും വിശ്വസിക്കുന്നു. ഫുംങ്ഷ്വുയിലെ മറ്റൊരു പ്രധാന കാര്യമാണ് ബാഗ്വ. പ്രണയചിഹ്നത്തിലുള്ള ഇത് ആരോഗ്യം സംരക്ഷിക്കുമെന്നും ജീവിതത്തിൽ ഉയർച്ച തരുമെന്നുമാണ് വിശ്വസം.

ലൗചാമും ഇതേ സംഗതി തന്നെ. പ്രണയ ജോഡികൾ ഏറ്റവുമധികം വാങ്ങുന്ന ഒന്നാണിത്. ഇത് കൂടെയുണ്ടെങ്കിൽ സ്നേഹം കൈവിട്ടു പോകില്ലെന്നാണ് വിശ്വസം. ചുംബനത്തിൽ ഏർപ്പെട്ടിരിക്കുന്ന ജോഡികളുടെ രൂപം ആലേഖനം ചെയ്തിരിക്കുന്ന ലൗ ചാം കാണേണ്ട ഒന്നു തന്നെയാണ്. ഇത് ധരിക്കുന്ന പ്രണയ ജോഡികൾ ഒരിക്കലും പരിയില്ലെന്നും വിശ്വാസമുണ്ട്.

വീട്ടിൽ ഇവ പാടില്ലെന്നും വിശ്വാസമുണ്ടേ...

വീട്ടിൽ ചില വസ്തുക്കളോ അവസ്ഥകളോ നിലനിൽക്കുന്നതും വീടിന്റെ ഐശ്വര്യത്തെ ബാധിക്കുമെന്നും ധനാഭിവൃദ്ധി ഉണ്ടാകില്ലെന്നും പഴമക്കാർ പറയുന്നു. അവ ഏതെന്ന് നോക്കാം.

1. പഴയ മുഷിഞ്ഞ തുണി.
2. പൊട്ടിയ കണ്ണാടി.
3. ഭിത്തിയിലെ വിള്ളൽ.
4. ചിലന്തി വല.
5.പ്രാവിൻ കൂടും, തേനീച്ചക്കൂടും (അത് കെട്ടിടത്തിൽ ഉണ്ടാകാൻ പാടില്ല എന്നാണ്....പുറത്ത് ആകാം)
6.പഴയ ഉപയോഗ ശൂന്യമായ സാധനങ്ങൾ.

ഇത്രയും കാര്യങ്ങൾ വീട്ടിലുണ്ടെങ്കിൽ വീടിന്റെ ഐശ്വര്യത്തെ ബാധിക്കുമെന്നാണ് വിശ്വാസം.

വിശ്വസിച്ചാലും ഇല്ലെങ്കിലും

മേൽപറഞ്ഞവയൊക്കെ ചില വിശ്വാസങ്ങൾ മാത്രമാണ്. എന്നാൽ ഇതിൽ ഒരു പരിധി വരെ ശരിയുണ്ടെന്നുള്ള വസ്തുത പഴമക്കാർ പറയുന്നുണ്ട്. നാം അത് മറന്ന് പൊയ്ക്കൂടാ. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും തുടങ്ങി മനസിന്റെ ചിന്തകളിൽ വരെ ശുചിത്വം കൊണ്ടു വന്നാൽ ഐശ്വര്യം പടി കടന്നുവരുന്നതിന്റെ ആദ്യ ചുവട് വയ്‌പ്പാകുമെന്നും ഏവരേയും ഓർമ്മിപ്പിച്ചുകൊള്ളട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP