Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

‘അമ്മയിൽ’നിന്ന് സിപിഎമ്മിന് പഠിക്കാനുള്ളത്!

‘അമ്മയിൽ’നിന്ന് സിപിഎമ്മിന് പഠിക്കാനുള്ളത്!

എം മാധവദാസ്

വഞ്ചന, ബലാൽസംഗം, കള്ളക്കടത്ത്, വിദേശനാണ്യചട്ടലഘനം----- ഒരു ശരാശരി ഇന്ത്യൻ പൗരന് ആയുഷ്ക്കാലം മുഴുവൻ ഇരുമ്പഴിക്കുള്ളിൽ കഴിയാൻ കഴിയുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടം അമൃതാനന്ദമയീമഠം അധികൃതർക്കെതിരെ ഒരു ചെറുവിരലനക്കാൻപോലും കഴിയാത്തതെന്തുകൊണ്ടാണ്? കൈരളി ടിവിയിൽ വന്ന ഗെയിൽ ട്രെഡ്‌വെല്ലിന്റെ അഭിമുഖത്തിന്റെ പേരിൽ  രണ്ടു ലോക്സഭാസീറ്റുകൾ നഷ്ടമായെന്ന് സിപിഐ(എം) നേതാക്കൾതന്നെ അടക്കംപറയാനുള്ള സാഹചര്യം പ്രബുദ്ധകേരളത്തിൽ എങ്ങനെയുണ്ടായി. ‘അമ്മ’യിൽനിന്ന് സി.പി.എമ്മിന് എന്തൊക്കെയാണ് പഠിക്കാനുള്ളത്?

സത്യസായിബാബയിൽനിന്ന് സന്തോഷ് മാധവനിലേക്കുള്ള ദൂരം

ഏതാണ്ട് പത്തിരുപത് വർഷങ്ങൾക്കുമുമ്പ്, ഇന്ന് ഗെയിൽ ട്രെഡ്‌വെൽ പൊട്ടിച്ചപോലൊരു വെടി,  മറ്റൊരു സായിപ്പ് പുസ്തകരൂപത്തിൽ പൊട്ടിച്ചിരുന്നു. അന്നത്തെ ഏറ്റവും ശക്തനായ ആൾദൈവം സത്യനാരായണ രാജു എന്ന സായി ബാബക്കെതിരെ, താൾബ്രൂക്ക് എന്ന ഓസ്ട്രേലിയൻ സായിപ്പാണ്, കേട്ടാൽ അറച്ചുപോകുന്ന രതി വൈകൃതങ്ങൾ അടങ്ങുന്ന ‘ലോർഡ് ഓഫ് ദി എയർ’ (വായുഭഗവാൻ) എന്ന പുസ്കം എഴുതിയത്. ഇന്ത്യൻ ആത്മീയതയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കൊടുവിൽ, അമൃതാനന്ദമയിയുടെ ശിഷ്യയായി ഗെയിൽ ട്രെഡ്‌വെൽ എത്തിയപോലെ, സായിബാബയെ ആത്മീയ ഗുരുവായിക്കണ്ട് ജീവിതം സമർപ്പിച്ച് ദീർഘകാലം അദ്ദേഹത്തിനുവേണ്ടി പുട്ടപർത്തിയിലും മറ്റും സേവനംചെയ്തയ്യാളാണ് താൾ സായിപ്പ്. 'വിശുദ്ധ നരകത്തിന്’ സമാനമായ അന്തരീക്ഷമാണ് ഈ കൃതിയിലും നിറഞ്ഞു നിൽക്കുന്നത്.

ആശ്രമത്തിലെ നിരവധി പുരുഷന്മാരോടും സ്ത്രീകളോടും ബാബ ലൈംഗിക ബന്ധം പുലർത്തുന്നത് താൻ നേരിട്ടുകണ്ടെന്ന് താൾ ബ്രൂക്ക് സാക്ഷ്യപ്പെടുത്തുന്നു. ആശ്രമത്തിലെ വിധവകളെയും എന്തിന് പ്രായപൂർത്തിയാവാത്ത കുട്ടികളെപോലും ബാബ ഈ രീതിയിൽ ഉപയോഗിച്ചിരുന്നെന്ന് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ജ്ഞാനത്തിന്റെ കേന്ദ്രമായി കുണ്ഡലിനി ഉണർത്താൻ രഹസ്യകൂടിക്കാഴ്ചക്ക് വിളിച്ചുവരുത്തിയാണത്രേ, ബാബ വേഴ്ച നടത്തുക. ഒരിക്കൽ അനുഗ്രഹം തേടി രഹസ്യകൂടിക്കാഴ്ചക്ക് എത്തിയ തനിക്കുണ്ടായ അനുഭവം താൾബ്രൂക്ക് എഴുതിയതിങ്ങനെ.-

‘ ബാബ എന്റെ തല പിടിച്ച് അദ്ദേഹത്തിന്റെ നാഭിയിലേക്ക് അടുപ്പിച്ച് പാതി ഉദ്ധരിച്ച അവസ്ഥ കാണിച്ചുതന്നു. ബാബ  മുരളുന്നുണ്ടായിരുന്നു. ഇതാണ് നിങ്ങളുടെ മോക്ഷത്തിലേക്കുള്ള പാതയെന്ന് അദ്ദേഹം പറഞ്ഞു. വളരെ ശ്രദ്ധാപൂർവം ആലോചിച്ചശേഷം എനിക്ക് ഇതുവേണ്ടെന്നും അങ്ങയുടെ ഹൃദയം മതിയെന്നും ഞാൻ പറഞ്ഞു? ഹൃദയം നിനക്ക് ലഭിച്ചുകഴിച്ചുവെന്നും, നിനക്ക് പോകാമെന്നുമായിരുന്നു ബാബയുടെ മറുപടി’.

കൃഷ്ണന്റെ അവതാരമാണെന്നും അതിനാൽ താനുമായി ലൈംഗിക ബന്ധം പുലർത്തിയാൽ സ്ത്രീകളുടെ കന്വകാത്വം നഷ്ടമാവില്ലെന്നും ബാബ പ്രചരിപ്പിച്ചിരുന്നത്രേ. മുടിയിലും വസ്ത്രങ്ങളിലും അതുമിതും ഒളിപ്പിച്ച് കൈയടക്കത്തിലൂടെ അത് പുറത്തെടുത്ത് ദിവ്യശക്തിയാണെന്ന് പ്രചരിപ്പിക്കുന്ന ബാബയുടെ തട്ടിപ്പുതൊട്ട്, സ്വർണവും പണവുമെല്ലാം വാരിക്കൂട്ടുന്നതടക്കമുള്ള ഞെട്ടിപ്പിക്കുന്ന അരമന രഹസ്യങ്ങളാണ് താൾ സായിപ്പ് പുറത്തുവിട്ടത്. അതായത്  സത്യബാബമുതൽ സന്തോഷ് മാധവൻ വരെയുള്ളവർ ഒരേ ജനുസ്സിൽ പെട്ടവരാണെന്ന് ചുരുക്കം. ഇത് ‘അമ്മ’ യുടേയൊ ബാബയുടെ വ്യക്തിപരമായ വിഷയമല്ല; ആൾദൈവ വ്യവസായത്തിന്റെ ഉപോല്പന്നമാണ്. അതിൽ നല്ല ആൾദൈവം, ചീത്ത ആൾദൈവം എന്നൊന്നില്ല. ലൈഫ്ബോയിയുടെ പരസ്യംപോലെ എവിടെ ആൾദൈവമുണ്ടോ അവിടെ ചൂഷണവുമുണ്ട്.

ഇന്ത്യൻ  മാദ്ധ്യമങ്ങൾ പതിവുപോലെ വാർത്ത മുക്കാൻ ശ്രമിച്ചെങ്കിലും ബി.ബി.സി അടക്കമുള്ള ലോക മാദ്ധ്യമങ്ങൾ ബാബയുടെ തട്ടിപ്പിനെതിരെ രംഗത്തത്തെി. ഇന്ത്യ ടൂഡെയാണ് സർവരെയും ഞെട്ടിച്ചത്. ബാബയുടെ സകല തട്ടിപ്പുകളും രതിവൈകൃതങ്ങളും അക്കമിട്ട് നിരത്തി അവർ കവർ സ്റ്റോറി പ്രസിദ്ധീകരിച്ചു. സംഘപരിവാർ നേതാക്കൾക്കുപോലും ബാബയെ ന്യായീകരിക്കാനായില്ല. ( അന്ന് ഇതുപോലെ കുബുദ്ധി ഉപദേശിച്ചുകൊടുക്കാൻ രാഹുൽ ഈശ്വറൊന്നും ഉണ്ടായിരുന്നുമില്ല!) 

ദിവ്യാത്ഭുദ അനാവരണവുമൊക്കെയായി നടന്നിരുന്ന ഈ ലേഖകനൊക്കെ കരുതിയിരുന്നത് ബാബ ഇനി ഒരിക്കലും തലപൊക്കില്ലെന്നാണ്.  തട്ടിപ്പാണെന്ന് മനസ്സിലായതോടെ വിശ്വാസി  സമൂഹം ഒന്നടങ്കം ഇറങ്ങി ബാബക്ക് പണികൊടുക്കുമെന്നായിരുന്നു ഞങ്ങൾ ധരിച്ചിരുന്നത്. പക്ഷേ, ഒരു ചുക്കും സംഭവിച്ചില്ല. ഇന്ത്യൻ ആൾദൈവങ്ങൾ ഉണ്ടാക്കുന്ന മാനസിക അടിമത്തത്തിന്റേതും വിധേയത്വത്തിന്റേയും അളവ് എത്ര വലുതാണെന്ന് അന്നാണ് മനസ്സിലാക്കിയത്. മാത്രമല്ല ആശുപത്രികളും, ഗ്രാമങ്ങൾ ദത്തെടുക്കലും, കുടിവെള്ള പദ്ധതികളും , വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബാബ അപ്പോഴേക്കും സമാന്തര ഭരണകൂടമായി മാറിയിരുന്നു. പുട്ടപർത്തിയിലും വൈറ്റ് ഫീൽഡിലും ബാബയുണ്ടാക്കിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെ സേവനം മഹത്തരം തന്നെയാണ്. ഒരു പക്ഷേ കാഷ് കൗണ്ടറില്ലാത്ത ലോകത്തിലെ ഏക ആശുപത്രിയാവും വൈറ്റ് ഫീൽഡിലേത്. ( വരട്ടുചൊറിക്കുള്ള ചികിൽസ ഇനത്തിപ്പോലും ആയിരങ്ങൾ ബില്ലടയ്ക്കേണ്ട അമൃത ആശുപത്രിയൊക്കെ ഇവിടെ ഒന്നുപോയി കാര്യങ്ങൾ മനസ്സിലാക്കണം)

ഈവിധ സാമൂഹ്യപ്രവർത്തനങ്ങളൊക്കെ ചെയ്യുന്നതുകൊണ്ട് സാധാരണ ജനം ബാബയ്ക്കൊപ്പമായിരുന്നു. സത്യത്തിൽ ഭരണകൂടം തങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് മാറുന്നതുമൂലമുണ്ടായ പ്രശ്നമാണിത്. ആ ലൂപ്പ് ഹോളിലാണ് ബാബ പിടിച്ചുകയറിയത്. നിങ്ങൾ എന്തു കുറ്റകൃത്യവും ചെയ്തോളൂ, അതിൽ ഒരു പങ്ക് പാവങ്ങൾക്ക് കൊടുത്താൽ മതി. ആരും നിങ്ങളെ തൊടില്ല. ഈ ശരാശരി മൂന്നാലോക യുക്തി തന്നെയല്ലേ, അമൃതാന്ദമയീമഠത്തെയും രക്ഷിച്ചത്. 

സർവശക്തയ്യായ ‘അമ്മ’

ബാബയുടെ അനുഭവം മുന്നിലുണ്ടായുകൊണ്ടാണ്, ഇന്ത്യൻ ആൾദൈവങ്ങൾ ക്രിമിനൽ നിയമനടപടിക്രമങ്ങൾക്കും പൊലീസിനും കോടതിക്കും അതീതരാണെന്നും അവരെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഗെയിൽ ട്രെഡ്‌വെൽ വിവാദകാലത്ത് ഈ ലേഖകനൊക്കെ പറഞ്ഞത്.  എന്നാലും സമ്പൂർണ സാക്ഷരതനേടിയ, സാസ്ക്കാരിക  പ്രബുദ്ധരായ കേരളത്തിലാണിതുണ്ടായത് എന്നതുകൊണ്ട്, ഒരു ചട്ടപ്പടി അന്വേഷണമെങ്കിലും പ്രതീക്ഷിച്ചിരുന്നു. ഇനി അഥവാ, അന്വേഷണമുണ്ടായാൽതന്നെ ഉദ്യോഗസ്ഥർ അവർക്ക് വേണ്ടപ്പെട്ടവരാവും. സത്നംസിങ്ങെന്ന പാവം ആത്മീയ അന്വേഷകനെ തല്ലിക്കൊന്ന കേസ് അന്വേഷിക്കുന്ന തികഞ്ഞ ‘അമ്മ‘ ഭക്തയ്യായ ഒരു വനിതാ ഐ.ജിയാണ്. അവരുടെ മകൾ അമൃതാമെഡിക്കൽകോളജിൽതന്നെയാണ് പഠിക്കുന്നത് എന്ന് ഓർക്കുമ്പോൾ അന്വേഷണം എത്ര കാര്യക്ഷമമാവുമെന്ന് വ്യക്തമാണ്.

എന്തെല്ലാം ചോദ്യങ്ങളാണ് ഗെയിൽ ട്രെഡ്‌വെൽ അവശേഷിപ്പിക്കുന്നത്. ലൈംഗിക അതിക്രമങ്ങളും അരാജകത്വവും മാത്രമല്ലല്ലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങളും ഇവിടെയില്ലേ? എവിടെ നിന്നൊക്കെയാണ് മഠത്തിന് ഫണ്ട് വരുന്നത്. സ്വർണത്തോടും പണത്തോടും അതീവ ആർത്തിയുണ്ടെന്ന് ഗെയിൽ ട്രെഡ്‌വെൽ വിശേഷിപ്പിച്ച അമൃതാന്ദമയി എന്തൊക്കെയാണ് ഗ്രീൻ ചാനലിലൂടെ കൊണ്ടുവരുന്നത്? സ്വിസ് ബാങ്കിലുണ്ടെന്ന് പറയുന്ന കോടികൾ എത്രയാണ്? ഇന്ത്യക്കാരുടെ വിദേശബാങ്കുകളിലെ കള്ളപ്പണം വെളിച്ചത്തു കൊണ്ടുവരുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്ര മോദി ഇപ്പോൾ എന്തുപറയുന്നു. 

അതേസമയം ഒരു മലയണ്ണാനെ കൊന്നുതിന്നതിന്റെ പേരിൽ അഞ്ചുവർഷം ശിക്ഷിക്കപ്പെട്ടവരും, പൊലീസ് നായ കുരച്ചതിന്റെ പേരിൽ പ്രതിയാക്കപ്പെട്ടവരും ഉള്ള നാടണിത്.  തീവ്രവാദക്കേസുകളിൽ വിചാരണത്തടവുകാരവായി എത്ര പാവങ്ങളാണ് ജാമ്യം കിട്ടാതെ ജയിലുകളിൽ കഴിയുന്നത്. ( മുൻകൂട്ടി നോട്ടീസടിച്ച്, നാട്ടുകാരെയെല്ലാം ക്ഷണിച്ച് ഓഡിറ്റോറിയത്തിൽ പട്ടാപ്പകൽ നടത്തിയ ഒരു പൊതുയോഗമാണ്  പാനായിക്കുളം സിമി ക്യാമ്പെന്നപേരിൽ ഇന്ന് എൻ.ഐ.എ അനേഷിക്കുന്നതെന്നോർക്കണം!) അതേസമയം കുറ്റകൃത്യത്തിൽ കൂട്ടുപ്രതിയായുള്ളവൻ തെളിവു സഹിതം അക്കമിട്ട് പറഞ്ഞിട്ടും എങ്ങുമത്തൊത്ത എത്ര കേസുണ്ട് ഇവിടെ. കുഞ്ഞാലിക്കുട്ടിക്കെതിരെ റൗഫ് നടത്തിയ വെളിപ്പെടുത്തൽ, പി.ജെ കുര്യനെതിരെ സൂര്യനെല്ലി പെൺകുട്ടിയുടെ മൊഴിയും പിന്നീട് ധർമ്മരാജന്റെ വെളിപ്പെടുത്തലും ഉദാഹരണങ്ങൾ. കാശും പ്രതാപവും ഉള്ളവർക്ക് എന്തും ചെയ്യാവുന്ന വെള്ളരിക്കാപ്പട്ടണമായി കേരളവും മാറുകയാണെന്ന് ‘അമ്മ‘ വിവാദവും അടിവരയിടുന്നു.

കുറ്റവാളികൾക്കെതിരെ നടപടിയില്ലെന്നതു പോകട്ടെ, കുറ്റകൃത്യത്തെക്കുറിച്ച് എഴുതുന്നവരെയും വിമർശിക്കുന്നവരെയും കേസിൽ കുടുക്കി വിരട്ടി നിർത്താനാണ് അധികൃതരുടെ നീക്കം. ലേഖനമെഴുതുന്നവരെയും എന്തിന് ഫേസ്‌ബുക്കിൽ പോസ്റ്റിടുന്നവരെപ്പോലും കണ്ണുരുട്ടി പേടിപ്പിക്കയാണ് കേരളത്തിലെ പൊലീസ് സംവിധാനം. പരസ്യങ്ങൾ മുടക്കിയും, സെലിബ്രിറ്റികളെക്കൊണ്ട് സമ്മർദംചെലുത്തിയും മാദ്ധ്യമങ്ങളെയും അവർ സ്വാധീനിക്കയാണ്. വന്നുവന്ന് ഗെയിൽ ട്രെഡ്‌വെല്ലിന്റെ പുസ്തകത്തിന്റെ പരസ്യം കൊടുക്കാൻപോലും ചില മാദ്ധ്യമങ്ങൾക്കിപ്പോൾ പേടിയാണ്. മലയാള മാദ്ധ്യമ ചരിത്രത്തിൽ എക്കാലവും ഓർക്കാവുന്ന ഒന്നാണ് ഗെയിൽ ട്രെഡ്‌വെല്ലുമായി കൈരളി ടി.വി എം.ഡി ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖം. പക്ഷേ സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് അതുണ്ടാക്കിയതെന്ന് പിന്നീട് നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു. 

സിപിഐ(എം) പഠിക്കേണ്ട പാഠം

കടുത്ത പോരാട്ടമാണ് നടക്കുന്നതെങ്കിലും, വോട്ടെണ്ണലിന് തൊട്ടുമുമ്പുവരെ ആലപ്പുഴ, കൊല്ലം സീറ്റുകളിൽ ജയിക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ഇടതുമുന്നണി. ഫലം വന്നപ്പോൾ പി.ബിയംഗവും, സി.പി.എമ്മിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയുമായ എം.എ ബേബിയടക്കമുള്ളവർ മൂക്കുകുത്തിവീണു. പിണറായിയുടെ പരനാറി പ്രയോഗംതൊട്ട് തോൽവിക്കുള്ള കാരണങ്ങൾ പലതുണ്ടെങ്കിലും, ബൂത്തടിസ്ഥാനത്തിൽ തീരദേശത്തുനിന്നുള്ള കണക്കെടുത്താൽ ,സിപിഐ(എം) വോട്ടിൽ വൻ ചോർച്ചയുണ്ടായതായി കാണാം. കാരണം ലളിതം. സൂനാമി പുനരധിവാസമടക്കമുള്ള നിരവധി ക്ഷേമപ്രവർത്തനങ്ങളുമായി തീരദേശവാസികളെ കൈയിലെുടക്കാൻ മഠത്തിന് കഴിഞ്ഞു. മഠം അവരുടെ സംരക്ഷകനും തൊഴിൽ ദാതാവുമാണ്. അതുകൊണ്ടുതന്നെ മഠത്തെ തകർക്കാൻ, കൈരളി ടി.വി ശ്രമിക്കുന്നു എന്ന ആരോപണത്തിൽ അവരുടെ വോട്ട് ഒലിച്ചുപോയി. (പി.ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായതൊക്കെ ഈ സൂചന മുൻകൂട്ടികണ്ടുകൊണ്ടാണ്. എന്തിന് സാക്ഷാൽ വി എസ് പോലും എത്ര മൃദു സമീപനമാണ് ഈ വിഷയത്തിൽ കൈക്കൊണ്ടത്.) അവസാനഘട്ടത്തിൽ ഈ ധ്രുവീകരണം മനസ്സിലാക്കിയ സിപിഐ(എം) പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി, കൈരളി പാർട്ടി ചാനലല്ലെന്നും, അവർക്ക് സ്വതന്ത്രമായി നിലപാടെടുക്കാമെന്നൊക്കെ പറയേണ്ടിയും വന്നു. 

സത്യത്തിൽ ആരാണ് ഈ ധ്രുവീകരണത്തിന് ഉത്തരവാദി? നേരത്തെ ബാബ ഗ്രാമങ്ങൾ ദത്തെടുത്ത അവസ്ഥ പറഞ്ഞപോലെ, സർക്കാർ തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് പിന്മാറുന്നതുകൊണ്ടല്ലേ ഇങ്ങനെ സംഭവിക്കുന്നത്? സി.പി.എമ്മടക്കമുള്ള സംഘടനകൾ സുനാമി പുനരധിവാസത്തിന് കാശുപിരിച്ച് സർക്കാറിന് കൈമാറിയപ്പോൾ, അമൃതാന്ദമയീമഠം സ്വന്തമായി വീടുണ്ടാക്കിക്കൊടുത്ത് സമാന്തര ഭരണകൂടമായി. അങ്ങനെയൊരു നീക്കം ഒരു സർക്കാറും അനുവദിക്കരുതായിരുന്നു. ഇനി സർക്കാറിന് ഫണ്ടില്ലായിരുന്നെങ്കിൽ, കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയായ സിപിഐ(എം) എന്തുകൊണ്ട് മൽസ്യത്തൊഴിലാളികൾക്ക് വീടുണ്ടാക്കി കൊടുത്തില്ല. കോടികൾ പൊടിച്ച് പാർട്ടി കോൺഗ്രസുകളും, പ്ളീനങ്ങളും നടത്തുന്നതിനേക്കാൾ പാർട്ടിക്ക് മുതൽക്കുട്ടാവുക ഇവയായിരുന്നു. തങ്ങൾ പിറകോട്ടുപോയാൽ ഈ  സ്പേസ് ഇത്തരം ശക്തികൾ ഉപയോഗപ്പെടുത്തുമെന്ന ബോധം കേരളത്തിലെ ഇടതുപക്ഷത്തിന് ഉണ്ടാവണം. 
കൂട്ടത്തിൽ പറയട്ടേ, ബംഗാളിലേതുപോലെ തകർന്നടിയുന്നതിൽനിന്ന് കേരളത്തിലെ സി.പി.എമ്മിനെ രക്ഷിച്ചത് സഹകരണസംഘങ്ങളും, ബാങ്കുകളും, ആശുപത്രികളും മാദ്ധ്യമസ്ഥാപനങ്ങളും, അടങ്ങുന്ന വിശാലമായൊരു സാമ്പത്തിക ശൃംഖലയാണ്. പി.എസ്.സി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവാണ് ഇന്നും സിപിഐ(എം). ബംഗാളിൽ ഇത്രകാലം ഭരിച്ചിട്ടും അവർക്ക് ഈ രീതിയിലുള്ള ഒരു സംവിധാനം ഉണ്ടാക്കാനായിട്ടില്ല. (സത്യത്തിൽ സായിബാബ വൈറ്റ് ഫീൽഡിൽ നിർമ്മിച്ചതുപോലെ കാഷ് കൗണ്ടറില്ലാത്ത ഒരു ആശുപത്രി കേരളത്തിൽ ഇടതുപക്ഷത്തിന് ജനകീയാരോഗ്യപ്രവർത്തകരുടെ സഹായത്തോടെ സൃഷ്ടിക്കാവുന്നതേയുള്ളൂ. എന്നാൽ പരിയാരത്തെ കോഴ മെഡിക്കൽ കോളജിനെപ്പോലെയുള്ള വ്യാജ മാതൃകകൾ സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്.) അതിനെ പിന്തള്ളിയാണ് ഇന്ന് മഠത്തിന്റെ വളർച്ച. മഠം വലിയ തൊഴിൽ ദാതാവാകുമ്പോൾ, എന്ത് അതിക്രമം അവിടെ നടന്നാലും ആശ്രിതർക്ക് അതിനെ ന്യായീകരിക്കേണ്ടതായും വരും.

ഇതേ പരിപാടി തന്നെയല്ലേ, ഇപ്പോൾ വലിയ ബിസിനസുകാരും നടത്തുന്നത്? ആരാണ് കേരളത്തിന് ഏറ്റവും വലിയ രക്തബാങ്ക് ഉണ്ടാക്കേണ്ടത്? തീർച്ചയായും അത് ബോബി ചെമ്മണ്ണൂരല്ല. സർക്കാറോ, സഹകരണസംഘങ്ങളോ, ജനകീയാരോഗ്യ പ്രസ്ഥാനങ്ങളോ ആണ് അതുചെയ്യേണ്ടത്. ഇനി ഇതുവച്ചായിരിക്കും കേരളത്തെ ബോബി വൈകാരികമായി ബ്ളാക്ക്മെയിൽ ചെയ്യുക. അയാൾ എന്ത് കുറ്റകൃത്യം ചെയ്താലും, ഈ കാര്യം പറഞ്ഞ് തടിയൂരാൻ ശ്രമിക്കും. പത്തുപേർക്ക് തൊഴിൽ നൽകിയാൽ തലമുറകൾ ഉപയോഗിക്കേണ്ട ഒരു പുഴയെതന്നെ ഇല്ലാതാക്കാമെന്ന് ഗ്രാസിം സമരകാലത്തുതന്നെ നമ്മുടെ മനസ്സിൽ ഉറച്ചുപോയ പൊതുബോധമാണ്. പത്തമ്പതിനായിരം മലയാളികൾക്ക് തൊഴിൽ നൽകുന്ന എം.എ യൂസുഫലി നമ്മുടെ ദൈവമാണ്. അയാൾ ലുലുമാളിന് അല്പം സ്ഥലം കൈയേറിയാലും, മാളിൽ അശോകസ്തംഭമില്ലാത്ത ദേശീയപതാക ഉയർത്തിയാലും ഇത്ര കാര്യമാക്കേണ്ടതുണ്ടോ. ഗൾഫാർ മുഹമ്മദാലി ഗൾഫിൽ അറസ്റ്റിലായ വാർത്തപോലും നമ്മുടെ മുഖ്യധാരമാദ്ധ്യമങ്ങൾ മുക്കിക്കളയുന്നു. പണമില്ലാത്തവൻ പിണമെന്നത് എത്രശരിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP