Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവകേരളനിർമ്മിതി: ഒരു പാരിസ്ഥിതിക മാനിഫെസ്റ്റോ

നവകേരളനിർമ്മിതി: ഒരു പാരിസ്ഥിതിക മാനിഫെസ്റ്റോ

ഷാജി ജേക്കബ്

ക്കഴിഞ്ഞ ഓഗസ്റ്റ്മാസത്തെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വായിച്ചാൽ ഏതു മലയാളിയുടെയും ഉറക്കം കെടുത്തുന്ന പുസ്തകമാണ് ജി. മധുസൂദനന്റെ 'നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി'. 'കേരളത്തിന്റെ പാരിസ്ഥിതികചരിത്രം' എന്ന നിലയിലെഴുതപ്പെട്ട ഒന്നാന്തരമൊരു പഠനഗ്രന്ഥം. അക്കാദമിക-ചരിത്രരചനാരീതിശാസ്ത്രം ഉടനീളം പാലിച്ചും നാളിതുവരെ കേരളത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള പാരിസ്ഥിതിക പ്രബന്ധങ്ങൾ ഏതാണ്ടൊന്നടങ്കം വായിച്ചും ആധുനിക-ആധുനികാനന്തര സാമ്പത്തിക-സാമൂഹ്യ-ആസൂത്രണ-വികസന-നയ-ഭരണകൂട പദ്ധതികൾ സൂക്ഷ്മമായി പിന്തുടർന്നും സാംസ്‌കാരികവിമർശനത്തിന്റെ സാധ്യതകൾ വിപുലമായി പ്രയോജനപ്പെടുത്തിയും രചിക്കപ്പെട്ട ശ്രദ്ധേയമായൊരു പാഠപുസ്തകമാണിത്. നവകേരളനിർമ്മിതിക്കു മുന്നിൽ സമർപ്പിക്കപ്പെടുന്ന ഒരു പാരിസ്ഥിതിക മാനിഫെസ്റ്റോ എന്ന നിലയിൽ ഇത് ഭാവിയുടെ ചരിത്രപുസ്തകം കൂടിയായി മാറുന്നു. ഓഗസ്റ്റ് 15 വരെ വായിച്ചിരുന്നുവെങ്കിൽ 'കേരളം: ഒരു പാരിസ്ഥിതികചരിത്രം' എന്ന നിലയിൽ മാത്രം മനസ്സിലാക്കപ്പെടുമായിരുന്ന ഈ കൃതിയുടെ വായന ഇന്നിപ്പോൾ നമ്മെ കൊണ്ടെത്തിക്കുന്നത് മറ്റൊരു പരിപ്രേക്ഷ്യത്തിലാണ്. 'നവകേരളനിർമ്മിതിക്കായുള്ള ഒരു പാരിസ്ഥിതികമാനിഫെസ്റ്റോ' എന്ന നിലയിലേക്ക്.

വ്യവസായമുതലാളിത്തത്തിന്റെയും മനുഷ്യകേന്ദ്രിത വികസനത്തിന്റെയും അനിയന്ത്രിതമായ പ്രകൃതിവിഭവചൂഷണത്തിന്റെയും സമൂലമായ ഉപഭോഗസ്സക്തിയുടെയും സംയുക്തനിർമ്മിതിയായി പാരിസ്ഥിതികപ്രതിസന്ധികളെ കണ്ടു വിമർശിക്കുന്ന ചരിത്രാപഗ്രഥനം എന്ന നിലയിൽ കേരളീയ പരിസ്ഥിതിവിജ്ഞാനത്തിനു കൈവന്ന അടിസ്ഥാനഗ്രന്ഥമായി മാറുന്നു, ഇത്.

പ്രകൃതിചരിത്ര(Natural htsiory)മല്ല പാരിസ്ഥിതികചരിത്രം. പ്രാചീനകാലം മുതൽ വ്യവസായവിപ്ലവഘട്ടം വരെയുണ്ടായത് പ്രകൃതിപഠനങ്ങളായിരുന്നു. കൊളോണിയൽ ആധുനികതയിൽ ഇത് ആഗോളതലത്തിൽ പ്രചരിക്കുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് 'പരിസ്ഥിതിചരിത്രം' എന്ന നിലയിലേക്ക് കാഴ്ചപ്പാടുകൾ മാറുന്നത്. കാൾമാർക്‌സിന്റെ മൂലധനം പ്രസിദ്ധീകൃതമായ പതിറ്റാണ്ടിൽ തന്നെയാണ് ജോർജ് പെർക്കിൻസ് മാർഷിന്റെ 'മനുഷ്യനും പ്രകൃതിയും' എന്ന ആദ്യ പാരിസ്ഥിതികചരിത്രവും പ്രസിദ്ധീകൃതമാകുന്നത്. തുടർന്ന് ഫ്രാൻസിൽ അന്നൽസ് ചരിത്രകാരന്മാർ ഈ പഠനപദ്ധതിയെ മുന്നോട്ടുകൊണ്ടുപോയി. മാർക്‌സിസ്റ്റ് ഭൗമശാസ്ത്രവും പരിസ്ഥിതിശാസ്ത്രവും തമ്മിലിണക്കിയ ഇറ്റാലിയൻ ചിന്തകൻ മസിമോ ക്വെയിനി മുതൽ അമേരിക്കൻ ചിന്തകരായ സാമുവൽ ഹെയ്‌സും ഗോഡ്‌റിക് നാഷും ഡൊണാൾഡ് വോസ്റ്ററും വരെയുള്ളവർ ഈ രംഗത്തെ ക്ലാസിക്കുകൾ രചിച്ചു.

ജനപ്രിയ പരിസ്ഥിതിവാദത്തിന്റെ പൗരാണിക ബോധ്യങ്ങളും ഗൃഹാതുരമായ വൈകാരികതകളും ഉത്തരാധുനിക ചിന്തകരുടെ അമൂർത്തസിദ്ധാന്തങ്ങളും ശാസ്ത്രജ്ഞരുടെ നിർമ്മമതയും മുതലാളിത്തം തന്നെ സൃഷ്ടിച്ച 'ഹരിതവളർച്ച' പോലുള്ള സങ്കല്പനങ്ങളും ഒരുപോലെ നിരാകരിച്ച് മാർക്‌സിസ്റ്റ്-സോഷ്യലിസ്റ്റ് കാഴ്ചപ്പാടിൽ പാരിസ്ഥിതിക രാഷ്ട്രീയത്തെയും ചരിത്രത്തെയും വിശകലനം ചെയ്യുന്ന രീതിയാണ് മധുസൂദനൻ ഈ ഗ്രന്ഥത്തിൽ പിന്തുടരുന്നത്. എന്താണ് പാരിസ്ഥിതികചരിത്രം? ഡൊണാൾഡ് ഹ്യൂസിന്റെ നിർവചനം മധുസൂദനൻ സംഗ്രഹിച്ചവതരിപ്പിക്കുന്നു: 'പാരിസ്ഥിതിക ചരിത്രത്തിന് പ്രസക്തമായത് മൂന്ന് പ്രധാന തീമുകളാണ്: (i) പാരിസ്ഥിതിക ഘടകങ്ങൾക്ക് മനുഷ്യചരിത്രത്തിലുള്ള സ്വാധീനം. (ii) മനുഷ്യവൃത്തികൾമൂലം സംഭവിച്ച പാരിസ്ഥിതിക മാറ്റങ്ങൾ, തിരിച്ച് മനുഷ്യസമൂഹങ്ങളെ അവ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന അന്വേഷണം. (iii) പരിസ്ഥിതിയെക്കുറിച്ചുള്ള മനുഷ്യചിന്തയുടെ ചരിത്രവും, മനുഷ്യന്റെ നിലപാടുകൾ പാരിസ്ഥിതിക പരിണാമങ്ങൾക്ക് കാരണമായതെങ്ങനെയെന്നുള്ള അന്വേഷണവും'. 'ആവാസവ്യവസ്ഥകളുടെ പരിണാമങ്ങളും, അധിനിവേശം അധിനിവേശിതരുടെ പ്രകൃതിയിലും സമൂഹത്തിലും ജീവിതത്തിലും സംസ്‌കാരത്തിലും വരുത്തിയ മാറ്റങ്ങളും, അവർ സൃഷ്ടിച്ച ക്ഷാമങ്ങളും, അവർ കൊണ്ടുവന്ന രോഗങ്ങളും, ഭരണകൂട അധികാരത്തിന്റെ പ്രയോഗം ചെറുക്കുന്നതും, പരിസ്ഥിതിയുടെ ജീവൽപ്രാധാന്യം സൃഷ്ടിക്കുന്ന ചെറുത്തുനില്പുകളും മുതൽ പരിസ്ഥിതിനയങ്ങളുടെ രാഷ്ട്രീയവും പരിസ്ഥിതിനിയമങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളും വരെ ബൃഹത്തായ ഒരു മേഖലയാണ് ഈ നവചരിത്രരചന'.

തുടർന്ന്, ഈ പുസ്തകത്തിൽ താൻ സ്വീകരിക്കുന്ന പാരിസ്ഥിതികചരിത്രരചനയുടെ രീതിശാസ്ത്രം ഡൊണാൾഡ് വോസ്റ്ററുടെ കാഴ്ചപ്പാടുകൾ മുൻനിർത്തി മധുസൂദനൻ ഇങ്ങനെ വിവരിക്കുന്നു: 'ഭൗമശാസ്ത്രജ്ഞർ, പ്രകൃതിശാസ്ത്രജ്ഞർ, നരവംശശാസ്ത്രജ്ഞർ, മറ്റു വിദഗ്ദ്ധർ തുടങ്ങിയവർ കാലാകാലങ്ങളായി സൃഷ്ടിച്ച ജ്ഞാനസമ്പത്ത്, സമീപകാല അനുഭവത്തിന്റെ വെളിച്ചത്തിൽ ചരിത്രരചനയിലേക്ക് സ്വാംശീകരിക്കുകയാണ് പാരിസ്ഥിതികചരിത്രം ചെയ്യുന്നത്. വേലിയേറ്റങ്ങളുടെയും കടലൊഴുക്കുകളുടെയും കാറ്റിന്റെയും വസ്തുതകളും ഭൂഖണ്ഡങ്ങളുടെ കിടപ്പും പരസ്പരബന്ധങ്ങളും, ഭൗമഗ്രഹത്തിലെ മണ്ണിന്റെയും ജലത്തിന്റെയും അടിത്തറ സൃഷ്ടിക്കുന്ന ഭൗമശാസ്ത്ര-ജലശാസ്ത്ര ശക്തികളെക്കുറിച്ചുള്ള അറിവും അതിലുൾപ്പെടും. കാലാവസ്ഥയുടെ ചരിത്രവും, കൃഷിയുടെ വിളവെടുപ്പിൽ അത് ചെലുത്തിയ സ്വാധീനവും, കാർഷികവിളകളുടെ വിലയിലെ കയറ്റിറക്കങ്ങളും, സാംക്രമിക രോഗങ്ങൾ ജനസംഖ്യയുടെ വർദ്ധനവും കുറവും സ്വാധീനിച്ച രീതിയുമെല്ലാം അതിൽപ്പെടും. ഈ അചേതന ഭൗതിക സത്തകൾക്കപ്പുറം എല്ലാ ജൈവസത്തകളും, സാങ്കേതികവിദ്യകളും, മനുഷ്യനിർമ്മിതികളും, ഊർജ്ജവും എല്ലാം പാരിസ്ഥിതിക ചരിത്രത്തിൽ പ്രധാനമാണ്'. 'ഉൽപാദനരീതി'കളാണ് സമസ്യകളുടെ ആധാരമെന്നും, ദുരയെ ആധാരമാക്കിയുള്ള മുതലാളിത്ത ഉൽപാദനരീതികൾ മനുഷ്യചരിത്രത്തിലെ വഴിത്തിരിവായിരുന്നുവെന്നും വോസ്റ്റർ വിശ്വസിക്കുന്നു'.

ഒന്നാമധ്യായത്തിൽ ചർച്ചചെയ്യപ്പെടുന്ന കേന്ദ്രവിഷയം 'ഹരിതചരിത്ര'ത്തിന്റെ ചരിത്രമാണ്. മലയാളത്തിൽ ഇതാദ്യമായാണ് ഈയൊരു വൈജ്ഞാനികപദ്ധതി അവതരിപ്പിക്കപ്പെടുന്നത്. 1784-ൽ ജയിംസ് വാട്ട് ആവിയന്ത്രം കണ്ടുപിടിച്ചതു തൊട്ടുതുടങ്ങുന്ന വ്യവസായ മുതലാളിത്തത്തിന്റെ കഥ, ഖനിജ ഇന്ധനങ്ങളും ധാതുഖനനവും സംസ്‌കരണവും വൈദ്യുതിയും പിന്നിട്ട് ആഗോളവൽക്കരണകാലത്തെ നവ-ഇലക്‌ട്രോണിക് വിപ്ലവത്തിലെത്തിനിൽക്കുന്നു. പരിസ്ഥിതിചരിത്രങ്ങളുടെ ആഗോള, ദേശീയ, പ്രാദേശിക മാനങ്ങളും മാതൃകകളും സംഗ്രഹിച്ചവതരിപ്പിക്കുന്ന മധുസൂദനൻ കേരളീയ പാരിസ്ഥിതിക ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും കഥ പറയാൻ താൻ തെരഞ്ഞെടുക്കുന്ന രീതിശാസ്ത്രം വിശദീകരിക്കുകയും ഇന്ത്യയിൽ ഈ ചരിത്രശാഖക്കുണ്ടായ വൻകുതിപ്പ് രേഖപ്പെടുത്തുകയും ചെയ്യുന്നു.

'ഇന്ത്യയിലും ആദ്യകാലത്ത് നാച്ചുറൽ ഹിസ്റ്ററിയാണ് എഴുതപ്പെട്ടത്. ജിം കോർബറ്റ്, സലിം അലി, എം. കൃഷ്ണൻ, വല്മീക് താപ്പർ എന്നിങ്ങനെ നാച്ചുറൽ ഹിസ്റ്ററി എഴുതുന്ന നിരവധി ശാസ്ത്രജ്ഞരുണ്ടായിരുന്നു. 1980-കളിലാണ് ഇന്ത്യയിൽ പാരിസ്ഥിതികചരിത്രം വികസിതമായിത്തുടങ്ങിയത്; ഇന്ത്യൻ ചരിത്രകാരന്മാരുടെ രചനകളെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത്. റിച്ചാർഡ് ടക്കർ, റിച്ചാർഡ് ഗ്രോവ്, തോമസ് വെബർ തുടങ്ങിയ വൈദേശിക ചരിത്രകാരന്മാർ ഇന്ത്യയിലെ പാരിസ്ഥിതിക പരിണാമത്തിന്റെ ചരിത്രം-ഏറെയും കൊളോണിയൽ കാലഘട്ടത്തിലെ വനനയത്തെ കേന്ദ്രീകരിച്ച് - മുമ്പും എഴുതിയിട്ടുണ്ട്. തോമസ് വെബർ 1988-ൽ ചിപ്‌കോയുടെ ചരിത്രമെഴുതിക്കൊണ്ട്, ആധുനിക ഇന്ത്യയുടെ പരിസ്ഥിതിചരിത്രത്തിലേക്കും കടന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് (1980) പ്രാബല്യത്തിൽ വന്ന വനസംരക്ഷണനിയമത്തിന്റെ പശ്ചാത്തലത്തിൽ, രാമചന്ദ്രഗുഹ (സാമൂഹ്യശാസ്ത്രജ്ഞനായ ഇദ്ദേഹം ചരിത്രരചനയിലേക്ക് ചുവടുമാറ്റുകയായിരുന്നു) ഇന്ത്യയുടെ വനങ്ങളുടെ ചരിത്രത്തെക്കുറിച്ച് 1983-ൽ എഴുതിയ ഒരു ലേഖനമാണ്, ഇന്ത്യയിലെ ആദ്യത്തെ പാരിസ്ഥിതിക ചരിത്രപാഠമായി കണക്കാക്കപ്പെടുന്നത്. പ്രൊഫഷണൽ ചരിത്രകാരനല്ലാത്ത, ഇന്ത്യൻ പത്രപ്രവർത്തകനായ ഡാരിൽ ഡിമൊണ്ടേയാണ് എന്റെ അറിവിൽ 'പാരിസ്ഥിതികചരിത്രം' എന്ന് പറയാവുന്നൊരു ആദ്യകൃതി പുസ്തകരൂപത്തിൽ 1985-ൽ പ്രസിദ്ധപ്പെടുത്തിയത്. അതിൽ നമ്മുടെ സൈലന്റ്‌വാലി പ്രതിരോധത്തിന്റെ ചരിത്രവും ഉണ്ടായിരുന്നു.

ഇന്ത്യയിൽ പ്രൊഫഷണൽ ചരിത്രകാരനെഴുതിയ ആദ്യത്തെ പാരിസ്ഥിതിക ചരിത്രകൃതി 1989-ൽ ഇറങ്ങിയ രാമചന്ദ്രഗുഹയുടെ 'അശാന്തമായ വനങ്ങൾ' ആയിരുന്നു. ചിപ്‌കോ സമരത്തെക്കുറിച്ച് അന്താരാഷ്ട്ര നിലവാരമുള്ള പഠനമാണത്. ആസ്‌ട്രേലിയയിലെ മൊനാഷ് യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകനായ ഹരിപ്രിയ രംഗൻ 2000-ൽ ചിപ്‌കോയുടെ വ്യത്യസ്തമായ മറ്റൊരു ചരിത്രവും പ്രസിദ്ധീകരിച്ചു. രാമചന്ദ്രഗുഹയും മാധവ് ഗാഡ്ഗിലും ചേർന്ന് യഥാക്രമം 1992-ലും 1995-ലും 'ഈ പിളർന്ന ഭൂമി: ഇന്ത്യയുടെ പാരിസ്ഥിതികചരിത്രം', 'ഇക്കോളജിയും സമത്വവും' എന്നീ കൃതികൾ പ്രസിദ്ധീകരിച്ചു. ഗുഹയുടെ മറ്റു രണ്ടു പ്രധാന കൃതികളിലൊന്ന് ലോകപരിസ്ഥിതി മുന്നേറ്റങ്ങളെക്കുറിച്ചും, മറ്റൊന്ന് പരിസ്ഥിതിയുടെ രാഷ്ട്രീയത്തെക്കുറിച്ചുമാണ് (ഹ്വാൻ മാർട്ടിനെസ് ഏലിയറുമൊത്ത്). പാരിസ്ഥിതികചരിത്രരചനയിൽനിന്ന്, മറ്റു വിഷയങ്ങളിലേക്ക് തിരിയുംമുമ്പ്, 2006-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച ലേഖനസമാഹാരമായ 'ഒരാൾക്ക് എത്ര ഉപഭോഗമാവാം' എന്ന കൃതിയിലെ അതേ പേരുള്ള ലേഖനം പുതുമയുള്ളതാണ്. 2005-ൽ 'പാരിസ്ഥിതികചരിത്രം' എന്ന ജേർണൽ ഈ ജ്ഞാനമേഖലയുടെ ഭാവിയെക്കുറിച്ചുനടത്തിയ സർവ്വേയിൽ ഗുഹ പറഞ്ഞ അഭിപ്രായം, 'പരിസ്ഥിതി മുന്നേറ്റങ്ങളിലെ വിലക്കപ്പെട്ട ചോദ്യമാണ് ജെ.കെ. ഗാൽബ്രെയ്ത്ത് പറഞ്ഞ ഉപഭോഗമാണ് ഇനി പഠനവിധേയമാക്കേണ്ടത്' എന്നാണ്. ചരിത്രകാരനല്ലെങ്കിലും പരിസ്ഥിതിശാസ്ത്രജ്ഞനായ ഡോ. സതീഷ് ചന്ദ്രന്റെ 'ദക്ഷിണ പശ്ചിമഘട്ടം' (1991) കേരളത്തിലെ പശ്ചിമഘട്ടനിരകളുടെയും വനത്തിന്റെയും ശോഷണത്തിന്റെ ചരിത്രവും, മിച്ചമുള്ളവയുടെ വർണ്ണനയും, സംരക്ഷണത്തിനുള്ള ഒരു പദ്ധതിരേഖയുമാണ്.

1992-ൽ ഡൽഹിയിൽ വച്ചാണ് ഇന്ത്യയിൽ ആദ്യമായി പാരിസ്ഥിതിക ചരിത്രകാരന്മാരുടെ ഒരു സമ്മേളനം നടന്നത്. 'തെക്കൻ ഏഷ്യയുടെ പാരിസ്ഥിതികചരിത്ര'മായിരുന്നു വിഷയമെങ്കിലും, പ്രബന്ധങ്ങളിൽ ഏറെയും ഇന്ത്യയെക്കുറിച്ചുള്ളതായിരുന്നു. റിച്ചാർഡ്‌ഗ്രോവ്, വിനിത ദാമോദരൻ, സത്പാൽസാംഗ്‌വാൻ എന്നിവർ എഡിറ്റ് ചെയ്ത്, 'പ്രകൃതിയും പൗരസ്ത്യദേശങ്ങളും' (1998) എന്ന പേരിൽ ഈ പ്രബന്ധങ്ങൾ പുസ്തകമാക്കിയിട്ടുണ്ട്.

പാരിസ്ഥിതികചരിത്രരചനയിൽ സജീവമായ മറ്റൊരു ചരിത്രകാരനാണ് മഹേഷ് രംഗരാജൻ. 'വനം വളച്ചുകെട്ടുമ്പോൾ', 'അതിരില്ലാത്ത പ്രകൃതി' (2014), 'ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രം' (2 വാല്യങ്ങൾ-കെ. ശിവരാമകൃഷ്ണനുമൊത്ത് എഡിറ്റ് ചെയ്തത്, 2012), 'പ്രകൃതിയും രാഷ്ട്രവും' (2015) എന്നിവയാണ് രംഗരാജന്റെ പ്രധാന കൃതികൾ. ഇതിൽ അവസാനത്തേത്, ഏറെയും സ്വതന്ത്ര ഇന്ത്യയുടെ പാരിസ്ഥിതിക സമസ്യകളെക്കുറിച്ചുള്ള ലേഖനസമാഹാരമാണ്. രണ്ടുവാല്യങ്ങളുള്ള ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രം, സ്വാതന്ത്ര്യത്തിനുമുമ്പുള്ള ഇന്ത്യയെക്കുറിച്ച് പലർ എഴുതിയ പഠനങ്ങളുടെ സമാഹാരമാണ്. ഐ.എ.എസ്. വിട്ട് നരവംശശാസ്ത്ര അദ്ധ്യാപകനായി അമേരിക്കയിലേക്കു മടങ്ങിയ കെ. ശിവരാമകൃഷ്ണന്റെ പല കൃതികളിൽ പ്രധാനമാണ് ബംഗാളിലെ കൊളോണിയൽ കാലത്തെ വനചരിത്രം വിശകലനം ചെയ്യുന്ന 'ആധുനികവനങ്ങൾ' (1999). ടാറ്റായുടെ കമ്പനി മഹാരാഷ്ട്രയിലെ മുൾഷിയിൽ 1920-ൽ പണിത അണക്കെട്ടിനെതിരെ നടന്ന ജനങ്ങളുടെ സമരത്തിന്റെ ചരിത്രമാണ് രാജേന്ദ്രവോറയുടെ 'ലോകത്തിലെ ആദ്യത്തെ അണക്കെട്ട് വിരുദ്ധസമരം' (2009)'.

രണ്ടു മുതൽ ഒൻപതു വരെയുള്ള അധ്യായങ്ങൾ ഏറ്റവും അടിസ്ഥാനപരമായ ചില പരികല്പനകൾ മുൻനിർത്തി കേരളത്തിന്റെ പാരിസ്ഥിതിക ജീവചരിത്രം രചിക്കുന്നു. സൂക്ഷ്മാർഥത്തിൽ, ഭൂമി, വനം, ജലം, കൃഷി, ഊർജ്ജം-ഹരിതഊർജ്ജം, നഗരവൽക്കരണം, പ്രതിരോധങ്ങൾ എന്നിവയിൽ കേന്ദ്രീകരിക്കുന്നു, ഈയധ്യായങ്ങളിലെ ചർച്ചാവിഷയം. (മണ്ണ്, കാട്, വെള്ളം, കൃഷി, ഊർജ്ജം എന്നീ പഞ്ചതന്ത്രങ്ങളെ കേന്ദ്രീകരിക്കുന്ന പാരിസ്ഥിതിക തത്വചിന്താപദ്ധതിയാണ് മധുവിന്റേത് എന്നും പറയാം. സാമ്പത്തിക വികസനത്തെച്ചൊല്ലി കേരളം ഉയർത്തുന്ന മുറവിളികളാണ് അതിന്റെ ഭരതവാക്യം.. കഴിഞ്ഞ നൂറ്റാണ്ടിലുടനീളം നടന്ന ജനകീയസമരങ്ങളായിരുന്നു അതിന്റെ ജീവൻ നിലനിർത്തിയത്.) പത്താമധ്യായം, ഭാവികേരളത്തിനുവേണ്ടി ഒരു പാരിസ്ഥിതിക മാനിഫെസ്റ്റോ തയ്യാറാക്കി അവതരിപ്പിക്കുന്നു. എഴുതിയ സമയത്ത് പ്രവചനസ്വഭാവം മാത്രമുണ്ടായിരുന്ന ഈയധ്യായം ഇന്നിപ്പോൾ തികഞ്ഞ യാഥാർഥ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെയും ഇതു മുന്നോട്ടുവയ്ക്കുന്ന നിലപാടുകളുടെയും ചരിത്രപരമായ പ്രസക്തിയും സാംസ്‌കാരികമായ മൂല്യവും. ഭൂതം, വർത്തമാനത്തെ മാത്രമല്ല ഭാവിയെയും നിർമ്മിക്കും എന്നതിന്റെ മികച്ച തെളിവായി മാറുന്നു, ഈ കൃതി.

ഭൂമിയെ കേന്ദ്രീകരിക്കുന്ന കേരളീയ പാരിസ്ഥിതിക സങ്കല്പനങ്ങളെക്കുറിച്ചുള്ള അധ്യായം നോക്കൂ. 'ചരിത്രത്തിന്റെ അടിത്തറ'യെന്ന് ക്ലൈവ്‌പോണ്ടിങ് വിളിക്കുന്ന 'ഭൗമശാസ്ത്രം' കേരളീയ പശ്ചാത്തലത്തിൽ ചൂണ്ടിക്കാണിക്കുകയാണ് മധുസൂദനൻ. സംഗ്രഹിച്ചു പറഞ്ഞാൽ കേരളത്തിന്റെ പാരിസ്ഥിതിക ഭൗമശാസ്ത്രത്തെക്കുറിച്ചുള്ള ഒരു ലഘൂപന്യാസമായി മാറുന്നു, ഈയധ്യായം. ഈ പുസ്തകത്തിലെ പത്തധ്യായങ്ങളിലും ഗ്രന്ഥകാരൻ പിന്തുടരുന്ന അക്കാദമികസമീപനത്തിന് ഇവിടെയും മാറ്റമില്ല. അതതുമേഖലയിൽ നടന്നിട്ടുള്ള ഏറ്റവും മികച്ച ഗവേഷണപഠനങ്ങളും രചിക്കപ്പെട്ടിട്ടുള്ള ശ്രദ്ധേയവും മൗലികവുമായ പ്രബന്ധങ്ങളും മുൻനിർത്തിയുള്ള വിഷയപ്രതിപാദനം എന്നതാണ് ആ സമീപനം. കേരളത്തെക്കുറിച്ച് വിവിധ ഭൗമശാസ്ത്രജ്ഞർ നടത്തിയിട്ടുള്ള പഠനങ്ങളുടെ സംക്ഷിപ്തം ഇവിടെ വായിക്കാം. ഭൂഘടന, മണ്ണ്, കാലാവസ്ഥ, കൃഷി, ജനസംഖ്യാകുടിയേറ്റം, പാരിസ്ഥിതിക പരിണാമങ്ങൾ, ചരിത്രങ്ങൾ.... ഒപ്പം കേരളത്തിന്റെ പാരിസ്ഥിതിക രാഷ്ട്രീയത്തെക്കുറിച്ചെഴുതപ്പെട്ട തോമസ് ഐസക്ക്, ശ്രീകുമാർ ചതോപാധ്യായ, എംപി. പരമേശ്വരൻ എന്നിവരുടെ പുസ്തകങ്ങളിൽനിന്ന് മാധവ് ഗാഡ്ഗിലും രാമചന്ദ്രഗുഹയും ചേർന്നു രചിച്ച ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രത്തിലേക്ക് ('ഠവല എൃൗൈൃലറ ഘമിറ') കടന്നുപോകുകയും ചെയ്യുന്നു, മധുസൂദനൻ.

'വനവും ജനവും കേരളത്തിൽ' എന്ന അധ്യായം കേരളീയാധുനികതയുടെ നരവംശശാസ്ത്രപരവും സാമൂഹികവും സാമ്പത്തികവുമായ അപനിർമ്മാണമാകുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 75 ശതമാനം ഭൂപ്രദേശങ്ങൾ വനമായിരുന്ന കേരളം എങ്ങനെ 2016 ആകുമ്പോഴേക്കും വെറും നാലുശതമാനം മാത്രം വനമുള്ള നാടായി മാറി എന്നതിന്റെ ചരിത്രവും രാഷ്ട്രീയവും വിശദീകരിക്കുന്നു, മധു. അമ്പരപ്പിക്കുന്ന വസ്തുതകൾ. അവിശ്വസനീയമായ കണ്ടെത്തലുകൾ. 1956-ൽപോലും കേരളത്തിന്റെ 36 ശതമാനം വനമായിരുന്നു. 1990-ൽ അത് 12 ശതമാനമായി. പിന്നീടും തുടർന്നു, വൻതോതിലുള്ള വനനശീകരണം. എങ്ങനെ? സെസിലും സിഡിഎസിലും നടന്ന രണ്ടു ഗവേഷണങ്ങൾ മുൻനിർത്തി മധുസൂദനൻ ഇതിന്റെ കാരണങ്ങൾ സമാഹരിക്കുന്നു.

'1 പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ആരംഭിച്ച വലിയതോതിലുള്ള തിരഞ്ഞുമുറിക്കലും, വനത്തിലേക്കുള്ള റോഡുവെട്ടലും, റയിൽവേ സ്ഥാപനവും.

1 അതേ നൂറ്റാണ്ടിൽ അവർ തുടക്കമിട്ട വാണിജ്യവിളത്തോട്ടങ്ങളിലുള്ള വൻകിട നിക്ഷേപവും, അതിനായി നടത്തിയ വനംതെളിക്കലും.

1 ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ കേരളത്തിലെത്തിയ റബ്ബർ കൃഷിയും, അതിന്റെ വിനാശകരമായ വ്യാപനവും.

1 1920-കളിൽ ആരംഭിച്ച താഴ്ന്ന പ്രദേശങ്ങളിൽനിന്നും മലമ്പ്രദേശങ്ങളിലേക്കുള്ള ആഭ്യന്തര കുടിയേറ്റം. ഇത് 1980 വരെ തുടർന്നു. തിരുവിതാംകൂറിൽനിന്ന് മലബാറിലേക്കുള്ള കുടിയേറ്റം ഉച്ചസ്ഥായിയിലെത്തിയത് 1940-50 കാലഘട്ടത്തിലാണ്.

1 1940-കളിൽ 'കൂടുതൽ ഭക്ഷ്യവിളകൾ കൃഷിചെയ്യാനുള്ള' (Grow More Food Campaign) സർക്കാർ ആഹ്വാനം. അതിനായി വനംതെളിക്കാൻ അനുമതി നല്കി. അനുമതി നല്കിയതിലധികം വനം അനധികൃതമായി വെട്ടിത്തെളിച്ചു.

1 ഐക്യകേരള രൂപീകരണത്തിനുശേഷം വനനശീകരണം വീണ്ടും വർദ്ധിക്കുകയുണ്ടായി. ജലവൈദ്യുത(ജലസേചനവും)പദ്ധതികൾ വികസിപ്പിച്ചുകൊണ്ടാണ് നമുക്കുവേണ്ട വൈദ്യുതി നിർമ്മിച്ചത്. വലിയ 30 ഡാമുകളുടെ റിസർവോയറുകളുടെ വിസ്തീർണ്ണം 344 ചതുരശ്ര കിലോമീറ്ററാണ്. എന്നുവച്ചാൽ അവയ്ക്കടിയിൽ അത്രയും വനം നഷ്ടമായി. അതുകൂടാതെ അണക്കെട്ടിന്റെ നിർമ്മാണത്തിനും അനുബന്ധസൗകര്യങ്ങൾക്കുമായി ഏറെ വനം പിന്നെയും നഷ്ടപ്പെട്ടിട്ടുണ്ട്.

1 ഇതുകൂടാതെ 'വനവികസനകോർപ്പറേഷ'ന്റെ തോട്ടങ്ങൾക്കും, സംസ്ഥാന കാർഷികവികസന കോർപ്പറേഷനും, മറ്റ് സർക്കാർ വകുപ്പുകളുടെ ആവശ്യത്തിനുമായി 3000-ത്തിലധികം ചതുരശ്ര കിലോമീറ്റർ വനം വിട്ടുകൊടുത്തിട്ടുണ്ട്.

1980-കൾക്കുശേഷം ടൂറിസവികസനത്തിന്റെ പേരിലും, വനങ്ങൾക്കുമേലുള്ള വ്യാപകമായ കയ്യേറ്റം തുടർന്നു'.

19-ാം നൂറ്റാണ്ടിലെ തോട്ടങ്ങൾ മുതൽ 21-ാം നൂറ്റാണ്ടിലെ കാട്കയ്യേറ്റങ്ങൾ വരെയുള്ളവയുടെ ചരിത്രം വിവരിച്ച് മധുസൂദനൻ ഈ വിഷയമവതരിപ്പിക്കുന്നു. കാപ്പി, തേയില, റബ്ബർ, കുരുമുളക്, ഏലംതോട്ടങ്ങൾ; വൻതോതിലുള്ള മരംമുറിക്കലുകൾ; മുഖ്യമായും മൂന്നുഘട്ടങ്ങളിലായി നടന്ന വൻതോതിലുള്ള ആഭ്യന്തര കാർഷിക കുടിയേറ്റങ്ങൾ; നഗരവൽക്കരണം; റോഡ്‌വികസനം; അണക്കെട്ടുകൾ.... വനങ്ങൾ അന്യംനിന്നുപോയതിന്റെ കഥപറയുന്നു, ഈയധ്യായം. ഗാഡ്ഗിൽ കമ്മറ്റിറിപ്പോർട്ടിന്റെ ചരിത്രപ്രാധാന്യം ചൂണ്ടിക്കാട്ടിയും അത് അട്ടിമറിക്കാൻ കൂട്ടുനിന്ന രാഷ്ട്രീയനേതൃത്വങ്ങളുടെ വിവേകശൂന്യത തുറന്നുകാട്ടിയും ഈയധ്യായമവസാനിപ്പിക്കുന്നു, മധുസൂദനൻ. സുഭദ്രമായിരുന്ന 'ജലചക്രം' എന്ന നിലയിൽനിന്ന് കേരളത്തിന്റെ ഭിന്നങ്ങളായ ജലസ്രോതസുകൾക്കു സംഭവിച്ച തകർച്ചയുടെയും അതുസൃഷ്ടിക്കുന്ന വരൾച്ചയുൾപ്പെടെയുള്ള ദുരന്തങ്ങളുടെയും കഥപറയുന്നു, നാലാമധ്യായം. മഴ, പുഴ, അണക്കെട്ടുകൾ, തണ്ണീർതടങ്ങൾ, തടാകങ്ങൾ, കായലുകൾ, ഭൂഗർഭജലം, ജലമലിനീകരണം എന്നീ തലങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന സമഗ്രമായ ഒരവലോകനമാണ് ഇവിടെയുള്ളത്. മണൽ ഖനനം ഉൾപ്പെടെയുള്ളവ മുൻനിർത്തി ആറു പ്രധാന നദികൾക്കു സംഭവിച്ചിരിക്കുന്ന പ്രതിസന്ധി, അണക്കെട്ടുകൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്നതും അവ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതുമായ നാനാതരം പാരിസ്ഥിതിക പ്രശ്‌നങ്ങൾ, ഇതര ജലസ്രോതസുകളിൽ നിരന്തരം നടക്കുന്ന മലിനീകരണവും കയ്യേറ്റങ്ങളും എന്നിങ്ങനെ ചില വിഷയങ്ങൾ സൂക്ഷ്മമായി പഠിക്കുകയും കേരളത്തിന്റെ ജലപ്രതിസന്ധിക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു, ഈയധ്യായം.

കൃഷിയും അനുബന്ധമേഖലകളും എന്ന അഞ്ചാമധ്യായം, കേരളത്തിന്റെ കാർഷികരംഗത്തു സംഭവിച്ച അടിസ്ഥാനപരമായ ചില മാറ്റങ്ങളുടെ അപഗ്രഥനമാണ്. ഭൂമിയുടെ ഘടനയ്ക്കും ജലസ്രോതസുകൾക്കുണ്ടായ മാറ്റങ്ങൾക്കും സമാന്തരമായി നെൽകൃഷിക്കും റബ്ബർകൃഷിക്കും കൈവന്ന ഭിന്ന ധ്രുവങ്ങളിലേക്കുള്ള വൻ വ്യതിയാനങ്ങളുടെ ചരിത്രം വിശദീകരിക്കുന്നു മധു. കണക്കുകളും വസ്തുതകളും കൊണ്ടുള്ള കളിയല്ല, പാരിസ്ഥിതിക മാറ്റങ്ങളുടെ കാര്യമാത്രപ്രസക്തമായ സാംസ്‌കാരിക വിശകലനം തന്നെയാണ് ഇവിടെ ലക്ഷ്യം. നരവംശശാസ്ത്രപരവും സാമ്പത്തികവും പാരിസ്ഥിതികവും മറ്റുമായ കാഴ്ചപ്പാടുകളിൽ കേരളത്തിന്റെ കാർഷികസംസ്‌കൃതിക്കു സംഭവിച്ച പരിണാമങ്ങളെ നോക്കിക്കാണുന്നു, മധുസൂദനൻ. ഹരിതവിപ്ലവവും നവലിബറൽ നയങ്ങളും ജൈവസാങ്കേതികതകളും സൃഷ്ടിച്ച കാർഷികരംഗത്തെ വൻകുതിപ്പുകളെ നിശിതമായ രാഷ്ട്രീയവിമർശനത്തിനു വിധേയമാക്കുകയും ചെയ്യുന്നു, അദ്ദേഹം. മുതലാളിത്തത്തിന്റെ പ്രതിസന്ധിയെക്കുറിച്ചും സോഷ്യലിസത്തിന്റെ സാധ്യതകളെക്കുറിച്ചുമുള്ള ഉറച്ച ബോധ്യങ്ങളിൽ നിന്നാണ് കൊളിൻ ഡങ്കനെയും ആന്ദ്രിയാസ് എക്‌സനറെയും പോലുള്ളവരുടെ ചിന്തകൾ മധുസൂദനൻ ഇവിടെ എടുത്തെഴുതുന്നത്.

മധുവിന്റെ ഏറ്റവും പ്രിയപ്പെട്ട പഠനവിഷയവും പ്രവർത്തനമേഖലയുമാണ് തുടർന്നുള്ള രണ്ടധ്യായങ്ങളിൽ ചർച്ചാവിഷയം. ഊർജ്ജം. പരമ്പരാഗതവും അല്ലാത്തതുമായ ഊർജ്ജസ്രോതസുകളെയും ഉല്പാദനത്തെയും കുറിച്ച് ഏറ്റവും ആധികാരികവും വിശദവുമായി ചിന്തിക്കുകയും എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ് മധുസൂദനൻ. മഹാരാഷ്ട്രസർക്കാരിന്റെ സുസ്ഥിര ഊർജ്ജവകുപ്പിന്റെ തലവനാണല്ലോ വർഷങ്ങളായി അദ്ദേഹം. അതുകൊണ്ടുതന്നെ, ജലം, താപം, ആണവം, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയവയിൽനിന്നുള്ള ഊർജ്ജോല്പാദനത്തിന്റെ ചരിത്രവും ശാസ്ത്രവും പാരിസ്ഥിതിക പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ച്, സുസ്ഥിര ഊർജ്ജം (ൗെേെമശിമയഹല ലിലൃഴ്യ) എന്ന സങ്കല്പനം മുന്നോട്ടുവച്ച് അതിന്റെ സാധ്യതകളവതരിപ്പിക്കുകയാണ് ഈയധ്യായത്തിന്റെ അജണ്ട. കേരളത്തിലെ ജലവൈദ്യുതപദ്ധതികളുടെ നാനാതരം പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ചുള്ള സവിശേഷ ചർച്ച ഈ ഭാഗത്തുണ്ട്. ഒപ്പം, ആണവ, താപനിലയങ്ങളുടെ ദുരന്തസാധ്യതകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും. തുടർന്നാണ് കാറ്റ്, സൂര്യപ്രകാശം എന്നീ രണ്ടു പ്രകൃതിസ്രോതസുകളിൽനിന്ന് വൈദ്യുതി ഉല്പാദിപ്പിക്കേണ്ടതിന്റെ ഭാവിസാധ്യതകളും ബാധ്യതകളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.

2050 ആകുമ്പോഴേക്കും കേരളം 'ഹരിതഊർജ്ജ'ത്തിന്റെ സംസ്‌കാരം കൈവരിക്കണം എന്ന കാഴ്ചപ്പാടാണ് അടുത്ത അധ്യായം മുന്നോട്ടുവയ്ക്കുന്നത്. ഇതെപ്പറ്റി പൂണെ ആസ്ഥാനമായുള്ള 'വിശ്വസുസ്ഥിര ഊർജ്ജസ്ഥാപനം' (WISE) നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണ് ഇവിടെ ഗ്രന്ഥകാരൻ പങ്കുവയ്ക്കുന്നത്. പ്രകൃതിജന്യ ഊർജ്ജസ്രോതസുകളിൽനിന്ന് 48865 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതികളിലൂടെ 7904 കോടി യൂണിറ്റ് വൈദ്യുതി പ്രതിവർഷം ഉല്പാദിപ്പിക്കാൻ കഴിയും എന്നു കണ്ടെത്തി, ഈ പഠനം.

നഗരവൽക്കരണം മുതൽ ടൂറിസം വരെയും വ്യവസായങ്ങൾ മുതൽ മലിനീകരണം വരെയുമുള്ള 'വികസന'സംസ്‌കാരം മുൻനിർത്തി കേരളം കടന്നുപോകുന്ന പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ചാണ് അടുത്ത അധ്യായം. ഒരുപതിറ്റാണ്ടിനുള്ളിൽ കേരളം ഒരൊറ്റ മഹാനഗരമായി പരിണമിക്കാം എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ ചർച്ച തുടങ്ങുന്നത്. ജനസംഖ്യാവർധനവ്, നഗരങ്ങളിലേക്കുള്ള കുടിയേറ്റം, ഇടത്തരം പട്ടണങ്ങളുടെ എണ്ണത്തിലുണ്ടായ വൻകുതിപ്പ്, അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ച, കാർഷികസംസ്‌കൃതിയുടെ തകർച്ച, വിദേശങ്ങളിലേക്കുള്ള കുടിയേറ്റം.... കേരളത്തിലെ നഗരവൽക്കരണത്തിന്റെ രീതിഭേദങ്ങൾ മധുസൂദനൻ അക്കമിട്ടു നിരത്തുന്നു.

'കണക്കുകൾ, കണക്കുകൾ, കള്ളങ്ങൾ എന്ന് ഇംഗ്ലീഷിലൊരു ചൊല്ലുണ്ടല്ലോ. കേരളത്തിന്റെ നഗരജനസംഖ്യയുടെ കണക്കിലും ഒരളവുവരെ ഇത് ശരിയാണ്. കേരളത്തിന്റെ നഗരവല്ക്കരണത്തിന്റെ സവിശേഷതകൾ ഇവയാണ്.

1 നഗരവളർച്ച വിശകലനം ചെയ്യാൻ മൂന്നു രീതികളാണ് സ്വീകരിക്കാറുള്ളത്: സ്വാഭാവിക ജനസംഖ്യാവർദ്ധനവ്, പുറത്തുനിന്നുള്ള കുടിയേറ്റം (Net Migration), വ്യോമവർഗ്ഗീകരണം (Aerial Classification). കേരളത്തിലെ നഗരജനസംഖ്യയുടെ വർദ്ധനവിന്റെ പ്രധാന കാരണങ്ങളിലൊന്ന് വ്യോമവർഗ്ഗീകരണമാണ്.

1 ഗ്രാമങ്ങളെ 'വ്യോമവർഗ്ഗീകരണ'ത്തിലൂടെ നഗരങ്ങളായി കണക്കാക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ ഇവയാണ്. കാർഷികേതര തൊഴിലുകളിലേർപ്പെട്ട പുരുഷന്മാർ 75 ശതമാനത്തിലധികമാവുക, കെട്ടിടനിർമ്മിതിയുടെ തോത് വർദ്ധിക്കൽ, വയലുകൾ ഇല്ലാതാവുകയും, കെട്ടിടനിർമ്മാണം വർദ്ധിക്കുകയും ചെയ്ത നമ്മുടെ ഗ്രാമങ്ങളിൽ നിർമ്മാണ-സേവന മേഖലകളിലാണ് ഇപ്പോൾ തൊഴിലുകളേറെയും. അത് താമസിയാതെ അവസാനിക്കും.

1 ഈ വർഗ്ഗീകരണം മൂലം കേരളത്തിൽ 'സെൻസസ് ടൗണു'കളുടെ (Census Town) എണ്ണം ഏറെ വർദ്ധിച്ചതാണ് നമ്മുടെ നഗരജനസംഖ്യ കുതിച്ചുയരാൻ കാരണം. പുതുതായി ആരംഭിച്ച ഈ വർഗ്ഗീകരണം, സെൻസസ് ടൗണിനെ നിർവ്വചിക്കുന്നത് ഇങ്ങനെയാണ്: '5000-ത്തിലധികം ജനസംഖ്യയുള്ള, 75 ശതമാനത്തിലധികം പുരുഷന്മാർ കാർഷികേതര തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന, ജനസാന്ദ്രത ചതപരശ്രകിലോമീറ്ററിൽ 400-ലധികമുള്ള പ്രദേശം'. അതാണ് 2001-ലെ 99-ൽ നിന്ന് 2011-ൽ കേരളത്തിൽ സെൻസസ് ടൗണുകൾ 461 ആയി വളർന്നത്. 346 ഗ്രാമങ്ങൾ ഇങ്ങനെ പൊടുന്നനെ സെൻസസ് ടൗണുകളായി. ചുരുക്കിപ്പറഞ്ഞാൽ 461 സെൻസസ് ടൗണുകൾ ഉൾപ്പെടെ കേരളത്തിൽ 520 നഗരപ്രദേശങ്ങൾ (Urban areas) ഉണ്ട്. അതായത് നഗരപ്രദേശങ്ങളുടെ 88 ശതമാനവും സെൻസസ് ടൗണുകളാണ്.

1 വടക്കൻ കേരളത്തിലെ നഗരജനസംഖ്യയാണ് ഏറ്റവും കൂടുതൽ വളരുന്നതെന്ന് പറഞ്ഞതിനും ഈ സെൻസസ് ടൗണുകളുടെ വർഗ്ഗീകരണം ഒരു കാരണമാണ്. തൃശ്ശൂരിൽ 2001-ൽ 21 സെൻസസ് ടൗണുകൾ ഉണ്ടായിരുന്നത് 2011-ൽ 128 ആയും, കോഴിക്കോട് 10-ൽനിന്ന് 44 ആയും, കണ്ണൂരിൽ 38-ൽനിന്ന് 60 ആയും വർദ്ധിച്ചു.

1 സെൻസസ് ടൗണുകളിൽ ഏറെയും ഗ്രാമപഞ്ചായത്തുകളോ, ഗ്രാമപഞ്ചായത്തുകളുടെ ഭാഗമോ ആണ്. അങ്ങനെ അവ 'ഇമ്മിണി വലിയ' ഗ്രാമങ്ങളാണ്. കേരളത്തിൽ മൊത്തെ 1664 ഗ്രാമങ്ങൾ (Villages) ഉണ്ട്. ജനസാന്ദ്രത ഏറിയതിനാൽ നഗര-ഗ്രാമ വിഭജനംതന്നെ അസാധ്യമാകുന്ന രീതിയിലേക്കാണ് കേരളത്തിന്റെ വികസനം മുന്നേറുന്നത്. ഇതിൽ ഗുണവും ദോഷവുമുണ്ട്.

1  'ആന്തരവിസ്‌ഫോടനത്തിലൂടെയുള്ള നഗരവല്ക്കരണം' (Urbanisation Implosion) എന്നാണ് ഒരു ഗവേഷകൻ ഇതിനെ വിളിക്കുന്നത്. ഗ്രാമങ്ങളിലെ ജനസംഖ്യയുടെ സാന്ദ്രത കൂടുന്നതുമൂലം, അവ വളരുകയും, പുരയിടങ്ങളിലുള്ള വീടുകൾ ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുന്ന അവസ്ഥ. കാർഷിക സമ്പദ്‌വ്യവസ്ഥ നിലനില്ക്കുമ്പോൾതന്നെ, ജനസാന്ദ്രത കൂടുന്ന അവസ്ഥ. ആരാലും ശ്രദ്ധിക്കപ്പെടാതെ നമ്മുടെ ഗ്രാമങ്ങൾ നഗരസ്വഭാവം കൈവരിച്ചു'.

ഭൗതികസൗകര്യങ്ങളുടെ ഈ വളർച്ചയും വ്യാപനവും സൃഷ്ടിക്കുന്ന നിരവധിയായ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കാണ് ഈ ചർച്ചയുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ടൂറിസവ്യവസായം വരുത്തിവയ്ക്കുന്ന അതിഭീമമായ മലിനീകരണം (മലമ്പ്രദേശങ്ങൾ മുതൽ കായലുകൾ വരെ), നഗരമാലിന്യങ്ങൾ രൂപം കൊടുത്തുകഴിഞ്ഞ മാലിന്യഗ്രാമങ്ങൾ (വിളപ്പിൽശാല, ലാലൂർ, ഞെളിയൻപറമ്പ്....) എന്നിവയൊക്കെ മുൻനിർത്തി ഈ പ്രശ്‌നം വിശകലനം ചെയ്യുന്ന ഗ്രന്ഥകാരൻ ഓരോ പ്രതിസന്ധിക്കും സയുക്തികമായ പരിഹാരവും നിർദ്ദേശിക്കുന്നു.

പാരിസ്ഥിതിക പ്രതിസന്ധികളിൽ കേരളം ഉയർത്തിയ പ്രതിരോധങ്ങളുടെ ചരിത്രമാണ് അടുത്ത അധ്യായം. 1932-ലെ കാടകം സത്യഗ്രഹവും 1946-ലെ ചീമേനി തോൽ-വിറക് സമരവും തൊട്ടുതുടങ്ങുന്ന ഈ ചരിത്രം, 1960-കളിലാരംഭിക്കുന്ന ചാലിയാർ സംരക്ഷണസമരം, 70-കളിലാരംഭിച്ച ട്രോളിങ് സമരം എന്നിവയിലൂടെ മുന്നോട്ടുപോയി സൈലന്റ്‌വാലി പ്രക്ഷോഭത്തിലെത്തുന്നു. തുടർന്നിങ്ങോട്ട് ചെറുതും വലുതും പ്രാദേശികവും ദേശീയവുമായി കേരളത്തിലുടനീളം രൂപംകൊണ്ട (പ്ലാച്ചിമട, എൻഡോസൾഫാൻ, എരയാംകുടി, അതിരപ്പള്ളി, ചീമേനി, കുമരകം, ആറന്മുള, ഏലൂർ, കാതിക്കുടം, ചക്കംകണ്ടം, വിളപ്പിൽശാല, ലാലൂർ.....) നിരവധിയായ ജനകീയസമരങ്ങളിലൂടെ മുന്നോട്ടുപോയി ഇന്നിപ്പോൾ കേരളത്തിന്റെ പാരിസ്ഥിതിക രാഷ്ട്രീയം എത്തിനിൽക്കുന്ന വൻപ്രതിസന്ധികളെ ചെന്നുതൊടുന്നു. ഇക്കോ സോഷ്യലിസത്തിലാണ് മധുസൂദനന്റെ പ്രതീക്ഷ. മാർക്‌സിസത്തിലാണ് വിശ്വാസം.

ഈ നിലപാടുകൾ ആവർത്തിച്ചുകൊണ്ടും വിശ്വാസവും പ്രതീക്ഷയും ഉയർത്തിപ്പിടിച്ചുകൊണ്ടും പരിസ്ഥിതികേരളത്തിന്റെ ഭാവിക്കുവേണ്ടി ഒരു മാനിഫെസ്റ്റോ മുന്നോട്ടുവയ്ക്കുകയാണ് അവസാന അധ്യായം. ആധുനികത, മുതലാളിത്തം എന്നിവ മുതൽ ആഗോളവൽക്കരണവും ബഹുരാഷ്ട്രസമ്പദ്ഘടനയും വരെയുള്ള ഘടകങ്ങളെ ഒന്നിച്ചുനിർത്തി വിചാരണചെയ്ത് തന്റെ പാരിസ്ഥിതികബോധത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചരിത്രവഴികളും നിലപാടുതറകളും വിശദീകരിക്കുന്നു, മധുസൂദനൻ.

'അഭൂതപൂർവ്വമായ മുതലാളിത്ത സാമ്പത്തികവളർച്ച മനുഷ്യന്റെ ഭൂമിയിലെ വാഴ്‌വിന്റെ ചരിത്രത്തിൽ എന്തുകൊണ്ട് കഴിഞ്ഞ നൂറുവർഷങ്ങളിൽ മാത്രം സംഭവിച്ചു എന്നതിന് ഒരു പ്രധാന ഉത്തരമേയുള്ളൂ. എണ്ണ, കൽക്കരി, പ്രകൃതിവാതകം എന്നീ അശ്മക ഇന്ധനങ്ങൾ ഭൂമിക്കടിയിൽ കണ്ടെത്തുകയും അതിനെ ക്രമാതീതമായി ഖനനം ചെയ്ത് ഉൽപന്നങ്ങളും ധനവും, ലാഭവും ഉണ്ടാക്കിയതാണ് മുതലാളിത്ത വളർച്ചയുടെ കഥ. അതാണ് ഒരു മാർക്‌സിസ്റ്റ് ചിന്തകൻ ഈ പ്രക്രിയയെ 'അശ്മക മുതലാളിത്തം' (Fosil Capitalism) എന്നു വിളിച്ചത്. അടുത്ത മൂന്നുനാലു ദശകങ്ങളിൽ അശ്മക ഇന്ധനങ്ങൾ കരിന്തിരി കത്തുമെന്ന് ശാസ്ത്രീയപഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഊർജ്ജസാന്ദ്രത (Energy Denstiy) കുറഞ്ഞ ബദൽ ഊർജ്ജസ്രോതസ്സുകൾക്ക് അമിത വളർച്ചയെ താങ്ങിനിർത്താനാകില്ല. മുതലാളിത്ത സാമ്പത്തികവളർച്ച ഇന്ന് ആഗോളമായി പ്രതിസന്ധിയിലാണ്. 2008-ൽ അമേരിക്കയിൽ ആരംഭിച്ച് സാംക്രമികരോഗം പോലെ ലോകമാസകലം പടർന്നുപിടിച്ച സാമ്പത്തികമാന്ദ്യത്തിൽനിന്ന് 'വളർച്ച' കരകയറുകയില്ലെന്ന് നിരവധി മുതലാളിത്ത സാമ്പത്തിക വിദഗ്ദ്ധർതന്നെ കഴിഞ്ഞ നാലഞ്ചുവർഷങ്ങളിൽ പ്രവചിച്ചുകഴിഞ്ഞു. അമിത സാമ്പത്തിക വളർച്ചയിലേക്ക് താമസിച്ചെത്തിയ ചൈന, ഇന്ത്യ, ബ്രസീൽ പോലെ വലിയ ആഭ്യന്ത വിപണിയും വിഭവങ്ങളുമുള്ള രാജ്യങ്ങളിൽ 'വളർച്ച' കുറെ നാളുകൾ കൂടി തുടരും. അത് ചിരന്തനമായ വളർച്ചയുടെ സൂചനയല്ല; ചരിത്രത്തിലെ സംക്രമണകാലമാണ്.

സാമ്പത്തിക പ്രതിസന്ധിയും പാരിസ്ഥിതിക പ്രതിസന്ധിയും ഊർജ്ജപ്രതിസന്ധിയും ആഗോളതാപനവും സാമൂഹികപ്രതിസന്ധിയും അഗാധമായി പരസ്പരബന്ധിതമാണ്; ഒരേ ഘടനാശക്തികളുടെ വ്യത്യസ്തമായ പ്രത്യക്ഷരൂപങ്ങളായി അവയെ കാണേണ്ടതുണ്ട്. വികസിത രാജ്യങ്ങളിൽ മുതലാളിത്തഉൽപാദനം മൂർദ്ധന്യത്തിലെത്തിയതിന്റെയും, വളരാൻ ഇനി ഇടമില്ലാത്ത വിപണി വിപുലമാക്കാനായി സൃഷ്ടിച്ച കൃത്രിമ 'ഫിനാൻസ്' ഉപകരണങ്ങളുടെയും പരാജയമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കരിന്തിരി കത്തുന്ന അശ്മക ഇന്ധനങ്ങളാണ് ഊർജ്ജപ്രതിസന്ധിക്ക് നിദാനം; ഒരുനൂറ്റാണ്ടായി അവ കത്തിച്ച് സൃഷ്ടിച്ച പ്രദൂഷണമാണ് ആഗോളതാപനത്തിന്റെ ഉറവിടം. പാരിസ്ഥിതിക ശൈഥില്യത്തെ തടയിടാനും നിർവ്വീര്യമാക്കാനുമുള്ള ഭൂമിയുടെ കഴിവിനെ അധികരിക്കുന്ന അനിയന്ത്രിത മുതലാളിത്തവളർച്ചയാണ് പാരിസ്ഥിതിക പ്രതിസന്ധിക്ക് കാരണം. പ്രതിരോധിക്കുന്ന സമൂഹങ്ങളെ തകർത്തുകൊണ്ട് മുന്നേറുന്ന ആഗോളീകരണം എന്നറിയപ്പെടുന്ന നവസാമ്രാജ്യത്വമാണ് സാമൂഹിശൈഥില്യത്തിന് കാരണം; ഇന്ന് ലോകത്ത് ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന സമസ്യ, ഉള്ളവനും ഇല്ലാത്തവനും തമ്മിൽ വർദ്ധിച്ചുവരുന്ന അസമത്വമാണ്. അതാണ് തോമസ് പിക്കറ്റിയുടെ അഭിനവ 'മൂലധനം' എന്ന കൃതി ആഗോള ബെസ്റ്റ്‌സെല്ലറായത്. 'ലോകമുതലാളിത്തവ്യവസ്ഥയുടെ വ്യാപനം' എന്നൊരു കേന്ദ്രബലതന്ത്രത്താൽ ചലിപ്പിക്കപ്പെടുന്ന ഒരു മേധാശക്തിയുടെ വ്യത്യസ്ത ഭാവങ്ങളാണ് ഇത്തരം പ്രതിസന്ധികൾക്ക് പിന്നിലുള്ളത്'.

തുടർന്ന്, കേരളത്തിനായി ഇക്കോ സോഷ്യലിസ്റ്റ് സമീപനത്തിലൂന്നിയ ഒരു അരുണ-ഹരിത അജണ്ട നിർദ്ദേശിക്കുന്നു, മധു. '2012-ൽ കേരള പരിസ്ഥിതി ഐക്യവേദി തയ്യാറാക്കിയ 132 പേജുള്ള കരട് ഹരിതവികസന അജണ്ട, കേരളത്തിലെ ജനകീയ സമരപ്രവർത്തകരുടെയും ബദൽ അന്വേഷകരുടെയും 2016 ഏപ്രിൽ 23, 24 തീയതികളിൽ കോഴിക്കോട് നടന്ന കൂടിച്ചേരലിൽ അവതരിപ്പിച്ച നിലനിൽപ്പിന്റെ മാനിഫെസ്റ്റോ, 2015-ൽ തിരുവനന്തപുരത്തെ ഏ.കെ.ജി. പഠനഗവേഷണകേന്ദ്രം നടത്തിയ നാലാം അന്താരാഷ്ട്ര പഠനകോൺഗ്രസിന്റെ പ്രൊസീഡിങ്‌സ്' എന്നിവയാണ് ഇതിനാധാരം.

ഭൂമി, വനം, ജലം, കൃഷി, ടൂറിസം, നഗരം, മാലിന്യം, ഊർജ്ജം, ഗതാഗതം, നദി..... എന്നിങ്ങനെ നിർണായക വിഷയങ്ങളിലും മേഖലകളിലും നിലനിൽക്കുന്ന പാരിസ്ഥിതിക പ്രതിസന്ധി മറികടക്കാനുള്ള പ്രായോഗിക മാർഗനിർദ്ദേശങ്ങളെന്ന നിലയിൽ ഇവ പുലർത്തുന്ന ചരിത്രബോധവും രാഷ്ട്രീയജാഗ്രതയുമാണ് ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങൾ.

പരിസ്ഥിതിശാസ്ത്രം, ഹരിതസമ്പദ്ശാസ്ത്രം, സാമൂഹ്യവിജ്ഞാനം, ചരിത്രം, സസ്യ-ജന്തുവിജ്ഞാനം, സുസ്ഥിരവികസനം, ഊർജ്ജമേഖല, സൗന്ദര്യശാസ്ത്രം എന്നിങ്ങനെ എത്രയെങ്കിലും വിജ്ഞാനശാഖകളിലേക്കും വിചാരപദ്ധതികളിലേക്കും പടർന്നുപന്തലിച്ച ഹരിതതത്വശാസ്ത്രത്തിന്റെ സാംസ്‌കാരിക മൂലധനമാണ് മധുസൂദനന്റെ ചിന്തകൾക്കും എഴുത്തിനും ഭൂമികയൊരുക്കുന്നത്. മുന്നൂറോളം കൃതികളെ നേരിട്ടാശ്രയിക്കുന്നുണ്ട്, ഈ പുസ്തകം. അക്കാദമിക സൂക്ഷ്മതയും രാഷ്ട്രീയപ്രതിബദ്ധതയുമുള്ള കാഴ്ചപ്പാടുകൾ. സയുക്തികവും ശാസ്ത്രീയവുമായ നിലപാടുകൾ. കാല്പനിക-മതാത്മക-വൈകാരിക-ഗൂഢവാദങ്ങളുടെ തിരസ്‌കാരം. അതേസമയംതന്നെ, ഹരിതവിപ്ലവത്തോടും നവലിബറൽ വികസനരാഷ്ട്രീയത്തോടും ജൈവസാങ്കേതികതയോടും മറ്റുമുള്ള വിയോജിപ്പ്, ജൈവകൃഷിയിലുള്ള അമിതപ്രതീക്ഷ, റബ്ബറിനോടുള്ള വിപ്രതിപത്തി എന്നിങ്ങനെ മധുവിന്റെ ലോകബോധങ്ങൾ ഒന്നൊന്നായി വെളിപ്പെടുന്നുമുണ്ട് ഈ പഠനഗ്രന്ഥത്തിൽ. മാർക്‌സിയൻ പാരിസ്ഥിതിക രാഷ്ട്രീയത്തിലുള്ള ഉറച്ച വിശ്വാസം മൂലം മുതലാളിത്തത്തെ പ്രതിക്കൂട്ടിൽ നിർത്തിയാണ് ഈ ചരിത്രരചന മുന്നേറുന്നത്. എന്നാൽ മുതലാളിത്തം മാത്രമാണോ ലോകത്തിന്റെ പാരിസ്ഥിതിക നാശത്തിനുത്തരവാദി? ആധുനികാലത്തു നിലവിൽവന്ന ഒരു പ്രത്യയശാസ്ത്രവും ഭരണസംവിധാനവും ഇക്കാര്യത്തിൽ നിരപരാധികളല്ല എന്നതല്ലേ വസ്തുത? സ്വയം മുതലാളിത്തവൽക്കരിക്കാനല്ലേ, സോഷ്യലിസ്റ്റ് ഭരണകൂടങ്ങൾ പോലും ശ്രമിച്ചിട്ടുള്ളത്?

എന്തായാലും, ഉത്തരവാദിത്തമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനായി, സുസ്ഥിര ഊർജ്ജവകുപ്പിന്റെ നായകസ്ഥാനത്തിരിക്കുമ്പോഴും 'ഭരണകൂട ആക്ടിവിസ'ത്തിൽ ഒതുങ്ങുന്നില്ല മധുസൂദനൻ. ട്രോളിങ്, ടൂറിസം, വനസംരക്ഷണം എന്നിവ മുതൽ ഗാഡ്ഗിൽ കമ്മറ്റിറിപ്പോർട്ട് വരെയുള്ളവയുടെ കാര്യത്തിൽ തന്റെ നിശിതമായ വിയോജിപ്പുകൾ രേഖപ്പെടുത്തിത്തന്നെയാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്.

എന്തായാലും കേരളത്തിന്റെ വൈജ്ഞാനിക-രാഷ്ട്രീയ-സാംസ്‌കാരിക പഠനമണ്ഡലങ്ങളിൽ സമീപകാലത്തുണ്ടായ ഏറ്റവും മൗലികവും പ്രസക്തവുമായ ചുവടുവയ്പുകളിലൊന്നാണ് ഈ പുസ്തകം. നിശ്ചയമായും നവകേരളനിർമ്മിതിയിൽ യഥാർഥ താൽപര്യമുള്ള ആർക്കും (ഭരണകൂടം മുതൽ പൊതുമണ്ഡലം വരെ) അവഗണിക്കാനാവാത്ത ഒന്ന്.

പുസ്തകത്തിൽനിന്ന്:-

'ചുരുക്കത്തിൽ, ലോകമുതലാളിത്തവ്യവസ്ഥ ചരിത്രപരമായി പാപ്പരായിരിക്കുന്നു; അത് സ്വയം മാറ്റുവാൻ കഴിയാത്ത വമ്പൻ സാമ്രാജ്യമായി മാറിയിരിക്കുന്നു. ഈ വ്യവസ്ഥയുടെ സ്ഥൂലകായത്വം അതിന്റെ അടിസ്ഥാനപരമായ ദൗർബ്ബല്യത്തെ വെളിപ്പെടുത്തുന്നതാണ്. പാരിസ്ഥിതിക ഭാഷയിൽ പറഞ്ഞാൽ അത് തീർത്തും നിലനില്ക്കാത്തതായിരിക്കുന്നു, സുസ്ഥിരമല്ലാത്തതായിരിക്കുന്നു. അതിനെ മൗലികമായി പരിവർത്തിപ്പിക്കേണ്ടിയിരിക്കുന്നു; അല്ല, ജീവിതയോഗ്യമായൊരു ഭാവി നമുക്കുണ്ടാകണമെങ്കിൽ നാം പുതിയതൊന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. തിരിഞ്ഞുനോക്കുമ്പോൾ പരിസ്ഥിതിദുരന്തവും, ഭീകരതയും, ഭീകരവിരുദ്ധ ഭീകരതയും, അവയുടെ ഫാസിസ്റ്റ് ജീർണ്ണതയും പ്രതിഫലിച്ച ഒന്നാണ് കഴിഞ്ഞ നൂറ്റാണ്ട്-മുതലാളിത്ത പ്രാകൃതത്വത്തിന്റെ കാലം. റോസ ലക്‌സംബർഗ്ഗ് ഒരിക്കൽ മുന്നോട്ടുവച്ച രണ്ടുപാധികളേ നമുക്കുമുന്നിലുള്ളൂ: ഒന്നുകിൽ സോഷ്യലിസം, അല്ലെങ്കിൽ ബാർബറിസം (പ്രാകൃതത്വം). ഇന്ത്യയിലും ഇപ്പോൾ നടമാടുന്ന മതത്തിന്റെയും ഭക്ഷണത്തിന്റെയും പേരിലുള്ള പ്രാകൃതത്വത്തിന് നാം സാക്ഷികളാണ്.

പക്ഷേ എന്തുകൊണ്ടു സോഷ്യലിസം? ഇരുപതാം നൂറ്റാണ്ടിലെ വ്യാഖ്യാനവൈകല്യങ്ങൾകൊണ്ട് പരാജയപ്പെടുകയോ, ചരിത്രം ചവറ്റുകുട്ടയിലേക്ക് എറിഞ്ഞുവെന്ന് തോന്നുകയോ ചെയ്യുന്ന ഈ സങ്കല്പത്തിന് എന്തനീ പുനർജ്ജന്മം? കാരണമുണ്ട്: പ്രയോഗത്തിൽ പിഴവുപറ്റിയെങ്കിലും, എത്ര പ്രഹരങ്ങളേറ്റെങ്കിലും മൂലധനത്തിന്റെ ക്രൗര്യത്തെ മറികടക്കാനുള്ള ഉപാധിയായി സോഷ്യലിസം എന്ന ആശയം ഇന്നും നിലനില്ക്കുന്നു. മനുഷ്യസംസ്‌കാരം നിലനില്ക്കണമെങ്കിൽ മൂലധനത്തിന്റെ വ്യാപനത്തിന് തടയിടേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന്റെ അനന്തരഫലം ഒരു സോഷ്യലിസ്റ്റ് സംവിധാനമാകണം-ഒരു മുതലാളിത്താനന്തരസമൂഹത്തിലേക്കുള്ള വഴിത്തിരിവിന്റെ സൂചകമായി അതിപ്പോഴും പ്രസക്തമായി തുടരുന്നു. മുതലാളിത്തവളർച്ച തീർത്തും നിലനില്ക്കുന്നതല്ലെന്നും, അത് പ്രാകൃതത്വമായി പരിണമിക്കുമെന്നും പറയുമ്പോൾ, അതിനെ മറികടക്കാനുതകുന്ന പുതിയൊരു സോഷ്യലിസം വളർത്തിയെടുക്കേണ്ടിവരും. ഭൂതകാലത്ത് സോഷ്യലിസം പരാജയത്തെ നേരിട്ടുവെങ്കിൽ, വിജയിക്കാൻ പര്യാപ്തമായതും പുതിയ പരിതസ്ഥിതികൾക്കനുസൃതവുമായ സോഷ്യലിസ്റ്റ് സങ്കല്പത്തിനുവേണ്ടി പൊരുതാൻ നാം സന്നദ്ധരാകണം. അതിനാൽ പാരിസ്ഥിതിക സോഷ്യലിസത്തെ(അഥവാ ഇക്കോസോഷ്യലിസത്തെ)ക്കുറിച്ച് പറയുകയും അതിന്റെ സാക്ഷാത്കാരത്തിനുവേണ്ടി സ്വയം സമർപ്പിക്കുകയും ചെയ്യണം.

എന്തുകൊണ്ട് ഇക്കോസോഷ്യലിസം?

ക്കോസോഷ്യലിസത്തെക്കുറിച്ചുള്ള ചിന്ത നാം തുടങ്ങേണ്ടത് മാർക്‌സിന്റെയും ഏംഗൽസിന്റെയും കൃതികളെ വീണ്ടും വീണ്ടും വായിച്ചുകൊണ്ടാണ്. അത്തരത്തിലുള്ള പുനർവായനയുടെ വലിയൊരു ദാർശനികലോകം വളർന്നുകഴിഞ്ഞു. 'മൂലധന'ത്തിന്റെ ഒന്നും മൂന്നും വാല്യങ്ങളിൽ മാത്രം സാന്ദ്രമായ പ്രകൃതിബോധമുള്ള നൂറിലധികം പേജുകൾ കാണാനാകും; പിന്നെ ഗ്രണ്ടിസ് പോലുള്ള മറ്റു പല കൃതികളിലും. ഇരുപതാംനൂറ്റാണ്ടിലെ 'ഒന്നാംയുഗ' സോഷ്യലിസങ്ങളുടെ നിരാസമായല്ല, അവയുടെ പരിഷ്‌കരിച്ച പൂർത്തീകരണമായാണ്, പരിസ്ഥിതിപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാം ഇക്കോസോഷ്യലിസത്തെക്കുറിച്ച് ചിന്തിക്കേണ്ടത്. മൂലധനത്തെ 'വസ്തുവത്കരിച്ച ഭൂതകാല അദ്ധ്വാന'മായിക്കാണുന്ന പഴയ കാഴ്ചപ്പാടിന്റെ അടിത്തറയിൽ തുടങ്ങി, ഉൽപാദകരെ ഉൽപാദനോപാധികളിൽനിന്ന് വേർതിരിക്കുന്ന പ്രവണതയെ പ്രതിരോധിച്ചുകൊണ്ട് എല്ലാ ഉൽപാദകരുടെയും വികാസം ലക്ഷ്യമാക്കണം. ഒന്നാംയുഗ സോഷ്യലിസങ്ങളിൽ ഇത്തരമൊരു വികാസം സാദ്ധ്യമാക്കുന്നതിൽ പിഴവുപറ്റിയിട്ടുണ്ടാകാം. അതിന്റെ വിവിധവും അതിസങ്കീർണ്ണവുമായ കാരണങ്ങളിലേക്കു ഇവിടെ കടക്കുന്നില്ല. ഒന്നുമാത്രം പറയാം; മുഖ്യമായും ആഭ്യന്തരജനാധിപത്യത്തിന്റെ നിഷേധത്തിലേക്കും മുതലാളിത്ത ഉൽപാദനത്തിന്റെ അനുകരണത്തിലേക്കും വഴുതിയ പഴയ സോഷ്യലിസ്റ്റുസമൂഹങ്ങളും അവിടങ്ങളിലെ പരിസ്ഥിതിയും പ്രതിസന്ധികളെ നേരിട്ടു.

സോഷ്യൽ ഡെമോക്രസിയുടെ ബലക്ഷയം വന്ന പരിഷ്‌കരണലക്ഷ്യങ്ങളെയും, സോഷ്യലിസത്തിന്റെ ബ്യൂറോക്രാറ്റിക് മാതൃകയുടെ ഉൽപാദകഘടനകളെയും ഒന്നുപോലെ നിരാകരിക്കുമ്പോൾ തന്നെ, ഒന്നാംയുഗ സോഷ്യലിസത്തിന്റെ വിമോചനസ്വപ്നങ്ങൾ ഇക്കോസോഷ്യലിസം പരിരക്ഷിക്കുന്നു. അതോടൊപ്പം സോഷ്യലിസ്റ്റ് ഉൽപാദനത്തിന്റെ മാർഗ്ഗവും ലക്ഷ്യവും ഒരു പാരിസ്ഥിതിക ചട്ടക്കൂടിനനുസൃതമായി പുനർനിർവ്വചിക്കേണ്ടത് ഇക്കോസോഷ്യലിസത്തിൽ അനിവാര്യമാണ്; പ്രത്യേകിച്ച് സമൂഹത്തിന്റെ സുസ്ഥിരതയ്ക്ക് അനിവാര്യമായ 'വളർച്ചയ്ക്കു പരിധി'യുടെ സന്ദർഭത്തിൽ. ഭാവിയുടേത് ഒരു 'സോഷ്യലിസ്റ്റ് സുസ്ഥിര ഉൽപാദനവ്യവസ്ഥ'യായിരിക്കണം. മുതലാളിത്ത ഉൽപാദനത്തെക്കുറിച്ച് മാർക്‌സ് കുറിച്ചിട്ട ഈ വരികൾ നാം എപ്പോഴും ഓർമ്മിക്കണം: 'ഒരു ചരിത്രസന്ധിയിലെ ക്ഷണികവും സംക്രമണസ്വഭാവമുള്ളതുമായ (ഠൃമിശെീേൃ്യ) ഉൽപാദന വ്യവസ്ഥയാണ് മുതലാളിത്ത ഉൽപാദനം' (മൂലധനം മൂന്നാം വാല്യം). അത് സമ്പത്ത് സൃഷ്ടിക്കാനുള്ള നിത്യമായ വ്യവസ്ഥയല്ല. ക്ഷാമമോ യാതനകളോ അടിച്ചമർത്തലോ കെട്ടിയേല്പിക്കാനുള്ള ഉപാധിയല്ല 'വളർച്ചയ്ക്കു പരിധി' എന്നത്. മനുഷ്യന്റെ ആവശ്യങ്ങളെ 'എണ്ണപ്പെരുപ്പ'ത്തിൽ നിന്ന് 'ഗുണമേന്മ'യിലേക്ക് പരിവർത്തിപ്പിക്കുക എന്നതാണ് ലക്ഷ്യം. അങ്ങനെ ചരക്കുകളുടെ ഉൽപാദനരംഗത്ത് വിനിമയമൂല്യത്തേക്കാൾ ഉപയോഗമൂല്യത്തിന് (Use value as agaitsn exchange value) പ്രാധാന്യം കൈവരുന്നു. കൺമുന്നിലെ സാമ്പത്തിക വ്യവഹാരങ്ങളിൽ അധിഷ്ഠിതമായ വ്യാപകവും അർത്ഥവത്തുമായൊരു ചുവടുമാറ്റമാണിത്.

സോഷ്യലിസ്റ്റ് വ്യവസ്ഥകൾക്കുകീഴിൽ പാരിസ്ഥിതിക ഉൽപാദനം സാർവ്വത്രികമാകുമ്പോൾ ഇപ്പോഴത്തെ പ്രതിസന്ധിയുടെ പരിഹാരത്തിനുള്ള മാർഗ്ഗം തെളിയും. സ്വതന്ത്രമായി പരസ്പരബന്ധിതരായ ഉൽപാദകരുടെ സമൂഹം (Communtiy of interdependent associate producers) അതിന്റെ മാത്രം ജനാധിപത്യവല്ക്കരണത്തിൽ ഒതുങ്ങരുത്; എല്ലാ ജീവജാലങ്ങളുടെയും വിമോചനം അതിന്റെ അടിത്തറയും ലക്ഷ്യവുമാകണം. അങ്ങനെ ആത്മനിഷ്ഠമായും വസ്തുനിഷ്ഠമായും അത് സാമ്രാജ്യത്വ വ്യാപനവ്യഗ്രതയെ മറികടക്കുന്നു. ആ ലക്ഷ്യം നേടുമ്പോൾ എല്ലാത്തരം അധീശതകളെയും-ലിംഗാധിഷ്ഠിതവും വർണ്ണാധിഷ്ഠിതവുമായവയുൾപ്പെടെ-കടന്നുകയറാൻ ആവശ്യമായ നിരന്തര പ്രതിരോധങ്ങളിലേർപ്പെടാൻ നാം പ്രാപ്തരാകും. അതുപോലെതന്നെ, മൗലിക-ഭീകരവാദങ്ങൾ പ്രത്യക്ഷപ്പെടാനുതകുന്ന സാമൂഹ്യവ്യവസ്ഥകളെ മറികടക്കാനും കഴിയും. ചുരുക്കത്തിൽ, ഇന്ന് നമുക്ക് വിഭാവനം ചെയ്യാൻ കഴിയാത്തതരത്തിൽ പ്രകൃതിയുമായി വൈരുദ്ധ്യാത്മക ബന്ധത്തിലൂടെ താദാത്മ്യം പ്രാപിച്ചു കഴിയുന്നൊരു സമൂഹം പടുത്തുയർത്താനുള്ള സാധ്യത നമുക്കുമുന്നിലുണ്ട്. ഇന്നത്തെ രീതിയിലുള്ള വ്യവസായ മുതലാളിത്തത്തിന് ആധാരമായ അശ്മക ഇന്ധനങ്ങളിലധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയുടെ ക്രമേണയുള്ള നാശം, അത്തരമൊരു സാധ്യതയുടെ പ്രായോഗിക പ്രത്യക്ഷമായിരിക്കും'.

നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി
ജി. മധുസൂദനൻ
കേരളസാഹിത്യഅക്കാദമി
300 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP