Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിഭാ ഹരി ഉന്നം വച്ച ആ സൂരി നമ്പൂതിരി അങ്ങയുടെ മന്ത്രിസഭയിൽ തന്നെയുണ്ട്; അയാൾ വഴങ്ങാത്തവരെ കുറിച്ച് മനോരാജ്യങ്ങൾ കാണുകയും സ്വഭാവ ഹത്യ ചെയ്യുകയുമാണ്; പിണറായി വിജയന് ഒരു തുറന്ന കത്ത്

പ്രതിഭാ ഹരി ഉന്നം വച്ച ആ സൂരി നമ്പൂതിരി അങ്ങയുടെ മന്ത്രിസഭയിൽ തന്നെയുണ്ട്; അയാൾ വഴങ്ങാത്തവരെ കുറിച്ച് മനോരാജ്യങ്ങൾ കാണുകയും സ്വഭാവ ഹത്യ ചെയ്യുകയുമാണ്; പിണറായി വിജയന് ഒരു തുറന്ന കത്ത്

ഷാജൻ സ്‌കറിയ

പുരുഷ സുഹൃത്തിനോട് അതിരു കടന്ന അടുപ്പം കാണിക്കുന്നു, ലെഗ്ഗിൻസ് ഇട്ടു നടക്കുന്നതിനെ ചൊല്ലി സിപിഎമ്മിൽ തർക്കം നടക്കുന്നു തുടങ്ങിയ ആരോപണങ്ങളോടെ ഒരു വാർത്ത മംഗളത്തിൽ കഴിഞ്ഞ ദിവസം വന്നപ്പോൾ ചില കാര്യങ്ങൾ പെട്ടന്ന് മനസ്സിൽ വന്നു. എന്തെങ്കിലും കാരണം ഇല്ലാതെ ശ്യൂനതയിൽ നിന്നും ഒരു വനിത എംഎൽഎയെ അപമാനിക്കാൻ വേണ്ടി മാത്രം ഇങ്ങനെ ഒരു വാർത്ത ഉണ്ടായതായിരിക്കില്ലെന്ന് ഉറപ്പായിരുന്നു. അതേ സമയം ഇങ്ങനെ ഒരു സദാചാര പൊലീസ് കളിക്കുന്ന വാർത്തയുടെ പിറകിൽ പ്രവർത്തിച്ച ദുഷ്ടശക്തികളെ കുറിച്ച് ആശങ്ക തോന്നാതെയും ഇരുന്നില്ല. അഥവാ ലെഗ്ഗിൻസ് ഇട്ടാലും പുരുഷ സുഹൃത്തുക്കളോട് അടുപ്പം കാട്ടിയാലും വിഷമിക്കാൻ മാത്രം സിപിഐ(എം) സദാചാരത്തിൽ പൊതിഞ്ഞ് പ്രസ്ഥാനം ആണോ എന്ന ചോദ്യമാണ് എന്നെ അലട്ടിയത്.

ഈ ലേഖകന്റെ സിപിഐ(എം) സോഴ്സുകളിൽ ഒക്കെ വിളിച്ചു സംസാരിച്ചപ്പോൾ എംഎൽഎയും ആരോപണ വിധേയനായ പത്രപ്രവർത്തകനും ആരോപണത്തിന്റെ പിന്നിൽ പ്രവർത്തിച്ച സിപിഎമ്മിലെ വല്ല്യേട്ടനും അതു പ്രചരിപ്പിച്ച അണികളും ഒക്കെ ആരെന്നു സംശയലേശമന്യേ വ്യക്തമായി. അവരായി അവരുടെ പാടായി എന്നു കരുതി ഇരിക്കവെയാണ് കഴിഞ്ഞ ദിവസം പ്രതിഭഹരി എന്ന കായംകുളം എംഎൽഎ ഫേസ്‌ബുക്കിൽ ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടത്. പ്രതിഭയുമായി വളരെ അടുപ്പം പുലർത്തുന്ന ചിലർ എന്നോടു പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി വയ്ക്കുന്നതായിരുന്നു ഈ പോസ്റ്റിലെ കുത്തു വാക്കുകൾ.

ഒറ്റ നോട്ടത്തിൽ ഈ പോസ്റ്റ് ലക്ഷ്യം വയ്ക്കുന്നത് വാർത്ത എഴുതിയ മാദ്ധ്യമങ്ങളെയും അതു പ്രചരിപ്പിച്ചവരെയും ആണ് എന്നു തോന്നുക സ്വഭാവികം. അത്തരത്തിലാണ് ഇന്ന് മനോരമ വാർത്ത പ്രസിദ്ധീകരിച്ചത്. എന്നാൽ പ്രതിഭയെ അറിയാവുന്നവർക്കും ആലപ്പുഴക്കാർക്കും ഈ കത്തിലെ ഓരോ വാക്കും ചെന്നു തറക്കുന്നത് ആരുടെ നെഞ്ചിലേക്കാണെന്ന് വ്യക്തമാണ്. അത്രയ്ക്കും സുവ്യക്തമായി തന്നെയാണ് പ്രതിഭ അതിൽ കുറിച്ചിരിക്കുന്നത്. സംശയം ഉള്ളവർ ആ പോസ്റ്റിലെ വരികൾ ഒന്നു ഓടിച്ചു നോക്കൂ. വെറുതെ അവിടെയും ഇവിടെയും തൊടാത്ത ഒരു പോസ്റ്റല്ല ഈ വനിത എംഎൽഎ നടത്തിയിരിക്കുന്നത്. തന്റെ വാക്കുകൾ കൊള്ളേണ്ടിടത്ത് തന്നെ കൊള്ളണം എന്ന നിർബന്ധത്തോടെയാണ് അവരീ പോസ്റ്റ് എഴുതിയത്.

സൂരി നമ്പൂതിരി എന്നു വിശേഷിപ്പിക്കുന്നയാളെ കുറിച്ച് പ്രതിഭ നൽകുന്ന സൂചന ഇവയൊക്കെയാണ്. കാമകഴുതകൾ കരഞ്ഞു കൊണ്ടു ജീവിക്കും. ആ കരച്ചിലിനെ ചിലർ കവിതയെന്നും കരുതും. കാലക്രമത്തിൽ അവർക്കു നീളം കുറഞ്ഞെന്നു മാത്രം. ഇതു വാർത്ത എഴുതിയ ലേഖകനെ കുറിച്ചോ പത്രത്തിന്റെ എഡിറ്ററെ കുറിച്ചോ അല്ലെന്നു തീർച്ച, പിന്നെ ആരെ കുറിച്ചാണ്? അതു സിപിഐ(എം) നേതാക്കൾക്കെല്ലാം അറിയാം. ആലപ്പുഴയിലെ സിപിഐ(എം) പ്രവർത്തകർക്കും അറിയാം. അതു ഈ ലേഖകനും അറിയാം. എന്നാൽ നിയമപരമായ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടും എംഎൽഎയുടെ ആരോപണം എത്രമാത്രം വസ്തുതകളുടെ ബലത്തിൽ ഉള്ളതാണെന്ന് ഉറപ്പില്ലാത്തുകൊണ്ടും ഞാനും വെളിപ്പെടുത്തുന്നില്ല.

എംഎൽഎയുമായി ബന്ധമുള്ള പലരോടും അവരീക്കാര്യം പറഞ്ഞിട്ടുണ്ട്. സിപിഎമ്മിലെ ഉന്നത നേതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ എന്തെങ്കിലും നടപടി ഉണ്ടായതായി സൂചനയില്ല. വേണ്ടത്ര ഗൗരവത്തോടെ സിപിഐ(എം) നേതാക്കൾ ഈ വിഷയത്തെ കൈകാര്യം ചെയ്തിട്ടുമില്ല. ഈ വിഷയം സജീവമായി നിൽക്കുമ്പോളും ഇവർക്ക് സീറ്റ് കിട്ടുകയും ഇവർ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു എന്നതുകൊണ്ട് തന്നെ ഈ ആരോപണം തികച്ചും വ്യക്തിപരം എന്നല്ലാതെ സംഘടിതപരമായി വളർന്നിട്ടില്ല എന്നു തന്നെ പറയേണ്ടി വരും.

ഇവിടെ ഞാൻ പറയാൻ ശ്രമിക്കുന്നത് ചെറിയൊരു കാര്യം മാത്രമാണ്. സിപിഎമ്മിന്റെ ഒരു വനിത എംഎൽഎയ്ക്ക് തന്റെ സഹപ്രവർത്തകനെ സൂരി നമ്പൂതിരി എന്നു വിശേഷിപ്പിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇടേണ്ടി വരുന്ന സാഹചര്യം എങ്ങനെ ഉണ്ടായി എന്നതാണ് അത്. ഒരു കാരണവശാലും അതു സിപിഎമ്മിനോ പിണറായി സർക്കാരിനോ നല്ലതല്ല. ഒരു വനിത എംഎൽഎ സുരക്ഷിതയല്ല എന്നു കരുതുന്ന നാട്ടിൽ എങ്ങനെ സർക്കാരിന് സാധാരണ സ്തീകളുടെ സുരക്ഷ ഒരുക്കാൻ കഴിയും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

ആരോപണവിധേയനായയാൾ പിണറായി മന്ത്രിസഭയിൽ തന്നെയുണ്ട് എന്നാണ് പ്രതിഭയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ചുരിദാർ ഇട്ടാൽ ശരീര പ്രദർശനം ആണ് എന്നു പറയുക, ഏതെങ്കിലും ഒര പുരുഷ സുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ അവിഹിതം ആണെന്ന് ആരോപിക്കുക തുടങ്ങിയ അപവാദ പ്രചാരണങ്ങൾ ആണ് ഈ എംഎൽഎക്കെതിരെ ഈ ഉന്നതൻ നടത്തുന്നത് എന്നാണ് അനുഭവസ്ഥർ പറയുന്നത്. സിപിഐ(എം) പോലെയൊരു പ്രസ്ഥാനത്തിൽ ഇങ്ങനെ ഒക്കെ നടക്കുന്നു എന്നു പറയുന്നത് തന്നെ എത്ര ഖേദകരവും നിരാശാജനകവുമാണ്.

ഇത്തരം ശല്ല്യം ചെയ്യുലുകൾ തുടരവെ ആ മാന്യദ്ദേഹം പ്രചരിപ്പിക്കുന്നു എന്നാരോപിക്കുന്ന കഥകൾ ഒരു പത്രത്തിൽ അച്ചടിച്ചു വരിക കൂടി ചെയ്തപ്പോൾ എത്ര സംഘടിതമാണ് ഈ സ്ത്രീക്കെതിരെയുള്ള ഗൂഢാലോചന എന്നു വ്യക്തമായി. പ്രതിഭയുമായി അടുപ്പമുള്ള ചിലർ ഈ ലേഖകനോട് പറഞ്ഞ പല കാര്യങ്ങളും പുറത്ത് പറയാൻ കൊള്ളുകയില്ലാത്തതിനാൽ അതിനു ശ്രമിക്കുന്നില്ല. എന്നാൽ ഒരു വനിത എംഎൽഎയെക്കുറിച്ചു അപവാദം പ്രചരിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നതും മറ്റൊരു നിവൃത്തിയുമില്ലാതെ അവർക്ക് ഫേസ്‌ബുക്കിലൂടെ അതു പങ്ക് വയ്ക്കേണ്ടി വരുന്നതും ഒക്കെ എത്ര വേദനാജനകമാണ്.

എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും ഒക്കെ പ്രവർത്തിക്കുകയും പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഒക്കെ ആയ ശേഷം സ്വാഭാവിക കഴിവിലൂടെ എംഎൽഎ ആവുകയം ചെയ്ത നേതാവാണ് പ്രതിഭ ഹരി. സീറ്റ് നിർണ്ണയ സമയത്ത് തന്നെ ഇവർക്കെതിരെ അപവാദ പ്രചാരണങ്ങൾ ആരംഭിച്ചിരുന്നു. കാണാൻ അത്യാവശ്യം വൃത്തിയുള്ളതും മര്യാദയ്ക്ക് വസ്ത്രം ധരിക്കുന്നതും സ്വന്തം ഐഡന്റിറ്റി കാത്തുസൂക്ഷിക്കുന്നതുമാണ് ഇവരോടുള്ള വിരോധത്തിന്റെ പ്രധാന കാരണം. സീറ്റ് നേടിയതിന്റെ പേരിൽ ആയിരുന്നു ആദ്യം അപവാദ പ്രചാരണം. തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ച ഒരു നേതാവ് പിന്നീട് വിജയത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയും അതു അംഗീകരിപ്പിക്കാനായി ശല്യം ചെയ്യുകയും ചെയ്തു തുടങ്ങി എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് നിയമപരമായ തടസ്സം മൂലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാതിരുന്നപ്പോൾ ഭർത്താവുമായി അഭിപ്രായ ഭിന്നതയിലാണ് എന്നാണ് ഇക്കൂട്ടർ ആദ്യം പ്രചരിപ്പിച്ചത്. ഈ ശല്ല്യം ചെയ്യലിനെതിരെ അന്തസ്സായി അവർ നിലപാട് എടുത്തപ്പോൾ പിന്നെ ഗോസിപ്പുകളുടെ തോരാമഴയായി. ആ ഗോസിപ്പുകൾ പത്രത്തിലും അച്ചടിച്ചു വന്നതോടെ എല്ലാം പൂർത്തിയാവുകയായിരുന്നു.

സ്ത്രീകൾക്ക് ഇറങ്ങാൻ പറ്റിയ മേഖയല്ലാതായിരിക്കുകയാണ് നമ്മുടെ രാഷ്ട്രീയം. അവർക്ക് വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ് ലഭിക്കുന്നത്. പലപ്പോഴും ആത്മാഭിമാനം കൈവിട്ടു പുരുഷ നേതാക്കളുടെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ചു ഒപ്പം നിന്നാൽ മാത്രം അംഗീകരിക്കപ്പെടുന്ന ഒരു നിർഭാഗ്യകരമായ അവസ്ഥ നമ്മുടെ രാഷട്രീയത്തിൽ ഉണ്ട്. അതിനിടയിൽ വല്ലപ്പോഴുമാണ് കഴിവും പ്രതിഭയുമുള്ള പ്രതിഭമാർ ഉണ്ടാകുന്നത്. അവരെക്കുറിച്ചു അപവാദം പറഞ്ഞു നടക്കാൻ അനേകം പേരുണ്ടാവും. എന്നാൽ സിപിഎമ്മിൽ അത്തരം ഒരു സാഹചര്യം ഉണ്ടാക്കാൻ പാടില്ലായിരുന്നു.

ഇനിയെങ്കലും ഈ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്തു മുഖ്യമന്ത്രി നേരിട്ടു ഇടപെടണമെന്നും സൂരി നമ്പൂതിരിയോടു മര്യാദക്കിരിക്കാൻ ആവശ്യപ്പെടണമെന്നും ബുദ്ധിമുട്ടികൾ ഇല്ലാതെ സ്വന്തം മണ്ഡലത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അവർക്ക് അവസരം ഒരുക്കി നൽകണമെന്നുമാണ് ഈ ലേഖകന് അപേക്ഷിക്കാനുള്ളത്. മുളയിലെ നുള്ളിക്കളയേണ്ട ഈ വിഷയമായ ഇത് ഇങ്ങനെ അവഗണിക്കപ്പെട്ടാൽ സർക്കാരിന്റെ അന്തസ്സ് കെടുത്താൻ ഒരു വിഷമായ ഇതു രൂപാന്തരപ്പെട്ടെന്നു വരാം. അതുകൊണ്ട് ചീളു പെണ്ണ് കേസ് എന്ന മനോഭാവം വിട്ടു മുഖ്യമന്ത്രി പിണറായി തന്നെ വേണ്ടപ്പെട്ടവരെ വിളിച്ചു വരുത്തി ഈ നാണക്കേടിന് അന്ത്യം ഒരുക്കാൻ ഒട്ടും അമാന്തിക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP