Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളം: ഒരു ഭാവനാഭൂപടം

കേരളം: ഒരു ഭാവനാഭൂപടം

ഷാജി ജേക്കബ്‌

'History is kind of fiction in which we live and hope to survive and fiction is a kind of speculative history....' E. L. Doctorov

'ചരിത്രവും ഭാവനയാണ്' എന്ന നിലപാട് ചരിത്രവിജ്ഞാനീയത്തിന്റേതെന്നതിനെക്കാൾ ലാവണ്യവിജ്ഞാനീയത്തിന്റെ പക്ഷത്താണ് നിലയുറപ്പിച്ചിട്ടുള്ളതെങ്കിലും 'കേരളം: ഒരു ചരിത്രഭൂപടം' എന്നും വിളിക്കാം, പി. കൃഷ്ണനുണ്ണിയുടെ ഈ നോവലിനെ. സൂക്ഷ്മവായനയിൽ പക്ഷെ ഭാവനാഭൂപടത്തിനാണ് കുറെക്കൂടി പ്രസക്തി. കാരണം, ആഖ്യാനപദ്ധതിയെന്ന നിലയിൽ ചരിത്രത്തെക്കാൾ സാംഗത്യം ഭാവനയ്ക്കു കൈവരുന്നതിന്റെ വൈവിധ്യങ്ങളിലേക്കാണ് ഈ നോവലിന്റെ എഴുത്തും വായനയും നമ്മെ കൊണ്ടുപോവുക. ഭാവിതചരിത്രങ്ങളുടെ ആഖ്യാനകലയിൽ നോവലിനുള്ള സാധ്യതകൾതന്നെയാണ് ഇവിടെ ചർച്ചചെയ്യേണ്ട വിഷയം. 'കേരളം: ഒരു ഡോക്യുമെന്റ' മലയാളത്തിൽ മുൻപൊരു നോവലും ഏറ്റെടുക്കാത്ത വിധം വിപുലവും സമഗ്രവുമായി ഒരു ഭാവഭൂപടനിർമ്മിതിക്കു ശ്രമിക്കുന്നതിന്റെ പശ്ചാത്തലം അപ്പോഴേ മനസ്സിലാക്കാൻ കഴിയൂ.

മൂന്നു സന്ദർഭങ്ങൾ മുൻനിർത്തിവേണം ഈ നോവലിന്റെ കലയും പ്രത്യയശാസ്ത്രവും വിശദീകരിക്കാൻ. ഒന്നാമത്തേത്, നോവലും ചരിത്രവും തമ്മിലുള്ള ബന്ധത്തിലെ ആധുനികാനന്തര സങ്കല്പനങ്ങളുടേതാണ്. രണ്ടാമത്തേത്, നോവലിന്റെ ആഖ്യാനസങ്കേതങ്ങളായി വികസിച്ചുവന്നിട്ടുള്ള ചില പരികല്പനകളുടേതാണ്. മുന്നാമത്തേത്, കേരളത്തിന്റെ ഭൂതവും വർത്തമാനവും രേഖപ്പെടുത്താൻ ഈ നോവൽ സ്വീകരിക്കുന്ന രീതിശാസ്ത്രത്തിന്റേതാണ്.

പാശ്ചാത്യ അക്കാദമിക മണ്ഡലത്തിൽ മുക്കാൽ നൂറ്റാണ്ടുകാലമെങ്കിലുമായി നോവലിന് ചരിത്രത്തിന്റെ പാഠഭേദമെന്ന നിലയിലുള്ള വിശകലനങ്ങൾ വന്നുതുടങ്ങിയിട്ട്. വാൾട്ടർ ബൻയമിനും തിയഡോർ അഡോണോയും റെയ്മണ്ട് വില്യംസും ഇർവിങ് ഹോയും മിലൻ കുന്ദേരയും ഹെയ്ഡൻ വൈറ്റും ലിൻഡാ ഹച്ചിയണും മുതൽ പുതിയ നൂറ്റാണ്ടിൽ ഈ വിഷയം ചർച്ചചെയ്യുന്ന നോവലിസ്റ്റുകളും അക്കാദമിക വിമർശകരും വരെയുള്ളവരുടെ നിരീക്ഷണങ്ങൾ ഓർക്കാവുന്നതാണ്. ചരിത്രത്തെക്കുറിച്ച് ആധുനികത നിർമ്മിച്ച സങ്കല്പനങ്ങൾ പലതും റദ്ദാക്കുക മാത്രമല്ല, ചരിത്രവും നോവലും തമ്മിലുള്ള ബന്ധത്തെ വിസ്മയകരമാംവിധം പുനർനിർവചിക്കുകയും ചെയ്തു, ഇവർ. കൃഷ്ണനുണ്ണി ഇവരിൽ പലരുടെയും (വിശേഷിച്ചും ബൻയമിൻ, വില്യംസ്, ഹച്ചിയൺ തുടങ്ങിയവരുടെ) നിരീക്ഷണങ്ങൾ തന്റെ നോവൽകലയിൽ പിൻപറ്റുന്നു.

'ആഖ്യാനമാണ് നോവൽ' എന്ന നിലയിലേക്ക് നോവലെഴുത്തിന്റെയും വായനയുടെയും രീതിയും സമീപനവും രാഷ്ട്രീയവും മാറിവന്ന കാലത്തിന്റെ പാഠമാതൃകയാണ് 'കേരളം: ഒരു ഡോക്യുമെന്റ'. മെറ്റഹിസ്റ്ററി, ഹിസ്റ്റോറിയഗ്രഫിക് മെറ്റഫിക്ഷൻ, ഇന്റർടെക്സ്റ്റ്‌വാലിറ്റി, പാസ്റ്റിഷ് എന്നിങ്ങനെ കഴിഞ്ഞ കാൽനൂറ്റാണ്ടിൽ വികസിച്ചുവന്ന നോവൽരചനാ-വിശകലനസങ്കേതങ്ങൾ പലതും കൃഷ്ണനുണ്ണി സമർഥമായി സ്വാംശീകരിക്കുന്നു.

നാച്ചുറലിസത്തിനും ഡോക്യുമെന്ററിക്കുമിടയിൽ നിൽക്കുന്ന ആഖ്യാനമെന്നാണ് 'ഡോക്യുമെന്റ' എന്ന ജർമ്മൻ വാക്കിനർഥം. ചരിത്രത്തിന്റെ അടരുകൾ കണ്ടെത്തി ഭാവനാത്മകമായി അവയെ വ്യാഖ്യാനിക്കുന്ന പദ്ധതിയാണത്. ചരിത്രത്തിന്റെയും സാഹിത്യത്തിന്റെയും നിരവധിയായ ഇതര വിജ്ഞാനങ്ങളുടെയും പാഠങ്ങളെ ആന്തരവൽക്കരിക്കുക മാത്രമല്ല പാരഡിവൽക്കരിക്കുകയും ചെയ്യുന്നു, ഈ നോവൽ. ഡോക്യുഫിക്ഷൻ എന്ന നിലയിലാണ് പൊതുവെ ഇതിന്റെ കഥനകല വികസിക്കുന്നത്.

കേരളത്തിന്റെ ഭൂതവർത്തമാനങ്ങളെ പാഠവൽക്കരിക്കാൻ നോവൽ സ്വീകരിക്കുന്ന പ്രത്യയശാസ്ത്രം ബൻയമിനും ('There is no document of cÈlization which is not at the same time a document of barbarism') അഡോണോയും ('Fiction can serve as a form of subconscious writing of htsiory and it can show us how man has experienced and been formed, what happened down through the ages') Imaphpw ('The writer's function is not without sti ardent duties. By definition he cannot serve today those who make htsiory: he mtsu serv--e those who are subject to it').

പറഞ്ഞവയാണെങ്കിൽ, അതിന്റെ രീതിശാസ്ത്രം ഹെയ്ഡൻ വൈറ്റ് പറഞ്ഞതാണ് - 'Htsiory is simply a branch of literature, in which the narrativ--es of htsiorians do not significantly differ from the nov--els of a nov--eltsi.' 'താഴെ നിന്നുള്ള ചരിത്രങ്ങ'ളെക്കുറിച്ചുള്ള വില്യംസിന്റെയും മറ്റും നിലപാടുകളാണ് യഥാർഥത്തിൽ ഈ നോവൽ പ്രശ്‌നവൽക്കരിക്കുന്നത്. 'അരികു'കളും 'പ്രാന്ത'ങ്ങളും 'അധഃസ്ഥിത'ങ്ങളും 'കീഴാള'ങ്ങളും 'നിശ്ശബ്ദ'ങ്ങളും 'തമസ്‌കൃത'ങ്ങളും 'ശിഥില'ങ്ങളും 'അതാര്യ'ങ്ങളും 'അലിഖിത'ങ്ങളും 'തിരസ്‌കൃത'ങ്ങളുമൊക്കെയായ ചരിത്രപാഠങ്ങളെയും അവ നിർവഹിക്കുന്ന ഭൂതത്തിന്റെ വ്യാഖ്യാനങ്ങളെയും നിരവധിയായ ആഖ്യാനസങ്കേതങ്ങളിലൂടെ നോവൽവൽക്കരിക്കുകയാണ് കൃഷ്ണനുണ്ണി. അങ്ങനെയാണ് ഒരേസമയം കേരളത്തിന്റെ ചരിത്രഭൂപടവും ഭാവനാഭൂപടവുമായി ഈ നോവൽ മാറുന്നത്.

ഇരുപത്തിനാലധ്യായങ്ങളായി ആവിഷ്‌ക്കരിക്കുന്ന കേരളത്തെക്കുറിച്ചുള്ള ഇരുപത്തിനാലു ഭാഗങ്ങളുള്ള ഒരു 'ഡോക്യുമെന്റ'യാണ് കൃഷ്ണനുണ്ണിയുടെ നോവൽ. സമാന്തരമായ രണ്ടു കഥനധാരകൾ. ഒന്ന്, ആനന്ദൻ നടത്തുന്ന ആത്മാന്വേഷണപരമായ യാത്രകളുടേത്. രണ്ട്, ലളിതയും മ്യൂസും സീമന്തനും നടത്തുന്ന പ്രദേശചരിത്രരചനാരീതികളുടേത്. ഡയറിക്കുറിപ്പുകളും സംഭാഷണങ്ങളും കഥകളും മിത്തുകളും കണ്ടെത്തലുകളും ഭൂഖനനങ്ങളും ഓർമകളും മറ്റും മറ്റുമായി ചുരുൾനിവരുന്ന ഭൂതത്തിന്റെ അടരുകളാണ് ഓരോ അധ്യായവും. സ്ഥല, കാലങ്ങളിലൂടെയുള്ള യാത്രാവിവരണം. ചരിത്രത്തിന്റെ തന്നെ ജീവചരിത്രങ്ങൾ. സംസ്‌കാരത്തിന്റെ ശിരോലിഖിതങ്ങൾ.

മലബാറും കൊച്ചിയും തിരുവിതാംകൂറും - ഐക്യകേരളം തന്നെയും - ഒരേനിലകളിൽ സംഗമിക്കുന്ന ഒരു ഭാവനാഭൂപടം ഇതാദ്യമായിരിക്കും ഒരു മലയാളനോവലിന്റെ കഥാഭൂമികയാകുന്നത്. അതേസമയംതന്നെ ദേശീയതക്കുള്ളിൽ ദമിതമാക്കപ്പെടുന്ന പ്രദേശങ്ങളുടെ ജൈവരാഷ്ട്രീയവുമാണ് ഈ രചനയുടെ പ്രത്യയശാസ്ത്രം നിർണയിക്കുന്നത്. പരശുരാമന്റെ മിത്തുകൾ തൊട്ട് മധ്യകാല ഫ്യൂഡൽ ക്രമങ്ങൾവരെ; കൊളോണിയൽ ആധുനികത തൊട്ട് നവോത്ഥാന-ദേശീയത വരെ; ജാത്യടിമത്തം തൊട്ട് ഇടതുതീവ്രവാദം വരെ; മലബാർ കലാപം തൊട്ട് ആദിവാസി ഭൂസമരങ്ങൾ വരെ; കമ്യൂണിസം തൊട്ട് വർഗീയലഹളകൾ വരെ; ഫുട്‌ബോളും ചിത്രകലയും നാടകവും സിനിമയും തൊട്ട് രോഗവും ഭ്രാന്തും മരണവും വരെ - കേരളം ജീവിച്ച ചരിത്രജീവിതം 'ഷോട്ട് ബൈ ഷോട്ട്' ആയും 'സീൻ ബൈ സീൻ' ആയും പുനഃസൃഷ്ടിക്കുകയാണ് കൃഷ്ണനുണ്ണി.

യാത്രകൾ, ഡയറിക്കുറിപ്പുകൾ, സംവാദങ്ങൾ, സംഭാഷണങ്ങൾ, ആത്മഭാഷണങ്ങൾ, ഓർമകൾ, മരിച്ചുപോയവരുടെ സമാഗമങ്ങൾ, കഥകൾ, മിത്തുകൾ, പുസ്തകങ്ങൾ... ഭാവനയുടെ സാംസ്‌കാരിക ഭൂപടനിർമ്മിതിക്കുള്ള സങ്കേതങ്ങൾ നിരവധിയാണ്. ഇരുപത്തിനാലധ്യായങ്ങളിൽ ഒന്നോ രണ്ടോ ഒഴികെ എല്ലാം ആനന്ദൻ-സാംസൺ സഖ്യത്തിന്റെയോ ലളിത-മ്യൂസ്-സീമന്തൻ സംഘത്തിന്റെയോ കാഴ്ചപ്പാടിൽ ചുരുൾനിവരുന്നവയാണ്. ചിലത് ആനന്ദന്റെ ആത്മാഖ്യാനങ്ങളും. പ്രകൃതി-സംസ്‌കൃതി; മിത്ത്-ചരിത്രം; കഥ-ജീവിതം; ആത്മാന്വേഷണം-പ്രകൃതിനിരീക്ഷണം; ഭാവന-നോവൽ; ഭാഷ-ഭാഷണം എന്നീ ദ്വന്ദ്വങ്ങൾ ഭിന്നനിലകളിൽ സമന്വയിച്ചുണ്ടാകുന്നവയാണ് ഈയധ്യായങ്ങളോരോന്നും. ഒന്നോടൊന്നു ബന്ധമില്ലാത്ത, തുടർച്ചകളോ, പാരസ്പര്യമോ ഇല്ലാത്ത ചരിത്രാനുഭൂതികളുടെ കണ്ടെഴുത്താണ് ഇവയൊന്നടങ്കം. ആദിമധ്യാന്തപ്പൊരുത്തമുള്ള കഥയോ സ്ഥലകാലൈക്യങ്ങൾ ബാധകമാകുന്ന കഥനമോ ഒന്നോടൊന്നിണങ്ങിനിൽക്കുന്ന ഘടകങ്ങളോ നോവലിലില്ല. ചിതറലിന്റെ കലയാണ് 'കേരളം: ഒരു ഡോക്യുമെന്റ'. പലമയുടെ സൗന്ദര്യശാസ്ത്രം. രേഖീകൃത-ഔദ്യോഗിക-ആധികാരിക ചരിത്രങ്ങൾ കാണാതെപോയവയെ കണ്ടെടുക്കാനുള്ള ശ്രമങ്ങളെന്ന നിലയിൽ ഈയധ്യായങ്ങളോരോന്നും ആധുനിക കേരളീയ ചരിത്രവിജ്ഞാനീയത്തെ പ്രശ്‌നവൽക്കരിക്കുമ്പോൾ, നോവലിന്റെ കലയിൽ ഇവ ക്രമരാഹിത്യം, അതികഥനം, പാസ്റ്റിഷ്, പാഠാന്തരത്വം, ഡോക്യുമെന്ററി തുടങ്ങിയവയെല്ലാം സമീകരിക്കുന്നു.

കാലത്തിന്റെ നിഴൽപ്രദേശങ്ങളെക്കുറിച്ച്, ഭൂതത്തിന്റെ അന്ധതാമിസ്രങ്ങളെക്കുറിച്ച്, ജീവിതത്തിന്റെ പുറംപോക്കുകളെക്കുറിച്ച്, സംസ്‌കാരത്തിന്റെ വെളിമ്പുറങ്ങളെക്കുറിച്ച്, ചരിത്രത്തിന്റെ അസ്പൃശ്യതകളെക്കുറിച്ച്, ജനതകളുടെ അലിഖിതങ്ങളെക്കുറിച്ച് - കേരളം ഒരു ഡോക്യുമെന്റ നിർമ്മിക്കുന്ന ഭാവതലങ്ങൾ അക്കാദമിക ഗവേഷണത്തിന് നോവലെഴുത്തിലുള്ള സാധ്യതകളിലേക്കു കൂടിയാണ് വിരൽ ചൂണ്ടുന്നത്. കേരളത്തിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രം മാത്രമല്ല, സാംസ്‌കാരിക ചരിത്രഭൂപടം കൂടിയായി മാറുന്നു അതുവഴി നോവൽ.

ഓരോ അധ്യായവും ഓരോ എപ്പിസോഡായി അവതരിപ്പിക്കുന്ന ഒരു ടെലിവിഷൻ-ട്രാവൽ-ഡോക്യുഫിക്ഷൻ പരമ്പരയായി വേണമെങ്കിൽ ഈ നോവലിനെ സങ്കല്പിക്കാം. യാത്രകളാണ് ആഖ്യാനത്തിന്റെ അച്ചുതണ്ട്. ഗുപ്തചരിത്രങ്ങളാണ് അടിസ്ഥാനപ്രമേയം. സംവാദങ്ങളാണ് ഭാഷണഘടന. ഓരോ അധ്യായവും ഓരോന്നായെടുത്ത് വിശദീകരിക്കാവുന്ന മട്ടിൽ സ്വതന്ത്രവും സ്വയം പൂർണവുമാണ് അവയിൽ അവതരിപ്പിക്കപ്പെടുന്ന ചരിത്ര-സംസ്‌കാര പാഠം. നോവലെന്ന നിലയിൽ ഈ രചനയെ തുടർച്ചയിൽ ബന്ധിപ്പിക്കുന്ന ഏക ഘടകം ആനന്ദന്റെയും (ഒപ്പം ഫാദർ സാംസൺന്റെയും) ലളിത, മ്യൂസ്, സീമന്തൻ എന്നിവരുടെയും സമാന്തരമായ സാന്നിധ്യമാണ്. തമ്മിൽ തമ്മിൽ ബന്ധപ്പെടുന്നില്ല കഥനത്തിന്റെ ഇരുവഴികളും. അവരുടെ മേഖലകളും താൽപര്യങ്ങളും രീതികളും ലക്ഷ്യങ്ങളും ഭിന്നങ്ങളാണുതാനും. ആനന്ദൻ ചരിത്രത്തിലെ ആത്മനിഷ്ഠാനുഭവങ്ങളും അബോധതലങ്ങളും തേടിയലയുമ്പോൾ മറ്റുള്ളവർ വസ്തുനിഷ്ഠാനുഭവങ്ങളും ലിഖിതപാഠങ്ങളുടെ വ്യാഖ്യാനങ്ങളും കണ്ടെടുക്കുന്നു എന്നു വേണമെങ്കിൽ പറയാം. പക്ഷെ ഈ രീതിശാസ്ത്രങ്ങൾ അന്യോന്യം കുഴമറിയുന്ന സന്ദർഭങ്ങളും നോവലിൽ ഇല്ലാതില്ല, പ്രാദേശിക ചരിത്രരചനയുടെ അക്കാദമിക പദ്ധതിയിൽ പങ്കാളികളാണെന്നതാണ് മൂവരെ ഒന്നിപ്പിക്കുന്ന ഘടകമെങ്കിൽ അമച്വർ ചരിത്രരചനയുടെയും ആത്മാന്വേഷണത്തിന്റെയും ലഹരിയാണ് ആനന്ദനെയും സാംസണെയും നയിക്കുന്നത് - തീർച്ചയായും ഈ വിഭജനവും പ്രശ്‌നഭരിതമാണ്.

നോവലിലെ ചരിത്രഭാവനാഭൂപടത്തെ ഒന്നഴിച്ചെടുത്താൽ അതിന്റെ ഘടന ഏതാണ്ടിങ്ങനെയായിരിക്കും. പ്രകൃതിയെയും സംസ്‌കൃതിയെയും കൂട്ടിയിണക്കുന്ന ഒരു പാരിസ്ഥിതിക ഭൂമികയാണ് ഒന്നാമധ്യായം. കാടും നാടും തമ്മിൽ നടന്ന സഹസ്രാബ്ദങ്ങളുടെ ജൈവസംവാദങ്ങളെ സംഗ്രഹിക്കുന്നു, ആനന്ദന്റെ ചിന്തകൾ. കേരളത്തിന്റെ ഭാവഭൂതത്തെ കണ്ടെടുക്കാനുള്ള അയാളുടെ അന്വേഷണങ്ങൾക്കു തുടക്കമിട്ടുകൊണ്ട് കൃഷ്ണനുണ്ണി എഴുതുന്നു:

'ആനന്ദന്റെ ബോധത്തിൽനിന്നുമിപ്പോൾ കൂടൊഴിഞ്ഞ പക്ഷികൾ പറന്നകലുകയാണ്, മിന്നാരംകുന്നുകൾക്കും വെള്ളിമലകൾക്കുമപ്പുറത്തേക്ക്. താനിപ്പോഴും ജനിച്ച് കാഴ്ചകൾ കാണുന്ന ബോധം തെളിഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുമാത്രമാണ്. ഈ ബോധത്തിന്റെ നടവഴികളിൽനിന്നുമാണ് പ്രദേശങ്ങളുടെ ഉത്ഭവവും. വാസ്തവത്തിൽ എനതാണ് പ്രദേശങ്ങൾ? വെറും കാഴ്ചയുടെ അങ്ങാടികൾ. സമയത്തിന്റെ സ്ഥൂലതകളിൽ തളയ്ക്കട്ടെ ഭൂപടങ്ങൾ. അരങ്ങും കൂത്തുമെല്ലാമടങ്ങിയ ഇടങ്ങൾ. ആനന്ദൻ ഓർത്തു. പ്രദേശങ്ങൾ മാറുന്നു. മഴവെള്ളത്തിന്റെ ഒഴുക്കിനും മലയിറക്കത്തിനും വേറെ വാദങ്ങളുണ്ടാകുന്നു. മലയിറങ്ങി പുഴ നീന്തിക്കടന്ന് പട്ടണത്തിലെത്തിയ പുലിയെപ്പോലെ യാത്രകളിൽ നിങ്ങളുടെ കാഴ്ചകളുടെ വിന്യാസങ്ങൾ അനന്തമാകുന്നു.

ഞാൻ ഏതു പ്രദേശത്തിന്റെ സൃഷ്ടിയാണോ, തമ്പുരാനേ?

ചിന്തകൾ ആനന്ദനെ ഓർമ്മിക്കാത്തതും എഴുതാത്തതുമായ ഭൂപടങ്ങളിലേക്ക് കൊണ്ടുപോയി. മലകൾ, ഭൂകമ്പങ്ങൾ. മലക്കുടിയിൽനിന്നും വേടൻ ഒരുനാൾ തെളിനീരുറവ തേടി താഴ്‌വാരത്തിലെത്തി. കർണ്ണകപ്പുല്ലിന്റെയും വനമന്ദാരങ്ങളുടെയും തഴുകലേറ്റ് അവനുറങ്ങി. മലമുഴക്കിപ്പക്ഷിയുടെ കൂവൽ കേട്ട് അവനുണർന്നപ്പോൾ, മറ്റെവിടെയോ ആണെന്ന് അവനു മനസ്സിലായി. അവിടെ, ചെറുകാന്താരങ്ങളുടെ നീലച്ചായം തേച്ച അർദ്ധനഗ്നയായ ഒരു പെണ്ണ് നൃത്തം ചെയ്യുന്നു. അവളുടെ ചുവടുവയ്പിന്റെ താളത്തിൽ വനമാനിന്റെ തുകലിനാൽ തീർക്കപ്പെട്ട മരുവിൽ ആഞ്ഞടിക്കുന്ന ഒരുകൂട്ടമാളുകൾ. താനപഹരിക്കപ്പെട്ടുവെന്ന ബോധം അവനിൽ നിറഞ്ഞു. ദൂരെയുള്ള നദിയെ നോക്കി അയാൾ രക്ഷപ്പെടുവാനാഗ്രഹിച്ചു. ആ രാത്രിയിൽ, സകല ചരാചരങ്ങളും ഉറങ്ങുമ്പോൾ, അവൻ ആ പാറയിടുക്കിൽ നിന്നും എഴുന്നേറ്റ് പന്തങ്ങളുടെ നിഴലുകൾപോലുമുറങ്ങാത്ത വഴിയിലൂടെ മെല്ലെ നടന്ന് നദിക്കരയിലെത്തി. പക്ഷേ, അവൻ വെള്ളത്തിൽ കാൽവെച്ചില്ല. അതിനും മുൻപ് ഒരു പക്ഷി അവനെ റാഞ്ചിക്കൊണ്ട് അക്കരയ്ക്ക് പറന്നുപോയി.

ആദിമാനവനിലെ പ്രദേശങ്ങളും അങ്ങനെ രണ്ടാണ്. ആനന്ദൻ ഓർത്തു. ഒന്നിൽനിന്നും മറ്റൊന്നിലേക്കുള്ള പലായനം. അതൊരിക്കലും തീരുന്നില്ല.

കാൽപ്പനികതയുടെ കുളിർമ്മയുള്ള പുതപ്പ് അയാൾ കുടഞ്ഞുമാറ്റി. ഈ നരച്ച ഓർമ്മകളിലും താനെന്തുകൊണ്ടാണ് കുഞ്ഞാവാൻ ആഗ്രഹിക്കുന്നത്? വർഷങ്ങളുടെ ആന്ധ്യത്താൽ ബധിരരും മൂകരുമായ ജനതയാണ് പ്രദേശങ്ങളിലുള്ളത്.

നോക്കൂ, കാഴ്ചയുടെ കോമരങ്ങളിൽനിന്നും നാം കെട്ടിപ്പടുത്ത സമവാക്യങ്ങൾ.

ഉത്തരത്തിലിരുന്ന് പല്ലി മൂന്നുവട്ടം ചിലച്ചു. ചലനമെന്ന സത്യമറിയിച്ചുകൊണ്ട് വണ്ട ചുവരിന്നിടയിലൂടെയൊരു കരിന്തേൾ കടന്നുപോയി'.

രണ്ടാമധ്യായത്തിൽ, ലളിത, മ്യൂസ്, സീമന്തൻ എന്നിവർ ദേശചരിത്രം മുൻനിർത്തിയുള്ള തങ്ങളുടെ രചനാപദ്ധതിയുടെ രീതിശാസ്ത്രം പ്രഖ്യാപിക്കുമ്പോഴും അക്കാദമിക ചരിത്രത്തിന്റെ അപനിർമ്മിതി തന്നെയാണ് താൽപര്യം. മ്യൂസ് പറയുന്നു:

'നാം വെറും അന്വേഷകരല്ല. ഭാഷാകുതുകികളോ സാഹസികരോ പരിശ്രമികളോ അല്ല. അപരന്റെ സ്വത്വത്തെ എപ്പോഴും അനുകരിക്കുന്നവരോ അറിയാൻ ശ്രമിക്കുന്നവരോ അല്ല. ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ നോവുകൾ പകർത്തുന്നവർകൂടിയാണെന്ന കാര്യം ഓർമ്മവേണം'.

തുടർന്നങ്ങോട്ട്, സമാന്തരമായി സംഭവിക്കുന്ന രണ്ടു യാത്രകളായി വേണമെങ്കിൽ ഈ നോവലിന്റെ ആഖ്യാനഘടനയെ നമുക്കു വ്യാഖ്യാനിക്കാം.

മൂന്നാമധ്യായം പരശുരാമന്റെ ആത്മഭാഷണമാണ്. മിത്തിന്റെയും അതീതകാലത്തിന്റെയും കാലാന്തരാനുഭവം പങ്കിടുന്ന ഭൂതഭാഷണം.

ആനന്ദൻ തുടങ്ങുന്നത് വയനാട്ടിൽ നിന്നാണ്. എടയ്ക്കൽ ഗുഹയിലെ ചിത്രങ്ങളിൽനിന്ന് ആദിവാസികളിലേക്കും പഴശ്ശിക്കഥകളിലേക്കും തലയ്ക്കൽ ചന്തുവിന്റെയും എടച്ചേന കുങ്കന്റെയും ധീരജീവിതങ്ങളിലേക്കും വർഗീസിന്റെയും രാമചന്ദ്രൻനായരുടെയും സംഭാഷണങ്ങളിലേക്കും അതു മുന്നേറുന്നു. അധിനിവേശ ഭരണകൂടങ്ങൾക്കും അധീശപ്രത്യയശാസ്ത്രങ്ങൾക്കുമെതിരെയുള്ള ഒളിപ്പോരുകളുടെ ചരിത്രഗാഥകളാണവ. ആനന്ദന്റെ രണ്ടാമത്തെ കാഴ്ച അടിമകേരളത്തിന്റെ അപനിർമ്മിതിയാണ്. പുലയരുടെ നരകയാതനകൾ. കടൽകടത്തിക്കൊണ്ടു പോയ അടിമകളുടെ ദുരിതപർവങ്ങൾ. ജാത്യടിമത്തത്തിന്റെ ഭീതിദചരിതം. ഗാന്ധി-അംബേദ്കർ വിമർശനത്തിലേക്കും ഡോക്ടറായ പുലയൻ നേരിടുന്ന വർണവിവേചനത്തിന്റെ പാഠങ്ങളിലേക്കും നീളുന്ന ആഖ്യാനം.

കമ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും മുൻനിർത്തിയുള്ളതാണ് മൂന്നാമത്തെ വഴി. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നടപ്പാക്കിയ നയങ്ങളുടെയും പരിപാടികളുടെയും പ്രതിലോമപാഠങ്ങൾ പലതും മറനീക്കുന്ന രാഷ്ട്രീയവിമർശനം. ഒപ്പം ഭൂപരിഷ്‌ക്കരണത്തിന്റെ നൈതികവിചാരണയും. കമ്യൂണിസത്തിൽനിന്ന് കഥകളിയിലേക്ക്. നോക്കുക:

'തൃപ്പൂണിത്തുറയിൽ കഥകളി. ഫാദറും ആനന്ദനും അമ്പലത്തിനടുത്തുള്ള അരമതിലിലിരുന്നു. ബകന്റെ തിരനോട്ടമാണ്. കണ്ണുകൾ ഉഗ്രചാപങ്ങളായിരിക്കുന്നു. കൈകളുടെ അയവുകളിൽ വനത്തിന്റെ ഹുങ്കാരം തിരതള്ളി. ഇത് ആഹാരത്തിന്റെ യുദ്ധമാണ്.

'ആഹാരത്തിനായുള്ളതുമാത്രമോ?' ആനന്ദൻ ആരാഞ്ഞു.

'അതെ, സോഷ്യൽ ഡാർവിനിസത്തിന്റെ മറ്റൊരദ്ധ്യായം ബകവധം'. ഫാദർ പ്രതിവചിച്ചു.

തിരനോട്ടം കഴിഞ്ഞു. ബകൻ തിരശ്ശീല വലിച്ചുമാറ്റി.

ബകന്റെ കണ്ണുകളിൽ കിട്ടാത്ത പഴങ്ങളെത്തേടിയുള്ള യാത്രാമിടിപ്പുകൾ.

ബകൻ ആടിത്തുടങ്ങി.
ഭീമൻ ശരീരമിളക്കിയാടി.

ആട്ടത്തിന്റെ അന്തരാത്മാവിൽ വിശപ്പിന്റെ വിത്തുകൾ ബീജം കൊണ്ടു.

'ഭക്തമൊടുങ്ങുവോളം നീ ഭുജിക്കെടോ
ചിത്തമതിൽ ഖേദമില്ല, നരാധമ!
കുക്ഷിയിലല്ലോ നിറയുന്നതന്നവും
ഭക്ഷിച്ചിടാം പുനരൊന്നിച്ച് നിന്നെയും'.

ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പദമാണ്. ആടിയുലയുന്ന ബകന്റെ ദേഹത്തിൽനിന്നും വീഴുന്ന വിയർപ്പുതുള്ളികൾ.

'ഇത് തെക്കന്മട്ടിലുള്ള കളിയാണച്ചോ. യുദ്ധപ്പുറപ്പാടാണ് കാണേണ്ടത്'. ആനന്ദൻ പറഞ്ഞു.

കുറുപ്പിന്റെ സംഗീതത്തിൽ ബകന്റെ സിരകളിലെ രക്തത്തിന്റെ ഓട്ടം വർദ്ധിച്ചു.

വിളക്കിന്റെ തിരി ചാഞ്ഞും ചരിഞ്ഞും അവരെ നോക്കി. ഭീമന്റെ ഹുങ്കാരം.

ഭീമനിൽ അഭൗമികശക്തിയൊന്നുമില്ല. അടവുമാത്രം.

കളി അടവിന്റേതാണ്.

'ബകർ കീചകനേക്കാൾ സമർത്ഥൻതന്നെ. ഫാദർ പറഞ്ഞു.

'രാമൻകുട്ടിയാശാന്റെ കീചകവേഷമെത്രയോ തവണ കണ്ടിരിക്കുന്നു. ബൃഹന്ദള തെക്കോട്ടാണ്. ശൂദ്രനായകന്മാർ ചെയ്തിരുന്ന വേഷമായിരുന്നത്'.

ഫാദർ കളിയിലെ താരതമ്യപഠനത്തിനൊരുക്കംകൂട്ടി.

'ഇവിടെ ജയിക്കുന്നതാരാണെന്നതല്ല; കളിയിലെ ആട്ടത്തിന്റെ ഭംഗിക്കാണ് നാം ശ്രദ്ധചെലുത്തുന്നത്'. ആനന്ദൻ പറഞ്ഞു.

'വക്ഷസ്സു പൊട്ടുമാറുളെളാരു മുഷ്ടികൾ
രക്ഷോവര നീ തടുക്കെടോ സംഗരേ!'
ഭീമൻ ബകനെ അടിക്കുമ്പോൾ കാടിളകുന്നു.
ചേങ്ങിലയിലവശേഷിച്ച പദത്തിന്റെയന്ത്യം.

ചെണ്ട പെരുകി.

മരണമറിയിക്കുന്ന കൊട്ടിന്റെ പെരുക്കങ്ങൾ.

കാലുകൾ വീണ്ടും വീണ്ടുമുറഞ്ഞ് അടിക്കുന്നു. ബകൻ അലറി മരിച്ചു വീഴുന്നു. പെരുത്തുവന്നെത്തിയ കാറ്റ് രണ്ടായ് പിളരുന്നു.

ഭീമന്റെ ശരീരത്തിൽ വിയർപ്പിൻകണങ്ങൾ അയാളുടെ നിശ്വാസങ്ങളെ കെട്ടിപ്പുണർന്നു. അയഞ്ഞ വസ്ത്രങ്ങൾക്കിടയിൽ ശരീരക്കാഴ്ച. ധർമ്മം വീണ്ടും ജയിച്ചെന്ന് മാളോര്. സ്തുതിപദത്തിനുള്ള ഒരുക്കമാണ് ഉണ്ണിക്കൃഷ്ണക്കുറുപ്പ്.

ഏകചക്രയിലേക്ക് വന്ന അതേ വണ്ടിയിൽ മടങ്ങുന്ന ഭീമസേനൻ.

പേശികളുടെ നിറവിൽ സംഗീതത്തിന്റെ അറിയാത്ത വക്ഷസ്സുകളുടെ ആരോഹണങ്ങൾ.

കളി വിശപ്പിന്റേതായിരുന്നു.

കളിക്കാരോ?

ഫാദറും ആനന്ദനും ഒരുമാത്ര എല്ലാമറിഞ്ഞിട്ടെന്നപോലെ പരസ്പരം നോക്കി'.

നക്‌സലിസത്തിന്റെയും അടിയന്തരാവസ്ഥയുടെയും നീണ്ട രാത്രികളുടെ ഓർമയാണ് മറ്റൊരു വഴി. നാടകവും കവിതയും കഥാപ്രസംഗവും പോലുള്ള സാംസ്‌കാരികപാഠങ്ങളുടെ രാഷ്ട്രീയജീവിതം ഇവയ്ക്കു സമാന്തരമായി രൂപം കൊള്ളുന്നു. മന്ത്രവാദത്തിന്റെ കേരളീയപാരമ്പര്യങ്ങളിലേക്കുള്ള ഒരു കൂടുവിട്ടു കൂടുമാറലാണ് പതിമൂന്നാമധ്യായം. കാളീപൂജയും ചാത്തൻസേവയും നടത്തുന്ന കുറ്റിക്കാട്ടുമഠത്തിന്റെ കഥ.

16, 18, 19, 20 അധ്യായങ്ങളിൽ ആനന്ദന്റെ വൈജ്ഞാനികാന്വേഷണങ്ങളുടെ കഥയാണുള്ളത്. തടവറയെയും ഭ്രാന്തിനെയും ലൈംഗികതയെയും കുറിച്ചുള്ള മിഷെൽ ഫൂക്കോയുടെ ചരിത്രനിർമ്മിതി ഓർമയിലെത്തിക്കുന്ന പാഠാന്തരാഖ്യാനങ്ങൾ. പുസ്തകങ്ങളിലൂടെയുള്ള സംസ്‌കാരപഠനത്തിന്റെ രീതിശാസ്ത്രം കൃഷ്ണനുണ്ണി സ്വീകരിക്കുന്നു. രോഗവും ഭ്രാന്തും വിസർജ്യവും ശ്മശാനവും ഫുട്‌ബോളും കേന്ദ്രീകരിക്കുന്ന സംവാദഭൂമികകൾ. കൊട്ടാരക്കരയിലെ തോട്ടികളുടെ ചരിത്രം മുതൽ ശവഭോഗത്തിന്റെ ശ്മശാനഭീകരതവരെ, സംസ്‌കാരത്തിന്റെ അബോധരാഷ്ട്രീയങ്ങളെ കണ്ടെടുക്കുന്ന ആഖ്യാനങ്ങളാണിവ. കളിക്കളത്തിൽ അപാരമായ ഏകാന്തതയ്ക്കടിപ്പെടുന്ന ഗോൾകീപ്പറുടെ കഥ മുതൽ ആത്മഹത്യയിൽ അഭയം കണ്ടെത്തിയ ബുദ്ധിജീവികളുടെ ജീവിതം വരെ. തീട്ടത്തിന്റെ തത്വചിന്തയെക്കുറിച്ചുള്ള വാൾട്ടർ ബൻയമിന്റെ നിരീക്ഷണം മുതൽ ഭ്രാന്തിന്റെ ഉൾക്കയങ്ങളെക്കുറിച്ചുള്ള വൈദ്യശാസ്ത്രത്തിന്റെ ചിന്തകൾ വരെ - പലതരം ചരിത്രജീവിതങ്ങളുടെ കാലിഡോസ്‌കോപ്പാണ് ഈയധ്യായങ്ങൾ.

അവസാന അധ്യായത്തിൽ ആനന്ദനും സാംസണും പരശുരാമനൊപ്പം സർനാശത്തിനു സാക്ഷ്യം വഹിക്കുന്നു. പ്രളയത്തിന്റെ നാളുകൾ. പ്രപഞ്ചത്തിന്റെ പ്രതികാരം. അഴിഞ്ഞുപോകുന്ന അഹന്തകൾ. ക്ഷയിക്കുന്ന പ്രതാപങ്ങൾ. ശിഥിലമാകുന്ന കോട്ട കൊത്തളങ്ങൾ.

മലബാറിൽ നിന്നാണ് ലളിത, മ്യൂസ്, സീമന്തൻ എന്നിവരുടെ യാത്രകളുടെ തുടക്കം എന്നു സൂചിപ്പിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണവർ. മലബാർകലാപത്തിന്റെ വാമൊഴി-പ്രാദേശിക ചരിത്രങ്ങളുടെ ചർച്ച. വർഗീയ ലഹളകളുടെ സാമൂഹ്യ നരവംശശാസ്ത്രവിശകലനം. മുത്തങ്ങ സമരത്തിന്റെ പോസ്റ്റ്‌മോർട്ടം. കല്ലറ-പാങ്ങോട് സമരങ്ങളുടെ കഥ.

പത്താമധ്യാത്തിൽ 'കേരളം: ഒരു ഡോക്യുമെന്റ' എന്ന പദ്ധതി വിഭാവനം ചെയ്യപ്പെടുന്നു. കാഫ്കയുടെ ഡയറിക്കുറിപ്പുകൾ മുതൽ കഥകളിയുടെ വർഗരാഷ്ട്രീയം വരെയുള്ളവ സൂചിതമാകുന്ന ലളിതയുടെ ഡയറിക്കുറിപ്പുകൾ. ചേറ്റുവയിലെ ഉത്ഖനനങ്ങൾ. മുസിരിസിന്റെ പുരാവൃത്തങ്ങൾ.

' 'അനുമാനങ്ങൾക്ക് പുരാതന ഏതൻസുമായി സാജാത്യങ്ങളുണ്ട്'. മ്യൂസ് ആകാശം നോക്കിക്കൊണ്ട് പറഞ്ഞുതുടങ്ങി. 'തർക്കത്തിന്റെയും വിതർക്കത്തിന്റെയും സ്ഥലമായിരുന്നു ഒരിക്കൽ ഏഥൻസ്. അവിടെ രാത്രി കഴിയുവോളം ഗോളങ്ങളിലേക്ക് കണ്ണുകളയച്ച്, ആയിരം അഷ്ടാവക്രങ്ങളിൽനിന്നും എണ്ണയും പാലുമെടുത്ത് ശരീരങ്ങൾ സമ്പുഷ്ടമാക്കിയ ചിന്തകരും യോദ്ധാക്കളും ഒരുപോലെ തർക്കങ്ങളിലിടപെട്ടിരുന്നു. അലക്‌സാണ്ടർ അയാളുടെ ദുഃഖങ്ങൾ കുതിരയോട് പങ്കുവെച്ചിരുന്നുവെന്ന കഥയുമുണ്ട്. അതിനെ പ്രണയമെന്നും മൃഗരതിയെന്നും സ്വയംഭോഗമെന്നുമെല്ലാം പിൽക്കാല ചിന്തകർ വിലയിരുത്തി. രാത്രികളിൽ നിലാവിന്റെ അവസാനത്തെ ചിരിയും സംസാരിക്കുന്ന ജിഹ്വകളിൽ അറിവിന്റെ ഹരിശ്രീ കുറിച്ചിരുന്നു. നിലാവൊടുങ്ങുന്നതോടൊപ്പം മയക്കത്തിലേക്കും മറവിയിലേക്കും മടങ്ങുന്ന ചിന്തകർ. സ്റ്റോയിക്കുകളും സിനിക്കുകളും. പ്‌ളേറ്റോ, അരിസ്റ്റോട്ടിൽ, ഡയോജനീസ്.... അവർ വെറും അനുമാനങ്ങളല്ല നിർമ്മിച്ചെടുത്തിരുന്നത്. കാര്യവും കാരണവും കൂടിയുള്ള ബന്ധങ്ങൾ കൂടിയായിരുന്നു. പ്രക്ഷുബ്ധവാതങ്ങളെ കീറിമുറിക്കുവാൻ പറ്റിയ കൽത്തടികളെ അവർ രൂപകല്പന ചെയ്തു. ഓരോ ആവൃത്തിയിലും കടൽ കീറിമുറിക്കേണ്ടതെങ്ങനെയെന്ന് അവർ ചിന്തിച്ചു'.

'ശരിയാണ്. അവർ തർക്കങ്ങളിലൂടെ പലതും നേടിയെടുത്തു. നമുക്കാരാണ് തർക്കത്തിനുണ്ടായിരുന്നത്? ശ്രീശങ്കരനും ശ്രീനാരായണഗുരുവും'. ലളിത സങ്കോചത്തോടെ പറഞ്ഞു.

'അതിനോടെനിക്ക് യോജിക്കാനാവുന്നില്ല. ഗുരുവിന്റെ വാസ്തവത്തിൽ തർക്കമായിരുന്നോ? പ്രസ്താവനകൾ ആയിരുന്നില്ലേ? അതിനായി അദ്ദേഹം ശങ്കരന്റെ സിദ്ധാന്തങ്ങളെയും പഠിച്ചുകാണണം. ആദ്യമായി ശിവപ്രതിഷ്ഠ നടത്തിയ മറ്റൊരു ഈഴവൻ ഗുരുവിനും മുൻപുണ്ടായിരുന്നു. ആറാട്ടുപുഴ വേലായുധപ്പണിക്കർ. അച്ചിപ്പുടവ നെയ്തിരുന്ന തിരുവിതാംകൂറിലെ ഈഴവസ്ത്രീകൾക്ക് അതുടുക്കുവാനുള്ള അധികാരമുണ്ടായിരുന്നില്ല. കായംകുളം അങ്ങാടിയിൽവെച്ച് ഒരു പുരുഷൻ ഒരു ഈഴവസ്ത്രീ അച്ചിപ്പുടവയുടുത്ത് നടന്നപ്പോൾ, അവളെ മാനഭംഗപ്പെടുത്തി. അയാളവളുടെ തുണി വലിച്ചുകീറി. ആ സംഭവം നടന്നതിനുശേഷം പണിക്കർ രോഷാകുലനായി അച്ചിപ്പുടവ എല്ലാ ഈഴവസ്ത്രീകൾക്കും കൊടുത്തു. സ്വർണ്ണത്തിന്റെ മൂക്കുത്തി ഇട്ടൊരു സ്ത്രീ കായംകുളം അങ്ങാടിയിൽവെച്ച് ആക്രമിക്കപ്പെട്ടു. സവർണ്ണർ അവരുടെ മൂക്കുത്തി പറിച്ചെടുത്തു. ആ സംഭവത്തിനുശേഷം പണിക്കർ ഒരു കിഴി നിറയെ മൂക്കുത്തികൾ വാങ്ങി എല്ലാ ഈഴവസ്ത്രീകളോടും അതിടുവാൻ പറഞ്ഞു. 1852-ൽ ഇടയ്ക്ക് ജ്ഞാനക്ഷേത്രത്തിലാണ് പണിക്കർ ശിവപ്രതിഷ്ഠ നടത്തിയത്. ചാത്തൻ, ചാമുണ്ഡി, പൂതത്താൻ, ചുടലമാടൻ എന്നിവരെയെല്ലാം അദ്ദേഹം പ്രതിഷ്ഠയിലൂടെ അന്യമാക്കി. ചേർത്തലയിൽ തലക്കരം ഒഴിവാക്കാൻ ഒരു ഈഴവസ്ത്രീ അവളുടെ മുലയറുത്ത് മച്ചിങ്ങയുടെ തോടെടുത്തു വെച്ചുവെന്നും കേട്ടിട്ടുണ്ട്. ങാ... ഞാൻ പറഞ്ഞുവന്നത് അനാചാരങ്ങളെ തർക്കവിതർക്കത്തിന്റെ വഴികളിലൂടെയല്ലാതെ എങ്ങനെ മാറ്റിത്തീർക്കാമെന്നാണ്. ആറാട്ടുപുഴ പണിക്കരുമായി താരതമ്യം ചെയ്യുമ്പോൾ ഗുരുവിന്റെ രീതി വളരെ വ്യത്യസ്തമായിരുന്നു. ഗുരു വർത്തമാനത്തിലുറച്ചുനിന്നാണ് ഒരേ ജാതി, ഒരേ മതം, ഒരേ ദൈവം മനുഷ്യനെന്ന് പറഞ്ഞത്. അതിനുള്ളിൽ സംയമനത്തിന്റെ ശീലുകളുണ്ടായിരുന്നെങ്കിലും എതിർപ്പിന്റെ ക്രൂരമുനകളോ മറക്കാനാകാത്ത ഭൂതകാലത്തിലേക്കുള്ള എത്തിനോട്ടങ്ങളോ ഉണ്ടായിരുന്നില്ല. ശങ്കരൻ തർക്കത്തിലൂടെ സംഘമുണ്ടാക്കി. ഗുരു സംയമനത്തിലൂടെയും' '.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയവിമർശനമാണ് പതിനാലാമധ്യായത്തിന്റെ ഉള്ളടക്കം. ഭൂമി മുതൽ ഭരണകൂടം വരെ. നാടകം മുതൽ നന്ദിഗ്രാം വരെ. വിമോചനസമരം മുതൽ ആഗോളവൽക്കരണം വരെ - ഇടതുകേരളത്തിന്റെ ചരിത്രാപഭ്രംശങ്ങളുടെ കഥ... കയ്യൂർ സമരകഥയെഴുതുമ്പോൾ പരാജിതരുടെ ചരിത്രമെഴുത്താണ് സംവാദമായി വികസിക്കുന്നത്.

'കയ്യൂരിന്റെ ചരിത്രം. പുരുഷസങ്കല്പങ്ങളുടെ വിപ്ലവമല്ലാതെ മറ്റു വല്ലതുമാണോ? കൊലമരത്തിൽനിന്നും രക്ഷപ്പെട്ട ചൂരിക്കാടൻ കൃഷ്ണൻനായരുടെ ഓർമ്മകൾക്കുള്ളിൽ തടവറയിലെ കാഹളങ്ങൾക്ക് പ്രസക്തിയേറെയുണ്ട്. അപ്പുവും അബൂബക്കറും ചിരുകണ്ടനും കുഞ്ഞമ്പുനായരുമെല്ലാം മുദ്രാവാക്യങ്ങൾ മുഴക്കുന്നത് അദ്ദേഹം കേൾക്കുന്നുണ്ടായിരുന്നു. 1942 ഫെബ്രുവരിയിൽ വിധി പ്രഖ്യാപിച്ചപ്പോൾ അഞ്ചുപേർക്ക് വധശിക്ഷ ലഭിച്ചു. കൃഷ്ണൻനായർക്ക് പ്രായപൂർത്തി ആവാത്തതിനാൽ ജയിലിലടയ്ക്കപ്പെട്ടു. സംഘങ്ങളെ അകറ്റുവാൻ ജയിലിനുള്ളിൽ പ്രത്യേകം മുറകളിലടയ്ക്കപ്പെട്ടു അവരോരോരുത്തരും. കണ്ണൂർ ജയിലിൽ കൊലയുടെ തലേന്നാൾ ആരും ഉറങ്ങിക്കാണില്ല. ജയിൽപ്പുള്ളികൾക്ക് ഒരു വിചാരമേയുള്ളൂ. ഇനിയെത്ര നാളെന്നുമാത്രം. ഒരുപക്ഷേ, കൊലക്കയർ മുറുക്കുവാൻ, അതുമല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ ജീവിതമൊടുക്കുവാൻ. അതുവരെയുള്ള അവരുടെ ഓരോ നിമിഷവും ജീവിച്ചുതീർക്കലിന്റേതാണ്. ജയിലഴികൾക്കും ഭാഷയുണ്ട്. ചുവരുകൾക്കും വികാരമുണ്ട്. കൊലമരത്തിലേക്കു കൊണ്ടുപോകും മുൻപ് സഖാക്കളുടെ കണ്ഠങ്ങളിൽനിന്നും ഇങ്ക്വിലാബ് സിന്ദാബാദ് ഉയർന്നു. അവർക്കാർക്കെങ്കിലും രക്ഷപ്പെടണമെന്ന് തോന്നിയിരുന്നോ? ചോദ്യങ്ങളിൽ വലിയ കഴമ്പില്ലെന്നെനിക്കറിയാം. എങ്കിലും ചോദിച്ചുപോകുന്നു. വെറുതെ.

കയ്യൂരിലെ രക്തസാക്ഷിമണ്ഡപത്തിൽ പാർട്ടി നേതാക്കൾ ഇന്നലെ പുഷ്പാർച്ചന നടത്തുന്നതു കണ്ടപ്പോൾ മനസ്സ് അറിയാതെ ചോദിച്ചുപോയതുകൊലചെയ്യപ്പെട്ടവരുടെ അമ്മമാരെയും പെങ്ങമ്മാരെയും കുറിച്ചാണ്. കണ്ണൂർ ജയിലിലെ കൊലമരമേറും ദിവസത്തിനുമുൻപുവരെ അവരുടെ കുടുംബങ്ങളിലെ സ്ത്രീപീഡനങ്ങളെക്കുറിച്ച് ഒരു മണ്ഡപത്തിലും അർച്ചനയുണ്ടാകുന്നില്ലല്ലോ. ഓരോ സ്ത്രീയും സ്വയം കൊലമരത്തിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നില്ലേ? പറയൂ മ്യൂസ്, ഇവിടെ പരാജിതരാരാണ്? കൊലമരത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട അഞ്ചുപേരോ അതോ അവരെ അങ്ങോട്ടു നയിച്ച മറ്റു പ്രതിഭാസമോ...?

നാമിനിയുമറിയേണ്ട കാര്യങ്ങളുണ്ട്. പരാജിതരുടെ ചരിത്രരചനയിൽ. ജനങ്ങൾ ഓടിച്ചിട്ട് പുഴയിൽച്ചാടി നീന്തുവാൻ പരാജയപ്പെട്ട് മരണമടഞ്ഞ സുബ്ബരായനെന്ന പൊലീസുകാരനേയും അയാളുടെ കുടുംബത്തെയും നാമേതു ശ്രേണിയിൽ പെടുത്തും? സുബ്ബരായൻ അധികാരത്തിന്റെ ഭാഗമായിരുന്നെങ്കിൽ, അയാളുടെ കുടുംബക്കാരോ? മുദ്രാവാക്യങ്ങളിലൂടെയും ഇൻക്വിലാബുകളിലൂടെയും എഴുതപ്പെടുന്ന ചരിത്രത്തിന് കാലഗണന കല്പിക്കുന്നത് അസംബന്ധമാണെന്നു തോന്നുന്നു. കയ്യൂരുപോലെ എത്രയോ സംഭവങ്ങൾ ബൊളീവിയായിലും പരാഗ്വെയിലും ഗ്വാത്തിമാലയിലുമെല്ലാമായി നടന്നുകൊണ്ടിരിക്കുന്നു'.

ചേന്ദമംഗലത്തെ കൈത്തറിയുടെ കഥ പറയുമ്പോൾ ഈ സംവാദം കുറെക്കൂടി ചരിത്രാത്മകമാകുന്നു.

ദക്ഷിണേന്ത്യൻ കലാചരിത്രത്തിന്റെ ഭൂതാവേശങ്ങൾ മുൻനിർത്തി വരേണ്യ-കീഴാള കലാസങ്കല്പനങ്ങൾ ചർച്ചക്കെടുക്കുന്നു, പതിനേഴാമധ്യായം. ഗുഹാചിത്രങ്ങൾ മുതൽ ബിനാലെ വരെ. രവിവർമ മുതൽ ചോളമണ്ഡലം വരെ.

വെള്ളിത്തിരയുടെ പ്രലോഭനത്തിൽ കോടമ്പാക്കത്തേക്കു വണ്ടികയറിയ പെൺകുട്ടികളുടെ കഥയിൽനിന്ന് മാംസവ്യാപാരത്തിന്റെയും കുറ്റവാളികളുടെയും അധോലോകങ്ങൾ രൂപംകൊണ്ട കഥ പറയുന്നു, മറ്റൊരധ്യായം. ഇടുക്കിയുടെ ഇതിഹാസം മുതൽ ശബരിമലയുടെ ചരിത്രം വരെ ഇതൾവിടരുന്നു, മറ്റു രണ്ടധ്യായങ്ങളിൽ.

നിശ്ചയമായും ചരിത്രത്തിന്റെ രാഷ്ട്രീയം നിർവചിക്കുന്നതിലും നോവലിന്റെ കല നിർണയിക്കുന്നതിലും പുലർത്തുന്ന ജാഗ്രതയും സൂക്ഷ്മതയും 'കേരളം: ഒരു ഡോക്യുമെന്റ'യെ ശ്രദ്ധേയമായ ഒരു സാംസ്‌കാരിക പാഠമാക്കി മാറ്റുന്നു. മലയാളത്തിൽ നോവലെഴുത്തിന്റെ കല കൈവരിക്കുന്ന മാറ്റങ്ങളെ ചരിത്രവിജ്ഞാനീയപരമായ അതികഥനങ്ങളാണ് ഏറ്റവും കൃത്യമായി അടയാളപ്പെടുത്തുന്നത് എന്നു തെളിയിക്കുന്നുമുണ്ട് ഈ പുസ്തകം.

നോവലിൽ നിന്ന്:-

'ദക്ഷിണേന്ത്യയിലെ ചാലിയാന്മാർ എത്തിച്ചേർന്നിടങ്ങൾ നോക്കൂ. വ്യത്യസ്തമായ കാലഗണന അതു നമുക്ക് നൽകാതിരിക്കില്ല. ചേന്ദമംഗലത്ത് ആദ്യമായിട്ടെത്തിയ നെയ്ത്തുകാർ വിഗ്രഹാരാധകരായിരുന്നില്ല. അവർ കർണ്ണാടകത്തിന്റെ ഉള്ളറകളിൽനിന്നും ഇങ്ങോട്ടു വന്നവരാണ്. വാമൊഴിയിലൂടെ കേട്ടറിഞ്ഞവമാത്രം പരിശോധിച്ചാൽ അവർ തടിച്ചു കുറുകിയ കുള്ളന്മാരായിരുന്നുവെന്ന് മനസ്സിലാക്കാം. തീരപ്രദേശങ്ങളാണ് അവർ ലാക്കാക്കിയിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ കൊച്ചീരാജാവിന്റെ മന്ത്രിമാരായിരുന്ന പാലിയത്തച്ചന്മാർക്ക് കപ്പം കൊടുത്തിരുന്നത്രെ. ഗുണശേഖരനെന്നും ആനന്ദബിംബനെന്നുമുള്ള രണ്ടുപേരായിരുന്നു കൈത്തറിയുടെ ദക്ഷിണേന്ത്യയിലെ പ്രഥമ ബിസിനസ്സുകാർ. അവർ വൈഷ്ണവഭക്തരായിരുന്നു. നല്ല നേർമ്മയുള്ള മുണ്ടുകൾ നെയ്തുകൊണ്ടുവന്നിരുന്ന അവരെ പാലിത്തച്ചന്മാർക്ക് ഇഷ്ടമായി. ഇതേസമയം കൈത്തറിയിൽ നിരവധി പരീക്ഷണങ്ങൾ തിരുവനന്തപുരത്ത് ചാലിയാന്മാർ ചെയ്തുകൊണ്ടിരുന്നു. എന്തുകൊണ്ടോ ചേന്ദമംഗലത്തെത്തിയവരിൽ ആരുംതന്നെ തിരുവനന്തപുരത്തേക്ക് നീങ്ങുവാൻ കൂട്ടാക്കിയില്ല. അവർക്ക് പുഴയും കായലുമടങ്ങുന്ന തീരഭൂമി സ്വർഗ്ഗമായിരുന്നിരിക്കണം. ക്രമേണ അവരുടെ ബിസിനസ്സിന്റെ വർദ്ധനവിനുവേണ്ടിയാകണം ഈഴവരിൽ വലിയൊരു വിഭാഗം ഈ തൊഴിലിലേക്ക് കടന്നുവന്നത്. അവർക്ക് തൊഴിൽ ഉപജീവനത്തിനപ്പുറം കലയായി മാറിക്കഴിഞ്ഞിരുന്നു. പിന്നീട് അവരിൽ പലരും ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനവുമായി കൂറുപുലർത്തുകയും സ്വാതന്ത്ര്യസമരസേനാനികളാവുകയും ചെയ്തു. ചേന്ദമംഗലത്തിന്റെ ചരിത്രത്തിൽ കൈത്തറിയുടെ സ്വാധീനം കഴിഞ്ഞ നൂറ്റാണ്ടിൽ ചെറുതായിരുന്നില്ല. ഒരുവശത്ത്, തികഞ്ഞ അദ്ധ്വാനത്തിലൂടെ പുതിയ കരകളും നീലം മുക്കി വെളുപ്പിച്ചെടുക്കുന്ന വെൺമയും കൊണ്ടുവന്ന് കൈത്തറി മലയാളികളുടെ സാഫല്യമായപ്പോൾ, മറുവശത്ത് അനേകം വീടുകൾക്കുള്ളിൽ ചർക്കയിലൂടെ വലിഞ്ഞിഴയുന്ന നൂലുകളുടെ രീതിശാസ്ത്രം മെനഞ്ഞെടുക്കുകകൂടിയാണതു ചെയ്തത്. എന്നാലും അപൂർവ്വം ഈഴവഗൃഹങ്ങളിലേ നല്ല മുണ്ടും നേര്യതുമെല്ലാം ഏതാണ്ടൊരു അറുപതു വർഷക്കാലത്തോളം കടന്നെത്തിയിരുന്നുള്ളൂ. മറ്റുള്ളവരൊക്കെ ഒറ്റമുണ്ടും തോർത്തും ധരിക്കുന്നവരായി മാറി. ജാതിയുടെ നെടുകെയും കുറുകെയും വിള്ളലുകൾ വീണു. പുലക്കുടിലുകളിലും പറയ-ഉള്ളാട കുടിലുകളിലുമുള്ളവർ മേൽമുണ്ടു ധരിക്കാതെ വേണമായിരുന്നു പണിക്കുപോകുവാൻ. ഒരു തീയ്യൻ ധരിക്കുന്ന മുണ്ടിന്റെ നിറവും സ്വഭാവവും നായർ പ്രമാണിക്ക് ദഹിക്കുന്നതായിരുന്നില്ല. നസ്രാണിയാണെങ്കിലോ, പ്രാമാണ്യം കാട്ടുവാൻ ഇരുകരയുള്ള മുണ്ടേ വാങ്ങുമായിരുന്നുള്ളൂ. ബ്രഹ്മദത്തനെന്നൊരാൾ 1940-കളിൽ ചേന്ദമംഗലത്തെ നെയ്ത്തുസംഘങ്ങളെ സന്ദർശിച്ചിരുന്നു. നാടുകൾ ചുറ്റിക്കറങ്ങുന്ന വൈഷ്ണവഭക്തനായിരുന്നു അയാൾ. ജനനം കർണ്ണാടകത്തിലും. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും അയാൾക്ക് നല്ല പ്രാവീണ്യമുണ്ടായിരുന്നു. തിരുവാതിരനാളുകളിൽ നായർ തറവാട്ടിലെ സ്ത്രീകൾക്ക് നേർത്ത കരയുള്ള കൈത്തറികൊണ്ടുള്ള ഗുണമെന്തായിരുന്നെന്നും അതേ നാളിൽ പുലക്കുടിലുകളിലെയും ചില ഈഴവകുടുംബങ്ങളിലെയും വീട്ടുകാർ ഒരു നല്ല മുണ്ടുപോലും ഉടുക്കാനില്ലാതെ നിലവിളിച്ചിരുന്നതിനെക്കുറിച്ചും അയാളെഴുതുന്നുണ്ട്. നായർ പ്രമാണിമാരുടെ ആഢ്യത്തം അറിയിക്കുന്ന മേൽമുണ്ടും അധികാരം വിളിച്ചറിക്കുന്ന മീശയുമെല്ലാം നാടുവാഴിത്തമ്പുരാക്കന്മാരുടെ പാരമ്പര്യത്തിന്റെ തുടർച്ചയായിരുന്നു. പാലിയത്തച്ചന്മാർ പിന്നീട് പലതിനോടും തോറ്റുകൊടുക്കേണ്ടിവന്നതിനെക്കുറിച്ചും സന്ധിചെയ്യേമ്ടതിനെക്കുറിച്ചുമെല്ലാം അയാളെഴുതുന്നുണ്ട്. കൈത്തറി തൊഴിലാക്കിയ ഈഴനഗൃഹങ്ങളിലെ ചെറുപ്പക്കാരും മദ്ധ്യവയസ്‌കരും മുണ്ടുകൾ നെയ്തവ അടങ്ങിയ ഭാണ്ഡങ്ങൾ തലയിൽ കയറ്റി രാവിലെ വരിവരിയായി പോകുന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ കാഴ്ചതന്നെയായിരുന്നു.

ജാതിക്കോമരങ്ങളാകുവാൻ ചേന്ദമംഗലത്തെ നെയ്ത്തുകാർ തയ്യാറായില്ല. ഈഴവർ സംഘടിപ്പിച്ച് അവരുടെ ആവശ്യങ്ങൾക്കായി പൊരുതുന്ന വർഗ്ഗചരിത്രം ചേന്ദമംഗലത്തുണ്ടായിട്ടില്ല. എല്ലാ മതവിഭാഗങ്ങൾക്കും വേണ്ടി മുണ്ടുകൾ നെയ്യുന്നവരായിരുന്നു ഇവർ. അവസാനം ഈ ഗ്രാമത്തിലവശേഷിച്ച യഹൂദനെന്നറിയപ്പെട്ട പാമ്പൻയഹൂദനും ഇന്ന് ഇവിടം വിട്ട് പോയിരിക്കുന്നു.

നെയ്ത്തും കൊയ്ത്തും ഒരുപോലെ സമൃദ്ധമായ വഴികളായിരുന്നു കോട്ടയിൽകോവിലകത്തേക്കുള്ളത്. ഈഴവർ നെയ്ത മുണ്ടുകളോ തലപ്പാവുകളോ തൊപ്പികളോ ധരിച്ച യഹൂദപ്പിളേളരെ വിരട്ടിയിരുന്നവരായിരുന്നു സ്‌കൂളിലെ നസ്രാണികളും നായർപ്പിളേളരും. പാലിയം സത്യാഗ്രഹത്തിനുമുൻപുള്ള കാലങ്ങളിൽ അവരുടെ പ്രതാപമേ ഉണ്ടായിരുന്നുള്ളൂ. ബൈസാന്റിയത്തിന്റെ പതനത്തോടെ ലോകത്തിലെ പല ഭാഗങ്ങളിലേക്കും ചിതറിത്തെറിച്ച യഹൂദർ ചേന്ദമംഗലത്തെത്തിയപ്പോൾ അവർ അവിടുത്തെ സാംസ്‌കാരിക തനിമയെക്കുറിച്ച് ഓർത്തിരിക്കാൻ വഴിയില്ല. കോട്ടയിൽ കോവിലകത്തുള്ള സിനഗോഗിൽ ശാന്തിയുടെ ചരിത്രമിപ്പോഴുമുണ്ട്. ആട്ടെ, പറഞ്ഞുവന്നത് കൈത്തറിയെക്കുറിച്ചല്ലേ? ചാലിയന്മാരുടെ ചരിത്രത്തിന് പിന്നെന്തു സംഭവിച്ചുവെന്ന് അറിയില്ലെങ്കിലും, ബ്രഹ്മദത്തനുൾപ്പെടെയുള്ള നാടോടികളുടെ കഥകളിലൂടെ അവർ ജീവിച്ചുകൊണ്ടേയിരിക്കുന്നു. ചേന്ദമംഗലത്ത് പിന്നീട് സ്ഥാപിതമായ കൈത്തറിസംഘം ലോകപ്രസിദ്ധമാവുകയും മുണ്ട് സാംസ്‌കാരിക ചിഹ്നമായി മാറുകയും ചെയ്തു. സുഹൃത്തുക്കളേ, ഇവിടെ ഓർത്തിരിക്കേണ്ട രസകരമായൊരു രസതന്ത്രമുണ്ട്. മുണ്ടിന്റെ രസികത്വം അഥവാ അതിന്റെ ട്രാൻസ്പരൻസി അതിന്റെ ശരീരത്തിന്റെ ആകൃതിക്കും വിന്യാസത്തിനുമുള്ള ഭൂപടമായി മാറ്റുകയാണുണ്ടായത്. ഷർട്ടും കോളറുമൊന്നുമില്ലാത്ത, ടൈ കെട്ടാത്ത വിദേശപുരുഷമാതൃകയല്ലെങ്കിലും, ഈ കൈത്തറിത്തൊഴിലാളികളുടെ നിതാന്തപരിശ്രമം കൊണ്ട് തുണിയെ നൈർമല്യത്തിലൂടെ ഒരുതരം ലൈംഗികമാതൃകയാക്കുകയാണ് ഉണ്ടായത്. ഏതു പാലിയത്തച്ചനായിരിക്കാം വേളികളെക്കുറിച്ചും പുടവ കൊടുക്കുന്നതിനെക്കുറിച്ചുമെല്ലാം സ്വപ്നങ്ങൾ കാണാതിരുന്നിട്ടുള്ളത്? ഉടുക്കുവാൻ മുണ്ടുകളില്ലാതിരുന്ന കുടുംബങ്ങളാകാം ഇവിടെ പരാജിതർ. അവരും പരാജിതരല്ല. അവരും അവരുടെ സ്വപ്നങ്ങളിൽ നെയ്യുന്നുണ്ടായിരിക്കണം. നെയ്ത്തും സ്വപ്നവും തമ്മിലുള്ള ബന്ധം നോക്കൂ. നെയ്ത്ത് സ്വബോധത്തോടെ നാം ചെയ്യുന്ന പ്രവർത്തനമാണ്. കൂലിക്കും ആഗ്രഹത്തിനും വേണ്ടി നെയ്യുന്നു. ചായം മുക്കുന്നു. വീണ്ടും നെയ്യുന്നു. സ്വപ്നങ്ങളും ഒരർത്ഥത്തിൽ നെയ്തുണ്ടാക്കപ്പെടുന്നവയാണ്. നമ്മുടെ അബോധത്തിൽ നടക്കുന്ന നെയ്ത്ത്.

പാലിയത്തച്ചന്മാരുടെയും സംഗീതവിദ്വാന്മാരുടെയും ഇതര വർഗ്ഗങ്ങളുടെയുമെല്ലാം ചരിത്രമുറങ്ങിക്കിടക്കുന്ന ചേന്ദമംഗലത്ത് നെയ്ത്തുകാരുടെ വർഗ്ഗസമരമൊരിക്കലുമുണ്ടായിട്ടില്ല. അവരിപ്പോഴും അവരുടെ തൊഴിൽ തുടരുന്നു. പാലിയം സത്യാഗ്രഹത്തിനും മുൻപ് സ്വപ്നങ്ങളിൽ അവരുടെ ഉടുതുണി നെയ്തിരുന്നവരുണ്ടല്ലോ, ആതിരയും തിരുവാതിരയും വിഷുവും പൊന്നോണവും ചൈത്രവുമെല്ലാം സ്വപ്നം കണ്ടിരുന്നവരുണ്ടല്ലോ, അവരാണിവിടുത്തെ പരാജിതർ. തീണ്ടാരങ്ങളും കീഴ്മാടക്കാരുമടങ്ങുന്ന അനേകമാളുകൾ അതിലുണ്ട്. ഇവിടെ കാലഗണന ഓർമ്മകളിൽനിന്നും ഓർമ്മിക്കപ്പെടാത്തതിലേക്കുള്ള മടക്കമാണ്'.

കേരളം: ഒരു ഡോക്യുമെന്റ
പി. കൃഷ്ണനുണ്ണി
സാഹിത്യപ്രവർത്തക സഹകരണസംഘം
2018, വില: 240 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP