Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിംസയുടെ സിംഫണികൾ

ഹിംസയുടെ സിംഫണികൾ

ഷാജി ജേക്കബ്‌

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'പതിനെട്ടു കവിതകൾ' ആധുനിക മലയാളകവിതയുടെ ഭാവുകത്വം വഴിതിരിച്ചുവിട്ടതെങ്ങനെയോ അങ്ങനെയാണ് എസ്. ഹരീഷിന്റെ പതിനെട്ടുകഥകൾ ആധുനികാനന്തര മലയാളകഥയുടെ ലാവണ്യരാഷ്ട്രീയത്തിൽ ഇടപെട്ടത്. തന്റെ പത്തൊൻപതാം വയസ്സിലെഴുതിയ 'യാത്രാമൊഴി' തൊട്ട് നാലുവർഷം കൊണ്ടു രചിച്ച 18 കവിതകളാണ് 1980ൽ പ്രസിദ്ധീകരിച്ച സമാഹാരത്തിൽ ബാലചന്ദ്രൻ ഉൾപ്പെടുത്തിയത്. 1998 മുതലുള്ള ഇരുപതുവർഷം കൊണ്ടാണ് ഹരീഷ് പതിനെട്ടു കഥകളെഴുതിയത്. 'അപ്പൻ' ഹരീഷിന്റെ പതിനെട്ടാമത്തെ കഥയാണ്. ജാതിമലയാളിയുടെ ഹിംസാത്മകമായ ചരിത്രാനുഭവങ്ങളും തൃഷ്ണാഭരിതമായ ജീവിതാനുഭവങ്ങളുമാണ് ഹരീഷിന്റെ കഥകളുടെ കലയും പ്രത്യയശാസ്ത്രവും നിർണയിക്കുന്നത്. എൻ.എസ്. മാധവനുശേഷം മലയാളത്തിലുണ്ടായ ഏറ്റവും മികച്ച രണ്ടു കഥാകൃത്തുക്കളിലൊരാളായി ഹരീഷിനെ കാലം സാക്ഷ്യപ്പെടുന്നതിനു കാരണവും മറ്റൊന്നല്ല. സാമൂഹ്യചരിത്രവും മനുഷ്യജീവിതവും തമ്മിലിണക്കുന്നതിന്റെ മാന്ത്രികകലയിൽ മലയാളം കൈവരിച്ച ഏറ്റവും ദൃഢമായ പാഠമാതൃകകളാണ് അവയിൽ മിക്കതും.

1990-നുമുൻപ് കഥയെഴുത്താരംഭിച്ച പല തലമുറകളിൽ പെട്ടവർ 2019-ലും രചന തുടരുന്നുണ്ട്. 1950-കളുടെ കഥാകൃത്തായ ടി. പത്മനാഭൻ പോലും 2018-ൽ കഥയെഴുതി, സമാഹാരവും പ്രസിദ്ധീകരിച്ചു ('മരയ'). എം. മുകുന്ദൻ, സക്കറിയ, സേതു തുടങ്ങിയ 1960-കളുടെ കഥാകൃത്തുക്കളും എഴുത്തിൽ സജീവമാണ്. '70-കളിലെയും '80-കളിലെയും എഴുത്തുകാരും അരങ്ങിലുണ്ട്. അവരിൽ ചിലരായ എൻ. പ്രഭാകരൻ, എൻ.എസ്. മാധവൻ, സാറാജോസഫ്, അംബികാസുതൻ, സുരേന്ദ്രൻ, അഷ്ടമൂർത്തി, അശോകൻ, സി.വി. ബാലകൃഷ്ണൻ, അയ്മനം ജോൺ എന്നിവരൊക്കെ ഈ ദശകത്തിലും കഥയെഴുതുന്നുണ്ടെങ്കിലും മലയാളചെറുകഥയെ ഭാവുകത്വപരമായി നവീകരിക്കാൻ കഴിഞ്ഞത് '60-കളിൽ എഴുത്താരംഭിച്ച ആനന്ദിനു മാത്രമാണ് (അയ്മനം ജോൺ പുനർവായിക്കപ്പെട്ടു എന്നതാണ് ഈയടുത്ത വർഷങ്ങളിലെ ശ്രദ്ധേയമായ വസ്തുതകളിലൊന്ന്. മറ്റൊന്ന്, 'ഈ.മ.യൗ. എന്ന തിരക്കഥയ്ക്കുശേഷം പി.എഫ്. മാത്യൂസിന്റെ ചാവുനിലം എന്ന നോവലിനും കഥകൾക്കും കൈവന്ന സ്വീകാര്യതയും). വിഷ്ണു, കണ്ണുകൾ തുറന്നുകൊണ്ട് മരിച്ചുപോകുന്നവർ, വിദ്യാപതിയുടെ കാലവും ജീവിതവും, ഇന്ദ്രിയകഥകൾ (കാഴ്ച, കേൾവി, രുചി, ഗന്ധം, സ്പർശം) എന്നിങ്ങനെ ആനന്ദ് ഈ കാലത്തെഴുതിയ പല കഥകളും ഉദാഹരണമാണ്.

കാലപരമായി എഴുത്തിൽ വൈകിയെത്തിയ പി.ജെ.ജെ. ആന്റണിയുടെ നാലു കഥാസമാഹാരങ്ങൾ 2009-നു ശേഷമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പിതൃക്കളുടെ മുസോളിയം; ഭ്രാന്ത്: ചില നിർമ്മാണരഹസ്യങ്ങൾ; വരുവിൻ നമുക്കു പാപം ചെയ്യാം; വെടിമരുന്നിന്റെ മണം എന്നിവ.

വി. ജയദേവ് (ഭയോളജി), ജയൻ രാജൻ (യാങ്കീ), വി.ജെ. ജയിംസ് (കഥകൾ, പ്രണയോപനിഷത്ത്, കഥകൾ), ഇന്ദുമേനോൻ (പഴരസത്തോട്ടം), കെ. ആർ. മീര (ഭഗവാന്റെ മരണം), പി.എഫ്. മാത്യൂസ് (കഥകൾ, പതിമൂന്നു കടൽക്കാക്കകളുടെ ഉപമ), ആർ. ഉണ്ണി (ലീല), സന്തോഷ് ഏച്ചിക്കാനം (ബിരിയാണി), എസ്. ഹരീഷ് (ആദം, അപ്പൻ), ഇ. സന്തോഷ്‌കുമാർ (കഥകൾ, ചിദംബര രഹസ്യം, ഒരാൾക്ക് എത്ര മണ്ണുവേണം?, നാരകത്തിന്റെ ഉപമ), ജി.ആർ. ഇന്ദുഗോപൻ (അമ്മിണിപ്പിള്ള വെട്ടുകേസ്), കെ.എ. സെബാസ്റ്റ്യൻ (കഥകൾ, തങ്കം) എന്നിവരും ഇക്കാലത്ത് രചനയിൽ സജീവമായി.

നോവലിൽ കെ.ആർ. മീരയും ബന്യാമിനും ദേശീയതലത്തിൽ ശ്രദ്ധ നേടിയെങ്കിലും കഥയിൽ അവരുടെ ഇടപെടൽ അത്രമേൽ ശ്രദ്ധിക്കപ്പെട്ടില്ല. ഉണ്ണിയുടെയും ഏച്ചിക്കാനത്തിന്റെയും ഒറ്റപ്പെട്ട ചില കഥകളൊഴിച്ചാൽ ഇക്കൂട്ടത്തിൽ വേറിട്ടുനിന്ന രചനകൾ ആന്റണിയുടേതും സന്തോഷ്‌കുമാറിന്റേതും ഹരീഷിന്റേതുമാണ്. പുതിയ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ മലയാളകഥയിൽ രംഗപ്രവേശം ചെയ്ത, ഇനിപ്പറയുന്ന എഴുത്തുകാരെപ്പോലെയോ അതിലധികമോ മൗലികമായി ഇവർ തങ്ങളുടെ രചനാജീവിതം മുന്നോട്ടുകൊണ്ടുപോയി. ആന്റണിയുടെ നാലും സന്തോഷ്‌കുമാറിന്റെ മൂന്നും ഹരീഷിന്റെ രണ്ടും കഥാസമാഹാരങ്ങൾ ഇതിനു തെളിവാണ്.

പുതിയ ദശകത്തിൽ ഏഴു കഥാകൃത്തുക്കളാണ് തങ്ങളുടെ രചനകളിലൂടെ മലയാളചെറുകഥയുടെ സൗന്ദര്യ-രാഷ്ട്രീയ മണ്ഡലത്തിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയിട്ടുള്ളത്. വി എം. ദേവദാസ് (അവനവൻ തുരുത്ത്, വഴികണ്ടുപിടിക്കുന്നവർ), വിനോയ് തോമസ് (രാമച്ചി), ഫ്രാൻസിസ് നെരോണ (തൊട്ടപ്പൻ), കെ.വി. പ്രവീൺ (ഓർമ്മച്ചിപ്പ്), യമ (വായനശാലാവിപ്ലവം), കെ.വി. മണികണ്ഠൻ (ഭഗവതിയുടെ ജട), വിവേക് ചന്ദ്രൻ (വന്യം) എന്നിവർ.

(ഈ ഏഴുപേരുടെയും കഥകളെക്കുറിച്ചുള്ള വിശദമായ ചർച്ച, സമകാല മലയാളചെറുകഥയെക്കുറിച്ചുള്ള പഠനങ്ങളുടെ ലക്കമായി ഉടൻ പുറത്തിറങ്ങുന്ന മലയാളം റിസർച്ച് ജേണലിലുണ്ടാകും.)

ഈ ദശകത്തിലെ (2010-2019) ഏറ്റവും മികച്ച മലയാളചെറുകഥകൾ ഇവയായിരിക്കും: ആനന്ദിന്റെ 'വിഷ്ണു', പി.ജെ.ജെ. ആന്റണിയുടെ 'ലാഹോർ 1928', ഇ. സന്തോഷ്‌കുമാറിന്റെ 'ചിദംബരരഹസ്യം', 'ഒരാൾക്ക് എത്ര മണ്ണുവേണം', ആർ. ഉണ്ണിയുടെ 'ലീല', സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി', കെ. ആർ. മീരയുടെ 'ഭഗവാന്റെ മരണം', വി എം. ദേവദാസിന്റെ 'പന്തിരുകുലം', എസ്. ഹരീഷിന്റെ 'മാവോയിസ്റ്റ്', 'ആദം', 'അപ്പൻ', 'മോദസ്ഥിതൻ', വിനോയ് തോമസിന്റെ 'ഉടമസ്ഥൻ', 'രാമച്ചി', ഫ്രാൻസിസ് നെരോണയുടെ 'തൊട്ടപ്പൻ', കെ.വി. മണികണ്ഠന്റെ 'ഭഗവതിയുടെ ജട', കെ.വി. പ്രവീണിന്റെ 'ഓർമച്ചിപ്പ്', വിവേക് ചന്ദ്രന്റെ 'വന്യം'.

മുഖ്യമായും നാല് ലാവണ്യപ്രത്യയശാസ്ത്രങ്ങളാണ് ഈ ദശകത്തിലെ മികച്ച മലയാള കഥകൾ പ്രശ്‌നവൽക്കരിക്കുന്നത്. കീഴാളത മുതൽ ദേശീയത വരെയുള്ളവയെ പാഠവൽക്കരിക്കുന്ന ജാതീയത; ലൈംഗികത മുതൽ അധികാരം വരെയുള്ള കാമനാലോകങ്ങളെ മൂർത്തവൽക്കരിക്കുന്ന ശരീരം; അനുഭൂതിയും ഭാവുകത്വവുമായി ആഖ്യാനത്തിൽ പുനർനിർണയിക്കപ്പെടുന്ന കാഴ്ച; ചരിത്രവും രാഷ്ട്രീയവുമായി കഥയിൽ വ്യാവഹാരികപദവി കൈവരിക്കുന്ന ഹിംസ എന്നിവ. എസ്. ഹരീഷിന്റെ കഥകൾ പ്രതിനിധാനം ചെയ്യുന്നതും പുനർനിർവചിക്കുന്നതും ഈ നാലു ഭാവപദ്ധതികൾ തന്നെയാണ്. അപ്പൻ എന്ന സമാഹാരത്തിലെ കഥകളും ഇതു തെളിയിക്കുന്നു. വിശേഷിച്ചും മലയാളകഥയിലെ എക്കാലത്തെയും മികച്ച രചനകളായ മൂന്നെണ്ണം - അപ്പൻ, മോദസ്ഥിതൻ...., മാവോയിസ്റ്റ് എന്നിവ.

മൂന്നു മരണങ്ങൾ, മൂന്നു ജീവിതങ്ങൾ എന്ന നിലയിൽ കഥയിൽ സൃഷ്ടിക്കുന്ന സമാന്തരമായ മൂന്ന് ആഖ്യാനപാഠങ്ങളുടെ സിനിമാറ്റിക് കലയാണ് 'അപ്പൻ'. മൂന്നു കാലം. മൂന്നു സ്ഥലം. മൂന്നു ജീവിതങ്ങളുടെയെന്നപോലെ മരണങ്ങളുടെയും ശിഥിലവേദങ്ങൾ. പുസ്തകങ്ങൾക്കിടയിൽ ജീവിച്ച ലൂക്കാസാർ അട്ടിയട്ടിയായി കൂട്ടിവച്ച അവ മറിഞ്ഞുവീണ് പുസ്തകങ്ങൾക്കടിയിൽപെട്ടു മരിച്ചപ്പോഴാണ് ജീവിതത്തിലാദ്യമായി അദ്ദേഹത്തിന്റെ ഭാര്യയും മകനും ആ മുറിയിൽ കയറിയത്. ബാങ്കുദ്യോഗസ്ഥനായ മകൻ ഫ്രാൻസിസ്, ചിതൽ കയറിത്തുടങ്ങിയ പുസ്തകങ്ങളുടെ ഭാരമൊഴിവാക്കാൻ അവ ഒരു വായനശാലക്കു കൈമാറാൻ തീരുമാനിക്കുന്നു. അതിനായി അവ കെട്ടിപ്പെറുക്കുമ്പോൾ കെ.പി. അപ്പന്റെ രണ്ടു പുസ്തകങ്ങളിൽ അയാൾ തടഞ്ഞുനിന്നു. പിന്നെ, അപ്പനെഴുതിയ സത്യനേശൻ നാടാർ എന്ന പൊലീസ് ഇൻസ്‌പെക്ടറെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പിലെത്തിയ വായന. മഹാനടനായ സത്യന്റെ മരണവും ജീവിതവും തേടിയിറങ്ങി. ഒപ്പം കെ.പി. അപ്പന്റെയും. ആലപ്പുഴയിലും കൊല്ലത്തും പോയ ഫ്രാൻസിസ് കെ.പി. അപ്പന്റെ ശവസംസ്‌കാരവും കൂടി, അപ്പനിൽനിന്ന് അപ്പനിലേക്കു നടത്തിയ യാത്രയുടെ വഴി മദിരാശിയിലേക്കു തിരിച്ചുവിടുന്നു. അവിടെയുള്ള പഴയ ബന്ധു ജോസഫ് ചേട്ടനിൽനിന്ന് (സത്യൻ ചികിത്സക്കെത്തി മരിച്ച ആശുപത്രിയിലെ പ്യൂണായിരുന്നു, അയാൾ) സത്യനെക്കുറിച്ച് കെ.പി. അപ്പനെഴുതിയതിൽ നിന്നു തീർത്തും ഭിന്നമായ അറിവുകളും അനുഭവങ്ങളും മനസ്സിലാക്കി തിരിച്ചെത്തിയ ഫ്രാൻസിസ്, തന്റെ അപ്പന്റെ വായനാമുറിയിൽ കയറി അപ്പൻ വായിച്ചുനിർത്തിയ പുസ്തകങ്ങളിലേക്കു മുട്ടുകുത്തി.

'ദൈവത്തിന്റെ നിരീശ്വരത്വം' എന്ന കെ.പി. അപ്പന്റെ ഓർമ്മക്കുറിപ്പിലൂടെയാണ്, സത്യന്റെ മരണവും ജീവിതവും വായിച്ചറിഞ്ഞ ഫ്രാൻസിസിന്റെ വിധി ദൈവം മാറ്റിയെഴുതിയത്. മരണങ്ങളിൽനിന്നാണയാൾ ജീവിതങ്ങളിലേക്കു സഞ്ചരിച്ചത്. മരണമാണ് ആദ്യം. കാലത്തിൽ തിരിഞ്ഞുനടന്ന പ്രാൻസിസ്, തന്നെ ആയുഷ്‌കാലത്തേക്ക് അക്ഷരവിരോധിയാക്കിയ തന്റെ അപ്പനിൽനിന്ന് പുസ്തകങ്ങളുടെ മഹാപ്രഭുവായ മറ്റൊരപ്പനിലേക്കും, അവിടെനിന്ന് സ്വന്തം മക്കൾ ഒരിക്കലും കാണാത്ത വേറൊപ്പനിലേക്കും ഭൂതായനം നടത്തുന്നു. പുന്നപ്രവയലാർ സമരകാലത്ത് കമ്യൂണിസ്റ്റുകാരെ ക്രൂരമായി തല്ലിച്ചതച്ച സത്യനേശൻ നാടാരാണ് പിന്നീട് കമ്യൂണിസ്റ്റ് സിനിമകളിൽ വിപ്ലവകാരിയായ നായകന്റെ വേഷമിട്ട് പാർട്ടിപ്രവർത്തകരുടെ താരവിഗ്രഹമായിത്തീർന്നത്. അതാണ് 'ദൈവത്തിന്റെ നിരീശ്വരത്വ'മായി കെ.പി. അപ്പൻ വ്യാഖ്യാനിക്കുന്നത്. ചരിത്രത്തിന്റെ ശീർഷാസനം. കമ്യൂണിസ്റ്റുകാർ ചോരകൊണ്ടു വീട്ടേണ്ടതായിരുന്നു, സത്യനേശനോടുള്ള കടം എന്ന് അപ്പനെഴുതി. അവർ അതു ചെയ്തില്ലെങ്കിലും ചോരകക്കിയാണ് രക്താർബുദം ബാധിച്ച സത്യൻ മരിച്ചത്. കമ്യൂണിസ്റ്റുകാരുൾപ്പെടെ ലക്ഷക്കണക്കിനു മലയാളികൾ തിരശ്ശീലയിൽ കണ്ടുസ്‌നേഹിച്ച മഹാനടന്റെ മുഖം പക്ഷെ അദ്ദേഹത്തിന്റെ രണ്ടാൺമക്കളും ആ മരണം കണ്ടിട്ടില്ല. അവർ അന്ധരായിരുന്നു.

കെ.പി. അപ്പനെയും അർബുദം പിടികൂടി നിർദ്ദയം കരണ്ടുതിന്നു. ദൈവനീതിയുടെ ദാക്ഷിണ്യമില്ലായ്മകളെക്കുറിച്ചാണ് മൂന്നപ്പന്മാരുടെയും കഥകൾ ഫ്രാൻസിസിനെ ഓർമ്മിപ്പിച്ചത്. അയാൾ പഴയ ഫ്രാൻസിസിനെപ്പോലെ, വിശുദ്ധിയുടെ ഇരയായി, നിത്യവിചാരണക്കായി തന്റെ ജീവിതം വഴിമാറ്റിവിട്ടു. രോഗവും വേദനയും ദുഃഖവും വേർപാടും ജരയും മരണവുമാണ് മർത്യനിയോഗം എന്നയാൾ തിരിച്ചറിയുന്നു. 'ഒരു തള്ളക്കുണ്ടായാലും ഓരോരുത്തർക്കും ഓരോ വിധിയാണ്' എന്ന ബൈബിൾകല്പനകൊണ്ട് ആദം എന്ന കഥയിൽ ഹരീഷ് പിതാപുത്രബന്ധത്തിന്റെ നിത്യമായ കടങ്കഥ പൂരിപ്പിച്ചിരുന്നു. അപ്പനിൽ ഈ കല്പനയും തലമുറിച്ചു തിരിച്ചിടുന്നു, കഥാകൃത്ത്. 'പല തന്തയ്ക്കുണ്ടായാലും പലർക്കും ഒരേ വിധിയാണ്' എന്ന മട്ടിൽ.

മൂന്നു പിതൃബിംബങ്ങളുടെ കാലത്തുടർച്ചയിൽ, മരണത്തിൽനിന്നു ജീവിതത്തിലേക്കു തിരിച്ചുവച്ച ഒരു ആന്റിക്ലോക്ക്‌പോലെ ഹരീഷിന്റെ കഥ മലയാളവായനയെ ഭാവനയുടെ ആനമുടി കയറ്റുന്നു. വായിക്കൂ: 'ഫ്രാൻസിസിനായി ജോസഫ് ചേട്ടന്റെ തമിഴത്തി ഭാര്യ അടുക്കളയിൽ ഉണ്ടമുളക് ചേർത്ത ചിക്കൻകറിയുണ്ടാക്കാൻ തുടങ്ങി. അൻപത് വർഷം മുൻപ് മദ്രാസിലെത്തിയതു മുതലുള്ള കാര്യങ്ങൾ ഇടതടവില്ലാതെ പറഞ്ഞ് അദ്ദേഹം ഫ്രാൻസിസിനെ പരീക്ഷിക്കാനാരംഭിച്ചു. അയാൾക്കത്ഭുതം തോന്നി. നാട്ടിലെ ഓരോ ഇലയനക്കം പോലും ജോസഫ് ചേട്ടൻ എങ്ങനെയോ അറിയുന്നുണ്ട്.

'ഏതിനും ഒരു പരിധി വേണം'. ലൂക്കാസാറിന്റെ കാര്യത്തിൽ സങ്കടം പ്രകടിപ്പിച്ച് അദ്ദേഹം പറഞ്ഞു. 'ഉദാഹരണത്തിന് ആഹാരം ഒട്ടും കഴിക്കാതിരിക്കരുത്. ഒത്തിരി കഴിക്കുകയുമരുത്. പക്ഷേ, നിന്റപ്പൻ അത്തരക്കാരനല്ല. അദ്ദേഹം കടലിൽ കുളിക്കാനിറങ്ങിയാൽ മുങ്ങി മരിച്ചേ തിരികെ കയറ്റാൻ പറ്റൂ'.

'ജോസഫ് ചേട്ടൻ കെ. ജെ. ഹോസ്പിറ്റലിലല്ലേ ജോലി ചെയ്തത്?' അല്പം ഇടവേള കിട്ടിയപ്പോൾ ഫ്രാൻസിസ് ചോദിച്ചു. പിന്നെ ആശുപത്രിയുടെ ചരിത്രമായി ജോസഫ് ചേട്ടന്റെ വിഷയം.

'അവിടെ വെച്ചല്ലേ നടൻ സത്യൻ മരിച്ചത്?'

ജോസഫ് ചേട്ടന് സന്തോഷമായി.

'അപ്പോൾ നിനക്ക് കുറെ കാര്യങ്ങളറിയാം. ഞാൻ കണ്ടോണ്ടു നിക്കുവാ. എപ്പോഴും തനിയെ കാറോടിച്ചാ അദ്ദേഹം വരുന്നത്. സിനിമയിൽ കാണുന്ന അതേ ചിരി'.

'സത്യൻ നേരത്തെ പൊലീസിലായിരുന്നു. മഹാ ദുഷ്ടനായിരുന്നെന്നൊക്കെ കേട്ടിട്ടുണ്ട്'.

'ഇത്ര നല്ല മനുഷ്യനെ ഞാൻ കണ്ടിട്ടില്ല'. ജോസഫ് ചേട്ടന് ദേഷ്യം വന്നു. 'എപ്പോ വന്നാലും എന്നെയാണ് ആദ്യം അന്വേഷിക്കുന്നത്. ജോസഫേ ജോസഫേ എന്നു നീട്ടി വിളിക്കും. വീട്ടിലെ കാര്യങ്ങളൊക്കെ ചോദിക്കും. ഞാനവിടുത്തെ പ്യൂണായിരുന്നെന്ന് ഓർക്കണം'.

ഫ്രാൻസിസ് നെറ്റി ചുളിച്ച് കേട്ടിരുന്നു. ഭിത്തിയിലെ വേൽമുരുകന്റെയും കന്യാമറിയത്തിന്റെയും ചില്ലിട്ട പടങ്ങളിലേക്ക് നോക്കി.

'എന്റെ പിള്ളേരുടെ പേരും വയസ്സുംവരെ അങ്ങേരോർത്തിരുന്നു. ഓരോ തവണയും ചോദിക്കും. അതൊന്നും അഭിനയമല്ലായിരുന്നു'.

ഫ്രാൻസിസിനെ യാത്രയാക്കാനായി ജോസഫ് ചേട്ടൻ റെയിൽവേ സ്റ്റേഷൻവരെ ബസ്സ് കയറി വന്നു. രാത്രി ഭക്ഷണത്തിനായി നാരങ്ങാ ചേർത്ത ചോറ് അയാളുടെ ഭാര്യ ഫ്രാൻസിസിനായി പൊതിഞ്ഞു നല്കി. വണ്ടി അനങ്ങിത്തുടങ്ങുന്നതുവരെ ആ വൃദ്ധൻ ഫ്രാൻസിസിനെതിർവശത്തെ സീറ്റിലിരുന്നു. ട്രെയിനിൽനിന്ന് ഒന്നും വാങ്ങിച്ചു കഴിക്കരുതെന്നും എം.ജി.ആർ. ആശുപത്രിയിൽ കിടന്നപ്പോൾ താൻ പരിചരിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്നോട് രഹസ്യമായി മലയാളത്തിൽ സംസാരിക്കുമായിരുന്നെന്നും പറഞ്ഞു. കുറച്ചുനേരം പുറത്തെ തിരക്കുകൾ നോക്കി ജോസഫ് ചേട്ടൻ മിണ്ടാതിരുന്നു.

'സത്യൻ എന്തു ദുഷ്ടത ചെയ്‌തെന്നാ നീ പറഞ്ഞത്?'

'ഒന്നുമില്ല, ഒന്നുമില്ല. ഞാൻ വെറുതേ ഒരു തമാശ പറഞ്ഞതാ'. ഫ്രാൻസിസ് പറഞ്ഞു.

'അല്ല, ഞാൻ വേറൊരു കാര്യമോർക്കുവാരുന്നു'. ജോസഫ് ചേട്ടൻ പറഞ്ഞു. 'അദ്ദേഹം മരിക്കുമ്പോൾ സുഹൃത്തുക്കളും ബന്ധുക്കളും അധികമാരും അടുത്തില്ലായിരുന്നു. ഉടനെതന്നെ മക്കളെ കൊണ്ടുവന്നു. രണ്ട് ആൺപിള്ളേർ. രണ്ടുപേരും അന്ധരാണ്. ഒരാൾക്ക് അല്പം കാണാം. അവർ കരഞ്ഞുകൊണ്ട് മരിച്ച അച്ഛന്റെ മുഖം കൈകൾകൊണ്ട് തപ്പിനോക്കുന്നു. ഹൊ! ഭയങ്കര കാഴ്ചയായിരുന്നു. കണ്ടുനിന്നവരെല്ലാം കരഞ്ഞുപോയി. ലക്ഷക്കണക്കിനാളുകൾ വെള്ളിത്തിരയിൽ കണ്ട ആ സുന്ദരമുഖം സ്വന്തം മക്കൾക്ക് കാണാൻ പറ്റിയില്ല'.

വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ ജോസഫ് ചേട്ടൻ ധൃതിയിൽ പുറത്തിറങ്ങി. സത്യനേശന്റെ കടം ചോരകൊണ്ട് വീട്ടേണ്ടതായിരുന്നെന്ന് കെ.പി. അപ്പൻ. പക്ഷേ, ദൈവമത് എങ്ങനെയാണ് വീട്ടിയതെന്ന് അദ്ദേഹവും ലൂക്കാസാറും ജീവിച്ചിരുന്നെങ്കിൽ വലിയ പുസ്തകക്കൂമ്പാരങ്ങൾക്കിടയിലിരുന്ന് സംസാരിക്കാമായിരുന്നെന്ന് ഫ്രാൻസിസിന് തോന്നി.

തിരികെ വീട്ടിലെത്തി കുളികഴിഞ്ഞ് ഫ്രാൻസിസ് തിണ്ണയിൽ അലസമായി ഇരുന്നു. പുസ്തകം കൊണ്ടുപോകാൻ ലോറിയുമായി വന്ന ലൈബ്രറിക്കാരെ തുരത്തിയോടിച്ചു.

'നിങ്ങൾക്കെന്താ ഭ്രാന്തു പിടിച്ചോ മനുഷ്യാ!' ഭാര്യ അയാൾക്കുനേരെ ചീറി: കുറെ ദിവസമായി ജോലിക്കുപോകാതെ ആലപ്പുഴ, കൊല്ലം, നാഗർകോവിൽ, മദ്രാസ് എന്നൊക്കെപ്പറഞ്ഞ് അലഞ്ഞുതിരിയുന്നു'.

 

ഫ്രാൻസിസ് ചിരിച്ചു: 'ഭ്രാന്ത് ഒരു പാരമ്പര്യരോഗമാണ്'. ഭിത്തിയിൽ പുതുതായി സ്ഥാപിച്ച ലൂക്കാസാറിന്റെ ചിത്രത്തിനു നേരേ നോക്കി അയാൾ പറഞ്ഞു. അമ്മയും ഭാര്യയും കുട്ടികളും പരിഭ്രാന്തിയോടെ നോക്കുന്നതിനിടെ അയാൾ പുസ്തകങ്ങൾ കൂമ്പാരമായിക്കിടന്ന വായനാമുറിയിലേക്ക് നടന്നു. അല്പം ഇടയുണ്ടാക്കി ചാരുകസേര നിവർത്തുവെച്ചു. നിലത്തുനിന്ന് യുളീസസ് എന്ന പുസ്തകം തപ്പിയെടുത്തശേഷം പരാജയം ഉറപ്പാക്കിയ സൈനികനെപ്പോലെ ഒരു ഡിക്ഷ്ണറിയുമായി അതിനോട് പൊരുതാനാരംഭിച്ചു'.

'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ' എന്ന കഥ, ജാതിയുടെ പ്രച്ഛന്നഹിംസയെക്കുറിച്ച് മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച രചനയാണ്. ഹിന്ദുവിന് ജാതി രക്തത്തിലുണ്ട്. ഭാഷയിൽ, പെരുമാറ്റത്തിൽ, ഭക്ഷണത്തിൽ, വസ്ത്രത്തിൽ, വീട്ടിൽ, വർണത്തിൽ, പേരിൽ എന്നുവേണ്ട; ഉടലും ഉയിരും ജാതികൊണ്ടടയാളപ്പെടുത്താത്ത ഹിന്ദുവില്ല. മലയാളിഹിന്ദുവിന്റെ ഈ ജാതിജീവിതത്തിന്റെ അധമമണ്ഡലങ്ങൾ അതിനിശിതമായി പ്രശ്‌നവൽക്കരിക്കുകയും ചരിത്രവൽക്കരിക്കുകയുമാണ് ഹരീഷ് 'മോദസ്ഥിതനിൽ'.

ഈഴവജാതിയിൽപെട്ട പവിത്രയും നായരായ അനൂപും തമ്മിലുള്ള പ്രണയവിവാഹത്തിനു മുൻപും പിൻപും നടക്കുന്ന ബന്ധുക്കളുടെയും വീട്ടുകാരുടെയും രണ്ടു സംഗമങ്ങളാണ് കഥയിലുള്ളത്. ഒന്ന് പവിത്രയുടെ വീട്ടിൽ, വിരുന്നിന്. മറ്റൊന്ന് ഒരു ഹോട്ടലിൽ, വിവാഹാനന്തരം നടത്തിയ യാത്രയിൽ. കാലം മാറി, തങ്ങൾ അന്നുവദിച്ചാലുമില്ലെങ്കിലും മക്കൾ വിവാഹിതരാകും എന്നു മനസ്സിലാക്കിയതോടെ അമർത്തിവെച്ച ജാതിവെറികൾക്ക് പ്രച്ഛന്നവേഷം നൽകി ഇരുവീട്ടുകാരും പെരുമാറിത്തുടങ്ങി. പവിത്രയുടെ വീട്ടുകാർ തങ്ങളുടെ വീടും പെരുമാറ്റങ്ങളും ഭക്ഷണവും വസ്ത്രവും ഭാഷയും കെട്ടുതാലിയും നായർവൽക്കരിച്ചു. എതിർപ്പുകളും സംഘർഷങ്ങളുമില്ലാതെ അവർ അനൂപിന്റെ വീട്ടുകാരുടെ ജാതിക്കോയ്മക്കു മുന്നിൽ തലകുനിച്ചു. താന്താങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും ജാതിയുടെ വാലിൽ കെട്ടിവലിച്ച് ചർച്ചചെയ്ത ഉണ്ണികൃഷ്ണനും പവിത്രനും ഒടുവിൽ എത്തിച്ചേരുന്നത്, കല്യാണത്തിന് നാരായണഗുരുവിന്റെ ചിത്രം പന്തലിൽ വെക്കില്ല എന്ന ഉറപ്പിലായിരുന്നു. എന്നുമാത്രവുമല്ല 'നിങ്ങൾക്കിഷ്ടമില്ലാത്തതൊന്നും കല്യാണച്ചടങ്ങിലുണ്ടാവില്ല' എന്ന് ചന്ദ്രമോഹൻ ഉണ്ണികൃഷ്ണന് അങ്ങോട്ടുകയറി ഉറപ്പുകൊടുക്കുന്നു. വീടിനു മുന്നിൽ കാലങ്ങളായി തൂക്കിയിട്ടിരുന്ന ഗുരുവിന്റെ ഫോട്ടോപോലും ഉണ്ണിക്കൃഷ്ണൻ നിർബ്ബന്ധിച്ചതോടെ ഇളക്കിമാറ്റാൻ പവിത്രയുടെ വീട്ടുകാർ തയ്യാറായി. പ്രതീകാത്മക ജാത്യാരോഹണത്തിന്റെ ചരിത്രവും രാഷ്ട്രീയവും അതിന്റെ ദംഷ്ട്രകളെല്ലാം പുറത്തെടുത്ത്, പണ്ടൊരുതിയ്യൻ വിഴുങ്ങിയ ചെമ്പല്ലിയുടെ മിത്തിലെന്നപോലെ, മുള്ളുകൾ വിടർത്തി നിന്നു ('മീശ'യിൽ ഈ കഥ ഹരീഷ് വിവരിക്കുന്നുണ്ട്). ഗുരുവിന്റെ ഫോട്ടോ മാറ്റിയ സ്ഥലത്ത് ചതുർബാഹുവായ ഭഗവാന്റെ പടം വച്ചു. അപകർഷബോധത്തെ മിഥ്യാഭിമാനമാക്കി മാറ്റി പവിത്രയുടെ വീട്ടുകാർ തങ്ങളുടെ മകൾ കണ്ടെത്തിയ വരനെ സ്വീകരിച്ചു. കാലം കടന്നുപോയി. ഒരിക്കൽ, ഗുരുവിന്റെ ഫോട്ടോ ഉപേക്ഷിച്ച പഴയ വീടിന്റെ തട്ടിൻപുറം വൃത്തിയാക്കാൻ കയറിയ ചന്ദ്രമോഹൻ (പവിത്രയുടെ അച്ഛൻ) ചിതൽ പടർന്നു ദ്രവിച്ച ഗുരുവിന്റെ ഫോട്ടോ കണ്ടു. പക്ഷെ ഗുരുവിന്റെ മുഖവും താഴെ എഴുതിയിരുന്ന രണ്ടുവരി കവിതയും ദ്രവിച്ചിരുന്നില്ല. കാലത്തിനു ദ്രവിപ്പിക്കാനാവാത്തവിധം ചരിത്രത്തിൽ മുദ്രകുത്തപ്പെട്ട നവോത്ഥാനമാനവികതയുടെ ശിലാലിഖിതമായിരുന്നു, ആ വരികൾ.

കഥയിൽ നിന്നുള്ള ഈ ഭാഗം വായിക്കൂ: 'ചന്ദ്രമോഹന് ഉത്തരം മുട്ടി. ഭാര്യയും നിർബ്ബന്ധിച്ചപ്പോൾ അയാളൊരു കസേരയ്ക്കു മുകളിൽ കയറിനിന്ന് ഫോട്ടോ ആണിയിൽനിന്ന് ഊരിയെടുത്തു. കാലപ്പഴക്കം കൊണ്ട് ഭിത്തിയിൽ അതിന്റത്രയും വലിപ്പത്തിൽ ഒരു പാട് രൂപപ്പെട്ടിരുന്നു.

'ഇനിയിപ്പോ എന്തുചെയ്യും?' അയാൾ ചോദിച്ചു. 'പെയിന്റടിക്കുന്നതിനു മുൻപായിരുന്നെങ്കിൽ ഇവിടംകൂടി പൂശിവിടാമായിരുന്നു. ഇതിപ്പോ വൃത്തികേടായല്ലോ'.

'സാരമില്ല'. പവിത്രയുടെ അമ്മ പറഞ്ഞു.

പിറ്റേന്ന് അമ്പലത്തിൽ പോയി വരുംവഴി അതേ വലിപ്പത്തിലുള്ള മറ്റൊരു ഫോട്ടോ അവർ വാങ്ങിക്കൊണ്ടുവന്നു. ചതുർബാഹുവായ ഭഗവാന്റെ പടം നല്ല ഭംഗിയുള്ളതായിരുന്നു. അത് ഭിത്തിയുടെ നിറവുമായി നന്നായി യോജിച്ചു.

കല്യാണം കഴിഞ്ഞ് അടുത്താഴ്ചതന്നെ പവിത്രയുടെയും അനൂപിന്റെയും കുടുംബങ്ങൾ യോജിച്ച് ഒരു ഗുരുവായൂർ യാത്രയ്ക്ക് പദ്ധതിയിട്ടു. അതിൽ ചേരാനായി ആശുപത്രിയിലെ ജോലികൾ തീർത്ത് ചന്ദ്രമോഹൻ പുലർച്ചെതന്നെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടു. ഇടയ്ക്ക് അപ്രതീക്ഷിതമായി ഡ്രൈവർ ബ്രേക്കിട്ടപ്പോൾ അയാൾ ഞെട്ടിയുണർന്നു.

'സോറി സാർ. വണ്ടിയൊന്നും പാളി. ഏതെങ്കിലും മെക്കാനിക്കിനെ കാണിച്ചാലോ?' ഡ്രൈവർ ചോദിച്ചു.

'ഇതേതാ സ്ഥലം?'

'വർക്കല'.

'കുഴപ്പമൊന്നുമില്ല. നീ വണ്ടിവിട്'. അയാൾ വീണ്ടും കണ്ണടച്ചു.

വളരെ രസകരമായിരുന്നു യാത്ര. അനൂപിനോടും പവിത്രയോടും നേരത്തേ കിടക്കാൻ ശട്ടംകെട്ടി അമ്മമാർ മറ്റൊരു മുറിയിൽ പുലരുവോളം വർത്തമാനം പറഞ്ഞിരുന്നു. അനൂപിന്റച്ഛനും ചന്ദ്രമോഹനും രണ്ടു കട്ടിലുകൾ ചേർത്തിട്ട് കൂടുതൽ സ്ഥലമുണ്ടാക്കിയാണ് കിടന്നുറങ്ങിയത്. രാവിലെ ഉണർന്ന് പല്ലുതേച്ചുകഴുകി ബ്രഷ് ചന്ദ്രമോഹൻ അരയിൽ മുണ്ടോടുചേർത്ത് കത്തിപോലെ കുത്തിനിർത്തിയത് അനൂപിന്റച്ഛൻ കൗതുകത്തോടെ നോക്കി. ചെറുപ്പത്തിൽ കണ്ട പനകയറ്റക്കാരൻ കുഞ്ഞപ്പനെ ഓർമ്മവന്നെങ്കിലും അയാളത് മനസ്സിൽ തിരുത്തി.

വണ്ടിയൊരുക്കി ആനപ്പന്തി കാണാൻ നടക്കുന്നതിനിടെ അനൂപിനെയും പവിത്രയെയും ചന്ദ്രമോഹൻ ഒളികണ്ണിട്ട് നോക്കി. രണ്ടുപേരും ഒട്ടിച്ചേർന്നാണ് നടപ്പ്. ചുറ്റുമുള്ളവരെ അവർ ഗൗനിക്കുന്നേയില്ല.

'ദേ ആനേനെ കണ്ടോ?' പവിത്ര തുള്ളിച്ചാടി. 'ആനേനെ അല്ല, ആനയെ എന്ന് പറയെടീ', കളിയായി അവനവളുടെ ചെവിക്ക് നുള്ളി.

പവിത്രയുടെ അമ്മ സ്വൈരം തരാതെവന്നപ്പോൾ ഒരു ഞായറാഴ്ച ചന്ദ്രമോഹൻ പറമ്പിനു പിന്നിലെ പഴയ വീട് തുറന്ന് ഉള്ളിൽക്കയറി നോക്കി. അവൾ പറഞ്ഞത് ശരിതന്നെ. മുഴുവനും നനഞ്ഞൊലിക്കുന്നു. എന്തുമാത്രം മേൽക്കൂര പോയെന്നറിയാൻ അയാൾ ഗോവണിചാരി തട്ടിന്മുകളിലേക്കു കയറി.

'ഇത് നന്നാക്കീട്ടെന്തിനാ മനുഷ്യാ. പൊളിച്ചുകള'. പവിത്രയുടമ്മ താഴെനിന്നു പറഞ്ഞു.

ചുക്കിലിയും പൊടിയും തൂത്ത് നിലത്തിരുന്ന് അയാൾ ഒടിഞ്ഞ കഴുക്കോലുകളും പട്ടികകളും എണ്ണിനോക്കി. നല്ല മഴയത്ത് വെള്ളം ഭിത്തിവഴി ഒഴുകും. ഭിത്തിയിൽ ചാരിയിരുന്ന പഴയ ഫോട്ടോ അയാളിളക്കി നോക്കി. മൂന്നുവശം ചിതൽ പടർന്ന് അതവിടെ ഉറച്ചുപോയിരിക്കുന്നു. നന്നായി നനഞ്ഞെങ്കിലും ദ്രവിച്ചുതുടങ്ങിയെങ്കിലും മുഖം നന്നായി വ്യക്തമാണ്. ഫോട്ടോയുടെ ഏറ്റവും താഴെ കവിതയുടെ രണ്ട് വരിയും വ്യക്തമാണ്'.

നാരായണഗുരു, ഹരീഷിന്റെ കഥാലോകത്തെ ഏറ്റവും രാഷ്ട്രീയതീഷ്ണമായ ചരിത്രരൂപകമാണ്. 'രസവിദ്യയുടെ ചരിത്രം', 'അപ്പൻ', 'മോദസ്ഥിതൻ' തുടങ്ങിയ നിരവധി കഥകളിലും 'മീശ'യിലും ഹരീഷ് ഗുരുവിന്റെ ചിന്താപദ്ധതിയെ ജാതികേരളത്തിന്റെ ആൽകെമിയിൽ നടന്ന ഏറ്റവും അടിസ്ഥാനപരമായ രസവിദ്യയായി സ്ഥാനപ്പെടുത്തുന്നു. ജാതികേരളത്തിൽ പൗരമനുഷ്യരെ കണ്ടെത്തിയ നവോത്ഥാനത്തിന്റെ ആണിക്കല്ലായിരുന്നു നാരായണഗുരു. പക്ഷെ അദ്ദേഹത്തിന്റെ അനുയായികൾ ആ മഹാസ്തിത്വത്തെ മധ്യകാലജാതിയിലേക്കു വിളക്കിച്ചേർത്തു. അങ്ങനെ ആധുനിക കേരളം കണ്ട ചരിത്രത്തിന്റെ ഏറ്റവും വലിയ തലകീഴ്മറിയലായി മാറി, ഈഴവന്റെ ജാത്യാരോഹണഭ്രമങ്ങളും ബ്രാഹ്മണ്യവും. അതിനായി അവർ ആദ്യം നീക്കം ചെയ്തത് ഗുരുവിനെത്തന്നെയാണ്. ഹരീഷ് പ്രശ്‌നവൽക്കരിക്കുന്നതും ചരിത്രത്തിന്റെ ഈ കഷ്ടകാണ്ഡത്തെയാണ്.

'മാവോയിസ്റ്റ്' എന്ന കഥ നോക്കുക. വലിയ ചുടുകാട്, രസവിദ്യയുടെ ചരിത്രം, ആദം, അപ്പൻ, മോദസ്ഥിതൻ... എന്നിവപോലെ ഹരീഷിന്റെ ഏറ്റവും മികച്ച കഥകളിലൊന്നാണിതും. പകയുടെ പഞ്ചമവേദം. ചെറുപ്പത്തിൽ 'ചുമ്മാ' നക്‌സലൈറ്റായിരുന്നു, പ്രഭാകരൻ. ഇപ്പോഴയാൾക്കു പ്രായമായി. മാവോയിസ്റ്റുകളുടെ കാലം വന്നിരിക്കുന്നു. കാട്ടിൽ നിന്നിറങ്ങിവന്ന് നാട്ടിലെ അനീതികൾക്കെതിരെ മുന്നറിയിപ്പു നൽകുന്ന മാവോയിസ്റ്റുകളെ തിരികെ കാട്ടിലേക്കോടിക്കാൻ പൊലീസും ഭരണകൂടവും കാവൽനിൽക്കുന്നു. ആന്ധ്രയിൽനിന്നു കശാപ്പിനുകൊണ്ടുവന്ന ഭാനു എന്ന പോത്തും അവന്റെ കാമുകിയായ എരുമയും കയറുപൊട്ടിച്ചോടി. അവ കാടുതേടി പരക്കം പായുന്നതു തടയാൻ നാട്ടുകാർ കാലൻവർക്കിയെന്ന കശാപ്പുകാരനെയും അയാളുടെ സഹായി ആന്റണിയെയും പിന്തുടരുന്നു. പലരും പലരും കൂടി. പോത്തും എരുമയും കീഴടങ്ങിയില്ല. ഒരു പകലും ഒരു രാത്രിയും ഒടുങ്ങി.

പോത്തോടിയ നാട്ടുവഴികളും പുരയിടങ്ങളും പോലെ കഥയിലും നരജീവിതത്തിന്റെ (മൃഗജീവിതത്തിന്റെയും) പല ഇടവഴികളുണ്ട്. പ്രഭാകരന്റെ 'നക്‌സൽ' ജീവിതം, കുര്യച്ചന്റെ റബർ കൃഷിപുരാണം; ജോഗയ്യ എന്ന കർഷകന്റെ വീട്ടിൽ പിറന്ന ഭാനുവിന്റെ ആന്ധ്രജീവിതം. ആന്റണിയുടെ കശാപ്പുജീവിതം. ചോരമണക്കുന്ന വർക്കിയുടെയും മകൾ സോഫിയുടെയും ജീവിതം. ജൈവകർഷകനായ പോളിന്റെ ജീവിതം. വർക്കിയുടെ കാമാസക്തജീവിതം. കുര്യച്ചന്റെ വീട്ടിലെ കല്യാണവിരുന്നൊരുക്കങ്ങളും അതിന്റെ തകിടം മറിയലുകളും. പെശകൻ ശങ്കുവിന്റെ ഭൂതകാലം. കമ്യൂണിസ്റ്റുകാരുടെ കോമാളി രാഷ്ട്രീയം. സുധീറിന്റെ ഫേസ്‌ബുക്ക് ജീവിതം. പോത്തിനെ കണ്ടു ഞെട്ടിയ വൈദ്യരുടെ മരണം....

കഥയുടെ മൂന്നാം ഭാഗത്താണ് കുട്ടച്ചനെത്തുന്നത്. നെറിയില്ലാത്ത നായാട്ടുകാരനും ഉന്നം തെറ്റാത്ത വെടിക്കാരനുമാണയാൾ. കുറെക്കാലം വർക്കിയുടെ സഹായിയായി നിന്ന്, വർക്കിയെ ഒറ്റാൻ നടത്തിയ ശ്രമം പൊളിച്ച് നാട്ടുകാർ തല്ലിയോടിച്ചപ്പോൾ മറ്റൊരു നാട്ടിൽ പോയി ജീവിക്കുന്നു, കുട്ടച്ചൻ. നാട്ടുകാർതന്നെ ചെന്നപേക്ഷിച്ചപ്പോൾ ഇരട്ടക്കുഴൽ തോക്കും കാളകളുടെ മൂക്കുതളയ്ക്കുന്ന മൂർച്ചയുള്ള കമ്പുകളുമെടുത്ത് അയാളിറങ്ങി. പിന്നീട് ഉപകഥകളില്ലാതെ, ഒരു നായാട്ടിന്റെ നേർരേഖയിൽ മുന്നേറുന്നു, മാവോയിസ്റ്റ്.

തളർന്നുവീണ വർക്കിയെ ഉപേക്ഷിച്ച് ആന്റണിയും കൂട്ടരും ഒരുവഴിക്ക്. കുട്ടച്ചനും കൂട്ടരും വേറൊരു വഴിക്ക്. ആന്റണി ഓടിച്ചു പൊട്ടക്കിണറ്റിൽ വീഴ്‌ത്തിയ എരുമയെ അവർ കരയ്ക്കുകയറ്റിയെങ്കിലും പോത്ത് വന്ന് അവരെ തകർത്ത് എരുമയെയും കൊണ്ടുപോയി. എരുമ കാട്ടിൽ കയറി മറഞ്ഞു. തന്നെ പണ്ട് പൊലീസിന് ഒറ്റുകൊടുത്ത പന്തുകളിക്കാരൻ രാമനെ പോത്തുവേട്ടക്കിടെ കുട്ടച്ചൻ ചതിച്ചു കുത്തിക്കൊന്നു. രണ്ടു വെടിയും പാഴായപ്പോൾ പോത്ത് കുട്ടച്ചനെ കൊമ്പിൽ കോർത്ത് കുടൽമാല പുറത്തെടുത്തു. ആന്റണി, തോട്ടിലിറങ്ങിയ പോത്തിനെ കുത്തിവീഴ്‌ത്തി.

പിറ്റേയാഴ്ച ആന്റണി കശാപ്പുകാരനും വർക്കി നുറുക്കുകാരനുമായി കട വീണ്ടും തുറന്നു. സോഫിക്കൊപ്പമായി ആന്റണിയുടെ താമസം. പട്ടേലർ തൊമ്മിയും തൊമ്മി പട്ടേലരുമായി മാറിയ ജീവിതനാടകം. വേട്ടക്കാരൻ ഇരയും ഇര വേട്ടക്കാരനുമായി മാറുന്ന ചരിത്രത്തിന്റെ ഗുണകോഷ്ഠം.

ഒരു നായാട്ടിനിടയിൽ, ഒരു പകലും ഒരു രാവും കൊണ്ട് കടയിളകി വീണ ഒരുപാട് ജീവിതങ്ങളുടെയും തലകീഴ്മറിഞ്ഞ വിധികളുടെയും കഥയാണ് മാവോയിസ്റ്റ്. അപാരമായ നർമവും പരിഹാസവും കൊണ്ട് തീവ്രവാദരാഷ്ട്രീയത്തിന്റെ കുടൽമാല കുത്തി പുറത്തിടുന്നു, ഹരീഷ്. 'വലിയ ചുടുകാട്' എന്ന കഥയിൽ കമ്യൂണിസത്തെ ഇതേ തീഷ്ണതയിൽ ചരിത്രവിചാരണക്കു വിധേയമാക്കിയിട്ടുണ്ട് മുൻപ് ഈ കഥാകൃത്ത്. അപരനോടുള്ള പകയും അധികാരത്തോടുള്ള ആസക്തിയുമാണ് മനുഷ്യന്റെ പ്രത്യയശാസ്ത്രങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനചോദനകളെന്ന് സ്ഥാപിക്കുന്ന അസാധാരണമായ ഒരു രചനയാണ് മാവോയിസ്റ്റ്.

പൈഡ്‌പൈപ്പർ, പ്ലേസ്‌കൂൾ, താത്തിത്തകോം തെയ്‌തെയ്‌തോം എന്നീ മൂന്നു കഥകളും ഫാന്റസികളാണ്. യാഥാർഥ്യത്തിന്റെ ഇരട്ടിപ്പുകൾ. പൈഡ്‌പൈപ്പറിൽ, അശുവായ ഓനാച്ചനെ കൊല്ലാൻ കരാട്ടെ മാസ്റ്റർ ചന്ദ്രൻ തീരുമാനിക്കുന്നു. അതിനു പറ്റിയ മാർഗം ദ്വന്ദ്വയുദ്ധമാണെന്നു പറഞ്ഞുകൊടുത്ത്, കഥയെ റിയലിസത്തിനും സറിയലിസത്തിനുമിടയിൽ നിന്നൂർത്തിയെടുത്ത് വിഭ്രാമകത്വത്തിന്റെ മഴവിൽപ്രദേശങ്ങളിലെത്തിക്കുകയാണ് ഹരീഷ്. വരത്തനായ ഓനാച്ചൻ ആൺരതിയുടെ ദൂതനാണ്. ജാതിവെറിയുടെ രാഷ്ട്രീയം പോലെതന്നെയാണ് വരത്തരുടെ നേർക്കുള്ള സമീപനവും. കാലം, നിഴലുകൾപോലെ ഒറ്റയ്ക്കാക്കി വിടുന്ന മനുഷ്യരുടെ കഥയാണ് ഹരീഷ് പറയുന്നത്.

രേഷ്മയും കവിതയും ചേർന്നു നടത്തുന്ന പ്ലേസ്‌കൂളിൽ കുഞ്ഞുങ്ങളുടെ ജീവിതയാഥാർഥ്യത്തിനും ഭ്രമാത്മകതക്കുമിടയിൽ സഞ്ചരിക്കുന്നതിന്റെ കഥനമാണ് മറ്റൊന്ന്. ദൃശ്യതയും അദൃശ്യതയും; ഓർമയും മറവിയും; ശരീരവും ആത്മാവും; ഭൂതവും ഭാവിയും ഇഴപിരിഞ്ഞുനിൽക്കുന്ന കഥ. ഉണ്മയിൽ നിന്നു മറഞ്ഞുനിൽക്കാൻ മനുഷ്യർ നടത്തുന്ന കളികളുടെ പള്ളിക്കൂടമാണ് ജീവിതമെന്നു തെളിയിക്കുന്ന രചന.

ശരീരം, ജാതി, ഭാഷ എന്നിവയെ, 'മോദസ്ഥിത'നിലെന്നപോലെ (മീശയിലെന്നപോലെയും) ചരിത്രവൽക്കരിക്കുന്നു, താത്തിത്തകോം... പൂഞ്ഞാർ രാജാവിനു മുന്നിൽ തുള്ളൽ നടത്തി ബഹുമതിനേടിയ ശങ്കരൻ കൃഷ്ണൻ പേരിൽ ജാതിവാൽ ഒഴിവാക്കിയിരുന്നു. വേലകളിയുടെ തമ്പുരാനായി ഏറ്റുമാനൂരമ്പലത്തിലും ചുറ്റുവട്ടത്തും വിരാജിച്ച ശങ്കരൻ കൃഷ്ണനും ഒരു പുലിയും തമ്മിൽ നടക്കുന്ന കളിയാണ് കഥയുടെ മുഖ്യ വിഷയം. ചരിത്രവും മിത്തും യാഥാർഥ്യവും ഫാന്റസിയും ഇണചേർന്നുണ്ടായ നീണ്ടൂരിന്റെ ജാതിപുരാണം. ഹരീഷിന്റെ കഥകളിൽ നർമ്മം സൃഷ്ടിക്കപ്പെടുന്നത് ചരിത്രത്തിലെ ആന്തരവൈരുധ്യങ്ങൾ ഇരുതലമൂർച്ചയോടെ തമ്മിലിടഞ്ഞാണ്. താത്തിത്തകോം ഇതിന്റെ മികച്ച മാതൃകയായി മാറുന്നു.

സംഗ്രഹിച്ചു പറഞ്ഞാൽ, ചരിത്രത്തെയും ജീവിതത്തെയും തമ്മിലിണക്കിനിർത്തി നിഷ്ഠൂരമാംവിധം ജാതി നിർവഹിക്കുന്ന പ്രത്യക്ഷവും പരോക്ഷവും പ്രതീകാത്മകവും പ്രച്ഛന്നവുമായ ഹിംസകളുടെ സിംഫണിയാണ് ഹരീഷിന്റെ ഓരോ കഥയും.

പുസ്തകത്തിൽ നിന്ന്:-

മാവോയിസ്റ്റ് എന്ന കഥയിൽ നിന്നൊരു ഭാഗം.

'നേരം പുലരുന്നതിനു തൊട്ടുമുൻപ് അവരുടെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങി. പോത്തും എരുമയും രണ്ടു വശത്തുകൂടി ഓടി തുറസ്സായ ഒരു പുൽമേട്ടിലെത്തിപ്പെട്ടു. കാടിനോടു ചേർന്ന അതിന്റെ കിഴക്കുവശം തൂക്കായ പാറക്കെട്ടുകളാണ്. ബാക്കി മൂന്നുവശവും ആളുകൾ വളഞ്ഞു. രണ്ടുമൂന്ന് റൗണ്ട് ഓടി കല്ലേറു കൊണ്ട് വലഞ്ഞ മൃഗങ്ങൾ ഫയറിങ് സ്‌ക്വാഡിനെ അഭിമുഖീകരിക്കുന്ന കുറ്റവാളികളെപ്പോലെ ഒരുവേള പാറക്കെട്ടുകളിലേക്ക് മുഖം തിരിച്ചുനിന്നു. കൊമ്പൊടിഞ്ഞ് ഈച്ചയാർക്കുന്ന എരുമ ഏറെക്കുറെ പരവശയായിരുന്നു. ഇടയ്ക്ക് മുൻകാലുകൾ മടക്കി കിടക്കാനും അതൊരു ശ്രമം നടത്തി. മുതുകിന് ആരോ കത്തിയെറിഞ്ഞു കൊള്ളിച്ച് അതിനെ എഴുന്നേല്പിച്ചു. ചോരയൊലിക്കുന്ന വാൽകൊണ്ട് പ്രാണികളെ ആട്ടിനിന്ന പോത്തിന്റെ വായിൽനിന്ന് നുര ഒരു നേർവരയായി താഴേക്കു പതിച്ചു. ഇടയ്ക്കിടെ കണ്ണടച്ചും തുറന്നുമിരുന്ന അത് ആ പുല്ലുമേട് തിന്നുതീർക്കാൻ പോവുകയാണോയെന്നു തോന്നിച്ചു.

കുട്ടച്ചൻ തോക്കുനിറച്ച് തയ്യാറായി നിന്നു. ഇത്തവണ അയാൾക്ക് ഉന്നം തെറ്റാനിടയില്ല. എല്ലാവരും രണ്ടു ചുവട് പിറകോട്ട് നില്ക്കാൻ അയാൾ ആജ്ഞാപിച്ചു. രണ്ടുപേരെ കൂടവുമായി റെഡിയാക്കി നിർത്തി. വെടി പൊട്ടിയാലുടനെ അവർ ഓടിച്ചെന്ന് വീണ മൃഗങ്ങളുടെ തല ഇനി ഉയരാത്ത വിധം അടിച്ചു തകർക്കണം.

പെട്ടെന്ന് ഭാനു എന്ന പോത്ത് ഒന്നു കറങ്ങി ജനക്കൂട്ടത്തിനു നേർക്ക് മുഖം തിരിച്ചു. അതെന്തോ ആലോചിച്ചു തീരുമാനിച്ചതുപോലെ ആളുകൾക്കു തോന്നി. ഉന്നം പിടിച്ച കുട്ടച്ചന്റെ കൈ ഒന്നു വിറച്ചു. അയാൾക്ക് എന്തെങ്കിലും തീരുമാനമെടുക്കാൻ കഴിയും മുൻപ് പോത്തുകളിൽ സർവ്വസാധാരണമല്ലാത്ത ഒരു കരച്ചിലോടെ ഭാനു ആൾക്കൂട്ടത്തിനു നേരേ വർദ്ധിത വീര്യത്തോടെ പാഞ്ഞടുത്തു. ഉത്സാഹികളിൽ പകുതിയും തിരിഞ്ഞോടി. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറും കർമ്മനിരതനായി മുൻനിരയിലുണ്ടായിരുന്ന പെശകൻ ശങ്കുവാണ് ഏറ്റവും മുന്നിലോടിയത്. മൂന്നു വശങ്ങളിലും മനുഷ്യഭിത്തിയായി നിന്നവർ ചിതറി ഒന്നിച്ചു കൂടി. ആദ്യമേ ഒന്നു പകച്ചെങ്കിലും ബഹളത്തിനിടെ പഴുത് തുറന്നു കിട്ടിയ എരുമ തെക്കോട്ടോടിയ ശേഷം കിഴക്കോട്ടു തിരിഞ്ഞ് ഒറ്റക്കുതിപ്പിന് കാട്ടിൽ ചാടി അപ്രത്യക്ഷയായി. ആളുകളാരും അതിന്റെ ഗതി കണ്ടില്ലെന്നതാണ് ശരി.

മനുഷ്യരും പോത്തും തമ്മിലുള്ള നേർക്കുനേർ യുദ്ധം അത്യസാധാരണ രീതിയിൽ കുറച്ചുനേരം തുടർന്നു. പെട്ടെന്നുള്ള ആക്രമണത്തിൽ ഭിന്നിച്ചുപോയ ആളുകൾ ആർത്ത് തിരികെയെത്തി ആയുധങ്ങളുമായി പോത്തിനെ നേരിട്ടു. തല താഴോട്ടാക്കി മുന കൂർത്ത കൊമ്പുമായി അത് ഒരുപാട് പേരെ തോണ്ടിയെറിഞ്ഞു. നാലുകാലും പറിച്ച് തൊഴിച്ചു. അത്ഭുതപ്പെടുത്തും വണ്ണം വേഗത്തിൽ വട്ടംകറങ്ങി വെട്ടി. നിലത്തുവീണവരെ ചവുട്ടിമെതിച്ചു. അത് നിന്നനില്പിൽ ഉയർന്നുചാടിയപ്പോൾ വലിയ ധൈര്യവാന്മാർപോലും നിലവിളിച്ചു. കാലിൽ കുടുക്കിടാൻ നോക്കിയ ആന്റണി തൊഴിയേറ്റു വീണു. തോക്ക് കൈവിട്ടുപോയെങ്കിലും കുട്ടച്ചനാണ് പോത്തിനെ ഏറ്റവും ധൈര്യത്തോടെയും ഫലപ്രദമായും നേരിട്ടത്. വീരനായ ജെല്ലിക്കെട്ടുകാരനെപ്പോലെ അയാൾ അതിന്റെ കൊമ്പുകളിൽ പിടിമുറുക്കി. അപൂർവ്വമായ കരുത്തുള്ള കൈകൾകൊണ്ട് പിടിവിടാതെ കഴുത്ത് വളച്ച് അതിനെ കൊമ്പുകുത്തിച്ച് നിലത്തടിക്കാൻ നോക്കി. പിന്നിൽ നിന്നവരും ഉത്സാഹിച്ചതോടെ അയാൾ വിജയിച്ചുവെന്ന് എല്ലാവർക്കും തോന്നി.

എന്നാൽ മുൻകാലുകളിൽ ബലം കൊടുത്ത് അത് പൊടുന്നവേ കുതറി. കൊമ്പിൽ കോർത്ത് കുട്ടച്ചനെ കറക്കിയെറിഞ്ഞു. അയാളുടെ കുടലിനറ്റം മുറിവിൽക്കൂടി കാണാമായിരുന്നെന്ന് പറയപ്പെടുന്നു. ആശുപത്രിയിലെത്തിക്കാനായി കുട്ടച്ചനെ ഒരു മുളവടിയിൽ കെട്ടിത്തൂക്കി ആളുകൾ താഴേക്ക് കൊണ്ടുപോയി.

കുട്ടച്ചൻ വീണതോടെ ജനം തോറ്റുതുടങ്ങിയിരുന്നു. ഇവനെ തോല്പിക്കാൻ ഇതൊന്നും പോരെന്ന് ആന്റണിക്കു തോന്നി. കുറേപ്പേരെ ആയുധങ്ങളുമായി നിർത്തി തെക്കും പടിഞ്ഞാറും ബന്തവസ്സാക്കിയ ശേഷം അയാൾ തിരിച്ചുവന്നു.

'നിർത്ത്!' നിരുപദ്രവിയായ പാമ്പിന് പെട്ടെന്ന് ഫണം വന്നപോലെ അയാൾ ആൾക്കൂട്ടത്തിനു നേരേ ചീറി.

'ഇത്രയും കുഴപ്പമുണ്ടാക്കിയത് പോരേ? അത് കാട്ടിലോട്ട് പോകട്ടെ!'

മിക്കപേരും അസഭ്യം വിളിച്ചുപറഞ്ഞ് പിന്മാറി. ബാക്കിയുള്ളവരെ നിസ്സാരമായി കുടഞ്ഞെറിഞ്ഞ് ആന്റണിയൊരുക്കിയ വഴിയേ പോത്ത് വടക്കോട്ട് കുതിച്ചു. ദൂരെ കാടിന്റെ പച്ച അതിന്റെ കണ്ണിൽ തിളങ്ങി.

അങ്ങോട്ടേക്കുള്ള മാർഗ്ഗത്തിൽ ഒരു നീർച്ചാലും ചെളിക്കെട്ടും കടക്കേണ്ടതുണ്ട്. പോത്ത് ഓടി വെള്ളത്തിലിറങ്ങി അല്പം നീന്തി ചേറുള്ള ഭാഗത്തേക്ക് കടന്നു. ക്രമേണ നടപ്പിന് വേഗം കുറഞ്ഞു. മുൻകാലിൽ കുത്തി ചതുപ്പിൽ താണ പിൻകാലുയർത്താൻ അതൊരു വിഫലശ്രമം നടത്തി. അപ്പൊഴേക്കും ആന്റണി ചെളിയിൽ ചാടി വേഗത്തിൽ കാലുകൾ ഉയർത്തിച്ചവുട്ടി. അവനു സമീപമെത്തിയിരുന്നു. ചുറ്റും മുകളിൽനിന്നു ജനം ആർത്തുവിളിക്കുമ്പോൾ അതൊരു പുരാതന സാമ്രാജ്യത്തിൽ തടവുകാരനും മൃഗവും തമ്മിൽ നടക്കുന്ന മരണപ്പോരാട്ടവേദിയായി തോന്നി. ഒരു കൂസലുമില്ലാതെ അടിവസ്ത്രമിടാത്ത നഗ്നതകാട്ടി ആന്റണി തന്റെ കൈലിമുണ്ടുരിഞ്ഞ് അതിന്റെ മുഖത്ത് ചുറ്റി. ആരോ ഇട്ടുകൊടുത്ത വലിയ കത്തി ഹൃദയവും ശ്വാസകോശവും മുറിയത്തക്ക രീതിയിൽ പോത്തിന്റെ നെഞ്ചിലേക്കു കയറ്റി.

ഒരു കൂട്ടർ ആന്റണിയെ തോളിൽ വെച്ച് തുള്ളുന്നതിനിടെ മറ്റു ചിലർ കയർകെട്ടി പോത്തിന്റെ ശരീരം വലിച്ച് കരയ്ക്കടുപ്പിച്ചു. കൂട്ടത്തോടെ അതിന്മേൽ ചാടി വീണു. വെയിൽ ചൂടുപിടിച്ചു തുടങ്ങും മുൻപുതന്നെ വലിയ ഇറച്ചിക്കഷണങ്ങളുമായി ആളുകൾ വിജയീഭാവത്തിൽ വീടുകളിലേക്ക് മടങ്ങുന്നതു കാണാമായിരുന്നു.

ഉൾക്കാട്ടിലേക്ക് പ്രാണനും കൊണ്ടോടിയ എരുമ നാലഞ്ച് പേരടങ്ങുന്ന ഒരു സംഘത്തിന്റെ മുന്നിൽ പെട്ടു. കൊതുകും അട്ടകടിയും വിശപ്പുമായി അവർ പരസ്പരം ശണ്ഠയിലായിരുന്നു അപ്പോൾ.

'ഇപ്പോഴെന്തായി?' ഒരാൾ ചോദിച്ചു. 'പുറത്തിറങ്ങാന്മേല. നിറയെ പൊലീസാ! ഇവിടെ ഏതാണ്ടൊക്കെ സംഭവിക്കും. നാട്ടുകാര് നമ്മുടെ കൂടെ കൂടും. എന്നൊക്കെപ്പറഞ്ഞതല്ലേ?'

'പിടിയെടാ അതിനെ'. മറ്റൊരുത്തൻ എരുമയെ കണ്ട് വിളിച്ചുപറഞ്ഞു.

അത് അടുത്തവട്ടം കുതിപ്പു തുടങ്ങി. വിശപ്പുമായി കുറച്ചുപേർ പിന്നാലെയും.

തുടർന്നു വന്ന ഞായറാഴ്ചയും കാലന്റെ ഇറച്ചിക്കട പ്രവർത്തിച്ചു, ചെറിയ മാറ്റങ്ങളോടെ. ആന്റണി കാലൻ ആന്റണിയായി. അവൻ സോഫിയെ കെട്ടാനൊന്നും പോയില്ല. അവളുടെ മുറിയിൽ കയറി താമസമാക്കി, അത്രതന്നെ. അവൻ മാറ്റിയിട്ടു കൊടുക്കുന്ന ഇറച്ചിത്തുണ്ടങ്ങൾ വർക്കി ഭവ്യതയോടെ നുറുക്കി.

'അല്ലേലും പോത്തുകൾ ഭയങ്കരന്മാരാ'. ഇറച്ചി വാങ്ങാൻ നിന്ന പ്രഭാകരൻ നേരമ്പോക്കായി പറഞ്ഞു. 'പണ്ട് ഞങ്ങളുടെ ഒരു പൊലീസ് സ്റ്റേഷൻ ആക്രമണം അവർ പരാജയപ്പെടുത്തിയിട്ടുണ്ട്. കുറച്ചുപേർ രാത്രി ആയുധങ്ങളുമായി പൊലീസ് സ്റ്റേഷൻ വളഞ്ഞിരിക്കുവാരുന്നു. പെട്ടെന്ന് ടപ്പ് ടപ്പ് എന്ന് പട്ടാളം മാർച്ചു ചെയ്തു വരുന്ന ശബ്ദം. എല്ലാവരും തിരിഞ്ഞോടി. രാത്രി ചന്തയിലേക്കുള്ള പോത്തുകളെ ടാറിട്ട റോഡിൽക്കൂടി നടത്തിക്കൊണ്ടുവരുന്ന ഒച്ചയായിരുന്നു അത്'.

നല്ലൊരു തെറി പറഞ്ഞുകൊണ്ട് കാലൻ ആന്റണി കരളിന്റെ ഒരു കഷണം അയാൾക്കു കൂടുതലായി നല്കി'.

അപ്പൻ
എസ്. ഹരീഷ്
ഡി.സി. ബുക്‌സ്
125 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP