Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ഇന്ത്യൻ അ-പ്രണയകഥ

ഒരു ഇന്ത്യൻ അ-പ്രണയകഥ

ഷാജി ജേക്കബ്‌

'At times, fiction brings out issues and concepts with much more clarity and ease than non fiction ever can.'                     

- Chetan Bhagat.

2014 ഒക്ടോബർ ഒന്നിനു പ്രസിദ്ധീകരിച്ച ചേതൻഭഗത്തിന്റെ ആറാമത്തെ നോവൽ, 'ഹാഫ് ഗേൾഫ്രണ്ടി'ൽ, വൈദ്യുതിയും കുടിവെള്ളവും റോഡുകളുമില്ലാത്ത ബീഹാറിലെ ഒരു വിദൂര ഗ്രാമത്തിലാണ് കഥാനായകനായ മാധവ് ഝാ ജീവിക്കുന്നത്. അവിടെ, എല്ലാ പ്രതാപവും അസ്തമിച്ച അയാളുടെ രാജകുടുംബം നടത്തുന്ന, എഴുന്നൂറു കുട്ടികളും മൂന്നധ്യാപകരുമുള്ള (വൈദ്യുതിയോ ക്ലാസ്മുറികളോ മൂത്രപ്പുരയോ ഇല്ലാത്ത) പള്ളിക്കൂടം കാണാൻ മൈക്രോസോഫ്റ്റ് ചെയർമാൻ ബിൽഗേറ്റ്‌സ് എത്തുന്നു. അദ്ദേഹത്തിനു മുന്നിൽ ഇംഗ്ലീഷിൽ പ്രസംഗിക്കാൻ പരിശീലനം നേടുന്ന മാധവിനോട് പകുതി കാമുകിയായ റിയ പറയുന്നത്, 'ലളിതമായ ഇംഗ്ലീഷ് പരിശീലിക്കാൻ ചേതൻഭഗത്തിന്റെ നോവലുകൾ വായിക്കൂ' എന്നാണ്.

ഒരുപക്ഷെ, ചേതൻഭഗത്ത് കഴിഞ്ഞ പതിനഞ്ചുവർഷവും ഇന്ത്യൻ ഇംഗ്ലീഷ് നോവലിലെ ജനപ്രിയഭാവനയുടെ രാജകുമാരനായി വാഴുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നും ഇതുതന്നെയാവും. അമീഷ് ത്രിപാഠി മുതൽ ആനന്ദ് നിലകണ്ഠൻ വരെയുള്ള ഇംഗ്ലീഷ് ജനപ്രിയ നോവലിസ്റ്റുകളുടെ നിരയിൽ ഒന്നാമനാണ് ചേതൻ. പതിനഞ്ചുവർഷം. പതിനഞ്ചു ദശലക്ഷത്തോളം കോപ്പികൾ. 'പ്രതിഭാസ'ത്തിൽ കുറഞ്ഞൊന്നുമല്ല, ചേതന്റെ ജനപ്രീതിയുടെ തോത്. ബാർബറാ കാർട്ട്‌ലൻഡും ഹാരോൾഡ് റോബിൻസും മുതൽ ഡാൻബ്രൗണും ജഫ്രി ആർച്ചറും വരെയുള്ള ആഗോള ജനപ്രിയനോവലിസ്റ്റുകളുടെ ഇന്ത്യൻ വായനക്കാർക്ക് ചേതൻഭഗത്ത് അത്രമേൽ പ്രിയങ്കരനല്ല. പക്ഷെ പല തലമുറകളിൽപെടുന്ന ഇന്ത്യൻ ഇംഗ്ലീഷ് വായനക്കാർക്ക് ചേതൻ അങ്ങേയറ്റം പ്രിയങ്കരനാകുന്നു. അടിമുടി ഇന്ത്യനാണ് ചേതൻ. ഇംഗ്ലീഷിലൂടെ ആഗോളപൗരരാകാൻ കൊതിക്കുന്ന ആഗോളവൽക്കൃതകാലത്തെ - ഇരുപത്തൊന്നാം നൂറ്റാണ്ടിലെ എന്നും പറയാം - ഇന്ത്യൻ യുവത്വത്തിന്റെ സ്വപ്നലോകങ്ങളാണ് ചേതന്റെ നോവലുകളുടെ ഭാവനാഭൂമിക. ഈ ഭാഷയും ഈ ഭാവനാഭൂമികയും ചേർന്നു സൃഷ്ടിക്കുന്ന വായനയുടെ തരംഗം വെറും പത്തുവർഷംകൊണ്ട് ചേതനെ ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും വലിയ ജനപ്രിയബിംബമാക്കി മാറ്റിയിരിക്കുന്നു. നിശ്ചയമായും അതിന് ഒരു വർഗസ്വഭാവമുണ്ട് എന്നതു കാണാതിരിക്കുന്നുമില്ല.

ഇന്ത്യയിൽ ഒരു ഇംഗ്ലീഷ് പുസ്തകം വിൽപ്പനയിൽ പത്തുലക്ഷം കോപ്പി കടക്കുന്നത് 2004-ൽ പുറത്തുവന്ന ചേതന്റെ ആദ്യനോവൽ, 'ഫൈവ്‌പോയിന്റ് സംവൺ' ആണ്. പത്തുവർഷംകൊണ്ട് ഈ നോവൽ ഇരുനൂറ്റിയെട്ടു പതിപ്പ് എത്തി. 2014 സെപ്റ്റംബറിലെ കണക്കുകൾ പരിശോധിച്ചാൽ ചേതന്റെ രണ്ടാമത്തെ നോവൽ 'വൺ നൈറ്റ് അറ്റ് എ കോൾസെന്റർ' (2005) നൂറ്റിനാല്പത്തിമൂന്നു പതിപ്പും 'ത്രീ മിസ്റ്റേക്‌സ് ഓഫ് മൈ ലൈഫ്' (2008) നൂറ്റിമുപ്പത്തിനാലു പതിപ്പും 'ടു സ്റ്റേറ്റ്‌സ്' (2009) നൂറ്റിപ്പത്തു പതിപ്പും 'റവലൂഷൻ 2020' (2011) മുപ്പത്തിയാറു പതിപ്പും പിന്നിട്ടുകഴിഞ്ഞുവെന്നു കാണാം. ഒന്നാംപതിപ്പിൽതന്നെ ഇരുപതുലക്ഷം കോപ്പി പ്രസിദ്ധീകരിച്ച 'ഹാഫ് ഗേൾഫ്രണ്ട്' കൂടിയാകുമ്പോൾ ഏതാണ്ട് ഒരു കോടിയിലധികം കോപ്പികൾ കഴിയുന്നു, ചേതന്റെ നോവലുകളുടെ ഒരു ദശകത്തിലെ വിൽപ്പന. (ഒരുലക്ഷം കോപ്പി വിറ്റഴിഞ്ഞ മലയാളനോവലുകളുടെ എണ്ണം നോക്കിയാൽ നാലുപതിറ്റാണ്ടുകൊണ്ട് 'ഖസാക്കും' ഓരോ പതിറ്റാണ്ടുകൊണ്ട് 'സങ്കീർത്തന'വും 'ആടുജീവിത'വും നാലുവർഷം കൊണ്ട് 'ആരാച്ചാരും' മാത്രമായിരിക്കും അതിലുൾപ്പെടുക. 1985-95 കാലത്തെ ജനപ്രിയവാരികകളുടെ വായനാനിരക്കു മാത്രമാണ് ചെറിയൊരു താരതമ്യത്തിനെങ്കിലും വഴങ്ങുന്ന മലയാളത്തിലെ ഏക സാഹിതീയ പ്രതിഭാസം.) യഥാർഥത്തിൽ ഈ കണക്കുകളുടെ മറ്റൊരു കൗതുകം കാണാതിരുന്നുകൂടാ. ചേതന്റെ ആദ്യനോവൽ ഒന്നരവർഷംകൊണ്ട് പത്തുലക്ഷം കോപ്പി വിറ്റഴിഞ്ഞുവെങ്കിൽ മൂന്നാമത്തെ നോവൽ പതിനൊന്നരമാസംകൊണ്ടും നാലാമത്തെ നോവൽ ആറുമാസംകൊണ്ടും അഞ്ചാമത്തെ നോവൽ മൂന്നുമാസംകൊണ്ടും പത്തുലക്ഷം കോപ്പി വിറ്റഴിഞ്ഞു! ('ഇന്ത്യടുഡെ'യോട് കടപ്പാട്). എന്നുവച്ചാൽ 'റവലൂഷൻ 2020' മാത്രം ദിവസവും ശരാശരി പതിനായിരത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞു എന്നർഥം! ജനപ്രീതിയിൽ ഈ നോവലിസ്റ്റ് കൈവരിക്കുന്ന ഉയരത്തിന്റെ ഗ്രാഫാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഹിന്ദി ദിനപത്രത്തിലും (ദൈനിക് ഭാസ്‌കർ) ഇംഗ്ലീഷ് ദിനപത്രത്തിലും (ടൈംസ് ഓഫ് ഇന്ത്യ) എഴുതുന്ന കോളം, ഇന്ത്യയിലും വിദേശത്തുമുള്ള അക്കാദമിക് സ്ഥാപനങ്ങളിൽ നടത്തുന്ന പ്രഭാഷണങ്ങൾ, സ്വന്തം നോവലുകൾ സിനിമയാക്കുന്നതിനു പുറമെ ചേതൻതന്നെ എഴുതുന്ന തിരക്കഥകൾ, സാമൂഹ്യമാധ്യമങ്ങളിലെ വമ്പൻ ജനസമ്പർക്ക പരിപാടികൾ - സമകാല ഇന്ത്യൻ നഗര,മധ്യ-ഉപരിവർഗ, ഇംഗ്ലീഷ് - ഹിന്ദി തലമുറകൾക്കു മുന്നിൽ ചേതൻ അവതരിപ്പിക്കുന്ന ലോകബോധം അപൂർവവും അസാധാരണവുമായ രാഷ്ട്രീയ, മാധ്യമ, സാംസ്‌കാരിക മണ്ഡലങ്ങളുടെ ഒരു കലർപ്പാണ് (ഈ വർഷമാദ്യം സംസ്‌കൃതസർവകലാശാലയിൽ ജനപ്രിയസംസ്‌കാരത്തെക്കുറിച്ച് സംഘടിപ്പിച്ച അന്തർദേശീയ സെമിനാറിലേക്ക് ചേതനെ ക്ഷണിക്കുകയുണ്ടായി. പ്രഭാഷണത്തിന്റെ പ്രതിഫലമായി ചേതന്റെ ഓഫീസ് പറഞ്ഞത് പത്തുലക്ഷം രൂപയായതിനാൽ (ജി.എസ്.ടി. ഉൾപ്പെടെ) അദ്ദേഹത്തെ ഒഴിവാക്കേണ്ടിവന്നു!).

2004-ൽ ബരാക് ഒബാമയ്‌ക്കൊപ്പമാണ് ചേതൻഭഗത്തും ഇന്ത്യൻ സാമൂഹ്യ, മാധ്യമ, സാംസ്‌കാരികമണ്ഡലങ്ങളിൽ അറിയപ്പെട്ടു തുടങ്ങുന്നത്. സമീകരിച്ചുപറയുകയല്ല, ഒബാമ മുന്നോട്ടുവച്ച പല ആശയങ്ങളും ചേതനും തന്റെ രചനകളിലൂടനീളം പിന്തുടരുന്നുണ്ട്. 'മാറ്റം' (Change) എന്ന താക്കോൽവാക്കിലാണ് ഇരുവരും നിലയുറപ്പിക്കുന്നത്. ഒബാമക്ക് അതു മുഖ്യമായും രാഷ്ട്രീയ - സാമ്പത്തിക മണ്ഡലങ്ങളിലെ അമേരിക്കൻ അനുഭവമാണെങ്കിൽ ചേതന് ആത്മവിശ്വാസമുള്ള ഇന്ത്യൻ യുവത്വത്തിനു മുന്നിൽ വയ്ക്കാനുള്ള ജീവിതസ്വപ്നമാണ്. 'യുവഭാരതത്തിനു വേണ്ടത്' (What Young India Wants) എന്ന തന്റെ ലേഖനസമാഹാരത്തിലൊരിടത്ത് ചേതൻ എഴുതി: 'India is the youth. This is something you will hear often, mainly because India's median age is twenty-five, and 70 per cent of the population is below thirty-five. However, despite these claims, the youth have little say in mainstream politics or national issues. The youth are under represented. This is mainly because the Indian youth is not a vote bank. I have often been described as one of the voices for the youth of the nation. I am not sure if that is correct, but I do try to speak about youth issues wherever possible. Young people read my books, mostly, and I want to do something for my readers.

In the youth of India I see hope for change. I see them as impressionable, open to ideas and willing to accept that things need to be different. It is from the youth that I derive most of my optimism.'

ആഗോളവൽക്കൃതകാലത്തെ വിദ്യാഭ്യാസ, തൊഴിൽ, മാധ്യമ, സാങ്കേതിക സംസ്‌കാരങ്ങളോടുള്ള മധ്യ, ഉപരിവർഗ സമീപനങ്ങളും താൽപര്യങ്ങളുമാണ് ചേതന്റെ സാമൂഹ്യവീക്ഷണങ്ങളുടെയെന്നപോലെ നോവലുകളുടെയും പരിസരം. ആഗോളവൽക്കരണം തെറ്റാണെന്നോ മുതലാളിത്തം തിന്മയാണെന്നോ വിപണി പാപമാണെന്നോ അമേരിക്ക സാമ്രാജ്യത്വം മാത്രമാണെന്നോ അന്യൻ നരകമാണെന്നോ ഇവരെപ്പോലെ ചേതനും കരുതുന്നില്ല. അവ, മത്സരങ്ങളും അവസരങ്ങളും മുന്നോട്ടുവയ്ക്കുന്ന ലോകയാഥാർഥ്യങ്ങളാണെന്നും മാനവികമൂല്യങ്ങളിൽ ഉറച്ചുനിന്നും ജനാധിപത്യത്തിൽ വിശ്വസിച്ചും മതേതരത്വം പാലിച്ചും ഈ കാലത്തോടും ലോകത്തോടും ചേർന്നുപോകാമെന്നും തന്റെ രചനകളിൽ ചേതൻ തെളിയിക്കുന്നു.

അണ്ണാഹസാരെ - അരവിന്ദ് ഖേജ്‌രിവാൾ കൂട്ടുകെട്ട് തുറന്നിട്ട അഴിമതിക്കെതിരായ കുരിശുയുദ്ധമാണ് പിന്നീട് ചേതന്റെ സാമൂഹ്യ-രാഷ്ട്രീയ വിചാരങ്ങളെയും സാഹിത്യഭാവനയെയും രൂപപ്പെടുത്തിയ സന്ദർഭങ്ങളിലൊന്ന്. ഗാന്ധി മുതൽ ഹസാരെ വരെയുള്ളവരുടെ രാഷ്ട്രീയചിന്തകളോട് പലതലങ്ങളിൽ യോജിച്ചും വിയോജിച്ചും ചേതൻ നിലപാടെടുത്തു. സാമൂഹ്യമാധ്യമങ്ങളിൽ ബദൽ രാഷ്ട്രീയത്തിനായി പ്രചാരണം നടത്തി. ഇന്ത്യൻ യുവത്വം അടിവരയിട്ട നവരാഷ്ട്രീയ ഭാവുകത്വത്തിന്റെ വക്താക്കളിലൊരാളായി വളരെവേഗം ചേതൻ മാറി.

2002-ലെ ഗുജറാത്ത് കലാപമുൾപ്പെടെയുള്ളവ ചരിത്രപശ്ചാത്തലമാക്കി തന്റെ മൂന്നാമത്തെ നോവലെഴുതുമ്പോഴും, മതേതരത്വം തുടർച്ചയായിത്തന്നെ തന്റെ മാധ്യമചർച്ചകളിൽ വിഷയമാക്കുവാനും ഹിന്ദുത്വവാദത്തിനും ദേശീയതാബോധത്തിനുമിടയിലെ അതിർവരമ്പുകൾ സൂക്ഷ്മമായി തിരിച്ചറിയാനും ചേതനു കഴിയുന്നു. ഐ.ഐ.ടി. പ്രവേശനത്തിന്റെ മാനദണ്ഡങ്ങൾ മുതൽ സ്‌കൂളുകളിലെ ശൗചാലയങ്ങൾ വരെ, തന്റെ നോവലുകളുടെ രചനാകാലത്ത് ഇന്ത്യൻ സമൂഹത്തിൽ നടന്ന സംവാദങ്ങളൊന്നും ചേതൻ കാണാതെ പോകുന്നുമില്ല.

ഒറ്റവാക്യത്തിൽ പറഞ്ഞാൽ, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ ജനപ്രിയസംസ്‌കാര ങ്ങളുടെ സാഹിതീയ രൂപാന്തരങ്ങളാണ് ചേതൻഭഗത്തിന്റെ നോവലുകൾ. ക്രിക്കറ്റ്, ബോളിവുഡ് സിനിമ, പ്രൊഫഷണൽ വിദ്യാഭ്യാസം, ആഗോളതൊഴിൽവിപണി, ഇലക്ട്രോണിക് - നവ - സാമൂഹ്യമാധ്യമങ്ങൾ, അഴിമതിവിരുദ്ധ പൗരസമൂഹ മുന്നേറ്റങ്ങൾ, ഇംഗ്ലീഷിന്റെ വ്യാപനം, സാംസ്‌കാരികദേശീയത, മതേതരത്വം, സർവ്വോപരി യുവത്വം എന്നിവയാണ് സാഹിത്യഭാവനയിലേക്ക് ചേതൻ വിവർത്തനം ചെയ്യുന്ന ഇന്ത്യൻ ജനപ്രിയസാംസ്‌കാരികാനുഭവങ്ങൾ. ഇവയോരോന്നും തന്റെ നോവലുകളുടെ ചരിത്രപശ്ചാത്തലമോ സാമൂഹ്യസന്ദർഭമോ ജീവിതസ്വഭാവമോ മാനുഷികാവസ്ഥയോ ആഖ്യാനത്തിലെ പാഠാന്തരതയോ ആയി സന്നിവേശിപ്പിക്കുന്നു, ചേതൻ. ജനപ്രിയനോവലുകളുടെ രചനാരസതന്ത്രങ്ങളും ഗണ - രൂപങ്ങളും പിന്തുടരുന്നതിൽ (റൊമാൻസ്, ഡിറ്റക്ടിവ്, ഹൊറർ, ത്രില്ലർ, മിസ്റ്ററി.... എന്നിങ്ങനെ) പോലും വഴിമാറിനടക്കുന്നുണ്ട് ഈ എഴുത്തുകാരൻ. സമാനതകളില്ലാത്ത വിധം, 'യുവത്വ'ത്തിന്റെ ഭിന്നമുഖങ്ങളും അനുഭവമണ്ഡലങ്ങളും ആഗോളവൽകൃതകാലത്തെ ഇന്ത്യൻ സാമൂഹ്യജീവിതത്തിന്റെ പരിഛേദങ്ങളായി പുനരാവിഷ്‌ക്കരിക്കുന്നു, ചേതന്റെ ഓരോ നോവലും. പ്രണയം, കുടുംബബന്ധങ്ങൾ, പരമ്പരാഗതമൂല്യങ്ങൾ, വൈകാരികസംഘർഷങ്ങൾ തുടങ്ങിയവയൊക്കെ ഈ സാമൂഹ്യാനുഭവങ്ങൾക്കു പിന്നാലെ വരുന്ന ഘടകങ്ങൾ മാത്രമാണ്. പലപ്പോഴും സസ്‌പെൻസ്തന്നെ റദ്ദുചെയ്തുകൊണ്ടാണ് ചേതന്റെ നോവലുകൾ അവയുടെ ആഖ്യാനഘടന രൂപപ്പെടുത്തുന്നത്.

ആദ്യനോവലായ 'ഫൈവ് പോയിന്റ് സംവൺ' നോക്കുക. മധ്യ, ഉപരിവർഗ ഇന്ത്യൻ യുവത്വത്തിന്റെ ഏറ്റവും മോഹനീയവും ആദർശാത്മകവും വരേണ്യവുമായ പ്രൊഫഷണൽ വിദ്യാഭ്യാസ, തൊഴിൽമണ്ഡലത്തിന്റെ (ഐ.ഐ.ടി.) അതികാല്പനികമായ ആവിഷ്‌ക്കാരമാണല്ലോ ഈ കൃതി. ഒപ്പംതന്നെ, നാടകീയവും വൈകാരികവുമായ വ്യക്തിബന്ധങ്ങളും പാരമ്പര്യങ്ങളുടെയും ആധുനിക മൂല്യങ്ങളുടെയും സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന രണ്ടു തലമുറകളുടെ സാന്നിധ്യവും ഈ രചനയുടെ സാമൂഹ്യബന്ധങ്ങൾ ഉറപ്പാക്കുന്നു. രണ്ടാമത്തെ നോവലിൽ, ഒരു ആധുനികാനന്തര സാമൂഹികസ്ഥലംതന്നെയായി രൂപപ്പെട്ടുകഴിഞ്ഞിട്ടുള്ള കോൾസെന്ററുകളിലെ യുവാക്കളുടെ (രാത്രി) ജീവിതമാണ് വിഷയം. അവരുടെ ദൈനംദിന ജീവിതത്തിന്റെ അതീവ നാടകീയമായ ഒരു വഴിത്തിരിവിൽ ദൈവം അവർക്കുമേൽ നടപ്പാക്കുന്ന ഒരു രാത്രിയുടെ വിധിയെഴുത്തായി നോവൽ മാറുന്നു. മൂന്നാമത്തെ നോവൽ, ഭൂകമ്പാനന്തര, ഗോധ്രാക്കാലത്തെ ഗുജറാത്തിന്റെ രാഷ്ട്രീയത്തിൽ ക്രിക്കറ്റിന്റെ മാന്ത്രികലാവണ്യം കലർത്തി ഇന്ത്യൻ യുവത്വത്തിന്റെ അപാരമായ പ്രതീക്ഷയുടെ ഒരു ജീവിതസന്ദർഭം പുനഃസൃഷ്ടിക്കുന്നു 'ടുസ്റ്റേറ്റ്‌സ്' ആകട്ടെ, യുവാക്കളുടേതെന്ന പോലെ മുതിർന്നവരുടെയും തൊഴിലിടങ്ങളുടേതെന്ന പോലെ കുടുംബങ്ങളുടെയും ആധുനികരുടേതെന്ന പോലെ പാരമ്പര്യവാദികളുടെയും ജീവിതങ്ങൾ കൂട്ടിക്കുഴയ്ക്കുന്ന ഒരു പാൻ ഇന്ത്യൻ നോവലായി മാറുന്നു. 'റവലൂഷൻ 2020', ഉത്തരേന്ത്യയിലെ എൻട്രൻസ് കോച്ചിംഗിന്റെയും വിദ്യാഭ്യാസക്കച്ചവടത്തിന്റെയും അഴിമതി - അഴിമതിവിരുദ്ധ രാഷ്ട്രീയ മാധ്യമപ്രവർത്തനത്തിന്റെയും കൊളാഷായി രചിക്കപ്പെട്ട നോവലാണ്, 'ഹാഫ് ഗേൾഫ്രണ്ടാ'കട്ടെ, ഇംഗ്ലീഷിന്റെ ഇന്ത്യൻ സാധ്യതകളെക്കുറിച്ചെന്ന പോലെ, ഡൽഹി മുതൽ ന്യൂയോർക്ക് വരെ പരന്നുകിടക്കുന്ന സ്ഥലപശ്ചാത്തലങ്ങൾക്കിടയിലും ബീഹാറിലെ ഏറ്റവും ദരിദ്രവും പിന്നാക്കവുമായ ഒരു ഗ്രാമത്തിന്റെ കഥ പറയുന്നു. രാധികാമേഹ്ത്ത എന്ന ഇൻവെസ്റ്റമെന്റ് ബാങ്ക് ഓഫീസറും ഫേസ്‌ബുക്ക് ജീവനക്കാരനും തമ്മിലുള്ള വിവാഹത്തിന്റെ തലേന്ന് പെട്ടുയർന്നുവരുന്ന അവളുടെ രണ്ടു മുൻ പ്രണയബന്ധങ്ങളുടെ കഥപറയുന്നു, 'വൺ ഇന്ത്യൻ ഗേൾ'. വിവാഹേതര ബന്ധങ്ങളുടെയും ഫ്രീസെക്‌സിന്റെയും എൻ.ആർ.ഐ. കഥ. ഹോങ്കോങ്, ലണ്ടൻ, സാൻഫ്രാൻസിസ്‌കോ, ഗോവ... അസൽ ഒരു ഗ്ലോബൽ ബോളിവുഡ് ഭാവന. തികച്ചും മൗലികമായ ഭാഷാഘടനയിൽ, റിയലിസത്തിന്റെയും സെന്റിമെന്റലിസത്തിന്റെയും അതിഭാവുകത്വമില്ലാത്ത ഇഴചേർച്ചയിൽ ഇവയോരോന്നും സൃഷ്ടിക്കുന്ന വായനാനുഭവത്തിന് ഇന്ത്യൻ പൂർവമാതൃകകളില്ല എന്നുതന്നെ പറയണം.

അസാധാരണമായ വായനാക്ഷമതയുള്ള, പ്രകടമെന്നതിനെക്കാൾ പ്രചാരണപരം പോലുമാംവിധം സമകാലികവും ദേശീയവും സാമൂഹികവുമായ ജീവിതസന്ദർഭങ്ങളെ പാഠവൽക്കരിക്കുന്ന, ജനപ്രിയമായ ഒന്നും സാഹിത്യത്തിനന്യമല്ല എന്നു തെളിയിക്കുന്ന, എന്നാൽ സൂക്ഷ്മവും നിശിതവുമായ രാഷ്ട്രീയ, സാംസ്‌കാരിക കാഴ്ചപ്പാടുകൾ ഉറപ്പിച്ചെടുക്കുന്ന നോവലുകളാണ് ചേതൻഭഗത്തിന്റേത്. വെറും പ്രണയകഥകളല്ല ഇവയൊന്നുംതന്നെ. തീർച്ചയായും പ്രണയം ഇവയിലെല്ലാമുണ്ട്. എന്നു മാത്രമല്ല, ആഖ്യാനത്തിന്റെ നെടുധാരകളിലൊന്ന് പ്രണയമാണുതാനും. പക്ഷെ പ്രത്യക്ഷമായിത്തന്നെ ഈ പ്രണയത്തെ സാമൂഹികമായ ചില മൂല്യഘടനകളിലും ഭൗതികവ്യവസ്ഥകളിലും അധ്യാരോപിച്ചുകൊണ്ട് അതിലെ പങ്കാളികൾക്കും വായനക്കാർക്കും ഒരുപോലെ ബാധകമാകുന്ന ചില ജീവിതനിർദ്ദേശങ്ങൾ നൽകുകയാണ് ചേതന്റെ നോവൽ ദൗത്യം. എഴുത്തിന്റെ മാർഗവും ലക്ഷ്യവും ഒന്നായിമാറുന്നു, ഓരോ ചേതൻനോവലിലും. അതിസൂക്ഷ്മമായ സ്ഥല, കാലബോധങ്ങളോടെ, വംശം, മതം, ജാതി, വർഗം, തൊഴിൽ തുടങ്ങിയ ഇന്ത്യൻ ജനസംവർഗങ്ങളോരോന്നും ഈ നോവലുകൾ പ്രശ്‌നവൽക്കരിക്കുന്നു. പ്രധാനമായും പത്തുഘടകങ്ങളാണ് ചേതൻഭഗത്തിന്റെ നോവലുകൾ കൈവരിച്ചുകഴിഞ്ഞ അപൂർവമായ ജനപ്രിയത്വത്തിന്റെ ഭാവുകത്വസ്വരൂപം നിർണ്ണയിക്കുന്നത്.

ഒന്ന്, ആഗോളവൽകൃതകാലത്തെ മധ്യ, ഉപരിവർഗ ഇന്ത്യൻ യുവാക്കൾ കൈവരിച്ച അസാധാരണമാംവിധം മൂർത്തമായ ഗുണാത്മകചിന്തയും (positive thinking) ശുഭപ്രതീക്ഷയും (optimism) ഉൽക്കർഷേച്ഛയും (amion).

രണ്ട്, നഗര, മധ്യ-ഉപരിവർഗ ഇന്ത്യയുടെ മൂല്യബോധങ്ങളും രാഷ്ട്രീയവിശ്വാസങ്ങളും സാമൂഹിക താൽപര്യങ്ങളും ജീവിതാസക്തികളും കൈവരിക്കുന്ന സാഹിതീയസ്വരങ്ങൾ.

മൂന്ന്, ഇംഗ്ലീഷിന്റെ അനുദിനം വർധിച്ചുവരുന്ന ജനകീയതയും ജീവനനിർമ്മാണശേഷിയും.

നാല്, അരാഷ്ട്രീയമെന്ന് പലരും വിശേഷിപ്പിക്കുന്ന പൗരസമൂഹസങ്കല്പ (civil society)ത്തെ ആഘോഷമാക്കി മാറ്റുന്ന സമീപകാല ഇന്ത്യൻ യാഥാർഥ്യങ്ങൾ.

അഞ്ച്, ജനപ്രിയനോവൽഭാവനയുടെ സാർവലൗകിക രാസസൂത്രങ്ങളിലൊന്നായ സ്‌പെഷലൈസേഷന്റെ സ്വീകരണം.

ആറ്, ഫ്രീസെക്‌സ് മുഖമുദ്രയായിക്കഴിഞ്ഞ പുതുതലമുറ ഇന്ത്യൻ യുവത്വത്തിന്റെ ജീവിതാഘോഷങ്ങൾ.

ഏഴ്, പ്രണയഭാവനയിലെ പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷം.

എട്ട്, ദൈവവിശ്വാസത്തിലും വിധിഭയത്തിലും മുഴുകിനിൽക്കുന്ന, ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും കലഹിക്കാത്ത, ഭാഗ്യനിർഭാഗ്യങ്ങളിൽ ഒരുപോലെ ആണ്ടുപോകുന്ന, ജനപ്രിയമിത്തുകളുടെ വാചാലരായ ഉടമകളായി ജീവിക്കുന്ന ശരാശരി ഇന്ത്യൻ ഹിന്ദുക്കളുടെ ലോകം.

ഒൻപത്, സിനിമയുടെ പരകായപ്രവേശം.

പത്ത്, സാഹിത്യമണ്ഡലത്തിലെ പ്രൊഫഷണലിസം.

(ഈ പത്തുഘടകങ്ങളുടെയും വിശദചർച്ചക്ക് താൽപര്യമുള്ളവർ നോവലിലെ ചരിത്രഭൂപടങ്ങൾ എന്ന എന്റെ പുസ്തകം കാണുക.) നിശ്ചയമായും ആഗോള ജനപ്രിയസാഹിത്യ മണ്ഡലത്തിലെ താരമാകണമെങ്കിൽ ചേതൻ ഇനിയും ഒരുപാടു മുന്നേറണം. പത്തുലക്ഷം കോപ്പികൾ എന്ന ഇന്ത്യൻ കടമ്പകടന്ന മറ്റാരും ചേതനു ഒരു കോടി പിന്നിൽപോലുമില്ലെങ്കിലും പത്തുകോടിയെന്ന ആഗോളകടമ്പകടന്ന ഡസൻകണക്കിനു സാഹിത്യരാജാക്കന്മാർ ചേതനു മുന്നിലുണ്ട്. തന്റെ എഴുനൂറ്റിഇരുപത്തിമൂന്നു നോവലുകളുടെ നൂറുകോടിയോളം കോപ്പികൾ വിറ്റഴിഞ്ഞ ബാർബറാകാർട്ട്‌ലാൻഡും ഇരുപത്തിമൂന്നു നോവലുകളുടെ എഴുപത്തഞ്ചുകോടിയിലധികം കോപ്പികൾ വിറ്റഴിഞ്ഞ ഹാരോൾഡ് റോബിൻസും മുതൽ ഡാനിയൽ സ്റ്റീലും (50-80 കോടി കോപ്പികൾ) സിഡ്‌നിഷെൽഡനും (40-60 കോടി) സ്റ്റീഫൻകിംഗും (35 കോടി) ജാക്കികോളിൻസും (25-40 കോടി) ഡാൻബ്രൗണും (20 കോടി) മൈക്കൾ ക്രിച്ചണും (15 കോടി) ജെഫ്രി ആർച്ചറും (13 കോടി) റോബിൻ കുക്കും (10 കോടി) മറ്റും സൃഷ്ടിക്കുന്ന ജനപ്രിയനോവൽ വായനയുടെ ഇരമ്പുന്ന ലോകം ചേതനുമുന്നിൽ തുറക്കുമോ? ആഗോളവൽകൃതകാലത്തെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ സാമൂഹ്യ, മാധ്യമ, സാംസ്‌കാരിക സാധ്യതകൾ മുൻനിർത്തി നോക്കിയാൽ അതൊരു അസാധ്യതയല്ല എന്നുതന്നെ കരുതണം.

ചേതൻ ഭഗത്തിന്റെ എട്ടാമത്തെ നോവലാണ് '105-ാം മുറിയിലെ പെൺകുട്ടി'. ഒന്നാന്തരം ഒരു കുറ്റാന്വേഷണ കഥ. ഏഴുപ്രണയകഥകൾക്കുശേഷം ചേതൻ തന്റെ ജനപ്രിയനോവൽഭാവനയുടെ വഴിമാറ്റിവിട്ടിരിക്കുന്നു. ഇതൊരു അ-പ്രണയ(ഡിഹീ്‌ല)കഥയാണെന്ന് നോവലിസ്റ്റ് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ലോകത്തെവിടെയും ജനപ്രിയനോവലിന് പ്രണയം കഴിഞ്ഞാൽ കൈവരുന്ന രണ്ടാമത്തെ ഭാവുകത്വസ്വരൂപമാണല്ലോ കുറ്റാന്വേഷണത്തിന്റേത്. ചേതനും ആ വഴിയിലാണ് എത്തിനിൽക്കുന്നത്.

ഡൽഹി ഐ.ഐ.ടി.യിൽ പിഎച്ച്. ഡി. ഗവേഷകയാണ് കാശ്മീരി മുസ്ലിമായ സാറാലോൺ. ഡിബേറ്റിംഗിൽ താരം. അതിസുന്ദരി. സമ്പന്ന. കയറ്റുമതിവ്യാപാരിയായ സഫ്ദറുടെ മകൾ. ഹിമാദ്രി ഹോസ്റ്റലിലെ 105-ാം നമ്പർ മുറിയിൽ വർഷങ്ങളായി താമസിക്കുന്നു, സാറാ. ഐ.ഐ.ടി.യിൽ ബിടെക് പൂർത്തിയാക്കിയ കേശവരാജ് പുരോഹിത് എന്ന രാജസ്ഥാൻകാരൻ സാറയുമായി പ്രണയത്തിലാണ്. രാജസ്ഥാനിലെ ആർഎസ്എസ്. പ്രചാരകരിൽ പ്രമുഖനാണ് അഭിഭാഷകനായ രാജ് പുരോഹിത്. മതം മാറാൻ തയ്യാറാണെങ്കിൽ സാറയെ വിവാഹം ചെയ്തുകൊടുക്കാം എന്ന് സഫ്ദർ കേശവിനെ അറിയിക്കുന്നു. അതിനയാളും അയാളുടെ വീട്ടകാരും തയ്യാറായിരുന്നില്ല. നല്ല ജോലിയൊന്നും ലഭിക്കാത്തതിനാൽ സുഹൃത്തായ സൗരഭിനൊപ്പം ഒരു ചെറുകിട ഐ.ഐ.ടി. കോച്ചിങ് സെന്ററിൽ പഠിപ്പിക്കുകയാണ് കേശവ്. വിവാഹം നടക്കില്ല എന്നായതോടെ സാറ കേശവിൽനിന്നകന്നു. ഐ.ഐ.ടി.യിൽ പഠിച്ച് സ്വന്തമായി സ്റ്റാർട്ട് അപ്പ് തുടങ്ങിയ മിടുക്കനായ തെലുങ്കുബ്രാഹ്മണൻ രഘുവുമായി അടുക്കുന്ന സാറയെ അയാൾ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. സാറയെ നഷ്ടമായതിൽ കേശവ് ദുഃഖിതനാണ്.

സാറയുടെ ജന്മദിനത്തിൽ, അർധരാത്രിക്കുശേഷം അവളുടെ വാട്ട്‌സാപ്പ് മെസ്സേജ് കിട്ടിയതനുസരിച്ച് കേശവ് 105-ാം നമ്പർ മുറിയിലേക്ക് മുന്നേപ്പോലെ മാവിൻകൊമ്പുവഴി കയറിയെത്തുന്നു. അവൾ പക്ഷെ കിടക്കയിൽ മരിച്ചുകിടക്കുന്നതാണ് അയാൾ കണ്ടത്. അവളുടെ വീട്ടിലും പൊലീസിലും മരണമറിയിക്കുന്ന കേശവ് കൂട്ടുകാരനോടൊപ്പം സാറായുടെ കൊലയാളിയെ തിരഞ്ഞിറങ്ങുന്നു. ഒരിക്കൽ സാറ പരസ്യമായി തല്ലിയ ഹോസ്റ്റൽ കാവൽക്കാരൻ ലക്ഷ്മൺ റെഡ്ഡിയാകാം പ്രതി എന്ന സംശയത്തിൽ പൊലീസ് അയാളെ അറസ്റ്റ് ചെയ്യുന്നു. പക്ഷെ അയാളല്ല യഥാർഥ കുറ്റവാളി എന്ന് കേശവിന് ഉറപ്പായിരുന്നു. ഇൻസ്‌പെക്ടർ റാണയുടെ പിന്തുണയോടെ കുറ്റാന്വേഷണത്തിനിറങ്ങിപ്പുറപ്പെട്ട കേശവും സൗരഭും പിന്നീടു സംശയിച്ചത് സാറയുടെ ഗൈഡും ഐ.ഐ.ടി. പ്രൊഫസറുമായ സക്‌സേനയെയായിരുന്നു. സാറയെ പലതവണ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാളാണ് സക്‌സേന. പക്ഷെ കൊലയ്ക്കുപിന്നിൽ അയാളുമല്ല എന്ന് വൈകാതെ അവർക്കു മനസ്സിലായി. സാറയുടെ പിതാവ് സഫ്ദറിനെയാണവർ പിന്നീട് സംശയിച്ചത്. 'ദുരഭിമാനക്കൊല'യെന്ന നിലയിൽ അയാൾ ആസൂത്രണം ചെയ്തതാണോ സാറയുടെ വധം? താമസിയാതെ സഫ്ദറിനെയും അവർ കുറ്റവിമുക്തനാക്കി. അടുത്തത് സഫ്ദറിന്റെ രണ്ടാം ഭാര്യയിലെ മകനും തഹ്‌രിക്-ഇ-ജിഹാദ് എന്ന ഭീകരസംഘടനയിലംഗവുമായ സിക്കന്ദറിന്റെ ഊഴമാണ്. അയാളെ ഡൽഹിയിലും പിന്നീട് ശ്രീനഗറിലും പിന്തുടർന്ന കേശവും സൗരഭും അയാളുടെ ആത്മഹത്യയോടെ തങ്ങളുടെ അന്വേഷണം സഫ്ദറിന്റെ കുടുംബസുഹൃത്തും പട്ടാളഓഫീസറുമായ ഫയാസിലേക്കു വഴിതിരിച്ചുവിടുന്നു. അയാൾ മൂന്നുലക്ഷം രൂപയുടെ കമ്മൽ സാറാക്കു നൽകിയിരുന്നു. സാറയും അയാളും തമ്മിൽ പ്രണയമായിരുന്നുവെന്നും അയാളിൽ നിന്ന് അവൾ ഗർഭം ധരിച്ചിരുന്നുവെന്നും സൂചനകൾ കിട്ടുന്നതോടെ, ഭാര്യയും രണ്ടു മക്കളുമുള്ള ഫയാസ് തന്നെയായിരിക്കും സാറയുടെ ഘാതകൻ എന്ന് കേശവും കൂട്ടുകാരനും കരുതുന്നു. എങ്കിലും നാടകീയമായി കാര്യങ്ങൾ തകിടംമറിയുകയും ഫയാസും സാറയും കൂടി തന്നെ ചതിക്കുകയാണെന്നു വിശ്വസിച്ച രഘുതന്നെയാണ് അവളെ കൊന്നതെന്ന് കേശവ് കണ്ടെത്തുകയും ചെയ്യുന്നു. അയാളെ നിയമത്തിനുമുന്നിലെത്തിച്ച്, സ്വന്തമായി ഒരു കുറ്റാന്വേഷണ ഏജൻസിയാരംഭിക്കുന്നു കേശവും സൗരഭും.

കുറ്റാന്വേഷണനോവലാണെങ്കിലും മുൻ (പ്രണയ)നോവലുകളുടെ ആഖ്യാനരസതന്ത്രങ്ങളൊന്നും '105-ാം മുറിയിലെ പെൺകുട്ടി'ക്കന്യമല്ല. കുറെക്കൂടി സിനിമാറ്റിക്കും വിഷ്വലുമാണ്താനും. അടിമുടി ഒരു ബോളിവുഡ് സസ്‌പെൻസ് ത്രില്ലറിന്റെ സ്വഭാവം സന്നിവേശിപ്പിച്ചിട്ടുണ്ട്, നോവലിൽ. നാലധ്യായങ്ങളിൽ സ്ഥലപശ്ചാത്തലം ശ്രീനഗറാണ്. എന്നുമാത്രവുമല്ല, ജമ്മു-കാശ്മീർ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകൾ നോവലിലെ വലിയൊരു ആഖ്യാനധാരയുമാണ്. മുൻപുപറഞ്ഞ പത്തു സ്വഭാവങ്ങളും ഈ നോവലിൽ പ്രകടമാണ്. ഒപ്പം, കേശവും സൗരഭൂം തമ്മിലുള്ള സൗഹൃദത്തിൽ സ്വവർഗരതിയുടെ ഘടകം കൂടി ധ്വനിപ്പിച്ചിരിക്കുന്നു, ചേതൻ. മൊബൈൽഫോൺ/കംപ്യൂട്ടർ ഹാക്കിംഗിലുള്ള സാമർഥ്യം പോലെതന്നെ ഓൺലൈൻ-സൈബർ സെക്‌സിലുള്ള താൽപര്യവും നായകനും കൂട്ടകാരനുമുണ്ട്. ഡൽഹിയിലെ മുഴുവൻ പുരുഷവഷളത്തരങ്ങളുടെയും ആൾരൂപമാണ് ഇൻസ്‌പെക്ടർ റാണ.

കഥ പറയുക, സംശയിപ്പിക്കുക, ആകാംക്ഷ നിലനിർത്തുക എന്നീ തലങ്ങൾ നോവലിലുടനീളം കടുകിട വ്യതിചലിക്കാതെ ചേതൻ പിന്തുടരുന്നു. കാവൽക്കാരനെയും പ്രൊഫസറെയും സാറയുടെ പിതാവിനെയും സഹോദരനെയും കാമുകനെയും ഒന്നൊന്നായി സംശയത്തിന്റെ മുൾമുനയിൽ നിർത്തി വായനക്കാരെ ഒപ്പം കൊണ്ടുപോകുന്നു ചേതൻ. രഘുവിലേക്ക് സംശയത്തിന്റെ ഒരു തലനാരിഴപോലും നീട്ടുന്നില്ല, നോവലിലൊരിടത്തും. എന്നിട്ടും അതിസമർഥമായി രഘുവിനെ കുരുക്കാൻ കഴിയുന്നുണ്ട് കേശവിനും ചേതനും. അസ്സൽ ഷെർലക്‌ഹോംസ് രീതിയിൽ, യുക്തിയും ബുദ്ധിയും തെളിവും നിരീക്ഷണവും കഠിനാധ്വാനവും സാഹസമനോഭാവവും ഉപയോഗപ്പെടുത്തി, അപ്രതീക്ഷിതമായ ട്വിസ്റ്റ് സൃഷ്ടിച്ച്, കേശവ് എന്ന തൊഴിൽരഹിതനായ മുൻകാമുകൻ സാറാലോണിന്റെ കൊലയാളി അവളുടെ പ്രതിശ്രുതവരൻ തന്നെയാണെന്നു കണ്ടെത്തുന്നു.

നോവലിലൊരിടത്തു സൂചിപ്പിക്കുന്നതുപോലെ ഹൃദയവും തലച്ചോറും രണ്ടിടത്താക്കി ജീവിക്കുന്നവരുടെ കഥയാണ് 105-ാം മുറിയിലെ പെൺകുട്ടി. സാറ കേശവിനെയും രഘുവിനെയും ഫയാസിനെയും പ്രണയിക്കുകയും അവരോടൊപ്പം മാറിമാറി ശയിക്കുകയും ചെയ്യുന്നു. ഫയാസിൽനിന്ന് ഗർഭം ധരിച്ചശേഷം തന്നെ വിവാഹം കഴിക്കാനാണ് സാറയുടെ പദ്ധതി എന്നു വിശ്വസിച്ച രഘു, ധനികനെങ്കിലും കറുമ്പനായ തന്നെ സാറയ്ക്ക് ഉള്ളിൽ ഇഷ്ടമല്ല എന്നു കരുതുന്നതോടെയാണ് അവളെ കൊല്ലാൻ തീരുമാനിക്കുന്നത്. പ്രണയാന്ധനായ അയാൾ ആയിരം കോടി രൂപയോളം മൂല്യവർധന നേടിയ തന്റെ കമ്പനിയുടെ പകുതി അവളുടെ പേരിലാക്കിക്കഴിഞ്ഞിരുന്നു. സാറയുടെ ചതി മനസ്സിലാക്കിയ രഘുവിന് അവളെ ബുദ്ധിപൂർവം ഒഴിവാക്കണമായിരുന്നു. അയാൾ, തന്നെ ആരോ ആക്രമിച്ചു എന്ന കഥയുണ്ടാക്കി ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ അഡ്‌മിറ്റായി. സാറയുടെ പിറന്നാൾ ദിനരാത്രിയിൽ അവിടെ നിന്നു മുങ്ങി അർധരാത്രിയിലുള്ള വിമാനത്തിൽ ഡൽഹിയിലെത്തി, സാറയുടെ ഹോസ്റ്റൽമുറിയിൽ കടന്നുകയറി അവളെ കൊലപ്പെടുത്തി നേരം വെളുത്തപ്പോഴേക്കും തിരികെ ഹൈദരാബാദിലെത്തി ആശുപത്രിമുറിയിൽ കിടപ്പായി. സമർഥമായ നിരീക്ഷണപാടവവും സൂക്ഷ്മമായ തെളിവുകളും കൊണ്ട് കേശവ് സൗരഭ് പോലുമറിയാതെ രഘുവിനെ കുരുക്കുന്നു.

മയക്കുമരുന്നും സ്വർണവും ആയുധവും കൊണ്ടു കളിക്കുന്ന കശ്മീർ തീവ്രവാദികളെ നോവൽ രാഷ്ട്രീയമായി അപനിർമ്മിക്കുന്നു. കശ്മീരിലെ ചെറുപ്പക്കാരുടെ ഇന്ത്യാവിരോധവും ഇന്ത്യയിലെ ആർഎസ്എസ്.കാരുടെ അമിതദേശീയതയും ഒരേപരിഹാസത്തോടെ ചേതൻ തന്റെ നോവലിന് അടിത്തറയാക്കി മാറ്റുന്നു. രാജ് പുരോഹിതും റാണയും ചന്ദനും പോലുള്ള ഹിന്ദുക്കളുടെ മുസ്ലിം വെറിയും മുസ്ലിങ്ങളുടെ പാക്കിസ്ഥാൻ ഭ്രമവും ഇതിനു സമാന്തരമായി ആഖ്യാനത്തിന്റെ ഭാഗമാക്കുന്നു. അടിമുടി ഇന്ത്യനാണ് ഈ നോവലും എന്നു ചുരുക്കം.

പത്രപ്രവർത്തകരും കഥയെഴുത്തുകാരുമൊക്കെയായ കഥാപാത്രങ്ങൾ നടത്തുന്ന കുറ്റാന്വേഷണം, മലയാളമുൾപ്പെടെയുള്ള ഭാഷകളിൽ സമീപകാലത്ത് ഏറെ പ്രചാരം നേടിയിട്ടുള്ള ഒരു നോവൽസങ്കേതമാണ്. ഒരു ഇന്ത്യൻ അ-പ്രണയകഥയിലൂടെ ചേതൻ സ്വാംശീകരിക്കുന്നതും ഈയൊരു നോവൽകലയാണ്. ഈ ആഴ്ച പുറത്തുവന്ന മീനാക്ഷി ലേഖിയുടെ കന്നിനോവലിലും കുറ്റാന്വേഷകർ മാധ്യമപ്രവർത്തകരും വിവരസാങ്കേതികവിദഗ്ദ്ധരുമാണ്.

സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും കാലങ്ങളുടെയും അവസ്ഥകളുടെയും അനുഭവങ്ങളുടെയുമൊക്കെ വിവരണങ്ങൾ വിവർത്തനത്തിൽ ഭംഗിയാക്കാൻ കബനിക്കു കഴിഞ്ഞിട്ടുണ്ട്. എത്രയും ജനപ്രിയമാണല്ലോ ചേതന്റെ ഇംഗ്ലീഷ് സംഭാഷണങ്ങളും ഒറ്റവരിശൈലികളുടെ കലയും. ഏതു നോവലിലും വിവരണഭാഷയെക്കാൾ സംഭാഷണഭാഷയായിരിക്കും ഭിന്ന സാംസ്‌കാരികപദ്ധതികളെന്നനിലയിൽ വിവർത്തനത്തിനു പ്രശ്‌നമാകുക. ഇവിടെയും ചില പ്രശ്‌നങ്ങളില്ലെന്നില്ല. എങ്കിലും പൊതുവെ വായനാക്ഷമവും ചടുലവും ആകർഷകവുമാണ് 105-ാം മുറിയിലെ പെൺകുട്ടിയുടെ മലയാളപാഠം.

നോവലിൽനിന്ന്:-

'പിറ്റേന്നു വൈകുന്നേരം ഞാൻ തീന്മേശയിൽ എന്റെ അച്ഛനമ്മമാരോടൊപ്പമിരുന്ന് ചായ കുടിക്കുകയായിരുന്നു. സാറ തനിയെ ആൾവാറിലെ തെരുവുചന്തകളിൽനിന്ന് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു.

'ആ പെൺകുട്ടിയെ നീ വീട്ടിലേക്കു കൊണ്ടുവന്നതെന്തിനാണെന്ന് നിന്റെ അച്ഛൻ അറിയാൻ ആഗ്രഹിക്കുന്നു'. എന്റെ അമ്മ പറഞ്ഞു. ഞാൻ അച്ഛന്റെ നേർക്കു തിരിഞ്ഞു. എന്നിൽ നിന്നറിയേണ്ടത് അമ്മയിലൂടെ ചോദിച്ചതെന്തിനാണെന്ന് എനിക്കറിയണം.

'അച്ഛാ, അവൾക്ക് ആൾവാർ കാണണമെന്നു പറഞ്ഞു. നിങ്ങളെയും അവൾക്കു കാണാമല്ലോ എന്നു കരുതി'.

'ഞങ്ങളെന്തിനാണ് അവളെ കാണുന്നത്?' എന്റെ അച്ഛൻ ചോദിച്ചു.

'അതൊന്നിനുമല്ല, അല്ലേ?' എന്റെ അമ്മ ചോദിച്ചു. 'ഞാനത് നിന്റെ അച്ഛനോടു പറഞ്ഞു. ആൾവാർ കാണാൻ വന്ന ഒരു സുഹൃത്ത് മാത്രമാണ് അവൾ. സുരക്ഷിതമായതു കൊണ്ടാണ് നീ അവളെ വീട്ടിൽ താമസിപ്പിച്ചത്. സ്ത്രീകൾക്കെതിരെ ഇക്കാലത്ത് എത്ര കുറ്റകൃത്യങ്ങളാണ് നടക്കുന്നത്!'.

'അതേ, പക്ഷേ...'.

'പക്ഷേ?'.

'അവളെന്റെ നല്ല സുഹൃത്താണ്'.

'നല്ല സുഹൃത്ത്? നല്ല സുഹൃത്തുക്കളായി പെൺകുട്ടികളുള്ളതാർക്കാണ്?'. എന്റെ അച്ഛൻ ചോദിച്ചു. സാധാരണ മനുഷ്യർക്ക്, ഞാൻ ഉത്തരം പറയാനാഗ്രഹിച്ചെങ്കിലും പറഞ്ഞില്ല.

'നീ ഒരു കശ്മീരി മുസ്ലിം പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നിട്ടും ഞങ്ങൾക്ക് ഒന്നും ചോദിക്കാൻ പോലുമാകില്ലേ?'.

'നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത്?' അമ്മ തന്റെ ഭർത്താവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. 'ഐ.ഐ.ടി.യിൽ എല്ലായിടത്തു നിന്നുമുള്ള വിദ്യാർത്ഥികളുണ്ട്. അവളെ കണ്ടിട്ട് മര്യാദയുള്ളവളാണെന്നു തോന്നുന്നു. അവൾ ആൾവാർ കണ്ടിട്ട് തിരിച്ചുപോകും. ഇത്രയ്ക്കും ദേഷ്യപ്പെടുന്നതെന്തിനാണ്, രാജ്പുരോഹിത് ജി?'.

'നിന്റെ മകൻ വീട്ടിലേക്ക് ഒരു മുസ്ലിം പെൺകുട്ടിയെ കൊണ്ടുവന്നിട്ടും നിനക്ക് ഉത്കണ്ഠയില്ലേ?'. അച്ഛൻ ചോദിച്ചു. എന്റെ കുറ്റമെന്താണെന്ന് എനിക്ക് കൃത്യമായി പറയാനായില്ല. ഒരു പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നതോ? അതോ ഒരു മുസ്ലീമിനെ വീട്ടിലേക്കു കൊണ്ടുവന്നതോ? ചിലപ്പോൾ കണ്ടുമാകാം.

'മോനേ, ഇതിൽ എന്തെങ്കിലും വേവലാതിപ്പെടേണ്ടതായിട്ടുണ്ടോ?' അമ്മ അങ്ങേയറ്റം സാന്ത്വനിപ്പിക്കുന്ന സ്വരത്തിൽ ചോദിച്ചു.

'വേവലാതി?' എന്നെയും സാറയെയും ചേർത്ത് വേവലാതിയായാണ് പരിഗണിക്കുന്നത്, ഞാൻ ഊഹിച്ചു.

'അമ്മയല്ലേ പറഞ്ഞത് അവൾ സുന്ദരിയാണെന്ന്?' ഞാൻ ചോദിച്ചു.

'ഉവ്വ്, അതുകൊണ്ട്?' അമ്മ ചോദിച്ചു. അച്ഛൻ അമ്മയെ വൃത്തികെട്ട ഒരു നോട്ടം നോക്കി. ഒരു അഹിന്ദുവിനെ സുന്ദരിയെന്നു വിളിക്കാൻ അമ്മയ്‌ക്കെങ്ങനെ ധൈര്യം വന്നു?

'അവൾ ബുദ്ധിമതിയുമാണ്. അവൾ ഐഐടിയിലാണ് പിഎച്ച്.ഡി. ചെയ്യുന്നത്. ബിഗ് ഡാറ്റാ നെറ്റ്‌വർക്കിങ്ങിനെക്കുറിച്ച്. പുതുപുത്തൻ സാങ്കേതികവിദ്യയെക്കുറിച്ച്'.

'എന്ത് ബിഗ് ഡാറ്റ? ഡാറ്റ പാക്കേജ് പോലെ?' നേരായും ആശയക്കുഴപ്പത്തിലകപ്പെട്ട അമ്മ ചോദിച്ചു. സാറയുടെ പ്രബന്ധവിഷയം പരാമർശിക്കേണ്ടതില്ലായിരുന്നുവെന്ന് എനിക്കു തോന്നി.

'അവൾ സാമൂഹ്യവിഷയങ്ങളിൽ തല്പരയാണ്. അവൾ ഭൗതികസുഖങ്ങൾ മാത്രം വിലമതിക്കുന്നവളല്ല. പഠനം പൂർത്തിയാക്കിയാൽ കശ്മീരിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അവൾ ആഗ്രഹിക്കുന്നു. അവൾ ബഹുമാനമുള്ളവളാണ്'-അമ്മ എന്നെ തടസ്സപ്പെടുത്തി.

'അതെല്ലാം നല്ലതുതന്നെ. പക്ഷേ, നീയെന്തിനാണ് ഞങ്ങളോടിതെല്ലാം പറയുന്നത്?'.

എന്റെ രണ്ടു രക്ഷിതാക്കളും ഭീതിയോടെ എന്നെ തുറിച്ചുനോക്കാൻ തുടങ്ങി. ഞാൻ ദീർഘമായി ശ്വസിച്ചു.

'എനിക്കവളെ ഇഷ്ടമാണ്, അമ്മേ', ഞാൻ പറഞ്ഞു.

'എന്ത്?' ഞാൻ ശവഭോഗിയാണെന്നോ മറ്റോ സമ്മതിച്ചതുപോലെ അമ്മ ചോദിച്ചു.

'എനിക്ക് സാറയെ ഇഷ്ടമാണ്. അവൾക്കും എന്നെ ഇഷ്ടമാണ്. ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹമുണ്ട്'.

'നോക്ക്', അച്ഛൻ അലറി. അദ്ദേഹം തീന്മേശയിൽ നിന്നെഴുന്നേറ്റു. 'ഞാൻ നിന്റെ അച്ഛനാണ്. മണ്ടനല്ല. അവളെ കണ്ടപ്പോൾ തന്നെ എനിക്കിത് മനസ്സിലായി'.

'ഒരുമിച്ച്? നീ ഒരു മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയാണോ?' ശബ്ദം തിരിച്ചു കിട്ടിയ അമ്മ ചോദിച്ചു.

'എനിക്ക് സാറയുടെ കൂടെ ജീവിക്കണം. അവൾ ഒരു മുസ്ലീമായിപ്പോയി. അഞ്ചടി മൂന്നിഞ്ച് ഉയരമുണ്ട്. യക്ഷിക്കഥകളിലെ സ്‌നോവൈറ്റിനേക്കാൾ വെളുത്തതാണ്. ഇത്തരം വിവേകശൂന്യമായ, തൊലിപ്പുറത്തുള്ള ഗുണങ്ങൾ കാര്യമാക്കുന്നതെന്തിനാണ്?'.

'ഒരു മുസ്ലീമാണെന്നത് കാര്യമല്ലേ?', അമ്മ ചോദിച്ചു. കണ്ണുകളും വായും അമ്മയുടെ മുഖത്ത് മൂന്നു വട്ടങ്ങൾ വരച്ചുവെച്ചു.

ഉത്തരവാദിത്വത്തിൽ നിന്നൊഴിവാകാൻ ഇന്ത്യയിലെ ദശലക്ഷത്തോളം ഭർത്താക്കന്മാർ ഉപോയഗിക്കുന്ന അതേ തേഞ്ഞുപഴകിയ വരി എന്റെ അച്ഛനും പറഞ്ഞു: 'ചെല്ല്, നിന്റെ മകനെ കുറേക്കൂടി സ്‌നേഹിക്ക്. ആദ്യമവൻ ക്ലാസിൽ ഏറ്റവും മോശമായി പഠനം പൂർത്തിയാക്കി. ജോലിയും കിട്ടിയില്ല. ഇപ്പോഴവന് ഒരു മുസ്ലിം പെൺകുട്ടിയെ വേണം. നീ അവനെ ലാളിച്ചു വഷളാക്കിയതു കൊണ്ടല്ലെന്നു മാത്രമെന്നോടു പറയരുത്'.

എന്റെ അമ്മ ഞൊടിയിടയിൽ എന്റെയടുത്തെത്തുകയും തലയുടെ പുറകിൽ ഊക്കോടെ അടിക്കുകയും ചെയ്തു. കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയിൽ അമ്മയങ്ങനെ ചെയ്തിട്ടില്ല.

'അയ്യോ', ഞാൻ തലയുടെ പുറകുവശം തിരുമ്മി. രജപുത്രയായ ഒരു അമ്മയുടെ അടി തീർച്ചയായും വേദനിക്കും.

'നിനക്ക് സുബോധം നഷ്ടപ്പെട്ടോ? നിനക്ക് ഒരു മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നോ?', ഒരു ഓൺലൈൻ കൊക്കയിൻ കട തുടങ്ങാൻ പണം ചോദിച്ചതുപോലെ അമ്മ പറഞ്ഞു.

'കശ്മീരി മുസ്ലിം', അച്ഛൻ കൂട്ടിച്ചേർത്തു. സാറ വെളും വനില മുസ്ലീമിനേക്കാൾ എങ്ങനെയോ മോശക്കാരിയാണെന്നതുപോലെ.

'അച്ഛാ, അവൾ ഡൽഹിയിലെ ഒരു നല്ല കുടുംബത്തിൽ നിന്നുള്ള, അഭ്യസ്തവിദ്യയായ പെൺകുട്ടിയാണ്'.

'അവളെ പോലുള്ളവരാണ് കശ്മീരിൽ നിന്ന് ഹിന്ദുക്കളെ പുറത്താക്കിയത്', അച്ഛൻ പറഞ്ഞു.

'എന്ത്? കശ്മീരിൽ സമാധാനവും സുരക്ഷയും പ്രചരിപ്പിക്കാൻ അവൾക്കൊരു ബ്ലോഗുണ്ട്', ഞാൻ പറഞ്ഞു. അങ്ങെന്തിനെ കുറിച്ചാണീ സംസാരിക്കുന്നത്, അച്ഛാ?

'ബ്ലോ... എന്ത്?' അച്ഛൻ ചോദിച്ചു.

'ബ്ലോഗ്. അവൾ കശ്മീരിനെ കുറിച്ചും അവിടെ സമാധാനം വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇന്റർനെറ്റിൽ എഴുതുന്നുണ്ട്. അവളോട് സംസാരിക്കൂ, അവളുടെ കാഴ്ചപ്പാടുകൾ കേൾക്കൂ'.

'കശ്മീരിനെ കുറിച്ച് കശ്മീരി മുസ്ലീങ്ങളോട് എനിക്ക് സംസാരിക്കേണ്ടതില്ല. അവൾ ഈ വീടു വിട്ടു പോകുന്നതെപ്പോഴാണെന്നു മാത്രം എന്നോടു പറയ്', അച്ഛൻ പറഞ്ഞു. അദ്ദേഹം സോഫയുടെ നേർക്ക് നടക്കുകയും നീരസത്തോടെ അതിലിരിക്കുകയും ചെയ്തു. അദ്ദേഹം മുഖം കോട്ടുകയും ടിവി വെക്കുകയും ചെയ്തു. ഒരു വാർത്താ ചാനൽ തുറന്നുവന്നു. കാര്യങ്ങളെ കൂടുതൽ വഷളാക്കാൻ, പ്രധാന ചർച്ചാവിഷയം കശ്മീരിൽ ഇന്ത്യൻ പട്ടാളത്തിനെതിരെ കല്ലെറിയുന്നവരെ കുറിച്ചായിരുന്നു.

'നോക്ക്, നന്ദി കെട്ടവർ. നമ്മുടെ പട്ടാളം അവരെ സുരക്ഷിതരായി വെക്കുന്നു. അവരാകട്ടെ നമ്മുടെ പട്ടാളക്കാർക്കു നേരെ കല്ലെറിയുകയും ഭീകരവാദികളെ സംരക്ഷിക്കുകയും ചെയ്യുന്നു'.

ഞാൻ തറയിൽ ഊക്കോടെ ചവിട്ടിക്കൊണ്ട് ടിവിയുടെ മുമ്പിൽ ചെന്നുനിന്നു. 'എനിക്ക് കശ്മീർ പ്രശ്‌നത്തെക്കുറിച്ച് കൂടുതലൊന്നുമറിയില്ല. പക്ഷേ, അവിടെയുള്ളവർ നന്ദിയില്ലാത്തവരാണ് എന്ന കാഴ്ചപ്പാടിന്റെയത്ര ലളിതമല്ല കാര്യങ്ങളെന്ന് എനിക്കുറപ്പാണ്'.

'നീ കാര്യം മനസ്സിലാക്കുന്നില്ല'.

'അച്ഛാ, ഞാനും സാറയും പരസ്പരം സ്‌നേഹിക്കുന്നു. വകയ്ക്കുകൊള്ളാത്ത രാഷ്ട്രീയവുമായി അതിനൊരു ബന്ധവുമില്ല'.

'സ്‌നേഹം?', തീന്മുറിക്കപ്പുറത്തുനിന്ന് അമ്മ ആക്രോശിച്ചു. 'നിന്റെ അച്ഛൻ പറഞ്ഞതു നേരാണ്. നിന്റെ തല ഒന്നു പരിശോധിപ്പിക്കണം'.

'ടിവിക്കു മുമ്പിൽനിന്ന് മാറിനിൽക്ക്', അച്ഛൻ പരുക്കൻ മട്ടിൽ പറഞ്ഞു.

'അല്ല, അച്ഛാ എന്നോടു സംസാരിക്കൂ. മതമല്ലാതെ മറ്റെന്താണ് സാറയുടെ കുറ്റമെന്ന് എന്നോടു പറയൂ'.

'എനിക്കിനി അതേക്കുറിച്ച് സംസാരിക്കാൻ താല്പര്യമില്ല. അവളെ തിരികെ പറഞ്ഞയക്ക്'.

'സാറ രാജസ്ഥാനിൽ നിന്നുള്ള രജപുത്രസമുദായാംഗമായിരുന്നെങ്കിൽ നിങ്ങൾക്ക് സമ്മതമാകുമായിരുന്നു, അല്ലേ?'.

'അച്ഛനോട് തർക്കുത്തരം പറയരുത്. ഇല്ലെങ്കിൽ നിന്നെ ഞാൻ ഇനിയും അടിക്കും', അമ്മ ചീറി.

ഞാൻ അമ്മയോട് കെഞ്ചാനായി തിരിഞ്ഞു നിന്നു.

'അമ്മേ, അവളുടെ മതത്തിനപ്പുറം നോക്കൂ'.

'എങ്ങനെ? നമ്മുടെ തറവാട്ടിലെ ആരെങ്കിലും അതിനപ്പുറം നോക്കുമോ? സത്യസന്ധമായി മറുപടി പറയ്. വിവാഹത്തിന് ആളുകളെല്ലാം സംസാരിക്കുന്നത് എന്തിനെക്കുറിച്ചായിരിക്കും?'.

'അതാണോ കാര്യം? വിവാഹച്ചടങ്ങിലെ പരദൂഷണം?'.

എന്റെ അച്ഛൻ ച് ച് ശബ്ദമുണ്ടാക്കി.

'അതു മാത്രമല്ല, എന്റെ അമ്മ പറഞ്ഞു. നിനന്റെ അച്ഛനെ കുറിച്ച് നീ ചിന്തിക്കുന്നില്ല എന്നതാണു പ്രശ്‌നം. അതാണ് അദ്ദേഹത്തെ വേദനിപ്പിക്കുന്നത്.

ചിലപ്പോൾ എനിക്കു തോന്നിയതാകാം, ഞാൻ അച്ഛൻ മൂക്കു ചീറ്റുന്നതുപോലെ ഒരു ശബ്ദം കേട്ടു. അച്ഛനമ്മമമാർ നാലുവശത്തുനിന്നും വൈകാരികമായ ആക്രമണം അഴിച്ചുവിടാൻ തീരുമാനിച്ചാൽ ഒന്നും പരിധിക്കപ്പുറമല്ല. കരയുന്ന അച്ഛന്മാരും പ്രഹരിക്കുന്ന അമ്മമാരും, ഇന്ത്യൻ കുട്ടികളെ പരുവപ്പെടുത്തിയെടുക്കുന്നതിന്റെയും അവർക്ക് നേരായും വേണ്ട വസ്തുക്കൾ ഉപേക്ഷിക്കാൻ കൗശലത്താൽ പ്രേരിപ്പിക്കുന്നതിന്റെയും പതിവുരീതിയാണ്.

'ഇതെങ്ങനെ അച്ഛനെ ബാധിക്കും? ഞാൻ ചോദിച്ചു.

'അദ്ദേഹം ആർ.എസ്.എസിലാണ്, എന്റെ അമ്മ പറഞ്ഞു. 'വിവാഹിതനായതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഉയർച്ച തടയപ്പെട്ടിരിക്കുകയാണ്. എന്നിട്ടും കൂടുതൽ മികച്ച ഒരു സ്ഥാനത്തേക്ക് അദ്ദേഹത്തെ അവർ പരിഗണിക്കുന്നുണ്ട്'.

'അതുകൊണ്ട്?' ആശയക്കുഴപ്പത്തിലായ ഞാൻ ചോദിച്ചു.

'ഈ മുസ്ലിം പെൺകുട്ടിയെ വീട്ടിലേക്കു കൊണ്ടുവന്നാൽ മറ്റുള്ളവർ എന്തു പറയും?'

'അതും ഇതുമായി എന്താണു ബന്ധം? ആർഎസ്എസ് ഒരു സാമൂഹ്യസംഘടനയല്ലേ? ഇന്ത്യൻ ദേശീയതയെ പ്രോത്സാഹിപ്പിക്കുന്ന ഒന്ന്? അവരങ്ങനെയാണ് എപ്പോഴും പറയുന്നത''്.

'നോക്ക്, ഞാൻ പറഞ്ഞില്ലേ, അവനതൊന്നും കാര്യമാക്കുന്നില്ല', അച്ഛൻ പറഞ്ഞു. 'അവൻ ഒരു ഭീകരവാദിയെ വിവാഹം കഴിക്കും, കണ്ടോളൂ'.

'ഭീകരവാദി?' ഞാൻ പൊട്ടിത്തെറിച്ചു. 'അവൾ ഐഐടിയിലെ വിദ്യാർത്ഥിയാണ്'.

'മിണ്ടാതിരിക്ക്', അമ്മ പറഞ്ഞു. 'കഴിഞ്ഞതു കഴിഞ്ഞു. ഞാൻ മണ്ടിയായി ഇനി ഇന്നു രാത്രി തന്നെ അവളോട് ഇവിടെ നിന്നു പോകാൻ പറയ്'.

'ഇന്നു രാത്രിയോ?' ഞാൻ ചോദിച്ചു.

'അതെ', അമ്മ പറഞ്ഞു.

'രാത്രിയിൽ ഡൽഹിയിലേക്ക് കാറോടിക്കുന്നതുപോലും സുരക്ഷിതമല്ല', ഞാൻ പറഞ്ഞു.

'അവളുടെ കൂടെ പോകാൻ അച്ഛൻ ഒരു ആർഎസ്എസ് പ്രവർത്തകനെ ഏർപ്പാടാക്കും. ഇല്ലേ, രാജ്പുരോഹിത് ജീ?'.

അച്ഛൻ തലയാട്ടി.

'നീ അവളിൽനിന്ന് അകന്നു നിൽക്കുകയും വേണം'.

'പക്ഷേ അമ്മേ...'.

'അല്ലെങ്കിൽ നീ ഞങ്ങളിൽ നിന്ന് അകന്നു നിൽക്കണം', അച്ഛൻ പറഞ്ഞു.

'അമ്മേ, ഇത് ന്യായമല്ല'. ഞാൻ അമ്മയുടെ നേർക്കു തിരിഞ്ഞു.

വാതിൽമണി ഞങ്ങളുടെ സംഭാഷണം തടസ്സപ്പെടുത്തി. അച്ഛൻ എഴുന്നേറ്റ് വാതിൽ തുറന്നു.

'പാൽ കേയ്ക്ക്, ആർക്കാണു വേണ്ടത്?' സാറയുടെ ഉത്സാഹഭരിതമായ ശബ്ദം മുറിയിൽ നിറഞ്ഞു'.

105-ാം മുറിയിലെ പെൺകുട്ടി
ചേതൻ ഭഗത്
വിവ: കബനി
ആമസോൺ-വെസ്റ്റ്‌ലാൻഡ്
250 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP