Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീ: ഉടലുകളും കാമനകളും

സ്ത്രീ: ഉടലുകളും കാമനകളും

ഷാജി ജേക്കബ്

ൺകോയ്മകളുടെ ആറാട്ടെഴുന്നള്ളത്താണ് മലയാള സാഹിത്യം പൊതുവെ. ചുരുക്കം ചില ആണെഴുത്തുകാരും പെണ്ണെഴുത്തുകാരും സൃഷ്ടിച്ച വഴി മാറി നടപ്പിൽ നിന്നാണ് മലയാളം ഉടലുണർവ്വും കരളുറപ്പുമുള്ള പെണ്ണനുഭവങ്ങളെയും പെൺജീവിതങ്ങളെയും കണ്ടെടുത്തത്. മിഷനറി നോവലുകളും ചന്തുമേനോനും സി. വി. യും രൂപംകൊടുത്ത ചില സ്ത്രീ കഥാപാത്രങ്ങൾ, ചരിത്രപരമായും രാഷ്ട്രീയമായും സ്ത്രീക്കു മലയാളഭാവന നിർമ്മിച്ചു കൊടുത്ത ആധുനികമായ മാതൃകകൾക്കടിത്തറയായി.

ഒരു വശത്ത് സരസ്വതിയമ്മയും ലളിതാംബികയും മാധവിക്കുട്ടിയും സാറാതോമസും സാറാജോസഫും അഷിതയും മീരയും സംഗീതയും മറ്റും ഈ അടിത്തറയിലാണ് തങ്ങളുടെ പെണ്ണുടലുകൾക്കുയിരു പകർന്നതും ശരീരത്തിലും ആത്മാവിലും കാമനകളുടെ ജ്വരം പടർന്ന എത്രയെങ്കിലും കഥാപാത്രങ്ങളെ പരുവപ്പെടുത്തിയതും. മറ്റൊരുവശത്ത് ബഷീറും പൊറ്റെക്കാടും ഉറൂബും സുരേന്ദ്രനും വിലാസിനിയും എൻ. പി. മുഹമ്മദും കോവിലനും സി. അയ്യപ്പനും മുതൽ അംബികാസുതനും ടി. ഡി. രാമകൃഷ്ണനും വരെയുള്ളവർ കണ്ടെടുത്ത പെണ്ണുങ്ങളാകട്ടെ, തങ്ങളുടെ ജീവിതകാമനകളും കാമനാജീവിതങ്ങളും പരസ്പരം കൂട്ടിയിണക്കി മലയാളിയുടെ ആധുനിക- ആധുനികാനന്തര ഭാവനാമണ്ഡലങ്ങളെ തീപിടിപ്പിക്കുക തന്നെ ചെയ്തു.

പല തലങ്ങളിൽ നീരിക്ഷിക്കാൻ കഴിയും ഈ സ്ത്രീയനുഭവങ്ങളെയും ആഖ്യാനങ്ങളെയും. സാമൂഹിക സമത്വങ്ങളോടും ജാതി, മത കോയ്മകളോടും പൊരുതി നിന്നവർ മുതൽ കടലോളം വലുതായ കാമനകളുടെ വേലിയേറ്റങ്ങളിൽ പെട്ടുഴറി വീണവർ വരെയുണ്ട്, ഇക്കൂട്ടത്തിൽ. കുടുംബം, മതം, സമൂഹം തുടങ്ങിയ സ്ഥാപനങ്ങളിലും പ്രണയം, ദാമ്പത്യം, മാതൃത്വം തുടങ്ങിയ അനുഭൂതികളിലും വീട്ടിലും പുറത്തും ഒരുപോലെ തിരസ്‌കരിക്കപ്പെടുന്ന പ്രാണനും പ്രജ്ഞയും കൊണ്ടു ജീവിതത്തെ അനുഭവിച്ചവർ. ഇക്കൂട്ടത്തിൽ, ഒറ്റ സ്ത്രീകളെ കേന്ദ്രീകരിച്ചെഴുതിയ നോവലുകളുണ്ട്. 'വിഷകന്യക' മുതൽ 'ആരാച്ചാർ' വരെ. ഒപ്പം, ഒരു പറ്റം സ്ത്രീകളുടെ കഥപറയുന്ന നോവലുകളും. എണ്ണപ്പാടവും ആലാഹയുടെ പെൺമക്കളും വിലാപ്പുറങ്ങളും പോലെ. ഒന്നോ രണ്ടോ സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു കഥ പറഞ്ഞുപോകുന്ന നോവലുകളിൽ നിന്ന് ഇവ ഭിന്നമാകുന്നത്, ഈ സ്ത്രീ ജീവിതങ്ങൾ അവരുടെ ലിംഗ, ലിംഗപദവീ സ്വത്വങ്ങൾക്കൊപ്പം ഒരു മുഴുവൻ ദേശത്തിന്റെയും കൂടി കഥ പറയുന്നു എന്നതിനാലാണ്.

ഒരു തെരുവിന്റെ കഥയും ഒരു ദേശത്തിന്റെ കഥയും മുതൽ തട്ടകവും ലന്തൻ ബത്തേരിയും വരെയുള്ള നോവലുകൾ അവതരിപ്പിച്ചതുപോലെ നാട്ടകങ്ങളുടെ സാംസ്‌കാരിക ഭൂമിശാസ്ത്രം നിർമ്മിക്കുന്നതിൽ ഇവ ശ്രദ്ധയൂന്നുന്നു. മേല്പറഞ്ഞ രണ്ടു ഘടകങ്ങളും, ദേശത്തനിമയും പെൺസ്വത്വവും, മുൻനിർത്തിയെഴുതപ്പെട്ട മലയാളത്തിലെ ഏറ്റവും പുതിയ നോവലുകളിലൊന്നാണ് ഷൈനയുടെ 'ആവിലാക്കരയിലെ പെൺവ്യത്താന്തങ്ങൾ'.

വടക്കേ മലബാറിലെ ഒരു സാങ്കല്പിക ഗ്രാമമാകുന്നു ആവിലാക്കര. ആവിലാനദിയുടെ കരയിലെ ഒരാവാസകേന്ദ്രം. ആധുനികതയുടെ ചിഹ്നങ്ങൾ ഇഴ പിരിഞ്ഞു തുടങ്ങുന്ന കാലം. റേഡിയോ, കാളവണ്ടി, പിടിവണ്ടി, ബസ് എന്നിവ പിന്നിട്ട് ടെലിവിഷൻ വന്നെത്തിയ നാളുകൾ. ഗൾഫ് പണത്തിന്റെ പൊൻതിളക്കം സൃഷ്ടിച്ച മാറ്റങ്ങളുടെ കാലം. ആവിലാക്കര വീട്ടിലെ കുമാരൻ മൂപ്പരും ഭാര്യ ചിരുതമ്മയും. അവർക്ക് അഞ്ചാൺ മക്കൾ. ലക്ഷ്മണൻ, രവി, ദാമോദരൻ, ശ്രീധരൻ, ചന്ദ്രൻ. അവരുടെ ഭാര്യമാർ നന്ദിനി, മാധവി, കാർത്യായനി, ശാന്ത. നാലാമത്തെ മകൻ ശ്രീധരൻ കല്ല്യാണം കഴിച്ചില്ല. മൂപ്പരുടെയും ചിരുതമ്മയുടെയും ഏക മകൾ അകാലത്തിൽ മരിച്ചതോടെ ബാക്കിയായ കുഞ്ഞൂട്ടിയെന്ന പെൺകുട്ടിയുമുണ്ട്, ആവിലാ വീട്ടിൽ. കുഞ്ഞൂട്ടിയാണ് മിക്കപ്പോഴും നോവലിന്റെ ആഖ്യാതാവ്. സാത്വികനായ മൂപ്പരുടെ മക്കളഞ്ചും വഴിപിഴച്ചു. മദ്യവും കഞ്ചാവും ധൂർത്തും സ്ത്രീയും അവരെ ബാധപോലെ ആവേശിച്ചു. അവിഹിത ബന്ധങ്ങളും അഗമ്യഗമനങ്ങളും വഞ്ചനകളും മദ്യലഹരികളും അവർക്കു പുരുഷാർഥങ്ങളായി. ജാരന്മാരും ഭ്രാന്തന്മാരും യഥേഷ്ടം വിവഹരിച്ച രാപകലുകൾ ആവിലാക്കരയുടെ അകം പുറം ഇളക്കി മറിച്ചു. അതൃപ്ത കാമനകൾ കൊണ്ട് ഉള്ളുരുകിയ പെണ്ണുങ്ങൾ ആ ഗ്രാമത്തെയെന്ന പോലെ ഓരോ വീടിനെയും ചുട്ടുപൊള്ളിച്ചു. ശരീരത്തിലും ആത്മാവിലും തങ്ങളെ വഞ്ചിച്ച ഭർത്താക്കന്മാരെയോർത്ത് ചിലർ കണ്ണീരൊഴുക്കി. ചിലർ ക്രുദ്ധരായി. ചിലർ മധുരമായി പകരം വീട്ടി. അവരുടെ ദുഃഖം ആവിലാക്കരത്തറവാടിന്റെ അസ്തിവാരം കുളംതോണ്ടി. ജാതിവെറികളും പാരമ്പര്യാചാരങ്ങളും കുടുംബവഴക്കുകളും ഒച്ചവച്ചുയർന്ന നാട്ടിൽപുറം. ആവിലാ വീടിനൊപ്പം രണ്ടു മുസ്ലിം തറവാടുകൾ കൂടിയുണ്ട്, നോവലിൽ.പത്തുമക്കളും കൂറെ മരുമക്കളും ഗൾഫിലുള്ള ചെമ്മലക്കാട്ട് വീടുംഅത്രയൊന്നും പാങ്ങില്ലാത്ത കുന്നുമ്മലാജിയുടെ വീടും. ചെമ്മലക്കാട്ടെ പെണ്ണുങ്ങൾ സുന്ദരികളും വലിയ മുലയുള്ളവരുമാണ്. കുന്നുമലാജിയുടെ വീട്ടിലെ പെണ്ണുങ്ങളുടെ മുല ചെറുതാണ്. ഇടയ്ക്കിടെ ഇരു തറവാടുവീടുകളിലെയും പെണ്ണുങ്ങൾ തമ്മിലുണ്ടാകുന്ന തെറിപ്പൂരങ്ങളും തുണിപൊക്കിക്കാട്ടലുകളുമാണ്. അവരുടെ സാംസ്‌കാരിക മൂലധനം.

ഈ വീടുകൾക്കും ആവിലാവീടിനും പുറത്തുമുണ്ട്, ഒട്ടേറെ മനുഷ്യർ. ആണായി ജീവിക്കുന്ന തെങ്ങുകയറ്റക്കാരി മൈഥിലി, പെണ്ണായി ജീവിക്കുന്ന ഭർത്താവ് കുഞ്ഞിരാമൻ, വഴിപിഴച്ച സുധാകരൻ വെളിച്ചപ്പാട്, ഭർത്താവിനെ ചതിച്ച ജാനുവും ഭർത്താവില്ലാത്ത കുഞ്ഞുമാതയും ദാമോദരന്റെ വെപ്പാട്ടിയായ ദെച്മിയും പോലെ, പ്രണയവും ആനന്ദവും വിവാഹ ബന്ധങ്ങൾക്കു പുറത്തുമാത്രം അനുഭവിക്കുന്ന കീഴാള സ്ത്രീകൾ, കുഞ്ഞുമാതക്കു ഗർഭമുണ്ടാക്കിയ, ജാനുവിന്റെ ഭർത്താവായ കുഞ്ഞാലൻ, എല്ലാ സ്ത്രീകളെയും പ്രണയിക്കുന്ന പൊക്കായി പൊട്ടൻ, ചട്ടിക്കച്ചവടക്കാരൻ പത്രോസ്, കറവക്കാരൻ ഗോപാലൻ, അപസ്മാരക്കാരി സീനത്ത്, അവളെ കൊന്ന് ആത്മഹത്യ ചെയ്യുന്ന കൊല്ലൻ ചാത്തു, കൈവണ്ടിക്കാരൻ ഔ ഉള്ളാക്ക, എണ്ണക്കാരൻ ചാത്തൂട്ടി, നാട്ടു മന്ത്രവാദിനിയെപ്പോലെ ചുറ്റിനടക്കുന്ന ബക്കളത്തമ്മായി, വളക്കാരി യശോദ, അവൾക്കു കളഞ്ഞുകിട്ടിയ ചെക്കൻ ഗോപാലൻ...

ഒറ്റയ്‌ക്കൊറ്റയ്ക്കു സ്വന്തം കഥയുള്ള ഇത്രയേറെ മനുഷ്യരുള്ളപ്പോഴും നോവലിന്റെ ആഖ്യാനം ആവിലാക്കര വീട്ടിലും പുറത്തുമുള്ള ചില പെണ്ണുങ്ങളുടെ ആത്മവ്യഥകളിലാണ് കേന്ദ്രീകരിക്കുന്നത്. നോവലിന്റെ ഘടനയാകട്ടെ, മുറുക്കവും ഏകാഗ്രതയുമുള്ളതല്ല, അയഞ്ഞതും ശിഥിലവുമാണ്. പരസ്പരം ബന്ധമില്ലാത്തവരും ആദ്യന്തങ്ങൾ പ്രസക്തമല്ലാത്തവരുമാണ് പലകഥാപാത്രങ്ങളും. ആവിലാത്തറവാട്ടിൽ തന്നെ നിരവധി കുഞ്ഞുങ്ങളുണ്ടെന്നു പറയുമ്പോഴും ഒരൊറ്റ കുട്ടിപോലും കഥയിൽ സന്നിഹിതരാകുന്നില്ല. കുഞ്ഞൂട്ടിയെ മുൻനിർത്തിയുള്ള ആഖ്യാനമാകട്ടെ, ഇടയ്ക്കിടെ മുറിഞ്ഞുപോകുകയും ചെയ്യുന്നു.

രണ്ടുതരം ജീവിതങ്ങളാണ് ഈ നോവലിലുള്ളത്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്‌നേഹദ്വേഷങ്ങളിലടിയുറച്ച ബന്ധങ്ങളുടേതാണ് ഒന്ന്. വിഹിതവും അവിഹിതവുമായി തങ്ങളുടെ പ്രണയങ്ങൾ രൂപപ്പെടുത്തുന്ന കമിതാക്കളുടേതാണ് മറ്റൊന്ന്. കുഞ്ഞൂട്ടിയുടെ ജീവിതം മേല്പറഞ്ഞ രണ്ടുതരം ബന്ധങ്ങൾക്കും ദ്യക്‌സാക്ഷിയായി നീളുന്നു.നോവലിന്റെ അവസാനം പ്രളയത്തെ അതിജീവിക്കുന്ന ഒരു ഏകകോശ ജീവിയെപ്പോലെ അവൾ തന്റെ കാലത്തിനും ദേശത്തിനും വംശത്തിനും ആഖ്യാനത്തിനും മുകളിൽ പൊന്തിക്കിടക്കുകയും ചെയ്യുന്നു.

കുമാരൻ മൂപ്പരും ചിരുതമ്മയും തമ്മിലുള്ള ബന്ധമാണ് ഒന്നാം നിരയുടെ അടിത്തറ. അവരുടെ മധ്യായുസ്സിൽ തുടങ്ങി ഏതാണ്ടവരോടൊപ്പം തന്നെ അവസാനിക്കുന്നതാണ് നോവലിന്റെ കഥനകാലവും ജീവിതവും . അതിനിടയിൽ മക്കളുടെ ദുർനടപ്പിൽ മനം മടുത്ത് കുമാരൻ മൂപ്പർ നാടുവിട്ടുപോകുകയും മകൻ ലക്ഷ്മണന്റെ ശവമേറ്റു വാങ്ങാനും പിന്നാലെ ഭാര്യയുടെയും ഒടുവിൽ തന്റെ തന്നെയും മരണം അനുഭവിക്കാനുമായി തിരിച്ചുവരികയും ചെയ്യുന്നു.

ലക്ഷ്മണൻ തടിക്കച്ചവടം തുടങ്ങിയെങ്കിലും പങ്കുക്കച്ചവടക്കാരൻ ചതിച്ച് നിർധനനായി. അയാൾക്കു ഭാര്യ നന്ദിനിയോടല്ല, വെപ്പാട്ടി ചിരുതയോടാണ് ആസക്തി മുഴുവനും. മദ്യത്തിനടിമയായി, കച്ചവടം പൊളിഞ്ഞ്, ഒടുവിൽ തറവാട്ടിൽ ജഡമായി വന്നുകയറിയ ദിവസം വരെ ലക്ഷ്മണനുവേണ്ടി നന്ദിനി കണ്ണീരൊഴുക്കി.

രണ്ടാമത്തെ മകൻ രവിക്ക് ഭാര്യ മാധവിയെ ത്യപ്തിപ്പെടുത്താനായില്ല. അവൾ അയാളെ മടുത്ത്, അനിയൻ ശ്രീധരനെ പ്രണയിക്കുകയും പ്രാപിക്കുകയും ചെയ്യുന്നു. അങ്ങനെ ഗർഭിണിയായ മാധവിയെ പക്ഷെ രവി പ്രണയപൂർവ്വം സ്വീകരിക്കുന്നു.

മൂന്നാമത്തെ മകൻ ദാമോദരൻ ചായക്കട നടത്തുകയാണ്. പണിക്കാരികളായ ജാനുവിനോടും ദെച്മിയോടും അയാൾക്കു ബന്ധമുണ്ട്. ഭാര്യ കാർത്യായനി എത്ര കേണുപറഞ്ഞിട്ടും ആ ബന്ധങ്ങളിൽ നിന്ന് അയാൾ പിന്മാറിയില്ല.

നാലാമത്തെ മകൻ ശ്രീധരൻ മാധവി കൈവിട്ടതോടെ ഭ്രാന്തനായി. ഇളയമകൻ ചന്ദ്രൻ ശാന്തയെ കല്ല്യാണം കഴിച്ച് തറവാട്ടിൽ തന്നെ ഇരിപ്പായി.

സ്വത്തുവീതം വച്ച് മക്കൾ നാലുവഴിക്കു പിരിഞ്ഞു. ശ്രീധരൻ പെരുവഴിയിലായി. ചിരുതമ്മയും മൂപ്പരും മരിച്ചതോടെ കുഞ്ഞൂട്ടിയും അനാഥയായി. ഒടുവിൽ ചന്ദ്രൻ തറവാട് പൊളിക്കാൻ തീരുമാനിക്കുന്നു. പക്ഷെ പിത്യകോപങ്ങളുടെയും പെൺശാപങ്ങളുടെയും പകയിൽ അയാളും തറവാടു പൊളിക്കാനെത്തിയവരും ഭൂമി പിളർന്ന് ആഴക്കയങ്ങളിലേക്കാണ്ടുപോയി. ജലഗർഭം ഖരപാപങ്ങളെ തിരിച്ചു വിളിച്ചു. ഏകാന്തതയുടെ നൂറുവർഷങ്ങളിലേതുപോലെ , ഭൂമിയിൽ ഇങ്ങനെയൊരു സ്ഥലമുണ്ടായിരുന്നു എന്ന തോന്നൽപോലും അവശേഷിപ്പിക്കാതെ, കല്ലിന്മേൽ കല്ലുശേഷിക്കാതെ, ആവിലാക്കരവീട്ജലതുരങ്കങ്ങളിൽ മുങ്ങിമാഞ്ഞുപോയി. പെണ്ണിന്റെ കണ്ണീരും ശാപവും മാത്രം ബാക്കിയായ ഒരു കുടുംബത്തിന്റെ ഏകാന്തതക്ക് അടിവരയിട്ടുകൊണ്ട് കുഞ്ഞൂട്ടി മാത്രം പ്രളയത്തെ അതിജീവിക്കുന്നു. ആലാഹയുടെ പെൺമക്കളിലെ ആനിയെ പലപ്പോഴും ഓർമ്മയിലെത്തിക്കും, കുഞ്ഞൂട്ടി.

തരിശായും പാഴായും പോകുന്ന പെണ്ണുടലുകളുടെയും അവയെ കത്തിയാളിക്കുന്ന കാമനകളുടെയും ചോരയും കണ്ണീരുമൂറുന്ന സ്ത്രീയവസ്ഥകളുടെയും കഥയാണ് ഒറ്റവാക്യത്തിൽ പറഞ്ഞാൽ ആവിലാക്കരയിലെ പെൺവൃത്താന്തങ്ങൾ.

പിഴച്ചപുരുഷന്മാരുടെയും പിഴപ്പിക്കപ്പെട്ട സ്ത്രീകളുടെയും കഥകൾകൊണ്ടു നിറയുന്നു ആവിലാക്കര ഗ്രാമം. ഭാര്യാഭർതൃബന്ധങ്ങളുടെ ശൈഥില്യങ്ങൾക്കിടയിലും മൂപ്പരും ചിരുതയും, മൈഥിലിയും കുഞ്ഞിരാമനും, ചന്ദ്രനും ശാന്തയും തമ്മിൽ തമ്മിൽ സ്വച്ഛവും വിശ്വസ്തവുമായ ബന്ധങ്ങളുണ്ട്. പക്ഷെ മറ്റു മുഴുവൻ കഥാപാത്രങ്ങളും കൂടുവിട്ട് കൂടുമാറുന്ന കാമമോഹിതരാണ്. തറവാട്ടിലെ നാലാൺമക്കളും കൊല്ലൻ ചാത്തു മുതൽ കറവക്കാരൻ ഗോപാലൻവരെയും കുഞ്ഞാലൻ മുതൽ കീരിയാട്ടെ കണ്ണാട്ടൻവരെയും.

പലതരം പ്രണയങ്ങളുടെയും ഉടലുകളിൽ ഉഷ്ണക്കാറ്റുപോലെ കത്തിപ്പടരുന്ന കാമനാവേഗങ്ങളുടെയും കഥകളുണ്ട്, ഈ നോവലിൽ. ഇവയിൽ ഏറ്റവും ഹൃദ്യവും നാടകീയവും പ്രണയാതുരവും മാനുഷികവും ജീവിതബദ്ധവും കുഞ്ഞുംമാതയുടെയും കുഞ്ഞാലന്റെയും ബന്ധമാണ്.

കുഞ്ഞുംമാതക്ക് കുഞ്ഞാലാട്ടനെ ആരാധനയാണ്. തന്റെ കന്യകാത്വം ഭേദിച്ചവൻ. ആണായിപ്പിറന്ന ഒരാളുടെയും ആർത്തിപിടിച്ച നോട്ടം തട്ടാതെ, ആരുടെയും കണ്ണിൽപ്പെടാതെ, അനാഘ്രാതകുസുമമായി, ഒരാളുടെയും ആരാധനാപാത്രമാകാതെ, വയൽവരമ്പിനടിയിൽ നെല്ലിനിടയിൽ പറ്റിവളർന്ന ഒരു കളച്ചെടിപോലെ ആരോ ചവിട്ടി ചീഞ്ഞുപോകുമായിരുന്ന തന്നെ അതിരറ്റ സ്‌നേഹത്തോടെ കാമിക്കുന്ന കുഞ്ഞാലേട്ടൻ അവൾക്ക് ദൈവമാണ്. അമ്മ ചോയിച്ചിക്ക് കണ്ണുകാണാത്തത് നന്നായി. തിമിരം പിടിച്ച ചോയിച്ചി ഏതുനേരവും തന്റെ മുടിച്ചില്ലകളുലച്ചിട്ട് തല മാന്തിക്കൊണ്ട് ഒന്നുകിൽ അടുപ്പിനരികിൽ കൂനിക്കൂടിയിരിക്കും. അല്ലെങ്കിൽ കൂരക്ക് മുമ്പിൽ വിശാലമായി പരന്നുകിടക്കുന്ന ആവിലാപ്പുഴയേയും ദേശത്തേയും കാറ്റിനേയും മണത്തുനോക്കി എന്തോ പിറുപിറുത്തുകൊണ്ട് ഗതകാലസ്മരണകളിൽ മുഴുകിയിരിക്കും. ജാനുവിന്റെ അസാന്മാർഗ്ഗികതയിൽ മനംമടുത്ത് നെഞ്ചിൽ വേവുമായി നടക്കുന്ന കുഞ്ഞാലൻ വീണത് കുഞ്ഞുംമാതയുടെ പൊട്ടിയ പല്ലും കാട്ടിയുള്ള ആ നിഷ്‌കളങ്കമായ ചിരിയിലാണ്. ദാമോദരൻ ചേട്ടൻ നൽകിയ വാസന പൗഡർ കുഞ്ഞാലൻ സ്‌നേഹപൂർവ്വം കുഞ്ഞുംമാതയുടെ കറുകറുത്ത കവിളിൽ തേച്ചുകൊടുത്തു. കുഞ്ഞിംമാത ഇളകിച്ചിരിച്ചു.

''ശോക്ക്ണ്ടാ കുഞ്ഞാലേട്ടാ''………..

ഏങ്കോണിപ്പുള്ള ആ മുഖത്ത് വിരിഞ്ഞ സ്‌നേഹപൂക്കൾ കണ്ട് കുഞ്ഞാലന്റെ മനസ്സ് നിറഞ്ഞു. മുറ്റത്തെ മാവിൻ ചുവട്ടിൽ പഴുത്തമാവിലകൾ ഇടക്കിടെ പൊഴിഞ്ഞുവീണുകൊണ്ടിരുന്ന നേരത്ത് പുറത്ത് കടന്ന കുഞ്ഞാലൻ വയൽവരമ്പിലെ പൊട്ടക്കിണറിൽ നിന്നും ഒരുപാള വെള്ളം കോരി കാലും മുഖവും കഴുകി ഇരുട്ടിൽ പതുങ്ങി പതുങ്ങി റോഡുംകടന്ന് പൂഴിമണ്ണ് ഉറങ്ങുന്ന തന്റെ കുടിലിന്റെ മുറ്റത്ത് എത്തി.

അങ്ങനെ നീണ്ട അവരുടെ ജീവിതം കുഞ്ഞും മാതാ ഗർഭിണിയായതോടെ കൂടുതൽ ദുസ്സഹമായി.

സ്‌നേഹം കൊണ്ടും അനുതാപംകൊണ്ടും കുഞ്ഞുംമാതാ നിറഞ്ഞ് തുളുമ്പി. അവളുടെ ഉള്ളം നിറയെ തന്റെ വയറ്റിൽ വരണ്ട കുട്ടിക്കുള്ളിൽ അറിയാതെ കുരുത്തു വെച്ചൊരു പച്ചക്കുതുടിപ്പിന് ജീവൻ നൽകിയ കുഞ്ഞാലനെക്കുറിച്ചുള്ള അതിരുവിട്ട സ്‌നേഹമായിരുന്നു.

''കുഞ്ഞാലാട്ടേ''… മനസ്സുകൊണ്ട് ഉച്ചത്തിൽ വിളിച്ചുകൊണ്ട് അവൾ കാടുംമേടും കുന്നും പുഴയും എല്ലാം പിന്നിട്ടു. ദൂരെ നേന്ത്രവാഴക്ക് തടമെടുത്തുകൊണ്ടിരുന്ന കുഞ്ഞാലന്റെ കാതിൽ കാറ്റ് എന്തോ മന്ത്രിച്ച് കുഞ്ഞുംമാതയെക്കുറിച്ച അടക്കിപ്പറഞ്ഞു.

കാറ്റ് പറയുന്നു - പെണ്ണൊരുത്തി തേടി നടപ്പുണ്ടേ

തലയിൽ കെട്ടിയ തോർത്തഴിച്ച് കുടഞ്ഞ് ചെന്നിയിലൂടൊഴുകുന്ന വിയർപ്പു തുടിക്കുമ്പോൾ ഉള്ളിൽ നിന്നാരോ പറഞ്ഞു;

പെണ്ണൊരുത്തി തേടി നടപ്പുണ്ടേ….

കൈക്കോട്ടും കത്ത്യാളും വീട്ടുകാരെ തിരികെയേൽപ്പിച്ച് വയറ്റുവേദനയെന്നും പറഞ്ഞ് നെട്ടോട്ടമോടിയ കുഞ്ഞാലൻ, കട്ടിവെയിൽ പടർന്നുപന്തലിച്ച് കുഞ്ഞുംമാതയുടെ ചാളയുടെ മുറ്റത്ത് ഓടിക്കിതച്ചെത്തി.

''കുഞ്ഞാലേട്ടാ''

കുഞ്ഞുംമാത ആനന്ദകണ്ണീരോടെ എല്ലാം വിവരിച്ചു. തനിക്ക് ഗർഭമുണ്ടായ കാര്യം, തനിക്കിതിനെ പെറ്റുവളർത്താൻ മോഹമുള്ള കഥ, ആങ്ങളമാർ കൊമ്പുകോർക്കുന്ന കാര്യം …..തള്ള കണ്ണ്‌പൊട്ടി ചോയിച്ചി തന്റെ പക്ഷം പിടിക്കാതെ ആങ്ങളമാരുടെ പക്ഷം കൂടുന്ന കഥ, എല്ലാറ്റിലുമവസാനം കുഞ്ഞാലേട്ടൻ തന്റെ കൂടെയുണ്ടെങ്കിൽ, കുഞ്ഞാലേട്ടന്റെ ഈ കുഞ്ഞുംമാത ഈ അരുമക്കുഞ്ഞിനെ പെറും പോറ്റും…..ഈ ആവിലക്കരയും പുഴയും തീരവും അവസാനിക്കാതെ ഇങ്ങനെത്തന്നെയുണ്ടെങ്കിൽ.

ദൃഢനിശ്ചയത്തോടെ അവൾ ചോദിച്ചു.

''കുഞ്ഞാലേട്ടൻ അന്റെ ഒപ്പരം ന്ക്ക്ഓ''.

കുഞ്ഞുംമാതയുടെ മഞ്ഞച്ച ഏങ്കോണിച്ച ആ മിഴികൾ നിറഞ്ഞു തൂവി. ചപ്പിപ്പോയ മൂക്കിലൂടെയും വെള്ളമൊഴുകി. ആ കുഞ്ഞുദേഹത്ത് പൊന്തി നിന്ന ഇത്തിരിക്കുഞ്ഞുമുലകൾ വികാരക്ഷോഭത്തിൽ പൊന്തുകയും താഴുകയും ചെയ്തു…..….

കുഞ്ഞാലൻ കൊടുത്ത ഉറപ്പിൽ കുഞ്ഞുംമാത ആങ്ങളമാരുടെ എതിർപ്പുകളെയെല്ലാം പുല്ലുപോലെ തള്ളി. ആരു വകവെക്കുന്നു ഇവരെയൊക്കെ.ആണൊരുത്തൻ കൂടെയുണ്ട്.'

രണ്ടുതലങ്ങളിൽ ശ്രദ്ധേയമാണ് ഈ നോവലിന്റെ ആഖ്യാനകല. ഒന്ന്, കുഞ്ഞൂട്ടിക്കു പറഞ്ഞും കണ്ടും കേട്ടും കിട്ടുന്ന തറവാടിന്റെയും ഗ്രാമത്തിന്റെയും കഥകളുടെ പ്രാണലോകം. രണ്ട്, സ്ത്രീയുടെ അതൃപ്തവും ഗുപ്തവുമായ ലൈംഗികകാമനകൾ അണപൊട്ടിയൊഴുകുന്ന ജീവിതനാടകങ്ങളുടെ അവതരണം.

അമ്മമ്മ കുഞ്ഞൂട്ടിക്കു പറഞ്ഞുകൊടുക്കുന്ന തറവാടിന്റെ കഥയിൽനിന്നൊരു ഭാഗം നോക്കുക:

'അമ്മമ്മ അച്ചാച്ചൻ പോയപ്പോൾ എന്നെ നോക്കിഅടക്കിപ്പറഞ്ഞു.

'ഈ രവിമാത്രം ജന്സ്സിപ്പെട്ടതല്ല. ഈ മൂരിക്കുട്ടമ്മാരെട്ത്ത് അതൊന്നെങ്ങനെ ആയിപ്പോയപ്പാ... അതിശയം തെന്നെ. ഓനന്റെ ജനുസ്സാ. സാത്വികം.''

''രവിയേ..''

അമ്മമ്മ അപൂർവ്വമായി പുറത്തെടുക്കാറുള്ള ആ ചിരി അപ്പോളെന്റെ നേരെ പ്രദർശിപ്പിച്ചു.

''അതെന്താമ്മമ്മേ?''

ഞാൻ അമ്മമ്മയുടെ ഒട്ടിയ വയറിന്റെ നേരിയ മടക്കുകളെ തൊട്ടുനോക്കി ചോദിച്ചു.

''ഓന് പെണ്ണിന്റെ ബിജാരില്ല.''

അമ്മമ്മ ചുറ്റും നോക്കി. പിന്നെയൊരു രഹസ്യംപോലെ ശബ്ദം താഴ്‌ത്തിപ്പറഞ്ഞു.

''ബാക്കിയെല്ലാം പെങ്കൂസമ്മാരാ. സ്വജാതിയാണോ, പെലച്ചിയാണോ, പറച്ചിയാണോ, മാപ്പിളച്ചിയാണോ ഒന്നും അറീണ്ട. കലിപ്പ് തീർന്നാമയ്.''

''നീയാരോടും പറേണ്ട കേട്ടാ.''

''ഇല്ല. ഞാനാരോടും പറീല.''

ഞാൻ തലയാട്ടി.

''എല്ലാം മൂരിക്കുട്ടമ്മാരാ'' അമ്മമ്മ പിന്നെ പറഞ്ഞു.

എനിക്കത്ഭുതമായി.

''അച്ചാച്ചനും മൂരിക്കുട്ടനാ'' ഞാൻ ചോദിച്ചു.

അമ്മമ്മ തെല്ലുനേരം നിശ്ശബ്ദയായി…

അമ്മമ്മയുടെ കുഴിഞ്ഞ കണ്ണുകൾ പെട്ടെന്ന് സജലങ്ങളായി.

''രവിമ്മാമൻ മൂരിക്കുട്ടനാന്നോ പറ അമ്മമ്മേ…''

'ഉം എല്ല'' അമ്മമ്മ പറഞ്ഞു.

''താമോരമ്മാമ'' ''ഉം'' അമ്മമ്മ മൂളി.

''ചീരമ്മാമ'' ''ഉം.''

''ദച്ചണോമ്മാമ്മ''''ഉം''.

''ചന്ന്രമ്മാമ'' ''ഉം''

''അപ്പോ കറവക്കാരൻ ഗോപാലനോ,''ഓനും മൂരിക്കുട്ടനാ?

''പിന്നെ'' അമ്മമ്മ സംശയലേശമെന്യേ പറഞ്ഞു.

''അതോണ്ടല്ലേ ഓൻ പയ്ത്തവെള്ളരിപോലുള്ള ഓന്റോള കളഞ്ഞിറ്റ് പുളിവാറല് പോലത്തെ ഓന്റോളനിത്തീന കെട്ടീത്''.

ഞാൻ അമ്മമ്മയുടെ മുഖത്ത് നോക്കി അതിശയിച്ചു.

''അതെന്നെ. എന്ന്റ്റ്ണ്ടായ പുരുശാരം പറേണ്ട . അനീത്തിക്ക് പറഞ്ഞ്‌ബെച്ച മച്ചിനീൻ ചെക്കൻ കറവക്കാരന്റെ പള്ളക്കിട്ട് കുത്തി. കൂട്ടക്കച്ചറ. ഒന്നും പറേണ്ട. അവസാനം അനീത്തി ഒന്ന് പെറ്റു.''

''ഈ ജാതി ഓന്ത് പോലെയാ ബിസ്വസിക്കാമ്പറ്റൂല''.

അമ്മമ്മ തീർപ്പുകൽപ്പിക്കും പോലെ പറഞ്ഞു നിർത്തി.

ഭർതൃമതികളായ നന്ദിനിയുടെയും കാർത്യായനിയുടെയും പ്രണയാതുരയായ മാധവിയുടെയും പെണ്ണവസ്ഥകൾ രണ്ടു വികാരധ്രുവങ്ങളിൽ സ്വന്തം ജീവിതം നിർവ്വചിക്കുന്ന മൂന്ന് സ്ത്രീകളുടെ അസ്തിത്വം പുനരാവിഷ്‌ക്കരിക്കുകയാണ്.

നന്ദിനിയുടെ അവസ്ഥ നോക്കുക.

'നിരാർദ്രമായി തന്നെ നിരസിക്കുന്ന ഈ രാത്രിയെപ്പോലെ ജീവിതവും തന്നെ എത്രയോ നേരം ഇരുട്ടിലേയ്ക്ക് തുറിച്ചുനോക്കി. ഹൃദയവും എന്തോ ഒരു നിശ്ചലത കൈവരിച്ചതുപോലെ. എന്തോ ഒരു മരവിപ്പ് ഉള്ളിലുറയുന്നു. ഒന്നും അകത്തേയ്ക്ക് പ്രവേശിക്കാത്തതുപോലെ. ഉറവ വറ്റിയ കൺതടങ്ങൾ. ഉള്ളിലുരുണ്ടുകൂടിയ കണ്ണീർത്തടങ്ങൾ ഉറഞ്ഞ് കട്ടിയായതുപോലെ---- ഒരു തുള്ളി ജലംപോലും ആ തണുത്ത കട്ടിയായ പ്രതലത്തിൽ വിള്ളലുണ്ടാക്കി പുറത്തേയ്ക്ക് വരാനാവാതെ നിരാർദ്രമായ നിർവികാരാവസ്ഥ പ്രാപിച്ചതുപോലെ. കട്ടികൂടിയ ഈ പുറന്തോടിനുള്ളിൽ ഉറങ്ങിപ്പോയപോലെയായ മനസ്സിനുള്ളിൽ എന്തു ചെയ്യണമെന്നറിയാതെ ഒരു വിവശത കുഴഞ്ഞുമറിഞ്ഞു കട്ടപിടിച്ചതുപോലെ. വരണ്ടുപോകുന്നു ശരീരവും പ്രജ്ഞയും. നാവിനുള്ളിൽ ഉമിനീർപോലും ഉൾവലിഞ്ഞതുപോലെ.

ജീവനുള്ള ഒരു ജഢമായി അവൾ നടന്നു തുടങ്ങി. ജീവനോടെ മരിച്ചുജീവിക്കുക ഇങ്ങനെയാണെന്നവൾ അറിഞ്ഞു. നിശൂന്യമായ കണ്ണുകളിൽ എന്താണെന്ന് തിരിച്ചറിയാനാവാത്ത ഒരവസ്ഥ. ആരും കാണാത്ത അനേകവഴികൾ അവൾ പിന്നിട്ടു. ഉറവവറ്റി തടസ്സപ്പെട്ട ജലപ്രവാഹം പോലെ നിശ്ചേതനമായ ഹൃദയത്തോടെ ഓരോ യുഗത്തിലൂടെയും അവൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. തപിക്കുന്ന ഹൃദയത്തെ മണ്ണിട്ടുമൂടി. പിന്നെയും ഗമിച്ചുകൊണ്ടിരുന്നപ്പോൾ അനേകം ശിലാഖണ്ഡങ്ങൾ മാത്രമാണ് എങ്ങും കാണാൻ കഴിഞ്ഞത്. ജന്മബന്ധങ്ങളും എല്ലാം അന്യമാക്കപ്പെട്ട താൻ അനേകകാതം ഗതിയില്ലാതലയുന്നത് ഒരു സ്വപ്നമല്ലെന്നും യാഥാർത്ഥ്യം തന്നെയാണെന്നും അവൾക്ക് മനസ്സിലായി.

ഒന്നു മരിക്കാൻ  കഴിഞ്ഞിരുന്നെങ്കിൽ,  അനേകം മരുഭൂമികൾ താണ്ടിക്കഴിഞ്ഞു.  തല മുണ്ഡനം ചെയ്തും വെള്ളവസ്ത്രം ധരിച്ചും ദുഃഖാകുലരായി നീങ്ങിയ അനേകശതം സ്ത്രീകളുടെ കൂട്ടത്തോടൊപ്പം അവളും ചേർക്കപ്പെട്ടതുപോലെ..….. അഭയമില്ലാത്ത ഈ ജന്മങ്ങൾക്കൊപ്പം ദുഃഖത്തിന്റെ മലകൾ തന്നെ ശിരസ്സിലേറ്റി ഏതെല്ലാം വിജനവീധികളിലൂടെയലഞ്ഞാലും ഒരിക്കലും യാത്ര അവസാനിക്കുന്നില്ല…….. എത്രയെത്ര ദുർഘട പാതകളാണ് പിന്നെയും പേടിപ്പെടുത്തികൊണ്ട് മുമ്പിൽ. കത്തിക്കരിഞ്ഞ ചാണകവറളികൾക്കിടയിൽ പൊടിഞ്ഞുചാരമായിമാറിയ വെണ്ണീർത്തുണ്ടുകൾ ഇടക്കിടെ വാരിയും മൂടുപടത്തിനുള്ളിലൊളിച്ചുവച്ച മുഖം പുറത്തുകാണിക്കാൻ വെമ്പിയും…..പിടച്ചുകൊണ്ടിരുന്നപ്പോഴും സൗഭാഗ്യങ്ങൾ വറ്റിയ വിധവകളുടെ കൂട്ടത്തിനൊപ്പം മുൾക്കാടുകളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു സ്വപ്നമായിരുന്നു നന്ദിനിയുടെ ഉറക്കത്തിന്റെ അവസാനം.

മാധവി കുറെക്കൂടി സംഘർഷാത്മകമായി തന്റെ കാമനാലോകങ്ങളെ  ഉടലിനും ഉയിരിനുമിടയിൽ വീതം വയ്ക്കുകയും അവയിന്മേലുള്ള സ്വയം നിർണയാവകാശങ്ങളെ കൂസലേതുമില്ലാതെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അഗമ്യഗമനത്തിന്റെ പാപനരകങ്ങളിൽ വീഴുമ്പോഴും അവൾ തന്റെ ശരീരത്തിനും ആത്മാവിനും നീതീകരിക്കാനാവാത്ത ഒന്നും ചെയ്യുന്നില്ല.

വന്യതയിൽ പൂത്തുനിന്നൊരു തടാകമായിരുന്നു മാധവി. വെയിൽചീളുകൾ അവളുടെ ഉടലിനുമീതെ അമൂർത്തചിത്രങ്ങൾ ഇടക്കിടെ വരച്ചിട്ടു. കാറ്റിന്റെ നനുത്ത കൈകൾ ചുട്ടുപഴുത്ത പ്രതലത്തിൽ സമാശ്വാസത്തിന്റെ സ്പർശനങ്ങളും നൽകി. പക്ഷെ വിരുന്നെത്തിയവർക്കെല്ലാം കണ്ണാടിപോലൊളിചിതറുന്ന ആ ജലപ്പര പ്പിൽ പ്രതിബിംബങ്ങൾ കണ്ട് ഓളമുതിർക്കുവാൻ മാത്രമേ ആയുള്ളു. ആ പെണ്ണിന് തന്നെ തിരിച്ചറിയുന്നൊരാൾ അനിവാര്യമായിരുന്നു. പെണ്ണിനെ തിര മുറിച്ചു നീന്തി ജലഭേദ്യങ്ങളുടെ ആവേശങ്ങളിൽ വട്ടം ചുഴറ്റി, ആഴങ്ങളിൽ കടന്നുകയറി നിഗൂഢതയിലാണ്ടുകിടക്കുന്ന ഉള്ളറകളെ തൊട്ടറിഞ്ഞ്, അതിന്റെ ഗർഭഗൃഹങ്ങളിൽ കടന്നുകയറി മുത്തും പവിഴവും തിരഞ്ഞെടുക്കുന്നൊരാളെ ആവശ്യമായിരുന്നു. ഉള്ളിൽ പുതഞ്ഞുകിടന്ന അനവദ്യസമ്പാദ്യങ്ങൾ നനുത്ത സ്പർശനത്തിൽ ശാപമോക്ഷമണിഞ്ഞ് ജന്മസാഫല്യം നേടി. പുതിയ തീരങ്ങളിലൂടെയലഞ്ഞു.. കാടും മലകളും കുന്നുകളുംപുൽമേടുകളും അവൾക്ക് മേച്ചിൽപുറങ്ങളായി. കാടിന്റെ ഇരുട്ടിൽ വെയിൽപൂക്കുന്ന നട്ടുച്ചകളും അവളെ ഉന്മത്തയാക്കി.

ആസക്തികൾ കൊടുങ്കാറ്റുകൾ പോലെയാണ്. അവ ആഞ്ഞുവീശി തൂത്തുതുടച്ച് നിലംപരിശാക്കിയേ ഒടുക്കമടങ്ങൂ.. എത്ര തന്നെ നാശം വിതച്ചാലും അതിന് മുഴുവൻ ആവേശത്തോടെയും താണ്ഡവമാടിയാൽ മാത്രമേ ഉള്ള് നിറയുകയുള്ളൂ. നിലം വാരി മണ്ണിനെ അടിച്ചുപറത്തി അത് ഒന്നായി നിന്നതിനെയെല്ലാം ശിഥിലമാക്കുന്നു. ഐക്യത്തിന്റെ കോട്ടകളെ ഛിന്നിപ്പിക്കുന്നു. ഇളക്കിയെടുത്ത് ഒന്നിനെ വേറൊരിടത്തുകൊണ്ടുപോയി നിക്ഷേപിക്കുന്നു.

മദംപൊട്ടിയൊഴുകുന്ന വെള്ളക്കുതിപ്പുകൾപോലെ ശരീരത്തിൽ വിചിത്ര വിസ്മയങ്ങൾ തീർക്കാൻ മാധവി ആഗ്രഹിച്ചു. എന്തിനെന്നറിയാതെ ഓരോന്നുമെടുത്ത് തിരഞ്ഞുകൊണ്ടിരുന്നു അവൾ. പുതുതായി കൈപ്പിടിയിലൊതുങ്ങുമ്പോൾ വേഗം പഴയത് എറിഞ്ഞുകളയുവാൻ മോഹം തോന്നി. പുതിയ ഭാവങ്ങൾ, പ്രേമങ്ങൾ, കോരിയെടുക്കലുകൾ, ഒഴിച്ചുകൊടുക്കലുകൾ, ആവർത്തനങ്ങൾ എല്ലാം ഒന്നടങ്ങുമ്പോൾ മനസ്സിലാകും കിട്ടിയതിന്റെ പോരായ്മകൾ. ഒന്നിലും പൂർത്തീകരിക്കാത്ത ശരീരത്തിന്റെ ദാഹമടക്കാനല്ലാതെ, മനസ്സിന്റെ നൊമ്പരമടക്കാൻ പര്യാപ്തമായൊരു സ്‌നേഹം ഇനിയും വരുമെന്നൊരു പ്രതീക്ഷയിൽ പിന്നെയും പിന്നെയും അവൾ കാത്തിരുന്നു.

നീലത്തടാകത്തിന്റെ ജലോപരിതലത്തിൽ എങ്ങനെയോ പാറിവന്നുവീണൊരു പാഴിലയാണ് ശ്രീധരനെന്നാണ് ആദ്യം അവൾക്ക് തോന്നിയത്. ഉള്ളില്ലാത്ത, ബലമേതുമില്ലാത്ത, സൂഷ്മനാരുപടലങ്ങൾ കൊണ്ട് നിർമ്മിതമായ, ദുർബലമായ വെറുമൊരില. പക്ഷേ അടുത്തറിഞ്ഞപ്പോൾ ജലപ്പരപ്പിൽ ഓളമിളക്കാൻ, ചുഴിപ്പരപ്പുകൾ മുറിച്ചുനീന്താൻ, കയറ്റിറക്കങ്ങളിൽ കൊടുങ്കാറ്റഴിച്ചുവിടാൻ പോന്ന - അതേ സമയം താരാട്ടുപാടി മെല്ലെയുറക്കാൻ പര്യാപ്തമാവുകയും ചെയ്യുന്ന സാമീപ്യം. ആ മന്ദഹാസത്തിൽ ഹ്യദയത്തിൽ വെൺമ നിറയും.ഉൺമ നിറഞ്ഞുതുളുമ്പും. കൊച്ചുകൊച്ചു ഇഷ്ടങ്ങളും, ഇഷ്ടാനിഷ്ടങ്ങളും അറിഞ്ഞ് പെരുമാറുന്നു. ഇവിടെ ഒളിച്ചുവെക്കലുകൾ യാതൊന്നുമില്ല. സ്‌നേഹപ്രവാഹം ഒരു നദിപോലെയൊഴുകുകയാണ്.. ചിലനേരങ്ങളിൽ ചില ഭൂമികകളിൽ പ്രവാഹമുണ്ടാകാം. ചിലപ്പോൾ കുത്തിയൊലിച്ചുകൊണ്ടൊഴുകി.. ചിലപ്പോൾ തീരത്തെയാകെ ഉള്ളിലേക്കെടുത്ത്. പഴയ ഭൂമികളെ ചിലപ്പോൾ അപ്രത്യക്ഷമാക്കിയേക്കാം. ചിലപ്പോൾ പുതിയതിനെ സൃഷ്ടിക്കുകയും ചെയ്‌തേക്കാം.. ചിലപ്പോൾ അത് വെളിച്ചവുമാകും.. ഇരുട്ടിലാണ്ടുകിടക്കുന്ന തപിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കൾക്ക് ജീവനും നൽകുന്നു.

സ്‌നേഹനിരതമായി നിശ്ചലം തളംകെട്ടിനിന്ന ദാമ്പത്യത്തിന്റെ മടുപ്പുകൾ ഒഴുക്കിക്കളഞ്ഞ് പുതിയൊരു ത്രസിപ്പിക്കുന്ന സംത്രാസം നേടിയെടുക്കുമ്പോൾ മാധവി ആഗ്രഹിച്ചു. വേദനിച്ചുകൊണ്ട് ഇതുവരെ നഷ്ടപ്പെടുത്തിയ ജീവിതത്തെയെല്ലാം താൻ രഹസ്യമായി കൈപിടിയിലൊതുക്കുമെന്നും, തന്റെ ജീവിതത്തെ മരവിപ്പിച്ച ഈ ഗൃഹത്തിൽനിന്നുതന്നെ താൻ തനിക്കുവേണ്ടത് കണ്ടെത്തുകയും ചെയ്യുമെന്നുള്ള തന്റെ തീരുമാനത്തെ മാധവി പിന്നെയും അരക്കിട്ടുറപ്പിച്ചു.

കുഞ്ഞുംമാത, ജാനു, മൈഥിലി, ദെച്മി, നന്ദിനി, മാധവി, കാർത്യായനി, ശാന്ത, കുഞ്ഞൂട്ടി, ചിരുതമ്മ --- ഓരോ പെണ്ണിനുമുണ്ട്, സ്വന്തമായ വികാരലോകങ്ങളും വിചാരജീവിതങ്ങളും ഉടൽവേഗങ്ങളും പ്രാണസഞ്ചാരങ്ങളും. ആവിലാക്കരയിലെ പെൺവൃത്താന്തങ്ങൾ അവയുടെ കാമനാഭൂപടമാകുന്നു.

ആവിലാക്കരയിലെ പെൺവൃത്താന്തങ്ങൾ
(നോവൽ)
ഷൈന
കൈരളി ബുക്ക്‌സ്, കണ്ണൂർ
2017, വില : 200 രൂപ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP