1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
22
Friday

പുറപ്പാടുകളുടെ ഓർമ്മപ്പുസ്തകം

February 09, 2019 | 08:55 PM IST | Permalinkപുറപ്പാടുകളുടെ ഓർമ്മപ്പുസ്തകം

ഷാജി ജേക്കബ്‌

ടവൃക്ഷങ്ങൾപോലെ പടർന്നുപന്തലിക്കുന്ന കുടുംബങ്ങളുടെ കഥകൾ ചരിത്രത്തിന്റെ അനേകം ഒഴുക്കുകളിലൊന്നാണെന്നും അവ ലോകനോവലിന്റെ ഏറ്റവും പ്രിയപ്പെട്ട ഇതിവൃത്തങ്ങളിലൊന്നാണെന്നും ജയിൻ ഓസ്റ്റിന്റെ നോവലുകളെക്കുറിച്ചുള്ള പഠനത്തിൽ റെയ്മണ്ട് വില്യംസ് നിരീക്ഷിക്കുന്നുണ്ട്. കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തിന്റെ വ്യവസ്ഥപ്പെടലിനു സമാന്തരമായാണ് നോവലും ആവിർഭവിച്ചതെന്നു ചൂണ്ടിക്കാണിക്കുന്ന ജുർഗൻ ഹേബർമാസ്, വ്യക്തികളുടെ ആന്തരവികാരങ്ങൾ പരസ്യമായും കലാത്മകമായും ആവിഷ്‌ക്കരിക്കുന്ന ‘കത്തു’കളെ മാധ്യമാക്കുന്ന ആദ്യ സാഹിത്യരൂപമായും നോവലിനെ കാണുന്നു. ഗെല്ലർട്ടിന്റെ വാക്കുകൾ ഹേബർമാസ് ഉദ്ധരിക്കുന്നു: ‘ആത്മാവിന്റെ മുദ്രപതിഞ്ഞ, ഹൃദയരക്തം കൊണ്ടെഴുതപ്പെട്ട, എഴുത്തിന്റെ കലയായി അങ്ങനെ നോവൽ മാറി. പത്തൊൻപതാം നൂറ്റാണ്ടിലാകട്ടെ, ഇരുപത്തൊന്നാം നൂറ്റാണ്ടിലാകട്ടെ, ക്ലാസിക്പദവി കൈവരിച്ച നോവലുകൾ മിക്കതും മേല്പറഞ്ഞ സ്വഭാവങ്ങൾക്കൊത്തു നിൽക്കുന്നവയാണ്. കുടുംബങ്ങളുടെ ചരിത്രം, ദേശങ്ങളുടെയും രാഷ്ട്രങ്ങളുടെയും ചരിത്രമായെഴുതുന്ന അന്യാപദേശങ്ങളായി നോവലുകളെ വായിക്കുന്ന രീതിയും പ്രസിദ്ധമാണ്.

മലയാളത്തിലും മറ്റൊന്നല്ലല്ലോ സമ്പ്രദായം. കുടുംബമെന്ന ആധുനികസ്ഥാപനം വ്യവസ്ഥപ്പെട്ടു വരുന്നു, ആദ്യകാലനോവലുകളിലൊന്നടങ്കം. നാടിന്റെ കഥ വീടിന്റെ കഥയായി പറയുന്ന നവോത്ഥാന നോവലുകളിലാകട്ടെ കുടുംബം ശാഖോപശാഖകളായി പടരുന്ന വൃക്ഷങ്ങളുടെ മാനങ്ങളിലേക്കു വളർന്നു. ആധുനികതാവാദ നോവലുകളിൽ നായകർ നിഷേധികളായത് മുഖ്യമായും കുടുംബത്തോടും വീടിനോടുമായിരുന്നു. പിന്നെയേ വരുന്നുള്ളു നാടും സമൂഹവും. പിതൃരൂപങ്ങളോട്. രക്തബന്ധങ്ങളോട്. കുടുംബമൂല്യങ്ങളോട് - പ്രഖ്യാപിക്കുന്ന സമരങ്ങളുടെ തുടർച്ചയാണ് സ്ഥാപനങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടുമുള്ള കലാപങ്ങൾ. 1950-80 കാലത്ത് മലയാളനോവൽ ആവിഷ്‌ക്കരിച്ച സാമൂഹികസംഘർഷങ്ങളും മാനുഷിക പ്രതിസന്ധികളും പൊതുവെ കുടുംബത്തിന്റെ ആഭ്യന്തരശിഥിലീകരണത്തിന്റെ ഭാഗമായിരുന്നു. തകഴി, ഉറൂബ്, എം ടി, സുരേന്ദ്രൻ, ആനന്ദ്.... മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ നോവലുകൾ ഏതാണ്ടൊന്നടങ്കം കുടുംബങ്ങളുടെ ഭാവമണ്ഡലത്തിൽ പിറവിയെടുത്തവയാകുന്നു. ആധുനികാനന്തരഘട്ടത്തിൽ ദേശകഥകളോളം പ്രാധാന്യം ലഭിച്ചില്ലെങ്കിലും ദേശചരിത്രത്തിന്റെ തന്നെ പാഠരൂപങ്ങളിലൊന്നായി കുടുംബപുരാണങ്ങൾ ആഖ്യാനം ചെയ്യപ്പെട്ടുതുടങ്ങി. ‘തലമുറകൾ’ മുതൽ ‘കരിക്കോട്ടക്കരി’ വരെയുള്ളവ ഉദാഹരണമാണ്.

എണ്ണത്തിൽ കുറവാണെങ്കിലും കുടുംബചരിത്രങ്ങൾക്കു കൈവന്ന ചരിത്രവിജ്ഞാനീയപരമായ കഥനസാധ്യതകളുടെ കൂടി പശ്ചാത്തലത്തിൽ ഇത്തരം നോവലുകൾക്കുള്ള ഭാവനിർവഹണശേഷി ഇന്നും ഏറെയാണ്. തറവാടിത്തഘോഷണത്തിനല്ല, ഇടിവെട്ടുകൊണ്ട തലമുറകളുടെ ജീവിതവ്യവഹാരങ്ങൾക്കും മാനവികസംബന്ധങ്ങൾക്കും കൈവന്ന സ്ഥലകാല ഭാവലോകങ്ങളുടെ വിസ്മയകരമായ വൈവിധ്യങ്ങളുടെ ആവിഷ്‌ക്കാരത്തിനാണ് ഇക്കാലത്ത് കുടുംബങ്ങൾ ഭൂമികയൊരുക്കുന്നത്.

കെ.യു. ജോണിയുടെ ‘ഭൂമധ്യരേഖയിലെ വീട്’, ഇത്തരമൊരു ബൃഹദ്‌സന്ദർഭത്തെ മുൻനിർത്തിയാണ് ഭാവനചെയ്യപ്പെട്ടിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതൽ ഉത്തരമലബാറിലേക്കും മൂന്നാം ദശകം മുതൽ വയനാട്ടിലേക്കും മധ്യകേരളത്തിൽനിന്നു നടന്ന ക്രൈസ്തവ കർഷക കുടിയേറ്റത്തിന്റെ ചരിത്രപശ്ചാത്തലത്തിലെഴുതപ്പെട്ട നോവലാണിത്. മറ്റൊരു പുറപ്പാടിന്റെ പുസ്തകം. അതിലുപരി മർത്യവിധിയെന്നത് നിരന്തരം സംഭവിക്കുന്ന പുറപ്പാടുകളുടെ കഥയാണെന്ന ഓർമ്മപ്പെടുത്തലിന്റെ പുസ്തകം. അതിജീവനത്തിന്റെ നാൾവഴികളിൽ അടിവേരുകൾ പൊട്ടിപ്പോന്ന ചെറുവൃക്ഷങ്ങൾപോലെ തുരുതുരാവീണുപോകുന്ന മനുഷ്യരുടെ ദുർവിധിയെഴുത്തുകൾ. മാമരങ്ങൾ കുറവാണാ ജൈവപ്രകൃതിയിൽ. ചെറുവൃക്ഷങ്ങളാണധികവും. പടർന്നുപന്തലിച്ചവയെക്കാൾ പട്ടുപോയവ. ജോണി, തന്റെ വംശത്തിന്റെ പഴംപുരാണത്തിൽനിന്ന് കതിരും പതിരും കൊയ്തുമാറ്റുന്നില്ല. അവ ഒന്നടങ്കം ഒരു മെതിക്കളത്തിൽ കൂട്ടിയിട്ട് പാറ്റുകയാണ്. ജീവിതം, ചരിത്രം, ഓർമ, കാലം, സ്ഥലം-ഓരോന്നും ഒരു വീടിന്റെ ഭ്രമണപഥത്തിൽ ചിതറിവീണുകിടക്കുകയാണ്. അസാധാരണമായ വായനാക്ഷമതയുള്ള ഒരു നോവലായി തന്റെയും കുടുംബത്തിന്റെയും മുക്കാൽ നൂറ്റാണ്ടിന്റെ ജീവചരിത്രമെഴുതുകയാണ് ജോണി. ആത്മകഥയ്ക്കു കൈവന്ന നോവൽരൂപമോ നോവലിനു കൈവന്ന ആത്മകഥാരൂപമോ ആയി കാണാം ‘ഭൂമധ്യരേഖയിലെ വീടി’നെ.

ഏറ്റവും കുറഞ്ഞത് മലയാളനോവലിലെ നാലുഘട്ടങ്ങളുടെയെങ്കിലും കഥനഭാവുകത്വം പങ്കിടുന്നുണ്ട് ഈ കൃതി. പൊറ്റക്കാടും പാറപ്പുറത്തും മറ്റും ആവിഷ്‌ക്കരിച്ചതുപോലുള്ള പലതലമുറകളുൾപ്പെടുന്ന കുടുംബകഥയുടെ റിയലിസ്റ്റിക് നട്ടെല്ലാണ് ഒന്നാമത്തേത്. തികച്ചും യഥാതഥവും ചരിത്രബദ്ധവുമാണ് ഗ്രിഗറികുടുംബത്തിന്റെ അഞ്ചുതലമുറകളുടെ ഭൂകമ്പസമാനമായ ആന്തരസംഘർഷങ്ങൾ.

എം ടി.യും മറ്റും സൃഷ്ടിച്ച പ്രണയഭാവനയുടെ തരളകാല്പനികതയാണ് മറ്റൊന്ന്. കാമനാഭരിതമായ ആന്തരജീവിതത്തിന്റെ നക്ഷത്രക്കാഴ്ചകളായി മാറുന്നു, അവയോരോന്നും.

സി.ആർ. പരമേശ്വരനും കെ.ജെ. ബേബിയും മറ്റും അവതരിപ്പിച്ച തീവ്ര ഇടതുവാദത്തിന്റെ രാഷ്ട്രീയകുമ്പസാരമാണ് മൂന്നാമതൊന്ന്. ഈ നോവലിന്റെ ആഖ്യാനഭൂമധ്യം ചോരയിൽ കുതിർന്നുചുവന്ന 60കളും 70കളുമാകുന്നു.

കോവിലൻ മുതൽ ആനന്ദ് വരെയുള്ളവർ ഉന്നയിച്ച ഭരണകൂടത്തോടും അധികാരത്തോടുമുള്ള നിശിതമായ വിമർശനമാണ് ഇനിയുമൊന്ന്. ഈ നോവലിലെ അടിസ്ഥാന രാഷ്ട്രീയസംഘർഷം തന്നെയും ഇരകളാകുന്ന വ്യക്തികളും വേട്ടക്കാരാകുന്ന സ്ഥാപനങ്ങളും തമ്മിലുള്ള വൈരുധ്യമാണ്. അഥവാ, കോവിലനിലും ആനന്ദിലുമൊക്കെ നാം കണ്ടറിഞ്ഞ, ഇരയും വേട്ടക്കാരനുമായി ഒരേ ജീവിതത്തിൽ വേഷമിടേണ്ടിവരുന്ന മനുഷ്യരുടെ അപാരവും അനന്വയവുമായ ആത്മസംഘർഷം തന്നെ.

ചുരുക്കത്തിൽ നവോത്ഥാനാധുനികതയിലും കാല്പനികതയിലുംനിന്ന് ആധുനികതാവാദത്തിലേക്കും മുന്നോട്ടും വളർന്ന മലയാളനോവലിന്റെ, കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ പൊതുഭാവധാരയുടെ സംഗൃഹീതപാഠരൂപമായി കാണാം ‘ഭൂമധ്യരേഖയിലെ വീടി’നെ.

ഇവയ്‌ക്കൊപ്പമോ ഇവയെക്കാൾ പ്രാധാന്യത്തോടെയോ ഈ നോവലിനെ കാലദൂരങ്ങളിലും ഭാവസന്ധികളിലും കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിന്റെ മലയാളനോവലിൽ ഇണക്കിനിർത്തുന്ന രണ്ടു ഘടകങ്ങളുണ്ട്. ഒന്ന്, വയനാടൻ കുടിയേറ്റത്തിന്റെ അനുഭവലോകങ്ങളെ ചരിത്രവൽക്കരിക്കുന്ന ജൈവവിദ്യ. രണ്ട്, സിനിമാറ്റിക് ആഖ്യാനകലയെ നോവൽവൽക്കരിക്കുന്ന രസവിദ്യ.

മുക്കാൽ നൂറ്റാണ്ടിന്റെ പ്രത്യക്ഷകാലമുണ്ട്, നോവലിൽ. അഞ്ചുതലമുറകളുടെ ജൈവസാന്നിധ്യവും. 1930കളിൽ വായനാടൻ വന-മലനിരകളിലേക്ക് മധ്യകേരളത്തിൽനിന്നുണ്ടായ (മുഖ്യമായും ക്രൈസ്തവർ) കുടിയേറ്റത്തിന്റെ സാമ്പത്തിക-സാമൂഹ്യ, നരവംശശാസ്ത്രം മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പതിറ്റാണ്ടിലും ഇംഗ്ലണ്ടിലേക്കു നടക്കുന്ന ഉപരിപഠന/തൊഴിൽ കുടിയേറ്റം വരെ നീളുന്ന ജീവിതവൈവിധ്യങ്ങളുടെ പശ്ചാത്തലം.

1930കളിലെ ആഗോളസാമ്പത്തികത്തകർച്ചയുടെ കയ്പും ചവർപ്പും നിലതെറ്റിച്ചുകളഞ്ഞ ഇലഞ്ഞി എന്ന ഗ്രാമത്തിലെ ഗ്രിഗറി എന്ന കച്ചവടക്കാരൻ സ്വന്തം വീട്ടുകാരും പെറ്റ തള്ളപോലും കൈവിട്ടതോടെ നാട്ടുകാർക്കു മുന്നിലും നിയമത്തിനു മുന്നിലും കുറ്റവാളിയായി മാറുന്നു. മറ്റൊരു വഴിയുമില്ലാതെ അയാൾ നാടുവിട്ട് വയനാട്ടിലെത്തുന്നു. അവിടെ അഞ്ഞൂറിലധികം ഏക്കർ ഭൂമി സ്വന്തമാക്കിയെങ്കിലും നാട്ടിൽനിന്നു ഗതികെട്ടും വേരുപറിഞ്ഞും തന്നെ പിന്തുടർന്നെത്തിയ സഹോദരങ്ങൾക്കും നിർധനരായ മനുഷ്യർക്കും അതുമുഴുവൻ പകുത്തുനൽകി അയാൾ മറ്റൊരു സാധാരണ കർഷകനായി മാറുന്നു. താൻപോരിമയും കൂസലില്ലായ്മയും മെയ്ക്കരുത്തും കൊണ്ട് അയാൾ തന്റെ വേരറ്റുപോയ വംശവൃക്ഷത്തിന് ചില്ലകൾ പടർത്തിയെങ്കിലും മിക്കതും പാഴായിപ്പോയി. സഹോദരന്മാർ മരണം വരെയും അയാളെ ശത്രുവായെണ്ണി. പെറ്റമ്മ അയാളെ ഒരിക്കലും അംഗീകരിച്ചില്ല. മക്കൾ പലരും മുഴുക്കുടിയന്മാരും ചീട്ടുകളിക്കാരും തല്ലുകൊള്ളികളും പെണ്ണുപിടിയന്മാരുമായി മാറി. പെൺമക്കൾ പിഴച്ചും വഴിതെറ്റിയും നടന്ന് ഒടുവിൽ ഇഷ്ടമില്ലാത്തവരെ കെട്ടി നാടുവിട്ടു.

ഗ്രിഗറിയുടെ ആറാമത്തെ സന്തതി മജോറിയാണ് നോവലിലെ നായകനും ആഖ്യാതാവും. യഥാർഥത്തിൽ മജോറിയുടെ ആത്മകഥതന്നെയാണ് ‘ഭൂമധ്യരേഖയിലെ വീട്’. കഥനം പല കണ്ണിലൂടെയും കോണിലൂടെയും മുന്നേറുന്നുണ്ടെങ്കിലും മജോറിയുടെ മുക്കാൽ നൂറ്റാണ്ടു നീണ്ട ജീവിതമാണ് നോവലിന്റെയും കാലജീവിതം. ആ വീടുപോലെതന്നെ ചിതറിപ്പരക്കുന്ന ശിഥിലമായ ആഖ്യാനമാണ് ‘ഭൂമധ്യരേഖയിലെ വീടി’ന്റേതും. ചിലപ്പോൾ തുടർച്ച നഷ്ടമാകും. ചില അധ്യായങ്ങൾ വേറിട്ടുനിൽക്കുന്ന കഥകളാകും. പല കഥകളും സ്വയം പൂർണവുമാകും.

അപ്പനുമമ്മയും സഹോദരങ്ങളും വയനാട് വിട്ടുപോയില്ലെങ്കിലും മജോറി കോളേജ്പഠനത്തിനായി നാടുവിട്ടു. ചുരമിറങ്ങിയെത്തിയ മജോറിക്ക് 60കളിലും 70കളിലും ഇന്ത്യയിലുടനീളം മുഴങ്ങിയ വസന്തത്തിന്റെ ഇടിമുഴക്കം കൂട്ടുനിന്നു. ഉറ്റ സുഹൃത്തുക്കൾക്കൊപ്പം പുതിയൊരാകാശവും ഭൂമിയും സ്വപ്നം കണ്ടെങ്കിലും ആ തലുമറയുടെ ദുർവിധി അയാളെയും കൈവിട്ടില്ല. പഴയകാലത്തിന്റെ ഓർമയിൽ നീറി അയാളും സുഹൃത്തുക്കളും നാനാവഴിയിൽ താന്താങ്ങളുടെ ജീവിതവും കെട്ടിപ്പെറുക്കി നാടുവിട്ടു. ഏറെത്തവണ പൊലീസിന്റെ നോട്ടപ്പുള്ളിയും ഇരയുമായ മജോറി ഒടുവിൽ പൊലീസ് ഇൻസ്‌പെക്ടറായി. പൊലീസ് സേനയിലെ അയാളുടെ ജീവിതവും ഔദ്യോഗിക കാലവും പക്ഷെ നോവലിൽ നിശ്ശബ്ദമാണ്. ഇതിനിടെ അപ്പനുമമ്മയും മരിച്ചു. വീടും സ്ഥലവും ബാണാസുരസാഗർ ഡാമിനുവേണ്ടി ഏറ്റെടുക്കപ്പെട്ടു. കാമ്പസ് കാലത്തു പ്രണയിച്ച മഞ്ജരി അയാളുടെ ജീവിതപങ്കാളിയായി. മക്കൾ മുതിർന്നു. മൂത്ത മകൻ ഡോക്ടറാണ്. ഇളയവൻ ഇംഗ്ലണ്ടിൽ പഠിക്കുന്നു. അക്കാലത്തൊരിക്കൽ ബാണാസുരസാഗർ അണക്കെട്ടിൽ മുങ്ങിപ്പോയ തങ്ങളുടെ വീടും ഭൂമിയും തേടി മജോറി ഭാര്യയ്ക്കും മൂത്തമകൻ മൈക്കിളിനും അവന്റെ ഭാര്യ രഞ്ജിനിക്കും മകൻ ജോണിനുമൊപ്പം വയനാട്ടിലേക്ക് ഒരു യാത്രപോകുന്നു.

ജലസമാധിയിലാണ്ടുപോയ തന്റെ വംശവൃക്ഷത്തിന്റെയും അതിനെ നിലനിർത്തിയ വീടിന്റെയും ഭൂമിയുടെയും സ്ഥാനം അഗാധനീലിമയിൽ സങ്കല്പിച്ചെടുത്ത് അണക്കെട്ടിലെ ഗസ്റ്റ് ഹൗസിൽ ചെലവഴിക്കുന്ന ആ രാത്രിയിലെ മജോറിയുടെ ഓർമകളാണ് നോവൽ.

അഞ്ചടരുകളുള്ള ഒരു ഫോസിൽ പോലെയാണ് ഭൂതകാലത്തിന്റെ ആഖ്യാനഭൂപടം ജോണി സങ്കല്പിച്ചെടുക്കുന്നത്.

വയനാട്ടിലെ വീട്ടിൽ അപ്പൻ ഗ്രിഗറിക്കും അമ്മയ്ക്കും സഹോദരങ്ങളായ കുഞ്ഞച്ചൻ, മാത്തുക്കുട്ടി, തെരേസ, മർഗര, വനേസ, അനിയൻ എന്നിവർക്കുമൊപ്പം ജീവിച്ച മജോറിയുടെ കാഴ്ചയിലൂടെ പടംനിവർത്തുന്ന ബാല്യ, കൗമാരങ്ങളാണ് ഒന്നാമത്തെ അടര്. കാമനകളുടെയും കലഹങ്ങളുടെയും കന്നിയങ്കങ്ങൾ. ആത്മരതിയുടെയും പ്രാണഭയത്തിന്റെയും നാൾവഴികൾ. നോവലിന്റെ ഒരു പകുതി, മജോറിയുടെ പതിനഞ്ചാം വയസിലും ആദ്യരതിയിലും അവസാനിച്ച ഈ കാലവും സ്ഥലവും ജീവിതവുമാണ്. വീട്, ഭൂമധ്യവുമാകുന്നു. കത്തിയമ്പുനൽകിയ രാമൻ. മീൻ പിടിക്കാൻ കൂട്ടുവന്ന ജോർജ്. ആദ്യം പ്രലോഭനമായും പിന്നെ അനുഭവമായും മാറിയ ഭാഗ്യലക്ഷ്മി. സഹോദരിമാർ. അവരുടെ ഹ്രസ്വപ്രണയങ്ങൾ. ആനത്താരയിലും കാടകങ്ങളിലും കൂടിയുള്ള ഭയപ്പാച്ചിലുകൾ. വളർത്തിയ മാനിന്റെ കുത്തേറ്റുമരിച്ച കുര്യാക്കോ; കുടുംബത്തിൽനിന്നും ആട്ടിയിറക്കപ്പെട്ട ഔസേപ്പ്.

പള്ളിയിലും വീട്ടിലും നാട്ടിലും സ്‌കൂളിലും മണ്ണും പെണ്ണും മനുഷ്യരും മാറി മാറി പങ്കിട്ട ആയുസ്സിന്റെ ഒന്നാം ഖണ്ഡം. മായികയാഥാർഥ്യങ്ങളുടെ രാപകലുകൾ. തെരേസയുടെ ഒരു ഗർഭകാല അനുഭവം നോക്കുക:

“പ്ലാവിൻ ചുവട്ടിലെ കട്ടപിടിച്ച ഇരുട്ടുപോലെ ആ ജീവി നേരെ മുമ്പിൽ നിൽക്കുകയായിരുന്നു. ജഡയും നഖങ്ങളുമായി ഒരു കുറിയ മനുഷ്യനെപ്പോലെ അത് തെരേസയുടെ സമീപത്തേക്ക് അടികൾ വെച്ചു. ഏത് പ്രതിസന്ധിയിലും നിലവിളിക്കരുതെന്ന് അവൾ തീരുമാനിച്ചു. തലചുറ്റൽ വെറുതെ ഒരു തോന്നൽ മാത്രമാണെന്ന് അവൾ സ്വയം ഉപദേശിച്ചു. നേരെ മുകളിൽ ചെകുത്താൻ പ്ലാവിന്റെ കറുത്ത ഇലകൾ സൂര്യനെ പൂർണ്ണമായും മറച്ചുപിടിച്ചു. അതിന്റെ മുകളിലെ ആകാശത്തെ ഭൂമിയിൽനിന്ന് തള്ളിയകറ്റിക്കൊണ്ട് ഒരു മന്ത്രവാദിയുടെ കറുത്ത ഗൗൺപോലെ ആ വൃക്ഷം അവളെ പൊതിഞ്ഞെടുത്തു. ഇളം പൈതത്തെപ്പോലെ നടു പിന്നോക്കം വളഞ്ഞ് അവൾ നിലത്തുനിന്നും പൊന്തിപ്പോയി. അവളുടെ വീർത്ത വയറിൽ നഖങ്ങളിറക്കി ആർത്തിയോടെ അത് തെരേസയുടെ മുഖത്തേക്ക് നോക്കി.

ഇത് തോന്നലല്ല, യാഥാർത്ഥ്യമാണെന്ന് അവൾ സ്വയം പറഞ്ഞുനോക്കി. അല്പസമയം മുമ്പ് കിണറ്റുകരയിൽ വസ്ത്രങ്ങൾ അലക്കുകയായിരുന്നു ഞാൻ. ഇപ്പോൾ ചെകുത്താൻ പ്ലാവിന്റെ ചുവട്ടിൽ ഇരിക്കുകയാണ്. എനിക്കൊന്നും സംഭവിച്ചിട്ടില്ല; അവൾ തന്നോട് തന്നെ പറഞ്ഞു. എന്റെ ഓർമ്മയ്ക്ക് ഒരു പാളിച്ചയും പറ്റിയിട്ടില്ല. എന്നിട്ടും അവളെ ഭയപ്പെടുത്തിയ ഇരുളിന്റെ ദൃശ്യം മാത്രം അവൾക്ക് പുറംതള്ളാനായില്ല. സഹായത്തിന് ആരെയെങ്കിലും വിളിക്കണമെന്നാഗ്രഹിച്ചു. പക്ഷെ ശബ്ദം തൊണ്ടയിൽ കുടുങ്ങിക്കിടന്നു. ഒരു പ്രസവമേശമേൽ കിടക്കുന്നതുപോലെ അവൾ നിസ്സഹായയായി കിടന്നു. എന്റെ വീടെവിടെ? അവൾ നാലുപാടും നോക്കി. എന്നാൽ അവൾക്ക് വീട് അവിടെങ്ങും കണ്ടെത്താനായില്ല.

തെരേസയെ കിണറ്റുകരയിൽ കാണാതായപ്പോൾ മറിയച്ചേടത്തി അന്വേഷിച്ചിറങ്ങി. അവർ ഉറക്കെ തെരേസയുടെ പേര് വിളിച്ചു. പ്ലാവിൻ ചുവട്ടിൽ സാരിയുടെ ചുവപ്പ് കണ്ടപ്പോൾ അവർ അങ്ങോട്ടു ചെന്നു. അവൾ മറ്റേതോ ലോകത്തായിരുന്നു. ചേടത്തി കഴുത്തിൽനിന്നും വെന്തിങ്ങയൂരി അവളുടെ കഴുത്തിലിട്ടു കൊടുത്തു.

വാ നമുക്ക് വീട്ടിപ്പോകാം. ദാ തൊട്ടടുത്തു തന്നെ എല്ലാവരുമുണ്ട്.

മോള് പേടിക്കണ്ട, മറിയച്ചേടത്തി ഒണ്ട് ഇവിടെ; അവർ പറഞ്ഞു. എന്നാൽ അവളുടെ മറുപടി ചേടത്തിയെ അല്പമൊന്ന് പരിഭ്രമിപ്പിച്ചു.

ഇല്ല എനിക്ക് പേടിതോന്നിയില്ല. ഞാനതിനെ കണ്ടു. ശരിക്കും കണ്ടു. അവൾ പറഞ്ഞു. ചേടത്തിയുടെ കൂടെ കരിയിലകൾ ചവിട്ടിത്തെറിപ്പിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ തെരേസ തിരിഞ്ഞുനോക്കി: പ്ലാവിൻ ചുവട്ടിലെ ഇരുട്ടിൽ ആ കൊച്ചു മനുഷ്യൻ ഉണ്ടോ എന്ന് അപ്പോഴും സംശയം മാറിയിരുന്നില്ല”.

മജോറിയുടെ ബാല്യം പോലെതന്നെ സൗമ്യവും ദീപ്തവുമാണ് അയാളുടെ ഇളയമകൻ ബോബിയുടെ ബാല്യവും. ഒന്നോ രണ്ടോ സന്ദർഭങ്ങളേ പറയുന്നുള്ളുവെങ്കിലും വായനയെ കൊളുത്തിവലിക്കുന്ന ചില അനുഭവങ്ങളുണ്ടവിടെ. അസാധാരണമാംവിധം റിയലിസ്റ്റിക്കായ ജീവിതചിത്രങ്ങൾ.

“ “എന്റെ മകൻ സത്യസന്ധനാണ്”. ലണ്ടനിൽനിന്നും അവന്റെ എംപ്ലോയർ വിളിച്ചപ്പോൾ പപ്പ പറഞ്ഞു.

“പെർഹാപ്‌സ് യു ഹാവ് എ സ്‌പെസിഫിക്ക് ഇൻസ്റ്റൻസ് ടു സബ്സ്റ്റാൻഷ്യേറ്റ് യുവർ വ്യു?” “തീർച്ചയായും!” പപ്പ പറഞ്ഞു.

ഉച്ചതിരിഞ്ഞ് രണ്ടുമണിക്കാണ് അവന്റെ സൈക്കിൾ ഒരു സ്‌ക്കൂട്ടറിൽ ഇടിച്ചത്. അവൻ വീണ് കൈമുട്ടുകളിൽ ചോര വന്നു. സ്‌ക്കൂട്ടറുകാരനും ഭാര്യയും ബോബിയെ നടുറോഡിൽ നിർത്തി വിചാരണ ചെയ്തു.

“നീ എന്തുകൊണ്ട് വലതുവശത്തുകൂടി വന്നു?” അവർ ചോദിച്ചു.

അവൻ പേടിച്ചുവിറച്ചുനിന്നു.

അവനു വയസ്സ് ഏഴ്.

“ഞങ്ങൾ തിരിച്ചുവന്നിട്ട് ബാക്കി കാര്യങ്ങൾ സംസാരിക്കാം. അതുവരെ നീ ഇവിടെ തന്നെ നിൽക്ക്” - വിജനമായ ആ റോഡ് വക്കിൽ അവനെ നിർത്തി അവർ പോയി. പിന്നീട് അവരതു മറക്കുകയും ചെയ്തു.

പൊള്ളുന്ന വെയിലിൽ അവൻ കാത്തുനിന്നു. അവർ വരട്ടെ. സംസാരിച്ചു തീർക്കട്ടെ.

വൈകുന്നേരം ആറരമണിക്ക് സ്‌ക്കൂട്ടർ ദമ്പതികൾ സിനിമ കാണാൻ പോകുമ്പോൾ അവനെ കണ്ടു. അതേ സ്ഥലത്തുതന്നെ അവൻ നിൽക്കുകയായിരുന്നു.

“കുട്ടീ, നീ ഇതുവരെ പോയില്ലേ?”

“ഇല്ല നിങ്ങൾ വന്നിട്ടു പോയാൽ മതിയെന്നു പറഞ്ഞിരുന്നില്ലെ.

“ഞാൻ കാത്തുനിന്നു” - അവൻ പറഞ്ഞു.

“മൈ ഗോഡ്! ഇത്രയും നേരമോ? അവർ അന്ധാളിച്ചുപോയി!

“അവനാണ് ബോബി. അവൻ സത്യസന്ധനാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അവനെ തെരഞ്ഞെടുക്കാം” - പപ്പ പറഞ്ഞു”.

പെണ്മയുടെ ഇരുധ്രുവങ്ങളും വെളിപ്പെടുത്തുന്ന നിരവധി കഥാപാത്രങ്ങളുണ്ട് മജോറിയുടെ ബാല്യം മുഴുമിപ്പിക്കുന്നവരായി. സ്‌നേഹസമ്പന്നർ. സ്‌നേഹരഹിതർ. ഉറ്റകൂട്ടുകാർ. കാമാസക്തർ. ബുദ്ധികൊണ്ടു വിസ്മയിപ്പിക്കുന്നവർ. വില്യൽ മീനയുടെ ഈ കഥ കേൾക്കൂ:

“ഏറുമാടത്തിനടിയിലെ തീക്കുണ്ഠം ചാരം മൂടിക്കിടന്നു. വിഷാദമൂകമായ വയനാടൻ സന്ധ്യ പതുക്കെ ഇഴഞ്ഞെത്തുകയായിരുന്നു.

വില്യൽമീന പോകാൻ എണീറ്റു.

താഴെയിറങ്ങാൻ വേണ്ടി പാവാട ഉയർത്തിപ്പിടിച്ച് അവൾ പിന്നോക്കം തിരിഞ്ഞുനിന്നു. തട്ടുപലകയിൽ പിടിച്ച് മുളയേണിയുടെ ചവിട്ടുകൊതകൾക്കായി കാൽകൊണ്ട് തുഴഞ്ഞു. പക്ഷെ കാലുറപ്പിച്ചത് ഒരു മനുഷ്യന്റെ കൈവെള്ളയിലായിരുന്നു!

പിന്നിൽനിന്നും ആരോ അവളെ വാപൊത്തിപ്പിടിച്ച് നെഞ്ചിലേക്കേറ്റുവാങ്ങി.

ഒരു കനത്ത ശബ്ദം പറഞ്ഞു: നിലവിളിച്ചാൽ കൊല്ലും ഞാൻ.

എതിർത്താലും അതെ.

കുഴപ്പമൊന്നും കാണിക്കില്ലെങ്കിൽ തലകുലുക്കാം. അവൾക്ക് ആളെ മനസ്സിലായി.

മൂന്നുവട്ടം തലകുലുക്കി.

അങ്ങനെ വരട്ടെ സുന്ദരിക്കുട്ടീ,

കരപ്രമാണി പറഞ്ഞു.

നിനക്ക് വകതിരിവുണ്ട്.

അവളുടെ വാ പൊത്തിയിരുന്ന മന്തൻകൈയ് അയാൾ പിൻവലിച്ചു.

പിന്നീടയാൾ യാതൊരു വെപ്രാളവും കൂടാതെ ടേബിൾ മര്യാദകൾ പാലിച്ച് തന്റെ ഇഷ്ടഭോജ്യത്തെ സമീപിക്കുന്ന ഒരു തീറ്റപ്രിയനെപ്പോലെ വില്യൽമീന എന്ന പതിനാറുകാരിയുടെ ദുരന്തനിമിഷങ്ങളിലേക്ക് കടന്നുചെല്ലാൻ തുനിയുകയായി. എന്നാൽ അവൾക്ക് യാതൊരു കൂസലുമില്ലായിരുന്നു. നിൽക്ക് മനുഷ്യാ, നിൽക്ക് അവൾ പറഞ്ഞു.

നിങ്ങളുടെ മകൾ എന്റെ കൂട്ടുകാരിയാണ്.

ഞങ്ങൾ ഒരേ ക്ലാസ്സിൽ പഠിച്ചവരാണ്.

ഇനിമുതൽ അവളെന്നെ അമ്മയെന്ന് വിളിക്കണം. അക്കാര്യത്തിൽ ഒരു തീർപ്പുണ്ടാക്കിയിട്ടു മാത്രം എന്നെ തൊട്ടാൽ മതി. ഓർക്കാപ്പുറത്തെ ഒരു നിബന്ധനയുടെ കടുംകെട്ടിൽക്കുടുങ്ങി അയാളുടെ കാമം ആറിത്തണുത്തു. ഒരു വെടലച്ചിരിയുമായി അയാൾ തന്റെ രണ്ടോ മൂന്നോ പെൺമക്കളെക്കുറിച്ചേർത്തു. അതിൽ ആരാണ് രേവതിയോ ചന്ദ്രമതിയോ?

അയാൾ ആലോചിച്ചു.

മാറി നിൽക്ക് കശ്മലാ, ആ മഹാമേരുവിനെ ഉന്തിമാറ്റി അവൾ വീട്ടിലേക്കോടി!”.

കോളേജ് കാമ്പസാണ് രണ്ടാമത്തെ അടര്. ളൂവീസ്. ദീപാങ്കുരൻ. സുബോധ്ചന്ദ്രൻ. കൂഗർ. വിപ്ലവരാഷ്ട്രീയത്തിന്റെ കനൽവഴികൾ. നക്‌സലിസത്തിന്റെ ഇടിമുഴങ്ങിയ കാമ്പസുകൾ. പൊലീസ് വേട്ടകൾ. വിചിത്രമായ രസമാർഗങ്ങൾ.

കാമ്പസിൽനിന്നു പുറത്തിറങ്ങി, ഓരോരുത്തരും ഓരോ വഴി പിരിഞ്ഞു. ചിലർ വൈദ്യപഠനത്തിനുപോയി. ചിലർ പഠനം തന്നെയവസാനിപ്പിച്ച് പെരുവഴിയിലിറങ്ങി. ചിലർ നാടുവിട്ടു. കിട്ടിയ ജോലി, അവിടെ വിതച്ച രാഷ്ട്രീയത്തിന്റെ പേരിൽ നഷ്ടമായതോടെ തിരികെ വീട്ടിലെത്തി, മജോറി. 1975. അടിയന്തരാവസ്ഥ. അപ്പന്റെ മരണം. സഹോദരങ്ങളുടെ ചിതറിത്തെറിക്കൽ. വീടിന്റെ മധ്യം തകർന്നുപിളർന്ന കാലം. മഞ്ജരി ജീവിതത്തിലേക്കുവന്നു. പൊലീസിൽ ജോലി കിട്ടി. ഇതാണ് മൂന്നാമത്തെ അടര്. ഇക്കാലത്തുള്ള ഏറ്റവും വലിയ ആത്മസംഘർഷം വിപ്ലവപ്രസ്ഥാനത്തിന്റെ ശൈഥില്യം സൃഷ്ടിച്ചവയാണ്. പിൽക്കാലത്തു കിട്ടുന്ന കൂഗറിന്റെയും ദീപാങ്കുരന്റെയും കത്തുകൾ ആ കാലത്തിന്റെയും മാറിയ കാലത്തിന്റെയും നിലപാടുകളുടെ പോസ്റ്റ്‌മോർട്ടമായി.

അതികാല്പനികവും ഭാവതീവ്രവുമായിരുന്നു മഞ്ജരിയുമായുള്ള പ്രണയവും അതു സൃഷ്ടിച്ച സംഘർഷങ്ങളും.

“എന്താണ് മജോറിയുടെ ദുഃഖം? - അവൾ ചോദിച്ചു.

സന്തോഷവാനായിരിക്കാൻ ഞാനൊരു കാരണവും കാണുന്നില്ല - അയാൾ പറഞ്ഞു.

ഇന്ന് എന്തിനുള്ള പുറപ്പാടാണ്! ഇതിങ്ങനെയാണോ വേണ്ടിയിരുന്നത്? രണ്ടുപേരും ചിന്തിച്ചു.

അവൾ പറഞ്ഞു: റിസൾട്ട് അറിയാൻപോലും കാത്തുനിൽക്കില്ല. അതിനു മുമ്പേ ഏതോ കമ്പനി എക്‌സിക്യൂട്ടീവിന്റെ കൂടെ ബോംബെയിലേക്ക് കയറ്റി വിടാൻ തീരുമാനിച്ചു കഴിഞ്ഞു. പന്ത് ഇപ്പോൾ നമ്മുടെ കോർട്ടിലാണ്. തീരുമാനമെടുത്തേ പറ്റു.

ആദ്യത്തെ വെടി പൊട്ടാൻ പോകുന്നു.

ആ ചിന്തയിൽ രണ്ടുപേരും മൗനികളായി.

അവൾ എവിടേയോ വായിച്ചതോർത്തു:

എന്റെ മൗനത്തിൽ വാചാലതയുണ്ട്.

നിനക്കത് കേൾക്കാൻ കഴിയുന്നുണ്ടോ?

എന്റെ മന്ദഹാസത്തിൽ ഒരു തുള്ളി കണ്ണീരുണ്ട്.

നിനക്ക് കാണാൻ കഴിയുന്നുണ്ടോ?

എന്റെ സ്‌നേഹം അഗാധമാണ്.

നിനക്കതിൽ ഇറങ്ങിനോക്കാൻ കഴിയുമോ?

എന്റെ ദുഃഖത്തിൽ ആഹ്ലാദമുണ്ട്.

നിനക്കത് പങ്കിടാമോ?

എന്റെ നിഴലിൽ ഒരു രൂപമുണ്ട്.

നിനക്കതറിയാൻ സാധിക്കുന്നുവോ?

എന്റെ ഹൃദയത്തിൽ ഒരു ശൂന്യതയുണ്ട്.

നിനക്കത് നിറയ്ക്കാമോ?”.

പൊലീസ് എന്ന സ്ഥാപനത്തോടും അധികാരകേന്ദ്രത്തോടും പലകാലങ്ങളിൽ ഗ്രിഗറിയും മജോറിയും പുലർത്തുന്ന ബന്ധങ്ങളിലെ സംഘർഷങ്ങളുടെ തുടർച്ചയാണ് ഈ നോവലിലെ നാലാമത്തെ അടര്. ഗ്രിഗറി, ഇലഞ്ഞി വിട്ടുപോരുന്നതുപോലും കൊടിയ പൊലീസ്മർദ്ദനത്തിനുശേഷമാണ്. വയനാട്ടിലെത്തിയശേഷവും അയാൾക്ക് പൊലീസുമായി ഏറ്റുമുട്ടേണ്ടിവരുന്നു. വീട്ടുമുറ്റത്തും പള്ളിയങ്കണത്തിലും വച്ചുള്ള രണ്ടു സന്ദർഭങ്ങൾ നോവൽ വിശദമായവതരിപ്പിക്കുന്നുണ്ട്. അനുജന്റെ മകളെ ആക്രമിച്ച ജന്മിയെ കൊല്ലാൻ ഗ്രിഗറിയും രംഗത്തുവന്നുവെങ്കിലും അനിയന്റെ മക്കൾതന്നെ അയാളെ കൊന്നു. അവർ ജയിലിലുമായി.

മജോറിയുടെ ജീവിതത്തിലെ പൊലീസ് സാന്നിധ്യമാണ് മറ്റൊന്ന്. കാമ്പസിലും ഹോസ്റ്റലിലും നിന്നുള്ള പൊലീസ് വേട്ടകൾ. അന്ന് പ്രിൻസിപ്പൽ രക്ഷപ്പെടുത്തി, പിന്നീട് പഴയ കൂട്ടുകാർ ഒത്തുകൂടിയ ഹോട്ടൽമുറിയിൽനിന്ന് പൊലീസ് പൊക്കിയപ്പോൾ തുണക്കെത്തിയത് സഹപാഠിയായിരുന്ന ഐ.പി.എസ്. ഓഫീസർ. ഒടുവിൽ മജോറിതന്നെയും പൊലീസ് ഓഫീസറാകുന്നു. പഴയ തീവ്രവാദിസുഹൃത്തുക്കളുടെ നിന്ദയും പരിഹാസവും അയാളിൽ കുറ്റബോധം സൃഷ്ടിക്കുന്നു. ഇര, വേട്ടക്കാരനായി വേഷമിട്ടതിന്റെ ആത്മസംഘർഷം ജീവിതകാലം മുഴുവൻ മജോറി ഏറ്റുവാങ്ങുന്നുണ്ട്. ആദർശവും പ്രയോഗവും തമ്മിലുള്ള ആഴക്കടൽച്ചാൽ അയാളുടെ അസ്തിത്വത്തെ നെടുകെ പിളർന്നൊഴുകുകയായിരുന്നു.

സിനിമയും സാഹിത്യവും രാഷ്ട്രീയവും സംഗീതവും സൃഷ്ടിക്കുന്ന സമാന്തരമായ ഒരടരാണ് അഞ്ചാമത്തേത്. ബാല്യ, കൗമാര, യൗവനങ്ങളിൽ മജോറിയെയും കാമ്പസ്‌കാലത്തും പിന്നീടും സുഹൃത്തുക്കളെയും ബൗദ്ധികമായി സ്ഥാനപ്പെടുത്തുന്നത് അവർ വായിക്കുന്ന സാഹിത്യവും കേട്ട സംഗീതവും കണ്ട സിനിമകളും ചർച്ചചെയ്ത രാഷ്ട്രീയവുമാണ്. പലപ്പോഴും ബൗദ്ധികമായി മാത്രമല്ല, ലാവണ്യാത്മകമായും അവരുടെയെല്ലാം ജീവിതക്കാഴ്ചകളെ രൂപപ്പെടുത്തിയത് ഇവ തന്നെയായിരുന്നു. 60കളിലെയും 70കളിലെയും ക്ഷുഭിതയൗവനത്തിന്റെ കേരളീയപരിഛേദമാകുന്നു, ഈ ആഖ്യാനതലം.

ഈ ആഖ്യാനകലയ്ക്ക് സുബദ്ധമായ ഭാവബന്ധങ്ങളൊരുക്കുന്നത് നേരത്തെ സൂചിപ്പിച്ചതുപോലെ, കുടിയേറ്റത്തിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രവും കഥനത്തിന്റെ സിനിമാറ്റിക് ഘടനയുമാണ്.

കുടിയേറ്റത്തിന്റെ ചരിത്രവും വർത്തമാനവും മജോറി തിരിച്ചറിയുന്നതും പുനഃസൃഷ്ടിക്കുന്നതും മുഖ്യമായും ഗ്രഗറിയിലൂടെയാണ്. പിൽക്കാലത്ത്, ‘അരനാഴികനേര’ത്തിലെ കുഞ്ഞേനാച്ചനെപ്പോലെ, നെടിയജീവിതത്തിന്റെ സായാഹ്നത്തിൽ, പ്രജ്ഞക്കും വിഭ്രമത്തിനുമിടയിൽ അയാൾ ലോകാന്തരസഞ്ചാരങ്ങൾ നടത്തുന്നുണ്ടെങ്കിലും ആയകാലത്ത് കായബലംകൊണ്ടും ആത്മധൈര്യം കൊണ്ടും ഭീമരൂപം പൂണ്ട പുരുഷനായിരുന്നു, ഗ്രിഗറി. കൊടുങ്കാറ്റുകളിൽ ഉലയാതെ നിന്ന മാമരംപോലെ അയാൾ തന്റെ വീടും കുടുംബവും കാത്തു. മുജ്ജന്മശത്രുക്കൾ സഹോദരങ്ങളും മക്കളുമായിപ്പിറന്നപ്പോഴൊന്നും അയാൾ ഇടറിയില്ല. അനിയന്മാരായ പത്രോയും കുര്യാക്കോയും മക്കളായ കുഞ്ഞച്ചനും മാത്തുക്കുട്ടിയും അയാൾക്ക് ശാപങ്ങളായി. അകത്തുനിന്നുയർന്ന ഭൂകമ്പങ്ങൾ ആ കുടുംബത്തെയും ഭരണകൂടം വീടിനെയും വിഴുങ്ങിയതോടെ ഗ്രിഗറി വീണു. അയാളുടെ ആസന്നമരണാനുഭവങ്ങളിലൊന്നു നോക്കൂ:

“പാതിര കഴിഞ്ഞു.

ഒരിളം കാറ്റിന്റെ അനായാസതയോടെ ഗ്രഗറി വെളിച്ചമില്ലാത്ത മുറികളിലൂടെ സഞ്ചരിക്കുകയാണ്. പകൽ സമയം അത് വരാന്തയിലേക്കും ചിലപ്പോഴൊക്കെ മുറ്റത്തേക്കും നീളുന്നു. ഒരവസരത്തിൽ പടികൾ ഇറങ്ങിച്ചെന്ന് ഒരു ബസ്സിന് കൈകാണിക്കുകപോലും ചെയ്തു.

ഇരുട്ടാണെങ്കിലും ഉൾക്കണ്ണിലൂടെ ആളുകളേയും വസ്തുക്കളേയും കൃത്യമായി കാണുന്നു. മനുഷ്യർക്ക് കാണാൻ കഴിയാത്ത പല കാഴ്ചകളും ഗ്രിഗറി കണ്ടു. ഒരു ദിവസം തന്റെ കസേരയുടെ അടിയിൽ വന്നിരിക്കുന്ന ഒരു കുറുക്കനേയും മറ്റൊരിക്കൽ കട്ടിലിനടിയിൽ പതുങ്ങി കിടക്കുന്ന കൊമ്പുള്ള മനുഷ്യനേയും ചൂണ്ടിക്കാണിച്ചുകൊണ്ട് മർഗരിയോട് ചോദിച്ചു, നീ എന്തിനാണ് അവനെ കട്ടിലിന്റെ അടിയിൽ ഒളിപ്പിക്കാൻ തീരുമാനിച്ചത്? അതു കേൾക്കേണ്ട താമസം അവൾ എയ്ഞ്ചലിനെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് കിടപ്പുമുറിയിലേക്കോടി.

എവിടെ, എവിടെ, അവിടെ ആരുമില്ലല്ലോ, അപ്പൻ എന്താണ് എന്നെക്കുറിച്ച് പറഞ്ഞുണ്ടാക്കുന്നത്, അമ്മച്ചി ഇത് കേൾക്കുന്നില്ലേ, മജോറി നീയിത് കേൾക്കുന്നില്ലേ, അവൾ ബഹളമുണ്ടാക്കി.

വീണ്ടും അന്ന് രാത്രി മർഗരി ഉറങ്ങാൻ തുടങ്ങുമ്പോൾ അപ്പൻ മുറിയിലെത്തി മുന്നറിയിപ്പ് കൊടുത്തു. കൊമ്പും വാലുമുള്ള ആ മനുഷ്യൻ, അതാ അവൻ നിന്നെത്തന്നെയാണ് നോക്കുന്നത്. അവൾ ഓടി പുറത്തിറഹ്ങി. പിന്നെ അന്ന് അമ്മച്ചിയുടെ കൂടെയാണ് കിടന്നത്. വാതിലിന്റെ വിടവിലൂടെ വീണുകിടന്ന സ്വർണ്ണവെളിച്ചത്തെ വടിയിൽ കുത്തിപ്പൊക്കി മുറ്റത്തുകൊണ്ടുപോയിട്ടു “നല്ല ഇനമാണ്, ചവിട്ടിയേക്കരുത്”.

വളരെ സ്വാഭാവികമായ രീതിയിൽ മരിച്ചുപോയവരോട് അപ്പൻ സംസാരിച്ചു. അവരെ അകത്ത് വിളിച്ചുവരുത്തി പൂർവ്വകാലചരിത്രങ്ങൾ ആരാഞ്ഞു.

വീട്ടിൽ അസാധാരണമായ ഒരരക്ഷിതാവസ്ഥ എങ്ങിനെയോ വളരുകയായിരുന്നു. എല്ലാവരും ഒരജ്ഞാതഭയത്തിന്റെ നിഴലായി. സദാസമയവും ആരോ ആ വീട്ടിൽ മരിച്ചുപോയവരുടെ വേഷത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന് സംശയിക്കാൻ തുടങ്ങി. കതകിന്റെ പിന്നിൽനിന്നും രണ്ടു കണ്ണുകൾ സദാസമയവും നോക്കിക്കൊണ്ടിരിക്കുന്നതായി എല്ലാവരും ഭയപ്പെട്ടു. ആരും ഒറ്റയ്ക്ക് എവിടേയുമിരുന്നില്ല. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ. കോണിമുറിയിൽ പകൽപോലും ആരും പോകാൻ ധൈര്യപ്പെട്ടില്ല. രാത്രിയിൽ തട്ടിൻപുറത്തെ നരിച്ചീറുകളുടെ ബഹളം കേട്ട് ഉറങ്ങാൻ പേടിയായി. എലികൾ ഓടുന്ന ശബ്ദം, വെരുകും മരപ്പട്ടിയും കടികൂടുന്ന ബഹളം, എല്ലാം ഒന്നിനൊന്ന് ഭയാനകമായിരുന്നു.

രാത്രിയുടെ പ്രചണ്ഡമായ ശബ്ദകോലാഹലങ്ങളിലൂടെ അപ്പൻ ഓടിത്തിമർത്തുനടന്നു. നിഴലുകളും പ്രേതങ്ങളും ഒപ്പം തന്നെയുണ്ടായിരുന്നു”.

സിനിമാറ്റിക് ആഖ്യാനകല പലതലങ്ങളിലാണ് ഭൂമധ്യരേഖയിലെ വീടിനെ രൂപപ്പെടുത്തുന്നത്. ഒരുവശത്ത്, അത് ഈ നോവൽ പുലർത്തുന്ന ശിഥിലഘടനയുടെ തന്നെ ഭാഗമാണ്. പല കഥകളും സീനുകൾപോലെ പറഞ്ഞുവയ്ക്കുന്നു, ജോണി. ഗ്രിഗറിയുടെ അന്ത്യദിനങ്ങളിലൊന്നു വായിക്കൂ:

“ഗ്രിഗറി മെഡിക്കൽ കോളേജിൽ അടിവയർ തുന്നിക്കെട്ടി മയങ്ങിക്കിടന്നു. ഒരു നൈലോൺ ട്യൂബിലൂടെ സ്വർണ്ണനിറത്തിലുള്ള ദ്രാവകം കട്ടിലിന്റെ അടിയിൽ വെച്ച കുപ്പിയിൽ നിറഞ്ഞുകൊണ്ടിരുന്നു. ഓപ്പറേഷന്റെ ഒരു നീണ്ട പരമ്പരയ്ക്കുശേഷം ഡയലറ്റേഷൻ ആരംഭിച്ചു. എന്നിട്ടും മൂത്രതടസ്സം ഭേദമായില്ല.

നിരവധി നാളത്തെ യൂറോളജി പരീക്ഷണങ്ങൾക്കൊടുവിൽ ഒരു പ്രഭാതത്തിൽ ഗ്രിഗറി പ്രൊഫസറെ നോക്കി വളരെ നിഷ്‌കളങ്കമായ ഒരു ചിരി ചിരിച്ചു. ആ ചിരിയുടെ അർത്ഥമറിയാതെ അദ്ദേഹം അല്പമൊന്ന് പരുങ്ങി.

കോഴേക്കാരൻ കുഞ്ഞുമത്തയല്ലേ? ഗ്രിഗറി ചോദിച്ചു.

ചന്തേലോട്ടായിരിക്കും അല്ലിയോ?

പ്രൊഫസർക്ക് എന്തോ പന്തികേട് തോന്നി.

അദ്ദേഹം ഗ്രിഗറിയുടെ കെയിസ്സ്ഷീററ് എടുത്ത് മറിച്ചുനോക്കിക്കൊണ്ട് ഡ്യൂട്ടി ഡോക്ടറെ അടുത്തേക്ക് വിളിച്ചു. അവർ തമ്മിൽ ശബ്ദം താഴ്‌ത്തി സംസാരിച്ചുകൊണ്ടിരുന്നു.കുഞ്ഞുമത്തേ നമ്മുടെ വെള്ളൂക്കാരൻ ഇപ്പം എവിടെയാ? - ഗ്രിഗറി ചോദിച്ചു. അടുത്തുനിൽക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് ചിരി വന്നു.

പ്രൊഫസർ ദീർഘനേരം ഗ്രിഗറിയെ നോക്കിനിന്നു.

എലഞ്ഞിപ്പൊഴേടെ അക്കരെയല്ലാരുന്നോ അവരുടെ വീട്?

അതെ പ്രൊഫസർ പറഞ്ഞു.

കുഞ്ഞുമത്ത ഇവിടെയിരുന്നേ ചോദിക്കട്ടെ - ഗ്രിഗറി തന്റെ ശോഷിച്ച കൈകൊണ്ട് ഡോക്ടറെ പിടിച്ചു. ആ കൈകളുടെ ദുർബ്ബലതയിൽ അദ്ദേഹത്തിന് എന്തോ ഒരസ്വാസ്ഥ്യം തോന്നി.

അവരവിടുന്ന് വിറ്റേച്ചു പോയോ? ഗ്രിഗറി ചോദിച്ചു.

ഒരു തീവണ്ടി ചൂളം വിളിച്ച് കൊണ്ട് ഹൃദയത്തിൽ വന്നുകയറി.

അതൊരു വേനൽക്കാലമായിരുന്നു. ഉച്ചത്തിളപ്പിൽ അടങ്ങിക്കിടന്ന ഇലഞ്ഞിപ്പുഴയുടെ ഊരാളിക്കുഴിയിൽ മുങ്ങിത്തപ്പി അവർ നീർനായ്ക്കളെ പിടിക്കുകയായിരുന്നു. വെള്ളൂക്കാരൻ ഒരു കച്ചക്കുറിമുണ്ടാണ് ഉടുത്തിരുന്നത്. പാളത്തൊപ്പി വെച്ച് കോരുവലയും പിച്ചാത്തിലുമായി നിന്ന കുഞ്ഞുമത്ത നീറോ ചക്രവർത്തിയുടെ കാലത്തെ ഗ്ലാഡിയേറ്ററെ ഓർമ്മിപ്പിച്ചു. ഗ്രിഗറി നീണ്ട ഒരായമെടുത്ത് തവിട്ടുനിറമാർന്ന കയത്തിന്റെ അടിയിലേക്ക് മുങ്ങാങ്കുഴിയിട്ടു. മിന്നിമറയുന്ന ആരൽക്കുഞ്ഞുങ്ങളേയും നീർക്കോലികളേയും തഴഞ്ഞ് തഴഞ്ഞ് അയാൾ ഒരു നീർനായയുടെ വാലറ്റം പിടിച്ച് കയത്തിന്റെ മേൽപ്പാളിവരെ എത്തി. വെള്ളൂക്കാരൻ അറ്റം കൂർപ്പിച്ച വാരികൊണ്ട് അടിഞ്ഞുകിടന്ന ചീഞ്ഞ ഇലകളും കൊമ്പും കോലും കുത്തിയിളക്കുകയായിരുന്നു.

തേണ്ടെ കുഞ്ഞാങ്ങളേ ഒരെണ്ണം പൂക്ക് പൂക്കെന്ന് അങ്ങോട്ടോടി കരയ്ക്കുനിന്ന ഏല്യാക്കൊച്ച് ഹർഷപുളകിതയായി വിളിച്ചുപറഞ്ഞു.

കഴുവുമ്മെക്കേറാൻ! - വെള്ളൂക്കാരനെ ഗ്രിഗറി പുലഭ്യം പറഞ്ഞു.

അത് എന്ത്യേടി? - വേട്ടക്കാർ ഒരുമിച്ച് ചോദിച്ചു.

അടുത്ത വളവിലെ ഓടക്കാടുകളിലേക്ക് അവൾ കൈചൂണ്ടി. ഇഞ്ചമുള്ളുകൾ നിറഞ്ഞ പുഴയിറമ്പിലെ മാളങ്ങളിലേക്ക് അവ രക്ഷപ്പെട്ടിരുന്നു. കുഞ്ഞിലോനൻ തീറു കയ്യോടെ അങ്ങോട്ടോടി. പിന്നാലെ കുഞ്ഞുമത്തയും. എടാ പെലനായ്ക്കലേ, ഒന്നിനേം വിട്ടേക്കരുത് - ഗ്രിഗറി വിളിച്ചു കൂവി.

ഒന്നു ചുറുക്കെ ഓടി വന്നേ കൂവേ, അല്ലെങ്കി മൂഞ്ചിപ്പോവും - വെള്ളൂക്കാരൻ തിരിഞ്ഞുനിന്ന് പറഞ്ഞു.

അപ്പച്ചാ ഇത് ഡോക്ടറാ - മജോറി പറഞ്ഞു നമ്മൾ ബീച്ചാശുപത്രിയിലാ. അവർ പുനഃസമാഗമത്തിൽ വാക്കുകൾ നഷ്ടപ്പെട്ട രണ്ടഭയാർത്ഥികളേപ്പോലെ തോന്നിച്ചു.

പിറ്റേന്ന് ഡിസ്ച്ചാർജ്ജ് ചെയ്തു വീട്ടിലേക്ക് പോരുമ്പോൾ പ്രൊഫസർ പറഞ്ഞു:

തീരെ വയ്യാന്നു തോന്നുമ്പോൾ കൊണ്ടുവന്നോളൂ”.

ചില നാടകീയസന്ദർഭങ്ങളുടെ അവതരണത്തിൽ നോവൽ പുലർത്തുന്ന അസാധാരണമായ സിനിമാറ്റിക് ദൃശ്യപരതയാണ് മറ്റൊന്ന്. അനിയന്റെ വീട്ടിൽ നിറതോക്കുമായി മക്കൾക്കൊപ്പം ജന്മിയെ കൊല്ലാൻ കാത്തിരിക്കുന്ന ഗ്രിഗറിയുടെ രംഗം, പള്ളിമുറ്റത്തെ പുരുഷാരത്തിനു നടുവിൽ സംഭവിക്കുന്ന പൊലീസ് അതിക്രമം, കബനി നീന്തിക്കയറി കർണാടകയിലെ ഗ്രാമത്തിലെത്തി ചീട്ടുകളിക്കുന്ന മാത്തുക്കുട്ടിയുടെ രംഗം.... എന്നിങ്ങനെ എത്രയെങ്കിലും രംഗങ്ങൾ ഉദാഹരമമാണ്.

നോവലിന്റെ മൊത്തത്തിലുള്ള ആഖ്യാനഘടനയും സിനിമയുടേതാണ്. വലിയൊരു ഫ്‌ളാഷ് ബാക്ക് ആണ് ഈ നോവൽ തന്നെയും. 2015ൽനിന്ന് 1930കളിലേക്കും പിന്നെ മുന്നോട്ടും ഏതാണ്ട് കാലാനുക്രമമായും ഇടയ്ക്ക് കുഴമറിഞ്ഞും സഞ്ചരിക്കുന്ന ഓർമയുടെ ഉറക്കമറ്റ ഒറ്റരാത്രിയാണ് നോവലിന്റെ സംഭവകാലം. ഇരുപത്തിനാലു മണിക്കൂർപോലുമില്ല നോവലിലെ വർത്തമാനം. അതിൽ നിന്നാണ് മുക്കാൽ നൂറ്റാണ്ടിന്റെ പ്രത്യക്ഷകാലത്തെ ഒരു ഭൂപടംപോലെ ജോണി ഓർമ്മയിലൂടെ നിവർത്തിയിടുന്നത്. എന്നു മാത്രവുമല്ല, ദൃശ്യബിംബങ്ങളുടെയും ദൃശ്യഭാഷയുടെയും നിരന്തരസാന്നിധ്യം നോവലിലുടനീളമുണ്ട്. സ്റ്റീൻബക്കിന്റെയും കൗബോയ് സിനിമകളുടെയും രൂപകസമൃദ്ധിയിലാണ് കുടിയേറ്റത്തിന്റെ പുരുഷലോകത്തെ നോവൽ അടയാളപ്പെടുത്തുന്നത്. സിനിമ പൂരിപ്പിക്കുന്ന നോവലിന്റെ ദൃശ്യവാങ്മയത്തിന് ഒരുദാഹരണം നോക്കുക:

“വയനാട്ടിലെ പ്രഭാതമാണ് താൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും മനോഹരം. മജോറിക്ക് തോന്നി. മനുഷ്യനും പ്രകൃതിയും പക്ഷിമൃഗാദികളും പങ്കെടുക്കുന്ന ഒരു ട്രാൻസ് ഹാർമോണിക്ക് ഫെസ്റ്റിവൽ!

പീറ്റർ ബൗമാൻ അതു കണ്ടിട്ടായിരിക്കുമോ മെറീഡിയൻ മൂർലാന്റും പുലർകാല നൃത്തവും വെർജിൻ റിക്കാർഡ്‌സും കമ്പോസ് ചെയ്തത്!

നോക്കിനോക്കിയിരിക്കവേ കിഴക്കേ ചക്രവാളത്തിന്റെ വിളുമ്പിൽ എന്തോ പൊട്ടിച്ചിതറുന്നതുപോലെ ഇരുൾ വിണ്ടുകീറി ഒരു വയലറ്റ് നിറം പടർന്നു. നിമിഷങ്ങൾക്കകം അത് പച്ചയായി, ഓറഞ്ച് നിറമായി, ചുവപ്പായി ആകാശക്കോണിൽ പരന്നൊഴുകി ഒരു സുവർണ്ണ സൂര്യനെ ഭൂമിക്കായി വെച്ചുനീട്ടി. പതുക്കെപ്പതുക്കെ ഭൂമദ്ധ്യരേഖയിലേക്ക് പകൽ കടന്നുവരികയായിരുന്നു.

രാത്രി മുഴുവൻ ഉറക്കമിളച്ചതിന്റെ ക്ഷീണമൊന്നും അയാൾക്ക് അനുഭവപ്പെട്ടില്ല. കുളിർകോരുന്ന പുലർമഞ്ഞിൽ മുഖം പൂഴ്‌ത്തിവെച്ച് റിസർവോയറിലേക്ക് നോക്കിയിരിക്കുകയായിരുന്നു അയാൾ.

മഞ്ഞിന്റെ ശുഭ്രസൗന്ദര്യം എത്ര ഭ്രമാത്മകമാണ്! ജലപ്പരപ്പിൽനിന്നും ഒരു ബോയിലർപോലെ ചുടുനീരാവി വമിക്കുന്നു.

ബ്യൂട്ടിഫുൾ മോണിങ്! ആരെങ്കിലും എനിക്കൊരു കോഫി എസ്പ്രസ്സോ തന്നിരുന്നെങ്കിൽ!

സംസാരിക്കുന്നത് ജോണാണ്.

അവനിപ്പോഴും ബ്രിഗേഡ് റോഡിലാണെന്നാണ് വിചാരം! നിങ്ങൾ എപ്പോഴാണ് ഉറങ്ങാൻ കിടന്നത്? - മഞ്ജരി ചോദിച്ചു.

ഇല്ല; ഞാൻ കിടന്നില്ല. ഒരു നിമിഷംപോലും കിടന്നില്ല - മജോറി പറഞ്ഞു.

ഓർമ്മകളുടെ തീണ്ടൽ അടങ്ങാത്ത ഈ ജലകുടീരത്തിനരികെ എന്നെപ്പോലത്തെ ഒരു സെന്റിമെന്റൽ ഫൂളിന് എങ്ങിനെ ഉറങ്ങാൻ കഴിയും?

പെട്ടെന്ന് അവർക്കിടയിൽ വീണുപൊട്ടിയ മൗനം ആ കുടുംബത്തിലെ ഓരോ വ്യക്തിയുടേയും അസന്തുലിതമായ ഹൃദയഭാഷപോലെ തോന്നി. മജോറിയുടെ ക്ഷീണിച്ച ധമനികളിൽ തണ്ടുതല്ലികിടന്ന വയനാടൻ ആസക്തികളും അതിന്റെ ഉല്പത്തി മുതൽ ശോകച്ഛായ പകർന്ന മരതകവിഷ്വൽസും ഫെയ്ഡ് ഔട്ട് ചെയ്യപ്പെട്ടു”.

ചുരുക്കിപ്പറഞ്ഞാൽ, ചരിത്രത്തിനും ഓർമക്കും കൈവരുന്ന ആത്മനിഷ്ഠവും അനുഭവാധിഷ്ഠിതവുമായ ആഖ്യാനയുക്തിയാണ് ഭൂമധ്യരേഖയിലെ വീടിന്റെ കലയും രാഷ്ട്രീയവും. മനുഷ്യായുസ്സിലെ എണ്ണിയാലൊടുങ്ങാത്ത പുറപ്പാടുകളുടെ ഓർമപ്പുസ്തകമായി മാറുന്നു, അതുവഴി ഈ നോവൽ.

നോവലിൽനിന്ന്:-

“തിരുവിതാംകൂറിലെ ജീവിതമുപേക്ഷിച്ചുപോരുമ്പോൾ ഗ്രിഗറിയുടെ നാഭിയിൽ കൊടിയ പൊലീസ് മർദ്ദനങ്ങളുടെ പാടുകൾ വടുകെട്ടിക്കിടന്നു. തറവാട്ടിലെ നിർണ്ണായക തീരുമാനങ്ങളുടെ അവസാന വാക്കായിരുന്നുവല്ലോ അമ്മച്ചിയുടേത്. മക്കലെ വരയിൽ നിർത്തിയ അമ്മച്ചിക്ക് ഇളയ മകൻ പത്രോയോട് കൂടുതൽ ഇഷ്ടം തോന്നിയത് ഈ പ്രപഞ്ചത്തിലെ ജീവന്റെ രഹസ്യംപോലെ വിശദീകരിക്കാൻ പറ്റാത്തതായിരുന്നു.

ചാരം മൂടിയ വൃദ്ധമനസ്സിൽ ഭൂതകാലം ഇരമ്പിയാർത്തു:-

ഞാൻ നാടുവിട്ടുപോയാൽ ഈ കലഹങ്ങളൊക്കെ തീരുമെന്ന് അമ്മ പറഞ്ഞിരുന്നില്ലേ? മലബാറിലെ കൊടുംകാടുകളിൽ ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ഒരിക്കലെങ്കിലും അമ്മ അന്വേഷിച്ചിരുന്നോ? എന്നും ഞാനമ്മയെ അനുസരിക്കുക മാത്രമല്ലെ ചെയ്തിട്ടുള്ളു? അമ്മയെ ഞാനോർക്കാത്ത ഒരു ദിവസംപോലും ഉണ്ടായിരുന്നില്ലല്ലോ.

എന്നിട്ടും അമ്മ എന്തിനെന്നെ വെറുത്തു?

എന്തിനെന്നെ കൊത്തിയകറ്റി?

നാല്പതുവർഷമായി ഞാനനുഭവിക്കുന്ന ഈ വേദന ഉമിത്തീപോലെ എന്നെ നീറ്റുന്നു.

ഗ്രിഗറിയുടെ ഓർമ്മകൾ നാല്പത് സംവത്സരങ്ങൾ പിന്നോക്കം പോയി.

ഇലഞ്ഞിപ്പുഴയുടെ തീരങ്ങളിലെ ഒരു വേനൽക്കാലം.

മൂർദ്ധാവിൽ കുത്തുന്ന ഉച്ചവെയിലിൽ, യേശുവിന്റെ രൂപസാദൃശ്യവുമായി അയാൾ അവസാനശ്രമം എന്ന നിലയ്ക്ക് അമ്മയും അനിയനും താമസിക്കുന്ന തറവാട്ടിലെത്തി. നീണ്ട മുടിയും കൈവെള്ള മറയുന്ന ജുബ്ബയും കണ്ട് കുട്ടികൾ അദ്ഭുതത്തോടെ എണീറ്റുനിന്നു.

എടാ പത്രോയേ, ആ വസ്തുവിന്റെ കാര്യത്തിൽ നിന്റെ തീരുമാനം എന്തായി? - ഗ്രിഗറി ചോദിച്ചു.

ഏതു വസ്തു? - പത്രോ കൈമലർത്തുന്നു.

എത്രയോ പേർ മധ്യസ്ഥം പറഞ്ഞ പടിക്കലെ വയലിന്റെ കാര്യമാണ് പറഞ്ഞത്. അപ്പന്റെ കാലശേഷം എനിക്കുതന്നെ തരാമെന്നല്ലേ ഉടമ്പടി? കൂടുതലൊന്നും ഞാൻ ആവശ്യപ്പെട്ടിട്ടില്ലല്ലോ.

അതൊന്നും എനിക്കറിഞ്ഞുകൂടാ എന്റെ കയ്യിലുള്ള ഭൂമി തരാൻ പറ്റത്തില്ല - വളരെ ലാഘവത്തോടെ പത്രോ പറഞ്ഞു.

കൊള്ളാം വ്യവസ്ഥ ഉണ്ടാക്കിയത് നിനക്കുകൂടി സമ്മതമുള്ള ഒരാൾ ആയിരുന്നില്ലേ?

എങ്കിൽ അങ്ങോരോട് മേടിച്ചു തരാൻ പറ, പത്രോയുടെ സ്വരം മാറി.

ഗ്രിഗറിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.

എനിക്കീ കാര്യത്തിൽ തൽക്കാലം അമ്മയോടും കൊച്ചേട്ടനോടും ചോദിക്കാനുണ്ട്.

മുഴത്തിന് മുഴത്തിന് ഉടക്കിട്ട് പത്രോ ഇതൊരു തർക്കവിഷയം മാത്രമാക്കി അകന്നകന്നുപോയി.

അതുവരെ അകത്തെ മുറിയിൽ ഇരിക്കുകയായിരുന്ന അമ്മ ഗ്രിഗറിയോട് ചോദിച്ചു: ഏതു ഭൂമീടെ കാര്യമാടാ നീ പറയുന്നെ? കൊറേ നേരായല്ലോ നീ അവനെയിട്ട് ന്യായവിചാരം ചെയ്യുന്നു?

ഗ്രിഗറി അമ്മയെ നോക്കി. ഇപ്പോൾ അമ്മയും കയ്യൊഴിയുകയാണ്.

എടാ പത്രോ ഇവൻ നിനക്ക് ഭൂമി വല്ലതും തീറെഴുതി തന്നിട്ടുണ്ടോ? അമ്മ ചോദിച്ചു.

പത്രോ മിണ്ടിയില്ല. അമ്മ പറഞ്ഞു: അല്ലേലും മൂത്തതുങ്ങൾ തന്നെ വേണം കുടുമ്മം നോക്കാൻ. എളേതുങ്ങൾ ഒരു നെലേലെത്തുന്നതുവരെ ലാഭോം നഷ്ടോം ഒക്കെ സഹിക്കേണ്ടിവരും. വസ്തു വല്ലതും അങ്ങനെ തന്നിട്ടുണ്ടെങ്കിലേ, അതവന്റെ കൈവശം തന്നെ കാണും അവനുമില്ലേ പെണ്ണും പിളേളരും.

അമ്മയുടെ തത്വശാസ്ത്രം വളരെ ഋജുവാണ്! ഒരു കാര്യം വ്യക്തമായി. ഇന്നത്തെ ഇടപെടൽ ഈ പ്രശ്‌നം പരിഗണിക്കപ്പെടില്ലെന്നതിന്റെ സൂചനയാണ്.

ഇറങ്ങിപ്പോരുമ്പോൾ അമ്മ പറഞ്ഞു: നിന്നോട് മൊളക് കച്ചവടം ചെയ്യാൻ ഞങ്ങളാരും പറഞ്ഞില്ലല്ലോ. എന്തുകൊണ്ടോർത്തില്ല?

അഥവാ, ഇനി അവൻ വസ്തു തിരിച്ചെഴുതി തന്നാലും എനിക്ക് സമ്മതിക്കാൻ ഒക്കത്തില്ല.

ആ ദുർവാശിക്കു മുമ്പിൽ ഗ്രിഗറി തളർന്നുപോയി! അയാൾ ഇടറിക്കൊണ്ട് ചോദിച്ചു. അമ്മേ ഞാനെന്തു തെറ്റാണ് ചെയ്തത്?

അപ്പൻ തുടങ്ങിവെച്ച കച്ചവടമായിരുന്നില്ലേ ഇത്? അമ്മയും കൂടിച്ചേർന്ന് എന്റെ തലയിൽ കെട്ടിവെച്ചതല്ലേ. കഴിയില്ലെന്ന് ഞാനാവുന്നത്ര പറഞ്ഞതല്ലേ. നഷ്ടം വന്നപ്പോൾ എല്ലാവരും ഒഴിഞ്ഞു. ഇങ്ങനെത്തന്നെ വേണം അമ്മേ മക്കളെ സ്‌നേഹിക്കാൻ, ഇങ്ങനെത്തന്നെ വേണം കൊലയ്ക്ക് കൊടുക്കാനും.

ഒരു ദുഃഖവെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ഗ്രിഗറിയെ അന്വേഷിച്ച് പൊലീസുകാർ വന്നത്. അന്ന് കുരിശിന്റെ വഴിയായിരുന്നു. അമ്മയേയും അനിയൻ പത്രോയേയും വീട്ടിൽവന്ന് കയ്യേറ്റം ചെയ്തു എന്നായിരുന്നു കുറ്റപത്രത്തിൽ പറഞ്ഞത്.

തോർത്തുമുണ്ട് കൊണ്ട് കൈകൾ പിന്നിൽക്കെട്ടി അവർ ഗ്രിഗറിയെ മുറ്റത്തെ ചരൽമണ്ണിലേക്ക് ചവിട്ടി വീഴ്‌ത്തി.

എണീക്കാൻ അനുവദിക്കാതെ അയാളെ തറയിലിട്ട് ഉരുട്ടി. നിലവിളിക്കാതിരിക്കാൻ വായിൽ തുണി കുത്തിത്തിരുകി. പിന്നീട്, ഉടുമുണ്ടുരിഞ്ഞു.

വല്യമ്മച്ചി ഇൻസ്‌പെക്ടറോട് പറഞ്ഞു.

സാറെ, അവൻ വല്യ അഭ്യാസിയാ. നിങ്ങടെ ഈ പിളേളരുടെ ഇടീം തൊഴീം ഒന്നും ഏശുകേല. ഉടുമ്പിന്റെ ബലമാ അവന്. നാഭി നോക്കി നല്ല കുത്തുകൊടുക്കണം സാറെ. എന്നാലെ അവൻ അടങ്ങത്തൊള്ളു.

അവിടെയിരുന്ന കാടിവെള്ളം പൊലീസുകാർ അയാളുടെ തലയിലൂടെ ഒഴിച്ചു. പിന്നീട് സ്റ്റേഷനിൽ കൊണ്ടുപോയി ലോക്കപ്പിലിട്ട് ചതച്ചു.

അടിവയറിൽ നീരുകെട്ടി ഏതോ ആശുപത്രിയിൽ അയാൾ നരകിച്ചുകിടന്നപ്പോൾ നിയമപാലകർ തമ്മിൽ തമ്മിൽ ചോദിച്ചു: ഈ മനുഷ്യൻ അവകാശപ്പെട്ട ഭൂമി ചോദിച്ച കുറ്റത്തിനാണോ നമുക്ക് ഇയാളെ മർദ്ദിക്കേണ്ടിവന്നത്? എന്തുകൊണ്ട് നമ്മുടെ നീതിശാസ്ത്രങ്ങളും ഈ ഘട്ടത്തിൽ ഉറങ്ങിപ്പോയി?”.

ഭൂമധ്യരേഖയിലെ വീട്
കെ. യു. ജോണി
കറന്റ് ബുക്‌സ്, തൃശൂർ
വില: 220 രൂപ

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

TODAYLAST WEEKLAST MONTH
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
വിവാഹമോചിതന് ആശ്വാസമായത് ഭർത്താവ് മരിച്ച അദ്ധ്യാപികയുടെ സ്‌നേഹം; ആഴ്‌ച്ചകൾക്കുള്ളിൽ ക്ഷേത്രത്തിൽ വെച്ചു മിന്നുകെട്ടി ഒരുമിച്ചു താമസിച്ചപ്പോൾ സുധീഷ് ബാബു നന്ദി പറഞ്ഞത് ദൈവത്തിന്; മൂന്ന് പവന്റെ മാല വാങ്ങിക്കൊടുത്തപ്പോൾ അഞ്ച് പവന്റെ മാല പകരം നൽകിയ സ്‌നേഹത്തിൽ വിതുമ്പി കഴിയവേ ഒരുമിച്ചുകണ്ട കൂട്ടുകാർക്കൊരു ഡൗട്ട്; അനേകം പുരുഷന്മാരെ കെട്ടി പറ്റിച്ച ശാലിനിയെ ഇത്തവണ മുങ്ങും മുമ്പ് പൊലീസ് പൊക്കിയത് ഇങ്ങനെ
പറ്റിയ പ്രാഞ്ചിമാരെ കിട്ടിയാൽ ഒപ്പം കൂടി അവസരങ്ങൾ ഒരുക്കി ചിത്രങ്ങൾ പകർത്തും; ഒരുമിച്ചു മദ്യപിച്ചു ലഹരി പിടിപ്പിക്കും; ഒടുവിൽ 10,000വും 50,000വും ചോദിച്ചു തുടങ്ങി ലക്ഷങ്ങളിലേക്ക് വളരും; വീട്ടിൽ എത്തിയും ഭീഷണിപ്പെടുത്തും; തേൻകെണി തട്ടിപ്പ് പതിവാക്കിയ കൊടുങ്ങല്ലൂരിലെ ഷമീന ഇത്തവണ പെട്ടുപോയത് തിരുവമ്പാടിയിലെ റിസോർട്ട് ഉടമ മാനം പോയാൽ പോകട്ടെ എന്നുവെച്ച് പരാതി നൽകിയപ്പോൾ; ഷമീനയുടെ കഥകൾ കേട്ടു ഞെട്ടി പൊലീസുകാരും
ചാഴിക്കാടനെ ഞങ്ങൾ ജയിപ്പിച്ചോളാം; അതിന് താങ്കളുടെ സാന്നിധ്യം ആവശ്യമില്ല; ബിജെപിയുടെ കൂടെ പോകാൻ ഇരുന്നതല്ലേ? പിറവത്ത് യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ ജോസ് കെ മാണിയെ കൂവിയും പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസുകാർ ചോദിച്ചത് ഇങ്ങനെ; പാർട്ടി ഓഫീസിൽ പോയി ചർച്ച ചെയ്യാമെന്ന എംപിയുടെ മറുപടി തള്ളി പ്രവർത്തകർ; ആൾക്കൂട്ടത്തിൽ പെട്ടുപോയിട്ടും ചിരിമായാതെ പിടിച്ചു നിന്നു മാണിയുടെ മകൻ: ഇന്നലത്തെ ഒരു യമണ്ടൻ തെരഞ്ഞെടുപ്പു കാഴ്‌ച്ച ഇങ്ങനെ
വടകരയിൽ വണ്ടിയിറങ്ങുമ്പോൾ ലീഡറുടെ ഏകമകനെ കാത്തിരുന്നത് ഞെട്ടിക്കുന്ന ജനക്കൂട്ടം; റെയിൽവേ സ്റ്റേഷനിലെ ആവേശോജ്ജ്വല സ്വീകരണത്തിൽ അടിപതറി കെ.മുരളീധരൻ; ട്രെയിനിൽ നിന്ന് എടുത്തുയർത്തി ആഹ്ളാദം പ്രകടനവും തുറന്ന ജീപ്പിൽ നഗര പ്രദക്ഷിണവും; പി.ജയരാജനെതിരെയുള്ള മുരളീധരന്റെ വരവ് അവിസ്മരണീയമാക്കി യുഡിഎഫ് അണികൾ
ഹോട്ട് സീറ്റായ പത്തനംതിട്ടയിൽ സുരേന്ദ്രൻ വരുന്നതിൽ ആർക്കാണ് പേടി? ഒറ്റപ്പേര് മാത്രമാണ് മണ്ഡലത്തിൽ നിർദ്ദേശിച്ചിരുന്നതെന്നും ആ പേര് പ്രഖ്യാപിക്കാതിരുന്നത് എന്തെന്നറിയില്ലെന്നും എം ടി.രമേശ്; കേന്ദ്രനേതൃത്വത്തിന്റെ കോർട്ടിൽ പന്തിട്ട് ശ്രീധരൻ പിള്ള; എല്ലാം തികച്ചും സാങ്കേതികം മാത്രമെന്ന് നേതാക്കൾ ആണയിടുമ്പോഴും സ്‌പെല്ലിങ് മിസ്റ്റേക്ക് സംശയിച്ച് പാർട്ടി പ്രവർത്തകർ; തുഷാർ മത്സരിച്ചില്ലെങ്കിൽ തൃശൂർ ബിജെപി ഏറ്റെടുത്തേക്കും; അസന്തുലിതപട്ടികയിൽ പാർട്ടിയിൽ അമർഷം
സുരേന്ദ്രനാണ് സ്ഥാനാർത്ഥിയെങ്കിൽ എന്തേ അവസാന നിമിഷംവരെ ഇത്ര രഹസ്യം? തുറന്നു പറയാൻ ബിജെപി പ്രസിഡന്റിന് ഇത്ര മടി? തന്നേക്കാൾ മെച്ചം സുരേന്ദ്രനെന്ന് പറയുന്നതിനോട് വിയോജിച്ച് ശ്രീധരൻ പിള്ള രാജിഭീഷണി മുഴുക്കിയതു കൊണ്ടെന്ന് ഒരു വിഭാഗം; എൻഎസ്എസിന്റെ എതിർപ്പാണ് കാരണമെന്ന് പ്രചരിപ്പിച്ച് വേറൊരു വിഭാഗം; കെഎസ് ഇഫക്ട് സൃഷ്ടിക്കാൻ മനപ്പൂർവ്വം വൈകിക്കുന്നതെന്ന് മറുപക്ഷം; സുരേന്ദ്രനെ വെട്ടാൻ പ്രയാറിനെ ഇറക്കാൻ നീക്കമെന്ന് ഊഹാപോഹങ്ങൾ: പത്തനംതിട്ട ആശങ്കയിലാക്കുന്നത് ബിജെപി പ്രവർത്തകരെ
'കെ.വി തോമസിന്റെ കുത്തക മണ്ഡലമായ എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാർത്ഥിയാക്കേണ്ട ആവശ്യമില്ലായിരുന്നു; സോണിയാ ഗാന്ധിയായിരുന്നു തലപ്പത്തെങ്കിൽ ഇങ്ങനെയൊരു ദുർവിധി ഉണ്ടാകില്ലായിരുന്നു; ആലപ്പുഴയിൽ ഇത്തവണ ശക്തമായ തൃകോണ മത്സരമാണെന്നും ഇടതുപക്ഷത്തിന് പ്രാമുഖ്യമുള്ള മണ്ഡലമാണെങ്കിലും മൂന്ന് മുന്നണികളേയും നയിക്കുന്നത് ശക്തരായ പോരാളികളാണെന്നും അഡ്വ. ജയശങ്കർ
'യു ഷുഡ് ഇമ്മീഡിയറ്റ്‌ലി ആസ്‌ക് ദി ഓഫീസർ..വാട് സ്റ്റെപ്പ് ഹീ ഹാഡ് ടേക്കൺ തെൻ? ഐ നീഡ് ടു നോ': ഓച്ചിറയിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ പഴയ കമ്മീഷണർ സ്‌റ്റൈലിൽ ചോദ്യം ചെയ്ത് സുരേഷ് ഗോപി എംപി; ഗുരുതര വീഴ്ചയാണ് പൊലീസ് വരുത്തിയതെന്നും കൃത്യമായ മറുപടി കിട്ടും വരെ പെൺകുട്ടിയുടെ വീട്ടിൽ തുടരുമെന്നും എംപി; വീഡിയോ വൈറലാകുന്നു; കേസിൽ നാലുപ്രതികൾക്കെതിരെ പോക്‌സോ ചുമത്തി
ഗ്ലാസിലൊഴിച്ച സ്‌മോൾ നാരങ്ങ കൂട്ടി ഒറ്റ പിടി! മാതാപിതാക്കളുടെ മുന്നിൽവെച്ച് മകൾ അടിച്ചു കിന്റാകുന്ന വീഡിയോ സമൂഹ മാധ്യമത്തിൽ വൈറൽ; 'എന്നെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാൻ മാതാപിതാക്കൾ തീരുമാനിച്ച നിമിഷം' എന്ന ക്യാപ്ഷനുമായി യുവതിയിട്ട വീഡിയോയിൽ മകളുടെ പ്രകടനം കണ്ട് അന്തം വിട്ടു നിൽക്കുന്ന മാതാപിതാക്കളും
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
സ്വരാജിന്റെ വിമർശനം ഫലിതമായത് പെൺപുലിക്ക് മുന്നിൽ; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയതും ഈ ദന്തഡോക്ടർ; കൂവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; കണ്ണൂരുകാരി ദന്തഡോക്ടറായെങ്കിലും പ്രണയിച്ചത് മാധ്യമ പ്രവർത്തനത്തെ; സീ ന്യൂസിലെ ജോലി മടുത്തപ്പോൾ അനാഥപെൺകുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ കോൺഗ്രസിലെ ദേശീയ മാധ്യമ മുഖമായി; വടക്കനിൽ പ്രതിരോധം തീർത്ത ഡോ ഷമാ മുഹമ്മദിന്റെ കഥ
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; പ്രതിമ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്നുകാരിയായ മകളെ കടത്തിയതിന് പിന്നാലെ പൊലീസും; കുട്ടിയെ കടത്തിയത് പിതാവിനെ ആക്രമിച്ച് കൈമുറിച്ച ശേഷം; നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കുട്ടിയെ കടത്തി; രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരാക്രമം
മീശമാധവനിൽ സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം ചെയ്ത ദിലീപിന് കാവ്യ തിരിച്ചടി നൽകിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ; അരഞ്ഞാണം കടിച്ചഴിച്ച രംഗത്തിന് ബദലായി കവിളിൽ ഉമ്മയ്ക്ക് പകരം കടികൊടുത്ത് കാവ്യ; 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല' എന്ന് അക്കു അക്‌ബറിനോട് വിളിച്ചുപറഞ്ഞ് നായകൻ; വൈറലായ ആ രംഗത്തിന്റെ പിന്നാമ്പുറ കഥകളുമായി പല്ലിശ്ശേരിയുടെ പരമ്പര
അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി
കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ തുടങ്ങിയ പ്രശ്‌നങ്ങൾ വഷളായത് റോഷൻ ആൻഡ്രൂസിന്റെ പെൺ സുഹൃത്തിനെ കുറിച്ച് ആൽവിൻ ആന്റണിയുടെ മകനോട് ചോദിച്ചറിഞ്ഞ് ടെലികോൺഫറൻസിലൂടെ യുവതിയെ കേൾപ്പിച്ചപ്പോൾ; സംവിധായകനും ഗുണ്ടകളും അടിച്ചു തകർത്തത് മലയാള സിനിമയിലെ മാന്യനായ നിർമ്മാതാവിന്റെ വീടും; റോഷനെതിരെ നടപടിക്ക് നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്കയും; സിനിമാ-ഗുണ്ടാ ബന്ധം വീണ്ടും കൊച്ചിയിൽ ചർച്ചയാകുമ്പോൾ
വിവാഹമോചന ഹർജിയോട് സഹകരിക്കാതെ മുരളി തുമ്മാരുകുടി മാനസികമായി പീഡിപ്പിക്കുന്ന എന്ന ആരോപണവുമായി പിരിഞ്ഞ് കഴിയുന്ന ഭാര്യ രംഗത്ത്; തന്നേയും മകനേയും സംരക്ഷിക്കാനും ജനീവയ്ക്ക് കൊണ്ടു പോകാനും മടിക്കുന്നതായി ഭാര്യയുടെ ആരോപണം; അമ്പിളി ഇപ്പോഴും തന്റെ ഭാര്യയാണെന്നും നാളുകളായി വേർപിരിഞ്ഞ് കഴിയുന്നെന്നും സമൂഹത്തിന് മുമ്പിൽ തലകുനിക്കേണ്ട സാഹചര്യവും തനിക്കില്ലെന്ന മറുപടിയുമായി മുരളിയും; സോഷ്യൽ മീഡിയയിലെ ദുരന്തത്തിന്റെ പേരിലും തർക്കം മൂക്കുന്നു
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ